സ്വകാര്യ മേഖലയിൽ മുൺഡ്രാ തുറമുഖം പണിയുകയും അവിടെ പ്രത്യേക സാമ്പത്തിക മേഖല (എസ് ഇ ഇസഡ്) സൃഷ്ടിക്കുകയും ചെയ്യുന്നതിനുമുൻപ് അദാനി പ്രാഥമികമായും ഒരു കച്ചവടക്കാരനായിരുന്നു. 1980കളിൽ വജ്രക്കച്ചവടത്തിലായിരുന്നു തുടക്കം; പിന്നീട് പ്ലാസ്റ്റിക്കിലേക്കും മറ്റു ചരക്കുകളിലേക്കും തിരിഞ്ഞു. ആദ്യം അയാളുടെ ഭാഗ്യം തെളിഞ്ഞത് വജ്രക്കച്ചവടത്തിലാണ്; അതിൽ അയാളുടെ സഹോദരന്മാരായ വിനോദ് അദാനി (വിനോദ് ശാന്തിലാൽ ഷാ എന്നും അറിയപ്പെടുന്നു), രാജേഷ് അദാനി, എന്നിവരും അളിയൻ സമീർ വോറയുമാണ് പ്രധാന പങ്ക് വഹിച്ചത്. ഹിൻഡൻബർഗ് റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിട്ടുള്ള പ്രധാനവ്യക്തികൾ അദാനിയുടെ ഈ രണ്ട് സഹോദരന്മാരും സമീർ വോറയുമാണ്; വിനോദിനെക്കുറിച്ച് പറയുന്നത് പ്രധാനമായും അയാൾക്ക് യു എ ഇ യുമായുള്ള ബന്ധത്തെക്കുറിച്ചും വിദേശത്തെ അഭയ സ്ഥാനങ്ങളിലുള്ള കള്ളപ്പണത്തെക്കുറിച്ചുമാണ്; രാജേഷും സമീർ വോറയുമാണ് അദാനികമ്പനികളുടെ ഓഹരികളിൽ ഒരുഭാഗം കൈവശം വച്ചിട്ടുള്ള മൗറീഷ്യസ് സ്ഥാപനങ്ങൾ സ്ഥാപിച്ചതും അവയെ നിയന്ത്രിക്കുന്നതും.
അദാനി ആസ്ത്രേലിയയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് സമീർ വോറ; കാർമ്മിച്ചൽ കൽക്കരി ഖനികളിലും റെയിൽ പ്രൊജക്ടിലും പ്രധാനമായും നിക്ഷേപം നടത്തുന്നത് അദാനി ആസ്-ത്രേലിയയാണ്; ആസ്ട്രേലിയയിലെ ആബട്ട് പോയിന്റ് ടെർമിനൽ എന്ന തുറുമുഖത്തിന്റെ നിയന്ത്രണവും ഇതിനാണ്.
