Thursday, September 19, 2024

ad

Homeകവര്‍സ്റ്റോറിശിലയും പുഴയും ചേർന്ന വാക്കിന്റെ കണ്ണാടികൾ (ഗുരു – പ്രതിഷ്ഠയുടെ നാനാർത്ഥങ്ങൾ)

ശിലയും പുഴയും ചേർന്ന വാക്കിന്റെ കണ്ണാടികൾ (ഗുരു – പ്രതിഷ്ഠയുടെ നാനാർത്ഥങ്ങൾ)

ഡോ. എം എ സിദ്ദീഖ് (ഡയറക്ടർ, ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണഗുരു സ്റ്റഡീസ്, 
കേരള സർവകലാശാല)

ന്ത്യയുടെ സാമൂഹിക ജീവിതത്തിൽ പ്രതിഷ്ഠകൾക്ക്, മതപരമായ പ്രാധാന്യം മാത്രമാണുള്ളതെന്നു പറയുന്നത് അതിശയോക്തിയോളം വലുതായ ഒരു കള്ളമാണ്. സർവ്വവ്യാപിയാണ് ദെെവമെന്നു പറയുകയും ആ ദെെവത്തെ ജാതിഘടനയുടെ വികാരകേന്ദ്രമാക്കി നിലനിർത്തുകയും ചെയ്യുന്നതിനുള്ള വിദഗ്ദ്ധമായ സൂത്രവാക്യമായി ഏതോ കാലത്തു രൂപപ്പെട്ട ഒരു പ്രക്രിയയാണത്. അംബേദ്കർ എഴുതിയിട്ടുള്ളതുവച്ച് ഏതൊരു ഇന്ത്യൻ ഗ്രാമ സമൂഹത്തിന്റെയും യഥാർത്ഥമായ ചിത്രമെടുത്താൽ – അസ്-പൃശ്യർ ഗ്രാമത്തിനു വെളിയിൽ കഴിയുന്നതുപോലെ ഗ്രാമത്തിനുള്ളിൽ കഴിയുന്നതിനുള്ള ഈശ്വരന്റെ ഏറ്റവും പരിമിതമായ അധികാരമാണ് ഓരോ പ്രതിഷ്ഠയും. മധ്യകാല യൂറോപ്പിൽ അടിമകളെയും ദാസൻമാരെയും ഭൂപ്രഭുക്കൻമാരോടെന്നപോലെ, ഇന്ത്യയിൽ ജാതി സമൂഹങ്ങളെയും അസ്പൃശ്യരെയും പുരോഹിത വർഗ്ഗത്തിന് അടിപ്പെടുത്തുകയെന്ന അബോധമായ പ്രവർത്തനമാണ് പ്രതിഷ്ഠകളിലൂടെ നിർവഹിക്കപ്പെട്ടിരുന്നത്‍. ഇന്നും അതിനു മാറ്റമുണ്ടെന്നു പറയാനാവില്ല.

ഉപാസനാമൂർത്തിയെ സങ്കൽപിക്കുകയും ദർശിക്കുകയും ചെയ്യുന്നത് ആത്യന്തികമായി സൗന്ദര്യശാസ്ത്രപരമായ ഒരു പ്രവർത്തനമാണ്. ചിത്രകലയിലോ ശിൽപകലയിലോ വെെദഗ്ദ്ധ്യമുള്ളവരിലാണ് ഈ സങ്കൽപവും ഈ ദർശനവും ആദ്യം സംഭവിക്കുക. ദെെവത്തെ നിർമിച്ചെടുക്കുന്ന ശിൽപിയുടെ ദർശനമാണ് വിഗ്രഹം എന്ന സാംസ്കാരികകലാവസ്തു (Cultural artifact) വായിത്തീരുന്നത്. എന്നാൽ, അതിനെ പ്രതിഷ്ഠിക്കുന്നതിനുള്ള അവകാശം നിർമാതാവിനെ സംബന്ധിച്ച് അസാധ്യമായ ഒരു സ്വപ്നമാണ്. പ്രതിഷ്ഠാനന്തരം, തന്റെ കലാവസ്തുവിലുള്ള ശിൽപിയുടെ ബൗദ്ധികസ്വത്തവകാശം (intellectual property right) പരിപൂർണ്ണമായി നഷ്ടപ്പെടുകയും വിചിത്രമായ ഒരുതരം ശ്രേണീകരണത്തിലൂടെ ശിൽപി അകലേയ്ക്കു മാറ്റപ്പെടുകയും ചെയ്യുന്നു. ഇത് പൂർവ്വനിശ്ചിതമായ ഒരു മനഃശാസ്ത്ര സമീപനവും നിഗൂഢമായ ഒരു സാങ്കേതിക വിദ്യയുമാണ്.

