കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ സ്മരണമഞ്ജരി എന്ന പുസ്തകത്തിലെ ‘ശ്രീനാരായണ ഗുരു’ എന്ന ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ
സ്മരണകൾ അയവിറക്കുക സന്തോഷമുള്ള ഒരു കാര്യമാണ്; വാർദ്ധക്യത്തിൽ വിശേഷിച്ചും. കഴിഞ്ഞകാലത്തിലേയ്ക്കു് | തിരിഞ്ഞുനോക്കുമ്പോൾ, ആലുവാ അദ്വൈതാശ്രമ സംസ്കൃതപാഠശാലയിലെ എന്റെ അധ്യാപക ജീവിതമാണു് മനസ്സിൽ മുന്നിട്ടുനിൽക്കുന്നത്. ശ്രീനാരായണഗുരു സ്ഥാപിച്ച ഈ പാഠശാല ഇപ്പോൾ ഒരു ഹൈസ്കൂളായി രൂപാന്തരപ്പെട്ടിരിക്കുകയാണ്. സംസ്കൃതത്തിനു് ഇന്നു് അവിടെ ഒരു സ്ഥാനവുമില്ല. വിദ്യാഭ്യാസ നവീകരണത്തിൽ, പഴയരീതിയിലുള്ള സംസ്കൃതപാഠശാലകളെല്ലാംതന്നെ പമ്പ കടന്നു. ഇൻഡ്യക്കു സ്വാതന്ത്രം കിട്ടിയതോടെ സംസ്കൃതഭാഷയ്ക്കു കഷ്ടകാലമായി. ഇപ്പോൾ എഴുത്തിലും പ്രസംഗത്തിലും മാത്രം ഗീർവ്വാണവാണീ മാഹാത്മ്യം ഘോഷിച്ചു് ആളുകൾ തൃപ്തിയടയുകയാണു്. അതെന്തെങ്കിലുമാകട്ടെ 1921-ൽ ആലുവാ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്ക്കൂളിൽനിന്നു സ്ക്കൂൾ ഫൈനൽ പരീക്ഷ (ഇപ്പോഴത്തെ എസ്. എസ്. എൽ. സി.) പാസ്സായതിനു ശേഷം അടുത്തകൊല്ലം ഞാൻ പ്രസ്തുത സംസ്കൃതപാഠശാലയിലെ അധ്യാപകനായി. പ്രൈമറി സ്ക്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയ കുട്ടികളെയാണ് ഇവിടെ ചേർത്തിരുന്നതു്. പ്രഥമ, ദ്വിതീയ, തൃതീയ ഇത്യാദി സംസ്കൃതപേരുകളിലായിരുന്നു ക്ലാസ്സുകളുടെ വിഭജനം. അങ്ങനെ ആറുക്ലാസ്സുണ്ട്. ആറാമത്തെ ക്ലാസ്സുകഴിയുമ്പോൾ കുട്ടികളെ അന്നത്തെ ഗവൺമെന്റ് നടത്തിയിരുന്ന ശാസ്ത്രിപരീക്ഷയ്ക്ക് അയയ്ക്കും. പാവപ്പെട്ടവരും താണജാതിക്കാരുമായ എത്രയോ വിദ്യാർത്ഥികൾ—അത്തരക്കാരായിരുന്നു അന്ന് അധികവും—അവിടെ പഠിച്ചു ശാസ്ത്രിമാരായിട്ടുണ്ട്. സംസ്കൃതമയമായിരുന്നു പാഠശാലയിലെ അന്തരീക്ഷം. അധ്യാപകർ ഹാജർ വിളിക്കുമ്പോൾ, അസ്മി അല്ലെങ്കിൽ ആഗതോസ്മി എന്നാണ് കൂട്ടികൾ മറുപടി പറയുക. വിദ്യാർത്ഥിസമ്മേളനങ്ങളിൽ ഉപന്യാസവായനയും പ്രസംഗവുമെല്ലാം സംസ്കൃതത്തിൽതന്നെ. ഇങ്ങനെ സകലതും ദേവഭാഷയിലായിരുന്നെങ്കിലും മലയാളവും ഇംഗ്ലീഷും ഉപഭാഷകളായി കുട്ടികൾക്കു പഠിക്കാനുണ്ടായിരുന്നു. ഇംഗ്ലീഷ് പഠിപ്പിക്കലായിരുന്നു എന്റെ ജോലി.
