ചൂഷണരഹിതമായ ഒരു സമൂഹസൃഷ്ടിയാണ്, മാനവസമൂഹത്തിന്റെ മോചനമാണ് മാർക്സും എംഗത്സും മുന്നോട്ടുവച്ച ദർശനത്തിന്റെ കാതൽ. ‘‘ഇതേ വരെയുള്ള ദാർശനികർ ലോകത്തെ വ്യാഖ്യാനിച്ചിട്ടേയുള്ളൂ, എന്നാൽ ലോകത്തെ മാറ്റിമറിക്കുകയാണ് വേണ്ടത്’’ എന്ന് മാർക്സ് ഫൊയർബാഹിനെ സംബന്ധിച്ച പതിനൊന്നാമത്തെ തീസിസിൽ പറയുന്നുണ്ട്. അതിനർഥം, തത്വചിന്ത മാനവരാശിക്ക് പോരാട്ടത്തിനുള്ള ആയുധമാകണമെന്നാണ്. അതുകൊണ്ടാണ് ബെർലിൻ സർവകലാശാലയിൽ തത്വചിന്തയിൽ ഗവേഷണം വിജയകരമായി പൂർത്തിയാക്കി പുറത്തുവന്ന ഡോ. കാറൽ മാർക്സ് ആദ്യം തന്റെ പ്രദേശത്തെ മുന്തിരിതോട്ടങ്ങളിലെ തൊഴിലാളികളുടെ ജീവിതവും പിൽക്കാലത്ത് എംഗത്സുമായി പരിചയപ്പെട്ട ശേഷം അദ്ദേഹത്തോടൊപ്പം മാഞ്ചസ്റ്ററിലെ മിൽത്തൊഴിലാളികളുടെ ജീവിതവും പഠിക്കാൻ അവർക്കിടയിലേക്കിറങ്ങിയത്. തത്വശാസ്ത്രപഠനത്തിനപ്പുറം അർഥശാസ്ത്രപഠനവും ലോകത്തെ മാറ്റിമറിക്കുന്നതിന് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ മാർക്സ് ആ ദിശയിലേക്ക് നീങ്ങിയത് താൻ പഠിച്ച ദർശനത്തിന്റെ പ്രയോഗം ലക്ഷ്യമിട്ടാണ‍്.
പ്രയോഗമില്ലാത്ത സിദ്ധാന്തമാക്കി മാർക്സിസത്തെ ചുരുക്കാനും ആദ്യകാല മാർക്സും പിൽക്കാല മാർക്സുമെന്ന പരികൽപ്പനകൾ സൃഷ്ടിച്ച് ജ്ഞാനമീമാംസാപരമായ വിച്ഛേദം സൃഷ്ടിക്കാനുമുള്ള ‘‘പാശ്ചാത്യമാർക്സിസ്റ്റുകൾ’’ എന്നറിയപ്പെടുന്ന അക്കാദമിക പണ്ഡിതർ നടത്തുന്ന നീക്കങ്ങൾ മാർക്സിന്റെ കാലംമുതൽ പിന്തിരിപ്പൻ ശക്തികൾ നടത്തിവരുന്ന നീക്കങ്ങളുടെ തുടർച്ചയല്ലാതെ മറ്റൊന്നല്ല. ലോകത്ത് വലതുപക്ഷവൽക്കരണനീക്കങ്ങൾ വ്യാപകമായി വരുന്ന ഈ കാലത്ത്, അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കുനേരെ– തൊഴിലാളികൾക്കും കർഷകർക്കും നേരെ– മൂലധനശക്തികളുടെ കടന്നാക്രമണം അതിരൂക്ഷമായി വരുന്ന ഈ കാലത്ത് മാനവരാശിയുടെ രക്ഷാകവചമായി നിൽക്കാനാവുന്ന പ്രത്യയശാസ്ത്രത്തെ കേവലം അക്കാദമിക ചർച്ചകളിൽ മാത്രം ഒതുക്കാൻ ശ്രമിക്കുന്നവർ മൂലധനത്തിന്റെ, സാമ്രാജ്യത്വത്തിന്റെ, വലതുപക്ഷ ആശയാവലികളുടെ പിൻപാട്ടുകാരാണെന്നതിൽ രണ്ടഭിപ്രായമുണ്ടാകേണ്ടതില്ല.
