Monday, November 25, 2024

ad

Homeകവര്‍സ്റ്റോറി‘ജാതിഭേദങ്ങൾ വിട്ടകന്ന' നാരായണ ഗുരു

‘ജാതിഭേദങ്ങൾ വിട്ടകന്ന’ നാരായണ ഗുരു

സ്മൃതി മോഹൻ ഇ (ഗവേഷക, മലയാളം വിഭാഗം, 
കാലിക്കറ്റ് സർവകലാശാല)

വൈവിധ്യപൂർണമായ സാമൂഹിക ഇടപെടലുകളിലൂടെ സമൂഹത്തിനു വ്യത്യസ്‌തമായ പ്രതിരോധ മാതൃകകൾ കാണിച്ചു നൽകിയ ആചാര്യനായിരുന്നു നാരായണ ഗുരു. ദാർശനികൻ, ആത്മീയാചാര്യൻ, സാമൂഹിക പരിഷ്‌കർത്താവ്, സന്ന്യാസി എന്നിങ്ങനെ ഒരു കള്ളിയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഒതുക്കിത്തീർക്കാനോ നവോത്ഥാന – പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ചരിത്ര ഭൂമികയിൽ നാരായണ ഗുരുവിന്റെ ആശയങ്ങളെ ഉപേക്ഷിച്ചു കളയുവാനോ കേരളീയ ജനതയ്ക്കാവില്ല. പ്രത്യേകിച്ചും ഇന്നു നമ്മൾ കടന്നു പോകുന്ന സാമൂഹിക സാഹചര്യങ്ങളിൽ നാരായണ ഗുരുവിനെ ഒരു ഹിന്ദു സന്ന്യാസിയായി മുദ്രകുത്താനും അദ്ദേഹത്തിന്റെ ആശയങ്ങളെ പ്രതിലോമകരമായ രീതിയിൽ പിടിച്ചടക്കാനും നിരന്തരമായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ ഇന്ത്യൻ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ മൂലാധാരങ്ങളിൽ ഒന്നായ വർണാശ്രമ വ്യവസ്ഥയ്ക്കെതിരെയും അതു സമൂഹത്തിൽ ഉണ്ടാക്കിയ മേൽക്കോയ്മയ്ക്കെ‌തിരെയും അദ്ദേഹം നടത്തിയ പ്രതിരോധം ഈ അവസരത്തിൽ പ്രാധാന്യമർഹിക്കുന്നതു തന്നെയാണ്.