എല്ലാം പോയോ? പാഠശാലാ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കു ചിലപ്പോൾ സ്വാമിയുടെ വകയായി ഒരു സദ്യകൊടുക്കാറുണ്ടു്. വിവിധ ജാതിമതസ്ഥരായ വിദ്യാർത്ഥികൾ ഒരുമിച്ചിരുന്നാണു് ഭക്ഷണം കഴിക്കുന്നതെന്നു പറയേണ്ടതില്ലല്ലോ. ഒരു തവണ സദ്യയ്ക്കു എന്നെയും ആശ്രമാധികാരികൾ ക്ഷണിച്ചു. അക്കാലത്തെ സ്ഥിതിക്ക് , ഞാൻ ക്ഷണം സ്വീകരിക്കുമോ എന്നു് അവർക്കു് സംശയമുണ്ടായിരുന്നു. അന്നു മിശ്രഭോജനം അക്ഷന്തവ്യമായ ആചാര ലംഘനമായിട്ടാണു് സവർണ്ണഹിന്ദുക്കൾ കരുതിയിരുന്നതു്. ഒരു യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചുവളർന്ന് അതുവരെ ലോകം കാണാത്തമട്ടിൽ കഴിഞ്ഞുകൂടിയ എനിക്കും അല്പം ശങ്കതോന്നാതിരുന്നില്ല. എങ്കിലും ഒട്ടും മടിക്കാതെ ഞാൻ ഉണ്ണാൻ ചെന്നു. പറയൻ, പുലയൻ, നായർ, ഈഴവൻ, ക്രിസ്ത്യാനി ഇങ്ങനെ ബ്രാഹ്മണരൊഴിച്ചെല്ലാവരും നിരന്നിരുന്ന പന്തിയിൽ സ്വാമി അഗ്രാസനസ്ഥനായി. തൊട്ടടുത്തുതന്നെ എനിക്കും ഇലയിട്ടിരുന്നു. വിളമ്പുതുടങ്ങിയപ്പോൾ അദ്ദേഹം എന്നെ നോക്കി തികഞ്ഞ ഗൗരവത്തോടെ “പോയോ” എന്നു മാത്രം ചോദിച്ചു. എനിക്കൊരു പിടിയും കിട്ടിയില്ല. ഒന്നും മിണ്ടാതെ ഞാൻ അല്പമൊന്നമ്പരന്നു മിഴിച്ചിരുന്നുപോയി. അതുകണ്ട് ഒരു ചെറിയ പുഞ്ചിരിയോടെ അദ്ദേഹം “എല്ലാം പോയോ” എന്നു വീണ്ടും ചോദിച്ചു. അപ്പോഴേയ്ക്കും എന്നിലെങ്ങിനേയോ ചോദ്യത്തിന്റെ പൊരുൾ തെളിഞ്ഞു. “എല്ലാം പോയി സ്വാമി” എന്നു പതിഞ്ഞ സ്വരത്തിൽ ഞാൻ വിനീതനായി അറിയിച്ചു. ജാതിസംബന്ധമായ ശങ്കയും വൈമനസ്യവുമെല്ലാം പോയോ എന്നായിരുന്നു ചോദ്യത്തിലെ ധ്വനി. പാരമ്പര്യത്തിൽ കട്ടപിടിച്ചു കിടക്കുന്ന ജാതിക്കറ തീരെ മാഞ്ഞുപോകുക അന്ന് എളുപ്പമല്ലല്ലോ. എന്റെ ആദ്യത്തെ മിശ്രഭോജനമായിരുന്നു അത്. ശ്രീനാരായണഗുരുവിന്റെ മഹനീയ സന്നിധാനത്തിൽ അന്നു ഞാൻ ആദ്യമായി മനുഷ്യജാതിയെ കണ്ടെത്തി. |
പ്രഥമദർശനം
