Wednesday, January 15, 2025

ad

Homeവിശകലനംജമാഅത്തെ ഇസ്ലാമിയുടെ
പാക് പർവം

ജമാഅത്തെ ഇസ്ലാമിയുടെ
പാക് പർവം

എ എം ഷിനാസ്

പാകിസ്താൻ ഭരണഘടനാ നിർമാണസഭയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് അലി ജിന്ന, 1947 ആഗസ്ത് 11ന് ഭരണഘടനാ സഭയിൽ നവരാഷ്ട്രം മതേതര ജനാധിപത്യ രാഷ്ട്രമാണെന്ന് വിശദീകരിക്കവെ പറഞ്ഞ കാര്യങ്ങൾ മതരാഷ്ട്രവാദികൾക്ക് ഒട്ടും ദഹിക്കുന്നതായിരുന്നില്ല: ‘‘ഇപ്പോൾ തൊട്ട് പാകിസ്താനിലെ മുസ്ലീങ്ങൾ മുസ്ലീങ്ങളല്ലാതായി മാറും. പാകിസ്താനിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും, ഹിന്ദുക്കളും ക്രിസ്ത്യാനികളുമല്ലാതായിത്തീരും. മതപരമായ അർഥത്തിലല്ല ഞാനിത് പറയുന്നത്. കാരണം മതം വ്യക്തിയുടെ സ്വകാര്യ വിഷയമാണ്. രാഷ്ട്രീയാർഥത്തിൽ, ഈ മതവിഭാഗങ്ങളിൽ പെടുന്നവരെല്ലാം പാകിസ്താനിലെ തുല്യ പൗരരായിരിക്കും. എല്ലാവരും ഇനി സ്വതന്ത്രരാണ്. നിങ്ങൾക്ക് ക്ഷേത്രങ്ങളിലും പള്ളികളിലും മറ്റ് ആരാധനാസ്ഥലങ്ങളിലും പോകാൻ സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ മതവും ജാതിയും വിശ്വാസപ്രമാണവും എന്താവട്ടെ, അവയ്ക്ക് രാഷ്ട്ര വ്യവഹാരങ്ങളുമായി ഒരു ബന്ധവുമില്ല. മതസമുദായങ്ങളും ജാതികളും മറ്റു വിശ്വാസ പ്രമാണങ്ങളും തമ്മിൽ യാതൊരു വിവേചനവും വേർതിരിവുമില്ലാത്ത വിധത്തിലാണ് ഈ ദിവസം തൊട്ട് നമ്മൾ ആരംഭിക്കുന്നത്. നാമെല്ലാം ഈ രാഷ്ട്രത്തിന്റെ പൗരരാണെന്നും തുല്യപൗരരാണെന്നുമുള്ള മൗലികതത്വം മുറുകെപ്പിടിച്ചാണ് നാം യാത്ര തുടങ്ങുന്നത്’’.

ജിന്നയുടെ ചരിത്രപ്രസിദ്ധമായ ഭരണഘടനാ സഭാഭാഷണം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോൾ, 1948 ആഗസ്തിൽ നവരാഷ്ട്രത്തിന്റെ സ്വഭാവത്തെച്ചൊല്ലി പാക് ജമാഅത്തെ ഇസ്ലാമി, പാക് സർക്കാരും പാക് സെെന്യവുമായും തുറന്ന പോരാരംഭിച്ചു. പാകിസ്താൻ എന്ന രാഷ്ട്രത്തോട് നിഷ്ഠാശപഥം (Oath of Allegiance) ചെയ്യുന്ന കാര്യത്തിൽ മൗദൂദിയോട് അഭിപ്രായമാരാഞ്ഞപ്പോൾ ജമാഅത്തെ ആചാര്യന്റെ മറുപടി ഇപ്രകാരമായിരുന്നു: ‘‘അല്ലാഹുവിനോടു മാത്രമേ മുസ്ലീങ്ങൾക്ക് നിഷ്ഠാശപഥം ചെയ്യാനാകൂ. പാകിസ്താൻ ഒരു ഇസ്ലാമിക രാഷ്ട്രമാവുകയും ശരിഅത്ത് നിയമങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ഭരിക്കപ്പെടുകയും ചെയ്യുന്നതുവരെ നിഷ്ഠാശപഥം ചെയ്യാൻ പറ്റില്ല. പാകിസ്താനിലെ ‘‘അനിസ്ലാമിക സെെന്യ’’ത്തിൽ സേവനമനുഷ്ഠിക്കുന്നതുപോലും എനിക്കോ ജമാഅത്തെ ഇസ്ലാമി അംഗങ്ങൾക്കോ അചിന്ത്യമാണ്’’. (ഫ്രെഡറിക് ഗ്രെയ്ർ, പൊളിറ്റിക്കൽ ഇസ്ലാം ഇൻ ദ ഇന്ത്യൻ സബ്കോൺടിനെന്റ്: ദി ജമാഅത്തെ ഇസ്ലാമി, പേജ് 30).

