ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ വളർച്ച രാഷ്ട്രീയത്തിലെ നരേന്ദ്രമോദിയുടെ വളർച്ചയുമായി അഭേദ്യമായി കെട്ടുപിണഞ്ഞു കിടക്കുന്നു. പ്രശസ്ത മാധ്യമപ്രവർത്തകനായ പരഞ്-ജോയ് ഗുഹ താക്കുർത്ത, അൽ ജസീറ എന്ന മാധ്യമസ്ഥാപനത്തിന്റെ പ്രതിനിധിയോട് അടുത്തയിടെ പറഞ്ഞത്, ‘‘പ്രധാനമന്ത്രി മോദിയുടെ വളരെയേറെ അടുത്തയാളാണ് അദാനി; അദാനിയുടെ വിദേശരാജ്യങ്ങളിലെ ബിസിനസുകൾക്ക് പലപ്പോഴും പ്രധാനമന്ത്രിയിൽനിന്ന് ഒത്താശ ലഭിക്കാറുണ്ട്’’ എന്നാണ്. അംബാനിമാരുടെയും അദാനിമാരുടെയും ബിസിനസ് സാമ്രാജ്യത്തെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള, അതിന്റെ പേരിൽ വേട്ടയാടപ്പെട്ടിട്ടുള്ള താക്കൂർത്ത തുടരുന്നു– ‘‘നരേന്ദ്രമോദിയുടെ വളർച്ചയുടെ, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലെ ഉയർച്ചയുടെ പാതയിലേക്ക് നാം നോക്കിയാൽ അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ഉയർച്ചയും അതിന് സമാന്തരമായിട്ടാണെന്ന് നമുക്ക് ബോധ്യമാകും. മോദിയുമായുള്ള അദാനിയുടെ അടുപ്പം എത്രത്തോളമെന്ന് ഒരാൾക്കും വാക്കുകളിൽ പറഞ്ഞറിയിക്കാനാവില്ല…. ഇരട്ട സഹോദരന്മാരെ പോലെയാണവർ.’’
അതാണ് അദാനിക്കെതിരെ മിണ്ടുന്നവർ, അദാനിയുടെ വളർച്ചയ്ക്കുപിന്നിലെ ഇരുളടഞ്ഞ വഴികളിലേക്ക് വിരൽചൂണ്ടാൻ ധെെര്യപ്പെടുന്നവർ എല്ലാം മോദി വാഴ്ചയിൽ ഭീകരമായി വേട്ടയാടപ്പെടുന്നതിൽനിന്നുതന്നെ ഇരുവരും തമ്മിലുള്ള അടുപ്പം ബോധ്യപ്പെടും. 1988ൽ വളരെ ചെറിയ തോതിൽ ബിസിനസ് രംഗത്തേക്ക് കാലുകുത്തിയ ഗൗതം അദാനിയുടെ കുതിച്ചുകയറ്റം നരേന്ദ്രമോദിയുടെ ഗുജറാത്ത് രാഷ്ട്രീയത്തിലേക്കുള്ള വരവോടെയാണ്. മോദി പ്രധാനമന്ത്രിയായശേഷം നടത്തിയ വിദേശയാത്രകളിലെല്ലാം നിഴൽപോലെ അദാനിയോ അദാനി സാമ്രാജ്യത്തിലെ ഏറ്റവും അടുത്തയാളോ ഉണ്ടായിരുന്നുവെന്ന് കാണാം. മോദിയുടെ ഓരോ വിദേശയാത്രയിലും മിക്കപ്പോഴും അദാനിക്ക് ആ രാജ്യത്തെ ഏതെങ്കിലുമൊരു ബിസിനസ് കരാർ ലഭിക്കുമെന്നത് വെറും വാക്കല്ല, യാഥാർഥ്യമാണ്.
അദാനിയുടെ കണ്ണഞ്ചിപ്പിക്കുന്ന വളർച്ചയുടെ അടിസ്ഥാനം അദാനി കമ്പനികളുടെ ഓഹരി വിലകളിലുള്ള വർധനയാണ്. ആ ഉയർന്ന വിലയുടെ പിൻബലത്തിൽ ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് വൻതുകകൾ വായ്പയെടുത്ത് ഗൗതം അദാനി എന്ന ബിസിനസുകാരൻ തന്റെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തുകയായിരുന്നു. എന്നാൽ അദാനി ഗ്രൂപ്പിന്റെ ഓഹരി വിലകൾ ഉയരുന്നതിനു പിന്നിലുള്ള തട്ടിപ്പുകളിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു ഹിൻഡൻബെർഗ് റിസർച്ചിന്റെ റിപ്പോർട്ട്. ഹിൻഡൻബെർഗ് റിസർച്ചിന്റെ കണ്ടെത്തലുകൾ അക്ഷരംപ്രതിശരിയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ചില സ്വതന്ത്ര മാധ്യമസംഘങ്ങളുടെ പഠനങ്ങളും വന്നിട്ടുണ്ട്. എന്നാൽ അതിൽനിന്നെല്ലാം നിയമനടപടികൾ കൂടാതെ അദാനിയെ താങ്ങിനിർത്തിയത് മോദിയാണ്.
