Wednesday, December 18, 2024

ad

Homeസാര്‍വദേശീയംഎന്തുകൊണ്ട് അർധരാത്രിയിൽ?

എന്തുകൊണ്ട് അർധരാത്രിയിൽ?

വിജയ് പ്രഷാദ്

2024 ഒക്ടോബർ 28ന് രാത്രി 10 മണിക്ക് ഇസ്രയേൽ വേ-്യാമസേന ഗാസയുടെ വടക്കുഭാഗത്തുള്ള ബെയ്ത് ലഹിയയിലെ അഞ്ചുനില കെട്ടിടം ഇടിച്ചുതകർത്തു. 2023 ഒക്ടോബർ 8 മുതൽ വടക്കൻ ഗാസയെ ഇസ്രയേൽ തുടർച്ചയായി ആക്രമിക്കുകയാണ്. ജബാലിയ അഭയാർഥി ക്യാമ്പിനു വടക്കുഭാഗത്തുള്ള ഈ പട്ടണത്തിലെ താമസക്കാർക്ക് ഇക്കാലയളവിൽ യാതൊരു സ്വസ്ഥതയും സമാധാനവും ലഭിച്ചിട്ടില്ല. ബോംബാക്രമണങ്ങളുടെ ആദ്യ നാളുകളിൽത്തന്നെ, 42 വയസ്സുള്ള സഹർ അവളുടെ 11 വയസ്സുള്ള മകനെയും മറ്റ് കുടുംബാംഗങ്ങളെയും കൂട്ടി അവിടെനിന്നും രക്ഷപ്പെട്ടോടി. ഹ്യൂമൻ റൈറ്റ്സ് വാച്ചിനോട് (Human Rights Watch) അവൾ പറഞ്ഞു, ‘‘സാധാരണക്കാരന്റെ വീടിനുനേരെ തുടർച്ചയായി ബോംബുകൾ വർഷിക്കുന്നതിനാലാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്; കുടുംബങ്ങളെ ഒന്നടങ്കം കൊന്നൊടുക്കുകയാണ്. 32 വയസ്സുകാരിയായ അസ്മ, ബെയ്ത് ലഹിയ വിട്ട് താരതമേ-്യന സുരക്ഷിത മേഖലയെന്നു കരുതപ്പെടുന്ന അൽ – മവാസിയിലേക്ക് പോയി. ഞങ്ങൾ അങ്ങേയറ്റം ദുരന്തത്തിലാണ് ജീവിക്കുന്നത്. ഞങ്ങൾ പ്രതീക്ഷയറ്റവരാണ്, പട്ടിണിയിലാണ്; സഹികെട്ടു ജീവിക്കുന്നവരാണ്’’ – അവൾ പറയുന്നു.

അബു നാസർ കുടുംബം ബെയ്ത് ലഹിയ വിട്ടുപോയില്ല. വാസ്തവത്തിൽ, എണ്ണത്തിൽ വളരെയധികം വരുന്ന അവരുടെ ബന്ധുക്കളെല്ലാം തന്നെ അദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്ന ആ കെട്ടിടത്തിൽ അഭയം തേടിയിരുന്നു; നിറയെ പാർപ്പിടങ്ങളുള്ള പ്രദേശത്ത് സ്ഥിതിചെയ്യുന്ന ആ കെട്ടിടത്തിൽ കഴിയുന്നത് ഇസ്രയേലിന്റെ ആക്രമണത്തിൽനിന്നും കുറച്ചെങ്കിലും രക്ഷതരുമെന്ന് കരുതിയാണ്. 2024 ഒക്ടോബർ 28ന് രാത്രി ആ കെട്ടിടത്തിലെ പത്ത് അപ്പാർട്ടുമെന്റുകളിലായി 300 പേർ ഉണ്ടായിരുന്നു. തിങ്ങി ഞെരുങ്ങിയാണ് കഴിഞ്ഞിരുന്നതെങ്കിലും തങ്ങൾ സുരക്ഷിതരാണെന്നൊരു തോന്നൽ അവർക്കുണ്ടായിരുന്നു.