ലോകരംഗത്തു മാത്രമല്ല നമ്മുടെ രാജ്യത്തും വലതുപക്ഷം വെല്ലുവിളി ഉയർത്തുമ്പോൾ ശരിയായ ബദൽ ഉയർത്തിപ്പിടിച്ച് അതിനെ ചെറുക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷത്തെ, തൊഴിലാളിവർഗപ്രസ്ഥാനത്തെ ദുർബലപ്പെടുത്താൻ ഇത്തരം പ്രത്യയശാസ്ത്ര വിതണ്ഡവാദങ്ങൾ ഉയർത്തപ്പെടുന്നത് കാണാം.
പ്രത്യയശാസ്ത്രപരമായി ഉയർത്തപ്പെടുന്ന അവസരവാദപരവും പരിഷ്കരണവാദപരവുമായ നിലപാടുകളുമായി എതിരിട്ടുകൊണ്ടാണ് മാർക്സിസം–ലെനിനിസം വികസിച്ചത്. ഇപ്പോഴും തുടരുന്ന സംഘടിത പ്രസ്ഥാനത്തിനും വിപ്ലവപരമായ പ്രത്യയശാസ്ത്രത്തിനും നേരെയുള്ള എല്ലാ വിധ ആക്രമണങ്ങളെയും എതിരിട്ടുകൊണ്ടു മാത്രമേ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാകൂ. അതുകൊണ്ടുതന്നെ, മാർക്സിസ്റ്റ് –ലെനിനിസ്റ്റ് ക്ലാസിക്കുകളുടെ ജാഗ്രതയോടെയുള്ള വായനയും പഠനവും അനിവാര്യമായിരിക്കുന്നു. അതുപോലെ തന്നെ, ക്ലാസിക്കുകളെ പരിചയപ്പെടുത്തുന്നതും വിശകലനം ചെയ്യുന്നതുമായ ലേഖനങ്ങളും പുസ്തകങ്ങളും കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഈ പശ്ചാത്തലത്തിലാണ് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പുത്തലത്ത് ദിനേശന്റെ ‘‘വെള്ളത്തിൽ മീനുകളെന്നപോൽ– മാർക്സിസ്റ്റ് ക്ലാസിക്കുകളുടെ പഠനങ്ങൾ’’ എന്ന കൃതി പ്രസക്തമാകുന്നത്.
പ്രധാനപ്പെട്ട 31 ക്ലാസിക്കുകളെയാണ് –മാർക്സിന്റെയും എംഗത്സിന്റെയും ലെനിന്റെയും സ്റ്റാലിന്റെയും മൗസേദൂങ്ങിന്റെയും പോൾ -ലഫാർഗിന്റെയും ജോർജി ദിമിത്രോവിന്റെയും മുഖ്യകൃതികളെയാണ്– ഈ കൃതിയിൽ പരിചയപ്പെടുത്തുന്നത്. ഇവയെല്ലാം തന്നെ കാലികമായി ഏറെ പ്രസക്തിയുള്ളവയുമാണ്. ഈ ക്ലാസിക്കുകൾ പരിചയപ്പെടുത്തുന്നതിനുപുറമെ കാറൽ മാർക്സിന്റെ ശവകുടീരത്തിനരികിൽ നിന്ന് എംഗത്സ് നടത്തിയ പ്രസംഗവും പുറമെ ഗ്രന്ഥകാരന്റെ തന്നെ ‘‘വിപ്ലവ കാഴ്ചപ്പാടുകൾ മാർക്സിന്റെയും ലെനിന്റെയും’’ എന്ന ലേഖനം അനുബന്ധമായും ഉൾപ്പെടുത്തിയിട്ടുണ്ട്. കർഷകത്തൊഴിലാളി യൂണിയന്റെ മുഖമാസികയിൽ എഴുതിയതാണ് ഈ കൃതിയിലെ ലേഖനങ്ങളെ. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകൾക്ക് അനായാസം മനസ്സിലാക്കാനുതകുന്ന ലളിതമായ ശെെലിയിലാണ് അദ്ദേഹം ഓരോ കൃതിയെയും പരിചയപ്പെടുത്തുന്നത്. ഒപ്പം ഈ ക്ലാസിക്കുകൾ വായിച്ച് മനസ്സിലാക്കാൻ വായനക്കാരെ പ്രചോദിപ്പിക്കുന്ന രചനാശെെലിയുമാണ് എഴുത്തുകാരന്റേത്.
