Tuesday, January 14, 2025

ad

Homeപ്രതികരണംഭരണഘടനയെ 
സംരക്ഷിക്കാൻ...

ഭരണഘടനയെ 
സംരക്ഷിക്കാൻ…

പിണറായി വിജയൻ

നാധിപത്യവും മതേതരത്വവും ഉൾപ്പെടെ എല്ലാ ഭരണഘടനാ മൂല്യങ്ങളുടേയും പരിപൂർണ്ണ നിരാസമാണ് സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനം. ആർഎസ്എസ് സ്ഥാപിതമായതു മുതൽ അതിന്റെ നേതൃത്വത്തിൽ സംഘപരിവാർ സംഘടനകൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയം ശ്രമിക്കുന്നത് ഭരണഘടനയുടെ തകർച്ചയ്ക്കായാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പാർലമെന്റിൽ നടത്തിയ അംബേദ്കറെ അപമാനിക്കുന്ന പ്രസ്താവനകൾ. രാജ്യത്തെ പൗരാവകാശങ്ങളുടെ അടിസ്ഥാനംതന്നെ നമ്മുടെ ഭരണഘടനയാണ്. ആ ഭരണഘടനയുടെ ശില്‍പിയെപോലും പാർലമെന്റിൽ വച്ച് അപമാനിക്കാന്‍ മടിയില്ലാത്ത രീതിയിൽ അവരുടെ അഹന്ത വളർന്നിരിക്കുന്നു.

ഓരോ പൗരനും അന്തസ്സോടെയുള്ള ജീവിതം ഉറപ്പാക്കാനും സമത്വവും സമഭാവനയും ഊട്ടിയുറപ്പിക്കാനും വേണ്ട പരിശ്രമങ്ങള്‍ നടത്തിയ വ്യക്തിയാണ് അംബേദ്കര്‍. നമ്മുടെ നാടിന്റെ നവോത്ഥാന – പുരോഗമന – അധിനിവേശവിരുദ്ധ ആശയങ്ങളെ സ്വാംശീകരിച്ചുകൊണ്ടാണ് അദ്ദേഹം ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. ‘ഒരു വ്യക്തിക്ക് ഒരു വോട്ട്, ഒരു വോട്ടിന് ഒരു മൂല്യം’ – എന്ന തത്വം ഉറപ്പുവരുത്തിക്കൊണ്ട് രാഷ്ട്രീയ കാര്യങ്ങളില്‍ സമത്വം നേടാന്‍ നമുക്കു കഴിഞ്ഞു എന്നും; എന്നിരുന്നാലും സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങള്‍ ഇല്ലാതാക്കിയാല്‍ മാത്രമേ പൂര്‍ണ്ണതോതില്‍ സമത്വത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ നമുക്കു കഴിയൂ എന്നുമാണ് ഭരണഘടന അവതരിപ്പിച്ചുകൊണ്ടുള്ള ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചയില്‍ അംബേദ്കര്‍ പറഞ്ഞത്.

സാമൂഹിക – സാമ്പത്തിക കാര്യങ്ങളിലെ അസമത്വം തുടരണമെന്നും രാഷ്ട്രീയ കാര്യങ്ങളില്‍ ഇപ്പോള്‍ നമുക്കുള്ള സമത്വം ഇല്ലാതെയാക്കണമെന്നും കരുതുന്നവര്‍ക്കു മാത്രമേ ഭരണഘടനാ ശില്‍പിയായ അംബേദ്കറെ അപമാനിക്കാന്‍ കഴിയൂ. അത്തരക്കാരുടെ ഉദ്ദേശ്യം എന്താണെന്നതു വ്യക്തമാണ്. ഭരണഘടനയെ അട്ടിമറിച്ച് ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുള്ള ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ ഇല്ലാതാക്കാനും വിശ്വാസ സംഹിതകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണസംവിധാനം ഇവിടെ പ്രാബല്യത്തില്‍ വരുത്താനുമാണ് അവര്‍ ശ്രമിക്കുന്നത്.

