2024 നവംബറിൽ ഇപ്പോഴത്തെ ഇക്വഡോർ പ്രസിഡന്റ് ഡാനിയേൽ നൊബോവയുടെ പിതാവ് അൽവാരൊ നൊബോവയ്ക്ക് ഹൃദയാഘാതമുണ്ടായി. തന്റെ സ്വദേശമായ ഗ്വായക്വില്ലിലെ (Guayaquil) ഒരു ക്ലിനിക്കിൽ അദ്ദേഹത്തെ ഉടൻതന്നെ എത്തിച്ചു; പിന്നീട് അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടതിനെ തുടർന്ന് വിദഗ്ദ്ധ ചികിൽസയ്ക്കായി ന്യൂയോർക്കിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അഞ്ചുതവണയാണ് അൽവാരൊ നൊബോവ ഇക്വഡോർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടത് (1998, 2002, 2006, 2009, 2013); പക്ഷേ അദ്ദേഹത്തിന്റെ പുത്രൻ 35–ാമത്തെ വയസ്സിൽ 2023ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നൊബോവ കുടുംബം അറിയപ്പെടുന്നത് ഏതെങ്കിലും രാഷ്ട്രീയ പദവിയുടെ പേരിലല്ല; മറിച്ച്, നൊബോവ കോർപ്പറേഷന്റെ സമ്പത്തിന്റെ പേരിലാണ്. ഇപ്പോഴത്തെ പ്രസിഡന്റിന്റെ മുത്തശ്ശൻ ലൂയി നൊബോവ നരാഞ്ജൊ 1947 ൽ ബനാനേറ നൊബോവ എസ്എയിൽനിന്ന് വേർപ്പെടുത്തി രൂപീകരിച്ചതാണ് ഗ്രൂപ്പൊ നൊബോവ. അൽവാരൊ നൊബോവയാണ് ബനാനേറ നൊബോവയെ വികസിപ്പിച്ച് എക്സ്പോർട്ടാഡോറ ബനാനേറ നൊബോവയാക്കിയത്; ഇക്വഡോറിലെ നൊബോവ കോർപ്പറേഷൻ എന്ന ശതകോടി ഡോളർ സാമ്രാജ്യത്തിന്റെ ചങ്കാണ് ഈ സ്ഥാപനം (1.8 കോടിയാണ് ഇക്വഡോറിലെ ജനസംഖ്യ; അതിൽ മൂന്നിലൊന്നിലേറെപ്പേരും ദാരിദ്ര്യരേഖയ്ക്കും വളരെ താഴെയാണ് കഴിയുന്നത്; പരമ ദരിദ്രരാണെന്നർഥം). ഇക്വഡോറിലെ സമ്പദ്ഘടനയ്ക്കും അതിന്റെ രാഷ്ട്രീയ ജീവിതത്തിനുംമേൽ നൊബോവ കുടുംബം എത്രത്തോളം പിടിമുറുക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന രണ്ട് വാക്കുകൾ ഉൾപ്പെടുന്നതാണ് ആ സ്ഥാപനത്തിന്റെ വിപുലീകരിക്കപ്പെട്ട പേര്: വാഴപ്പഴത്തിന്റെ (ബനാനേറ) കയറ്റുമതി (എക്സ്പോർട്ടഡോറ).
വാഴപ്പഴക്കച്ചവടം
ഇക്വഡോർ അല്ലാതെയുള്ള രാജ്യങ്ങളാണ് ലോകത്തിലെ വാഴപ്പഴത്തിന്റെ വലിയൊരു ഭാഗവും ഉൽപാദിപ്പിക്കുന്നത്. ലോകത്താകെ ഉൽപാദിപ്പിക്കപ്പെടുന്ന വാഴപ്പഴത്തിന്റെ നാലിലൊന്നിലധികവും ഇന്ത്യയിലാണ്; ചെെന പത്തിലൊന്നു ഭാഗം ഉൽപാദിപ്പിക്കുന്നു. എന്നാൽ ഇവയൊന്നും വാഴപ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളല്ല; കാരണം, ആ രാജ്യങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന വാഴപ്പഴത്തിന് വേണ്ട വലിയ ആഭ്യന്തരവിപണികൾ അവിടെയുണ്ട്. മധ്യ അമേരിക്കയിൽനിന്നും ദക്ഷിണ അമേരിക്കയിൽനിന്നും ഫിലിപ്പീൻസിൽനിന്നുമാണ് ലോകത്തെ വാഴപ്പഴം കയറ്റുമതിയുടെ 90 ശതമാനത്തിലധികവും വരുന്നത്. ലോകത്തെ മൊത്തം വാഴപ്പഴ ഉൽപാദനത്തിന്റെ 5 ശതമാനത്തിലേറെ മാത്രമാണ് ഇക്വഡോറിൽ ഉൽപാദിപ്പിക്കുന്നത്; എന്നാൽ അവിടെ ഉൽപാദിപ്പിക്കപ്പെടുന്ന വാഴപ്പഴത്തിന്റെ 95 ശതമാനവും കയറ്റുമതി ചെയ്യപ്പെടുന്നു; ലോകത്തെ വാഴപ്പഴം കയറ്റുമതിയുടെ 36 ശതമാനം വരുമിത് (രണ്ടാം സ്ഥാനത്ത് നിൽക്കുന്ന കോസ്റ്ററിക്കയുടെ വിഹിതം 15% ആണ്). ഇക്വഡോറിലെ ഏറ്റവും വലിയ വാഴപ്പഴ കച്ചവട സ്ഥാപനമാണ് ഗ്രൂപ്പൊ നൊബോവ; അതുകൊണ്ടുതന്നെ ആഗോളതലത്തിൽ വാഴപ്പഴം കയറ്റുമതി രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട കമ്പനികളിലൊന്നുമാണ്. യൂറോപ്യൻ യൂണിയനും (51 ലക്ഷം ടൺ) അമേരിക്കയും (41 ലക്ഷം ടൺ) ചെെനയും (18 ലക്ഷം ടൺ) ആണ് ഏറ്റവും അധികം വാഴപ്പഴം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ. യൂറോപ്പും അമേരിക്കയും തങ്ങൾക്കുവേണ്ട വാഴപ്പഴം ഇറക്കുമതിക്ക് മധ്യ അമേരിക്കയിലെയും ദക്ഷിണ അമേരിക്കയിലെയും (കൊളംബിയ, കോസ്റ്ററിക്ക, ഇക്വഡോർ, ഡൊമനിക്കൻ റിപ്പബ്ലിക്) വിതരണക്കാരുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്; അവയ്ക്ക് കാര്യമായ ലഭ്യതക്കുറവ് ഇതേവരെ അനുഭവിക്കേണ്ടതായും വന്നിട്ടില്ല. ചെെനയ്ക്കുവേണ്ട വാഴപ്പഴം വിതരണം ചെയ്യുന്നത് കമ്പോഡിയയും ഫിലിപ്പീൻസുമാണ്. ചെെന ഇറക്കുമതി ചെയ്യുന്ന വാഴപ്പഴത്തിന്റെ 50 ശതമാനത്തിലധികവും ഈ രണ്ട് രാജ്യങ്ങളിൽ നിന്നാണ് സംഭവിക്കുന്നത്. പലപ്പോഴും വിതരണത്തിൽ തടസ്സം നേരിടേണ്ടതായും വരുന്നു. ഉദാഹരണത്തിന്, കമ്പോഡിയയെ എൽനിനൊ പ്രതിഭാസം ബാധിക്കാറുണ്ട്; ഇത് ജല ലഭ്യത കുറയാൻ കാരണമാകുന്നു. തന്മൂലം മണ്ണിൽ ഈർപ്പം തീരെ കുറയുന്നു. കീടനാശിനികളുടെ ഉപയോഗത്തിലെ വർധന കൃമികീടങ്ങളുടെ ചെറുത്തുനിൽപ്പ് ശേഷിയും വർധിപ്പിക്കുന്നു. ഇത്തരത്തിൽ കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന പ്രതിഭാസം കമ്പോഡിയയിലെയും ഫിലിപ്പീൻസിലെയും വാഴപ്പഴം ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇക്കാരണത്താലാണ് ചെെനയിലെ ഇറക്കുമതിക്കാർ ചെെനീസ് കമ്പോളത്തിൽ പുതുതായി രംഗത്തുവന്ന രണ്ട് വിതരണക്കാരായ ഇന്ത്യയിലെയും വിയറ്റ്-നാമിലെയും വാഴത്തോട്ടങ്ങൾ വികസിപ്പിക്കുന്നതിനായി നിക്ഷേപം നടത്തുന്നത്. എന്നാൽ ഇക്വഡോറിയൻ വാഴപ്പഴത്തിനു പകരംവയ്ക്കാൻ മറ്റൊന്നുംതന്നെയില്ല.