കേരളത്തിലെ യാഥാസ്ഥിതിക സമൂഹത്തെ വെല്ലുവിളിച്ചു കൊണ്ട് 1888- ൽ ഗുരു നടത്തിയ അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ സവർണ മേൽക്കോയ്‌മയെ പ്രതിരോധിക്കാൻ അദ്ദേഹം കണ്ടെത്തിയ ഒരു വ്യവഹാര രൂപം മാത്രമായിരുന്നു. അദ്ദേഹം സ്ഥാപിച്ച ക്ഷേത്രങ്ങളൊന്നും തന്നെ അദ്ദേഹത്തിനു വേണ്ടിയായിരുന്നില്ല. മറിച്ച് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു വലിയ കൂട്ടം ജനങ്ങൾക്കു വേണ്ടിയായിരുന്നു. ക്ഷേത്രവും ദൈവവും സവർണ കുത്തകയായിരുന്നതിനാൽ ദൈവവും ദൈവമിരിക്കുന്ന ക്ഷേത്രവും മാത്രമല്ല ക്ഷേത്രത്തിനടുത്തുള്ള നടവഴികൾ പോലും അവർണർക്ക് നിഷിദ്ധമായിരുന്നു. ജാതിയെ ദൈവഹിതമെന്ന രീതിയിൽ അംഗീകരിച്ചു ജീവിക്കാൻ ശ്രമിച്ച ഒരു ജനതയ്ക്ക്, അവരിൽ നിലനിൽക്കുന്ന അപകർഷതാബോധത്തെ ഇല്ലായ്മ ചെയ്യാനും പുതിയൊരു ആത്മബോധം വളർത്തിയെടുക്കാനും ആരാധനാ സ്വാതന്ത്ര്യം കൈവരുന്നതിലൂടെ സാധിക്കുമെന്ന ഗുരുവിന്റെ വീക്ഷണമായിരുന്നു ആ ‘ഈഴവശിവ’ന്റെ പിറവിക്കു പിന്നിൽ പ്രവർത്തിച്ചത്. മാത്രമല്ല വൈദികമായ അനേകം ആചാര വിധികളിലൂടെ നടത്തിയിരുന്ന ക്ഷേത്ര പ്രതിഷ്ഠാകർമ്മത്തെ ഇതിത്രയേ ഉള്ളൂ എന്നു നിസാരവൽക്കരിക്കാനും ഇതിലൂടെ ഗുരുവിനായി. സവർണ പ്രത്യയശാസ്ത്രത്തിന്റെ വിലക്കുകൾക്ക് കീഴൊതുങ്ങിക്കിടന്ന ജനവിഭാഗങ്ങളെ സ്വയം പ്രതിരോധത്തിന്റെ തലത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനാണ് ഗുരു ശ്രമിച്ചത്. സവർണരെപ്പോലെ ക്ഷേത്രങ്ങളിൽ കടക്കാനും ആരാധന നടത്താനും വിദ്യാഭ്യാസം നേടാനും സാമ്പത്തിക ഭദ്രത കൈവരിക്കാനും ഏതു ജാതിയിൽപെട്ടവർക്കും അവകാശമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് അവരിൽ ആത്മബോധം വളർത്തുന്നതിന്റെ ആദ്യപടി. ഒരു പക്ഷേ ഏറ്റവും ശ്രമകരമായ പടിയും. അതു വളരെ നന്നായി നിർവ്വഹിക്കാൻ ഗുരുവിനു സാധിച്ചു എന്നു തന്നെ പറയാം. ക്ഷേത്രങ്ങളോടനുബന്ധിച്ച് വിദ്യാഭ്യാസ കേന്ദ്രങ്ങളും വായനശാലകളും സ്ഥാപിക്കാനും ആളുകൾക്ക് കൂട്ടം ചേരാനും ആശയങ്ങൾ പങ്കുവയ്ക്കുവാനും ഉതകുന്ന ഒരു പൊതു ഇടം എന്ന നിലയിൽ ക്ഷേത്രങ്ങൾ വികസിക്കുകയും പതിയെ അതിന്റെ ദൈവകേന്ദ്രിതമായ മാനങ്ങൾ ഇല്ലാതാവുകയും അതൊരു കെട്ടിടം മാത്രമായിത്തീരുകയും ചെയ്യണം എന്നതായിരുന്നു നാരായണ ഗുരുവിന്റെ ഉദ്ദേശ്യം. അദ്ദേഹത്തിന്റെ പിൽക്കാല കണ്ണാടി പ്രതിഷ്ഠയും മറ്റും ഈ ലക്ഷ്യത്തെ പ്രകടമാക്കുന്നതാണ്. ഇതിന്റെ രണ്ടാമത്തെ പടിയാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസത്തിനു നാരായണ ഗുരു ആദ്യമേ പ്രാധാന്യം നൽകിയിരുന്നുവെങ്കിലും ജാതിഭേദങ്ങൾക്കതീതമായ പൊതു ഇടം എന്ന സങ്കല്പത്തെ സാക്ഷാത്കരിക്കുന്നതിൽ ക്ഷേത്രങ്ങൾക്കു സംഭവിച്ച പരാജയം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഒന്നു കൂടി വർധിപ്പിക്കുന്നതിനു കാരണമായി. വിദ്യാഭ്യാസത്തിന്റെ ആത്മ പ്രതിഫലനാത്മക ധർമ്മം നാരായണ ഗുരു തിരിച്ചറിഞ്ഞിരുന്നു. വിദ്യാഭ്യാസം അന്ധവിശ്വാസങ്ങളിൽ നിന്നും ജനങ്ങളെ അനാചാരങ്ങളിൽ നിന്നും മോചിപ്പിക്കുകയും അവകാശങ്ങളെക്കുറിച്ചുള്ള ബോധം വളർത്തുകയും ചൂഷണങ്ങളെ എതിരിടാൻ പ്രാപ്‌തരാക്കുകയും ചെയ്യും. ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ ആദ്യത്തേതായി ഗുരു പറയുന്നത് വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനം എന്നിവയാണ് ശിവഗിരി തീർത്ഥാടനത്തിന്റെ എട്ടു ലക്ഷ്യങ്ങളായി ഗുരു ഉയർത്തിക്കാട്ടിയത്. ശിവഗിരിയിലെത്തുന്നവർ ഈ വിഷയങ്ങളിൽ തങ്ങളുടെ ആശയങ്ങൾ അവിടെ പറയണമെന്നും അദ്ദേഹം നിഷ്‌കർഷിക്കുന്നു. ‘വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടന കൊണ്ട് ശക്തരാകുക’ എന്നതാണ് ഗുരു മുന്നോട്ടു വെച്ച ആശയം, പരമ്പരാഗത തൊഴിലുകൾ വിട്ട് വ്യവസായ സംരംഭങ്ങളിലേക്ക് ഇറങ്ങാൻ അദ്ദേഹം ആളുകളെ ഉപദേശിച്ചു. ഇനി വരുന്ന തലമുറയുടെ ഉന്നമനത്തിനു വിദ്യാഭ്യാസവും കൂട്ടായ്മ‌കളും വ്യവസായവും ആവശ്യമാണെന്നും അതിലൂടെ കൈവരുന്ന സാമ്പത്തിക പുരോഗതി കീഴാള ജനതയ്ക്ക് പുതിയൊരു അസ്‌തിത്വ ബോധം നൽകുമെന്നുമുള്ള തിരിച്ചറിവായിരുന്നു ഇതിനു പിന്നിൽ.

