സോളാർ കരാറുകൾ നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട അഴിമതിയും നിക്ഷേപകരെ വഞ്ചിച്ചതും ചൂണ്ടിക്കാട്ടി അമേരിക്കയിലെ ബ്രൂക്ക്‌ലിൻ ഫെഡറൽ കോടതി ഗൗതം അദാനിക്കും അദാനി ഗ്രീൻ എനർജിയിലേയും അസൂർ പവറിലേയും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുത്തത് രാജ്യത്ത് വൈദ്യുതി മേഖലയിൽ നടന്നുവരുന്ന കുംഭകോണ പരമ്പരകളിൽ ഒടുവിൽ പുറത്തുവന്ന ഒന്നാണ്. അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ പ്രവർത്തന രീതി സംബന്ധിച്ച് 2023 ജനുവരിയിൽ പുറത്തുവന്ന ഹിൻഡബർഗ് റിപ്പോർട്ടും 2023 ഒക്ടോബറിൽ ഫിനാൻഷ്യൽ ടൈംസ് പുറത്തുവിട്ട കൽക്കരി കുംഭകോണം സംബന്ധിച്ച വെളിപ്പെടുത്തലുകളുമൊക്കെ വിരൽചൂണ്ടുന്നതും വൈദ്യുതി ഉൾപ്പെടെയുള്ള തന്ത്രപ്രധാന വ്യവസായ മേഖലകളെ എങ്ങനെയാണ് അദാനിയടക്കമുള്ള കുത്തകക്കമ്പനികൾ തങ്ങളുടെ ലാഭതാൽപര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നത് എന്നതിലേക്കുതന്നെയാണ്.
രാജ്യത്തെ സകലപ്രശ്നങ്ങളുടേയും ഒറ്റമൂലിയെന്ന നിലയിലാണ് ഭരണാധികാരികൾ സ്വകാര്യവൽക്കരണത്തെ അവതരിപ്പിക്കുന്നത്. വൈദ്യുതി, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാമേഖലകളിലും നിരവധി പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ട്. ആവശ്യത്തിന് മൂലധനനിക്ഷേപം ഉണ്ടാകാത്തതും ഉത്തരവാദിത്തരഹിതമായ നടത്തിപ്പുരീതികളുമൊക്കെ ഇത്തരം പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം സ്വകാര്യവൽക്കരണമാണ് പരിഹാരം എന്നാണ് നവ ഉദാരവൽക്കരണത്തിന്റെ വക്താക്കൾ പറയുന്നത്. സ്വകാര്യവൽക്കരണം എല്ലാ മേഖലകളിലും മത്സരം ഉണ്ടാകുന്നതിനും അതിന്റെ ഭാഗമായി കാര്യക്ഷമത വർദ്ധിക്കുന്നതിനും കാരണമാകുമെന്നാണ് അവർ പറയുന്നത്. എന്നാൽ ഏതാനും ചില കുത്തകക്കമ്പനികളുടെ ലാഭം കുന്നുകൂടുന്നതിനപ്പുറം നേട്ടമൊന്നും ഇത്തരം നടപടികളിലൂടെ ഉണ്ടാകുന്നില്ല എന്നതാണ് വസ്തുത. ഇക്കാര്യം മനസ്സിലാക്കുന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് വൈദ്യുതി മേഖലയിൽ നടന്ന പരിഷ്കരണങ്ങൾ.
വൈദ്യുതി ഉത്പാദനം
1990 കളിൽ നടന്ന നവ ഉദാരവൽക്കരണ പരിഷ്കാരങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കപ്പെട്ടതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു വൈദ്യുതി ഉത്പാദനരംഗം. മൂലധനനിക്ഷേപത്തിനാവശ്യമായ സാമ്പത്തിക ശേഷി കേന്ദ്രസംസ്ഥാന സർക്കാരുകൾക്കില്ല എന്നും, സ്വകാര്യമേഖല കടന്നുവരുന്നതിലൂടെ ശക്തമായ മത്സരം ഉണ്ടാകുമെന്നും അതിലൂടെ ഉത്പാദനം വർദ്ധിക്കുമെന്നുമാണ് വൈദ്യുതി ഉത്പാദനമേഖലയിൽ സ്വകാര്യകമ്പനികൾക്ക് അംഗീകാരം നൽകുന്നതിന് കാരണമായി പറഞ്ഞത്. ഉത്പാദനം കൂടി വൈദ്യുതി ലഭ്യത വർദ്ധിക്കുമ്പോൾ കമ്പനികൾ വൈദ്യുതി മത്സരിച്ച് വിൽക്കുമെന്നും അതുവഴി വൈദ്യുതി വില കുറയുമെന്നും അവകാശപ്പെട്ടു.
കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനുള്ളിൽ വൈദ്യുതി ഉത്പാദനരംഗത്ത് വലിയ മുന്നേറ്റമുണ്ടായി എന്നത് വസ്തുതയാണ്. 1990ൽ കേവലം 64,000 മെഗാവാട്ട് മാത്രമായിരുന്ന വൈദ്യുതി ഉത്പാദനശേഷി ഇപ്പോൾ നാലരലക്ഷം മെഗാവാട്ടായാണ് ഉയർന്നത്. 1961ൽ 4653 മെഗാവാട്ട് ഉത്പാദന ശേഷിയുണ്ടായിരുന്നത് 1991 ആയപ്പോഴേക്കും 63636 മെഗാവാട്ടായി വർദ്ധിച്ചത് കണക്കിലെടുക്കുമ്പോൾ ഈ വളർച്ച ആപേക്ഷികമായി കുറവാണെങ്കിലും ഉണ്ടായ വളർച്ച ചെറുതായി കാണേണ്ടതില്ല. ഈ നിലയിൽ ഉത്പാദന വളർച്ച ഉണ്ടായെങ്കിലും രാജ്യത്ത് പലസംസ്ഥാനങ്ങളിലും കടുത്ത വൈദ്യുതി ക്ഷാമം നിലനിൽക്കുന്നുണ്ട്. ലോഡ് ഷെഡ്ഡിങ്ങും പവർ ഹോളിഡേയുമൊക്കെ ഇപ്പോഴും തുടരുകയാണ്. ഗ്രാമപ്രദേശങ്ങളിൽ ആറുമണിക്കൂർ ഫീഡറുകൾ എന്നൊരു സംവിധാനം നമ്മുടെ അയൽ സംസ്ഥാനമായ കർണ്ണാടകയിലും തമിഴ്‌നാട്ടിലുമൊക്കെ നിലവിലുണ്ട്. ദിവസത്തിൽ ആറുമണിക്കൂർ മാത്രമേ ഈ വൈദ്യുതി ലൈനുകളിൽ വൈദ്യുതി ഉണ്ടാകുകയുള്ളൂ എന്നാണ് ഇതിന്റെ അർത്ഥം. എന്നാൽ ഉത്പാദനശേഷിയേക്കാൾ ഉയർന്ന ഉപഭോഗം ഉണ്ടാകുന്നതിനാലല്ല ഇത്തരം നിയന്ത്രണങ്ങൾ വേണ്ടിവരുന്നതെന്ന് കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാകും. ഉത്പാദന രംഗത്ത് നടപ്പാക്കിയ സ്വകാര്യവൽക്കരണവും വൈദ്യുതി വിപണനത്തിൽ ഏർപ്പെടുത്തിയ കമ്പോള സംവിധാനവും ചേർന്ന് സൃഷ്ടിച്ചതാണ് ഈ പ്രതിസന്ധി.