പാഠശാലയിൽച്ചേർന്ന് അധികദിവസം കഴിയുന്നതിനു മുമ്പുതന്നെ, ശ്രീനാരായണഗുരുവിനെ ദർശിക്കുവാനും അദ്ദേഹവുമായി അല്പനേരം സംഭാഷണംനടത്താനും എനിക്കു് അവസരം ലഭിച്ചു. അതുവരെ ഞാനദ്ദേഹത്തെ കണ്ടിട്ടില്ലായിരുന്നു. ഒരു ദിവസം ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് അന്നത്തെ എന്റെ ജോലി തീർന്നു അഞ്ചുമൈൽ ദൂരെയുള്ള വീട്ടിലേയ്ക്കു അപ്പോൾതന്നെ ഞാൻ തിരിച്ചുപോകാൻ തുടങ്ങുകയായിരുന്നു. ഗേറ്റിൽ ചെന്നപ്പോൾ അവിടെ സാലപ്രാംശുവും മഹാഭുജനും കാഷായാംബരധാരിയുമായ ഒരാൾ ദീർഘദണ്ഡുമേന്തി നില്ക്കുന്നു. അസാധാരണമായ മുഖ തേജസ്സുകൊണ്ടുതന്നെ ആളാരാണെന്നു് ഊഹിക്കാമായിരുന്നു. ദിവസവും നാലു മണിയ്ക്കു സ്ക്കൂൾ വിട്ടാൽ ക്ഷണനേരംപോലും അവിടെ തങ്ങിനിൽക്കാതെ വീട്ടിലേയ്ക്കോടിയിരുന്ന ഞാൻ, ശ്രീനാരായണഗുരു അന്നു വിശ്രമാർത്ഥം ആലുവായിലെത്തിയിരുന്ന വിവരം ഗ്രഹിച്ചിരുന്നില്ല. അദ്ദേഹം പാഠശാലയിലെ വിശ്രമമന്ദിരത്തിൽനിന്ന് ആറ്റിൻകരയിലുള്ള ആശ്രമത്തിലേയ്ക്കു പുറപ്പെട്ടുനിൽക്കുകയായിരുന്നു. എന്നെക്കണ്ടപ്പോൾ ‘ആര്’ എന്ന ഘനഗംഭീര സ്വരത്തിലൊരു ചോദ്യം. “ഇവിടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന…” എന്നു ഞാൻ പതുക്കെ പറഞ്ഞുതുടങ്ങിയപ്പോഴേയ്ക്കും “ഓ! പുതുതായി വന്ന ഇംഗ്ലീഷു വാദ്ധ്യാരോ?” എന്നു വീണ്ടും ചോദിച്ചുകൊണ്ടു സ്വാമി പിന്നൊന്നും മിണ്ടാതെ ഗേറ്റുകടന്നു നടക്കാൻതുടങ്ങി. ഞാനും പിന്നാലെ ചെന്നു. എനിക്കു പോകേണ്ട വഴിയും അതായിരുന്നു. റോഡിൽവച്ച് അദ്ദേഹം തിരിഞ്ഞു നോക്കുകയോ എന്തെങ്കിലും ചോദിക്കുകയോ ഒന്നും ചെയ്തില്ല. ഇങ്ങനെ ഒരുവൻ തന്നെ പിന്തുടരുന്നുണ്ടെന്നുപോലും അദ്ദേഹം ഭാവിച്ചില്ല. ആ മൗനവലയം ഭേദിച്ച് അങ്ങോട്ടു കേറി എന്തെങ്കിലും ചോദിക്കാനോ പറയാനോ എനിക്കൊരുപേടി. ‘അധൃഷ്യശ്ചാഭിഗമൃശ്ച’ എന്ന കാളിദാസോക്തിയിലെ രണ്ടു ഭാവങ്ങളും സ്വാമിയിലുണ്ടായിരുന്നുവെങ്കിലും ആദ്യം കാണുന്നവർക്കു് ഒന്നാമത്തേതാണ് പെട്ടെന്നനുഭവപ്പെടുക. റോഡിൽനിന്നു് ആശ്രമ സ്ഥലത്തേയ്ക്കു തിരിഞ്ഞപ്പോഴും അദ്ദേഹമെന്നെ നോക്കിയില്ല; കൂടെച്ചെല്ലാൻ പറഞ്ഞുമില്ല. ആ സ്ഥിതിക്കു വേണമെങ്കിൽ എനിക്കു നേരേ പോകാമായിരുന്നു; പക്ഷേ, എന്തുകൊണ്ടോ, സ്വാമിയുടെ കൂടെ ആശ്രമത്തിലേയ്ക്കു കടക്കണമെന്നു തോന്നി. അദ്ദേഹം ചെന്നിരുന്നതു പുഴവക്കിലുള്ള ഒരു മാവിന്റെ ചുവട്ടിലായിരുന്നു. ഞാനും അവിടെ ചെന്നുനിന്നു. അനുവാദം കൂടാതെ അങ്ങോട്ടുചെന്നതു ധിക്കാരമായോ എന്നുപോലും ഞാൻ ശങ്കിച്ചു. അല്പനേരത്തെ മൗനത്തിനുശേഷം; അദ്ദേഹമെന്റെ ഊരും പേരും മറ്റും ചോദിച്ചു തുടങ്ങിയപ്പോൾ തെല്ലൊരാശ്വാസം തോന്നി. ഞാൻ ദിവസവും പത്തുനാഴിക നടന്നാണ് അധ്യാപകജോലി നിർവ്വഹിച്ചു പോരുന്നതെന്നും മറ്റുമുള്ള വിവരം അപ്പോഴാണ് സ്വാമി മനസ്സിലാക്കിയത്. ഉടനെ പരിചാരകനെ വിളിച്ചു കുറേ പഴം കൊണ്ടുവരുവാൻ പറഞ്ഞു. അയാളിൽ നിന്ന് അതുവാങ്ങി സ്വാമിതന്നെ എനിക്കുതന്നു. അന്നത്തെ സന്ദർശനം അങ്ങനെ മധുരഫലാസ്വാദനത്തിൽ കലാശിച്ചു. തുടർന്ന് അഞ്ചാറുകൊല്ലം, ശ്രീനാരായണഗുരു ആലുവായിൽ വിശ്രമിക്കാൻ വരുമ്പോഴൊക്കെ, അദ്ദേഹവുമായി അടുത്തു സമ്പർക്കം പുലർത്താനും ആ ഗുരുമുഖത്തുനിന്നു പല വിശിഷ്ടോപദേശങ്ങൾ കേൾക്കാനും എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ടു്. നാൽപ്പതു കൊല്ലം മുമ്പുള്ള ആ കാലഘട്ടം എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നുവെന്നുപറയാം.
പാഠശാലയിൽ ചേർന്ന് രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ എന്റെ ദിവസേനയുള്ള പത്തു മൈൽ നടപ്പിന് ഒരാശ്വാസം കിട്ടി. ആശ്രമാധികാരികളുടെ സന്മനസ്സുകൊണ്ടു്, സ്കൂൾ കെട്ടിടത്തിലെ ഒരു മുറിയിൽ താമസിക്കുവാൻ സൗകര്യം ലഭിച്ചു. അങ്ങനെ ഞാനും ഒരാശ്രമവാസിയായി. കൊല്ലംതോറും വേനൽക്കാലത്തു ചില മാസങ്ങളെങ്കിലും ശ്രീനാരായണഗുരു ആലുവാ ആശ്രമത്തിൽ വിശ്രമിക്കുക പതിവാണ്. അദ്ദേഹം വരുന്നുവെന്നു കേട്ടാൽ അദ്ധ്യാപകരും വിദ്യാർത്ഥികളും എന്തെന്നില്ലാത്തൊരു സന്തോഷത്തിൽ മുഴുകും. ഈ സന്തോഷത്തിന്റെ അടിയിൽ സ്വാർത്ഥപരമായൊരു കാരണവുമുണ്ട്. സ്വാമി അവിടെയുള്ളപ്പോഴാണു്, അദ്ധ്യാപകർക്ക് പ്രതിമാസശമ്പളം മുഴുവൻ ഒന്നിച്ചുകിട്ടുക. ഇല്ലാത്തപ്പോഴത്തെ കഥ പ്രായേണ ഖണ്ഡശഃ എന്നു വേണം പറയാൻ. സർക്കാരിൽ നിന്നു് മൊത്തത്തിൽ 80 രൂപമാത്രമാണ് ഗ്രാന്റായി അന്നു കിട്ടിയിരുന്നത്. ശമ്പളം തികച്ചുകൊടുക്കാൻ വേണ്ടിവരുന്ന ബാക്കി സംഖ്യ ആശ്രമാധികാരികൾ അപ്പോഴപ്പോഴായി അവിടന്നുമിവിടന്നും പിരിച്ചുണ്ടാക്കണം. എന്നാൽ സ്വാമി സ്ഥലത്തുള്ളപ്പോൾ പാദകാണിക്കയായും മറ്റും നല്ലൊരു സംഖ്യ വരവുണ്ടാകുന്നതുകൊണ്ട് ശമ്പളക്കുടിശ്ശിക തീർക്കാൻ അതാണൊരവസരം. ഇരുപതുരൂപയായിരുന്നു