ബംഗാൾ ഇന്ത്യക്ക് സമ്മാനിച്ച ദേശീയ രാഷ്‌ട്രീയനേതാക്കളും കവികളും നോവലിസ്റ്റുകളും സിനിമാ പ്രതിഭകളും മലയാളികളും തമ്മിൽ പണ്ടേയുള്ള പാരസ്‌പര്യവും സാംസ്‌കാരികമായ ഇഴയടുപ്പവുമാകാം അതിനു കാരണം. കൊൽക്കത്ത പണ്ട് തൊഴിൽരഹിതരായ മലയാളികളുടെ അഭയകേന്ദ്രമായിരുന്നു. ആ മഹാനഗരം മലയാളികളെ ഹൃദയത്തോടൊപ്പം ചേർത്തുനിർത്തിയ തുപോലെ മറ്റൊരു ദേശക്കാരെയും സ്വീകരിച്ചില്ല. ജീവിതപങ്കാളികളായി മലയാളികളെ സ്വീകരിച്ച ബംഗാളികളും വിരളമല്ല.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും ശക്തികേന്ദ്രം കൂടിയാണല്ലോ ബംഗാൾ. മൂന്നര പതിറ്റാണ്ടോളം തുടർച്ചയായി സംസ്ഥാന ഭരണം നടത്തിയതിന്റെ റിക്കാർഡും മറ്റാർക്കും അവകാശപ്പെട്ടതല്ലല്ലോ? അജയഘോഷിനോടും ജ്യോതിബസുവിനോടും പ്രമോദ് ദാസ് ഗുപ്‌തയോടും നൃപൻ ചക്രവർത്തിയോടുമൊക്കെയുള്ള സ്‌നേഹാദരങ്ങളുടെ സാക്ഷ്യമാണല്ലോ മലയാളികളിൽ പലരും സ്വന്തം മക്കൾക്ക് ഈ നേതാക്കളുടെ പേരു നൽകിക്കൊണ്ട് പ്രകടിപ്പിച്ചത്. ബംഗാളും കേരളവും തമ്മിലുള്ള ആത്മബന്ധത്തിന്റെയും കൂടി അടയാളങ്ങളാണല്ലോ അത്.
വംഗനാട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ബംഗാൾ യാത്രാനുഭവങ്ങളും മലായാളികളെ സംബന്ധിച്ചിടത്തോളം വേറിട്ട അനുഭവമാണ്. ബംഗാൾ രാഷ്‌ട്രീയം നിരന്തരം സംഘർഷഭരിതവും സങ്കീർണവുമാകുന്ന രാഷ്‌ട്രീയ പരിതഃസ്ഥിതിക്കാണ് നാം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. മൂന്നര പതിറ്റാണ്ടു കാലത്തെ ഇടതുമുന്നണിയുടെ ഭരണത്തിൻ കീഴിൽ ഒരൊറ്റ വർഗീയലഹളപോലും ഉണ്ടായിട്ടില്ല എന്നത് ഏറെ അഭിമാനകരമാണ്. എന്നാൽ ഇന്ന് വർഗീയലഹളകളും വർഗീയ സംഘട്ടനങ്ങളും നിത്യസംഭവമായി മാറിയിരിക്കയാണ്.
ജ്യോതിബസു ഭരണത്തിന്റെ അവസാനനാളുകളിലും അതിന് രണ്ടു പതിറ്റാണ്ടിനുശേഷവും രാധാകൃഷ്‌ണൻ ചെറുവല്ലി നടത്തിയ യാത്രാനുഭവങ്ങളാണ് ‘ഏക്‌ല ചലോരെ’യിൽ സമാഹരിച്ചിട്ടുള്ളത്. അതേക്കുറിച്ച് ഗ്രന്ഥകാരൻ പറയുന്നത് ഇങ്ങനെ: ‘‘മാറിയ ബംഗാളിനെ അടുത്തറിയാൻ, രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക ചലനങ്ങൾ തൊട്ടറിയാൻ, കണ്ടുമറന്ന ചില മുഖങ്ങളെ ഒരിക്കൽകൂടി കാണാൻ, അവരുടെ അനുഭവങ്ങൾ അറിയാൻ, കണ്ടിട്ടില്ലാത്ത ഇടങ്ങളെയും മനുഷ്യരെയും കാണാൻ ബംഗാളി ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രയാണീ പുസ്‌തകത്തിൽ’’.