ഇപ്പോൾ ഇതാ അദാനി സാമ്രാജ്യത്തിന്റെ വളർച്ചയ്ക്കു പിന്നിലെ അഴിമതിക്കഥകളിലേക്ക് വിരൽചൂണ്ടുന്ന ഒരു കേസിന്റെ വിവരമാണ് അമേരിക്കൻ കോടതി നടപടികൾ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുകൊണ്ടു വന്നിരിക്കുന്നത്. നവംബർ 23ന് റോയ്ട്ടേഴ്സാണ് അമേരിക്കൻ കോടതി ഗൗതം അദാനിക്കും സഹോദര പുത്രൻ സാഗർ അദാനിക്കും അദാനി കമ്പനികളുമായി ബന്ധപ്പെട്ട മറ്റ് ആറുപേർക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നുവെന്ന വാർത്ത ലോകത്തിനു മുന്നിൽ എത്തിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിൽ കുറ്റവാളികളെ കെെമാറുന്നത് സംബന്ധിച്ച കരാർ നിലവിലുള്ളതിനാൽ അദാനിയെയും കൂട്ടരെയും പിടികൂടി അമേരിക്കൻ കോടതിക്ക് കെെമാറാൻ ഇന്ത്യാ ഗവൺമെന്റിന് സ്വാഭാവികമായും ബാധ്യതയുണ്ട്. ഈ കേസിലെ കുറ്റാരോപിതരിൽ – ഒരാൾ ഒഴികെ – എല്ലാവരും ഇന്ത്യയിൽ സ്ഥിരതാമസമുള്ള ഇന്ത്യൻ പൗരരാണ്. സിംഗപ്പൂരിൽ താമസക്കാരനെന്ന് അറിയപ്പെടുന്ന ഫ്രാൻസിലും ആസ്ട്രേലിയയിലും പൗരത്വമുള്ള സിറിൾ കബാനീസാണ് ഇന്ത്യക്കാരനല്ലാത്ത ഈ കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള ഏക വ്യക്തിയെന്നും റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു.
സൗരോർജ വിതരണത്തിനുള്ള കരാറുകൾ നേടിയെടുക്കാൻ ഇന്ത്യയിൽ 26 കോടി ഡോളർ (2200 കോടിയിൽ അധികം രൂപ) ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കെെക്കൂലി നൽകിയെന്ന കേസിലാണ് ഗൗതം അദാനിക്കും സഹോദരൻ രാജേഷ് അദാനിയുടെ പുത്രൻ സാഗർ അദാനിക്കും അദാനി ഗ്രൂപ്പ് കമ്പനികളിലെ മറ്റുന്നതർക്കുമെതിരെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്ചേഞ്ച് കമ്മീഷന്റെ കേസ്. നവംബർ 21നാണ് ന്യൂയോർക്കിലെ ഈസ്റ്റേൺ ഡിസ്ട്രിക്ട് കോടതി അദാനിക്കും കൂട്ടർക്കുമെതിരെ കേസെടുത്തത്. ഇന്ത്യയിൽ അഴിമതി നടത്തിയതിന് എന്തിനാണ് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനും ന്യൂയോർക്കിലെ കോടതിയും കേസെടുത്തത്?
20,000 കോടി ഡോളറിന്റെ (1.64 ലക്ഷം കോടിയോളം രൂപ) സോളാർ വെെദ്യുതി വിതരണക്കരാർ ലഭിച്ചുവെന്നും ഇതു മൂലം സാഗർ അദാനി സിഇഒ ആയിട്ടുള്ള അദാനി ഗ്രീൻ എനർജി ലിമിറ്റഡ് അമേരിക്കൻ ഓഹരി വിപണിയിൽ നിന്ന് ഓഹരി പിരിച്ചതാണ് കേസിനാധാരമായ സംഭവം. ഇങ്ങനെ അമേരിക്കൻ നിക്ഷേപകരെ വഞ്ചിച്ചതായാണ് അമേരിക്കയിൽ അദാനിക്കെതിരെ നിലവിലുള്ള കേസ്. അപ്പോൾ കേസിനാധാരമായ മൂലകാരണം ഇന്ത്യയിൽ നടന്ന കെെക്കൂലിയാണെങ്കിലും അമേരിക്കൻ നിക്ഷേപകരെ വൻ തുകയ്ക്കുള്ള കരാറു കാണിച്ച് അദാനി കമ്പനിയുടെ ഓഹരി വിറ്റഴിക്കാൻ ശ്രമിച്ചത് അമേരിക്കൻ നിയമപ്രകാരം തട്ടിപ്പാണ്. പത്തുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്നതാണ് അദാനിക്കും കൂട്ടർക്കുമെതിരായ കേസ്.