രാത്രി പത്തുമണിക്ക് കെട്ടിടത്തിനുമേൽ മിസെെൽ വന്നിടിച്ചു; പടിക്കെട്ട് തകർന്നുതരിപ്പണമായി; അതുകൊണ്ടുതന്നെ ഏറ്റവും താഴത്തെ നിലയിലുണ്ടായിരുന്നവർക്കൊഴികെ മറ്റ് നിലകളിലുണ്ടായിരുന്നവർക്ക് പുറത്തേക്കുകടക്കാനുള്ള എല്ലാ സാധ്യതയുമില്ലാതായി. 29 വയസ്സുള്ള മുഹമ്മദ് അബു നാസർ തന്റെ ഭാര്യയും മക്കളുമൊത്ത് ഏറ്റവും താഴത്തെ നിലയിലാണ് താമസിച്ചിരുന്നത്. അവർ കെട്ടിടത്തിന്റെ ചുറ്റുമതിലിനു മുകളിലൂടെ അപ്പുറത്തേക്ക് ചാടി രക്ഷപ്പെടുകയും ഒരു അയൽവാസിയോടൊപ്പം ആ രാത്രി കഴിയുകയും ചെയ്തു. എഴുത്തുകാരൻ അസിൽ അൽമാൻസിയോട് മുഹമ്മദ് പിന്നീട് പറഞ്ഞതിങ്ങനെ, ‘‘ആ രാത്രി മുഴുവനും ഞാനുറങ്ങിയില്ല; അച്ഛനെയും അമ്മയെയും കുറിച്ചോർത്ത്, എന്റെ സഹോദരന്മാരെക്കുറിച്ചോർത്ത്, അവരുടെ മക്കളെക്കുറിച്ചോർത്ത് ഞാൻ വല്ലാതെ ഭയന്നു. എനിക്കെങ്ങനെ അവരെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ കഴിഞ്ഞു? ശരിക്കും ഞാനൊരു ഭീരുവാണോ, ചതിയനാണോ? ഇത്തരം ചിന്തകളെല്ലാം എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു. ഞാൻ ചെയ്തത് ശരിയാണോ തെറ്റാണോ എന്നെനിക്ക് പറയാനാവുന്നില്ല’’. പക്ഷേ ആ സമയത്ത് അയാൾക്ക് ചെയ്യാനാവുമായിരുന്ന ഒരേയൊരു കാര്യം അതായിരുന്നു. ബോംബ് സ്ഫോടനത്തിൽ പടിക്കെട്ട് തകർക്കപ്പെട്ട ഒരു കെട്ടിടത്തിൽ തുടർന്നു കഴിയുക മണ്ടത്തരമണ്. ഗാസ സിവിൽ ഡിഫെൻസ് എന്ന ആ കെട്ടിടത്തിൽ ഒട്ടേറെ കുടുംബങ്ങൾ കുടുങ്ങിപ്പോയി. നേരം വെളുക്കുന്നതുവരെ അവർക്കുവേണ്ടി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. കേടുപാടുകൾ ബാധിച്ച ആ കെട്ടിടത്തിന്റെ മുകൾനിലകളിൽനിന്നും തങ്ങളെ ആരെങ്കിലും രക്ഷപ്പെടുത്തുമെന്നു കരുതി ബാഗുകളെല്ലാം നിറച്ചുവെച്ച് അവർ നേരം വെളുക്കാൻ കാത്തിരുന്നു.