ചെെനീസ് കമ്പോളം
2022നും 2023നുമിടയ്ക്ക് ചെെനയിലേക്കുള്ള ഇക്വഡോറിന്റെ വാഴപ്പഴം കയറ്റുമതിയിൽ 33 ശതമാനത്തിന്റെ വർധനവുണ്ടായി. എന്നാൽ, ഇക്വഡോർ വാഴപ്പഴം നേരിടുന്ന പ്രശ്നം ദക്ഷിണ അമേരിക്കയിൽനിന്ന് ചെെനയിലേക്കുള്ള യാത്രച്ചെലവ് ശരാശരി ഇറക്കുമതി യൂണിറ്റ് മൂല്യം ടണ്ണിന് 690 ഡോളറായി വർധിച്ചുവെന്നതാണ്. ഇതിന്റെ അർഥം ചെെനീസ് വിപണിയിൽ ഇക്വഡോറിൽ നിന്നുള്ള വാഴപ്പഴത്തിനുവേണ്ടി വരുന്ന ചെലവ് വിയറ്റ്നാമിൽ നിന്നുള്ളതിനെക്കാൾ 41 ഇരട്ടിയിൽ അധികമാണെന്നാണ്. കഴിഞ്ഞ 5 വർഷത്തിനിടയിൽ ചെെനയിലെയും ഇക്വഡോറിലെയും വാഴപ്പഴ കച്ചവടക്കാരും ഇരുരാജ്യങ്ങളിലെയും ഗവൺമെന്റുകളും ചെെനയിലേക്കുള്ള വാഴപ്പഴം കയറ്റുമതിയുടെ ചെലവ് കുറയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒന്നാമതായി, ഇരു രാജ്യങ്ങളും 2023 മെയ് മാസത്തിൽ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു; ഇതനുസരിച്ച് ഇരു രാജ്യങ്ങളും തമ്മിൽ കച്ചവടം ചെയ്യപ്പെടുന്ന 90 ശതമാനം ചരക്കുകൾക്കും ചുങ്കങ്ങൾ ഒന്നും ഉണ്ടാവില്ല; വാഴപ്പഴത്തിന് ഏതെങ്കിലും ചുങ്കം അവശേഷിക്കുന്നുണ്ടെങ്കിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ അവ ഒഴിവാക്കപ്പെടും. ഇപ്പോൾ തന്നെ ഇക്വഡോറിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചെെന. വാഴപ്പഴ സംസ്കരണത്തിനും ഇക്വഡോറിനുള്ളിൽ വ്യാവസായികശേഷി വർധിപ്പിക്കുന്നതിനുമായി ചെെനീസ് സ്ഥാപനങ്ങൾ കൂടുതൽ മുതൽമുടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു; അങ്ങനെയാകുമ്പോൾ വാഴപ്പഴം കപ്പൽ കയറി യാത്ര പുറപ്പെടും മുൻപുതന്നെ പല ഉൽപന്നങ്ങളായി മാറുന്നു.
