ഡിസംബർ 8 ഞായറാഴ്ച, സിറിയൻ ഗവൺമെന്റിനെതിരെ, ഹയാത് തഹ്-രീർ അൽ – ഷാം (HTS) എന്ന ഭീകരവാദി സംഘവും അതിന്റെ ഘടക സംഘങ്ങളും ചേർന്ന് നടത്തിയ ഒരാഴ്ചനീണ്ട രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിൽ, സിറിയൻ പ്രസിഡന്റ് ബഷാർ അൽ – അസദ് രാജ്യംവിട്ടുപോയി; രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളെല്ലാം അതിനകംതന്നെ എച്ച്ടിഎസിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നു. അസദ് രാജ്യം വിട്ട വാർത്ത ആദ്യം ലോകത്തെ അറിയിച്ചത് റഷ്യൻ വിദേശ മന്ത്രാലയമാണ്; പ്രതിപക്ഷ ശക്തികൾക്ക് സമാധാനപരമായി അധികാരം കെെമാറുന്നതിന് മേൽനോട്ടം വഹിക്കാനായി തന്റെ പ്രധാനമന്ത്രിക്ക് നിർദേശം നൽകിയശേഷമാണ് അസദ് രാജ്യംവിട്ടത്.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ 14 മാസം പിന്നിട്ടശേഷമാണ്, അതുപോലെതന്നെ ഹിസ്ബൊള്ളയുമായുള്ള വെടിനിർത്തൽ കരാറിൽ ഇസ്രയേൽ ഒപ്പിട്ട് ആഴ്ചകൾക്കുള്ളിലുമാണ് ഈ സംഭവങ്ങൾ നടക്കുന്നത്. ഈ പിടിച്ചടുക്കലുമായി ബന്ധപ്പെട്ട ചില പ്രധാന വിഷയങ്ങളെ സംബന്ധിച്ച ചില ചിന്തകളാണ് ഇനി പറയുന്നത്. സിറിയൻ പ്രശ്നം കൃത്യമായി മനസ്സിലാക്കുന്നതിന് അത് ആവശ്യമാണ്.
1. 2011 ൽ തുടക്കമിട്ട യുദ്ധവും അതിനുശേഷം അമേരിക്കയും സഖ്യശക്തികളും ഏർപ്പെടുത്തിയ ഉപരോധവും സിറിയൻ രാഷ്ട്രത്തെ പൂർണമായി തകർത്തു. പ്രധാനപ്പെട്ട ഏറ്റുമുട്ടലിനുശേഷം സിറിയയിലെ ഔദ്യോഗിക സൈന്യമായ സിറിയൻ അറബ് ആർമിക്ക് പൂർണമായും പഴയ നിലയിൽ ശക്തിയാർജിക്കാൻ കഴിഞ്ഞില്ല. ഹമ, ഹോംസ്, അലെപ്പോ തുടങ്ങിയ പ്രധാന നഗരങ്ങൾ തിരിച്ചുപിടിക്കാനുള്ള ശേഷിയും അതിനില്ലായിരുന്നു.
2. സിറിയൻ സൈനിക സംവിധാനങ്ങൾ ഇസ്രയേൽ ബോംബിട്ടു തകർത്തത് സെെന്യത്തിന്റെ സൈനിക വിന്യാസ ശേഷിയെയും ആയുധ ശേഷിയെയും ദുർബലമാക്കി. സിറിയൻ സൈന്യത്തെ സംബന്ധിച്ചിടത്തോളം ഈ ആക്രമണങ്ങൾ വേദനാജനകവും അതിന്റെ ആഘാതം ദീർഘനാൾ നീണ്ടുനിൽക്കുന്നതും ആയിരുന്നു.
