Thursday, September 19, 2024

ad

Homeപ്രതികരണംവ്യവസായ സൗഹൃദത്തിലും കേരളം ഒന്നാം സ്ഥാനത്ത്

വ്യവസായ സൗഹൃദത്തിലും കേരളം ഒന്നാം സ്ഥാനത്ത്

പിണറായി വിജയൻ

വ്യവസായ, പൗരസേവന പരിഷ്‌കാരങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച് കേരളം മുന്നേറുകയാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് വിലയിരുത്തലിൽ നമ്മുടെ സംസ്ഥാനം നടപ്പാക്കിയ റീഫോം വിഭാഗങ്ങൾക്ക്, സംരംഭകരുടെ ഇടയിൽകേന്ദ്ര സർക്കാരിന്റെ വ്യവസായ – വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി.) നടത്തിയ അഭിപ്രായ സർവ്വേയിൽ 95 ശതമാനത്തിലധികം മികച്ച പ്രതികരണം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നമ്മൾ ടോപ്പ് അച്ചീവർ ലിസ്റ്റിൽ എത്തുകയും ഒന്നാം സ്ഥാനത്തിന് അർഹമാകുകയും ചെയ്തു.

ചരിത്രത്തിൽ ആദ്യമായാണ് കേരളം ഒന്നാം സ്ഥാനത്തെത്തുന്നത്. വ്യവസായ സൗഹൃദ റാങ്കിങ്ങിൽ 2019 ൽ 28–ാം സ്ഥാനത്ത് ആയിരുന്ന കേരളം കഴിഞ്ഞ തവണ പുറത്തുവിട്ട റാങ്കിങ്ങിൽ 15–ാം സ്ഥാനത്തെത്തുകയുണ്ടായി. ഇപ്പോൾ കൈവരിച്ച ഒന്നാം സ്ഥാനത്തോടെ കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുമെന്ന എൽഡിഎഫ് സർക്കാരിന്റെ ഉറപ്പ് പാലിക്കപ്പെട്ടിരിക്കുന്നു. കേരളം വ്യവസായ സൗഹൃദമല്ലെന്ന ദീർഘകാലമായി നടന്നു വരുന്ന പ്രചരണത്തിന് ഇതോടെ അന്ത്യം കുറിക്കപ്പെട്ടിരിക്കുന്നു.

സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വ്യവസായ സൗഹൃദാന്തരീക്ഷത്തിന്റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യുന്ന ബൃഹദ് പ്രക്രിയയാണ് ‘സ്റ്റേറ്റ് ബിസിനസ്സ് റീഫോം ആക്ഷൻ പ്ലാൻ (എസ്‌. ബി. ആർ. എ. പി.)’, അഥവാ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് (ഇ.ഒ.ഡി.ബി.)’.

സംസ്ഥാനത്ത് വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളും വ്യവസായം സ്ഥാപിക്കുന്നതിനും, പ്രവർത്തിപ്പിക്കുന്നതിനും നൽകുന്ന സേവനങ്ങളുടെയും, സംരംഭകർക്ക് ലഭ്യമാകുന്ന പൗരസേവനങ്ങളുടെയും മികവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് പട്ടിക തയ്യാറാക്കുന്നത്.

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കെ.എസ്.ഐ. ഡി.സി. വിവിധ വകുപ്പുകളെയും ഏജൻസികളെയും ഏകോപിപ്പിച്ചാണ് ‘സ്റ്റേറ്റ് ബിസിനസ്സ് റീഫോം ആക്ഷൻ പ്ലാൻ’ പ്രക്രിയ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്നത്.

വ്യവസായ സംരംഭകരുടെ ഇടയിൽ ഡി.പി.ഐ.ഐ. ടി. നടത്തുന്ന അഭിപ്രായ സർവ്വേ മാത്രമാണ് ഇത്തവണത്തെ റാങ്കിങ്ങിന്റെ ആധാരം എന്നത് നമ്മുടെ വിജയത്തിന്റെ മാറ്റുകൂട്ടുന്നുണ്ട്. 2024 സെപ്തംബർ 5 ന് ന്യൂഡല്‍ഹി യശോഭൂമിയിലെ പലാഷ് ഹാളില്‍ നടന്ന സംസ്ഥാന വ്യവസായ മന്ത്രിമാരുടെ ‘ഉദ്യോഗ് സംഗമം 2024′ സമ്മേളനത്തിലാണ് ഡി. പി. ഐ. ഐ. ടി. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് റാങ്കിങ് പ്രഖ്യാപിച്ചത്. വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനും, പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായ അനുമതികൾ എളുപ്പത്തിലും, സുതാര്യമായും, സമയബന്ധിതമായും ലഭ്യമാക്കുന്നതിനും സംരംഭങ്ങള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ ഉതകുന്ന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും കേരളം വലിയ മുന്നേറ്റം നടത്തിയെന്ന് ഈ റാങ്കിങ് സൂചിപ്പിക്കുന്നു.

സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷത്തിന്റെ ഭാഗമായി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നത് പ്രോത്‌സാഹിപ്പിക്കാൻ സർക്കാർ ഏർപ്പെടുത്തിയ ഇളവുകളും നയം മാറ്റങ്ങളും നടപടിക്രമങ്ങൾ ലളിതമാക്കിയതുമെല്ലാം നേട്ടത്തിന് കാരണമായി. ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭക വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിൽ എം എസ് എം ഇ മേഖലയിലെ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി തിരഞ്ഞെടുത്തിരുന്നു.

മികച്ച രീതിയിലുള്ള വ്യാവസായിക നയങ്ങളും തദ്ദേശ തലം വരെ ഇത് ഫലപ്രദമായി നടപ്പിലാക്കിയതും ഈ മികച്ച നേട്ടം കൈവരിക്കാന്‍ സഹായിച്ചു. അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ പൗരര്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ എത്തിക്കുന്നതിലും കേരളം മുൻപിലാണ്. കെ- സ്വിഫ്റ്റ്, കെ- സിസ്, തുടങ്ങിയ ഓൺലൈൻ സംവിധാനങ്ങൾക്ക് സംരംഭകരുടെ ഇടയിൽ ലഭിച്ച സ്വീകാര്യതയും മികച്ച റാങ്കിങ് നേടുന്നതിന് കാരണമായിട്ടുണ്ട്. വ്യവസായ രംഗത്തെ മാറ്റങ്ങൾ സംരംഭകർക്ക് അനുഭവവേദ്യമായി എന്നതാണ് പുതിയ റാങ്കിങ്. ഇതടക്കമുള്ള കേരളത്തിന്റെ നേട്ടങ്ങൾ ലോകത്തിന് മുൻപിൽ ഉയർത്തിക്കാട്ടി കൂടുതൽ നിക്ഷേപം സ്വീകരിക്കുകയാണ് ലക്ഷ്യം.

അതുപോലെ കേരളത്തിന്റെ സ്വപ്നമായ കൊച്ചി- –ബെംഗളൂരു വ്യവസായ ഇടനാഴി യാഥാർത്ഥ്യമാകുന്നു. പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു. റെക്കോർഡ് വേഗതയിലാണ് പദ്ധതിക്കാവശ്യമായ 1710 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. 1790 കോടി രൂപയുടെ പ്രാരംഭ നടപടികളും പൂർത്തീകരിച്ചു.

കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന കൊച്ചി – ബംഗളൂരു ഇടനാഴിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ പാലക്കാട് ക്ലസ്റ്ററിനാവശ്യമായ 82 ശതമാനം സ്ഥലവും 2022-ൽ തന്നെ ഏറ്റെടുത്തു കഴിഞ്ഞതാണ്. പദ്ധതിയുടെ അംഗീകാരത്തിനായി നിരവധി തവണ കേന്ദ്ര സർക്കാരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. കേന്ദ്ര-–സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപ്പറേഷൻ എന്ന സ്പെഷ്യൽ പകർപ്പ് വെഹിക്കിൾ (എസ് പി വി) മുഖേന നടപ്പാക്കുന്ന വ്യവസായ ഇടനാഴിയുടെ മാസ്റ്റർ പ്ളാനും ഡി.പി. ആറും പൂർത്തിയായതിനാൽ ഉടൻ തന്നെ ടെണ്ടർ നടപടികൾ ആരംഭിക്കാനാകും.

ഭക്ഷ്യ സംസ്കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്റോസ്പേസ് തുടങ്ങിയ മേഖലകളിൽ വ്യവസായ സംരംഭങ്ങൾക്ക് വളരാനുള്ള അവസരം ഈ പദ്ധതി ഒരുക്കും. ലഘൂകരിച്ച നടപടി ക്രമങ്ങളും ഏകജാലക സംവിധാനവും സംരംഭകർക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കും. അതേ സമയം തന്നെ ‘ഉത്തരവാദ വ്യവസായം, – ഉത്തരവാദ നിക്ഷേപം’ എന്ന നയം വിട്ടുവീഴ്ചയില്ലാതെ നടപ്പാകുന്ന അവസ്ഥ ഉറപ്പു വരുത്തുകയും ചെയ്യും. ഈ പദ്ധതിയിലൂടെ 55,000 പ്രത്യക്ഷ തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി കേരളത്തിന്റെ വ്യാവസായിക മേഖലയെ പുതിയ ഉയരങ്ങളിലേയ്ക്ക് നയിക്കും.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one + six =

Most Popular