Sunday, November 24, 2024

ad

Homeകവര്‍സ്റ്റോറിബഹുസ്വരനായ 
ഗുരു

ബഹുസ്വരനായ 
ഗുരു

എ ലാൽസലാം

ജാതിയുടേയും മതത്തിന്റേയും പേരില്‍ തമ്മില്‍ പോരടിച്ചുകൊണ്ടിരുന്ന, അയിത്താചാരവും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണിരുന്ന കേരളത്തില്‍ 1850 കളില്‍ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയിരുന്നു. എന്നാല്‍ അന്ന് ആ മാറ്റത്തെ സ്വീകരിക്കാനോ സ്വാംശീകരിക്കാനോ കഴിയുംവിധം കേരള സമൂഹമനസ്സ് ഒട്ടും പാകമായിരുന്നില്ല. ജാതിവ്യവസ്ഥ സൃഷ്ടിച്ച യാഥാസ്ഥിതികത്വത്തിന്റെ ഇരുട്ടറകളിലേക്ക് വെളിച്ചം വീശിത്തുടങ്ങാന്‍ കാരണമായത് നിര്‍ഭയനായ ശ്രീനാരായണ ഗുരുവിന്റെ മാനവികതയിലൂന്നിയ, തികച്ചും മനുഷ്യകേന്ദ്രിതമായ തത്ത്വചിന്താ സരണിയാണ്. തത്ത്വത്തില്‍ മാത്രമല്ല, പ്രയോഗത്തിലും ഗുരു മുന്നോട്ടുവെച്ച മാതൃകയോളം മറ്റൊന്ന് ചരിത്രത്തിലില്ലതന്നെ. അവിടെയാണ് ഗുരുവിന്റെ ജീവിതവും സന്ദേശവും അപരിമേയവും അനുപമവുമാകുന്നത്.

ജാതി മതചിന്തകളാല്‍ ഭ്രാന്താലയമായിത്തീര്‍ന്നിരുന്ന സമൂഹമനസിനെ അതിനതീതമായ ഒരു സമൂഹമായി പരിവര്‍ത്തിപ്പിക്കുന്നതിന്, രൂഢമൂലമായ ജാതിവ്യവസ്ഥയുടെ തായ്-വേരുതന്നെ പറിച്ചെറിയേണ്ടതുണ്ടെന്നു ഗുരു തിരിച്ചറിഞ്ഞു. അതിന്റെ സംസ്ഥാപനമായിരുന്നു 1888 ലെ അരുവിപ്പുറം പ്രതിഷ്ഠ. ഗുരു അവിടെ കൊത്തിവെച്ചത് ‘‘ജാതി ഭേദം/മതദ്വേഷം/ഏതുമില്ലാതെ സര്‍വ്വരും/ സോദരത്വേന വാഴുന്ന/മാതൃകാ സ്ഥാനമാമിത്” എന്നാണ്. ഈ സന്ദേശത്തില്‍ ഗുരു എന്താണോ ഉദ്ദേശിച്ചത് അതെല്ലാം ഉണ്ട്. ‘‘ഏതുമില്ലാതെ” , ‘‘സര്‍വ്വരും” എന്നീ വാക്കുകള്‍ക്ക് അഗാധമായ അര്‍ത്ഥതലമുണ്ട്. അതാണ് ഭാവി കേരളത്തെ നിര്‍ണയിച്ചതും കേരള നവോത്ഥാനത്തിന് കൃത്യമായ പാതവെട്ടിത്തുറന്നതും. ‘‘ഏതുമില്ലാതെ” എന്നതുകൊണ്ട് ഗുരു അര്‍ത്ഥമാക്കിയത് ജാതി മതങ്ങള്‍ മാത്രമല്ല യാതൊരു വിധത്തിലുള്ള വിവേചനവും പാടില്ല – അതായത് ദേശം–ഭാഷ–വേഷം എന്നിവയുടെ അടിസ്ഥാനത്തിലുളള അതിരുവല്‍ക്കരണവും അരികുവല്‍ക്കരണവും പാടില്ല എന്നു തന്നെയാണ്. ഇന്നത്തെപ്പോലെ മതവൈരുധ്യങ്ങള്‍ അന്ന് രൂക്ഷമായിരുന്നില്ല; പകരം ജാതിവെറിയായിരുന്നു പ്രബലമായിരുന്നത്. ഭാവി ഇന്ത്യയെ മതവര്‍ഗീയത വിഴുങ്ങാനിടയുണ്ടെന്ന ഗുരുവിന്റെ ദീര്‍ഘവീക്ഷണം പ്രതിഫലിക്കുന്നതാണ് ‘‘മതദ്വേഷം” എന്ന വാക്ക്. ഗുരുവിന്റെ കൃതികളിലും സന്ദേശങ്ങളിലും സംഭാഷണങ്ങളിലും മാനവികതയുടെ മഹത്തായ സാന്നിദ്ധ്യം തൊട്ടറിയാം. അന്‍പ്, അനുകമ്പ, കരുണ എന്നിത്യാദി പദങ്ങള്‍ ഹൃദയാവര്‍ജകമായി ആവര്‍ത്തിച്ച് സന്നിവേശിപ്പിച്ചിരിക്കുന്നത് അപരജീവികളോടുള്ള അഗാധ സ്നേഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ജാതി ലക്ഷണം എന്ന കൃതിയില്‍ മനുഷ്യന്‍ ഒരു ജീവജാതി ആണെന്നാണ് ഗുരു വ്യക്തമാക്കുന്നത്. അതായത് ജീവജാലങ്ങളുടെ ഘടനയും ശരീര പ്രകൃതവും എല്ലാം വ്യത്യസ്തമാണ്. അതുപോലെ മനുഷ്യനും ഒരു ജീവജാതിയാണ്. ഏതു ദേശക്കാരായാലും ഏതു മതക്കാരായാലും സ്ത്രീയും പുരുഷനും ഇണചേര്‍ന്നാല്‍ സന്താനോല്‍പാദനം നടക്കും. അതുകൊണ്ട് മനുഷ്യരെല്ലാം ഒരു ജീവജാതിയാണ്. ജാതിമതങ്ങളെ അപ്രസക്തമാക്കുന്ന ഈ ചിന്താധാരയാണ് ഗുരുവിനെ മറ്റ് ലോകഗുരുക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഈ കാഴ്ചപ്പാടാണ് ലോകത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ശിഷ്യഗണങ്ങളെ ഗുരുവിനോടടുപ്പിച്ചത്. ഗുരുവിന്റെ ശിഷ്യാവലികളിലൂടെ കടന്നുപോയാല്‍ നാനാത്വത്തില്‍ ഏകത്വത്തിന്റെ þ ബഹുസ്വരതയുടെ വിളംബരം കാണാം. മതാതീതമായ സോദരത്വത്തിന്റെ അനേകം ഉദാഹരണങ്ങള്‍ കാണാം.വ്യത്യസ്ത പശ്ചാത്തലങ്ങളിലും വ്യത്യസ്ത മതങ്ങളിലുംപെടുന്നവരും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങള്‍ പിന്തുടരുന്നവരുമാണ് ഗുരുവിന്റെ ശിഷ്യസമ്പത്തിലുണ്ടായിരുന്നത്. ഏതെല്ലാം കാര്യത്തില്‍ വ്യത്യസ്തത പുലര്‍ത്തിയാലും അവര്‍ക്കെല്ലാം ഒന്നിച്ചുകഴിയാമെന്ന് ഗുരു കാട്ടിത്തന്നു. മതപ്പോരും മതപരിവര്‍ത്തനവാദങ്ങളും ആശയ സംഘര്‍ഷങ്ങളും ശിഷ്യരില്‍ പ്രകടമായിരുന്നെങ്കിലും അവകാശപ്പോരാട്ടങ്ങള്‍ക്കുവേണ്ടി ഒന്നിച്ചണിനിരക്കാന്‍ ഗുരു ചിന്ത അവര്‍ക്കു പ്രേരകമായി.

പല ആചാര്യന്മാരും തങ്ങളുടെ വിശ്വാസ പ്രമാണങ്ങള്‍ ശിഷ്യര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ് പതിവ്. മനുഷ്യസ്നേഹത്തിന്റെ അപരസാമ്യങ്ങളില്ലാത്ത പ്രതീകമായ ബുദ്ധന്‍പോലും തന്റെ നാസ്തികചിന്ത സന്ദേഹവാദികളായ ശിഷ്യന്മാരില്‍ അടിച്ചേല്‍പ്പിച്ചിരുന്നു. ഇക്കാര്യം ബുദ്ധനും ശിഷ്യന്മാരും തമ്മിലുള്ള സംഭാഷണങ്ങളില്‍ പ്രകടമാണ്. ദൈവമുണ്ടോ എന്ന് സംശയമുന്നയിച്ച അജ്ഞേയവാദികളായ ശിഷ്യരില്‍ മറുചോദ്യമുന്നയിക്കാന്‍ പറ്റാത്ത വിധം നാസ്തികവാദം അടിച്ചേല്‍പ്പിച്ചു. സ്വാമി വിവേകാനന്ദന്റെ ബൗദ്ധഭാരതം എന്ന പുസ്തകത്തില്‍ ഇക്കാര്യം പറയുന്നുണ്ട്.(പ്രസാ:രാമകൃഷ്ണ ആശ്രമം,പുറനാട്ടുകര) അതേസമയം നാരായണഗുരു ശിഷ്യന്മാരുടെ വിശ്വാസങ്ങളെ തിരുത്താന്‍ ശ്രമിച്ചില്ല. അതായത് ഗുരുവിന്റെ ശിഷ്യര്‍ക്ക് വിശ്വാസ സ്വാതന്ത്ര്യമുണ്ടായിരുന്നു. അതിന്റെ ദൃഷ്ടാന്തങ്ങള്‍ ഗുരുവിന്റെ ജീവിതത്തിലുടനീളം കാണാം. ഇസ്ലാം മതം ഉപേക്ഷിച്ച് രുദ്രാക്ഷം ധരിച്ച് ഭസ്മം പൂശിയ രൂപത്തില്‍ ശ്രീലങ്കയില്‍വെച്ചു കണ്ട ഖാദറിനോട് ‘‘നമ്മുടെ ശിഷ്യനാകാന്‍ ഒരു മതവും പ്രമാണമാക്കേണ്ടതില്ലെ”ന്ന് ഗുരു ഉപദേശിച്ചു. തുടര്‍ന്ന് ഗുരു ഖാദറിനെ ഖാദറിന്റെ സ്വന്തം മതത്തിലേക്കുതന്നെ തിരിച്ചുപോകാനാണ് ഉപദേശിച്ചത്. ക്രിസ്തുമതവിശ്വാസിയും വിദേശിയുമായ ഏണസ്റ്റ് കാര്‍ക്ക് 1927 ലാണ് ഗുരുവിന്റെ ശിഷ്യപദം സ്വീകരിച്ചത്. സന്ന്യാസി ശിഷ്യനായ കാര്‍ക്കിന് സന്ന്യാസ വേഷമായി ഗുരു നല്‍കിയത് കോട്ടും, സ്യൂട്ടുമാണ;്ദീക്ഷയായി നല്‍കിയതോടെയുമാണ്.