ദുരൂഹത നിറഞ്ഞ, അല്പവും സുതാര്യമല്ലാത്ത ഈ മൗറീഷ്യസ് സ്ഥാപനങ്ങളുടെ ഓഹരിയും അദാനി കമ്പനികളിലെ അയാളുടെ സ്വന്തം ഓഹരികളും കൂടിച്ചേർന്നാണ് പബ്ലിക് ലിമിറ്റഡ് കമ്പനിയിലെ അധികാര സ്ഥാനം കൈക്കലാക്കാൻ സെബിയുടെ (SEBI) മാനദണ്ഡപ്രകാരം ആവശ്യമായ 75 ശതമാനത്തിലധികം ഓഹരികൾ തികയ്ക്കുന്നത്. വിമർശകർ പറയുന്നത് ഈ ബിനാമി സ്ഥാപനങ്ങളെയാണ് ചുറ്റിക്കറങ്ങിയുള്ള കച്ചവടത്തിലൂടെ തന്റെ ഓഹരികളുടെ വില ഉയർത്തിക്കാണി ക്കാൻ അദാനി ഉപയോഗിക്കുന്നതെന്നാണ്; അതാണ് അടുത്തയിടെ ഉണ്ടായ തകർച്ചയ്ക്കുമുൻപ് അയാളുടെ ഓഹരികളുടെ വില കുതിച്ചുയരാൻ ഇടയാക്കിയത്. കഴിഞ്ഞ കാലങ്ങളിലാണ് പ്രധാന ഓഹരി കുംഭകോണങ്ങളെല്ലാം നടന്നിട്ടുള്ളത്. ഹർഷദ് മേത്ത കുംഭകോണവും കേതൻ പരേഖ് കുംഭകോണവുമാണ് ഇവയിൽ ഏറ്റവുമധികം കുപ്രസിദ്ധിനേടിയത്. 1999 ൽ കേതൻ പരേഖിനെതിരെ ഒരുകൂട്ടം കമ്പനികളുടെ ഓഹരികളിൽ കൃത്രിമം നടത്തിയതായി സെബി ആരോപണമുന്നയിച്ചു; ആ കൂട്ടത്തിൽ പെട്ട കമ്പനികളിൽ ഒന്നാണ് അദാനി എക്സ്പോർട്ട്സ് ലിമിറ്റഡ്. അദാനി ഓഹരികളുടെ വില പെട്ടെന്ന് കൃത്രിമമായി 165 ശതമാനം ഉയർന്നതിനെക്കുറിച്ച് സെബി അന്വേഷണം നടത്തി; ഇങ്ങനെ വിപണിയിൽ കൃത്രിമം നടത്തിയതായി കണ്ടുപിടിച്ചതിനെ തുടർന്ന് ഏഴ് അദാനി കമ്പനികളുടെ ഓഹരി വിൽപ്പന രണ്ടു വർഷത്തേക്ക് വിലക്കി.
അപ്പോൾ എങ്ങനെയാണ് ഒരു വജ്രക്കച്ചവടക്കാരൻ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായി മാറിയത്? ഡിപ്പാർട്ടുമെന്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി ആർ ഐ) പറയുന്നതനുസരിച്ച് തുടക്കം വജ്രക്കച്ചവടത്തിലെ തട്ടിപ്പുകളിലൂടെയായിരുന്നു.
ഡി ആർ ഐ യുടെ കേസ് ലളിതമാണ്. ഇന്ത്യാ ഗവൺമെന്റ് കയറ്റുമതിക്ക് ഇൻസെന്റീവുകൾ നൽകാറുണ്ട്. ടാർഗെറ്റ് പ്ലസ് സ്കീം എന്നാണ് അതറിയപ്പെടുന്നത്; കയറ്റുമതിക്കാർക്ക് ടാക്സ് ക്രെഡിറ്റുകൾ നൽകുന്ന ഒരു സമ്മാന പദ്ധതിയാണ് ഗവൺമെന്റ് എക്സ്പോർട്ട് ക്രഡിറ്റ് പ്രോഗ്രാം. ആ കാലത്തെ ഒരു വർഷം മാത്രം, 2004-2005, അദാനി എന്റർപ്രൈസസും അതിന്റെ അനുബന്ധ കമ്പനികളും തട്ടിപ്പിലൂടെ ഗവൺമെന്റിന്റെ കയറ്റുമതി ആനുകൂല്യത്തിൽ നിന്ന് 680 കോടി രൂപ (15.1 കോടി ഡോളർ) നേടി. ഈ ചുറ്റിക്കളിക്കിടയിൽ – ഇടത്തട്ടുകാർ വഴി അദാനി എന്റർപ്രൈസസിലേക്ക് ഉണ്ടായ വജ്രത്തിന്റെ വിലയിലെ വ്യത്യാസത്തെ മൗറീഷ്യസിലും മറ്റു നികുതിരഹിത ഇടങ്ങളിലും സൂക്ഷിക്കും.