ഇംഗ്ലീഷ് ടീച്ചറുടെ ശമ്പളം. അന്ന് നൂറുരൂപപോലും ഒന്നിച്ചു കണ്ടിട്ടില്ലാത്ത എനിയ്ക്കു് ഇരുപതു വെള്ളി രൂപ തികച്ചു കിട്ടുമ്പോൾ എന്തൊരു സന്തോഷമായിരുന്നെന്നോ! വിദ്യാർത്ഥികൾക്കും ആഹ്ലാദത്തിനു വകയുണ്ടാകും. പറഞ്ഞതുപോലെ അവർക്കു ചിലപ്പോഴൊക്കെ സദ്യകിട്ടും. ജാത്യഭിമാനം മൂലം മിശ്രഭോജനത്തിൽ നിന്ന് ഒഴിഞ്ഞുമാറിനിൽക്കുന്ന കുട്ടികൾക്കു സദ്യ സമയത്ത‍് അവലുംപഴവും വാങ്ങിക്കൊടുക്കാൻ സ്വാമി ആജ്ഞാപിക്കാറുണ്ട്. പട്ടിണി കിടന്നും ആഭിജാത്യം നടിക്കുന്ന ഈ സവർണ്ണസന്തതികളോടു് എന്തിനിങ്ങനെ സ്വാമി കാരുണ്യംകാണിക്കുന്നുവെന്നു ചില അന്തേവാസികൾ മുറുമുറുത്തിരുന്നു. ആകാശവിശാലമായ ആ ഹൃദയത്തിലുണ്ടോ അത്തരം സങ്കുചിതവിചാരത്തിനു സ്ഥാനം! അയിത്തം കണിശമായി ആചരിച്ചിരുന്ന ചില സവർണ്ണകുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് പഠിക്കാൻ സ്വാമി ഫീസ് കൊടുത്തു സഹായിച്ചിരുന്നുവെന്നും കേട്ടിട്ടുണ്ട്. ശതാബ്ദങ്ങളുടെ പാരമ്പര്യമുള്ള കീഴ്‌നടപ്പുകളുടെ സന്തതികളിൽനിന്നു് ജാതിഭേദഭാവന തീരെ വിട്ടുപോകണമെങ്കിൽ കാലം കുറെയധികം മുന്നോട്ടുപോകണമെന്നും ഇക്കാര്യത്തിൽ ആരോടും വിദ്വേഷം തോന്നരുതെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു.
നർമ്മബോധം വേദാന്തചിന്താവിരക്തനായിരുന്നെങ്കിലും ശ്രീനാരായണഗുരു നല്ല നർമ്മബോധമുള്ള സഹൃദയനായിരുന്നു. ഗൗരവസംവലിതമായ സ്വരത്തിലും ഭാഷയിലും ദുർല്ലഭം ചില സന്ദർഭങ്ങളിൽ മാത്രമേ അതു പ്രകടമാകുകയുള്ളൂ. ഒരു ദിവസം ഞാൻ സ്വാമിയുടെ അടുത്തു നിൽക്കുമ്പോൾ സായ്-പിനെപ്പോലെ തൊപ്പികുപ്പായധാരിയായ ഒരാൾ അദ്ദേഹത്തെ കാണാൻവന്നു. അല്പം അകലെവച്ചുതന്നെ തലയിലെ ഹാറ്റെടുത്തു കക്ഷത്തിലാക്കിക്കൊണ്ട് അയാൾ അടുത്തുവന്നു താണുതൊഴുതു. വടക്കേ മലബാറിൽ നിന്നാണു് ഈ നാടൻസായ്പിന്റെ വരവ്. ഏതോ ചില കാര്യങ്ങളെപ്പറ്റി കുറേനേരം സംസാരിച്ചതിനുശേഷം ആഗതൻ യാത്രാനുമതിവാങ്ങിപ്പിരിഞ്ഞു. അപ്പോൾ എന്നെനോക്കി സ്വാമി പറയുകയാണു്. “പാവം ആ വേഷത്തിൽ കാലുരണ്ടും ശരിക്കുണ്ടെന്നറിയാം. ഇല്ലയോ?”