രാജ്യത്ത് ആകെ നാലരലക്ഷത്തോളം മെഗാവാട്ട് ഉത്പാദന ശേഷി നിലനിൽക്കുമ്പോഴും നമ്മുടെ പരമാവധി വൈദ്യുതി ആവശ്യകത (പീക്ക് ഡിമാന്റ്) 2024 മെയ് 30ന് ഉണ്ടായ 2.50 മെഗാവാട്ടാണ്. 2026-–27 ൽ ഇത് 2.772 ലക്ഷം മെഗാവാട്ടായും 2031-–32ൽ 3.662 ലക്ഷം മെഗാവാട്ടായും ഉയർന്നേക്കാമെന്നാണ് കണക്കാക്കുന്നത്. അതായത് രാജ്യത്ത് നിലവിലുള്ള പരമാവധി ആവശ്യകതേയേക്കാൾ രണ്ടുലക്ഷം മെഗാവാട്ടിന്റെ അധിക ഉത്പാദന ശേഷി രാജ്യത്തുണ്ട്. എന്നിട്ടും എന്തുകൊണ്ട് രാജ്യത്ത് പലയിടത്തും വൈദ്യുതി ക്ഷാമം അനുഭവപ്പെടുന്നു എന്നതാണ് പരിശോധിക്കേണ്ടത്. വൈദ്യുതി ഉത്പാദന ശേഷി ഒളിച്ചുവെച്ച് കൃത്രിമക്ഷാമം സൃഷ്ടിക്കാൻ കഴിയുന്ന സാഹചര്യം സ്വകാര്യഉത്പാദനക്കമ്പനികൾക്ക് കൈവന്നിരിക്കുന്നു.
1990ൽ രാജ്യത്തെ വൈദ്യുതി ഉത്പാദന രംഗം ഏറെക്കുറെ പൂർണ്ണമായും കേന്ദ്ര സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ ആയിരുന്നു. എന്നാൽ ഇന്ന് ആകെ വൈദ്യുതി ഉത്പാദന ശേഷിയുടെ 55 ശതമാനവും സ്വകാര്യമേഖലയിലാണ്. ഇതുതന്നെ അദാനി, അംബാനി, ടാറ്റ എന്നീ മൂന്നു ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്. കൽക്കരിക്ഷാമം അടക്കമുള്ള നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉത്പാദനം കുറച്ചുനിർത്തുകയും വൈദ്യുതിക്ഷാമം സൃഷ്ടിക്കുകയും ചെയ്യാൻ കഴിയുന്ന നിലയിലേക്ക് സ്വകാര്യമേഖല മാറിയിരിക്കുന്നു. കമ്പോളത്തിൽ ഡിമാന്റ്-സപ്ലൈ സാഹചര്യത്തിനനുസരിച്ചാണല്ലോ വില നിശ്ചയിക്കപ്പെടുക. സപ്ലൈ കുറച്ചുനിർത്തി പീക്ക് ഡിമാന്റ് സമയങ്ങളിൽ വലിയ വിലയ്ക്ക് വൈദ്യുതി വിറ്റ് തങ്ങളുടെ ലാഭം വൻതോതിൽ വർദ്ധിപ്പിക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്.
1990കളിൽ പൊതുമേഖലാസ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസിന്റെ സാങ്കേതികവിദ്യയും യന്ത്രങ്ങളും ഉപയോഗിച്ച് ഒരു മെഗാവാട്ടിന് ഒരു കോടി രൂപയ്-ക്ക് താഴെ നിരക്കിൽ താപനിലയങ്ങൾ നിർമ്മിച്ചിരുന്നു. എന്നാൽ ഇതേ കാലഘട്ടത്തിൽ സ്വകാര്യകമ്പനികൾ തങ്ങളുടെ നിലയങ്ങൾ നിർമ്മിക്കുന്നതിന് ഇതിന്റെ നാലിരട്ടിയോളം ചെലവാണ് രേഖപ്പെടുത്തിയത്. ഈ നിലയിൽ പെരുപ്പിച്ചുകാണിച്ച മൂലധനച്ചെലവ് വൈദ്യുതി ഉത്പാദനച്ചെലവിലും പ്രതിഫലിച്ചു. പൊതുമേഖലയിൽ യൂണിറ്റിന് 30 പൈസയിൽ താഴെമാത്രം ഉത്പാദനച്ചെലവുണ്ടായിരുന്ന വൈദ്യുതി സ്വകാര്യനിലയങ്ങളിൽ ഒന്നരയും രണ്ടും രൂപ ചെലവുവരുന്ന നിലയിലാണ് ഉത്പാദിപ്പിക്കപ്പെട്ടത്. ഈ ചെലവ് ഘട്ടംഘട്ടമായി വർദ്ധിച്ച് ഇപ്പോൾ യൂണിറ്റിന് നാലര – അഞ്ചു രൂപ വരെ ആയിട്ടുണ്ട്. പക്ഷേ വൈദ്യുതി യൂട്ടിലിറ്റികൾക്ക് വൈദ്യുതി കിട്ടുന്നത് ഈ നിരക്കിൽപ്പോലുമല്ല. വൈദ്യുതി വിൽപ്പന പൂർണ്ണമായും കമ്പോള നിയന്ത്രണത്തിലായതോടെ നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വൈദ്യുതി വില വീണ്ടും രണ്ടും മൂന്നും മടങ്ങായി വർദ്ധിപ്പിക്കാനും അതുവഴി കൊള്ളലാഭം ഉറപ്പാക്കാനും കമ്പനികൾക്ക് കഴിയുന്നു. അതുകൊണ്ടാണ് പവർ എക്സ്ചേഞ്ചുകളിൽ വൈദ്യുതി നിരക്ക് പലപ്പോഴും യൂണിറ്റിന് പതിനെട്ടും ഇരുപതും രൂപയായി ഉയരുന്നത്. പീക്ക് സമയങ്ങളിലെ ശരാശരി വൈദ്യുതി വിലപോലും യൂണിറ്റിന് എട്ട്, ഒമ്പത് രൂപയിലാണ് നിൽക്കുന്നത്. അതായത് വൻലാഭമെടുത്ത് നിലയമുണ്ടാക്കുകയും അതിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് കൊള്ളലാഭം ഉറപ്പിക്കുകയും ചെയ്യാൻ സ്വകാര്യ കുത്തകകൾക്ക് അവസരമൊരുക്കുകയാണ് രാജ്യത്ത് വൈദ്യുതി ഉത്പാദന രംഗത്തെ സ്വകാര്യവൽക്കരണത്തിലൂടെ നടന്നിട്ടുള്ളത്. യഥാർത്ഥത്തിൽ നടക്കുന്നത് വൈദ്യുതിയുടെ കരിഞ്ചന്തയാണ്.