ജിന്നയും അനുയായികളും വിഭാവനം ചെയ്ത, മുസ്ലീം ഭൂരിപക്ഷമുള്ളവരും എന്നാൽ മതേതര ജനാധിപത്യ സ്വഭാവമുള്ളതുമായ ഒരു രാഷ്ട്രമായിരുന്നില്ല വിഭജനാനന്തരം ഒട്ടും സമയം പാഴാക്കാതെ പാകിസ്താനിലേക്കു പോകുമ്പോൾ മൗദൂദിയുടെ മനസ്സിലുണ്ടായിരുന്നത്. പാകിസ്താന്റെ രൂപീകരണ യുക്തി തന്നെ ഇസ്ലാം മതമാണെന്നും അതിനാൽ പുതുരാഷ്ട്രത്തെ സത്വരം ഇസ്ലാമീകരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു മൗദൂദിയുടെ ന്യായവാദം.

നിഷ്ഠാശപഥത്തോട് ഇടഞ്ഞുനിന്ന മൗദൂദിയോടും ജമാഅത്തെ അംഗങ്ങളോടും അനുഭാവികളോടും പാക് സർക്കാരിന്റെ പ്രതികരണം പെട്ടെന്നായിരുന്നു. ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയും അതിന്റെ പ്രസിദ്ധീകരണങ്ങളും നിരോധിക്കപ്പെട്ടു. അവയിൽ മൗദൂദിയുടെ കാർമികത്വത്തിൽ ഇറങ്ങിയിരുന്ന ‘തർജുമാനുൽ ഖുർആൻ’ ഉം ഉണ്ടായിരുന്നു. പാക് സർക്കാരിലുണ്ടായിരുന്ന 25 ജമാഅത്തെ അംഗങ്ങളെയും അനുഭാവികളെയും പിരിച്ചുവിട്ടു. മൗദൂദിയെ അറസ്റ്റുചെയ്യുകയും 1948 ഒക്ടോബർ മുതൽ 1949 അവസാനം വരെ തടവിലാക്കുകയും ചെയ്തു. (ഫ്രെഡറിക് ഗ്രെയ്–ർ, പേജ് 31).

മുഹമ്മദ് അലി ജിന്ന 1948 സെപ്തംബർ 11ന് അന്തരിച്ചു. ജിന്നയുടെ അനുയായിയായിരുന്ന പാകിസ്താൻ പ്രധാനമന്ത്രി ലിയാഖത്ത് അലിഖാൻ 1951 ഒക്ടോബർ 16ന് വധിക്കപ്പെട്ടു. മതരാഷ്ട്രവാദത്തിന്റെ എതിർമുഖത്തുനിന്ന ഈ രണ്ടു നേതാക്കളുടെയും നിഷ്-ക്രമണത്തോടെ പാക് സർക്കാരുമായുള്ള ജമാഅത്തെ ഇസ്ലാമിയുടെ ബന്ധം മെച്ചപ്പെട്ടു.

മൗദൂദിയുടെ പല സുഹൃത്തുക്കളും സർക്കാരിന്റെ ഭാഗമായി. പാക് സർക്കാരും പാക് സെെന്യവുമായുള്ള ഹ്രസ്വമായ ഏറ്റുമുട്ടൽ ജമാ അത്തെ ഇസ്ലാമിയെ ഒരു തിക്ത സത്യം ബോധ്യപ്പെടുത്തിയിരുന്നു. സംഘടനയുടെ അസ്തിത്വത്തിനും അതിജീവനത്തിനും ജനാധിപത്യമെന്ന രക്ഷാവ്യവസ്ഥ കൂടിയേ തീരു എന്നതായിരുന്നു അത്.