പിന്നീടെന്തുണ്ടായി? രാത്രിയിലുടനീളം അവർ ഭയന്നതുപോലെത്തന്നെ പുലർച്ചെ നാലുമണിക്ക് ആ കെട്ടിടത്തിനുനേരെ വീണ്ടും ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ഇത്തവണ, അപ്പാർട്ടുമെന്റുകളുടെ പ്രധാന ഭാഗവും ഇസ്രയേൽ തകർത്തു. അയൽവാസിയുടെ വീട്ടിൽ കഴിയുകയായിരുന്ന മുഹമ്മദ് അബു നാസർ കേട്ടത് കാതടപ്പിക്കുന്നൊരു ശബ്ദമായിരുന്നു. ‘‘ഇക്കാലത്തിനിടയിൽ ഞാൻ കേട്ടിട്ടില്ലാത്തത്രയും ഉച്ചത്തിലുള്ള ഒരു പൊട്ടിത്തെറി ശബ്ദമായിരുന്നു അത്. ആ പ്രദേശത്ത് മുഴുവനും ഒരു ഭൂമികുലുക്കം ഉണ്ടായതുപോലെയാണ് തോന്നിയത്; അത്ര ഭീകരമായി ഭൂമി കിടുങ്ങി; ആ രാത്രി ഞാൻ അഭയം തേടിയ വീടിന്റെ ഭിത്തിയുടെ ചില ഭാഗങ്ങളടക്കം തകർന്നു’’ അദ്ദേഹം പറയുന്നു. അത്രമാത്രം ഉഗ്രസ്ഫോടനശേഷിയുള്ള ബോംബായിരുന്നു ഇത്തവണ വർഷിച്ചത്. സഹായത്തിനായി തന്റെ കുടുംബം ഉറക്കെ കരയുന്നതും തങ്ങളുടെ അടുത്ത് ജീവനറ്റ മനുഷ്യ ശരീരങ്ങളാണെന്ന് അവർ നിലവിളിക്കുന്നതും മുഹമ്മദ് കേട്ടു. പക്ഷേ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇസ്രയേലിന്റെ യുദ്ധ വിമാനങ്ങൾ ആകാശത്ത് നിറഞ്ഞിരുന്നു. മറ്റൊരു ആക്രമണത്തിന്, മറ്റൊരു പൊട്ടിത്തെറിക്ക് കൂടിയുള്ള സാധ്യത ഉണ്ടായിരുന്നു.

രക്ഷാപ്രവർത്തകർ കെട്ടിടാവശിഷ്ടങ്ങൾ നീക്കിത്തുടങ്ങിയപ്പോൾ അറ്റുപോയ കാലുകളും തുളവീണ ശ്വാസകോശങ്ങളുമായി മരണത്തോട് മല്ലടിക്കുന്ന മനുഷ്യരെ കണ്ടു. അബു നാസറിന്റെ കുടുംബത്തിലെ നൂറിലേറെപേർ കൊല്ലപ്പെട്ടതായി കണ്ടെത്തി. വളരെ അറിയപ്പെടുന്നൊരു പാർപ്പിട പ്രദേശത്തുവെച്ച് ഒരു കുടുംബമൊന്നാകെ ഭീകരമായി കൂട്ടക്കൊല ചെയ്യപ്പെടുകയായിരുന്നു. ഉന്തുവണ്ടികളും കരുത്തുറ്റ തോളുകളും പരിക്കേറ്റവരെയും ചുമന്ന് അൽ – ഹിലൗ ആശുപത്രിയിലേക്കോടി; മാതൃ–ശിശു ആശുപത്രിയായ അൽ – ഹിലൗവിനുനേരെ 2023 നവംബർ മാസത്തിൽ ഇസ്രയേൽ തുടർച്ചയായ ആക്രമണമഴിച്ചുവിട്ടതാണ്; ഇപ്പോഴത് ഭാഗികമായി പ്രവർത്തിക്കുന്നുണ്ട്. ഈ ആശുപത്രിയിൽവെച്ചാണ് അഞ്ചു വയസ്സുമാത്രം പ്രായമുള്ള ബസാം അബു നാസറിന്റെ കരച്ചിൽ അസിൽ അൽമാൻസി കേൾക്കുന്നത്. ആ കുടുംബത്തിൽ അതിജീവിച്ച ഒരേയൊരാൾ അവനായിരുന്നു. ഇസ്രയേൽ കൊന്നൊടുക്കിയ, ഒരിക്കലും തിരിച്ചുവരാത്ത തന്റെ അച്ഛനെ കാണണമെന്ന് പറഞ്ഞായിരുന്നു അവൻ കരഞ്ഞുകൊണ്ടിരുന്നത്.