കൽക്കരി കുംഭകോണം
വൈദ്യുതിപ്രതിസന്ധി ഉപയോഗപ്പെടുത്തി അദാനി ഗ്രൂപ്പ് നടത്തിയിട്ടുള്ള മറ്റൊരു അഴിമതിയാണ് കൽക്കരി കുംഭകോണം. കല്‍ക്കരി നിക്ഷേപത്തില്‍ ലോകത്ത് നാലാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. ഏറ്റവും ഒടുവിലെ കണക്കുകള്‍പ്രകാരം ഇന്ത്യയില്‍ 388 ബില്യൻ ടണ്‍ കല്‍ക്കരി നിക്ഷേപമുണ്ട്. ഇതുകൂടാതെ 46 ബില്യന്‍ ടണ്‍ ലിഗ്നൈറ്റ് നിക്ഷേപവും ഇന്ത്യയിലുണ്ട്. പ്രതിവര്‍ഷം 790 മില്യൺ ടണ്‍ കല്‍ക്കരിവെച്ച് ഇന്ത്യ ഖനനം ചെയ്യുന്നുണ്ട്. ഇതിന്റെ അളവ് ഇനിയും വര്‍ദ്ധിപ്പിക്കാനും വലിയ പ്രയാസമില്ല. ലഭ്യമായ കല്‍ക്കരിയുടെ പകുതിയില്‍ താഴെ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്ന് കണക്കാക്കിയാല്‍പ്പോലും ഇന്നത്തെ നിലയില്‍ ഖനനം ചെയ്താല്‍ രാജ്യത്തെ കല്‍ക്കരി നിക്ഷേപം 220 വര്‍ഷത്തിലേറെക്കാലത്തേക്ക് ആവശ്യമുള്ളത്രയുമുണ്ട്. എന്നാൽ രാജ്യത്തെ കൽക്കരി ആവശ്യകത കണക്കിലെടുത്തുകൊണ്ട് ഉത്പാദനം വർദ്ധിപ്പിക്കുന്നതിനോ ലഭ്യമായ കൽക്കരി കാര്യക്ഷമമായി വിതരണം ചെയ്യുന്നതിനോ തയ്യാറാകാതെ ഈ രംഗത്തും കൃത്രിമക്ഷാമം സൃഷ്ടിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. കൽക്കരി ഖനനം സ്വകാര്യവൽക്കരിക്കാനും കൽക്കരി ഇറക്കുമതി പ്രോത്സാഹിപ്പിക്കാനും അതുവഴി അദാനി, അംബാനി തുടങ്ങിയ കുത്തകകൾക്ക് കൊള്ളനടത്താനും അവസരമൊരുക്കുകയാണ് ചെയ്യുന്നത്. ഇത്തരമൊരു കൊള്ളയുടെ കണക്കാണ് ലണ്ടൻ ആസ്ഥാനമായ ഫിനാൻഷ്യൽ ടൈംസ് രേഖകൾസഹിതം പുറത്തുകൊണ്ടുവന്നത്.
രാജ്യത്ത് കൽക്കരി ഇറക്കുമതിയുടെ കുത്തക അദാനി ഗ്രൂപ്പിനാണ്. ഇന്തോനേഷ്യയില്‍ സ്വന്തമായി കൽക്കരി ഖനിയുള്ള അദാനി 2019 ജനുവരി മുതല്‍ 2021 ആഗസ്തുവരെയുള്ള 32 മാസങ്ങളില്‍അവിടെ നിന്നുള്ള കൽക്കരിയാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുള്ളത്. അവിടെ നിന്നും കപ്പലിൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് കൽക്കരി കൊണ്ടുവന്നത്. 30 കപ്പലുകളിലായി 3.1 ദശലക്ഷം ടണ്‍ കല്‍ക്കരിയാണ് കൊണ്ടുവന്നത്. ഇന്തോനേഷ്യയിൽ നിന്നും കപ്പലിൽ കയറ്റിയ കൽക്കരിക്ക് അവിടെ 139 ദശലക്ഷം ഡോളര്‍ വിലയാണ് രേഖപ്പെടുത്തിയത്. എന്നാൽ ഈ കൽക്കരി ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ കടലിൽവെച്ച് തായ്-പെയ്, ദുബായ്, സിംഗപ്പൂർ എന്നിവിടങ്ങളിലുള്ള ചില കടലാസ് കമ്പനികൾക്ക് വിൽക്കുകയും തിരിച്ചു വാങ്ങുകയും ചെയ്യുന്നു. അപ്പോഴേക്കും 139 ദശലക്ഷം ഡോളറിൽനിന്നും വില 215 ദശലക്ഷം ഡോളര്‍ ആയി വര്‍ദ്ധിച്ചു. കടത്തുകൂലിയടക്കം മറ്റു ചെലവുകള്‍ക്കായി മൂന്നു ദശലക്ഷം ഡോളര്‍ ചെലവുവന്നു എന്ന് കണക്കാക്കിയാൽപ്പോലും ഈ മുപ്പത് കപ്പൽ കൽക്കരിയിൽ നിന്നുമാത്രം 73 ദശലക്ഷം ഡോളറാണ് (ഡോളറിന്റെ അന്നത്തെ നിരക്കിൽ 562 കോടി രൂപ) അദാനി അടിച്ചുമാറ്റിയത്. അതായത് സ്വന്തം ഖനിയിൽ നിന്നുള്ള കൽക്കരി നികുതി രഹിതമായി കച്ചവടം നടത്താവുന്ന ഏതെങ്കിലും രാജ്യത്തുള്ള സ്വന്തം നിയന്ത്രണത്തിൽ തന്നെയുള്ള ഒരു കടലാസ് കമ്പനിക്ക് വിൽക്കുക, വില ഇരട്ടിയാക്കി നിശ്ചയിച്ച് തിരിച്ചുവാങ്ങി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക, അങ്ങിനെ കൊള്ളലാഭം നേടുക എന്നതാണ് ഇവിടെ അദാനി പയറ്റിയ തന്ത്രം.
ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന കൽക്കരിക്ക് ഇന്ത്യയിൽ കമ്പോളം ഉണ്ടായാലല്ലേ അതിന്റെ കച്ചവടം നടക്കുകയുള്ളൂ. അതിന് കമ്പോളം സൃഷ്ടിക്കലാണ് കേന്ദ്രസർക്കാർ വൈദ്യുതി മേഖലയെ ഉപയോഗിച്ച് ചെയ്തുകൊടുത്തത്. നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ രാജ്യത്തെ കൽക്കരി ഉത്പാദനം വർദ്ധിപ്പിക്കുന്നതിനോ കാര്യക്ഷമമായ വിതരണം ഉറപ്പുവരുത്തുന്നതിനോ തയ്യാറാകാത്ത കേന്ദ്രസർക്കാർ കൽക്കരി നിലയങ്ങളിൽ വൈദ്യുതി ഉത്പാദനത്തിന് നിശ്ചിതശതമാനം ഇറക്കുമതി ചെയ്ത കൽക്കരി നിർബന്ധമായും ഉപയോഗിച്ചിരിക്കണം എന്ന് ഉത്തരവിറക്കി. ഈ കൽക്കരിക്ക് കൊടുക്കുന്ന അധിക വില വൈദ്യുതി നിരക്കിൽ വർദ്ധനവ് വരുത്തി ഈടാക്കാൻ കമ്പനികളെ അനുവദിക്കുകയും ചെയ്തു. ഇറക്കുമതി ചെയ്യുന്ന കൽക്കരിക്ക് എന്ത് വില കണക്കാക്കിയാണ് വൈദ്യുതി വില കണക്കാക്കേണ്ടതെന്നതിലും കേന്ദ്രസർക്കാർ ഉദാരമായ സമീപനമാണ് സ്വീകരിച്ചത്. ഇറക്കുമതി ചെയ്ത കൽക്കരിക്ക് ഇറക്കുമതി ചെയ്യുന്ന കമ്പനി കൊടുക്കുന്ന ഇൻവോയിസ് പ്രകാരമുള്ള വില കണക്കാക്കി വൈദ്യുതി വില നിശ്ചയിക്കാമെന്നാണ് ഉത്തരവ് പറയുന്നത്. അതായത് അന്താരാഷ്ട്ര വിപണിയിൽ കൽക്കരിക്ക് എന്തു വിലയുണ്ടെന്നതോ ഇന്ത്യൻ നിർമ്മിത കൽക്കരിക്ക് എന്ത് വിലയുണ്ടെന്നതോ നോക്കാതെ അദാനി കൊടുക്കുന്ന ഇൻവോയിസ്-വെച്ച് കണക്ക് കൊടുത്താൽ മതിയെന്ന്. കല്‍ക്കരി ഇറക്കുമതി ചെയ്യുമ്പോള്‍ അധികച്ചെലവ് ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാണിച്ച് വില ഉയര്‍ത്താന്‍ നിയമപരമായി കമ്പനികള്‍ക്ക് അനുവാദമില്ല. എന്നാല്‍ ഇത് മറികടക്കാന്‍ ടെണ്ടര്‍ മുഖാന്തരം നിശ്ചയിച്ച വിലയാണെങ്കിലും കല്‍ക്കരി ഇറക്കുമതി ചെയ്തുപയോഗിക്കുന്നതിന് അധിക വില ഈടാക്കാന്‍ കമ്പനികളെ അനുവദിക്കണമെന്നും അതു നല്‍കാന്‍ വൈദ്യുതി വിതരണക്കമ്പനികള്‍ ബാധ്യതപ്പെട്ടിരിക്കുന്നു എന്നുമാണ് കേന്ദ്രസര്‍ക്കാർ തീരുമാനിച്ചത്. അതനുസരിച്ച് നടപടി സ്വീകരിക്കാന്‍ കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷന് വൈദ്യുതി നിയമത്തിലെ സെക്ഷന്‍ 107 പ്രകാരം നയപരമായ നിര്‍ദ്ദേശം നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. എത്ര ഉദാരമായ സമീപനം. ഇന്ത്യൻ കൽക്കരി ഉപയോഗിച്ചാൽ രണ്ടര രൂപയിൽ താഴെ നിരക്കിൽ ഉത്പാദിപ്പിക്കാൻ കഴിയുന്ന വൈദ്യുതിക്ക് ഇറക്കുമതി കൽക്കരി ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഇരട്ടിയോളമായാണ് വില വർദ്ധിച്ചത്. ഇതിന്റെയൊക്കെ ഭാരം താങ്ങേണ്ടിവരുന്നത് രാജ്യത്തെ സാധാരണ വൈദ്യുതി ഉപഭോക്താക്കളാണ്.