രണ്ടാമത്തെ കാര്യം, ദക്ഷിണ അമേരിക്കയും ചെെനയും തമ്മിലുള്ള കപ്പൽ യാത്രാസമയം കുറയ്ക്കാൻ ചെെനക്കാർക്ക് വ്യഗ്രതയുണ്ട്; അതിനർഥം രണ്ട് രാജ്യങ്ങളിലെയും തുറമുഖങ്ങളുടെ നവീകരണം ഉറപ്പുവരുത്തണമെന്നാണ്. ചെെനീസ് ഗവൺമെന്റ് ലിയാവൊളിങ് പ്രവിശ്യയിലെ ഡാലിയൻ തുറമുഖവും ടിയാൻജിനിലെ ടിയാൻജിൻ തുറമുഖവും നവീകരിച്ചു. ഈ രണ്ട് തുറമുഖങ്ങളും കപ്പൽത്തുറയിൽ (dock) നിന്ന് കപ്പൽത്തുറയിലേക്ക് ഇരുപത്തിയഞ്ച് ദിവസത്തിനുള്ളിൽ കണ്ടെയ‍്നറുകൾ എത്തിക്കാൻ ശേഷിയുള്ളവയാണ്; ഇത് മറ്റ് റൂട്ടുകളെക്കാൾ ഒരാഴ്ച മുൻപേ എത്തിച്ചേരുന്നവയുമാണ്. ചെെനീസ് നിക്ഷേപമുപയോഗിച്ച് നിർമിക്കപ്പെട്ട ചാൻകെയിലെ (Chancay) പുതിയ പെറൂവിയൻ തുറമുഖം ബൊളീവിയയിൽ നിന്നും ബ്രസീലിൽനിന്നും പെറുവിൽനിന്നുമുള്ള ചരക്കുകൾ അതിവേഗം ചെെനയിൽ എത്തിക്കുന്നതിനും ചെെനയിൽനിന്നുള്ളവ അതേപോലെ പെട്ടെന്ന് ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ എത്തിക്കുന്നതിനും ശേഷിയുള്ളതാണ്; അതേസമയം നവീകരിക്കപ്പെട്ട പ്യൂർട്ടൊ ഗ്വായാ ക്വില്ലിലെയും പ്യൂർട്ടൊ ബൊളിവാറിലെയും ഇക്വഡോറിയൻ തുറമുഖങ്ങൾ ഇക്വഡോറിൽനിന്നുള്ള ചരക്കുകൾ അതിവേഗം കടത്താൻ ശേഷിയുള്ളവയാണെന്ന് മുൻപേതന്നെ ഉറപ്പാക്കിയിട്ടുള്ളവയുമാണ്. അതേസമയംതന്നെ കൊളംബിയൻ ഗവൺമെന്റും ചെെനീസ് ഗവൺമെന്റും ബ്യൂണാവെൻടുറ (Buenavenura)യിലെ തുറമുഖത്തിന്റെ വികസനത്തെക്കുറിച്ചും പെസഫിക്കിലെയും (ബ്യൂണാവെൻടുറ) അറ്റ്ലാന്റിക്കിലെയും (കാർട്ടാജെന – Cartagena) തുറമുഖങ്ങളെ റെയിൽമാർഗം ബന്ധിപ്പിക്കുന്നതിന് ഒരു ‘‘വരണ്ട കനാൽ’’ (dry canal) നിർമിക്കുന്നതിനെക്കുറിച്ചും പരിഗണിക്കുകയുമാണ്; ഇത് പനാമ കനാലിനോടു പ്രത്യക്ഷത്തിൽ തന്നെയുള്ള ഒരു വെല്ലുവിളിയായിരിക്കും; ഒരുപക്ഷേ അതാകും പനാമ കനാലിനെ നേരിട്ട് അമേരിക്കൻ നിയന്ത്രണത്തിൽ കൊണ്ടുവരുമെന്ന് ഡൊണാൾഡ് ട്രംപ് തന്റെ പ്രസംഗത്തിൽ പറയാനുണ്ടായ കാരണം.