മുരുക്കുംപുഴ ശ്രീ കാളകണ്ഠേശ്വര ക്ഷേത്രം

പ്രതിഷ്ഠയിലൂടെ സംഭവിക്കുന്നത് വിഗ്രഹത്തിന്റെ സാമൂഹികവൽക്കരണമാണ്. ഒരു കലാവസ്തുവിനെ ദെെവമാക്കി പരിവർത്തിപ്പിക്കുകയും, ദെെവത്തെ ജാതിവൽക്കരിക്കുകയും ചെയ്യുന്ന ഈ പ്രവർത്തനം ഏത് സാമൂഹികകാലാവസ്ഥയിലും തങ്ങൾക്ക് നിലനിന്നുപോരുന്നതിനുള്ള പൗരോഹിത്യ സാമ്പത്തിക ശാസ്ത്രത്തിലെ ഒരുപാധിയാണ്. മനുഷ്യവംശം തന്നെ ഇല്ലാതായാലും വേണ്ടില്ല, ഇത് ഇല്ലാതാവാത്തവണ്ണം അനിഷേധ്യവും അധൃഷ്യവുമായ് വിഭാവന ചെയ്യപ്പെട്ടതാണ് അബോധമായ ഈ നിയമവ്യവസ്ഥ.

മുരുക്കുംപുഴ ശ്രീ കാളകണ്ഠേശ്വര 
ക്ഷേത്രത്തിലെ പ്രതിഷ്ഠ

മതസമ്പ്രദായത്തിനുള്ളിലെ ദെെവവും ജാതിവ്യവസ്ഥയ്ക്കുള്ളിലെ ദെെവവും തമ്മിൽ വ്യത്യാസമുണ്ട്. ഒരേസമയം രണ്ട് യജമാനൻമാരെ സേവിക്കാൻ കഴിയില്ല എന്ന ബെെബിൾ വാക്യമനുസരിച്ചാണെങ്കിൽ ഒരു വിശ്വാസിക്കും ഇവ രണ്ടിനെയും ഒരുപോലെ സേവിക്കാൻ കഴിയില്ല. എന്നിട്ടും അങ്ങനെ ചെയ്യുന്നവർ അവസരവാദത്തെ വിശ്വാസമായി നേർപ്പിച്ചെടുത്ത വ്യാജവെെദ്യൻമാർ മാത്രമാണ്. അവരിൽനിന്ന് അനുകമ്പയും നർമ്മവും പ്രതീക്ഷിക്കാൻ കഴിയില്ല. ജാതിഭേദത്തെ നിയമവ്യവസ്ഥയാക്കിയ ദെെവസങ്കൽപത്തിന് സ്വയം സംരക്ഷിക്കുന്നതിനുള്ള കോട്ടകൊത്തളങ്ങളും അവയെ പരിപാലിക്കുന്നതിനുള്ള ക്ഷത്രിയവീര്യവും ആവശ്യമാണ്. കൊമേഡിയനായ ഇമോഫിലിപ്പ് ക്ഷമിക്കുന്ന ദെെവത്തെക്കുറിച്ചു പറഞ്ഞ നർമ്മത്തിലെ സെെക്കിൾപോലെയാണ് ആ ദെെവത്തിനുമുന്നിലെ മനുഷ്യർ (1). ഇമോ പറഞ്ഞത്, താൻ കുട്ടിയായിരിക്കുമ്പോൾ എന്നും ഒരു സെെക്കിളിനുവേണ്ടി പ്രാർത്ഥിക്കുമായിരുന്നെന്നാണ്. പക്ഷേ, പിന്നീട് അതു നടക്കില്ലെന്നു മനസ്സിലായപ്പോൾ താനൊരു ബെെക്ക് മോഷ്ടിക്കുകയും ദെെവത്തോട് അതിനു പൊറുത്തുതരാൻ അപേക്ഷിക്കുകയും ചെയ്തു എന്നാണ്. ഡാനിയൽ ഡെന്നെറ്റ് ഈ നർമ്മത്തെ ഉദാഹരിക്കുന്നത്, ദെെവത്തോടു സംസാരിക്കുന്നതിനുള്ള മതപരമായ പ്രവർത്തനത്തെ വിമർശനാത്മകമായി പരിശോധിക്കുന്നതിനാണ്. ഈ തമാശയിലൂടെ ഇമോ പ്രവേശിച്ചത് ദെെവത്തിന്റെ കോടതിയിലേയ്ക്കല്ല. ദെെവത്തെക്കൂടി ഉൾക്കൊള്ളുന്ന തുറന്ന നാടകശാലയിലേക്കാണ്. ഇവിടെ പൗരോഹിത്യത്തിന് ഒന്നും തന്നെ ചെയ്യാനില്ല. ദെെവത്തെപ്പോലെ പൗരോഹിത്യവും അമാനുഷികമായ (Super natural)ഒന്നാണെന്നു സ്ഥാപിക്കുന്നതിനുള്ള ഒരുദ്യമവും ഈ നാടകശാലയിൽ വിലപ്പോവില്ല. ചലച്ചിത്രത്തെപ്പോലെയോ ആധുനിക നാടകവേദിയെപ്പോലെയോ മനുഷ്യസമൂഹങ്ങൾക്ക് പ്രവേശനമുള്ള ഒരു സാംസ്കാരിക മണ്ഡലമാണ് ഇത്തരം നർമ്മങ്ങളെ രൂപപ്പെടുത്തിയത്. അസ്-പൃശ്യതയുടെ സകലവിധ അടയാളങ്ങളെയും പുറത്തേക്കു കുടഞ്ഞിട്ട്, ജാതിഹിന്ദുതയെപ്പറ്റി പ്രബന്ധമെഴുതാൻ അംബേദ്ക്കറെ പ്രാപ്തമാക്കിയതും ഈ സാംസ്കാരികാന്തരീക്ഷമാണ്. അതിൽ കൊളോണിയൽ ആധുനികതയുടെ സ്വാധീനവും ഉണ്ടായിരുന്നു.