വർത്തമാനകാല ബംഗാൾ രാഷ്‌ട്രീയത്തിന്റെ ദുരവസ്ഥകളെ ചൂണ്ടിക്കാണിക്കുന്ന ഗ്രന്ഥകാരൻ ചരിത്രത്തിലൂടെയും ചരിത്രസ്ഥലികളിലൂടെയും വായനക്കാരെ നയിക്കുന്നു. അതുകൊണ്ടുതന്നെ സംഭവവിവരണങ്ങൾക്ക് അപ്പുറമൊരു അവബോധത്തിലേക്ക് വായനക്കാർ നയിക്കപ്പെടുന്നു.
1996ൽ തിരുവനന്തപുരത്ത് നടന്ന ഓൾ ഇന്ത്യ സ്‌റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷന്റെ സമ്മേളനത്തിൽ വെച്ച് പരിചയപ്പെട്ട ഹിമാംശുദാസ് ഗുപ്‌തയെയാണ് രാധാകൃഷ്‌ണൻ ആദ്യമായി സന്ദർശിക്കുന്നത്. ബംഗാളിൽനിന്നുള്ള പ്രതിനിധിയായിരുന്നു, ഹിമാംശുദാ; സെക്രട്ടറിയേറ്റ് എംപ്ലോയീസ് യൂണിയൻ നേതാവായിരുന്നു രാധാകൃഷ്‌ണൻ. അന്ന് ചുറുചുറുക്കോടെ പ്രവർത്തിച്ച ഹിമാംശുദാ പതിറ്റാണ്ടുകൾക്കിപ്പുറം രോഗബാധിതനായി കഷ്ടപ്പെടുന്നു. ബാരക്‌പൂരിലെ ഹിമാംശുവിന്റെ വീട്ടിലേക്കാണ് ചെറുവല്ലി ആദ്യമെത്തുന്നത്.
ഹിമാംശുവിന്റെ പുത്രൻ ശിലാദിത്യദാസ് ഗുപ്‌ത യാത്രയിൽ രാധാകൃഷ്‌ണന് പല സഹായങ്ങളും ചെയ്യുന്നു. ബംഗാളിന്റെ സമകാലികാവസ്ഥയെക്കുറിച്ച് നല്ല അവബോധമുള്ള ശിലാദിത്യനുമായുള്ള സന്പർക്കം ഗ്രന്ഥകാരന് ഏറെ തുണയാകുന്നുണ്ട്.
ബാരക്‌പൂരിൽനിന്ന് സിയാൽദയിലെത്തിയ ഗ്രന്ഥകാരൻ അവിടത്തെ റെയിൽവേ സ്‌റ്റേഷന്റെ സവിശേഷതകൾ വിശദീകരിക്കുന്നു. പ്രതിദിനം പതിനെട്ടുലക്ഷം പേർ എത്തുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ ഈ റെയിൽവേ സ്‌റ്റേഷനെ പരിഗണിക്കാതിരിക്കാൻ ഒരു സഞ്ചാരിക്കാവില്ലല്ലോ.