2019 ജനുവരി മുതല്‍ 2021 ആഗസ്തുവരെ 30 കപ്പലുകളിലായി ഇറക്കുമതിചെയ്ത കല്‍ക്കരിയിൽനിന്നും വിവരങ്ങള്‍ വെച്ചുതന്നെ 562 കോടി രൂപയുടെ അധിക വരുമാനമാണ് അദാനി ഉണ്ടാക്കിയത്. 2021 ഓഗസ്റ്റിന് ശേഷം 2023 വരെ 2000 കപ്പല്‍ കല്‍ക്കരിയെങ്കിലും അദാനി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഈ ഇടപാടുകളിലെ ഇന്തോനേഷ്യന്‍ ബില്ലുകള്‍ ഇതിനകം പൂഴ്-ത്തപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. എങ്കിലും നേരത്തെ കണ്ടതിലും ഉയർന്ന വിലയ്ക്കാണ് ഇന്ത്യയിൽ കൽക്കരി എത്തിയത്. അതായത് 35000 കോടിയോളം രൂപയുടെ കുംഭകോണമാണ് കേന്ദ്രസർക്കാർ കാർമ്മികത്വത്തിലുള്ള ഈ ഇടപാടിലൂടെ അദാനി ഗ്രൂപ്പ് നടത്തിയത്. ഇത് കൽക്കരി ഇറക്കുമതിയിൽ നടന്ന അഴിമതി മാത്രമാണ്. ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ച് ഉണ്ടാക്കിയ വൈദ്യുതിയുടെ കമ്പോളവിൽപ്പനയിലൂടെ നടത്തിയ കൊള്ള ഇതിനു പുറമേയാണ്.
സോളാർ കുംഭകോണം
ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ കാർബണിന്റെ അളവ് കുറഞ്ഞ ഊർജ്ജ ഉത്പാദനത്തിന്റെ പ്രാധാന്യം വർദ്ധിച്ചു വരുകയാണ്. വൈദ്യുതി ലഭ്യത കണക്കാക്കിയാൽ ജലവൈദ്യുതിനിലയങ്ങളാണ് ഇക്കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. രാജ്യത്ത് മൊത്തത്തിൽ ഏകദേശം 50,000 മെഗാവാട്ടോളം സ്ഥാപിത ശേഷി ജലവൈദ്യുതി നിലയങ്ങൾക്കുണ്ട്. പകൽ സമയത്ത് മാത്രമേ ഉത്പാദനം നടക്കൂ എന്നതിനാൽ ജലവൈദ്യുതി നിലയങ്ങളേക്കാൾ വൈദ്യുതി ലഭ്യത കുറവാണെങ്കിലും കൂടിയ സ്ഥാപിത ശേഷിയുള്ള അക്ഷയ ഊർജ്ജനിലയങ്ങൾ സൗരോർജ്ജമേഖലയിലാണ്. 92000 മെഗാവാട്ടോളം സ്ഥാപിത ശേഷി രാജ്യത്തെ സോളാർ നിലയങ്ങൾക്കുണ്ട്. ഈ രംഗത്ത് കാറ്റിൽനിന്നുള്ള വൈദ്യുതി ഉത്പാദനവും പ്രധാനപ്പെട്ടതാണ്. അതും ഏകദേശം 50,000 മെഗാവാട്ടോളം വരും.
അക്ഷയ ഊർജ്ജ വികസനത്തിൽ സബ്സിഡിയടക്കമുള്ള ഒട്ടേറെ പ്രോത്സാഹന പദ്ധതികൾക്ക് കേന്ദ്ര സർക്കാർ രൂപം കൊടുത്തിട്ടുണ്ട്. എന്നാൽ ഈ രംഗത്ത് പൂർണ്ണമായും സ്വകാര്യ മേഖലയുടെ ആധിപത്യം അനുവദിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. നേരത്തേയുള്ള ജലനിലയങ്ങൾ ഒഴിവാക്കിയാൽ ഏറെക്കുറെ സമ്പൂർണ്ണമായും സ്വകാര്യമുതൽമുടക്കിലാണ് ഈ രംഗത്ത് നിലയങ്ങൾ സ്ഥാപിച്ചുവരുന്നത്. താപനിലയങ്ങളിൽ കണ്ടതുപോലെ അദാനി, അംബാനി, ടാറ്റ കുത്തകകൾതന്നെയാണ് ഈ രംഗത്തുമുള്ളത്. സൗരോർജ്ജമേഖലയിൽ ഏറെക്കുറെ അദാനിയുടെ മേധാവിത്വമാണുള്ളത്. ഇതുമായി ബന്ധപ്പെട്ടാണ് തുടക്കത്തിൽ ചൂണ്ടിക്കാണിച്ച അമേരിക്കൻ കോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്.
ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തിനും ഉദ്യോഗസ്ഥർക്കും വലിയതോതിൽ കൈക്കൂലി നൽകിയാണ് 12000 മെഗാവാട്ടോളം വരുന്ന സൗരോർജ്ജനിലയങ്ങൾ സ്ഥാപിക്കാനുള്ള കരാറുകൾ നേടിയെടുത്തതെന്നും അതിലൂടെ അദാനി, അസൂറി ഗ്രൂപ്പുകൾ അമേരിക്കയിൽനിന്നുള്ള നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്തിരിക്കുന്നുവെന്നുമാണ് ബ്രൂക്ക്‌ലിൻ കോടതി ആരോപിച്ചിരിക്കുന്നത്. ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ കാര്യത്തിലും കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട ഫിനാൻഷ്യൽ ടൈംസ് വെളിപ്പെടുത്തലിന്റെ കാര്യത്തിലുമൊക്കെ സ്വീകരിച്ച അനങ്ങാപ്പാറ നയംതന്നെയാണ് ഇക്കാര്യത്തിലും കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്.