—പൊട്ടിപ്പുറപ്പെട്ട ചിരി വിഷമിച്ചടക്കിപ്പിടിച്ചു കൊണ്ടു് ഞാൻ മിണ്ടാതെ നിന്നു “മുണ്ടുടുത്താൽ കാലുരണ്ടും കവരപോലെ വേർതിരിച്ചു കാണാൻപറ്റില്ലല്ലോ” എന്നൊരു വിശദീകരണവും അതേത്തുടർന്നുണ്ടായി. ‘പാവം’ എന്ന ആ രണ്ടക്ഷരത്തിൽ എന്തുമാത്രം ധ്വനിയുണ്ടെന്നു നോക്കു. ഈ വാക്കു സംഭാഷണത്തിൽ സ്വാമി പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഈഴവസമുദായം മതംമാറാൻ പോകുന്നു എന്നൊരുവാർത്ത ഒരു കാലത്തു കേരളം മുഴുവൻ മാറ്റൊലിക്കൊണ്ടിരുന്നല്ലോ. അന്നൊരിക്കൽ ഒരു മിഷനറിസായ്പ് മദാമ്മയും കുട്ടികളുമൊത്ത് ഒരു കാറിൽ വന്നിറങ്ങി. സ്വാമി ദർശനത്തിനുവന്നിരിക്കയാണവർ. കൂട്ടത്തിൽ തന്റെ കൈവശമുള്ള മതവലയൊന്നു വീശിനോക്കണമെന്നും സായ്പിനുദ്ദേശമുണ്ടായിരുന്നു. ദ്വിഭാഷിയുടെ സഹായത്തോടെ ക്രിസ്തുമതമാഹാത്മ്യത്തെപ്പറ്റി കുറെയൊക്കെ പറഞ്ഞു കേൾപ്പിച്ചതിന്നുശേഷം സായ്പ് ബൈബിളിന്റെ ഏതാനും പ്രതികളും സ്വാമിക്കു കാഴ്ചവച്ചു. എല്ലാം കഴിഞ്ഞ് അവർ പോയപ്പോൾ, ആ സന്ദർശനത്തെപ്പറ്റി സ്വാമി എന്തു പറയുന്നുവെന്നു കേൾപ്പാൻ ഞങ്ങൾ ചെവി വട്ടംപിടിച്ചു നിൽക്കുകയായിരുന്നു. എന്താണ് പറഞ്ഞതെന്നോ? അനുകമ്പാർദ്രമായ സ്വരത്തിൽ “പാവങ്ങൾ” എന്നുമാത്രം! അരച്ചുകലക്കി നോക്കിയാൽ ഈ വാഗ് ഗുളികയിലും കാണാം രസവത്തായ അർത്ഥവിശേഷങ്ങൾ. |
പ്രപഞ്ചത്തിന്റെ മിഥ്യത്വത്തിൽ ഭ്രമിച്ചു കർമ്മവിമുഖരായി അലസജീവിതം നയിക്കുന്ന ഇന്ത്യൻ സന്ന്യാസിമാർക്കു ശ്രീനാരായണന്റെ സേവനസമർപ്പിതമായ ജീവിതം മഹത്തായൊരു മാതൃകയാകേണ്ടതാണ്. എന്നാൽ അധഃകൃതവർഗ്ഗോദ്ധാരകൻ എന്നനിലയിൽ മാത്രമല്ല നാം അദ്ദേഹത്തെ കാണേണ്ടത്. മനുഷ്യജാതിയെന്ന വിശ്വവിശാലമായ ആശയത്തിന്റെ പ്രഥമാവതാരകൻ, മതത്തേയും ദൈവത്തേയും അദ്വൈതദൃഷ്ട്യാ ഏകത്വത്തിൽ വിലയിപ്പിച്ച തത്ത്വദർശി, സഹസ്രാബ്ദങ്ങളായി നിലനിന്നു പോന്ന മൂഢാചാരപാരമ്പര്യത്തേയും അന്ധവിശ്വാസങ്ങളേയും ധീരതയോടെ ധ്വംസിച്ച് സാമൂഹിക ജീവിതത്തിൽ വിപ്ലവം സൃഷ്ടിച്ച ഉത്പതിഷ്ണു, യുക്ത്യാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഏതു മതപ്രമാണത്തേയും തത്ത്വ സംഹിതയേയും നിശ്ശങ്കം നിരൂപണം ചെയ്ത സ്വതന്ത്രചിന്തകൻ എന്നീ വിവിധനിലകളിൽ ശ്രീനാരായണൻ ഒരപൂർവ്വാചാര്യനായി പ്രശോഭിച്ചിട്ടുണ്ട്. ഇതര മതാചാര്യന്മാരെപ്പോലെ ആദ്ധ്യാത്മികതയേയും