കെെക്കൂലി നൽകുന്നതും വാങ്ങുന്നതും ഇന്ത്യയിൽ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. എന്നാൽ അതനുസരിച്ച് ഇന്ത്യയിൽ അദാനിക്കെതിരെ കേസെടുക്കാൻ ഇന്ത്യാ ഗവൺമെന്റോ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളോ തയാറായോ? ഇല്ല. ഇപ്പോൾ അമേരിക്കയിൽ കേസെടുക്കുകയും അദാനിക്ക് സമൻസയക്കുകയും ആ വിവരം റോയിട്ടേഴ്സ് വാർത്തയാക്കുകയും ചെയ്ത സ്ഥിതിക്ക് ഇനിയെങ്കിലും കേസെടുക്കാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറാവുമോ? അദാനിയെ അറസ്റ്റുചെയ്ത് അമേരിക്കയ്ക്ക് കെെമാറാൻ തയ്യാറാവുമോ? പാർലമെന്റിൽ ഈ വിഷയം ചർച്ചയ്ക്കു വന്നപ്പോൾ അതിനു തയ്യാറാവാതെ ഒളിച്ചോടിയ മോദിക്കു വേണ്ടി പാർലമെന്റിനു പുറത്ത് അമിത് ഷാ പറഞ്ഞത് അമേരിക്കയിൽ കേസെടുത്ത വിവരം അവിടത്തെ ഗവൺമെന്റ് അറിയിച്ചിട്ടില്ലയെന്നാണ്. ഇന്ത്യയിൽ അദാനിക്കെതിരെ കേസെടുക്കാൻ വേണ്ട കാര്യങ്ങളൊന്നുമില്ലയെന്നും അമിത് ഷാ തുടർന്നുപറഞ്ഞു. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും അടുപ്പക്കാരനാണ് അദാനി. അതുകൊണ്ട് 2025 ജനുവരിയിൽ ട്രംപ് അധികാരമേറ്റെടുത്താൽ അദാനിക്കെതിരായ കേസ് പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് അദാനിയും മോദിയും.
അമേരിക്കൻ പ്രോസിക്യൂട്ടർമാർ പറയുന്നത് അദാനിയുടെ ഉടമസ്ഥതയിലുള്ള ഗ്രീൻ എനർജി കമ്പനിയും ഒരമേരിക്കൻ വിതരണക്കാരനും ചേർന്ന സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (SECI–സെക്കി)യ്ക്ക് സോളാർ വെെദ്യുതി ഒരു നിശ്ചിത തുകയ്ക്ക് 20 വർഷം വരെ നൽകുന്നതിന് കരാറുണ്ടാക്കിയെന്നാണ്. ഇങ്ങനെ വാങ്ങുന്ന വെെദ്യുതി സെക്കി സംസ്ഥാന വെെദ്യുതി കമ്പനികൾക്ക് വിൽക്കുമെന്നായിരുന്നു ധാരണ. എന്നാൽ സെക്കിയിൽനിന്ന് വെെദ്യുതി വാങ്ങാൻ ആരും തയ്യാറാകാതിരുന്നതുമൂലം അദാനി ഗ്രൂപ്പുമായും അഷ്വർ പവറുമായും വെെദ്യുതി വാങ്ങൽ കരാറുണ്ടാക്കാൻ സെക്കിക്ക് കഴിഞ്ഞില്ല. ഇതിനെ തുടർന്നാണ് അദാനിയും കൂട്ടരും സംസ്ഥാനങ്ങളിലെ വെെദ്യുതി കമ്പനി ഉദ്യോഗസ്ഥർക്ക് സെക്കിയിൽനിന്ന‍് വെെദ്യുതി വാങ്ങാൻ കെെക്കൂലി നൽകാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്.