അക്ഷയ ഊർജ്ജമേഖലയിലും മുതൽമുടക്കിന് പണമില്ല എന്നതുതന്നെയാണ് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമായി കേന്ദ്രസർക്കാർ പറയുന്നത്. ലോകവ്യാപകമായി ഇത്തരം പദ്ധതികളുടെ നിർമ്മാണച്ചെലവ് വലിയതോതിൽ കുറഞ്ഞുവരുകയാണ്. അതുകൊണ്ടുതന്നെ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കുറഞ്ഞ നിരക്കിൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നു. എന്നാൽ ഉത്പാദകക്കമ്പനികൾക്ക് തങ്ങളുടെ ലാഭം ഉറപ്പിക്കുന്ന നിലയിൽ വൈദ്യുതി വിൽപ്പന ഉറപ്പുവരുത്താൻ ഇടനിലക്കമ്പനിയായി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (സെക്കി) എന്ന പൊതുമേഖലാസ്ഥാപനത്തെ പ്രതിഷ്ഠിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. ഓരോ ഉത്പാദനക്കമ്പനികൾക്കും തങ്ങൾക്ക് ലാഭമുറപ്പുവരുത്തുന്ന നിലയിലുള്ള നിരക്കിൽ ഇടനിലക്കമ്പനിയായ സെക്കിക്ക് വൈദ്യുതി നൽകാം. സെക്കി അവർക്കുവേണ്ട ട്രേഡിംഗ് കമ്മീഷൻ കൂടി ഈടാക്കിക്കൊണ്ട് വൈദ്യുതി വിതരണ യൂട്ടിലിറ്റികൾക്ക് ഏകീകൃതനിരക്കിൽ വൈദ്യുതി നൽകും. സുതാര്യമായ ടെണ്ടറിംഗ് നടപടികളിലൂടെ വേണം ഉത്പാദകക്കമ്പനികളെ കണ്ടെത്താൻ എന്നൊക്കെ നിബന്ധനകൾ വെച്ചിട്ടുണ്ടെങ്കിലും ഇത്തരം നടപടിക്രമങ്ങളെയൊക്കെ മറികടന്നുകൊണ്ടാണ് കരാറുകൾ ഉണ്ടാക്കുന്നതെന്ന് അമേരിക്കൻ കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകളിൽ നിന്ന് വ്യക്തമാണ്.
2300 മെഗാവാട്ടിന്റെ ഒരു പദ്ധതിക്ക് അംഗീകാരം കിട്ടുന്നതിനുവേണ്ടിമാത്രം അദാനി ഗ്രീൻ എനർജി കമ്പനി, മെഗാവാട്ടിന് 30,000 ഡോളർ വീതം കൈക്കൂലി നൽകിയിട്ടുണ്ടെന്നാണ് കോടതിയിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് മെഗാവാട്ട് ഒന്നിന് 25 ലക്ഷത്തോളം രൂപ. കോടതിക്ക് മുന്നിലെത്തിയ കേസുകളിൽമാത്രം ഏകദേശം 2500 കോടി രൂപയുടെ കൈക്കൂലി ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ കാണിക്കുന്നത്. യഥാർത്ഥത്തിൽ അദാനി ഗ്രീൻ എനർജി കമ്പനി നേടിയിട്ടുള്ള ലാഭം ഇതിന്റെ എത്രയോ മടങ്ങ് വരും.
ഇറക്കുമതി കൽക്കരി ഉപയോഗിച്ചിരിക്കണം എന്ന് നിബന്ധനവെച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ കൽക്കരി കുംഭകോണത്തിന് കളമൊരുക്കിയതെങ്കിൽ, ഇവിടെ സോളാർ പദ്ധതിയിൽ ഇറക്കുമതി പാനലുകൾ ഉപയോഗിക്കുന്നത് തടഞ്ഞും ഇറക്കുമതി പാനലിന് 40 ശതമാനത്തോളം കസ്റ്റംസ് താരീഫ് ചുമത്തിയുമാണ് അദാനിയുടെ മേധാവിത്വം ഉറപ്പിച്ചത്. 12000 മെഗാവാട്ടോളം ശേഷിയുള്ള വാറി എനർജീസ് ലിമിറ്റഡ് ആണ് ഈ രംഗത്ത് മുൻനിരയിൽ നിൽക്കുന്നത്. എന്നാൽ അതിന്റെ മൂന്നിലൊന്നുമാത്രം നിർമ്മാണശേഷിയുള്ളതും 2016ൽ മാത്രം രൂപീകൃതമായതുമായ അദാനി ഗ്രീൻ എനർജിക്കാണ് പാനൽ നിർമ്മിച്ച് നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രധാനപ്പെട്ട കരാറുകളെല്ലാം ലഭിച്ചത്.
പ്രസരണ മേഖലയിലും
സ്വകാര്യവൽക്കരണം
വൈദ്യുതി ഉത്പാദന മേഖലയിലെ സ്വകാര്യവൽക്കരണ നടപടികളിലെ അഴിമതിയും അതിന്റെ ഭാഗമായി ജനങ്ങളിൽ അടിച്ചേൽപ്പിക്കപ്പെട്ട അമിതഭാരവുമാണ് ഇതുവരെ കണ്ടത്. എന്നാൽ വൈദ്യുതി വ്യവസായത്തിന്റെ മറ്റു രണ്ടു മേഖലകളായ പ്രസരണ വിതരണരംഗങ്ങളിലും സ്വകാര്യവൽക്കരണം അടിച്ചേൽപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. രാജ്യത്ത് നിലവിലുള്ള 4,80,000 സർക്യൂട്ട് കിലോമീറ്ററോളം വരുന്ന പ്രസരണ ശൃംഖലയിൽ 1,79,000 സർക്യൂട്ട് കിലോമീറ്ററും നിലവിൽ പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (പി.ജി.സി.ഐ.എൽ) എന്ന കേന്ദ്രപൊതുമേഖലാസ്ഥാപനത്തിന്റെ അധീനതയിൽ ആണ്. ബാക്കിയുള്ള മൂന്നു ലക്ഷത്തോളം സർക്യൂട്ട് കിലോമീറ്ററിൽ രണ്ടരലക്ഷം സർക്യൂട്ട് കിലോമീറ്ററും സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളുടെ കൈവശവുമാണ്. ഏകദേശം 50,000 സർക്യൂട്ട് കിലോമീറ്ററാണ് നിലവിൽ സ്വകാര്യ മേഖലയിൽ ഉള്ളത്. ഇതിൽ പകുതിയിലേറെയും അദാനി ട്രാൻസ്മിഷൻ കമ്പനിയുടെ കൈവശമാണ്. പൊതുമേഖലയിലുള്ള പ്രസരണ ശൃംഖലകൾ സ്വകാര്യ മേഖലക്ക് കൈമാറണമെന്നതാണ് കേന്ദ്രസർക്കാർ നയം. അതിന്റെ ഭാഗമായി 26000 സർക്യൂട്ട് കിലോമീറ്റർ പ്രസരണ ശൃംഖലകൾ നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതിയുടെ ഭാഗമായി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.