പൗരാവകാശങ്ങള്‍ ഉറപ്പാക്കുക എന്നതാണ് ജനാധിപത്യ പ്രക്രിയയില്‍ സര്‍ക്കാരുകള്‍ ചെയ്യുന്നത്. എന്നാല്‍, രാജ്യത്ത് വര്‍ത്തമാനകാല സാഹചര്യത്തില്‍ പൗരാവകാശങ്ങള്‍ ഉറപ്പാക്കുകയല്ല, ഹനിക്കപ്പെടുകയാണ്. സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിച്ചാല്‍ അപ്പോള്‍ കല്‍ത്തുറുങ്കിലടയ്ക്കുകയാണ്. എത്രയോ പേര്‍ക്ക് തടവറയില്‍ നേരിടേണ്ടിവന്ന പീഡനങ്ങള്‍ കാരണം ജീവന്‍ നഷ്ടമായി.

സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്തുന്ന പത്രസ്ഥാപനങ്ങളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണ്. ഇത് അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമായി മാറുകയാണ്. കേന്ദ്ര ഏജന്‍സികള്‍ക്കുപുറമെ സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന ഗുണ്ടാ സ്ക്വാഡുകള്‍ തന്നെ സ്വതന്ത്ര ചിന്തകരെയും വിമര്‍ശകരെയും വേട്ടയാടുന്ന നിലയുണ്ടാവുന്നു. ഗൗരി ലങ്കേഷിന്റെയും ഗോവിന്ദ് പന്‍സാരയുടെയും എം എം കല്‍ബുര്‍ഗിയുടെയും അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്.

നിയമത്തിനുമുന്നില്‍ എല്ലാവരും സമന്മാരാണെന്നു ഭരണഘടന പറയുന്നുണ്ട്. ആ സമത്വം ഉറപ്പാക്കാന്‍ നമുക്ക് എത്രമാത്രം കഴിയുന്നുണ്ട് എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങള്‍ അനുസരിച്ച് ന്യൂനപക്ഷങ്ങള്‍ ജീവിച്ചുകൊള്ളണമെന്ന് ഒരു ജഡ്ജി തന്നെ പറഞ്ഞത് ഈയടുത്ത കാലത്താണ്. അതിനുപുറമെയാണ് രാജ്യത്തുണ്ടാകുന്ന വിവേചനപരമായ നിയമനിര്‍മ്മാണങ്ങള്‍. ചൂഷണനെത്തിനെതിരെ നിലകൊള്ളാനുള്ള അവകാശമുണ്ട് എന്നിരിക്കെത്തന്നെ ചൂഷണത്തിനെതിരെ നിലകൊള്ളുന്ന കര്‍ഷകരെയും തൊഴിലാളികളെയും ക്രൂരമായി അടിച്ചമര്‍ത്തുകയും കൊലപ്പെടുത്തുകയും ചെയ്യുകയാണ്.

തൊഴിലാളിയെ യഥേഷ്ടം തൊഴിലെടുപ്പിക്കുന്നതിന് തൊഴിലുടമയ്ക്ക് അവകാശം നല്‍കുന്ന നിയമനിര്‍മ്മാണം രാജ്യത്ത് നടന്നിരിക്കുകയാണ്. തൊഴില്‍സമയം 14 മണിക്കൂറാക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് കർണ്ണാടകയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ചൂഷണത്തിതിരെ നിലകൊള്ളാനുള്ള അവകാശം ഉറപ്പാക്കുന്ന ഭരണഘടനയില്‍ തൊട്ട് പ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സര്‍ക്കാരുകള്‍ തന്നെ ഇത്തരം ചൂഷണങ്ങള്‍ക്കു വഴിതുറക്കുന്നു എന്ന ദൗർഭാഗ്യകരമായ അവസ്ഥയാണ് നേരിടേണ്ടി വരുന്നത്.