മണ്ഡല കൊണ്ടുപോയ തുറമുഖം എന്ന ഉപ തലക്കെട്ടിനു താഴെ മണ്ഡല തുറമുഖം പണിതുയർത്താൻ ഇറങ്ങിപ്പുറപ്പെട്ട കാനിങ് പ്രഭുവിന് അതിൽനിന്ന് പിന്മാറേണ്ടിവന്ന ചരിത്ര യാഥാർഥ്യം ചൂണ്ടിക്കാട്ടിയത് ഉചിതമായി. അന്നത്തെ ഷിപ്പിങ് ഇൻസ്‌പെക്ടറും പരിചയസന്പന്നനുമായ ഹെൻറി പാഡിങ്‌ടണിന്റെ എതിർപ്പുകൾ അവഗണിച്ചുകൊണ്ടാണ് കാനിങ് പ്രഭു തുറമുഖനിർമാണവുമായി മുമ്പോട്ടുപോയത്. കണ്ടൽക്കാടുകൾ പാടേ വെട്ടിനശിപ്പിച്ചുകൊണ്ടുള്ള തുറമുഖനിർമാണം ദുരന്തത്തിലേ കലാശിക്കൂ എന്ന് പാരിസ്ഥിതിക അവബോധമുണ്ടായിരുന്ന പാടിങ്‌ടൺ ആദ്യമേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അതവഗണിച്ച് ഇന്നത്തെ മൂല്യമനുസരിച്ച് കോടിക്കണക്കിന് രൂപ ചെലവഴിച്ച് തുറമുഖവും ടൗൺഷിപ്പും കാനിങ് പ്രഭു പണികഴിപ്പിച്ചു. എന്നാൽ 1867ലെ ഭീകരമായ വെള്ളപ്പൊക്കത്തിൽ സർവവും തകർന്നടിഞ്ഞു. അതോടെ തുറമുഖനിർമാണത്തിൽനിന്ന് അധികാരികൾക്ക് പിന്മാറേണ്ടിവന്നു. പരിസ്ഥിതിയെ അട്ടിമറിച്ചുകൊണ്ടുള്ള വികസനപ്രവർത്തനങ്ങൾ ദുരന്തം ക്ഷണിച്ചുവരുത്തുകയേ ഉള്ളൂ എന്ന ചരിത്രപാഠം എന്നും പ്രസക്‌തമാണ്.
ഹരിയഭംഗ നദിയിലൂടെയുള്ള യാത്രയുടെ അനുഭവങ്ങളുടെ വിവരണത്തിലൂടെ വായനക്കാർക്കും സവിശേഷമായ അനുഭൂതി പകർന്നു നൽകാൻ രാധാകൃഷ്‌ണന് കഴിയുന്നുണ്ട്. ഇച്ഛാമതി നദിയുടെ മറുകര ബംഗ്ലാദേശാണ്. പരന്നൊഴുകുന്ന ഈ നദിയുടെ സൗന്ദര്യത്തിലേക്കും അദ്ദേഹം വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. ഹരിയഭംഗ നദിയുടെ ഓരങ്ങളിൽ പാർപ്പുറപ്പിച്ച പാവപ്പെട്ട മനുഷ്യരുടെ ജീവിതസങ്കടങ്ങളും ഗ്രന്ഥകാരൻ കാണുന്നുണ്ട്.
പ്രഭാത നടത്തത്തിനിടയിൽ ഗ്രാമീണരുമായി ചായക്കടയിൽ രാഷ്‌ട്രീയ ചർച്ചയിലേർപ്പെട്ട ഗ്രന്ഥകാരനോട് അവിടത്തെ സമകാലിക അവസ്ഥയെക്കുറിച്ച് ഒരു സാധാരണക്കാരൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: ‘‘മമതയുടെ രണ്ടാംവരവ്.. കാര്യങ്ങൾ ശരിയായ രീതിയിലല്ല നീങ്ങുന്നത്. ഗുണ്ടായിസവും എല്ലാ ഗുണ്ടകളും തൃണമൂലിലായിരുന്നു. ബിജെപി ശക്തമായതോടെ അതിലേക്ക് പോയി. പണമാണ് എല്ലാം നിശ്ചയിക്കുന്നത്… പണം’’. സമകാലിക ബംഗാളിന്റെ ദുരസ്ഥയുടെ തീവ്രത പൂർണമായും അയാളുടെ വാക്കുകളിലുണ്ട്.