പുതുതായി നിർമ്മിക്കുന്ന പ്രസരണശൃംഖലകൾ പൂർണ്ണമായും താരിഫ് അടിസ്ഥാനത്തിലുള്ള ടെണ്ടറുകളിലൂടെ (താരിഫ് ബേസ്ഡ് കോമ്പറ്റേറ്റീവ് ബിഡ്ഡിംഗ് അഥവാ ടി.ബി.സി.ബി) സ്വകാര്യമേഖലയിൽ നടപ്പാക്കണമെന്നതാണ് കേന്ദ്രസർക്കാർ നയം. ഇത്തരം ടെണ്ടറുകളിൽ കേന്ദ്ര പൊതുമേഖലാ കമ്പനിയായ പി.ജി.സി.ഐ.എൽ പങ്കെടുക്കുന്നത് മറ്റു കമ്പനികളുടെ മത്സരശേഷിയെ ബാധിക്കുമെന്നതിനാൽ മാറിനിൽക്കണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഫലം പ്രസരണ മേഖലയിൽ കണ്ടുതുടങ്ങിയിട്ടുമുണ്ട്. പി.ജി.സി.ഐ.എൽ ഒരു സർക്യൂട്ട് കിലോമീറ്റർ 400 കെ.വി. ലൈൻ നിർമ്മിക്കുന്നതിന് 90ലക്ഷം മുതൽ ഒരു കോടിവരെയാണ് ചെലവാക്കിയിരുന്നത്. ഇപ്പോൾ നടക്കുന്ന ടി.സി.ബി.സി. പദ്ധതികളിലെ കുറഞ്ഞ ബിഡ്ഡിൽ ഒന്നരക്കോടി രൂപയിലേറെയാണ് ചെലവാക്കുന്നത്. ഇതിന്റെ ഭാഗമായ അധികഭാരവും സാധാരണ ജനങ്ങളുടെ വൈദ്യുതി നിരക്കിൽ തന്നെയാണ് പ്രതിഫലിക്കുന്നത്.
വിതരണമേഖലയുടെ
സ്വകാര്യവൽക്കരണം
വൈദ്യുതി മേഖലയിൽ മുതൽമുടക്കുന്ന സ്വകാര്യ കമ്പനികൾ, അത് ഉത്പാദക മേഖലയിലായാലും പ്രസരണ മേഖലയിലായാലും, അവരുടെ മുതൽമുടക്കും ലാഭവും തിരിച്ചെടുക്കുന്നത് വിതരണ മേഖലയിലൂടെയാണ്. എന്നാൽ രാജ്യത്ത് വിതരണമേഖലയിൽ ഇപ്പോഴും പൊതുമേഖലാമേധാവിത്വം തുടരുകയാണ്. മുംബെെയിലും കൊൽക്കത്തയിലുമൊക്കെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന കാലം തൊട്ടെ നിലനിന്നിരുന്ന സ്വകാര്യക്കമ്പനികൾ, അതിന്റെ ഉടമസ്ഥാവകാശം മാറിമാറി വന്നിട്ടുണ്ടെങ്കിലും, ഇപ്പോഴും തുടരുന്നുണ്ട്. ഡൽഹിയിലും ഒഡീഷയിലും വൈദ്യുതി വിതരണം സ്വകാര്യവത്ക്കരിക്കപ്പെട്ടിട്ടുണ്ട്. ചില മഹാനഗരങ്ങളിൽ വൈദ്യുതി വിതരണ ഫ്രാഞ്ചൈസികളെ അനുവദിച്ചിട്ടുണ്ട്. ഇവയൊഴിച്ചാൽ രാജ്യത്തെ വൈദ്യുതി വിതരണം ഇപ്പോഴും സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളാണ് നടത്തുന്നത്.
വൈദ്യുതി ഉത്പാദക, പ്രസരണ മേഖലകളിൽ മുതൽമുടക്കിയിട്ടുള്ള സ്വകാര്യസ്ഥാപനങ്ങൾക്ക് അവരുടെ വരുമാനത്തിന് പൊതുമേഖലയെ ആശ്രയിക്കേണ്ട സാഹചര്യമാണ് ഉള്ളത്. വൈദ്യുതി വിലയിലും പ്രസരണ നിരക്കുകളിലും സ്വകാര്യമേഖലയുടെ സ്വാധീനത്തിലുണ്ടാകുന്ന വർദ്ധനവ് അതേനിലയിൽ ജനങ്ങളുടെ താരിഫാക്കിമാറ്റാൻ സംസ്ഥാനസർക്കാരുകൾ തയ്യാറാകാത്തത് സംസ്ഥാനതല വൈദ്യുതി യൂട്ടിലിറ്റികളെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതുമൂലം വിതരണ യൂട്ടിലിറ്റികൾ ഉത്പാദകക്കമ്പനികൾക്ക് നൽകാനുള്ള വൈദ്യുതിബില്ലുകൾ കുടിശ്ശികയാക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ തങ്ങളുടെ കൈവശമുള്ള വൈദ്യുതി ഉപഭോക്താക്കൾക്ക് നേരിട്ട് വിറ്റ് കാശുണ്ടാക്കാൻ അവസരമുണ്ടാകണമെന്ന് വൈദ്യുതി ഉത്പാദകക്കമ്പനികൾ ആഗ്രഹിക്കുന്നുണ്ട്. അതിനായി വിതരണ ശൃംഖല തുറന്നുകിട്ടണം എന്നാണ് അവരുടെ താൽപര്യം. വൈദ്യുതി വിതരണം പ്രധാനമായും സംസ്ഥാനസർക്കാരുകളുടെ ചുമതലയിലായതിനാൽ ഇത് നടപ്പാക്കിയെടുക്കാൻ കേന്ദ്രസർക്കാരിലുള്ള സമ്മർദ്ദം മാത്രം മതിയാകില്ല. കേന്ദ്രത്തിന്റെ സമ്മർദ്ദത്താൽ സ്വകാര്യവൽക്കരണം നടപ്പാക്കാൻ തീരുമാനിച്ച പല സംസ്ഥാനങ്ങൾക്കും വലിയ തൊഴിലാളി പ്രക്ഷോഭങ്ങളുടേയും ബഹുജനപ്രതിഷേധങ്ങളുടേയും സാഹചര്യത്തിൽ അത്തരം നീക്കങ്ങളിൽ നിന്നും പിന്തിരിയേണ്ടിവന്നു. ഇത്തരമൊരു സാഹചര്യത്തിൽ വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യവൽക്കരണം നിർബന്ധമാക്കുന്ന നിലയിൽ വൈദ്യുതി നിയമം ഭേദഗതി ചെയ്യാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
എല്ലാവിഭാഗം ജനങ്ങൾക്കും വൈദ്യുതി സേവനങ്ങൾ താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കുകയും സാമൂഹ്യവികസനത്തിനുള്ള പശ്ചാത്തലസൗകര്യമായി വൈദ്യുതി ആവശ്യാനുസരണം ലഭ്യമാക്കുക എന്നതുമാണ് പൊതുമേഖലാവൈദ്യുതി യൂട്ടിലിറ്റികൾ ലക്ഷ്യമിടുന്നത്. എന്നാൽ വൈദ്യുതിയെ ലാഭമുണ്ടാക്കാനുള്ള ഒരു ചരക്ക് മാത്രമായാണ് സ്വകാര്യ മേഖല കാണുന്നത്. വൈദ്യുതി വിതരണരംഗം സ്വകാര്യവൽക്കരിക്കുന്നതോടെ പൊതുമേഖലയ്-ക്കും ഇതേ സമീപനം സ്വീകരിക്കാതെ തരമില്ലെന്ന് വരും. അല്ലെങ്കിൽ സാമൂഹ്യബാദ്ധ്യതകൾ ഏറ്റെടുക്കുന്ന പൊതുമേഖല മത്സരത്തിൽ പിന്തള്ളപ്പെടുകയും തകരുകയും ചെയ്യും. ഈ സാഹചര്യം എളുപ്പത്തിൽ മനസ്സിലാകാൻ ഉപയോഗിക്കാവുന്ന ഒരു കാര്യം വൈദ്യുതി നിരക്കുകളാണ്.