അതുപോലെ യുക്തിവാദിയായ സി കേശവനുമായുള്ള സംഭാഷണവും ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമാണ്. ആര്‍. ശങ്കറിന്റെ മകനായ മോഹന്‍ ശങ്കര്‍ എഴുതിയ ‘‘ഗുരുദേവ പ്രതിമകള്‍ ” എന്ന ലേഖനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നത് ചുവടെ ചേര്‍ക്കുന്നു. പിൽക്കാലത്ത് തിരു – കൊച്ചി മുഖ്യമന്ത്രിയായ സി കേശവന്‍ ശിവഗിരിയില്‍ താമസിക്കുന്ന സമയം, വളരെ നാളായി തന്നിലുണ്ടായിരുന്ന ഒരു സംശയം ഗുരു സന്നിധിയില്‍ ഉന്നയിച്ചു:

കേശവന്‍: ‘‘ഈശ്വരന്‍ ഉണ്ടോ?’’

ഗുരു: ‘‘കേശവന്റെ അഭിപ്രായം എന്താ?”

കേശവന്‍: ‘‘ഈശ്വരന്‍ ഇല്ല”

ഗുരു: ‘‘കേശവന്‍ കേശവന്റെ വിശ്വാസത്തില്‍ നിന്നാല്‍മതി”.

ഇങ്ങനെ ഒരു ഗുരു ലോകത്തെവിടെയെങ്കിലും ഉള്ളതായി നമ്മള്‍ കേട്ടിട്ടുണ്ടോ?ഇഷ്ടമുള്ളത് സ്വീകരിക്കാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തേണ്ടതില്ല എന്നാണ് ഗുരുവിലെ സ്വതന്ത്ര ചിന്ത നമ്മെ പഠിപ്പിക്കുന്നത്. പക്ഷേ ഭേദചിന്തയും വിവേചനവും വര്‍ഗീയതയും മനുഷ്യരെ ഭിന്നിപ്പിക്കാനും സംഘര്‍ഷങ്ങളിലേക്കു നയിക്കാനും ഇടവരുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഗുരു പ്രസിദ്ധമായ ജാതിയില്ലാവിളംബരം പ്രഖ്യാപിച്ചത്.

ഇനി മറ്റ് ശിഷ്യന്മാരുടെ വ്യത്യസ്ത പശ്ചാത്തലങ്ങള്‍ പരിശോധിക്കാം.

ഹിന്ദുമതവിശ്വാസിയായ 
കരുവാ കൃഷ്ണന്‍
ഗുരുവിന്റെ ശിഷ്യരില്‍ കരുവാ കൃഷ്ണന്‍ മാത്രമാണ് ഹിന്ദു മതവിശ്വാസി എന്ന് എടുത്തു പറയാന്‍ കഴിയുന്നത്. കൊല്ലം സ്വദേശിയായ കരുവാ കൃഷ്ണന്‍ വെളുത്തേരി കേശവന്‍ വൈദ്യരുടേയും തുടര്‍ന്ന് നാരായണ ഗുരുവിന്റെയും ശിഷ്യനായി. മറ്റ് ശിഷ്യരില്‍ നിന്ന് വ്യത്യസ്തമായി ഹിന്ദു മതത്തിന്റെ മൂലതത്ത്വങ്ങള്‍ പഠിക്കുകയും ആ മതത്തിനുവേണ്ടി പലഘട്ടങ്ങളിലും വാദപ്രതിവാദങ്ങളിലേര്‍പ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഗുരു ഹിന്ദുമതത്തിന്റെ നെടുംതൂണായ സ്മൃതിശ്രുതികളെയും ചാതുര്‍വര്‍ണ്യത്തെയും തള്ളിപ്പറഞ്ഞിരുന്നു. 1925 മാര്‍ച്ച് 11ന് ശിവഗിരിയില്‍ എത്തിയ ഗാന്ധിജി, നാരായണഗുരുവിനെ സന്ദര്‍ശിച്ച വേളയില്‍, അവര്‍ തമ്മില്‍ നടത്തിയ സംഭാഷണത്തിനിടയില്‍, ഹിന്ദുമതത്തിലെ മോക്ഷമാര്‍ഗത്തെക്കുറിച്ച് ഗാന്ധിജി ആരാഞ്ഞപ്പോള്‍ എല്ലാ മതങ്ങളിലുമുള്ളതുപോലെ ഹിന്ദുമതവും മോക്ഷമാര്‍ഗത്തിന് പര്യാപ്തമാണെന്ന് ഗുരു മറുപടി നല്‍കി. എന്നാല്‍ ലൗകികമായ മോക്ഷത്തിന് ഹിന്ദുമതം പര്യാപ്തമല്ലെന്നും ഗുരു മറുപടി പറഞ്ഞു. അത് സഫലമാകാതെ വരുമോ എന്ന് ചോദിച്ച ഗാന്ധിയോട് ‘‘രൂഢമൂലത” ഓര്‍ത്താല്‍ പൂര്‍ണ്ണ പ്രാപ്തിക്ക് മഹാത്മജി വീണ്ടും അവതരിക്കേണ്ടിവരും എന്നാണ് മറുപടി പറഞ്ഞത്.