കൊൽക്കത്ത നഗരത്തിൽ കുറച്ചുദിവസം ചെലവഴിച്ച ഗ്രന്ഥകാരൻ കൽക്കത്തയുടെ ചരിത്ര‐വർത്തമാനങ്ങളിലേക്ക് വായനക്കാരെ സ്വാഗതം ചെയ്യുന്നു. രണ്ടു പതിറ്റാണ്ടിനിടയിൽ നാലാമത്തെ തവണയാണ് അദ്ദേഹം കൊൽക്കത്തയുടെ വിരുന്നുകാരനാകുന്നത്. ആദ്യ രണ്ടു സന്ദർശനവേളകളിലും ഇടതുമുന്നണിയുടെ ഭരണകാലമായിരുന്നു. രാഷ്‌ട്രീയ കാലാവസ്ഥയാകെ അട്ടിമറിക്കപ്പെട്ടതിനുശേഷമുള്ള ഭീകരതയുടെ നാളുകളിലാണ് പിന്നീടുള്ള സന്ദർശനങ്ങൾ.
കൊൽക്കത്തയുടെ മായാത്ത അടയാളങ്ങളിലൊന്നായ അംബാസിഡർ കാറുകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാര്യം അൽപം ഖേദത്തോടെ രാധാകൃഷ്‌ണൻ ചൂണ്ടിക്കാട്ടുന്നു. 32,000 ടാക്‌സി ഡ്രൈവർമാർ ഇപ്പോഴും അംബാസിഡർ കാറുകൾ ഓടിച്ച് ഉപജീവനമാർഗം തേടുന്നുണ്ടത്രേ. മറ്റു കാറുകളിലേക്ക് ആൾക്കാർ ചുവടുമാറ്റിയതോടെ കൊൽക്കത്തയിലും അംബാസിഡർ കാറുകൾ അന്യംനിന്നുകൊണ്ടിരിക്കുകയാണ്.
രാജ്യം വിഭജിക്കപ്പെട്ടതിന്റെ മുറിപ്പാടുകൾ ഹൃദയത്തിൽ ഏറ്റുവാങ്ങിയ നാടാണ് ബംഗാൾ. അന്നു നടന്ന വർഗീയ കലാപങ്ങളുടെ ഓർമകൾ ഇന്നും വേദനയായി വംഗനാടിനെ വേട്ടയാടുന്നു. ഇന്ത്യ വിഭജിക്കപ്പെടാനുണ്ടായ കാരണങ്ങളും അതിൽ നേതാക്കൾ സ്വീകരിച്ച നിലപാടുകളുമൊക്കെ രാധാകൃഷ്‌ണൻ ചർച്ചയ്‌ക്ക് വിധേയമാക്കുന്നുണ്ട്. മുഹമ്മദ് അലി ജിന്നയുടെ മുൻകാല നിലപാടുകളും അതിലുണ്ടായ മാറ്റങ്ങളുമൊക്കെ അദ്ദേഹം വായനക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നുണ്ട്. അതുപോലെ വിഭജനം സംബന്ധിച്ച് നിലനിൽക്കുന്ന പല കെട്ടുകഥകളുടെയും പൊള്ളത്തരം തുറന്നുകാട്ടുന്നുമുണ്ട് ഗ്രന്ഥകാരൻ.
കൊൽക്കത്ത നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കാൽനടയായി സഞ്ചരിക്കുന്ന ചെറുവല്ലി, വിവിധ വിഭാഗം ജനങ്ങളുമായി സംവദിക്കുന്നുണ്ട്. അതിലൂടെ സമകാലിക രാഷ്‌ട്രീയ സ്ഥിതിഗതികൾ സംബന്ധിച്ച് തദ്ദേശീയരുടെ അഭിപ്രായങ്ങൾ ആരായുന്നുണ്ട്. ഒരു സാന്പിളിതാ: എടിഎം കൗണ്ടറിൽ പണമെടുക്കാൻ എത്തിയ ഒരു പെൺകുട്ടി മമത ദീദിയെക്കുറിച്ച് പറഞ്ഞതിങ്ങനെ: ‘‘ആരുടെ ദീദി? സ്വയം വിളിച്ചാൽ ഒരാൾ ദീദിയാകുമോ? ദീദി, മോദി സബ് ചോർ ഹെ’’.