ക്രോസ് സബ്സിഡി
ഇന്ന് എല്ലാവിഭാഗം വൈദ്യുതി ഉപഭോക്താക്കൾക്കും ഒരേ വൈദ്യുതി നിരക്കല്ല ഈടാക്കുന്നത്. കുറഞ്ഞ ഉപഭോഗം മാത്രമുള്ള സാധാരണ ഗാർഹിക ഉപഭോക്താക്കളിൽ നിന്നും കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. എന്നാൽ ഉപഭോഗം വർദ്ധിക്കുമ്പോൾ ഓരോ യൂണിറ്റിനും ഈടാക്കുന്ന നിരക്കും കൂടും. ഇതാണ് ക്രോസ് സബ്സിഡി. ശേഷി കുറഞ്ഞ ഉപഭോക്തൃ വിഭാഗങ്ങൾക്ക് ശരാശരിയിലും വളരെ കുറഞ്ഞ നിരക്ക് ഈടാക്കുകയും ഇതിനുവേണ്ട തുക ശേഷി കൂടിയ ഉപഭോക്തൃ വിഭാഗങ്ങളിൽ നിന്നും ശരാശരിയിലും കൂടിയ നിരക്ക് ഈടാക്കുകവഴി കണ്ടെത്തുകയുമാണ് ക്രോസ് സബ്സിഡി സമ്പ്രദായത്തിൽ ചെയ്യുന്നത്. വിതരണ മേഖലയിൽ സ്വകാര്യ കമ്പനികൾ കടന്നുവരുമ്പോൾ അവർ ഇങ്ങനെ എല്ലാ വിഭാഗത്തിനും വൈദ്യുതി നൽകുമെന്ന് പ്രതീക്ഷിക്കാനാകില്ല. അവർ ശരാശരിയിലും അധിക നിരക്ക് കൊടുക്കേണ്ടിവരുന്ന ഉപഭോക്തൃ വിഭാഗങ്ങൾക്ക് അൽപ്പം വിലകുറച്ച് വൈദ്യുതി നൽകാൻ തയ്യാറാകും. അങ്ങനെ അത്തരം ഉപഭോക്താക്കളെ മുഴുവൻ ഇക്കൂട്ടർ തട്ടിയെടുക്കുന്നതോടെ ശരാശരിയിൽ താഴെ നിരക്ക് നൽകുന്നവർ മാത്രമാകും പൊതുമേഖലയിൽ നിലനിൽക്കുക. ഇവർക്ക് നൽകുന്ന നിരക്കിളവ് നികത്തിയിരുന്ന വിഭാഗത്തെ നഷ്ടപ്പെടുന്നതോടെ ശേഷി കുറഞ്ഞ ഉപഭോക്താക്കൾക്ക് നിരക്ക് കൂട്ടുകയോ നഷ്ടം സഹിച്ച് സാമ്പത്തികത്തകർച്ചയെ നേരിടുകയോ അല്ലാതെ പൊതുമേഖലക്ക് വഴിയില്ല എന്ന സ്ഥിതി വരും. അതായത് ഇന്ന് ഏറ്റെടുക്കുന്ന സാമൂഹ്യ ബാദ്ധ്യത ഏറ്റെടുക്കാൻ കഴിയാത്ത സ്ഥിതിയിലേക്ക് വൈദ്യുതി മേഖല മാറും.
മറ്റൊരാളിൽ നിന്ന് വിലകൂട്ടി വാങ്ങി സേവനം ചെയ്യൂന്നതൊന്നും ശരിയല്ല, ശേഷി കുറഞ്ഞവർക്ക് സംസ്ഥാന സർക്കാർ സബ്സിഡി നൽകണം എന്നാണ് സ്വകാര്യവൽക്കരണ വക്താക്കൾ പറയുക. ഒറ്റ നോട്ടത്തിൽ ഈ പറയുന്നത് ശരിയല്ലേ എന്ന് തോന്നുകയും ചെയ്യും. എന്നാൽ ഇതിനുള്ള പണം സംസ്ഥാനസർക്കാരുകൾക്ക് എവിടെനിന്ന് കിട്ടും. മറ്റേതെങ്കിലും വികസന സാമൂഹ്യക്ഷേമ കാര്യങ്ങൾക്ക് നീക്കിവെച്ച തുക വെട്ടിക്കുറക്കാതെ വൈദ്യുതി മേഖലയിൽ സബ്സിഡി നൽകാൻ എവിടെനിന്ന് പണം കിട്ടും. സമൂഹത്തിലെ അവശവിഭാഗങ്ങൾക്ക് റേഷൻ വിഹിതമായും ആശുപത്രികളിൽ ചികിത്സാ സൗജന്യമായുമൊക്കെ പ്രയോജനപ്പെടുത്തേണ്ട തുക അവിടെയൊക്കെ വെട്ടിക്കുറച്ച് വൈദ്യുതി മേഖലയിൽ സബ്സിഡി നൽകാനുപയോഗിക്കുന്നത് എത്രത്തോളം പ്രായോഗികമാണ്? അതായത് ക്രോസ് സബ്സിഡി വേണ്ട സബ്സിഡി മതി എന്ന് പറയുന്നവരുടെ ഉദ്ദേശ്യം ധനിക വിഭാഗങ്ങളുടെ ബാധ്യത കുറയ്-ക്കുകയും ദരിദ്ര വിഭാഗങ്ങൾക്ക് ലഭിക്കുന്ന സാമൂഹ്യസുരക്ഷാ പദ്ധതികൾ പ്രതിസന്ധിയിലാക്കുകയുമാണ്.
ഡൽഹി ഒരു മാതൃകയല്ല
ഡൽഹി അടക്കമുള്ള ചില സംസ്ഥാനങ്ങൾ തുടക്കസ്ലാബുകളിലെ വൈദ്യുതി ഉപഭോക്താക്കൾക്ക് സർക്കാർ സബ്സിഡിയിലൂടെ സൗജന്യം നൽകുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി ഡൽഹിയെ നോക്കൂ, അവിടെ സ്വകാര്യകമ്പനിയാണ് വൈദ്യുതി വിതരണം ചെയ്യുന്നതെങ്കിലും 200 യൂണിറ്റ് വരെ സൗജന്യമാണ് എന്ന് പറഞ്ഞുകൊണ്ട് സ്വകാര്യമേഖലയെ പ്രകീർത്തിക്കുന്ന ചിലരുണ്ട്. കേരളത്തിലെ വൈദ്യുതി നിരക്കുകൾ വളരെ ഉയർന്നതാണെന്ന് സ്ഥാപിക്കാനും ചിലർ ഡൽഹിയെ ഉദാഹരിക്കാറുണ്ട്. എന്നാൽ ഡൽഹിയിലെ ശരാശരി വൈദ്യുതി നിരക്ക് കേരളത്തിന്റെ ശരാശരി നിരക്കിനേക്കാൾ ഒന്നേകാൽ രൂപയോളം അധികമാണ്. സ്വകാര്യ കമ്പനി ഈ നിരക്കിലാണ് വൈദ്യുതി ബില്ലുകൾ തയ്യാറാക്കുന്നത്. 200 യൂണിറ്റുവരെയുള്ള വൈദ്യുതി ഉപഭോഗത്തിന് വരുന്ന തുക സംസ്ഥാനസർക്കാർ കമ്പനിക്ക് സബ്സിഡിയായി നല്കുന്നതിനാൽ ജനങ്ങൾക്ക് ബില്ലടക്കേണ്ടി വരുന്നില്ല എന്നേയുള്ളൂ. ഓരോ വർഷവും പന്ത്രണ്ടായിരം കോടിയിലധികം രൂപ വൈദ്യുതി വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനിക്ക് സംസ്ഥാന സർക്കാർ സബ്സിഡിയായി നൽകിയാണ് അവിടെ പ്രതിമാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യം നൽകുന്നത്. അല്ലാതെ അത് സ്വകാര്യകമ്പനിയുടെ പ്രവർത്തനമികവല്ല.