ജാതിവ്യവസ്ഥയ്ക്കും പൗരോഹിത്യത്തിനും അറിയാനോ അറിയിക്കാനോ കഴിയാത്ത സാഹോദര്യത്തെയാണ് ഇങ്ങനെയുള്ള ഒരു സാംസ്കാരിക മണ്ഡലത്തിലിരുന്ന് (മനുഷ്യർക്ക് പ്രവേശനമുള്ള) ഗുരുവും അറിയിച്ചത്. അരുവിപ്പുറം പ്രതിഷ്ഠയോടെയാണ് അതൊരു വെളിപാടുപോലെ പുറത്തുവന്നതും. ‘ജാതിഭേദം മതദേ-്വഷം/യേതുമില്ലാതെ സർവ്വരും/ സോദരതേ-്വന വാഴുന്ന / മാതൃകാസ്ഥാനമാണിത്’ എന്ന ആ വെളിപാട്, സ്വപ്നാത്മകമായ വെളിപാടായിരുന്നില്ല. സാഹോദര്യത്തെ വെറും ഭാവന ചെയ്യുകയായിരുന്നു ആ സന്ദേശമെങ്കിൽ അത് സ്വപ്നാത്മകമാണെന്നു വരുമായിരുന്നു. പക്ഷേ, 1888ലെ അരുവിപ്പുറം പ്രതിഷ്ഠ പോലെ തന്നെ ആ സന്ദേശവും സുവ്യക്തമായ ഒരു സാമൂഹിക നിർമ്മാണ പ്രവർത്തനമായിരുന്നു. മനുഷ്യരെ മനുഷ്യരോടു വിലക്കുന്ന ഫ്യൂഡൽ ദെെവവിജ്ഞാനീയത്തിൽ (feudal theology) നിന്നുള്ള വിടുതലായിരുന്നു അത്.

1888ലെ അരുവിപ്പുറം പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഗുരുവിന്റെ മറുപടിയിൽ വാസ്തവമുണ്ടെങ്കിലും ഇല്ലെങ്കിലും ആ സന്ദർഭം താർക്കികമായിരുന്നു (logical) എന്നത് ഉറപ്പുള്ള കാര്യമാണ്. ആ തർക്കം വെെകാരികമായിരുന്നില്ല (sentimental), യുക്തിസഹവും പ്രാമാണികവുമായിരുന്നു എന്നതിനു തെളിവാണ് അതിനുശേഷം ഗുരു നടത്തിയ വെെവിധ്യമുള്ള പ്രതിഷ്ഠകൾ. സമത്വം, സാഹോദര്യം മുതലായവയെ വിമോചനാത്മകമായി നടപ്പിൽ വരുത്തിയ പ്രതിഷ്ഠ കൂടിയായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ. മതത്തിന്റെ ദാർശനികതയ്ക്കുസരിച്ച് ഗുരുവിന്റെ ഈ പ്രഖ്യാപനത്തെ അദെെ-്വതമെന്നു വിളിക്കാമെങ്കിലും അദെെ-്വതത്തിന്റെ പരമ്പരാഗത നിർവചനങ്ങൾകൊണ്ട് അരുവിപ്പുറം പ്രതിഷ്ഠയെ പൂർണ്ണമായി വിശദീകരിക്കാൻ കഴിയില്ല. ബ്രാഹ്മണരുടെ പ്രതിഷ്ഠാവകാശത്തെ ചോദ്യം ചെയ്യുക എന്നതിനല്ല, പ്രതിഷ്ഠയ്ക്കുള്ള തന്റെ ‘സ്വാതന്ത്ര്യ’ത്തെ പ്രഖ്യാപിക്കുക എന്നതിനാണ് ഗുരു പ്രാധാന്യം നൽകിയത്. പ്രതിഷ്ഠിച്ച ശിൽപത്തിന്റെ ഘടനയിലും അതിനെ സ്ഥാപിച്ച ശിലാപീഠത്തിലും പ്രകൃതിയുടെ സ്വാഭാവികതയെ കൊണ്ടുവരാനാണ് ഗുരു ശ്രമിച്ചത്. പാരിസ്ഥിതിക ദർശനമനുസരിച്ച് ഇത് ഇക്കോസഫിക്കായ ഒരു ഉദ്യമം കൂടിയായിരുന്നു അത്. തന്റെ ശെെവദർശനത്തിന് അങ്ങനെയൊരു അഭിരുചി നൽകാൻകൂടി കവിയായ ഗുരു ആഗ്രഹിച്ചിരുന്നു.