തൃണമൂൽ അനുകൂലിയായ ഒരു വ്യാപാരി പറയുന്നു: ‘‘വലിയ വലിയ മാളുകൾ വന്നതോടെ ഞങ്ങൾ ചെറുകിടക്കാർ പ്രശ്‌നത്തിലാണ്. ജിഎസ്‌ടി വന്നതോടെ രാജ്യം ഒരു വ്യാപാരമേഖലയാവുമെന്നൊക്കെ പറഞ്ഞെങ്കിലും വൻകിടക്കാർ തന്നെയാണ് എല്ലാം നിയന്ത്രിക്കുന്നത്…’’
ആർക്കാണ് ബംഗാളിനെ നന്നാക്കാനാകുക എന്ന ആശയങ്കയാണ് പൊതുവെ ആളുകൾക്കുള്ളത് എന്ന് ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു. അത്രമാത്രം നിരാശതയാണ് ശരാശരി ബംഗാളിയുടെ മനസ്സിനെ മഥിക്കുന്ന വികാരം.
കോളേജ് സ്‌ട്രീറ്റിലെ പഴയ പുസ്‌തകങ്ങൾ വിൽക്കുന്ന സ്ഥലത്തെത്തിയ ഗ്രന്ഥകാരന് നിരവധി ക്ലാസിക്കുകളുടെ ശേഖരങ്ങൾ കാണാനും വാങ്ങാനും സാധിച്ചതിന്റെ ആഹ്ലാദം വായനക്കാരുമായി പങ്കിടുന്നുണ്ട്. മാർസൽ പ്രകസ്റ്റിന്റെ ‘റിമന്പറൻസ് ഓഫ് തിങ്‌സ് പാസ്റ്റ്’ എന്ന വിഖ്യാത ഫ്രഞ്ച് നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ. അതു വാങ്ങാൻ ചെറുവല്ലി മനസ്സിൽ പദ്ധതിയിട്ടപ്പോഴേക്കും ഒരു ഗവേഷക വിദ്യാർഥിനി കടന്നുവരുന്നു. ആ കൃതി അവൾ അത്യാവശ്യം പറഞ്ഞപ്പോൾ വിട്ടുകൊടുക്കാൻ ചെറുവല്ലി നിർബന്ധിതനാകുന്നു. അവളുമായി സൗഹൃദത്തിലായ ഗ്രന്ഥകാരന് വംഗനാടിനെക്കുറിച്ച് പല കാര്യങ്ങളും അവളിൽനിന്ന് അറിയാൻ കഴിയുന്നുണ്ട്.
ബംഗാൾ സന്ദർശിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാവാത്ത, അമൂല്യമായ സ്ഥലമാണ് ശാന്തിനികേതൻ. വിശ്വമഹാകവിയുടെ സ്വന്തം ശാന്തിനികേതനിലേക്കുള്ള പ്രവേശനാനുഭവം ഗ്രന്ഥകാരൻ വിവരിക്കുന്നതിങ്ങനെ: ‘‘ശാന്തിനികേതന്റെ നിഴലുറങ്ങുന്ന കാന്പസിൽ അസംഖ്യം വൃക്ഷലതാദികളും കിളികളും ശിൽപങ്ങളും പഠനമുറികളും കളരികളും തുറസ്സുകളും മണ്ഡപങ്ങളും നിറഞ്ഞുനിന്നു. പൂമണങ്ങളും നിശബ്ദതയും കുളിർകാറ്റും ചാറ്റൽമഴയും പോകാൻ മടിച്ചു. ഥോൽ മുഴക്കവും ഏകതാരയുടെ വിഷാദഭരിത മാധുര്യവും ബാവുലിന്റെ കണ്ഠത്തിൽനിന്നും ഒഴുകിയെത്തുന്ന അവധൂതഗാനവും കാറ്റിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് വന്നുപോയി. കൂട്ടങ്ങളായും പ്രണയദ്വന്ത്വങ്ങളായും കാന്പസിലെ പഠിതാക്കൾ, ഗവേഷകർ, പെർഫോമർമാർ തുടങ്ങിയവർ മരത്തണലുകളിൽ വിശ്രമിച്ചു. അവരുടെ പ്രണയത്തെ പ്രതി, അപൂർണ ചിത്രങ്ങൾ മാടിവിളിച്ചു.