രാജ്യ തലസ്ഥാനമെന്ന നിലയിൽ ഉയർന്ന നികുതിവരുമാനം കിട്ടുന്ന സംസ്ഥാനമാണ് ഡൽഹി. ക്രമസമാധാന പാലനവും പശ്ചാത്തല വികസനവുമടക്കം ഒട്ടുമിക്ക ചെലവുകളും കേന്ദ്രസർക്കാർ നേരിട്ട് നടത്തുന്നതിനാൽ ഭരണച്ചെലവുകൾ കുറവാണ്. കിട്ടുന്ന വരുമാനം ഏറെക്കുറെ പൂർണ്ണമായും വൈദ്യുതി, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ചെലവഴിക്കാൻ ഡൽഹിക്ക് കഴിയുന്നു. എന്നാൽ കേരളമടക്കം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതി അതല്ല. സാധാരണ ജനങ്ങളുടെ വൈദ്യുതി സേവനങ്ങൾ താങ്ങാവുന്ന നിലയിൽ തുടരുന്നതിന് ക്രോസ് സബ്സിഡി നിലനിന്നേ പറ്റൂ. അത് സബ്സിഡികൊണ്ട് പകരം വെക്കാനാകില്ല. അതുകൊണ്ടുതന്നെ ഡൽഹി ഒരു നല്ല മാതൃകയുമല്ല.
നഗര–ഗ്രാമവിഭജനം
പട്ടണപ്രദേശങ്ങളിൽ കുറഞ്ഞ ഭൂവിസ്തൃതിയിൽ കൂടുതൽ കണക്ഷനുണ്ടാകും. ഓരോ ഉപഭോക്താവിന്റേയും ഉപഭോഗം കൂടുതലായിരിക്കും. ഇത്തരം കാരണങ്ങളാൽ അവിടെ വൈദ്യുതി വിതരണം ലാഭകരവുമായിരിക്കും. വിതരണച്ചെലവുകൾ താരതമ്യേന കൂടുതലുള്ള ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തനം നഷ്ടവുമായിരിക്കും. നഗരപ്രദേശങ്ങളിൽ കിട്ടുന്ന ലാഭം ഉപയോഗപ്പെടുത്തി ഗ്രാമപ്രദേശങ്ങളിലും വൈദ്യുതി സേവനങ്ങൾ മുടക്കമില്ലാതെ നടത്തുകയാണ് പൊതുമേഖല ചെയ്യുന്നത്. സ്വകാര്യമേഖലയുടെ ലക്ഷ്യം ലാഭം മാത്രമാണ്. അതുകൊണ്ട് അവർ നഗരങ്ങളിൽ കേന്ദ്രീകരിക്കും. ഗ്രാമങ്ങളിലെ നഷ്ടക്കച്ചവടമൊന്നും ഏറ്റെടുക്കേണ്ടതില്ലാത്തതിനാൽ പൊതുമേഖലയേക്കാൾ കുറഞ്ഞ നിരക്ക് ഓഫർ ചെയ്യാനും ഉപഭോക്താക്കൾക്ക് പ്രത്യേക സൗകര്യങ്ങൾ പ്രഖ്യാപിക്കാനുമൊക്കെ അവർക്ക് കഴിയും. ഇങ്ങിനെ നഗരങ്ങളിൽ അവർ ആധിപത്യം സ്ഥാപിക്കുന്നതോടെ പൊതുമേഖലയുടെ ചുമതല ഗ്രാമങ്ങളിൽ ഒതുങ്ങും. വൈദ്യുതി സേവനങ്ങൾക്ക് നിരക്ക് വൻതോതിൽ വർദ്ധിപ്പിക്കുകയോ നഷ്ടം സഹിച്ച് തകരുകയോ അല്ലാതെ മറ്റു മാർഗ്ഗമില്ല എന്ന നിലയാണ് പൊതുമേഖലക്ക് വന്നു ചേരും. സ്വകാര്യവൽക്കരണം ലാഭത്തിന്റെ മാത്രം സ്വകാര്യവൽക്കരണവും നഷ്ടത്തിന്റെ പൊതുമേഖലാവൽക്കരണവുമാകുന്നത് ഇങ്ങനെയാണ്.
പ്രക്ഷോഭങ്ങളല്ലാതെ മാർഗ്ഗമില്ല
വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണം ആത്യന്തികമായി ലക്ഷ്യംവെക്കുന്നത് സ്വകാര്യ മൂലധനശക്തികളുടെ ലാഭം വർദ്ധിപ്പിക്കുന്നതിന് കമ്പോളം കയ്യടക്കുക എന്നതുമാത്രമാണ്. വൈദ്യുതി ഉണ്ടാക്കിയാൽ ലാഭം കിട്ടുമെങ്കിലേ അവർ വൈദ്യുതി ഉണ്ടാക്കൂ. വൈദ്യുതി ഉണ്ടാക്കാതെ കൃത്രിമക്ഷാമം ഉണ്ടാക്കിയാലാണ് ലാഭമെങ്കിൽ അവർ അതുതന്നെയേ ചെയ്യൂ. എന്തുമാർഗ്ഗം ഉപയോഗിച്ചും ലാഭം കുന്നുകൂട്ടുക എന്ന ലക്ഷ്യത്തോടെയുള്ള മൂലധനശക്തികളുടെ തന്ത്രങ്ങളാണ് കൽക്കരി കുംഭകോണത്തിലും സോളാർ കുംഭകോണത്തിലുമൊക്കെ വെളിവാകുന്നത്. ക്രയശേഷികൂടിയ ധനിക ന്യൂനപക്ഷത്തിന് സ്വകാര്യവൽക്കരണം താൽക്കാലിക നേട്ടങ്ങൾ ഉണ്ടാക്കിയേക്കാം. മൂലധനശക്തികളുടെ സമ്പത്ത് വൻതോതിൽ വർദ്ധിച്ച് ലോകത്തെ ശതകോടീശ്വരപ്പട്ടികയിൽ കുറേ ഇന്ത്യൻ പേരുകൾ സ്ഥാനം പിടിച്ചേക്കാം. എന്നാൽ ബാദ്ധ്യതകൾ വന്നു പതിക്കുന്നത് സാധാരണ ജനങ്ങളിലാണ്. അവരുടെ നഷ്ടങ്ങളാണ് ശതകോടീശ്വരൻമാരുടെ മൂലധനവളർച്ചയായി മാറുന്നത്. ഈ അവസ്ഥയെ ചെറുക്കാൻ വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭങ്ങളല്ലാതെ മറ്റുമാർഗ്ഗമില്ല. l