ക്രിസ്തുമതം സ്വീകരിച്ച 
ജോണ്‍ ധര്‍മതീര്‍ത്ഥര്‍

ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍

ക്രിസ്തുമതം സ്വീകരിച്ച ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍, ഗുരുവിന്റെ പ്രധാന ശിഷ്യന്മാരിലൊരാളാണ്. പൂര്‍വ്വാശ്രമത്തില്‍ പരമേശ്വര മേനോന്‍ എന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹം വടക്കാഞ്ചേരിക്കാരനാണ്. ജാതിഭ്രാന്തു കണ്ട് മനംമടുത്താണ് അദ്ദേഹം കുറച്ചുനാള്‍ താമസം ലാഹോറിലേക്ക് മാറ്റിയത്. തുടര്‍ന്ന് പഞ്ചാബില്‍ താമസിക്കുന്ന വേളയില്‍ ഹിന്ദു മുസ്ലീം കലാപം നടക്കുകയും അതില്‍ മനംനൊന്ത് വടക്കേ ഇന്ത്യ ഉപേക്ഷിച്ച് അദ്ദേഹം തിരികെപ്പോരുകയും ചെയ്തു. 1941 ലാണ് അദ്ദേഹം എഴുതിയ ‘‘ഹൈന്ദവ ദുഷ്പ്രഭുത്വ ചരിത്രം” എന്ന കൃതി നിരോധിക്കപ്പെട്ടത്. തുടര്‍ന്ന് 1941 ഏപ്രിലില്‍ തിരുവനന്തപുരത്തുവച്ച് ക്രിസ്തുമതം സ്വീകരിച്ച സ്വാമി ധര്‍മതീര്‍ത്ഥര്‍ ഇങ്ങനെ പ്രഖ്യാപിച്ചു. ”ഹിന്ദുമതത്തില്‍ നിന്നുകൊണ്ട് ഗുരുധര്‍മം പ്രചരിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ ക്രിസ്തുമതം സ്വീകരിച്ചിരിക്കുന്നു”. ഗുരുവിന്റെ സംഭാഷണങ്ങളും കൃതികളും ആദ്യമായി ക്രോഡീകരിച്ചത് ജോണ്‍ ധര്‍മതീര്‍ത്ഥരാണ്. ചാക്കോ, എബ്രാഹാം തുടങ്ങിയ ക്രിസ്തുമതവിശ്വാസികളായ ശിഷ്യന്മാരും ഗുരുവിന് ഉണ്ടായിരുന്നു. വിദേശപാതിരിയായ പേട്ടയില്‍ ഫാദര്‍ ഫെര്‍ണാണ്ടസ് തൈക്കാട്ട് അയ്യാഗുരുവിന്റെ കീഴില്‍ ശ്രീനാരായണരുരുവിനൊപ്പം വിദ്യ അഭ്യസിച്ച സതീര്‍ത്ഥ്യനാണ്. ഒരിക്കല്‍ മെഴുവേലിയില്‍വെച്ച് സരസ കവി മൂലൂരിനോടൊപ്പം ചെലവഴിച്ച വേളയില്‍ അവിടം സന്ദര്‍ശിച്ച ക്രിസ്തുമതവിശ്വാസിയോട് ഗുരു ഇങ്ങനെ പറഞ്ഞു:‘‘ക്രിസ്തുവില്‍ സത്യമായി വിശ്വസിച്ച് ദൃഢഭക്തിയോടുകൂടി കുറച്ചുദിവസം പള്ളിയില്‍പോയി പ്രാര്‍ത്ഥിക്കണം. ഒത്താല്‍ ഭജനം പാര്‍ക്കണം സുഖം കിട്ടും.

സിഖ് മതം സ്വീകരിച്ച 
കെ.സി.കുട്ടന്‍

കെ സി കുട്ടൻ

സഹോദരസംഘം, കേരള തിയ്യ യുവജനസംഘം തുടങ്ങിയ സംഘടനകള്‍ സ്ഥാപിച്ച കെസി കുട്ടന്‍ 1924þല്‍ വൈക്കം സത്യഗ്രഹവേളയിലാണ് സമരസേനാനികള്‍ക്ക് ഭക്ഷണം വിളമ്പാനെത്തിയ സിഖുകാരെ പരിചയപ്പെട്ടത്. തുടര്‍ന്ന് അമൃത്-സറിലെത്തി ഈഴവനേതാവായിരുന്ന കെ സി കുട്ടന്‍ സിഖുമതം സ്വീകരിച്ചു. ഇദ്ദേഹത്തോടൊപ്പം 12 വയസ്സുള്ള ചേര്‍ത്തലക്കാരി പെണ്‍കുട്ടി നരേന്ദ്ര കൗര്‍ എന്ന പേര് സ്വീകരിച്ചു. 1936 ജൂണ്‍ 15ന് ഇരുപത്തിഅഞ്ച് ഈഴവരോടൊപ്പം സിഖുമതം സ്വീകരിച്ച കെ.സി. കുട്ടന്‍ ജയ്സിങ് എന്ന പേരിലാണ് തുടര്‍ന്ന് അറിയപ്പെട്ടത്. ഗുരുശിഷ്യരില്‍ വിപ്ലവകാരിയും സമരോത്സുകനായ പോരാളിയുമായിരുന്നു കെ.സി. കുട്ടന്‍.