എന്തുകൊണ്ട് പുലർച്ചെ നാലുമണി?
ഒന്നാംലോക യുദ്ധകാലത്ത് (1914–1919), ജനവാസ പ്രദേശങ്ങളിലുൾപ്പെടെയുള്ള ശത്രുപക്ഷത്തുള്ളവരെ ലക്ഷ്യംവെച്ചുകൊണ്ട് പ്രയോഗിക്കുന്നതിനായി ഇരുപക്ഷവും ബോംബുകൊണ്ടുപോകുന്നതിന് ഉപയോഗിച്ചിരുന്നത് വിമാനങ്ങളായിരുന്നു. ഈ വിമാനങ്ങൾക്ക് ദിശാസൂചന നൽകുന്നതിനുള്ള മികച്ച ഉപകരണങ്ങൾ അന്നുണ്ടായിരുന്നില്ല; അവരുടെ എതിർപക്ഷത്തിന്റെയും സ്ഥിതി അതുതന്നെയായിരുന്നു. പകൽവെളിച്ചത്തിൽ ബോംബർ വിമാനങ്ങൾ മെല്ലെ പറക്കുന്നത് അതിവേഗം നീങ്ങുന്ന ഫെെറ്റർ ജെറ്റുകളുടെ കണ്ണിൽപ്പെടുമെന്നതിനാലാണ് അവ രാത്രിയുടെ അന്ധകാരത്തിൽ നീങ്ങിയിരുന്നത്. ഇതുകൊണ്ടാണ് ഒന്നാം ലോക യുദ്ധകാലത്തും രണ്ടാം ലോക യുദ്ധകാലത്തും ബോംബാക്രമണങ്ങൾ രാത്രികാലങ്ങളിലായത്. ഒന്നാം ലോക യുദ്ധാനന്തരം ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാൻലി ബാൾഡ്-വിൻ പ്രതിനിധിസഭയിൽ ആ കാലഘട്ടത്തിൽ നടന്ന വേ-്യാമാക്രമണങ്ങളെ സംബന്ധിച്ച സത്യം പ്രതിനിധിയിൽ വെളിപ്പെടുത്തി, ‘‘ബോംബർ വിമാനങ്ങൾ ഒരേ ദിശയിലൂടെ നേരെയാണ് സഞ്ചരിക്കുക. കടന്നാക്രമണം മാത്രമാണ് ചെറുത്തുനിൽപ്പിനുള്ള ഒരേയൊരു വഴി. അതിന്റെ അർഥം ശത്രുവിനേക്കാൾ കൂടുതൽ വേഗത്തിൽ കൂടുതൽ സ്ത്രീകളെയും കുട്ടികളെയും നിങ്ങൾ കൊന്നൊടുക്കണമെന്നാണ്; എന്നാൽ മാത്രമേ നിങ്ങൾക്ക് സ്വയം രക്ഷപ്പെടുത്താനാവൂ’’. (നവംബർ 10, 1932).

1932ൽ ബാൾഡ്-വിന്റെ ഈ പരാമർശം ഉണ്ടാകുന്നത്, അമേരിക്കയിൽനിന്നുള്ള തെമ്മാടികളായ കൂലി പട്ടാളക്കാർക്ക് പകൽവെളിച്ചത്തിൽ ഷിഫ്ഷാവൻ (Chefcaouen) എന്ന മൊറോക്കൻ പട്ടണത്തിൽ ബോംബിടാൻ രണ്ട് യൂറോപ്യൻ രാജ്യങ്ങൾ (സ്-പെയിനും ഫ്രാൻസും) ഒത്താശ ചെയ്ത് ഏഴു വർഷത്തിനുശേഷമാണ്. റിഫ് യുദ്ധം (1921–1926) എന്നറിയപ്പെടുന്ന അബ്ദുൽ ക്രിമ്മിന്റെ കലാപത്തെ അടിച്ചമർത്തുന്നതിന് സ്പെയിനും ഫ്രാൻസും ശ്രമിച്ചു. ലഫായത്തെ സ്ക്വാഡ്രൻ എന്ന പേരിൽ അമേരിക്കൻ പെെലറ്റുകൾ ബ്രിഗേ-്വ – 14 എന്ന പേരിലുള്ള ബെെപ്ലേൻ ബോംബറുകൾ പറത്തുകയും 350 തവണ ബോംബിടുന്നതിനുള്ള ആയുധം കരുതുകയും ചെയ്തിരുന്നു. എന്നാൽ, റിഫ് പോരാളികളുടെ കെെവശം വിമാനങ്ങളെ തകർക്കാൻ കഴിയുന്ന പ്രവർത്തനക്ഷമമായ ആയുധങ്ങൾ ഉണ്ടായിരുന്നതിനാൽ, അവർ നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നുമാറി ലഫായത്തെ സ്ക്വാഡ്രാന് ഷിഫ്ഷാവൻ പോലെയുള്ള നഗരങ്ങളിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും, അതായത് ചെറുത്തുനിൽപ്പ് ഉണ്ടാകാത്ത പ്രദേശങ്ങളിൽ ബോംബാക്രമണം നടത്താൻ നിർദ്ദേശം നൽകി.