‘‘… രബീന്ദ്രനാഥ ടാഗോറിന്റെ ബാല്യം മുതൽക്കുള്ള ചിത്രങ്ങൾ, എഴുത്തുകൾ, കൈയെഴുത്തു പ്രതികൾ, പുസ്‌തകങ്ങൾ, പെയിന്റിങ്ങുകൾ, ശിൽപങ്ങൾ, നോബേൽ ഉൾപ്പെടെയുള്ള പുരസ്‌കാര റിപ്ലിക്കുകൾ, അക്കാലത്തെ ധന്യജീവിത സമാഗമത്തിന്റെ ഓർമചിത്രങ്ങൾ… അങ്ങനെ നെഞ്ചുനിറയ്‌ക്കും രബീന്ദ്രഭവനം’’.
ശാന്തിനികേതനു സമീപം സന്താൾ ആദിവാസി വിഭാഗങ്ങളുടെ വിശാലമായ ഒരു ആവാസമേഖലയുണ്ട്. സന്താൾ വിഭാഗം മാത്രം താമസിക്കുന്ന ഡംഗയിലെ ബോണേപുകൂർ ഗ്രാമത്തിൽ ചെറുവല്ലി പ്രവേശിക്കുന്നു. മറ്റു സന്താൾ ഗ്രാമങ്ങൾ പോലെ ദാരിദ്ര്യം കുടിപാർക്കുന്ന ഗ്രാമമാണിതും.
ഐതിഹാസികമായ സന്താൾ കലാപത്തിന്റെ ചരിത്രത്തിലേക്കും രാധാകൃഷ്‌ണൻ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. കൊളോണിയൽ ചൂഷണത്തിനും അടിച്ചമർത്തലിനുമെതിരെ സന്താൾ മക്കൾ നടത്തിയ സായുധകലാപം സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഈടുറ്റ അധ്യായമാണല്ലോ. സ്വന്തം ആവാസമേഖലകളിൽ സ്വതന്ത്രരായി വിഹരിച്ചിരുന്ന സന്താളർക്കുമേൽ ബ്രിട്ടീഷ് സർക്കാർ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവന്നു; സന്താളരുടെ ഭൂമിക്കുമേൽ കടുത്ത നികുതി ഏർപ്പെടുത്തി. ആദിവാസികളുടെ ഭൂമി കൈവശപ്പെടുത്താൻ ഭൂപ്രഭുക്കൾക്കും കൊള്ളപ്പലിശക്കാർക്കും സർക്കാർ ഒത്താശ നൽകി. അതിനെതിരെ സന്താൾ മക്കൾക്ക് ആയുധമെടുത്തു പോരാടുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. 60,000 സന്താൾ പോരാളികൾ രണ്ടുംകൽപിച്ച് പോരാടി. ബ്രിട്ടീഷ് സർക്കാർ അത്യാധുനിക ആയുധങ്ങളുമായാണ് അവരെ നേരിട്ടത്. 15000 പേർ കൊല്ലപ്പെട്ടു. സന്താൾ മക്കളുടെ ഈ കലാപം വീരേതിഹാസമായി എന്നെന്നും ചരിത്രത്തിൽ നിലകൊള്ളുമെന്ന് ഗ്രന്ഥകാരൻ ഓർമിപ്പിക്കുന്നു.