ബുദ്ധമതവിശ്വാസിയായ 
മിതവാദി കൃഷ്ണന്‍

മിതവാദി കൃഷ്ണന്‍

‘‘മിതവാദി” പത്രാധിപരും ശ്രീനാരായണഗുരുവിന്റെ ശിഷ്യന്മാരില്‍ പ്രധാനിയുമായ മിതവാദി കൃഷ്ണന്‍ ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയോടുള്ള അടങ്ങാത്ത വിദ്വേഷം മൂലം ഈഴവരാദി പിന്നോക്കാരുടേയും ദളിതരുടേയും സ്വാതന്ത്ര്യത്തിന് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ തുടരണമെന്ന അഭിപ്രായക്കാരനായിരുന്നു. ഹിന്ദുമതത്തില്‍ കുടുങ്ങിയതാണ് ഈഴവരുടെ സര്‍വ്വവിധ അവശതയ്ക്കും കാരണമെന്നു വിശ്വസിച്ച മിതവാദി കൃഷ്ണന്‍ ഈഴവരെ ബുദ്ധമതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചു. പാറന്‍ സ്ക്വയറില്‍ വച്ച്(1925) ബുദ്ധമതസമ്മേളനം നടത്തിയ അദ്ദേഹം 1927ല്‍ സ്വന്തം ഭൂമിയില്‍ ബുദ്ധവിഹാരം പണിഞ്ഞു. മരണംവരെയും ബുദ്ധമതവിശ്വാസിയായി തുടര്‍ന്ന അദ്ദേഹത്തെയാണ് ആലുവ അദ്വൈതാശ്രമത്തിന്റെ ചുമതലക്കാരനായി ഗുരു നിയമിച്ചത്.

ഇസ്ലാംമത വിശ്വാസിയായ 
ഖാദര്‍ സ്വാമി
1926–ല്‍ ഗുരു ശ്രീലങ്കയില്‍ വച്ച് ഖാദര്‍ സന്ന്യാസിയെ കണ്ടുമുട്ടിയ കാര്യം നേരത്തെ സുചിപ്പിച്ചല്ലോ. ഗുരുവുമായി ഖാദര്‍ സംസാരിക്കുന്ന വേളയില്‍ ഗുരുവിന്റെ ശിഷ്യനാകാനുള്ള തന്റെ അടങ്ങാത്ത അദ്ദേഹം ആഗ്രഹം ഗുരുവിനെ അറിയിച്ചു.

ഖാദര്‍ :‘‘ഇസ്ലാം മതവിശ്വാസിയായ എനിക്ക് അവിടുത്തെ ശിഷ്യസംഘത്തില്‍ ചേരാമോ?

ഗുരുദേവന്‍: ‘‘അതിനു വിരോധമില്ലല്ലോ”

ഖാദര്‍: ‘‘വേണ്ടിവന്നാല്‍ മതപരിവര്‍ത്തനം നടത്തുന്നതിനും ഞാന്‍ ഒരുക്കമാണ്”

ഗുരുദേവന്‍: ‘‘നമ്മുടെ സന്ന്യാസി സംഘത്തില്‍ച്ചേരുന്നതിന് ഖാദര്‍ മതംമാറേണ്ടതില്ല.  ഖാദര്‍ സ്വാമിയും ആകണമെന്നില്ല. ഖാദറിനു ഖാദറായിത്തന്നെ ഇരുന്നാല്‍ മതിയല്ലോ”

തുടര്‍ന്ന് ഖാദര്‍ ദീക്ഷ സ്വീകരിച്ചു. വീണ്ടും ഗുരു ശ്രീലങ്കയില്‍ എത്തിയപ്പോള്‍ ഖാദറിനെ കണ്ടുമുട്ടി. കാവിവസ്ത്രധാരിയായിരുന്ന ഖാദറിനോട് ദീക്ഷാനാമം തിരക്കിയപ്പോള്‍ കന്തസ്വാമി എന്നു ഖാദര്‍ പറഞ്ഞു. അവിടുന്ന് അത് മറന്നുപോയോ എന്ന് ഖാദര്‍ ചോദിച്ചപ്പോള്‍ ഗുരു പറഞ്ഞത് ‘‘നമുക്കു ഖാദറിനെ അറിയാം, കന്തസ്വാമിയെ അറിയില്ല” എന്നാണ്. സര്‍വ്വ മതസമഭാവനയില്‍ വിശ്വസിച്ച ഗുരു, ആരുടെയും മതസ്വാതന്ത്ര്യത്തെയോ വിശ്വാസത്തെയോ ഒരിക്കലും തടയുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായില്ല.