ഭാതികത്വത്തേയും വേർതിരിച്ചു നിർത്തി രണ്ടാമത്തേതിനെ തുച്ഛീകരിച്ചുകാണിപ്പാൻ അദ്ദേഹം ഒരിക്കലും മുതിർന്നിട്ടില്ല. രണ്ടും ജീവിതത്തിന്റെ അവിഭക്തഘടകങ്ങളും സമപ്രധാനങ്ങളുമാണെന്ന തത്ത്വമാണു് ഗുരു ദർശിച്ചിരുന്നത്. മാത്രമല്ല, “മതമേതായാലും കൊള്ളാം മനുഷ്യൻ നന്നായാൽ മതി” എന്ന സുപ്രസിദ്ധമായ ഗുരുവചനത്തിൽ മനുഷ്യനന്മയ്ക്കാണല്ലോ പ്രാധാന്യം. ആ നന്മയ്ക്കു മതം അത്യാവശ്യമല്ലെന്ന ധ്വനികൂടി അതിലുണ്ട്. മറ്റു മതപ്രചാരകന്മാർ അവനവന്റെ മതമാകുന്ന പുഴയുടെ ആഴവും നീളവും അളന്നുകാണിച്ചു പ്രചാരണപ്പെരുമ്പറ മുഴക്കിയപ്പോൾ, ശ്രീനാരായണഗുരു ഹിന്ദുമതത്തെപ്പറ്റി ഒരക്ഷരവും പറയാതെ എല്ലാ മതനദികളും ചെന്നുചേരുന്ന മഹാസമുദ്രത്തെപ്പറ്റിയാണ് സംസാരിച്ചതെന്ന സംഗതി ഏറ്റവും അർത്ഥവത്താകുന്നു. വാസ്തവത്തിൽ മതാതീതനായ ഒരു തത്ത്വജ്ഞാനിയായിരുന്നു അദ്ദേഹം.
ചാത്തൻ
ശ്രീനാരായണഗുരു പല അത്ഭുതവിദ്യകളും പ്രയോഗിച്ചിട്ടുണ്ടെന്നു ചിലർ പറഞ്ഞുകേട്ടിട്ടുണ്ട്. എന്റെ അറിവിൽപ്പെട്ടിടത്തോളം അങ്ങനെ വിശ്വസിക്കാൻ വഴികാണുന്നില്ല. ഒരിക്കൽ ചാത്തന്റെ ഉപദ്രവം സഹിക്കവയ്യാതെ ഒരു മുസ്ലീം, സ്വാമിയുടെ അടുത്തുവന്നു സങ്കടം പറയുന്നതു കണ്ടു. സ്വാമിയുടെ ഒരു കത്തു കിട്ടിയാൽ ചാത്തന്റെ ശല്യം മാറുമെന്നായിരുന്നു അയാളുടെ ദൃഢവിശ്വാസം, പിന്നെ കത്തുകൊടുക്കാതെന്തുചെയ്യും! അയാളെ ഉപദ്രവിക്കരുതെന്നു പറഞ്ഞുകൊണ്ടു സ്വാമി ചാത്തന് ഒരു കത്തുകൊടുത്തു. പുരയ്ക്കു ചുറ്റും നടന്ന് അത് ഉറക്കെ വായിക്കാനും പറഞ്ഞുവെന്നു തോന്നുന്നു. ഈ സമയമെല്ലാം ഞാൻ അത്ഭുതാധീനനായി അടുത്തുനിൽക്കുന്നുണ്ടായിരുന്നു. അയാൾ പോയ്ക്കഴിഞ്ഞപ്പോൾ, ചാത്തൻ എന്നൊന്നുണ്ടോ എന്നൊരു ചോദ്യം എന്നിൽ നിന്നു പുറപ്പെടാതിരുന്നില്ല. സ്വാമി അതിനു പറഞ്ഞ മറുപടി എന്താണെന്നോ! “പാവം, അവന്റെ വിശ്വാസം” എന്നുമാത്രം. ഈവക കാര്യങ്ങളെപ്പറ്റി സ്വാമിയോടു തുറന്നുചോദിക്കാൻ ആരും ധൈര്യപ്പെടാതിരുന്നതുകൊണ്ടാകാം, വെറും കേട്ടുകേൾവിയെ അവലംബിച്ചു പല വിശ്വാസങ്ങളും പ്രചരിച്ചുപോന്നത്. |
“പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തിപറഞ്ഞു പാമരന്മാ-
രലയുവതോർത്തലയാതിരുന്നിടേണം.”