മതവിശ്വാസ സ്വാതന്ത്ര്യത്തിനുള്ള അവകാശം നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍, എല്ലാവര്‍ക്കും അവരവരുടെ വിശ്വാസം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സാഹചര്യം നിലവില്‍ ഈ രാജ്യത്തുണ്ടോ? മതം എന്നതു പോകട്ടെ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുമെല്ലാമുള്ള അവകാശം ഈ രാജ്യത്ത് എല്ലായിടത്തുമുണ്ടോ? നിയമപരമായി ഉണ്ട്. പക്ഷേ, അതിന് ചിലര്‍ അനുവദിക്കാത്ത നിലയാണുള്ളത്. അതിനു ചുക്കാന്‍പിടിക്കുന്നതാകട്ടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരും.

വര്‍ഗീയ അജൻഡ നടപ്പാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് പല ഭാഗങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ വര്‍ഗീയത ആളിക്കത്തിക്കാനും അതിന്റെ പേരില്‍ മനുഷ്യരെ നിഷ്കരുണം കൊന്നുതള്ളാനും വര്‍ധിതവീര്യത്തോടെ സംഘപരിവാര്‍ ശക്തികള്‍ മുന്നോട്ടുവരികയാണ്. ഹരിയാനയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഹിമാചലിലും ഉത്തര്‍പ്രദേശിലുമെല്ലാം പശുവിന്റെ പേരില്‍ നിരന്തരമായ ആക്രമണങ്ങള്‍ അരങ്ങേറുന്നു. അക്രമികളെ സംരക്ഷിക്കുകയും ഇരകളെ കേസില്‍ കുടുക്കുകയും ചെയ്യുന്നു. പശുവിന്റെ പേരില്‍ രാജ്യമാകെ വര്‍ഗീയ കലാപം അഴിച്ചുവിടുന്ന അക്രമികള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുകയാണ് അധികാരത്തിലിരിക്കുന്നവര്‍.

സാബിര്‍ എന്ന കുടിയേറ്റ തൊഴിലാളിയെ ഹരിയാനയില്‍ വര്‍ഗ്ഗീയവാദികള്‍ മര്‍ദ്ദിച്ചുകൊന്നു. ആര്യന്‍ മിശ്ര എന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഗോ സംരക്ഷകര്‍ വെടിവെച്ചു കൊന്നു. ഗോ സംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ കഴിഞ്ഞ പത്തു വര്‍ഷമായി ഇന്ത്യയില്‍ നിരന്തരം നടക്കുകയാണ്. 2015 ലാണ് ഉത്തര്‍പ്രദേശില്‍ 45 കാരനായ മുഹമ്മദ് അഖ്ലാക്കിനെ വധിച്ചത്. അവിടെനിന്ന് ഇങ്ങോട്ട് ഗോ സംരക്ഷണം എന്ന പേരില്‍ ഇന്ത്യയിലെമ്പാടും നിരവധി കൊലപാതകങ്ങള്‍ അരങ്ങേറി.

ഇതിനെക്കുറിച്ച് സംസാരിക്കാനോ കൊലപാതകങ്ങളെ അപലപിക്കാനോ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ആരുംതന്നെ തയ്യാറായിട്ടില്ല. കഴിഞ്ഞ 10 വര്‍ഷംകൊണ്ട് അറുപതോളം കൊലപാതകങ്ങളും മുന്നൂറിലധികം ആക്രമണങ്ങളും ഗോ സംരക്ഷണത്തിന്റെ പേരില്‍ നടന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 2018 ല്‍ സുപ്രീംകോടതി ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തിയിട്ടുപോലും ഇതിനെതിരെ എന്തെങ്കിലും ചെയ്യാന്‍ അധികാരത്തിലിരിക്കുന്നവര്‍ തയ്യാറായില്ല. ഭരണഘടനാ സ്ഥാപനമായ സുപ്രീംകോടതിയോട് സംഘപരിവാറിനുള്ള നിഷേധാത്മകമായ നിലപാട് വ്യക്തമാക്കുന്നതാണ് ഇത്.

ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് അധികം താമസിക്കാതെ തന്നെ വഖഫ് നിയമഭേദഗതി ബില്ലുമായി വന്നത് അവരുടെ പോക്ക് എങ്ങോട്ടാണ് എന്നുള്ളതിന്റെ സൂചനയാണ്. ഇപ്പോള്‍ മദ്രസകളെയും ലക്ഷ്യം വെച്ചിരിക്കുകയാണ്. വഖഫ് സ്വത്തുക്കളാകെ പിടിച്ചെടുക്കാനും ന്യൂനപക്ഷ അവകാശങ്ങളെല്ലാം ഇല്ലാതാക്കാനുമുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് നിയമഭേദഗതി. എന്‍ ഡി എ ഘടക കക്ഷികള്‍ക്കുപോലും അതിനെതിരെ രംഗത്തു വരേണ്ടിവന്നു. അങ്ങനെയാണ് ബില്‍ പാര്‍ലമെന്ററി സമിതിക്ക് വിട്ടത്.

സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധത, മുസ്ലീം ജനവിഭാഗങ്ങളെ മാത്രമേ ബാധിക്കൂ എന്നാണ് ചിലര്‍ കരുതുന്നത്. എന്നാല്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പാസാക്കി ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിനെതിരായ കടന്നാക്രമണം അവര്‍ കടുപ്പിക്കുകയാണ് എന്നതാണ് വസ്തുത. ഒരു വര്‍ഷത്തിലധികമായിട്ടും മണിപ്പൂരിലെ കലാപം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അതിനെ കൂടുതല്‍ ആളിക്കത്തിക്കാനാണ് വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്ത് എല്ലാവര്‍ക്കുമുണ്ട് എന്നു പറഞ്ഞാല്‍, വിശ്വസിച്ചതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നവര്‍ക്കെങ്കിലും അത് അംഗീകരിക്കാന്‍ കഴിയുമോ?

ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ നിത്യസംഭവമായിരിക്കുന്നു. അയോധ്യയില്‍ രാമക്ഷേത്രം ഉയര്‍ന്നപ്പോള്‍ അന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടിയ ഒരു കാര്യം രാജ്യത്താകമാനം സംഘപരിവാര്‍ സൃഷ്ടിച്ചിട്ടുള്ള വര്‍ഗീയ അതിക്രമങ്ങളുടെ ബീഭത്സ രൂപം ഇനി വരാനിരിക്കുന്നു എന്നതാണ്. ‘അയോധ്യാ തോ ബസ് ജാന്‍കീ ഹേ, കാശി, മധുര അഭീ ബാക്കി ഹേ’ എന്ന സംഘപരിവാര്‍ മുദ്രാവാക്യം ഇടതുപക്ഷം ഏവരെയും ഓര്‍മ്മിപ്പിച്ചു. അയോധ്യകൊണ്ട് ഒന്നും അവസാനിക്കാന്‍ പോകുന്നില്ലായെന്നും രാജ്യത്താകമാനം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടാകാന്‍ പോകുന്നുവെന്നുമാണ് ആ മുദ്രാവാക്യം വ്യക്തമാക്കിയത്.

ഇടതുപക്ഷം ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഇടതുപക്ഷത്തെ പരിഹസിക്കാനാണ് മതേതര പാരമ്പര്യം അവകാശപ്പെടുന്ന ചില കക്ഷികള്‍ തയ്യാറായത്. എന്നാല്‍, ഇടതുപക്ഷം ചൂണ്ടിക്കാട്ടിയത് വസ്തുതാപരമായ കാര്യമാണെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ സംഭലില്‍ നിന്നുള്ള വാര്‍ത്തകളടക്കം അതിനെ ശരിവെക്കുന്നു. നാലുപേര്‍ കൊല്ലപ്പെട്ട സംഘര്‍ഷത്തിനു കാരണമായ സംഭലില്‍ മസ്ജിദ് ഭാരവാഹികളുടെ ഭാഗം കേള്‍ക്കുക പോലും ചെയ്യാതെയാണ്, സര്‍വേ നടത്താന്‍ ധൃതിയില്‍ ഏകപക്ഷീയമായി കോടതി ഉത്തരവിട്ടത്.