ഇടതുപക്ഷ സർക്കാരിനെതിരെ ജനവികാരം ഇളക്കിവിടുന്നതിൽ മഴവിൽ സഖ്യത്തിന് വലിയതോതിൽ സഹായകമായ സ്ഥലമാണല്ലോ സിംഗൂർ. സിംഗൂരിൽ യഥാർഥത്തിൽ നടന്നതെന്താണെന്ന് വസ്‌തുനിഷ്‌ഠമായി ചെറുവല്ലി അപഗ്രഥിക്കുന്നുണ്ട്. സിംഗൂരിലും നന്ദിഗ്രാമിലുമുണ്ടായ കലാപങ്ങളെക്കുറിച്ച് പഠിക്കാനെത്തിയ ഫ്രഞ്ച് എഴുത്തുകാരൻ മാർക്ക് ഹാറ്റ്‌സ് ഫെൽഡിന്റെ The Policies & Land പന്ന കൃതിയിലെ ഉദ്ധരണിയും ചേർത്തിട്ടുണ്ട്.
ഭൂപരിഷ്‌കരണരംഗത്ത് ഇടതുപക്ഷ സർക്കാർ നടത്തിയ മുന്നേറ്റം സമഗ്രമായി രാധാകൃഷ്‌ണൻ വായനക്കാർക്കുവേണ്ടി അവതരിപ്പിക്കുന്നുണ്ട്.
പുരുളിയ ഗ്രാമത്തിലൂടെ സഞ്ചാരം നടത്തുന്ന ഗ്രന്ഥകാരൻ ഗ്രാമത്തിന്റെ ശാലീനതയും സൗന്ദര്യവും കാണുന്നു. അതോടൊപ്പം വിവാദമായ പുരുളിയ സംഭവം സവിസ്‌തരം പ്രതിപാദിക്കുന്നു.
അജോദ്ധ്യ ഉൾപ്പെടെയുള്ള ഗ്രാമങ്ങളിൽ സഞ്ചരിക്കുന്ന ഗ്രന്ഥകാരൻ അവിടത്തെ ആദിവാസിജീവിതം സവിസ്‌തരം അവതരിപ്പിക്കുന്നുണ്ട്. അജോദ്ധ്യ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന സുന്ദരമായ ഭൂപ്രദേശം കൂടിയാണ്. ടൂറിസത്തിന്റെ ഭാഗമായുണ്ടായ വികസനങ്ങൾ ആദിവാസികളെ ആട്ടിയോടിക്കുന്നതിനാണ് പലപ്പോഴും ഇടയാക്കുക. അജോദ്ധ്യയും ഇക്കാര്യത്തിൽ അപവാദമല്ലെന്ന് രാധാകൃഷ്‌ണൻ ചൂണ്ടിക്കാട്ടുന്നു. ഡാർജിലിങ്ങിലും ബാരക്‌പൂരിലും കാളീഘട്ടിലുമൊക്കെ സന്ദർശനം നടത്തിയ രാധാകൃഷ്‌ണൻ അവിടങ്ങളിലെ സവിശേഷതകൾ വായനക്കാർക്ക് പകർന്നുനൽകുന്നു.
ജ്യോതിബസു മന്ത്രിസഭയുടെ അവസാന നാളുകളിലും അതിനു രണ്ടു പതിറ്റാണ്ടിനുശേഷവും ബംഗാൾ സന്ദർശിക്കുന്ന ഗ്രന്ഥകാരന്റെ യാത്രാനുഭവങ്ങൾ ബംഗാളിനെ അറിയാൻ വായനക്കാരെ ഏറെ സഹായിക്കും. വംഗനാടിന്റെ ചരിത്രവും സമകാലിക അവസ്ഥയും അന്വേഷിക്കുന്ന വായനക്കാരനെ ഈ കൃതി ശരിക്കും ആകർഷിക്കും എന്ന കാര്യത്തിൽ സംശയമില്ല. ♦
ഏക്‌ല ചലോ രേ
ബംഗാൾ യാത്രകളുടെ പുസ്‌തകം
രാധാകൃഷ്‌ണൻ ചെറുവല്ലി
പ്രസാ: ചിന്ത പബ്ലിഷേഴ്‌സ്
വില: ₹ 330