ക്യാപ്റ്റൻ പോൾ റോക്ക്-വെൽ ഇങ്ങനെ എഴുതുന്നു, ‘‘ഞങ്ങളുടെ ലക്ഷ്യം ജബ്ബാല ഗോത്ര വർഗക്കാരുടെ വിശുദ്ധ നഗരമായ ഷെഫ്ഷാവൻ ആയിരുന്നു. ആ നഗരത്തിൽ മുൻപുതന്നെ ബോംബാക്രമണം നടത്തിയിരുന്നു. വിശുദ്ധ നഗരമെന്ന നിലയിലുള്ള ആ സ്ഥലത്തിന്റെ പ്രതേ-്യകത കാരണം അവിടെ ഒരു ബോംബാക്രമണം നടത്തി അതുവഴി ജബ്ബാലകളെ ഭീഷണിപ്പെടുത്താമെന്നു കരുതി; അബ്ദുൽ ക്രിമ്മിന്റെ പക്ഷത്തുനിന്ന് അവരെ അകറ്റുന്നതിന് ഇതുമൂലം കഴിയുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത് ’’. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ബോംബാക്രമണം നടത്തിയത് സെെനിക ടാർജറ്റുകൾ തകർക്കാനായിരുന്നില്ല; മറിച്ച്, റിഫ് പോരാളികളെ മനഃശാസ്ത്രപരമായി തകർക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. സ്ക്വാഡ്രൻ ആ നഗരത്തെയും ചുറ്റുമുള്ള പ്രദേശങ്ങളെയും ആ ദിവസം അഞ്ചുതവണയായി ബോംബിട്ടു തകർത്തു. നാലു ടണ്ണിലേറെ സ്ഫോടകവസ്തുക്കളാണ് അവിടെ പ്രയോഗിക്കപ്പെട്ടത്; ആ കാലത്തെ സംബന്ധിച്ചിടത്തോളം അത് ധാരാളമായിരുന്നു. മുൻപേ തന്നെ കീഴടങ്ങിക്കഴിഞ്ഞിരുന്ന ഒരു ഗ്രാമത്തിൽ പോലും അവർ ബോംബിട്ടു. സാധാരണക്കാരായ എത്ര മനുഷ്യർ കൊല്ലപ്പെട്ടു എന്നതിന് ഒരു കണക്കുമില്ല. അന്നിതൊന്നും രേഖപ്പെടുത്തിയതുമില്ല.

റോക്ക്ബെൽ തുടരുന്നു: ‘‘ആകാശത്തുനിന്ന് നോക്കുമ്പോൾ മനോഹരമായിരുന്നു ആ നഗരക്കാഴ്ച. വലിയ പർവത നിരകളാൽ ചുറ്റപ്പെട്ടത്; നിരവധി പൂന്തോട്ടങ്ങൾ നിറഞ്ഞത്; കൃഷിയിടങ്ങൾക്കൊണ്ട് നിറഞ്ഞ പച്ചപ്പിന്റെ മനോഹര ദൃശ്യം’’. റിഫ് കലാപകാരികളെ ഭയപ്പെടുത്തുന്നതിനുള്ള ഒരു സന്ദേശമായിരുന്നു ആ ബോംബാക്രമണം. ഏറ്റവും ശക്തമായ കൊളോണിയൽ യുദ്ധമുറയായിരുന്നു ഇത്. ഈ ആക്രമണങ്ങൾ നടന്നത് കോളനികളിലായിരുന്നതുമൂലം ഷെവ്ഷാവണിലെ കൂട്ടക്കൊല വിസ്മരിക്കപ്പെട്ടു (1937ൽ യൂറോപ്യൻ പട്ടണമായ ഗേ-്വർണിക്കയിൽ സ്പെയിനും ജർമ്മനിയും ബോംബാക്രമണം നടത്തിയത് പാബ്ലോ പിക്കാസോയുടെ പ്രശസ്ത പെയിന്റിങ്ങിലൂടെ ഇന്നുമോർമ്മിക്കപ്പെടുന്നു).