അവർണനു സന്ന്യാസം പാടില്ലയെന്ന വൈദിക വിധിയെ സ്വന്തം ജീവിതം കൊണ്ട് പ്രതിരോധിച്ച വ്യക്തിയാണ് നാരായണ ഗുരു. അതിനാലാണ് നമുക്ക് സന്ന്യാസം തന്നത് ഇംഗ്ലീഷുകാരാണ് എന്നദ്ദേഹം പറഞ്ഞത്. മാത്രമല്ല ഹൈന്ദവ സങ്കല്പത്തിലെ സന്ന്യാസി വിരാഗിയാണ്. അയാൾ ലോകത്തിൽ നിന്നും ഉൾവലിഞ്ഞവനാണ്. എന്നാൽ നാരായണ ഗുരുവാകട്ടെ ആത്മീയവാദിയായ സന്ന്യാസിയായിരിക്കുമ്പോഴും ലൗകികവാദിയായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകളും പ്രവൃത്തികളും മറ്റുള്ളവർക്കു വേണ്ടിയായിരുന്നു. സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ താൽപര്യപ്പെട്ട ഗുരു തന്റെ ചുറ്റുമുള്ള സമൂഹത്തിലെ കഷ്ട‌ത അനുഭവിക്കുന്നവരുടെ സാമൂഹിക ബന്ധങ്ങളെ മാറ്റിപ്പണിതു കൊണ്ടാണ് തന്റെ പ്രവൃത്തി നിർവ്വഹിച്ചത്.

മനുഷ്യൻ എന്ന സങ്കല്പത്തെ കേരളീയ നവോത്ഥാനത്തിന്റെ കേന്ദ്ര ബിന്ദുവായി വികസിപ്പിച്ചത് നാരായണ ഗുരുവാണ്. അദ്ദേഹം അവതരിപ്പിച്ച മനുഷ്യൻ എന്ന സങ്കല്പം സാർവ്വലൗകികമായ മനുഷ്യസങ്കല്പമാണ്. എല്ലാവരിലും കുടികൊള്ളുന്ന ചേതന ഒന്നാണെന്ന ബോധ്യമാണിത്. ഈ ചേതനയുടെ വ്യത്യസ്ത പ്രകാശനങ്ങളാണ് ലൗകിക ജീവിതത്തിലെ വ്യത്യസ്‌ത ജീവിതങ്ങൾ. കേൾക്കുമ്പോൾ ഈ ചിന്ത അദ്വൈതത്തിൽ നിന്നും ഉരുവായതാണ് എന്നു തോന്നുമെങ്കിലും നാരായണ ഗുരുവിന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ആശയം തമിഴ് ശൈവ പാരമ്പര്യത്തിൽ നിന്നുമാണ് അദ്ദേഹം വികസിപ്പിച്ചെടുത്തത്. തിരുമൂലരുടെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്ന ആശയത്തോട് ആധുനികമായ മനുഷ്യ സങ്കല്പത്തെ ചേർത്തു വയ്ക്കുകയാണ് ഗുരു ചെയ്‌തത്. ഈ മനുഷ്യൻ എന്ന സങ്കല്പം കേരളീയ സമൂഹത്തിന് അപരിചിതമായിരുന്നു. ഇവിടെ ജാതി ശരീരങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ ജാതി ശരീരങ്ങളെ ‘മനുഷ്യൻ’ എന്ന ഒറ്റ സങ്കല്പത്തിലേക്ക് ഉയർത്താനായിരുന്നു ഗുരു ശ്രമിച്ചത്. നാരായണ ഗുരുവിന്റെ ജാതി നിർണയം, ജാതി ലക്ഷണം, ആത്മോപദേശ ശതകം, ദൈവദശകം എന്നിവ പോലുള്ള പല കൃതികളും ഈ ലക്ഷ്യം വെച്ചു രചിക്കപ്പെട്ടവയാണ്. സാമൂഹികവും ആത്മീയവുമായ തലങ്ങളെ ഒരു പോലെ പ്രതിഫലിപ്പിക്കുന്നവയാണ് ഗുരുവിന്റെ പല രചനകളും.