കെനിയയിൽ അദാനിയെ പുറത്താക്കാൻ
ജനങ്ങളും കോടതിയും
‘‘നമ്മുടെ അനേ-്വഷണ ഏജൻസികളും സുഹൃത് രാജ്യങ്ങളും നൽകിയ പുതിയ വിവരങ്ങളെ അടിസ്ഥാനമാക്കി അദാനി ഗ്രൂപ്പുമായുള്ള വെെദ്യുതി കരാറുകളും വിമാനത്താവള കരാറുകളുമെല്ലാം റദ്ദാക്കുന്നതായി 2024 നവംബർ 21ന് കെനിയയുടെ പ്രസിഡന്റ് വില്യം റൂട്ടോ പ്രഖ്യാപിച്ചു. കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ പ്രധാന വിമാനത്താവളം ആധുനികവൽക്കരിക്കുന്നതിനും പുതുതായി ഒരു റൺവേയും ടെർമിനലും നിർമിക്കുന്നതിനുമുള്ള ഒരു കരാർ അദാനിക്ക് ലഭിച്ചു; അതുപ്രകാരം തുടർന്നുള്ള മുപ്പതു വർഷക്കാലം അദാനി ഗ്രൂപ്പിനായിരിക്കും ആ വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം. ഈ കരാറിനെതിരെ കെനിയയിൽ വലിയ പ്രതിഷേധം ഉയർന്നുവന്നു; എയർപോർട്ട് തൊഴിലാളികൾ പണിമുടക്കി. തങ്ങളുടെ ജീവിത സാഹചര്യം മോശമാകുമെന്നും തൊഴിൽ നഷ്ടപ്പെടാനിടയുണ്ടെന്നും പറഞ്ഞാണ് തൊഴിലാളികൾ പണിമുടക്കിയത്. അതേസമയം, കെനിയയിൽ വെെദ്യുതി ഉൽപ്പാദനത്തിനും വിതരണത്തിനുമായി അദാനിയുമായി കെനിയൻ സർക്കാർ ഉണ്ടാക്കിയ കരാറിൽ അഴിമതിയും കെെക്കൂലിയും ഉണ്ടായിട്ടില്ല എന്ന് കെനിയയിലെ ഉൗർജമന്ത്രി ഒപിയൊ വാണ്ടായി പ്രസ്താവിച്ചു. അദാനി ഗ്രൂപ്പുമായുള്ള വെെദ്യുതി ഇടപാടിൽ അഴിമതിയും കെെക്കൂലിയും ഉണ്ടായിട്ടില്ലെന്ന് കെനിയയിലെ ധനകാര്യ സെനറ്റ് കമ്മിറ്റിയും പ്രസ്താവിച്ചു. എന്നാലും വെെദ്യുതി വിതരണത്തിന് അദാനി ഗ്രൂപ്പുമായി ഉണ്ടാക്കിയിട്ടുള്ള പൊതു–സ്വകാര്യ പങ്കാളിത്ത കരാറിനായി അദാനി നൽകിയിട്ടുള്ള രേഖകൾ സൂക്ഷ്മപരിശോധന നടത്തേണ്ടതുണ്ടെന്നും കെനിയൻ ഊർജമന്ത്രി പറഞ്ഞു. എന്തായാലും ഈ കരാർ ഇപ്പോൾ കെനിയയിലെ കോടതി റദ്ദ് ചെയ്തു. കരാറിന് ഒരു മാസത്തിന്റെ ആയുസുപോലും ഉണ്ടായില്ലെന്നർഥം. ഇപ്പോൾ കെനിയൻ പ്രസിഡന്റ് അദാനിയുമായുള്ള രണ്ട് കരാറും റദ്ദാക്കി. യഥാർഥത്തിൽ ജനങ്ങളും കെനിയൻ കോടതിയും ചേർന്ന് അദാനിയെ കെട്ടുകെട്ടിക്കുകയായിരുന്നു. ആസ്ട്രേലിയയിലും ശ്രീലങ്കയിലും ബംഗ്ലാദേശിലുമെല്ലാം വലിയ ജനകീയ പ്രതിഷേധവും ഭരണമാറ്റം പോലും ഉണ്ടാക്കാൻ അദാനി ഗ്രൂപ്പുമായുള്ള ഊർജകരാറുകൾ ഇടയാക്കിയെന്നതും നാം ഓർക്കേണ്ടതുണ്ട്. |
ന്യൂയോർക്കിലെ ഇൗസ്റ്റേൺ ഡിസ്ട്രിക്ട് അറ്റോർണിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : ‘‘2020 നും 2024നുമിടയ്ക്ക് പ്രതികൾ ഇന്ത്യാ ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് 25 കോടിയിലേറെ ഡോളർ (2200 കോടിയോളം രൂപ) കെെക്കൂലി വാഗ്ദാനം നൽകിയിരുന്നു; ഇന്ത്യാ ഗവൺമെന്റിൽനിന്നും ലാഭകരമായ സോളാർ വെെദ്യുതി കരാർ നേടിയെടുക്കാനാണ് ഈ കെെക്കൂലി വാഗ്ദാനം നൽകപ്പെട്ടത്. നികുതി നൽകിക്കഴിഞ്ഞ ശേഷം 200 കോടിയിലധികം ഡോളർ (1.64 ലക്ഷം കോടി രൂപ) ലാഭമുണ്ടാക്കാൻ കഴിയുന്ന പ്രൊജക്ടാണിത്. ഇന്ത്യാ ഗവൺമെന്റിലെ ഒരുദ്യോഗസ്ഥനെ കെെക്കൂലി വാഗ്ദാനവുമായി ഗൗതം അദാനി തന്നെ നേരിട്ട് സമീപിക്കുകയും ചെയ്തു.’’