അരുവിപ്പുറം ശിവക്ഷേത്രം

അരുവിപ്പുറത്തെ ശിലാഖണ്ഡത്തിന് പല നിലയിലെ വ്യാഖ്യാനങ്ങൾ സാധ്യമാണ്. ലോകത്തിന്റെ കണ്ണിൽ അത് ഫലസമൃദ്ധിയെ (fertility) കാംക്ഷിക്കുന്ന ആരാധനയുടെ പ്രതീകമാണ്. ലിംഗപുരാണമനുസരിച്ച് പ്രകൃതി തന്നെയായ ശിവലിംഗമാണത്. അത്, പ്രാഥമികവും ഗന്ധം, നിറം, രുചി, കേൾവി, സ്പർശം മുതലായതൊന്നും ഇല്ലാത്തതുമാണ്. ഒരു ശെെവ സന്ന്യാസിയുടെ കാഴ്ചപ്പാടിൽ, ഇതുമാത്രമായിരിക്കും ഗുരു നിർവ്വഹിച്ച പ്രതിഷ്ഠയുടെയും അർത്ഥം. പക്ഷേ, ഗുരുവിനത് പ്രത്യയശാസ്ത്രപരമായ വിമോചനത്തിനുള്ള ഉപാധിയായിരുന്നു. ഗുരുവിനെ അടുത്തറിഞ്ഞവർ അങ്ങനെയാണത് മനസ്സിലാക്കിയിട്ടുള്ളത്. ആ പ്രതിഷ്ഠയിലൂടെ സമൂഹത്തെ തന്നിലേക്കു ചുരുക്കുകയല്ല, സമൂഹത്തെത്തന്നെ വികസിപ്പിക്കുകയാണ് ഗുരു ചെയ്തത്. ക്ഷേത്ര നിർമാണത്തെക്കുറിച്ചുള്ള ഗുരുവിന്റെ പിൽക്കാല നിരീക്ഷണങ്ങൾ ഈ വികാസത്തിന്റെ വ്യക്തമായ രാഷ്ട്രീയ പ്രഖ്യാപനങ്ങളായി മാറുകയും ചെയ്തു. അതിനു തെളിവാണ് 1921 സെപ്തംബർ 3നു നടന്ന ഈ സംഭാഷണം. ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിക്കൊടുക്കണമെന്ന അഭ്യർത്ഥനയുമായി രണ്ടു മൂന്നുപേർ ഗുരുവിനെ കാണാനെത്തിയപ്പോഴാണത്. ‘‘ഇരുട്ടടച്ച വവ്വാലിന്റെ നാറ്റമുള്ള ക്ഷേത്രങ്ങൾ കൊണ്ട് പ്രയോജനമുണ്ടോ? എന്ന് ഗുരു ചോദിച്ചു. ‘ക്ഷേത്രമുണ്ടെങ്കിൽ ജനങ്ങൾ കുളിച്ചു വൃത്തിയായി വരും’ എന്ന് അതിലൊരാളുടെ മറുപടി.

ഗുരു: അതിനു കൊള്ളാം. ക്ഷേത്രങ്ങളുടെ അകമെല്ലാം നല്ല ശുദ്ധമായിരിക്കണം. ബിംബ പ്രതിഷ്ഠയ്ക്കുപകരം ഒരു വിളക്കു മധ്യത്തിൽ തൂക്കിയാൽ മതി. വിളക്കു ലക്ഷ്മി തന്നെ. കുളിച്ചുവരാം തൊഴുതാൽ അതുമതി. എന്താ പോരായോ?

ഭക്തൻ: അതുകൊണ്ട് ആളുകൾ തൃപ്തിപ്പെടുകയില്ല. അവർക്ക് ഒരു ആരാധനാമൂർത്തി വേണം.

ഗുരു: എന്നാൽ വിളക്കിനു ചുറ്റും മഹാത്മാക്കളുടെ പടങ്ങൾ വെച്ചാൽ മതിയല്ലോ. ശിവറാം ശ്രീരാമനും മറ്റും ഓരോ കാലത്തുള്ള നേതാക്കന്മാർ ആയിരുന്നുവെന്നാണ് നമ്മുടെ പക്ഷം. ശിവനും സൽസ്വഭാവം കൊണ്ടും കരബലം കൊണ്ടും പ്രമാണിയായിത്തീർന്നിരിക്കണം. വിഷ്ണു പരാക്രമശാലിയും ശ്രീരാമൻ ബ്രാഹ്മണ്യത്തെ രക്ഷിക്കുന്ന ഉപകാരിയായിരുന്നതിനാൽ ആളുകൾ സ്തുതിച്ചു ദെെവസമാനരാക്കി. ഒരു കാലത്ത് നല്ലൊരു മനുഷ്യനായിരുന്നെങ്കിൽ അയാൾ മറ്റൊരു കാലഘട്ടത്തിൽ സകലഗുണങ്ങളും തികഞ്ഞ ദെെവമാകാറുണ്ട്.