ഇന്നത്തെ മൂല്യത്തെ ആധാരമാക്കി നോക്കിയാൽ അദാനിയെ സംബന്ധിച്ചിടത്തോളം ചെറിയ തുകയായിരിക്കാം; എന്നാൽ ഇത് നികുതി അടയ്ക്കാത്ത പണമാണ്; നികുതിരഹിതമായ പലേടങ്ങളിലായി സൂക്ഷിച്ചിരുന്നവയാണത്; മറ്റു നിരവധി പദ്ധതികൾക്കായി ഉപയോഗിക്കാൻ കഴിയുന്നതും ഉപയോഗിക്കേണ്ടതുമായ പണമാണത്. ഉൽപ്പന്ന ങ്ങളുടെ മൂല്യം പെരിപ്പുച്ച് കാണിച്ചും പണത്തിന്റെ ചുറ്റിക്കളിയിലൂടെയും നികുതി ഇളവ് നേടിയും എന്നാൽ യഥാർത്ഥത്തിൽ ഒരു സാധനവും ഉൽപ്പാദിപ്പിക്കാതിരിക്കുകയുമാണ് അദാനി സാമ്രാജ്യം പിൽക്കാലത്ത് ഉപയോഗിച്ച സൂത്രങ്ങൾ. അയാളുടെ കുടുംബത്തിലെ അടുത്ത ബന്ധുക്കളുടെ പങ്ക് (വിനോദ് അദാനി, രാജീവ് അദാനി എന്നീ സഹോദരർ, അയാളുടെ അളിയൻ സമീർ വോറ എന്നിവർ) വളരെ വ്യക്തമാണ്. പണത്തിന്റെ ചുറ്റിക്കളിയിലും ഓഹരി വില തട്ടിപ്പുകളിലും ഉൾപ്പെട്ടത് അദാനി കുടുംബാംഗങ്ങളാണ്. അദാനി തന്റെ കച്ചവട സാമ്രാജ്യം വജ്രത്തിൽ നിന്ന് പ്ലാസ്റ്റിക്കിലേക്കും പിന്നീട് കൽക്കരിയിലേക്കും മറ്റ് ഉപകരണങ്ങളിലേക്കും വ്യാപിപ്പിച്ചതോടെ, ഈ എല്ലാ സൂത്രപ്പണികളും ദുബായും സിങ്കപ്പൂരും പോലെയുള്ള ടാക്സ് ഹെവനുകൾ ഉപയോഗിച്ച് കൃത്രിമമായി കൽക്കരിയുടെയും ഉപകരണങ്ങളുടെയും വില പെരുപ്പിച്ചു കാണിച്ച് ഇന്ത്യൻ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണ്. l
ഷെൽ കമ്പനികളെ ഉപയോഗിച്ച് റഗുലേഷനുകൾ മറികടക്കൽ
എങ്ങനെയാണ് അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനികൾ ഇത്തരത്തിൽ കണ്ണഞ്ചിപ്പിക്കുന്ന ഉന്നതങ്ങളിലെത്തിയത്? യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ മെച്ചപ്പെട്ട പ്രകടനം കാണിക്കുന്നതിനായി തങ്ങ ളുടെ അക്കൗണ്ടുകൾ അദാനി ഗ്രൂപ്പ് എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നതിനെക്കുറിച്ചുള്ള ഹിൻഡൻബർഗിന്റെ വെളിപ്പെടുത്ത ലുകളിൽ ചിലതിൽ ഇതിനുള്ള ഉത്തരം കണ്ടെത്താൻ കഴിയും. സ്റ്റോക്ക് മാർക്കറ്റ് റഗുലേഷനുകൾ വ്യക്തമാക്കുന്നത് കമ്പനിയുടെ പ്രമോട്ടർമാർ (ഉടമസ്ഥർ) ഏത് ലിസ്റ്റഡ് കമ്പനിയിലെയും 75 