മൂന്നാമത്തെ കാര്യം, പെസഫിക്കിന്റെ ഇരുവശങ്ങളിലുമുള്ള വാഴപ്പഴക്കച്ചവടക്കാർ തങ്ങളുടെ തുറമുഖങ്ങൾ നവീകരിക്കുന്നതിനായി പ്രവർത്തിക്കുകയാണ്; അങ്ങനെയായാൽ ഉൽപന്നങ്ങൾ (പഴങ്ങളും പച്ചക്കറികളും മറ്റും) ശീതീകരിച്ച് സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ ഇരുവശത്തും ഉണ്ടാകും; അതുപോലെതന്നെ സംസ്കരണ പ്രക്രിയയിലൂടെ അവയിൽ മൂല്യവർധന നടത്താൻ കഴിയുന്ന ലഘുവായ മാനുഫാക്ചറിങ് സൗകര്യങ്ങളുണ്ടാക്കാനുമാകും. റെഫ്രിജറേറ്റ് ചെയ്യപ്പെട്ട കണ്ടെയ്നറുകളോടുകൂടിയ വെയർ ഹൗസുകൾ വരുന്നതോടെ ഉൽപന്നങ്ങൾ ചീത്തയാകുന്നത് കുറയുകയും ദീർഘദൂര യാത്രയ്ക്ക് ചരക്കുകളെ സജ്ജമാക്കാനുള്ള വേഗത വർധിപ്പിക്കുകയും ചെയ്യും.
വാഴപ്പഴത്തിന്റെ വില വെട്ടിക്കുറയ്ക്കാൻ യൂറോപ്യൻ സൂപ്പർമാർക്കറ്റുകൾ നിർബന്ധിച്ചുകൊണ്ടിരിക്കവെ, മധ്യ അമേരിക്കയിലെയും ദക്ഷിണ അമേരിക്കയിലെയും കയറ്റുമതിക്കാർ വാഴപ്പഴം ചെെനയിലേക്കയക്കാൻ അതീവ ശ്രദ്ധ ചെലുത്തുകയാണ്. എന്നാൽ ഇത് വാഴപ്പഴത്തിന്റെ കാര്യത്തിൽ മാത്രമുള്ളതാവില്ല.
വാഴപ്പഴത്തിന്റെ പേരിലും ശീതയുദ്ധം
ചെെനയിലെ ബിസിനസ് സ്ഥാപനങ്ങളും ചെെനയിലെ ഭരണകൂടവും ലാറ്റിനമേരിക്കയിലെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഇടപെടുന്നതിനെ തങ്ങൾക്കുനേരെയുള്ള അവഹേളനമായാണ് അമേരിക്കയിലെ ഗവൺമെന്റ് കാണുന്നത്. 2020ൽ എൽ സാൽവദോറിൽ പെസഫിക് മഹാസമുദ്ര തീരത്തെ ലാ യൂണിയൻ തുറമുഖം വികസിപ്പിക്കുന്നതിൽനിന്ന് ഒരു ചെെനീസ് സ്ഥാപനത്തെ അമേരിക്ക തടഞ്ഞു. എന്നാൽ അതേപോലെതന്നെ പെസഫിക് മഹാസമുദ്ര തീരത്തെ ചാൻകെ തുറമുഖം നവീകരിക്കാനുള്ള 360 കോടി ഡോളറിന്റെ പദ്ധതിയിൽ പങ്കാളിയാകുന്നതിൽനിന്ന് പെറുവിനെ തടയാൻ ഈ വർഷം അമേരിക്കയ്ക്ക് സാധ്യമായിരുന്നില്ല. അതിനുപകരമായി ഇക്വഡോറിലെ പ്യൂർട്ടോ ബൊളിവാർ തുറമുഖത്ത് തുർക്കിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന യിൽപോർട്ട് ടെർമിനൽ ഓപ്പറേഷനുകൾ നവീകരിക്കാൻ 15 കോടി ഡോളർ വായ്പയായി നൽകാമെന്ന് 2023 മെയ് മാസത്തിൽ അമേരിക്ക വാഗ്ദാനം നൽകി. ദക്ഷിണ അമേരിക്കയിൽ ചെലവേറിയതും മികച്ചതുമായ ചെെനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷേ-്യറ്റീവ് (ബിആർഐ) പദ്ധതികൾ വരുന്നു എന്നത് ഇപ്പോൾ ഒരു വസ്തുതയാണ്. അമേരിക്കൻ ഗവൺമെന്റ് തങ്ങളുടെ സ്വന്തം തുറമുഖങ്ങളിൽ നിക്ഷേപം നടത്തുന്നതിന് ഇപ്പോൾ മാത്രമാണ് ആരംഭിച്ചിരിക്കുന്നത‍് (2024 നവംബറിൽ വാഗ്ദാനം ചെയ്യപ്പെട്ട 58 കോടി ഡോളറിന്റെ പദ്ധതിയ്ക്ക് സമാനമായവ; വേണ്ടതുമായി താരതമ്യപ്പെടുത്തുമ്പോൾ തീരെ തുച്ഛമാണിവ). 2023 നവംബറിൽ, അമേരിക്ക സാമ്പത്തിക അഭിവൃദ്ധിയ്ക്കായിട്ടുള്ള അമേരിക്കൻ രാജ്യങ്ങളുടെ പങ്കാളിത്തം എന്ന പദ്ധതി ആരംഭിച്ചു; ഇതിന്റെ ലക്ഷ്യം ലാറ്റിനമേരിക്കയിൽ ചെെനയുടെ ബിആർഐ പദ്ധതിയെ ചെറുക്കുക എന്നതാണ്. എന്നാൽ ത്വരിതപ്പെടുത്തൽ എന്ന നിലയിലുള്ള 50 ലക്ഷം ഡോളർ മാത്രമാണ് ഈ പങ്കാളിത്തത്തിൽ ഉള്ളത്; ഇത് അമ്പരപ്പിക്കുംവിധം തീരെ ചെറിയ തുകയാണ്. കൊളംബിയയും ഇക്വഡോറും പെറുവും ഈ പദ്ധതിയിൽ പങ്കാളിത്തമുള്ള രാജ്യങ്ങളാണ് (ഈ മൂന്ന് രാജ്യങ്ങളും ബിആർഐ പദ്ധതിയിലും ഉൾപ്പെട്ടിട്ടുണ്ട്); എന്നാൽ ഈ രാജ്യങ്ങൾക്ക് അമേരിക്കയുടെ പങ്കാളിത്ത പദ്ധതിയിൽനിന്ന് തീരെ നിസ്സാരമായ നേട്ടം മാത്രമേ ലഭിക്കുന്നുള്ളൂ.
ഈ കഥ എപ്പോഴും എവിടെയാണോ അവസാനിക്കാറുള്ളത്, അവിടെത്തന്നെ അവസാനിക്കുമെന്നാണ് തോന്നുന്നത്. വാണിജ്യാടിസ്ഥാനത്തിൽ മൽസരിക്കാൻ ശേഷിയില്ലാത്ത അമേരിക്ക ഇതിനെ നേരിടാൻ പട്ടാളത്തെ കൊണ്ടുവരികയാണ്. ഇക്വഡോറിന്റെ പ്രസിഡന്റ് നൊബോവ പരിസ്ഥിതിലോല പ്രദേശമായ ഗാലപ്പഗോസ് ദ്വീപുകളിൽ സെെനികത്താവളമുണ്ടാക്കാൻ അമേരിക്കയ്ക്ക് അനുമതി നൽകിയിരിക്കുകയാണ്. ഈ മേഖലയിലാകെ അമേരിക്കയ്ക്ക് സെെനികമായ നിരീക്ഷണത്തിന് സൗകര്യമുണ്ടാക്കുന്നതിനുവേണ്ടിയാണിത്.