വാരാണസിയിലെയും മഥുരയിലെയും മസ്ജിദുകള്‍ക്കുമേല്‍ അവകാശവാദം ഉന്നയിച്ച് നല്‍കിയ ഹര്‍ജികള്‍ കീഴ്-കോടതികള്‍ ഫയലില്‍ സ്വീകരിച്ച് സര്‍വേയ്ക്ക് ഉത്തരവിട്ടു. സര്‍വമതസ്ഥരുടെയും തീര്‍ത്ഥാടന കേന്ദ്രമായ അജ്മീര്‍ ദര്‍ഗയുടെ അവകാശം സംബന്ധിച്ചുള്ള ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. ആരാധനാലയങ്ങള്‍ക്കുമേല്‍ അവകാശവാദം ഉന്നയിച്ച് രാജ്യത്തെ വര്‍ഗീയമായി പിളര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് ഇതെല്ലാം തെളിയിക്കുന്നു.

ആരാധനാലയങ്ങളുടെ മതസ്വഭാവം 1947 ആഗസ്റ്റ് 15 ന് എന്തായിരുന്നോ അതായിത്തന്നെ നിലനിര്‍ത്തണമെന്ന് അനുശാസിക്കുന്ന, 1991 ലെ ആരാധനാലയ സംരക്ഷണനിയമം നിലനിര്‍ത്തേണ്ടതും ഫലപ്രദമായി നടപ്പാക്കേണ്ടതും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് 1991 ലെ ആരാധനാലയ സംരക്ഷണനിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കക്ഷിചേരാന്‍ സിപിഐ എം തീരുമാനിച്ചത്.

ഇത്തരത്തില്‍ എല്ലാ വിഭാഗങ്ങളുടെയും വിശ്വാസങ്ങള്‍ നീതിപൂര്‍വ്വമായി സംരക്ഷിക്കാന്‍ ഇടതുപക്ഷം നിലകൊള്ളുമെന്നതിന് അനേകം ദൃഷ്ടാന്തങ്ങളുണ്ട്.

എന്നാല്‍, മതത്തെ മറയാക്കി വിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരെ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല. അത്തരക്കാരെ വിമര്‍ശിക്കുമ്പോള്‍ അത് ഏതെങ്കിലുമൊരു വിഭാഗത്തിന് എതിരാണ് എന്ന ധാരണ ആവശ്യമില്ല. ഒരു വിഭാഗം ഉയര്‍ത്തുന്ന വര്‍ഗ്ഗീയ രാഷ്ട്രീയത്തെ മറുവിഭാഗം ചെറുക്കേണ്ടത് വര്‍ഗ്ഗീയതകൊണ്ടാണെന്ന വാദം എത്രമാത്രം ബാലിശമാണ്. അത് എല്ലാ വര്‍ഗീയതകള്‍ക്കും പരസ്പരം ചൂണ്ടിക്കാട്ടി വളരാനുള്ള അവസരമേ ഉണ്ടാക്കൂ. വേണ്ടത് മതനിരപേക്ഷ ജനാധിപത്യ ഐക്യനിരയില്‍ അണിനിരന്ന് ഒരുമിച്ചുചേര്‍ന്നു ചെറുക്കുകയാണ്.