ജാതിയെ സംബന്ധിച്ചും ഗുരുവിന്റെ കാഴ്ചപ്പാട് വ്യത്യസ്ത‌മായിരുന്നു. ആധുനികവും ശാസ്ത്രീയവുമായ കാഴ്ചപ്പാടിലൂടെയാണ് ഗുരു ജാതിയെ വ്യാഖ്യാനിച്ചത്. 1924-ലെ സർവ്വ മത സമ്മേളനത്തിൽ ‘‘മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയായിരുന്നാലും അവരുടെ ജാതി ഒന്നായതിനാൽ അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിനു യാതൊരു മോശവുമില്ല’’ എന്നദ്ദേഹം പ്രഖ്യാപിച്ചു.ജാതിയെ സംബന്ധിച്ച ഗുരുവിന്റെ കാഴ്‌ചപ്പാട് ആധുനിക ശാസ്ത്രത്തിലെ ‘സ്പ‌ീഷീസ്’ എന്ന സങ്കല്പത്തോട് ചേർന്നു പോകുന്നതാണ്. ‘‘ഒരു ജാതിയിൽനിന്നല്ലോ പിറന്നീടുന്നു സന്തതി നരജാതിയിതോർക്കുമ്പോളൊരു ജാതിയിലുള്ളതാം’’. എന്ന് ജാതി നിർണയത്തിലും ‘‘പുണർന്നു പെറുമെല്ലാമൊരിനമാം പുണരാത്തത് ഇനമല്ലിനമാമിങ്ങൊരിണയാർന്നൊത്തു കാൺമതും’’ എന്ന് ജാതിലക്ഷണത്തിലും ഗുരു ജാതിയെ വിശദീകരിക്കുന്നുണ്ട്. ഒരു ജനുസിൽ പെട്ടവയെല്ലാം ഒരു ജാതി എന്നാണ് അദ്ദേഹം പറയുന്നത്. മറിച്ച് നിറം, തൊഴിൽ, വംശം മുതലായവയുടെ അടിസ്ഥാനത്തിൽ മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന ജാതിഭേദം നിരർത്ഥകവും നിരാസ്‌പദവുമാണ്. ‘‘ഒരു യോനിയൊരാകാരം ഒരു ഭേദവുമില്ലതിൽ’’ എന്നു ഗുരു തന്റെ ആശയത്തെ ഉറപ്പിക്കുന്നു.

വ്യക്തികളായല്ല സമൂഹമായാണ് ജീവിക്കേണ്ടത് എന്നായിരുന്നു ഗുരുവിന്റെ വീക്ഷണം. അതിനാലാണ് കൂട്ടായ്‌മകൾക്കും സംഘടനകൾക്കുമെല്ലാം പ്രാധാന്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞത്. സഹജീവനത്തിലൂടെയാണ് സ്നേഹം, കരുണ, അനുകമ്പ മുതലായ വികാരങ്ങൾ ഉടലെടുക്കുന്നതെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. അപ്പോൾ മാത്രമേ വ്യക്തിസുഖത്തിൽ കവിഞ്ഞ് സമൂഹസുഖത്തെ കുറിച്ച് ചിന്തിക്കാനും മറ്റുള്ളവരെ മനസ്സിലാക്കാനും സാധിക്കൂ എന്നും ഗുരു കരുതി. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ചിന്താമണ്ഡലത്തിൽ ‘അപര’ ത്തിനു സവിശേഷമായ സ്ഥാനം ഉണ്ടായിരുന്നു. ഇന്ത്യൻ തത്ത്വചിന്തയിൽ മതത്തിന്റേയും ദൈവ ചിന്തയുടേയും ആത്മീയതയുടേയും ആത്യന്തിക ലക്ഷ്യമായി കണക്കാക്കിയിരുന്നത് ആത്മസുഖത്തെയാണ്. എന്നാൽ ഗുരു പ്രയത്നിച്ചത് സമൂഹ സുഖത്തിനായാണ്. അതിനാലാണ് ‘‘അവനിവനെന്നറിയുന്ന തൊക്കെയോർത്താ ലവനിയിലാദിമമായൊരാത്മരൂപം അവനവനാത്മസുഖത്തിനാചരിക്കു ന്നവയപരന്ന് സുഖത്തിനായ് വരേണം’’, എന്ന് അദ്ദേഹം ആത്മോപദേശ ശതകത്തിൽ പറയുന്നത്. അധ്യാത്മികമായ ചിന്ത ഇവിടെ സാമൂഹികവും ജനാധിപത്യപരവുമായ ഒരു ആശയമായി വികസിക്കുന്നതാണ് കാണാനാവുന്നത്. അതായത് ഗുരുവിന്റെ ആത്മീയതയുടെ ആത്യന്തിക ലക്ഷ്യം സമൂഹനന്മയാണെന്നു സാരം.