അരുവിപ്പുറം പ്രതിഷ്ഠയ്ക്കും മുപ്പത്തിമൂന്നുകൊല്ലം കഴിഞ്ഞുള്ള ഗുരുവിന്റെ നിലപാടാണ് ഈ സംഭാഷണത്തിലുള്ളത്. അതിനോടകം ധാരാളം പ്രതിഷ്ഠകൾ ഗുരു നടത്തുന്നുണ്ട്. അവയൊക്കെയും ഇന്നും ആയിരക്കണക്കിനു മനുഷ്യരെ ജാതി–മതഭേദമില്ലാതെ സ്വാഗതം ചെയ്യുന്ന ആരാധനാലയങ്ങളായി നിലനിൽക്കുകയും ചെയ്യുന്നു. (ചിലതെങ്കിലും ബ്രാഹ്മണികമായ ജാതിദേഭ താൽപ്പര്യത്തിന്റെ കറയടിഞ്ഞ്, ഇരുട്ടത്തു വവ്വാലിന്റെ നാറ്റമുള്ളതാക്കി മാറ്റാനുള്ള ശ്രമം ചിലരുടെ ഭാഗത്തുനിന്ന് കൊണ്ടുപിടിച്ചു നടക്കുന്നുണ്ട്. അതോടെ, ഗുരുവിനെത്തന്നെ അശുദ്ധമായിക്കാണുന്ന പഴയ ജാതി പ്രാമാണ്യം മടങ്ങിവരുമെന്നാന്നും ഇവർ അറിയാഞ്ഞിട്ടല്ല).

1888 ലെ അരുവിപ്പുറം പ്രതിഷ്ഠയ്ക്കുശേഷം, 1927ൽ വെച്ചൂർ ഉല്ലല ഒാങ്കാരേശ്വര ക്ഷേത്രത്തിലെ കണ്ണാടിയും കളവങ്കോടത്തെയും പ്രതിഷ്ഠവരെ മുപ്പത്തിമൂന്ന് പ്രതിഷ്ഠകൾ ഗുരു നടത്തിയിട്ടുണ്ട്. വർഷങ്ങളുടെ ക്രമത്തിൽ പറഞ്ഞാൽ, 1889ൽ വക്കം ദേവേശ്വര ക്ഷേത്രം; വക്കം സുബ്രഹ്മണ്യക്ഷേത്രം; മണ്ണന്തല ആനന്ദവല്ലീശ്വര ക്ഷേത്രം, 1892ൽ ആയിരം തെങ്ങ് പാട്ടത്തിൽ ശിവക്ഷേത്രം, 1893ൽ പൂത്തോട്ട ശ്രീവല്ലഭ ക്ഷേത്രം; കുളത്തൂർ കോലത്തുകര ശിവക്ഷേത്രം; പ്രാക്കുളം വേളിക്കാട്ട് കാർത്തികേയ ക്ഷേത്രം; പുതിയകാവ് ആനന്ദവല്ലീശ്വര ക്ഷേത്രം; കായിക്കര പൊലേശ്വര ക്ഷേത്രം; കരുനാഗപ്പള്ളി കോഴിക്കോട് കുന്നിനേഴത്ത് ഭഗവതി ക്ഷേത്രം, 1894ൽ കായിക്കര ഏറത്തു സുബ്രഹ്മണ്യ ക്ഷേത്രം, 1901ൽ പള്ളുരുത്തി ഭവാനി ക്ഷേത്രം, 1903ൽ മൂത്തകുന്നം ശ്രീനാരായണമംഗലം, 1904ൽ പേഴപ്ര ശ്രീശക്തിപ്പറമ്പ്; പ്ലാവഴികം ദേവിക്ഷേത്രം, 1905ൽ കുമരകം ശ്രീകുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം, 1908ൽ തലശ്ശേരി ജഗന്നാഥക്ഷേത്രം, നാഗർകോവിൽ പിള്ളയാർ കോവിൽ കോട്ടാർഗണപതി ക്ഷേത്രം, 1909ൽ ഇല്ലിക്കൽ കുമ്പളങ്ങി അർദ്ധനാരീശ്വര ക്ഷേത്രം, 1910ൽ കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം, 1912ൽ ശാരദാ മഠം; ചെറായി ഗൗരീശ്വര ക്ഷേത്രം; മംഗലാപുരം കുദ്രോളി ഗോകർണ്ണനാഥ ക്ഷേത്രം, 1914ൽ മെഴുവേലി ആനന്ദഭൂതേശ്വര ക്ഷേത്രം; 1915ൽ കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം; കൂർക്കഞ്ചേരി മഹേശ്വര ക്ഷേത്രം, കടയ്ക്കാവൂർ ഊട്ടുപറമ്പ് ശിവക്ഷേത്രം, 1919ൽ പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രം, 1920ൽ കാരമുക്ക് ദീപപ്രതിഷ്ഠ, 1921ൽ ചെമ്മനുത്തുകര സുബ്രഹ്മണ്യ ക്ഷേത്രം; മുരുക്കുംപുഴ കാളകണ്ഠേശ്വര ക്ഷേത്രം, 1922ൽ പാണാവള്ളി ശ്രീകണ്ഠേശ്വര ക്ഷേത്രം, 1926ൽ പർളിക്കാട് ബാലസുബ്രഹ്മണ്യക്ഷേത്രം, 1927ൽ പൂഞ്ഞാർ സുബ്രഹ്മണ്യ ക്ഷേത്രം; കളവങ്കോടം പുതുക്കാട്ടുകുന്നേൽ ശ്രീശക്തീശ്വരം ക്ഷേത്രം; ഉല്ലല ഓങ്കാരേശ്വര ക്ഷേത്രം…. എന്നിങ്ങനെ മുപ്പത്തിമൂന്ന് പ്രതിഷ്ഠകൾ.