ഇരുട്ടിനെ ഇരുട്ടുകൊണ്ട് നേരിടുന്നത് കൂരിരുട്ട് മാത്രമേ സൃഷ്ടിക്കൂ. അതുപോലെ വര്‍ഗീയതയെ വര്‍ഗീയതകൊണ്ട് നേരിട്ടാല്‍ അത് നാടിന്റെയാകെ നാശത്തിന് കാരണമാകും. ഇരുട്ടിനെ നേരിടേണ്ടത് വെളിച്ചം കൊണ്ടാണ് എന്നപോലെ വര്‍ഗീയതയെ നേരിടേണ്ടത് മതനിരപേക്ഷത കൊണ്ടാണ്. ആ മതനിരപേക്ഷ ആശയത്തില്‍ ഊന്നിയാണ് നമ്മുടെ ഭരണഘടനയടക്കം നിലനില്‍ക്കുന്നത്. മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെങ്കില്‍ വര്‍ഗീയത, അത് എത്ര ചെറിയ അളവിലുള്ളതും ആയിക്കോട്ടെ, അത് വിമര്‍ശിക്കപ്പെടുക തന്നെ വേണം. ‘വര്‍ഗീയത വേറെ, വിശ്വാസം വേറെ’ എന്ന പ്രാഥമിക ധാരണ എല്ലാവര്‍ക്കും ഉണ്ടാകണം.

പൗരാവകാശത്തിന്റെ അടിസ്ഥാനം തന്നെ പൗരത്വമാണ്. അത് നിലനില്‍ക്കുന്നതാകട്ടെ ഭരണഘടനയുടെ അടിസ്ഥാന തത്വമായ മതനിരപേക്ഷതയില്‍ ഊന്നിയും. എന്നാലിന്ന്, അതിനെ അട്ടിമറിക്കുന്ന വിധത്തില്‍ പൗരത്വത്തിന് മതവിശ്വാസം ഘടകമാക്കുന്ന നിലവരുന്നു. മതമാണ് പൗരത്വത്തിന് ആധാരം എന്നുവരുമ്പോള്‍ നാം മതരാഷ്ട്രമായി മാറുന്നു എന്നര്‍ത്ഥം. മതരാഷ്ട്രം സ്ഥാപിക്കാനല്ല നമ്മുടെ പൂര്‍വ്വികര്‍ സ്വാതന്ത്ര്യസമരത്തില്‍ പോരാടിയത്. മതേതര ഇന്ത്യ യാഥാര്‍ത്ഥ്യമാക്കാനാണ് മുസ്സീമെന്നോ ക്രിസ്ത്യാനിയെന്നോ ഹിന്ദുവെന്നോ സിഖ് എന്നോ പാഴ്സിയെന്നോ ബൗദ്ധനെന്നോ ജൈനനെന്നോ ഒരു വ്യത്യാസവുമില്ലാതെ അവര്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി അണിനിരന്നത്. ആ ഉജ്ജ്വല മതനിരപേക്ഷ പാരമ്പര്യത്തെയാണ് നമ്മള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്.

പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിന്റേതാണ്. സി എ എയുമായി ബന്ധപ്പെട്ട എന്‍ പി ആര്‍ സംസ്ഥാനത്ത് നടപ്പിലാക്കില്ല എന്ന് തുടക്കത്തില്‍ത്തന്നെ പ്രഖ്യാപിച്ചത് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ്. സി എ എയിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സ്യൂട്ട് ഫയല്‍ ചെയ്തത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ്.

സി എ എയ്ക്കെതിരെ ഇടതുമുന്നണി മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ മനുഷ്യച്ചങ്ങല തീര്‍ത്തു. ഡല്‍ഹിയിലും ആസാമിലും ഉള്‍പ്പെടെ വലിയ പ്രക്ഷോഭങ്ങള്‍ സി എ എയ്ക്കെതിരെ അരങ്ങേറിയിട്ടുണ്ട്. അത്തരം ജനകീയ പ്രതിഷേധങ്ങളെയും രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെയും കണക്കിലെടുക്കാതെ തങ്ങളുടെ വര്‍ഗീയ അജൻഡ നടപ്പാക്കും എന്നു വാശിപിടിക്കുകയാണ് സംഘപരിവാര്‍. ഈ വാശി നടക്കില്ല എന്നുറപ്പുവരുത്തുന്ന ഏക ഇടപെടലാണ് നാം കൂട്ടായി നടത്തേണ്ടത്.