കെെക്കൂലി നൽകുന്നതിനുള്ള ഈ പദ്ധതിക്കായി അമേരിക്കൻ നിപേക്ഷകരിൽ നിന്നും പണം സ്വരൂപിക്കാൻ ശ്രമിച്ചു എന്നാണ് അമേരിക്കൻ പ്രോസിക്യൂട്ടറുടെ കേസ്. ‘‘അമേരിക്കൻ നിക്ഷേപകരിൽനിന്നും അന്താരാഷ്ട്ര നിക്ഷേപകരിൽ നിന്നും മൂലധനം സ്വരൂപിക്കാൻ ശ്രമിച്ചപ്പോൾ കെെക്കൂലി പദ്ധതിയെ കുറിച്ച് ഗൗതം അദാനിയും സാഗർ അദാനിയും വിനീത് ജെയ്നും സത്യം പറഞ്ഞില്ല.’’ എന്ന് ന്യൂയോർക്ക് ഈസ്റ്റ് ജില്ലയിലെ അറ്റോർണി, ബ്രിയോൺ പീസ് പറഞ്ഞതായാണ് പത്രക്കുറിപ്പിൽ ചേർത്തിരിക്കുന്നത്. ‘‘അമേരിക്കൻ നിക്ഷേപകരുടെ ചെലവിൽ കുറ്റകൃത്യം നടന്നതായാണ് വ്യക്തമാകുന്നത്. ലോകത്തെവിടെ സംഭവിച്ചതായാലും അമേരിക്കൻ നിയമത്തെ ലംഘിക്കുന്ന അഴിമതിക്കാരെയും തട്ടിപ്പുകാരെയും പ്രോസിക്യൂട്ട് ചെയ്യുന്നത് അമേരിക്ക തുടരും.’’ എന്നും പത്രകുറിപ്പ് തുടരുന്നു.
എഫ്ബിഐ അസിസ്റ്റന്റ് ഡയറക്ടർ ഇൻ ചാർജ് ജയിംസ് ഡെന്നഹി പറഞ്ഞതുകൂടി നോക്കാം: ‘‘അഴിമതിയും കെെക്കൂലിയും മറച്ചുവച്ച് വ്യാജ പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ മൂലധനം സ്വരൂപിച്ച അദാനിയും കൂട്ടുപ്രതികളും നിക്ഷേപകരെ വഞ്ചിച്ചിരിക്കുകയാണ്; അതുപോലെ തന്നെ മറ്റു ചില പ്രതികൾ സർക്കാർ അനേ-്വഷണത്തെ തടസപ്പെടുത്തിക്കൊണ്ട് കെെക്കൂലി കേസ് ഒളിച്ചുവയ്ക്കാനുള്ള ഗൂഢാലോചനയും നടത്തി.’’
ഇതാണ് അമേരിക്കയിൽ അദാനിക്കെതിരെ നിലവിലുള്ള കേസ്. ഇന്ത്യയിൽ നടന്ന ഈ കുംഭകോണത്തിൽ ഇന്ത്യാ ഗവൺമെന്റ് അനേ-്വഷണം നടത്തി കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരികയാണ് വേണ്ടത്. എന്നാൽ മോദി അധികാരത്തിലിരിക്കുന്നിടത്തോളം അങ്ങനെയൊരു കേസ് ഉണ്ടാവില്ലയെന്നുറപ്പാണ്. കാരണം അദാനിക്കെതിരെ കേസ് എന്നാൽ മോദിക്കെതിരെ കേസ് എന്നാണർഥം. l