ഇവ, ഗുരു നടത്തിയ പ്രതിഷ്ഠകളുടെ പ്രാഥമികവിവരണങ്ങൾ മാത്രമാണ്. ഈ പ്രതിഷ്ഠകളെ ചരിത്രപരമായി വിശദീകരിക്കാൻ ഇത്രയും വിവരണങ്ങൾ മതിയാകുമെങ്കിലും, അതു മാത്രമല്ല അവയുടെ ആധുനികമായ ചരിത്രമൂല്യം. ഇവയുടെ ആകർഷണീയത അതിന്റെ വംശാവലി (geneology)യാണ്. ഒന്നിൽ നിന്നു മറ്റൊന്നിലേക്കുള്ള ഗുരുവിന്റെ സഞ്ചാരം, സ്ഥിരമായ ഒരു മൂല്യത്തിൽ അടിയുറച്ചുനിന്നുകൊണ്ടല്ല– പരിണാമിയാണത്. പ്രതിഷ്ഠകളെ സംബന്ധിച്ച് നിലവിലുണ്ടായിരുന്ന (ഇപ്പോഴും നിലവിലുള്ള) ജാതിമേധാവിത്വപരവും മനുഷ്യത്വവിരുദ്ധവുമായ നിയമാവലികളെ ലംഘിച്ചുകൊണ്ട് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ തുടക്കമിട്ട ഗുരു പിന്നീടുള്ള ഓരോ പ്രതിഷ്ഠയിലും പ്രതിഷ്ഠയുടെ സ്വഭാവത്തെത്തന്നെ പരിണമിപ്പിക്കുകയായിരുന്നു. ദേവീദേവൻമാരുടെ വിഗ്രഹപ്രതിഷ്ഠകളായിരുന്നു ആദ്യഘട്ടത്തിലെങ്കിൽ, പിന്നീടവ ആശയങ്ങളുടെയോ ശക്തമായ ചിന്തകളുടെയോ ധ്വനികളുള്ള പ്രതീകങ്ങളായി മാറി. മുരുക്കും പുഴയിലെയും ഉല്ലലയിലെയും പ്രണവാക്ഷര പ്രതിഷ്ഠകളും കളവങ്കോടത്തെ കണ്ണാടി പ്രതിഷ്ഠയും അങ്ങനെയുള്ളവയായിരുന്നു. ബ്രാഹ്മണികമായ താന്ത്രികവിധികൾക്ക് സങ്കൽപ്പിക്കാൻ പോലുമാകാത്ത ധ്യാനാത്മകതയാണ് അവയിലുണ്ടായിരുന്നത്. മുരുക്കുംപുഴയിലെ പ്രഭാ പ്രതിഷ്ഠ; പഞ്ചലോഹ നിർമിതമായ ഒരു തകിടിന്റെ മധ്യഭാഗത്ത് ‘ഓം’ (പ്രണവാക്ഷരം) എന്നെഴുതി അതിനുചുറ്റും സത്യം, ധർമം, ദയ, ശാന്തി എന്നെഴുതിച്ചേർത്തതാണ്. ശ്രീനാരായണധർമത്തിന്റെ സംസ്കാരമെന്നു പറയാാവുന്ന യുക്തിപരതയും മതേതരത്വവും ഒരുപോലെ സന്നിവേശിച്ചിട്ടുള്ള നാലുവാക്കുകളാണത്. വിമോചനാത്മകമായ ആധുനികതയെ (Emncipitary modernity) പ്രത്യക്ഷത്തിൽത്തന്നെ ഒരു ക്ഷേത്രപ്രതിഷ്ഠയിൽ കൊണ്ടുവരാനാകുമെന്ന ഈ കണ്ടെത്തൽ, ഗുരുവിന്റെ ആത്മീയതയിലെ സാമൂഹികശാസ്ത്രപരമായ സാങ്കേതികവിദ്യയാണ്. വ്യവസ്ഥാപിതവും മനുഷ്യമർദനപരവുമായ ജാതിമേധാവിത്വത്തിന്റെയും രോഗാതുരമായ വർഗീയതയുടെയും പ്രതീകമായി ഗുരുവിനെ കണ്ടുശീലിച്ചവർക്ക് മനസ്സിലാവുന്നതല്ല ഈ ഉയരം. ഗുരുവിനെ വെറുമൊരു ഹിന്ദുസന്ന്യാസി മാത്രമാക്കി മാറ്റി, ജാതി സന്ന്യാസപ്പട്ടികയിൽ താഴെ പ്രതിഷ്ഠിച്ചുകൊണ്ട് അത്തരക്കാർ ഈ ഉയരത്തെ കടയ്ക്കൽവച്ചുതന്നെ വെട്ടുന്നു.

ഗുരുവിന്റെ പ്രതിഷ്ഠകളെ മുൻനിർത്തി ഗുരു ഹിന്ദുസന്ന്യാസി മാത്രമാണെന്നു സ്ഥാപിക്കുന്നവർക്കുള്ള എക്കാലത്തേക്കുമുള്ള മറുപടി ഗുരു തന്നെ നൽകിയിട്ടുണ്ട്.