ഡല്‍ഹിയില്‍ സമാധാനപരമായി നടന്ന സി എ എ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ ബി ജെ പി നേതാക്കള്‍ രംഗത്തെത്തിയതും പ്രക്ഷോഭകരെ വെടിവച്ചുകൊല്ലാന്‍ ഒരു കേന്ദ്രമന്ത്രി തന്നെ ആഹ്വാനം ചെയ്തതും എല്ലാം നമ്മുടെ ഓര്‍മ്മയിലുണ്ട്. ആ ഘട്ടത്തിലാണ് ഡല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഡല്‍ഹി പൊലീസ് അതിനു കൂട്ടുനിന്നപ്പോള്‍ കലാപാന്തരീക്ഷം ശാന്തമാക്കാന്‍ എത്തിയതും സി എ എ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതും സഖാവ് സീതാറാം യെച്ചൂരി അടക്കമുള്ള ഇടതുപക്ഷ നേതാക്കളായിരുന്നു. എന്നാല്‍, അവരെ പ്രതിചേര്‍ത്താണ് കേന്ദ്ര ഭരണത്തിന്റെ കീഴിലുള്ള ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ന്യൂനപക്ഷങ്ങളുടെ വാസസ്ഥലങ്ങളെയും ആരാധനാലയങ്ങളെയും ഇടിച്ചുനിരത്താന്‍ ശ്രമിച്ചപ്പോള്‍ ബുള്‍ഡോസറുകള്‍ക്കു മുന്നില്‍ നിന്നു പ്രതിരോധം തീര്‍ത്തത് സഖാവ് ബൃന്ദാ കാരാട്ടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റുകാരായിരുന്നു. എന്‍ ഐ എ ഭേദഗതി നിയമം ന്യൂനപക്ഷ വിരുദ്ധമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അതിനെതിരെ ശക്തമായ നിലപാട് ലോക്-സഭയിൽ എടുത്തതും കമ്യൂണിസ്റ്റുകാരാണ്. ഡല്‍ഹിയിയെന്നപോലെ മണിപ്പൂരിലും സമാധാനം പുനഃസ്ഥാപിക്കാന്‍ ഓടിയെത്തിയത് ഇടതുപക്ഷ നേതാക്കളായിരുന്നു.

സി എ എ വിഷയം വന്നപ്പോള്‍ കോൺഗ്രസ് ഉരുണ്ടുകളിക്കുകയാണ് ചെയ്തത്. രാജ്യത്താകെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ട് അവരുടെ ആരാധനാ സ്വാതന്ത്ര്യം പോലും തടസ്സപ്പെടുത്തുന്ന നിലയുണ്ടായപ്പോഴും കൃത്യമായ നിലപാടുകൾ എടുക്കാതെയും ശക്തമായ പ്രതിരോധം തീർക്കാതെയും കോൺഗ്രസ് ഒഴിഞ്ഞു മാറി . മതേതര പാരമ്പര്യം ആവശ്യപ്പെടുന്ന രാഷ്ട്രീയ കക്ഷികള്‍ തന്നെ ഈ നിലയുമായി സമരസപ്പെടുമ്പോള്‍ നാം കൂടുതല്‍ ജാഗരൂകരാകേണ്ടതുണ്ട്. പൗരാവകാശങ്ങള്‍ സംരക്ഷിക്കാന്‍, സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ ഭരണഘടന തന്നെയാണ് എന്ന ബോധ്യം ഏവര്‍ക്കുമുണ്ടാകണം.

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും മുന്നേറ്റങ്ങളും മുദ്രാവാക്യങ്ങളും ഭരണഘടനയ്ക്ക് ഊര്‍ജ്ജമായിട്ടുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി നടന്ന പ്രക്ഷോഭങ്ങളെല്ലാംതന്നെ വ്യത്യസ്തമായ സാംസ്കാരിക – രാഷ്ട്രീയ ധാരകളെ വിളക്കിച്ചേര്‍ത്തുകൊണ്ട് ഉണ്ടായവയാണ്. ഈ വൈവിധ്യമാര്‍ന്ന ആശയങ്ങളുടെ പുരോഗമനോന്മുഖമായ മാനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് നമ്മുടെ ഭരണഘടന രൂപപ്പെടുന്നത്. അതില്‍ രാഷ്ട്രീയ സമരങ്ങളുയര്‍ത്തിയ ആശയങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും ഉയര്‍ത്തിയ മൂല്യങ്ങളും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്.