1970കളിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി നഗരത്തിലെ ഭിത്തികളിലെല്ലാം നീല നിറത്തിൽ പെയിന്റു ചെയ്യണമെന്ന് മുനിസിപ്പൽ അധികാരികൾ കർശനമായ നിർദേശം നൽകി. ചിലർ പറയുന്നത് അത് കൊതുകിനെ ഓടിക്കാൻ വേണ്ടിയാണെന്നാണ്. ഒരു ദശകം മുൻപ് ഞാൻ ആ നഗരം സന്ദർശിച്ചപ്പോൾ നീലഭിത്തികളാണ് ഞാൻ ഓർമിച്ചത്; 1925ലെ കൂട്ടക്കൊല ആയിരുന്നില്ല. നാമൊരിക്കലും ചരിത്രത്തിൽനിന്ന് പാഠം പഠിക്കുന്നില്ല.

ഗാസയിലെ ആളുകൾക്ക് വിമാനങ്ങളെ വെടിവെച്ചുവീഴ്ത്താനുള്ള ശേഷിയൊന്നുമില്ല. ഇസ്രയേലി ബോംബർ വിമാനങ്ങളെ വെടിവെച്ചുവീഴ്ത്താൻ അവർക്കു കഴിയുകയുമില്ല. പരമാവധി അവർക്കു ചെയ്യാൻ കഴിയുന്നത് താഴ്ന്നു പറക്കുന്ന ഡ്രോണുകളെ വീഴ്ത്തുകയാണ്. ഗാസയിലെ ജനവാസ മേഖലകളിൽ ബോംബാക്രമണം നടത്തുന്ന വിമാനങ്ങൾ പകൽ പറക്കുകയില്ല; കാരണം വെടിവെച്ചു വീഴ്ത്തപ്പെടുമെന്ന ഭയം അവർക്കുണ്ട്. വീട്ടിലുള്ള കുടുംബാംഗങ്ങളെയൊന്നടങ്കം കൊലപ്പെടുത്തുകവഴി ജനങ്ങളിലാകെ ഭീതി പരത്തുന്നതിനുവേണ്ടിയാണ് അവർ രാത്രി കാലങ്ങളിൽ പറക്കുന്നത്. അതിലൂടെ ഉന്മൂലനം ചെയ്യപ്പെടുമെന്ന ഭീഷണിയുടെ നിഴലിൽ മറ്റു കുടുംബങ്ങളെയും നിർത്തുകയാണ്. ‘‘ജബ്ബാലകളെ വിരട്ടുക’’ യെന്ന് റോക്ക്-വെൽ എഴുതിയതിനെ ‘പലസ്തീൻകാരെ വിരട്ടുക’യെന്ന് അനായാസം മാറ്റിവായിക്കാൻ കഴിയും. വീടുകൾക്കുമുകളിൽ പുലർച്ചെ നാലുമണിക്ക് വീഴുന്ന ഒരു ബോംബ് ഉറങ്ങിക്കിടക്കുന്ന സാധാരണക്കാരെ കൊല്ലുമെന്ന് ഉറപ്പുവരുത്തുന്നതാണ്. ഇതു പൗരരെ തങ്ങളുടെ വീടുകളുപേക്ഷിച്ച് ഓടിപ്പോകാൻ നിർബന്ധിതരാക്കുന്നു. ഇത്തരം വിമാനങ്ങൾക്ക് പറക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നത് വംശീയ ശുദ്ധീകരണമെന്ന യുദ്ധ കുറ്റകൃത്യമാണ്. ‘‘ദുരന്തത്തിനിടയിലാണ് ഞങ്ങൾ ജീവിക്കുന്നത് – തന്റെ വീടുപേക്ഷിച്ചുപോവുകയും എന്നാൽ ഗാസ വിട്ടുപോകാതെ നിൽക്കുകയും ചെയ്യുന്ന അസ്-മ പറഞ്ഞതാണിത്.