മാർക്സിന്റെ സാമ്പത്തികവും തത്വശാസ്ത്രപരമായ കയ്യെഴുത്ത് പ്രതികൾ അദ്ദേഹത്തിന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിക്കാത്ത ഒരു കൃതിയെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഈ കൃതി ആരംഭിക്കുന്നത്. 1932ൽ ജർമൻ സോഷ്യൽ ഡെമോക്രാറ്റുകാരായ സിഗ്ഫ്രീഡ് ലാന്റ്ഡ് ഷുട്ടും ജേക്കബ് പീറ്റർമെയറുമാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിച്ചത്. തത്വശാസ്ത്രപഠനത്തിലൂടെ താൻ എത്തിച്ചേർന്ന, ലോകത്തെ വ്യാഖ്യാനിക്കുകയല്ല മാറ്റിത്തീർക്കുകയാണ് വേണ്ടതെന്ന നിഗമനത്തെ സാക്ഷാത്കരിക്കണമെങ്കിൽ സാമ്പത്തിക ശാസ്ത്ര പഠനം അനിവാര്യമാണെന്നുകണ്ട് മാർക്സ് നടത്തിയ പഠനകുറിപ്പുകളാണിത്. പാരീസ് കുറിപ്പുകൾ എന്നും ഇതറിയപ്പെടുന്നു. അക്കാദമികരംഗങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ ഒരു കൃതിയാണിത് എന്നതും ശ്രദ്ധേയമാണ്. ഗ്രന്ഥകാരന്റെ വാക്കുകൾ നോക്കാം: ‘‘ആദ്യകാല മാർക്സും, പിൽക്കാല മാർക്സും എന്ന ചർച്ചയും ഇതിന്റെ പശ്ചാത്തലത്തിൽ രൂപപ്പെട്ടിട്ടുണ്ട്’’. വളരെ കൃത്യമായ ദിശാബോധത്തോടെയാണ് ഈ വരികൾ കുറിക്കുന്നത്.
ഈ കൃതിയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ‘‘പാരീസ് കുറിപ്പുകൾ’’ മുതൽ ‘‘മൂലധനം’’ വരെയുള്ള രചനകൾ പരിശോധിച്ചാലും ഇതിൽ ഉൾപ്പെടുത്താത്ത കൃതികളും Ethnological Note Books പോലെയുള്ള കുറിപ്പുകളുമാകെ പരിശോധിച്ചാൽ സംശയാതീതമായി കാണാനാകുന്നത് ഹെഗലിയൻ വെെരുധ്യവാദത്തെയാണ് ആദ്യകാലത്തും പിൽക്കാലത്തും മാർക്സ് പിൻപറ്റുന്നതെന്നാണ്. അതുതന്നെയാണ് ഈ കൃതിയിൽ പുത്തലത്ത് ദിനേശൻ കൃത്യമായി സ്ഥാപിക്കുന്നതും. മാർക്സിസത്തിൽനിന്ന് ഹെഗലിയൻ വെെരുധ്യവാദത്തെ നീക്കം ചെയ്താൽ ജീവനില്ലാത്തതും യാന്ത്രികവുമായ ഒരു സിദ്ധാന്തമായി അതു മാറും. അങ്ങനെ മാർക്സിസമെന്ന വിപ്ലവസിദ്ധാന്തത്തെ മാറ്റുന്നതിനാണ് യഥാർഥത്തിൽ ‘‘പാശ്ചാത്യ മാർക്സിസ്റ്റുകൾ’’ എന്നു പറയുന്നവരും അവരെ പിൻപറ്റുന്നവരും ശ്രമിക്കുന്നത്. ‘‘ഹെഗലിന്റെ വെെരുധ്യാത്മക രീതി ഉപയോഗിച്ച് മാർക്സ് നടത്തിയ രാഷ്ട്രീയ സാമ്പത്തിക ഘടനയുടെ വായനയാണ് അമേരിക്കൻ ഗവേഷകയായ മാർഗരറ്റ് ആലീസ് ഫേ കയ്യെഴുത്ത് പ്രതികളിൽ കാണുന്നത്’’. മാർക്സിന്റെ അവസാന കൃതിയായി പൊതുവെ പരിഗണിക്കപ്പെടുന്ന അദ്ദേഹത്തിന്റെ മുഖ്യകൃതിയായി ജീവിതകാലത്ത് പ്രസിദ്ധപ്പെടുത്തിയ ‘‘മൂലധന’’ത്തിന്റെ രചന വെെരുധ്യാത്മക വിശകലനരീതിയനുസരിച്ചാണെന്നതും സംശയാതീതമാണ്. അക്കാര്യം വ്യക്തമാക്കപ്പെടുന്നതോടെ ഗ്രന്ഥകാരൻ താൻ നടത്തുന്നത് മാർക്സിസത്തിന്റെ വിപ്ലവപരമായ വായനയാണെന്ന് സ്ഥിരീകരിക്കുകയാണ്, മാർക്സിസത്തിന്റെ വലതുപക്ഷവൽക്കരണത്തിനെതിരായ നിലപാടിന്റെ പ്രഖ്യാപനമാണ്.
തുടർന്ന് വിശുദ്ധ കുടുംബം, ജർമൻ പ്രത്യയശാസ്ത്രം, ഫൊയർബാഹിന്റെ തീസിസുകൾ എന്നിവയിലൂടെ കമ്യൂണിസ്റ്റു മാനിഫെസ്റ്റോ വരെയുള്ള ആദ്യകാല രചനകളെ പരിചയപ്പെടുത്തുന്നു. ഇവയിലൂടെ മാർക്സിന്റെ സിദ്ധാന്തങ്ങൾ വികസിച്ചു വരുന്നതിന്റെ രൂപരേഖയാണ് ഗ്രന്ഥകാരൻ കൃത്യമായി അടയാളപ്പെടുത്തുന്നത്. മാനിഫെസ്റ്റോയിൽ എത്തുമ്പോൾ മാർക്സിസം പരിപൂർണമായ ഒരാശയ പ്രപഞ്ചമായി മാറുന്നതും നാം കാണുന്നു. തുടർന്ന് പരാമർശിക്കപ്പെടുന്ന ‘‘ലൂയി ബോണപ്പാർട്ടിന്റെ ബ്രൂമേർ പതിനെട്ടും’’ ‘‘ഫ്രാൻസിലെ വർഗസമരങ്ങളും’’ 1848ൽ യൂറോപ്പിനെയാകെ പിടിച്ചുകുലുക്കിയ സമരപരമ്പരകളെക്കുറിച്ചുള്ള മാർക്സിന്റെ നിരീക്ഷണങ്ങളാണ്. എങ്ങനെയാണ് സമകാലിക സംഭവവികാസങ്ങളെ മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ വിശകലനം നടത്തേണ്ടത് എന്നതിന്റെ മാതൃകയാണ് ഈ കൃതികൾ. തൊഴിലാളി – കർഷക ഐക്യം എന്ന സങ്കൽപ്പനം മാർക്സ് മുന്നോട്ടുവയ്ക്കുന്നതും ഫ്രാൻസിലെ വർഗസമരങ്ങളിലാണ്.