ശതമാനം ഓഹരികൾ മാത്രമേ കൈവശം വയ്ക്കാൻ പാടുള്ളൂവെന്നാണ്; അവശേഷിക്കുന്ന 25 ശതമാനം ഓഹരികൾ പൊതുജനങ്ങൾക്ക് വിൽക്കാനുള്ളതാണ്. പ്രൊമോട്ടർമാർ ഓഹരി വിലയിൽ കൃത്രിമം നടത്തുന്നതിനുള്ള സാധ്യത പരമാവധി കുറയ്ക്കുന്നതിനായാണ് ഈ നിയന്ത്രണം. അദാനി ട്രാൻസ്മിഷൻ, അദാനി പവർ, അദാനി എന്റർപ്രൈസസ്, അദാനി ടോട്ടൽ ഗ്യാസ് എന്നീ നാല് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ 70 ശതമാനത്തിനും 75 ശതമാനത്തിനുമിടയ്ക്ക് പ്രൊമോട്ടറുടെ കവൈശമാണ്. ഇവയിൽ ഓരോന്നിലും സുതാര്യമല്ലാത്ത ബിസിനസിന് കുപ്രസിദ്ധിയാർജിച്ച മൗറീഷ്യസ് അടിസ്ഥാനമാക്കിയ വിദേശ ഫണ്ടുകളുണ്ട്; 3.3 ശതമാനം മുതൽ 10.3 ശതമാനം വരെ ഓഹരികൾ ഇവയുടെ കൈകളിലാണ്; റിപ്പോർട്ട് പറയുന്നത് യഥാർത്ഥത്തിൽ ഇവയെല്ലാം അദാനി ഗ്രൂപ്പിന്റെ തന്നെ കമ്പനികളാണെന്നാണ്. ഇവയും കൂടി അദാനി ഗ്രൂപ്പ് ഔദ്യോഗികമായി കൈവശംവച്ചിട്ടുള്ള ഓഹരികൾക്കൊപ്പം ചേർക്കുകയാണെങ്കിൽ ഓരോന്നിലും 75 ശതമാനമെന്ന പരിധി കടക്കും. ഈ ഓരോ വിദേശ ഫണ്ടും 90 ശതമാനം മുതൽ 100 ശതമാനം വരെ നിക്ഷേപിക്കുന്നത് അദാനി ഓഹരികളിൽ മാത്രമാണ്; അവയെല്ലാം അദാനി ഗ്രൂപ്പിന്റെ തന്നെ നിയന്ത്രണത്തിലുള്ളവയാണെന്ന് തോന്നുന്നു. അവയൊന്നും മൂന്നാം കക്ഷിയുടേതല്ല. ഈ ഫണ്ടുകൾ അദാനി ഗ്രൂപ്പ് കമ്പനികളെ സംബന്ധിച്ചിടത്തോളം വെറും സ്റ്റോക്ക് പാർക്കിങ് സംവിധാനങ്ങൾ മാത്രമായിരിക്കും; ഇത് ആ ഗ്രൂപ്പിനെ 75 ശതമാനം എന്ന പരിധിക്കു താഴെയായി നിർത്തുന്നതിനു പ്രാപ്തമാക്കാനും ഡീലിസ്റ്റിങ് ഒഴിവാക്കാനും മാത്രമാണ്. തങ്ങളുടെ അന്വേഷണത്തിൽ “ലിസ്റ്റഡ് കമ്പനി’കളുടെയും സ്വകാ ര്യകമ്പനികളുടെയും വെളിപ്പെടുത്തപ്പെടാത്ത നിരവധി ഇടപാടുകൾ കണ്ടെത്തിയതായി ഹിൻഡൻബർഗ് റിപ്പോർട്ട് ആരോപിച്ചു; അത് നില വിലുള്ള റഗുലേഷനുകളുടെ ലംഘനമായിരിക്കും. ലിസ്റ്റഡ് കമ്പനികൾക്ക് ബാധകമായ സ്റ്റോക്ക് മാർക്കറ്റ് റഗുലേഷനുകൾ പ്രകാരം ബന്ധപ്പെട്ട കക്ഷികളുമായുള്ള അതായത്, മറ്റൊരു സ്ഥാപനവുമായി സംഘടനാ ബന്ധമുള്ള ഒരു സ്ഥാപനം – ഏതുതരം