അബ്ദുള്‍ അസീസ് മുസ്ലിയാര്‍ ഗുരുവിന്റെ ശിഷ്യനാണെന്നും സൂഹൃത്താണെന്നും പറയപ്പെടുന്നു. വര്‍ക്കലയിലെ താമസക്കാരനായിരുന്ന മുസ്ലിയാരും ഗുരുവും വളരെ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. ഈ ബന്ധം, ഗുരുവിന് ഖുറാനും മുസ്ലിയാര്‍ക്ക് തിരുക്കുറളും കൂടുതല്‍ അറിയാനും കൂടുതല്‍ മനസിലാക്കാനും അവസരമായി. വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ വന്നതോടെ മുസ്ലിയാര്‍ ശിവഗിരിയിലേക്ക് വരാതെയായി. തുടര്‍ന്ന് മുസ്ലിയാരുടെ വീട്ടില്‍ചെന്നുകണ്ട ഗുരു പറഞ്ഞു ‘‘ഗ്രന്ഥങ്ങള്‍ സമാധാനമായിരുന്നു വായിക്കാന്‍ പ്രശാന്തമായ ഒരു സ്ഥലം ആവശ്യമാണ്. നാം ശിവഗിരിയില്‍ പള്ളി (മദ്രസ) പണികഴിപ്പിച്ചു തരാം. അവിടെയിരുന്ന് വായിക്കുകയും പഠിക്കുകയും ചെയ്യാമല്ലൊ”.

തക്കല പീര്‍ മുഹമ്മദ്, മക്കടി ലബ്ബ(തൈക്കാട് അയ്യാഗുരുവിന്റെ ശിഷ്യന്മാര്‍), വക്കം മൗലവി തുടങ്ങിയ പണ്ഡിതന്മാരുമായി ഗുരു അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. മുഹമ്മദ് എന്ന പേരിലും ഒരു ശിഷ്യന്‍ ഗുരുവിനുണ്ടായിരുന്നു.

ശ്രീനാരായണമതം 
സ്ഥാപിച്ച ബോധാനന്ദസ്വാമി

ബോധാനന്ദസ്വാമി

ഹിന്ദുമതത്തിനു കീഴില്‍ ആത്മാഭിമാനം പണയംവെച്ച് ജീവിക്കേണ്ടതില്ലെന്നും പുതിയൊരു മതം സ്ഥാപിക്കണമെന്നുമുള്ള വാദം ഗുരുശിഷ്യര്‍ക്കിടയില്‍ പ്രബലമായി. അങ്ങനെയാണ് ഗുരുവിന്റെ ആദര്‍ശങ്ങളും സന്ദേശങ്ങളും ക്രോഡീകരിച്ച് ശിഷ്യനായ ബോധാനന്ദസ്വാമി ശ്രീനാരായണമതം എന്ന പേരില്‍ പുതിയൊരു മതം സ്ഥാപിച്ചത്. ഈ മതത്തിന്റെ പ്രചാരണത്തിനായി കൊല്ലവർഷം 1101ല്‍ വടക്കാഞ്ചേരിയില്‍ സ്നേഹിതന്‍ എന്ന പത്രവും തുടങ്ങി. ശ്രീനാരായണമതത്തിന്റെ പ്രചാരണത്തിന് തുടക്കംകുറിച്ചുകൊണ്ട് മലപ്പുറത്തുവെച്ച് ഒരു മഹായോഗം കൂടി. ‘‘ശ്രീനാരായണമതം ” എന്ന പേരില്‍ ധര്‍മതീര്‍ത്ഥസ്വാമിയും ശ്രീനാരായണധര്‍മ്മം എന്ന പേരില്‍ ബോധാനന്ദസ്വാമിയും പ്രചാരണാര്‍ത്ഥം പുസ്തകങ്ങള്‍ പുറത്തിറക്കി, പ്രസ്തുത മതത്തിന്റെ പ്രാരംഭപ്രവര്‍ത്തനവുമായി കോട്ടായി കുമാരന്‍, എം ശ്രീധരമേനോന്‍, എം. ഹസന്‍ഖാന്‍, സി.ബഥയ്യ, സി.കുഞ്ഞന്‍ എന്നിവരടങ്ങിയ കമ്മിറ്റിയെയും എടുത്തു. ഗുരുവിന്റെ പള്ളാത്തുതുരുത്തി സന്ദേശത്തിന്റെ ചുവടുപിടിച്ചാണ് മതസ്ഥാപനത്തിന് അടിത്തറ പാകിയത്. ഒരുതരത്തിലുമുള്ള കര്‍ക്കശനിബന്ധനകള്‍ ഇല്ലാതിരുന്ന ഈ മതത്തില്‍ ഇഷ്ടമുള്ള വിശ്വാസം പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.