‘‘മൂലധന’’ത്തെക്കുറിച്ച് ഹ്രസ്വമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥകാരൻ മൂലധനത്തിലെ സാഹിത്യ പരാമർശങ്ങളെയും അവതരിപ്പിക്കുന്നു. ഈ ഭാഗത്ത് പരിചയപ്പെടുത്തുന്ന അവസാനത്തെ രണ്ട് കൃതികൾ ‘‘ഇന്ത്യാ ചരിത്ര കുറിപ്പുകളും’’ ‘‘ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ സമരവു’’മാണ്. ഇന്ത്യയെക്കുറിച്ച് പഠിക്കുന്നതിൽ മാർക്സ് അതീവ ജാഗ്രത പാലിച്ചിരുന്നുവെന്നതിന്റെ സാക്ഷ്യപത്രമാണ് ഈ കൃതികൾ. യൂറോപ്പിൽ ഒതുങ്ങി നിൽക്കുന്ന ഒന്നല്ല മാർക്സിസം എന്നതിന്റെകൂടി വെളിപ്പെടുത്തലാണ് ഇവ.
ഫ്രെഡറിക് എംഗത്സിന്റെ കൃതികളെയാണ് രണ്ടാം ഭാഗത്തെ ലേഖനങ്ങളിൽ ദിനേശൻ പരിചയപ്പെടുത്തുന്നത്. ഇതിൽ ‘‘ജർമനിയിലെ വിപ്ലവവും പ്രതിവിപ്ലവവും’’ എന്ന കൃതി 1848ലെ യൂറോപ്യൻ വിപ്ലവവുമായി ബന്ധപ്പെട്ട ജർമൻ പശ്ചാത്തലത്തിൽ രചിച്ച കൃതിയാണ്. എംഗത്സിന്റെ പ്രസിദ്ധ കൃതികളായ ‘‘കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം’’ ‘‘ആന്റി ഡൂറിംഗ്’’ ‘‘പ്രകൃതിയുടെ വെെരുധ്യാത്മകത’’ എന്നിവയെയാണ് പരിചയപ്പെടുത്തുന്നത്. കാറൽ മാർക്സ് തത്വചിന്തയ്ക്കും സാമ്പത്തികശാസ്ത്രത്തിനും ഒപ്പം ഗണിതശാസ്ത്രത്തിലും അവഗാഹം നേടിയിരുന്നു. എന്നാൽ പ്രകൃതിശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളിലേക്ക് അദ്ദേഹം തിരിഞ്ഞില്ല. ആ ദൗത്യം എംഗത്സ് ഏറ്റെടുക്കുകയാണുണ്ടായത്. അതിന്റെ അനന്തര ഫലമായുള്ള രചനയാണ് പ്രകൃതിയുടെ വെെരുധ്യാത്മകത എന്ന അപൂർണമായ കൃതി. വെെരുധ്യവാദം ഓരോ പ്രകൃതി പ്രതിഭാസത്തിലും എങ്ങനെയാണ് പ്രതിഫലിക്കുന്നത് എന്ന് വ്യക്തത വരുത്താനായാണ് കൂട്ടായ ആലോചനയുടെ അടിസ്ഥാനത്തിൽ എംഗത്സ് പ്രകൃതിശാസ്ത്ര പഠനത്തിലേർപ്പെട്ടത് എന്നതിൽനിന്നു തന്നെ വെെരുധ്യവാദത്തിന് മാർക്സിസ്റ്റ് ദർശനത്തിൽ എത്ര മാത്രം പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. എങ്ങനെയാണ് സ്വകാര്യസ്വത്തിന്റെ വരവ് ഭരണകൂടത്തിന്റെ ഉൽപത്തിയിലെത്തിച്ചത് എന്ന് എംഗത്സ് അടയാളപ്പെടുത്തുന്ന കൃതിയുടെ അന്തഃസത്തയും ഹ്രസ്വമായി ഗ്രന്ഥകാരൻ പരിചയപ്പെടുത്തുന്നുണ്ട്. ‘‘ആന്റി ഡൂറിംഗ്’’ എന്ന കൃതി യഥാർഥത്തിൽ യൂജിൻ ഡൂറിംഗ് എന്ന ജർമൻ പണ്ഡിതൻ മാർക്സിന്റെ സിദ്ധാന്തങ്ങൾക്കെതിരെ ഉയർത്തിയ വിമർശനങ്ങൾക്കുള്ള മറുപടിയാണ്. മാർക്സിന്റെകൂടി അംഗീകാരത്തോടെയാണെന്നതു മാത്രമല്ല, ഒരധ്യായം പൂർണമായും മാർക്സ് എഴുതിയതുമാണ് ഈ കൃതി. മാർക്സിസ്റ്റ് ദർശനത്തിന്റെ ആധാരശിലയായ വെെരുധ്യാത്മക ഭൗതികവാദത്തെ സംബന്ധിച്ച വ്യക്തത വരുത്തലാണ് ഇത്. മാത്രമല്ല, വെെരുധ്യവാദത്തിന്റെ നിയമങ്ങളെക്കുറിച്ചും ഇതിൽ വ്യക്തമാക്കുന്നുണ്ട്. മാർക്സിന്റെയും എംഗത്സിന്റെയും ഇൗ കൃതികളെ പരിചയപ്പെടുത്തുന്നതിലൂടെ പുത്തലത്ത് ദിനേശൻ സാധാരണ വായനക്കാരിലേക്ക് മാർക്സിസത്തിന്റെ സത്ത പകർന്നു നൽകുകയാണ്.
മൂന്നാമത്തെ ഭാഗത്ത് പരിചയപ്പെടുത്തുന്നത് ലെനിന്റെ കൃതികളെയാണ്. കാലദേശാനുസൃതമായി, കൃത്യമായി പറഞ്ഞാൽ മൂർത്തമായ സാഹചര്യങ്ങളിലെ മൂർത്തമായ പ്രയോഗം, എങ്ങനെ മാർക്സിസ്റ്റ് സിദ്ധാന്തപ്രകാരം വിപ്ലവം നടത്താം എന്നതാണ് ലെനിന്റെ കൃതികളിൽ കാണാനാവുന്നത്. വിപ്ലവപാർട്ടി കെട്ടിപ്പടുക്കുന്നതെങ്ങനെ, പാർട്ടിയും ട്രേഡ് യൂണിയനുകളും തമ്മിലുള്ള ബന്ധം എന്നിങ്ങനെയായിരിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ലെനിൻ തന്റെ കൃതികളിൽ പ്രത്യേകിച്ച് ‘എന്തുചെയ്യണം?’ എന്നതിൽ വിവരിക്കുന്നു. സോഷ്യലിസ്റ്റ് വിപ്ലവത്തിന് മുന്നോടിയായി നടത്തേണ്ട ജനാധിപത്യവിപ്ലവത്തിൽ കമ്യൂണിസ്റ്റുകാർ കെെക്കൊള്ളേണ്ട അടവുകളെക്കുറിച്ചും ലെനിൻ വ്യക്തത വരുത്തുന്നുണ്ട്.