എന്ന ഉപദേശത്തിലെ അന്ധഗജന്യായംകൊണ്ട് അദ്ദേഹം മതഭേദങ്ങളെ കളിയാക്കുകകൂടി ചെയ്യുന്നുണ്ട്. “ഒരു ജാതി, ഒരുമതം, ഒരു ദൈവം മനുഷ്യന്” എന്ന ശ്രീനാരായണസന്ദേശം എക്കാലത്തും ഏതു രാജ്യത്തും വിലപ്പോകുന്നതും ഏതു സമുദായത്തിന്റേയും സാംസ്കാരികവികസനത്തിന് അത്യന്തം ഉപകരിക്കുന്നതുമായ ഒരു വിശിഷ്ടാശയമാണ്. ഭൂമുഖത്തെ വികൃതമാക്കുന്ന സമസ്തജാതിമതവർഗ്ഗഭേദങ്ങളും അസ്തമിച്ചു കേവലമായ മനുഷ്യത്വത്തിന്റെ സർവ്വാശ്ലേഷിയായ മനോഹരരൂപം ആ സന്ദേശത്തിൽ പൊന്തിവരുന്നു. ഭേദങ്ങളസ്തമിച്ചാൽ, സാധാരണാർത്ഥത്തിൽ നിലവിലുള്ള മതങ്ങളെല്ലാം ഇല്ലാതാകുമല്ലോ. അപ്പോൾ പിന്നെ ജാതികൾക്കും ബഹുവിധദൈവങ്ങൾക്കും നിൽക്കക്കള്ളിയുണ്ടാകില്ല. അന്താരാഷ്ട്രീയ മേഖലയിൽ ഇന്നു രൂപംപൂണ്ടു തുടങ്ങിയിരിക്കുന്ന ഏകലോകമെന്ന ആശയത്തിന്റെ ഒരു മുദ്രാവാക്യമായി പ്രസ്തുതസന്ദേശത്തെ പരിഗണിക്കാം. ഒരു പ്രത്യേക മതത്തെ ആസ്പദമാക്കി ശ്രീനാരായണഗുരു ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന കാര്യം ഇവിടെ വിസ്മരിക്കുന്നില്ല. പക്ഷേ, അതു പാമരഭൂരിപക്ഷമുള്ള അധഃസ്ഥിത സമുദായങ്ങളെ പടിപടിയായി ഉയർത്തിക്കൊണ്ടുവരുന്നതിനാവശ്യമായ ഒരു തൽക്കാലോപാധിമാത്രമായിരുന്നു. ക്ഷേത്രങ്ങൾ ഇനി ആവശ്യമില്ലെന്നും തൽസ്ഥാനത്തു വിദ്യാഭ്യാസസ്ഥാപനങ്ങളോ തൊഴിൽശാലകളോ ആണ് വേണ്ടതെന്നും അദ്ദേഹം അനന്തരകാലത്തു തുറന്നുപറഞ്ഞിട്ടുണ്ട്. ഗുരു ഒടുവിൽ നടത്തിയ കണ്ണാടിപ്രതിഷ്ഠയോ? മനുഷ്യന്റെ ധ്യാനലക്ഷ്യം മനുഷ്യൻതന്നെയാണെന്നും അവന്റെ അന്തഃശക്തിയുടെ വികാസമാണാവശ്യമെന്നും ഉള്ള വസ്തുതയല്ലേ അതു വെളിപ്പെടുത്തുന്നത്?
ശ്രീനാരായണന്റെ ക്ഷേത്രപ്രതിഷ്ഠയ്ക്കു കാലത്തിനൊത്ത വേറൊരർത്ഥം കൂടിയുണ്ടെന്നോർക്കണം. എത്ര വെട്ടിയാലും മുറിഞ്ഞുപോകാതെ ഭാരതത്തിൽ വേരുറച്ചുപോയ ബ്രാഹ്മണപൗരോഹിത്യത്തിന്റെ നേരെ ഉഗ്രംപശ്യനായി അദ്ദേഹം നടത്തിയ ഒരു വെല്ലുവിളിയാണത്. വൈദികസ്ഥാനങ്ങളിൽ നിന്നു ചോദ്യം പുറപ്പെട്ടപ്പോൾ, താൻ ഈഴവശിവനേയാണ് പ്രതിഷ്ഠിച്ചതെന്ന പ്രത്യുത്തരം ദൂരവ്യാപകമായ ഒരാശയവിപ്ലവത്തിന്റെ ഗംഭീരശംഖധ്വനിയായിരുന്നു. അതിലെ നിശിതമായ ഹാസ്യം യാഥാസ്ഥിതികരെ നിശ്ശബ്ദരാക്കാൻ പര്യാപ്തമാവുകയും ചെയ്തു. ♦