ചിന്തിക്കാൻപോലും പറ്റാത്ത കാര്യങ്ങൾ
ഭീകരമായ വംശഹത്യയുടെ ഒരു വർഷത്തിനുശേഷവും പലസ്തീൻ ജനതയിൽ ഒട്ടേറെപേർക്കും ഗാസ വിട്ടുപോകുക എന്നാൽ പലസ്തീൻ ഇല്ലാതാവുക എന്നാണ്; 1948ൽ ഇസ്രായേൽ തുടക്കമിട്ട സ്ഥായിയായ മഹാദുരന്തത്തിന്റെ (Nakba) ഭാഗമാണ് പലസ്തീൻ. ഒന്നിനുപുറകെ ഒന്നായി കുടുംബങ്ങളെയാകെ കൊന്നൊടുക്കുന്ന രാത്രികാല ബോംബാക്രമണ പരമ്പരകൾ നടക്കുമ്പോഴും ഈ പാലസ്തീൻ ജനത അവിടെനിന്നും മാറുകയില്ല. ഇതുവരെ, ഏകദേശം 1000 ത്തോളം കുടുംബങ്ങൾ പൂർണ്ണമായി കൊല്ലപ്പെട്ടിട്ടുണ്ട്. അൽ ജസീറയുടെ ഒരനേ-്വഷണം ചൂണ്ടിക്കാണിക്കുന്നത്, അൽ – നജ്ജാർ കുടുംബത്തിലുള്ള 393 അംഗങ്ങളും അൽ മസ്റി കുടുംബത്തിലുള്ള 226 പേരും അൽ അസ്തൽ കുടുംബത്തിലുള്ള 225 പേരും കൊല്ലപ്പെട്ടു എന്നാണ്.

2023 ഒക്ടോബർ 10; രാത്രി 8.30; 2000 പൗണ്ട് ഭാരമുള്ള ബോംബ് ഗാസയുടെ കേന്ദ്ര ഭാഗത്തുള്ള ഡെയർ – അൽ – ബെലായിലെ വീട്ടിൽ അൽ നജ്ജാർ കുടുംബത്തിനുമേൽ പതിച്ചു. ആ ബോംബാക്രമണത്തിൽ കുടുംബത്തിലെ 21 അംഗങ്ങൾ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരു വർഷക്കാലത്തിനിടയിൽ അൽ നജ്ജാർ 393 പേരാണ് ഇങ്ങനെ കൊല്ലപ്പെട്ടത്. 48 വയസ്സുള്ള സുലെെമാൻ സൽമാൻ അൽ നജ്ജാർ ആ രാത്രിയിൽ അൽ അക്സ മാർടിയേഴ്സ് ആശുപത്രിയിലായിരുന്നു. അതുകൊണ്ട് അദ്ദേഹം ആ ബോംബാക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു. എന്നാൽ 40 വയസ്സുകാരിയായ അദ്ദേഹത്തിന്റെ ഭാര്യ സൂസന്നെ സുഭി അസ്ലാം നജ്ജാറും അവരുടെ നാലു മക്കളും – 23 വയസ്സുള്ള ഫറ, 20 വയസ്സുള്ള നദിം, 14 വയസ്സുള്ള യെസ്സാൻ, 17 മാസം മാത്രം പ്രായമുള്ള സഫ – കൊല്ലപ്പെട്ടു. തന്റെ മകൻ നദീമിന്റെ ശരീരം കണ്ടെത്താൻ കഴിഞ്ഞില്ലായെന്നും മകൾ സഫയുടെ ഒരു കെെ മാത്രമാണ് കിട്ടിയതെന്നും അദ്ദേഹം ആംനെസ്റ്റി ഇന്റർനാഷണലിനോട് പിന്നീട് പറഞ്ഞു. ‘‘എല്ലാവരും കൽകൂമ്പാരത്തിനടിയിലായിരുന്നു. വീടാകെ തകർന്നു തരിപ്പണമായി. ശരീരങ്ങൾ തുണ്ടുതുണ്ടാക്കപ്പെട്ടു. ഒരു നിമിഷം കൊണ്ട് ഞങ്ങളുടെ ജീവിതം നാമാവശേഷമായി. ഞങ്ങളുടെ കുടുംബം ഒന്നാകെ തകർക്കപ്പെട്ടു. ചിന്തിക്കാൻപോലുമാവാത്ത എന്തോ ഒന്നായി മാറി ഇപ്പോൾ ഞങ്ങളുടെ മുന്നിലുള്ള യാഥാർഥ്യം’’. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 + 15 =

Most Popular