ഇടപാടുകളെക്കുറിച്ചും വെളി പ്പെടുത്തൽ ഫയലിങ്ങിലൂടെ റഗുലേറ്റർക്ക് റിപ്പോർട്ടു ചെയ്യണം. ഇത്തരം ഇടപാടുകൾ മൂടിവയ്ക്കുന്നത് നിയമവിരുദ്ധമാണ്. “വിനോദ് അദാനിയുടെ നിയന്ത്രണത്തിലുള്ള, ശ്രദ്ധേയമായ എന്തെങ്കിലും പ്രവർത്തനം നടത്തിയതായി സൂചന പോലുമില്ലാത്ത ഒരു മൗറീഷ്യസ് സ്ഥാപനം 1171 കോടി രൂപ (25.3 കോടി ഡോളർ) ഒരു സ്വകാര്യ അദാനി സ്ഥാപനത്തിന് വായ്പ കൊടുത്തത് എങ്ങനെയെന്നതിനെക്കുറിച്ചുള്ള “വസ്തുതകൾ അന്വേഷിച്ചുകണ്ടെത്തിയതായും അദാനിയുടെ സ്ഥാപനത്തിന് വായ്പ നൽകിയത് “ബന്ധപ്പെട്ട കക്ഷി’യാണെന്ന് വെളിപ്പെടുത്താൻ തയ്യാറല്ല”യെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. l |
ഹിൻഡൻബർഗ് റിപ്പോർട്ട് പറയുന്നത് എന്താണ്? |
“അദാനിഗ്രൂപ്പ്: ലോകത്തിലെ അതിസമ്പന്നരിൽ മൂന്നാമത്തെയാൾ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ചതി ചെയ്തതെങ്ങനെ?” എന്ന ശീർഷകത്തിൽ 98 പേജുള്ള റിപ്പോർട്ട്, തങ്ങളുടെ ഓഹരിവില പെരുപ്പിച്ചുകാണിക്കുന്നതിന് അദാനി ഗ്രൂപ്പ് കമ്പനികളിൽ ഓഹരി കൃത്രിമങ്ങൾ നടത്തുന്നതിന്റെ തെളിവുകൾ നിരത്തുന്നു; പണം ഒഴുകുന്നതിന് വിദേശങ്ങളിലെ രഹസ്യ സ്വഭാവമുള്ള ഷെൽ കമ്പനികളെ ഉപയോഗിക്കുന്നതെങ്ങനെയെന്നും കണക്കിൽ കൃത്രിമങ്ങൾ എങ്ങനെയെല്ലാം നടത്തിയിട്ടുണ്ടെന്നും തെളിവുകൾ സഹിതം ഈ റിപ്പോർട്ട് വിവരിക്കുന്നു. ഈ ഗ്രൂപ്പ് നടത്തുന്ന ധനകാര്യച്ചട്ടങ്ങളുടെ ഗുരുതരമായ ലംഘനങ്ങൾ. റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടും മോദി ഗവൺമെന്റിന്റെ നിയമം നടപ്പാക്കാൻ ബാധ്യസ്ഥമായ ഏജൻസികൾ പ്രകടിപ്പിച്ച അലംഭാവത്തെക്കുറിച്ചും ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. അദാനി ഗ്രൂപ്പ് കമ്പനികൾ ധനപരമായി ഭദ്രമായ അവസ്ഥയിലല്ലെന്നും ആപത്കരമായ വിധം അമിത താങ്ങ്’ അതിന് ലഭിക്കുന്നുണ്ടെന്നും (അവരുടെ ധനസ്ഥിതിയുമായി തട്ടിച്ചുനോക്കുമ്പോൾ അവരുടെ കടബാധ്യത സുസ്ഥിരമല്ലെന്നും അർത്ഥം) വ്യക്തമാക്കിയാണ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്. l |