ദളിത് വിഭാഗത്തില്‍നിന്നുള്ള 
ശിഷ്യന്‍

ടി.ടി. കേശവശാസ്ത്രി

1915 ല്‍ മെഴുവേലിയില്‍ വെച്ച് കണ്ടുമുട്ടിയ ടി.ടി. കേശവശാസ്ത്രിയുടെ പഠനത്തിനുള്ള മുഴുവന്‍ ചെലവും ഗുരു ഏറ്റെടുക്കുകയും മൂലൂരിനെ അതിന്റെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. പില്‍ക്കാലത്ത് ഡെപ്യൂട്ടി സ്പീക്കറായ ടി.ടി കേശവ ശാസ്ത്രി, അയ്യങ്കാളിയുടെ മകളെയാണ് വിവാഹം കഴിച്ചത്. ടി ടി കേശവ ശാസ്ത്രിയെ കൂടാതെ ദളിത് വിഭാഗത്തില്‍പ്പെട്ട നിരവധി ശിഷ്യര്‍ ഗുരുവിനുണ്ടായിരുന്നു.ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ശിഷ്യനാണ് എ. കുഞ്ഞിരാമന്‍. പില്‍ക്കാലത്ത് തിരുവനന്തപുരം മേയര്‍ പദം അലങ്കരിച്ച അദ്ദേഹമാണ് ദളിത് വിഭാഗത്തില്‍നിന്നുള്ള ആദ്യത്തെ മേയര്‍. ഗുരുവിന്റെ നിര്‍ദ്ദേശ പ്രകാരം കുഞ്ഞിരാമനെ ശിവഗിരിയില്‍ താമസിപ്പിച്ച് ഇ.എസ്.എസ്.എല്‍.സിക്ക് പഠിപ്പിച്ചിരുന്നു.എന്നാല്‍ ഗുരുവിന്റെ സമാധിക്കുശേഷം അദ്ദേഹത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല.

വിദേശിയായ ഏണസ്റ്റ് കര്‍ക്ക്

ഏണസ്റ്റ് കര്‍ക്ക്

പരമ്പരാഗത ആചാരങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഏണസ്റ്റ് കര്‍ക്കിനെ ശിഷ്യനായി ഗുരു സ്വീകരിച്ചത്. അതിനുമുമ്പ് വര്‍ഷങ്ങളോളം ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞ കര്‍ക്ക് അനേകം ആശ്രമങ്ങളും മഠങ്ങളും സന്ദര്‍ശിച്ചിരുന്നു. ആര്യസാമാജം, ബ്രഹ്മസമാജം, രമണാശ്രമം തുടങ്ങിയ ഇടങ്ങളില്‍ പ്രവര്‍ത്തിച്ച കര്‍ക്കിന് അവിടെയൊന്നും ബഹുസ്വരതയുടെ തരിമ്പുപോലും ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. കാവി വസ്ത്രത്തെ തമസ്കരിച്ച ഗുരുവിന്റെ ഇടപെടലുകളെ അത്ഭുതത്തോടെയാണ് കാര്‍ക്ക് കണ്ടത് ‘‘വസ്ത്രമല്ല, സന്ന്യാസമാണ് പ്രധാനം, ത്യാഗമാണ്” എന്നാണ് ഗുരു കര്‍ക്കിനോട് പറഞ്ഞത്. ധര്‍മസംഘത്തിലെ 22–ാമത്തെ അംഗമായ ഏണസ്റ്റ് കര്‍ക്ക് ശിവഗിരി ഇന്‍ഡസ്ട്രീയല്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ ഗുരുകുലം പദ്ധതിക്ക് തുടക്കമിട്ടു. ഗുരു സന്ദേശപ്രചരണത്തിനായി ‘‘ലൈഫ്” എന്ന പേരില്‍ ഇംഗ്ലീഷ് മാഗസീനും തുടങ്ങി. 1951ല്‍ കാര്‍ക്ക് സമാധിയാകുന്ന വേളയിലും ഗുരു നല്‍കിയ ടൈയ്യും കോട്ടും തന്നെയാണ് ധരിച്ചിരുന്നത്.

തൊഴിലാളി പ്രവർത്തകനായ 
വാടപ്പുറം ബാവ

വാടപ്പുറം ബാവ

ഗുരു ശിഷ്യരില്‍ കമ്യൂണിസ്റ്റുകാരും മാര്‍ക്സിസ്റ്റ് ദാര്‍ശനികരെ പരിചയപ്പെടുത്തിയവരും തൊഴിലാളിനേതാക്കളും ഉള്‍പ്പെടുന്നു. തൊഴിലാളി നേതാക്കളില്‍ എടുത്തുപറയേണ്ട ശിഷ്യനാണ് വാടപ്പുറം ബാവ. ആലപ്പുഴയിലെ സാറാസ് മെയില്‍ ആൻഡ് കമ്പനി എന്ന പേരിലുള്ള കയര്‍ ഫാക്ടറിയില്‍ തൊഴിലാളികളെ ഉടമകള്‍ അടിമകളായാണ് കണ്ടിരുന്നത്. ചാട്ടവാറടികൊണ്ട് പീഡനമനുഭവിച്ച തൊഴിലാളികളുടെ സങ്കടം അവതരിപ്പിക്കാനാണ് ബാവ ഗുരുവിനെ സമീപിച്ചത്. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി തൊഴിലാളി സംഘടന രൂപീകരിക്കാനും സഹകരണസംഘം രൂപീകരിക്കാനുമുള്ള ചുമതല ഗുരു സത്യവ്രത സ്വാമികള്‍ക്ക് നല്‍കി. അങ്ങനെ കേരളത്തില്‍ ആദ്യത്തെ തൊഴിലാളി സംഘടനയ്ക്ക് രൂപം നല്‍കപ്പെട്ടതില്‍ ഗുരുവിന്റെ പ്രേരണ കൂടിയുണ്ടായിരുന്നു. ‘‘തൊഴിലാളികളുടെ രക്ഷയ്ക്കായി ഒരു സംഘടന ഉണ്ടാക്കു, അതിലൂടെ ശക്തരായി അവര്‍ സ്വതന്ത്രരാകട്ടെ” എന്ന ഗുരുവിന്റെ ആഹ്വാനം ബാവ ഏറ്റെടുക്കുകയായിരുന്നു. അങ്ങനെയാണ് 1922 ഏപ്രില്‍ 23 ന് തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ രൂപം കൊള്ളുന്നത്. അതിന്റെ സ്ഥാപക സമ്മേളനത്തില്‍ ഗുരു നല്‍കിയ സന്ദേശം സത്യവ്രത സ്വാമികള്‍ വായിച്ചു കേള്‍പ്പിച്ചു. ‘‘ഭയപ്പെടേണ്ട, തൊഴിലാളികളുടെ കാലമാണ് വരാന്‍ പോകുന്നത്. ധൈര്യമായി എല്ലാവരുടേയും വിശ്വാസം നേടി മുന്നോട്ടു പോവുക”. മലയാളത്തിലെ ആദ്യത്തെ തൊഴിലാളി മാസികകളായ വേലക്കാരനും തൊഴിലാളിയും തുടങ്ങിയത് ഗുരു ശിഷ്യരായ സഹോദരന്‍ അയ്യപ്പനും വാടപ്പുറം ബാവയുമാണ്.