മതത്തെക്കുറിച്ചുള്ള നാരായണ ഗുരുവിന്റെ ദർശനം വിശാലമാണ്. ഹൈന്ദവത മുന്നോട്ടു വെച്ച സങ്കുചിത ആശയങ്ങളെ ഗുരു പരിഗണിച്ചിരുന്നില്ല. മതത്തെ അതിന്റെ ആചാരപരതയിൽ നിന്നും മോചിപ്പിച്ച് സവിശേഷമായ ഒരു ധാർമികത അഥവാ ഒരു ജീവിതത്വം എന്ന നിലയിലാണ് ഗുരു കണ്ടത്. നിലവിലിരുന്ന ഹിന്ദുമതം എന്ന മതബോധത്തെ അദ്ദേഹം നിഷേധിച്ചു’ . പകരം മതത്തിനു സാമൂഹികമായ, ചരിത്രപരമായ മാനങ്ങൾ നൽകാൻ ഗുരു ശ്രമിച്ചു. പക്ഷേ അദ്ദേഹത്തിന്റെ ഉത്കൃഷ്‌ടമായ ആശയങ്ങൾ പിന്തുടരുന്നതിൽ കേരളീയ ജനത തിരിഞ്ഞു നടക്കുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ നമുക്ക് കാണാനാവുന്നത്. അരുവിപ്പുറം ക്ഷേത്രത്തിന്റെ കാര്യങ്ങൾ നോക്കുന്നതിനായി നാരായണ ഗുരു സ്ഥാപിച്ച ‘വാവൂട്ടുസംഘം’ കാലക്രമേണ ജാതി സംഘടനയായി മാറിയത് നാരായണ ഗുരുവിന്റെ ആശയങ്ങളെ പിന്തുടരുന്നതിൽ അദ്ദേഹത്തിന്റെ പിൻഗാമികൾക്കു വന്ന പിഴവിന്റെ തെളിവാണ്. സമുദായ ബോധത്തിലേക്ക് തിരിച്ചു നടക്കാനുള്ള എസ്.എൻ.ഡി.പി യുടെ പ്രവണതയാണ് ഗുരുവിനെ സംഘടനയിൽ നിന്നും മാനസികമായി അകലുന്നതിനു പ്രേരിപ്പിച്ചത്. ‘‘നാം ജാതി- മതഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില വർഗക്കാർ നമ്മെ അവരുടെ വർഗത്തിൽ പെട്ടവരായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അത് ഹേതുവാൽ പലർക്കും നമ്മുടെ വാസ്‌തവത്തിന് വിരുദ്ധമായ ധാരണയ്ക്കിട വന്നിട്ടുണ്ടെന്നും നാം അറിയുന്നു’’ എന്ന് ജാതിയില്ലാ വിളംബരത്തിൽ ഗുരുവിനു തന്നെ പ്രഖ്യാപിക്കേണ്ടി വന്നത് അതിനാലാണ്. ഗുരുവിന്റെ സർവ്വ മത സമ്മേളനത്തിന്റെ നൂറാം വാർഷിക വേളയിലും ജാതി-മത സംബന്ധമായ പ്രതിലോമ ചിന്തകളുടെ ഭൂമികതന്നെയായി കേരളം നിലനിൽക്കുന്നു എന്നതും ‘പ്രബുദ്ധ കേരള’ ത്തിന്റെ പോരായ്‌മയാണ്. ഈ വസ്തുതകളെ വികലമാക്കിക്കൊണ്ടാണ് ഹൈന്ദവ ഫാസിസം നാരായണ ഗുരുവിനെ ഹിന്ദു സന്ന്യാസിയാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ഏതു വ്യവസ്ഥയെ, സാമൂഹിക സ്ഥിതിയെ ആണോ ഗുരു പ്രതിരോധിക്കാൻ ശ്രമിച്ചത് അതേ പ്രത്യയശാസ്ത്രത്തിന്റെ പിടിച്ചടക്കലിനു ഗുരുവിനെ വിട്ടു നൽകുന്ന വൈപരീത്യത്തിനാണ് കേരള സമൂഹം സാക്ഷ്യം വഹിക്കുന്നത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 + twenty =

Most Popular