ഈ ചരിത്രപശ്ചാത്തലത്തില്‍ നിന്നുവേണം ഭരണഘടനയെ വായിക്കാനും പഠിക്കാനും അതുവഴി പൗരാവകാശങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാനും. അവകാശങ്ങള്‍ ആരുംതന്നെ വച്ചുനീട്ടി തന്നതല്ല എന്നും നിരവധി പോരാട്ടങ്ങളിലൂടെ നാം ആര്‍ജ്ജിച്ചെടുത്തതുമാണെന്നുമുള്ള ബോധ്യം അതിലൂടെ കൈവരും.

മറ്റു രാജ്യങ്ങളുടെ ഭരണഘടനയെപ്പോലെ ഇന്ത്യന്‍ ഭരണഘടന കേവലമായ ഒരു നിയമപ്രമാണം മാത്രമല്ല. അതിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ പരിവര്‍ത്തനോന്മുഖമായ സ്വഭാവമാണ്. ലെജിസ്ലേച്ചറിന്റെയും എക്സിക്യൂട്ടീവിന്റെയും ജുഡീഷ്യറിയുടെയും പ്രവര്‍ത്തന ഘടനകളെക്കുറിച്ച് പ്രതിപാദിക്കുന്നതോടൊപ്പംതന്നെ നമ്മുടെ സമൂഹത്തെ സമത്വത്തിലും മതനിരപേക്ഷതയിലും ഊന്നിയ ജനാധിപത്യ സമൂഹമാക്കി മാറ്റിത്തീര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നു കൂടി നമ്മുടെ ഭരണഘടന പറയുന്നുണ്ട്.

ഇതെല്ലാം ഭരണഘടനയിലേക്ക് ഉള്‍ച്ചേര്‍ക്കുമ്പോള്‍ ഭരണഘടനാ ശില്‍പികള്‍ മനസ്സില്‍ കണ്ട ഒരു വസ്തുതയുണ്ട്. ഇത്തരം നേട്ടങ്ങള്‍ ആര്‍ജ്ജിക്കാന്‍ അന്നുവരെ കഴിയാതിരുന്ന ഒരു സമൂഹമാണ് ഇന്ത്യ. അതില്‍ നിന്നു മുന്നേറി സമത്വവും അവസരതുല്യതയും മതനിരപേക്ഷതയും ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നമുക്ക് ഏറെ ദൂരം മുന്നോട്ടു പോകേണ്ടതുണ്ട് എന്നതായിരുന്നു ഭരണഘടനാ ശില്‍പികളുടെ ദീര്‍ഘവീക്ഷണം. ഇത് കണക്കാക്കി കാര്യങ്ങൾ ഗൗരവത്തോടെ ഉൾക്കൊണ്ട് മുന്നോട്ട് നീങ്ങാൻ കഴിയണം. പൗരാവകാശങ്ങൾ ഹനിക്കാൻ ആരെയും അനുവദിക്കില്ല എന്നും അതിന്റെ അടിസ്ഥാനമായി നിൽക്കുന്ന ഭരണഘടന തകർക്കാൻ എത്ര വലിയ ശക്തികൾ ശ്രമിച്ചാലും തടയുമെന്നുമുള്ള ദൃഢനിശ്ചയം നമുക്കുണ്ടാകണം. എങ്കിൽ മാത്രമേ ഇന്ത്യയുടെ മഹത്തായ ജനാധിപത്യ പാരമ്പര്യം സംരക്ഷിക്കാനും പുതിയ ഉയരങ്ങളിലേയ്ക്ക് രാജ്യത്തെ നയിക്കാനും നമുക്ക് സാധിക്കൂ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × 1 =

Most Popular