മാർക്സ് ‘‘മൂലധന’’ത്തിന്റെ മൂന്നാം വാല്യത്തിൽ പറയുന്ന കുത്തക മൂലധനം വികസിച്ച് സാമ്രാജ്യത്വമായി മാറിയതിനെ ഒന്നാം ലോകയുദ്ധത്തിന്റെ കൂടി പശ്ചാത്തലത്തിൽ ലെനിൻ അവതരിപ്പിക്കുകയാണ് ‘‘സാമ്രാജ്യത്വം: മുതലാളിത്തത്തിന്റെ പരമോന്നതഘട്ടം’’ എന്ന കൃതിയിൽ. മാർക്സിസ്റ്റ്–ലെനിനിസ്റ്റ് ക്ലാസിക്കുകളിൽ അതിപ്രധാനമായ ഈ കൃതിയുടെ സാരം ഇവിടെ സംഗ്രഹിച്ചിരിക്കുന്നു. വിപ്ലവാനന്തര ഭരണകൂടത്തിന്റെ സ്വഭാവത്തെക്കുറിച്ച് പാരീസ് കമ്യൂണിന്റെ അനുഭവത്തെ ആധാരമാക്കി മാർക്സ് എഴുതിയ, ഫ്രാൻസിലെ ആഭ്യന്തരയുദ്ധം എന്ന കൃതിയുടെ കാലികമായ വായനയും വ്യാഖ്യാനവുമാണ് ‘‘ഭരണകൂടവും വിപ്ലവവും’’ എന്ന കൃതിയിൽ ലെനിൻ നടത്തുന്നത്. 1917ൽ മഹത്തായ ഒക്ടോബർ വിപ്ലവത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ലെനിൻ എഴുതിയതാണ് ഏറെ പ്രസിദ്ധമായ ഈ ഗ്രന്ഥം. രാഷ്ട്രങ്ങളുടെ സ്വയം നിർണയാവകാശം സംബന്ധിച്ച പ്രസിദ്ധമായ ലെനിനിസ്റ്റ് തീസിസുകളെയും ഇവിടെ ചുരുക്കി അവതരിപ്പിക്കുന്നു.
‘‘ഇടതുപക്ഷ കമ്യൂണിസം ഒരു ബാലാരിഷ്ടത’’ ‘‘തൊഴിലാളിവർഗ വിപ്ലവവും വഞ്ചകനായ കൗട്സ്-ക്കിയും’’ എന്നീ കൃതികൾ സാർവദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പടർന്നുപിടിച്ച വലത്–ഇടത് അവസരവാദങ്ങൾക്കെതിരായി ലെനിൻ നടത്തിയ പ്രത്യയശാസ്ത്ര പോരാട്ടത്തിന്റെ പ്രതിഫലനങ്ങളാണ്. ഇടത് തീവ്രവാദപരമായ സമീപനം വിപ്ലവപ്രസ്ഥാനത്തെ എങ്ങനെ ദുർബലപ്പെടുത്തുന്നുവെന്നാണ് ‘‘ഇടതുപക്ഷ കമ്യൂണിസം’’ എന്ന കൃതിയിൽ അടയാളപ്പെടുത്തുന്ന ലെനിൻ, കൗട്-സ്കിയുടെ വലതുപക്ഷ അവസരവാദപരമായ നിലപാടുകളെ ‘‘വഞ്ചകനായ കൗട്-സ്-ക്കി’’ എന്ന കൃതിയിൽ തുറന്നു കാണിക്കുന്നു. ‘‘ധാന്യനികുതി’’ എന്ന ഇവിടെ പരാമർശിക്കുന്ന ശ്രദ്ധേയമായ രചന വിപ്ലവാനന്തര റഷ്യയിൽ സോഷ്യലിസം കെട്ടിപ്പടുക്കുന്നതു സംബന്ധിച്ച പുത്തൻ സാമ്പത്തികനയത്തിന്റെ രൂപരേഖയാണ്– കാർഷികമേഖലയിൽ ഉൗന്നൽ നൽകിയാണ് ലെനിൻ ഇതവതരിപ്പിക്കുന്നത്.
‘‘മാർക്സിസവും ഭാഷാശാസ്ത്രവും’’ എന്ന കൃതി ഭാഷാശാസ്ത്രവുമായി ബന്ധപ്പെട്ട സംവാദത്തിൽ സ്റ്റാലിൻ നടത്തിയ ഇടപെടലാണ്. ഭാഷാശാസ്ത്രവുമായി ബന്ധപ്പെട്ട മാർക്സിസ്റ്റ് വിശകലനമാണിതിൽ സ്റ്റാലിൻ നടത്തുന്നത്. ‘‘മാർക്സിസം പ്രകൃതിയുടെയും സമൂഹത്തിന്റെയും വികാസ നിയമങ്ങളുടെ ശാസ്ത്രമാണ്. ശാസ്ത്രമെന്ന നിലയിൽ അതിന് നിശ്ചലമായി നിൽക്കാനാവില്ല’’യെന്നും പറഞ്ഞുവയ്ക്കുന്ന സ്റ്റാലിൻ ഭാഷാശാസ്ത്രത്തെ സംബന്ധിച്ചും ഇത് ബാധകമാണെന്നാണ് പറഞ്ഞുവയ്ക്കുന്നത്.