3. ഇസ്രയേൽ ലബനൻ ആക്രമിച്ചതും ഹിസ്ബൊള്ള നേതാവ് സയ്യിദ് ഹസ്സൻ നസറുള്ളയെ കൊലപ്പെടുത്തിയതും ലബനന്റെ തെക്കൻ മേഖലയ്ക്കകത്തു പോലും പ്രവർത്തിക്കുന്നതിനുള്ള ഹിസ്‌ബൊള്ളയുടെ ശേഷിയെ ദുർബലപ്പെടുത്തി; അതാണ് ഇസ്രയേലുമായി അടുത്തകാലത്തുണ്ടായ വെടിനിർത്തൽ കരാറിലേക്ക് നയിച്ചത്. ഇതു കാണിക്കുന്നത് ഹമ – ദമാസ്കസ് റോഡിന്മേൽ (ഹെെവേ എം5) ഉണ്ടാകുന്ന ഏതൊരു സായുധ കടന്നാക്രമണത്തിനുമെതിരെ സിറിയയിലേക്ക് കടന്നുവന്ന് സിറിയൻ ഗവൺമെന്റിനെ പ്രതിരോധിക്കുന്നതിന് കഴിയുന്ന നിലയിലല്ല ഹിസ്ബൊള്ള എന്നാണ്.
4. സിറിയയിലുള്ള ഇറാനിയൻ സപ്ലെെ ഡിപ്പോകൾക്കുമേലുണ്ടായ ആക്രമണവും ഇറാനുമേൽ ഇസ്രയേൽ നടത്തിയ കടന്നാക്രമണവും സിറിയൻ ഗവൺമെന്റിനെ സംരക്ഷിക്കാനോ സഹായിക്കാനോ ഉള്ള ഇറാൻ സേനയുടെ ശക്തി ഇല്ലാതാക്കി. ഹിസ്ബൊള്ള ദുർബലമായതും ഇറാന് ഈ മേഖലയിലുണ്ടായിരുന്ന സ്വാധീനം കുറച്ചു.
5. മൂന്നു വർഷത്തോളമായി ഉക്രൈനിൽ നടക്കുന്ന സംഘർഷംമൂലം ഡമാസ്-കസിന്റെ സുരക്ഷയുറപ്പാക്കുന്നതിനോ ലതാക്കിയയിലുള്ള റഷ്യൻ നാവികാസ്ഥാനം സംരക്ഷിക്കുന്നതിനോ റഷ്യയുടെ കൂടുതൽ സഹായം ആവശ്യപ്പെടാൻ സിറിയക്ക് കഴിയാതെ പോയി എന്നതിലും തർക്കമില്ല.
6. അതുകൊണ്ടുതന്നെ ഭീകരവാദികളെ ചെറുക്കുന്നതിന് സിറിയൻ ഗവൺമെന്റിനെ സഹായിക്കുവാൻ അതിന്റെ സെെനിക സഖ്യകക്ഷികൾ ആയിരുന്ന ഇറാനോ റഷ്യക്കോ കഴിഞ്ഞില്ല.
7. അൽ – ഖ്വയ്ദ സംഘങ്ങളിൽനിന്നും 2017ൽ രൂപംകൊണ്ട ഹയാത് തഹ്-രീർ അൽ – ഷാം (എച്ച്ടിഎസ്), അൽ–ഖ്വയ്ദ സ്വാധീനത്തിൽ രൂപംകൊണ്ട മറ്റൊരുപാട് സംഘങ്ങളോടൊപ്പം ചേർന്ന് തുർക്കി മുതൽ ഉയ്ഗൂർവരെ വിവിധ സെെനിക സംഘങ്ങളെ ഏകോപിപ്പിക്കുകയും കഴിഞ്ഞ പത്തുവർഷം കൊണ്ട് ഇദ്ലിബിലുള്ള അതിന്റെ സേനകളെ ശക്തിപ്പെടുത്തുകയും ചെയ്തു. എച്ച്ടിഎസിന് തുർക്കിയിൽനിന്നു മാത്രമല്ല, രഹസ്യമായി ഇസ്രയേലിൽനിന്നും (ഈ വിവരം എനിക്ക് ലഭിച്ചത് തുർക്കിയിലെ ഒരു ഉന്നത ഇന്റലിജൻസ് വകുപ്പ് ഉദ്യോഗസ്ഥനിൽനിന്നാണ്) സഹായവും പിന്തുണയും ലഭിച്ചു.
8. സിറിയയിലെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ കാര്യത്തിൽ എച്ച്ടിഎസ് നയിക്കുന്ന പുതിയ ഗവൺമെന്റ് എന്തായിരിക്കും ചെയ്യുക? ഗോലാൻ കുന്നുകളും ഇസ്രയേലുമായി ബന്ധപ്പെട്ട വിഷയത്തിൽ എച്ച്ടിഎസ് നയിക്കുന്ന പുതിയ ഗവൺമെന്റ് എന്തായിരിക്കും ചെയ്യുക? ക്യുനേയ്-ത്രയിലെ ഇസ്രയേലി സെെനികാക്രമണത്തെ എച്ച്ടിഎസ് നയിക്കുന്ന ഈ ഗവൺമെന്റ് എങ്ങനെയായിരിക്കും കെെകാര്യം ചെയ്യുക?
9. ഈ കഥ ഇവിടെ അവസാനിക്കുന്നില്ല. വടക്ക് ഐഎസ്ഐഎസിന്റെയും അതുപോലെതന്നെ കുർദിഷ് സംഘങ്ങളുടെയും നിയന്ത്രണത്തിലുള്ള പ്രദേശത്ത് ഇനിയുമേറെ അസ്വസ്ഥതകളുണ്ടാകും; ഇപ്പോൾ തന്നെ തുർക്കിഷ് പിന്തുണയുള്ള സംഘങ്ങൾ മാൻബിജിലെ പി കെ കെ (കുർദിഷ് വർക്കേഴ്സ് പാർട്ടി) വിഭാഗവുമായും കുർദിഷ് വെെപിജിയുമായും (പീപ്പിൾസ് ഡിഫൻസ് യൂണിറ്റ്സ്) ഏറ്റുമുട്ടലിലാണ്; അമേരിക്കൻ സേനകൾ കിഴക്കൻ സിറിയയിൽ നേരത്തെതന്നെ തമ്പടിച്ചിട്ടുള്ളതാണ്; ഐഎസ്ഐഎസിനെ ചെറുക്കുന്നതിനാണ് തങ്ങൾ അവിടെ തമ്പടിച്ചിരിക്കുന്നത് എന്നാണ് അമേരിക്കയുടെ വാദം (അതുകൊണ്ട് എണ്ണയുടെ നിയന്ത്രണം തങ്ങൾ കെെവശംവെയ്ക്കുമെന്നും); ഗോലാൻ ബഫർസോൺ തങ്ങൾ പിടിച്ചെടുത്തുവെന്ന് ഇസ്രയേലും പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്ടിഎസ് നയിക്കുന്ന പുതിയ ഗവൺമെന്റ് എന്തൊക്കെ ചെയ്യും എന്തൊക്കെ ചെയ്യില്ല എന്ന കാര്യത്തിൽ തുർക്കിയിലെയും അമേരിക്കയിലെയും ഗവൺമെന്റുകൾക്ക് ആശങ്കകളുണ്ടാകും.
10. പുതിയ സംസ്കാരം പ്രതികാരത്തിന്റേതായിരിക്കില്ലായെന്ന അബു മൊഹമ്മദ് അൻ–ജൊലാനിയുടെ പ്രസ്താവന യാഥാർഥ്യമാകണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു. ന്യൂനപക്ഷ ജനവിഭാഗങ്ങളോട് എങ്ങനെയായിരിക്കും പെരുമാറുക എന്ന കാര്യത്തിലാണ് യഥാർഥ ഭയം. ഇറാഖിലെ മിലിഷ്യ സംഘങ്ങൾ സിറിയയിലേക്ക് കടക്കുമോയെന്ന കാര്യത്തിൽ ഇതുവരെ ഒരു വിവരവുമില്ല. ഡമാസ്-കസിലെ സയ്യിദ് സയ്നാബ് സമാധിപീഠം പോലെയുള്ള സ്ഥലങ്ങൾക്ക് എന്തു സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇതെല്ലാം നടക്കുക. l