സത്യസന്ധമായ കൂടിയാലോചനകൾ നടത്തുന്നതിനുപകരം ബലപ്രയോഗത്തെ ആശ്രയിക്കുന്നത് സംബന്ധിച്ച് നൊബോവ കുടുംബത്തിന് ഒന്നു രണ്ട് കാര്യങ്ങൾ അറിയാവുന്നതാണ്. അവരുടെ തോട്ടങ്ങളിലെ തൊഴിലാളികൾ ബാലവേല അവസാനിപ്പിക്കുന്നതിനുവേണ്ടി സമരം ചെയ്യുന്നതിന് തൊഴിലാളി യൂണിയൻ സംഘടിപ്പിച്ചപ്പോൾ അവരുമായി ചർച്ച ചെയ്യാനോ ഇടപെടാനോ നൊബോവ കോർപ്പറേഷൻ വിസമ്മതിച്ചു (ഇക്വഡോറിലെ ഭരണഘടന അനുശാസിക്കുന്ന കാര്യം നടപ്പാക്കണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെട്ടത്). 2002 മെയ് 6ന് ലോസ് അലമോസ് തോട്ടത്തിലെ 12,000 തൊഴിലാളികൾ പണിമുടക്കി. പത്തുദിവസത്തിനുശേഷം സായുധരായ ഒരു സംഘം തൊഴിലാളികളുടെ വീടുകൾ വളയുകയും സംഘടനയുണ്ടാക്കാൻ നേതൃത്വം കൊടുത്തവരെ ഭീകരമായി തല്ലിച്ചതയ്ക്കുകയും ചെയ്തു (അതിലൊരാൾ കൊല്ലപ്പെട്ടു). പണിമുടക്ക് അവസാനിപ്പിച്ചില്ലെങ്കിൽ ആ കൂട്ടത്തിലുള്ള അറുപതുപേരെ പിടികൂടി ഒരു കണ്ടെയ്നറിൽ അടച്ച് അടുത്തുള്ള നദിയിൽ താഴ്ത്തും എന്ന് അവർ തൊഴിലാളികളെ ഭീഷണിപ്പെടുത്തി. അവർ തൊഴിലാളികളെ വെടിവെച്ചു. പലർക്കും പരിക്കേറ്റു. ഈ വെടിവെപ്പിൽ കാല് മുറിഞ്ഞുപോയ മൗറോ റൊമേറോയ്ക്ക് അയാളുടെ തൊഴിലുടമയിൽനിന്നും ചില്ലിക്കാശുപോലും ലഭിച്ചില്ല. ചികിത്സാച്ചെലവ് പൂർണമായും വഹിച്ചത് യൂണിയനായിരുന്നു. പ്രസിഡന്റ് നൊബോവയുടെ പിതാവിന്റെയും തന്റെ കൃഷി വകുപ്പ് മന്ത്രിയുടെയും (എഡേ-്വർഡോ ഇസാഗുരെ) മേൽനോട്ടത്തിലായിരുന്നു ഇതെല്ലാം നടന്നത്. എന്നാൽ ഇക്കഥ അവസാനിക്കുന്നതെവിടെയാണെന്ന് വ്യക്തമായിരിക്കെ ഇൗയാളുകൾ ഇപ്പോഴത്തെ യാഥാർഥ്യങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കിയിട്ടുണ്ട്; അവർ ചെെനയുമായി കച്ചവടം നടത്തും. എന്നാൽ, തങ്ങളുടെ ഭൂപ്രദേശത്തിന്റെ ഒരു ഭാഗം അമേരിക്കയ്ക്ക് സെെനികത്താവളമുണ്ടാക്കാൻ വിട്ടുകൊടുക്കുകയും ചെയ്യും. l