തുടർന്ന് ചെെനയിൽ വിപ്ലവത്തെ വിജയത്തിലേക്കു നയിച്ച മൗസേദൂങ്ങിന്റെ ‘‘വെെരുധ്യവാദത്തെക്കുറിച്ച്’’, ‘‘പുത്തൻ ജനാധിപത്യത്തെക്കുറിച്ച് എന്നീ കൃതികളെ പരിചയപ്പെടുത്തുന്നു. വിപരീതങ്ങളുടെ ഐക്യം സംബന്ധിച്ച വെെരുധ്യവാദത്തിന്റെ അടിസ്ഥാനഘടകങ്ങളിലൊന്നിനെക്കുറിച്ചുള്ള വിശദീകരണത്തിലൂടെ മാവോ ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ നിലനിന്നിരുന്ന തെറ്റായ പ്രവണതകളെ തുറന്നുകാണിക്കുകയും ചെയ്യുന്നു, ‘‘വെെരുധ്യവാദം എന്ന കൃതിയിൽ ചെെനീസ് വിപ്ലവതന്ത്രങ്ങളെ വിലയിരുത്തുന്ന മാവോ പുതിയൊരു ജനാധിപത്യപക്രിയയെ സംബന്ധിച്ച് പരിചയപ്പെടുത്തുകയാണ്. ഫ്രാൻസിലെ തൊഴിലാളി വർഗപ്രസ്ഥാനത്തിന്റെ നേതാവ് പോൾ ലഫാർഗിന്റെ ‘‘സ്വത്തിന്റെ പരിണാമ ചരിത്രം’’ എന്ന കൃതിയെയും ഗ്രന്ഥകർത്താവ് ഇവിടെ പരിചയപ്പെടുത്തുന്നു.
ദിമിത്രോവ് തീസിസ് എന്നറിയപ്പെടുന്ന കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ജനറൽ സെക്രട്ടറിയായിരിക്കെ അതിന്റെ ഏഴാം കോൺഗ്രസിൽ ദിമിത്രോവ് അവതരിപ്പിച്ച റിപ്പോർട്ടാണ് ഫാസിസത്തിനെതിരായ ഐക്യമുന്നണി എന്ന പ്രസിദ്ധ കൃതി–തീവ്ര വലതുപക്ഷത്തിന്റെ, നവഫാസിസത്തിന്റെ മുന്നേറ്റമുണ്ടാകുന്ന ഈ കാലത്ത് – ഗൗരവപൂർവം വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടതാണ്. ഈ കൃതിയെയാണ് പുത്തലത്ത് ദിനേശൻ അവസാനമായി പരിചയപ്പെടുത്തുന്നത്.
മാർക്സിസത്തെക്കുറിച്ചറിയാനുള്ള വഴിവിളക്കാണ് പുത്തലത്ത് ദിനേശന്റെ ‘‘വെള്ളത്തിൽ മീനുകളെന്ന പോൽ’’ എന്ന കൃതി. ഇത് അനിവാര്യമായും കമ്യൂണിസ്റ്റുകാർ വായിച്ചിരിക്കേണ്ട കൃതിയാണ്. ഇത് എഴുതിയ പുത്തലത്ത് ദിനേശനും പ്രസിദ്ധീകരിച്ച ഇൻസെെറ്റ് പബ്ലിക്കയും അഭിനന്ദനമർഹിക്കുന്നു. l