യുക്തിവാദിയായ 
സഹോദരന്‍ അയ്യപ്പന്‍
ഗുരുവിന്റെ ഗൃഹസ്ഥശിഷ്യരില്‍ പത്തില്‍കുറയാത്ത എണ്ണം യുക്തിവാദികള്‍ ഉണ്ടായിരുന്നു.സഹോദരന്‍ അയ്യപ്പന്‍, സി.കേശവന്‍, സി.വി. കുഞ്ഞുരാമന്‍, എം.സി.ജോസഫ്, കുറ്റിപ്പുഴ കൃഷ്ണപിള്ള എന്നിവര്‍ ഇക്കൂട്ടത്തില്‍ പ്രമുഖരാണ്, ഗുരുവിന്റെ ഏകലോകദര്‍ശനത്തില്‍ ആകൃഷ്ടനായ അയ്യപ്പന്‍ 1917ല്‍ സഹോദരസംഘം ആരംഭിച്ചു. അതേവര്‍ഷം അയ്യപ്പന്‍ ചെറായിയില്‍ വച്ച് സംഘടിപ്പിച്ച മിശ്രഭോജനം കേരളത്തില്‍ ചലനം സൃഷ്ടിച്ചു. യുക്തിവാദ പ്രസ്ഥാനത്തിന്റെ അമരക്കാരനായ സഹോദരന്‍ അയ്യപ്പന്റെ ‘‘ജാതിവേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്. വേണം ധര്‍മം യഥോചിതം” എന്ന മുദ്രാവാക്യം വലിയ വിപ്ലവമായിരുന്നു. 1921 മെയ് 15ന് ആലുവയില്‍ അയ്യപ്പന്‍ സംഘടിപ്പിച്ച സഹോദരസമ്മേളനത്തില്‍ ഗുരു നല്‍കിയ സന്ദേശം ഏറ്റുവാങ്ങി സഹോദരന്‍ കേരളത്തിലങ്ങോളമിങ്ങോളം മിശ്രവിവാഹവും മിശ്രഭോജനവും സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. ആ സന്ദേശമിതായിരുന്നു.‘‘മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയായിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതില്‍ യാതൊരു ദോഷവുമില്ല”. ഗുരുവിന്റെ സാര്‍വസൗകിക സമത്വദര്‍ശനത്തിന്റെ ദൃഷ്ടാന്തമാണ് ഈ സന്ദേശം. പുരോഗമന സോഷ്യലിസ്റ്റ് ആശയത്തിന്റെ ശക്തനായ പ്രചാരകനായ അയ്യപ്പനാണ് കേരളത്തില്‍ ആദ്യമായി ‘‘സഖാവ് ” എന്ന പദം ഉപയോഗിച്ചതും ലെനിനെ ആദ്യമായി മലയാളികള്‍ക്ക് പരിചയപ്പെടുത്തിയതും.

മേല്‍പ്പറഞ്ഞവരെ കൂടാതെ വ്യത്യസ്ത മേഖലകളിലെ നിരവധി ശിഷ്യര്‍ ഗുരുവിനുണ്ടായിരുന്നു. കുമാരനാശാന്‍, ടി.കെ മാധവന്‍, കഥാപ്രസംഗത്തിന്റെ ഉപജ്ഞാതാവായ സത്യദേവന്‍, ബോധേശ്വരന്‍, പള്ളത്ത് രാമന്‍, മൂര്‍ക്കോത്ത് കുമാരന്‍, മൂലൂര്‍, മഞ്ചേരി രാമയ്യന്‍,അനന്ത ഷേണായി എന്ന അനന്ദതീര്‍ത്ഥന്‍ തുടങ്ങിയവരെല്ലാം അക്കൂട്ടത്തില്‍പ്പെടും.വ്യത്യസ്ത ദേശങ്ങളെയും വ്യത്യസ്ത സംസ്കാരങ്ങളെയും കൂട്ടിയിണക്കിയ നവീനമായ മാനവിക ദര്‍ശനത്തിനാണ് ഗുരു അടിത്തറയിട്ടത്. അതാണ് കേരള നവോത്ഥാനത്തിന് ഉശിരും ഊര്‍ജവും നല്‍കിയത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × four =

Most Popular