‘‘ഇപ്പോൾ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു മതവുമായി നമുക്കു യാതൊരു പ്രത്യേക ബന്ധവുമില്ല. എല്ലാ മതങ്ങളും നമുക്കു സമ്മതമാണ്. ഓരോരുത്തരും അവരവർക്കിഷ്ടമുള്ള മതം ആചരിച്ചാൽ മതി. നാം ചില ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളിൽ ചിലരുടെ ആഗ്രഹം അനുസരിച്ചാണ്. ഇതുപോലെ ക്രിസ്-ത്യാനികൾ, മുഹമ്മദീയർ മുതലായ മറ്റു മതക്കാരും ആഗ്രഹിക്കുന്ന പക്ഷം അവർക്കായും വേണ്ടതു ചെയ്യുവാൻ നമുക്ക് എപ്പോഴും സന്തോഷമാണുള്ളത്. നാം ജാതി–മതഭേദങ്ങൾ വിട്ടിരിക്കുന്നു എന്നു പറഞ്ഞതിനു നിലവിലിരിക്കുന്ന യാതൊരു ജാതിയോടും മതത്തോടും നമുക്കു പ്രത്യേക മമത ഇല്ലെന്നു മാത്രമേ അർഥമുള്ളൂ.

1103 കർക്കിടം ലക്കം ‘ധർമം’ തന്റെ പ്രതിഷ്ഠകളിലൂടെ പടിപടിയായി ഗുരു മുന്നോട്ടുവച്ച സാമൂഹികദർശനവും ഈ അഭിപ്രായത്തിലെ മതേതരമായ കാഴ്ചപ്പാടും പരസ്പരം റദ്ദുചെയ്യപ്പെടുന്നവയല്ല. എന്നാൽ ഗുരുവിനെ അദ്ദേഹം നടത്തിയ പ്രതിഷ്ഠകളുടെ പേരിൽ ഹിന്ദുസന്ന്യാസിയായി ചുരുക്കുന്നത് ഗുരുവിന്റെ ധർമത്തിനു നിരക്കുന്നതല്ല. ഇങ്ങനെ ചിന്തിക്കുന്നതുകൊണ്ടുതന്നെ ഒരു കാര്യം കൂടി പറഞ്ഞാലാണ് ഈ പ്രകരണം പൂർത്തിയാവുക. പ്രതിഷ്ഠയുടെ അന്തരീക്ഷം ഗുരുവിൽ സൃഷ്ടിക്കുന്ന സൗന്ദര്യശാസ്ത്രപരമായ ഉത്സാഹത്തിന്റെ കാര്യമാണത്. ചില പ്രതിഷ്ഠകളോടനുബന്ധിച്ച് ഗുരു എഴുതിയ കവിതകളിൽനിന്നാണ് ഇതിന്റെ ചിത്രം കിട്ടുക. അതിലാദ്യത്തേതാണ് ‘ശിവശതകം’. അരുവിപ്പുറം പ്രതിഷ്ഠയോടടുപ്പിച്ച് എഴുതിയ ദീർഘ കവിതയാണത്. അതിലെ 28–ാം ശ്ലോകം ഇങ്ങനെയാണ്.

‘‘മുഴുമതി മൂടീ തുരന്നു മുത്തെടുത്ത–
ക്കുഴിയിലടച്ച കുരംഗമുണ്ടു കെെയിൽ
തഴലെരിയും പൊഴുതൂറി മൂലമോളം
പുഴയൊഴുകുന്നതു വാഴ്ക ഭൂവിലെന്നും’’

ഈ കാവ്യചിത്രം യോഗാനുഭൂതിയുടെ വർണ്ണനയാണെങ്കിലും, ശിലയെ പുഴയിൽ നിന്നു മുക്കിയെടുക്കുമ്പോഴുള്ള മാനസികാവസ്ഥയായും ഇതു വായിക്കാം. കുളത്തൂർ കോലത്തുകര ക്ഷേത്രത്തിൽ, ഭദ്രകാളിയെ മാറ്റി ശിവനെ പ്രതിഷ്ഠിച്ച സന്ദർഭത്തിലെഴുതിയതാണ് ‘കോലതീരേശസ്തവം’. ഇതിനെക്കാളൊക്കെ പ്രധാനമാണ്, ‘ജനനിനവരത്നമഞ്ജരി’യുടെ രചന. ആ കവിത മനസ്സിലുറച്ചിടത്തുതന്നെയാണ് 1912ൽ ഗുരു ശാരദാ പ്രതിഷ്ഠ നടത്തിയത്. ഗുരുകൃതികളുടെ കൂട്ടത്തിൽ ഏറെ പ്രസിദ്ധമാണ് ഈ കവിത. സിദ്ധന്മാരുടെ അനുഭൂതിയിൽപ്പോലും എത്താതെ സർവവ്യാപിയായി നിലകൊള്ളുന്ന ജനനിയെക്കുറിച്ചുള്ള ഗുരുവിന്റെ സങ്കൽപ്പം കൂടിയാണ് ആ കവിത.

സത്തായി നിന്നുപരി ചിത്തായി രണ്ടു–
മൊരു മുത്തായി മൂന്നുമറിയും
ഹൃത്തായി നിന്നതിനു വിത്തായി വിണ്ണൊടുമ–
രുത്തായി ദൃഷ്ടി മുതലായ്
കൊത്തായിടും വിഷയവിസ്താരമന്നമതി–
നത്താവുമായി വിലസും
സിദ്ധാനുഭൂതിയിലുമെത്താതെയാമതിമ–
ഹത്തായിടും ജനനി നീ.

ഗുരുവിന്റെ പ്രതിഷ്ഠകളെക്കുറിച്ചു ചരിത്രപരമായി പഠിക്കുന്നവർ, പിൽക്കാലത്ത് ഗുരു പ്രകടിപ്പിച്ചിട്ടുള്ളതും, ഒരേ സമയം തന്നെ വിമർശനാത്മകവും അതേ സമയം തന്നെ സൃഷ്ടിപരവുമായ സാമൂഹിക വീക്ഷണത്തിനാണ് ഊന്നൽ കൊടുക്കേണ്ടത്. ഗുരുവിന്റെ പ്രതിഷ്ഠാസമ്പ്രദായത്തിന് ശാരദാപ്രതിഷ്ഠയോടെ കെെവന്ന പ്രകടമായ ചില മാറ്റങ്ങളുണ്ട്. ‘‘വിവിധ വർണ്ണക്കണ്ണാടികൾകൊണ്ട് അലംകൃതവും കാറ്റും വെളിച്ചവും യഥേഷ്ടം കടന്നുവരാൻ പാകത്തിൽ നിർമിച്ചിട്ടുള്ളതുമായ ഒരു ‘അഷ്ടകോൺ മണ്ഡപ’മാണ് ശാരദാക്ഷേത്രം. ഗുരുവിന്റെ മറ്റു പ്രതിഷ്ഠകളിൽ നിന്നെല്ലൊം തികച്ചും വ്യത്യസ്തമാണത‍്. താന്ത്രികവിധി പ്രകാരമുള്ള പൂജാ സംവിധാനങ്ങൾ ഗുരു ഒഴിവാക്കിയിരുന്നു.

ക്ഷേത്രത്തെ ജാതിവിവേചനത്തിനും മതേതരമായ സാഹോദര്യത്തിനുമുള്ള ഒത്തുകൂടൽ സ്ഥലങ്ങൾ കൂടിയായി തുടക്കത്തിൽ കണ്ട ഗുരു പിന്നീടവയെ വിദ്യാഭ്യാസത്തിനും സാംസ്കാരിക വിനിമയത്തിനുമുള്ള മാതൃകാ സ്ഥാപനങ്ങളായാണ് കണ്ടത്. ഈ ആശയം മുൻനിർത്തി 1917ൽ ഗുരു ഒരു സന്ദേശവും പുറപ്പെടുവിച്ചിരുന്നു.

‘‘ഇനി ക്ഷേത്രനിർമാണത്തെ പ്രോത്സാഹിപ്പിക്കരുത്. ക്ഷേത്രത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം കുറഞ്ഞുവരികയാണ്. അമ്പലം കെട്ടുവാൻ പണം ചെലവിട്ടതു ദുർവ്യയമായി എന്നു പശ്ചാത്തപിക്കുവാൻ ഇടയുണ്ട്. കാലത്തിന് അത്രമാത്രം മാറ്റം വന്നിരിക്കുന്നു. എങ്കിലും തൽക്കാലം ക്ഷേത്രം വേണ്ടെന്നു പറഞ്ഞാൽ ജനങ്ങൾ കേൾക്കുകയില്ല. നിർബന്ധമാണെങ്കിൽ ചെറിയക്ഷേത്രം വെച്ചുകൊള്ളട്ടെ. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം. പണം പിരിച്ചു പള്ളിക്കൂടങ്ങൾ കെട്ടാനാണ് ഉത്സാഹിക്കേണ്ടത്’’.

ഗുരു നടത്തിയ സാമൂഹിക വിപ്ലവത്തിന്റെയും ആദ്ധ്യാത്മിക വിപ്ലവത്തിന്റെയും ജനകീയ സ്ഥാപനങ്ങളെന്ന നിലയിൽ ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട‍്. ഗുരു കളവംകോടത്തു കണ്ണാടി പ്രതിഷ്ഠിച്ചത് കണ്ണാടിയിലൂടെ നമുക്കു നമമളെ തിരിച്ചറിയാൻ മാത്രമല്ല, കണ്ണാടിക്കു മൂടൽവരാതെ മങ്ങിപ്പോകാതിരിക്കാൻ കൂടിയാണ്.

കുറിപ്പുകൾ
1. Daniel C Demett, Breaking the Spell : Religion as a Natural Phenomenon, Penguin Books, 2006
2. ‘‘The formost lingam which is primary and devoid of smell, colour, taste, hearing, touch, etc., is spoken of as Prakriti (Nature)”
3. ശ്രീനാരായണ ഗുരു ഒരു സമഗ്രപഠനം, ഡോ. വിജയാലയം ജയകുമാർ, ജയകൃഷ്ണാ പബ്ലിക്കേഷൻസ്, 1992 : 648.
4. കേരള കൗമുദി ശ്രീനാരായണ ഡയറക്ടറി, 2009 (അഹം ബ്രഹ്മാസ്മിയുടെ പൂജാമുറികൾ, മഞ്ചു വെള്ളായണി)
5. ഡോ. വിജയാലയം ജയകുമാർ, പു 623.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 − 7 =

Most Popular