അങ്ങനെ, പാക് ജമാ അത്തെ ഇസ്ലാമി മുൻപിൻ നോക്കാതെ, ഇസ്ലാമിക പ്രമാണങ്ങൾ കൂട്ടിക്കലർത്തിയ ഒരു ഭരണഘടനയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിൽ കെെമെയ് മറന്നു വ്യാപൃതമായി. ജിന്നയുടെ മരണത്തോടെയും ലിയാഖത്ത് അലിഖാന്റെ വധത്തോടെയും പാകിസ്താനിൽ മതേതര ജനാധിപത്യപക്ഷം പരിക്ഷീണമായപ്പോൾ മൗദൂദിയും സംഘവും സ്വാഭാവികമായും ഈ രാഷ്ട്രീയപരിതോവസ്ഥയെ ഉപയോഗിച്ചു. ജമാ അത്തെ ഇസ്ലാമിക്ക് കെെവന്ന പൂർവാധിക സ്വാധീനം ഭരണഘടനയിൽ അക്ഷരാർഥത്തിൽ പ്രതിഫലിച്ചു. 1956 ഫെബ്രുവരി 29ന് പാകിസ്താൻ ഭരണഘടനാ സഭ ഔപചാരികമായ അംഗീകാരം നൽകിയ ഭരണഘടനയിൽ, പാകിസ്താനെ ‘ഇസ്ലാമിക് റിപ്പബ്ലിക് ഒാഫ് പാകിസ്താൻ’ എന്നാക്കി മാറ്റി. അതുവരെ ‘മുസ്ലീം റിപ്പബ്ലിക് ഓഫ് പാകിസ്താൻ’ എന്നായിരുന്നു ഔദ്യോഗിക രാഷ്ട്രനാമം. ഭരണഘടനയിലെ 205–ാം ഉപവാക്യനിബന്ധനപ്രകാരം, ഖുർ ആനിന്റെയും ഹദീസിന്റെയും അനുശാസനങ്ങൾക്ക് വിരുദ്ധമായ യാതൊരു നിയമവും പാക് പാർലമെന്റിന് അംഗീകരിക്കാനോ പാസ്സാക്കാനോ കഴിയില്ല. ഈ വകുപ്പ് ഭരണഘടനയിൽ ഉൾക്കൊള്ളിക്കാൻ സാധിച്ചത് രാഷ്ട്രത്തെ ഇസ്ലാമികവത്കരിക്കുകയെന്ന മൗദൂദിയുടെ ലക്ഷ്യത്തിലേക്കുള്ള വമ്പിച്ച ചുവടുവെപ്പായിരുന്നു. (ഫ്രെഡറിക് ഗ്രെയ-്ർ, പേജ് 31).

1947 മുതൽ 1958 വരെ പാക് ജമാ അത്തെ ഇസ്ലാമി പാകിസ്താനിലെ രാഷ്ട്രീയ ജീവിതത്തിൽ ഭാഗഭാക്കായിരുന്നുവെങ്കിലും 1958ൽ ഭരണഘടനയുടെ നിയമപ്രഖ്യാപനത്തിനുശേഷമാണ് അത് പാർലമെന്ററി രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള അന്തിമതീരുമാനമെടുക്കുന്നത്. ഈ ഒരു പതിറ്റാണ്ടിനിടയിൽ മൗദൂദിയും ജമാ അത്തെയും അസുഖകരവും അരോചകരവുമായ ചില യാഥാർഥ്യങ്ങൾ മനസ്സിലാക്കിയിരുന്നു: ‘‘മുഹമ്മദ് അലി ജിന്നയും അദ്ദേഹത്തിന്റെ അനുയായികളും വിഭാവനം ചെയ്ത മതേതര ജനാധിപത്യരാഷ്ട്രം തകർക്കുക എന്ന ഉന്നത്തോടെ 1947 ഡിസംബർ തൊട്ടുതന്നെ മൗദൂദിയും അദ്ദേഹത്തിന്റെ സംഘടനയും പാക് രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങി. പക്ഷേ ഉദ്ദേശിച്ച പോലെ അതത്ര എളുപ്പമായിരുന്നില്ല, ‘ഇസ്ലാമിക രാഷ്ട്ര’ത്തിന്റെ സാക്ഷാത്കാരം. സാമൂഹിക–രാഷ്ട്രീയ യാഥാർഥ്യങ്ങളെ മുഖാമുഖം കണ്ടപ്പോൾ രണ്ടു കാര്യങ്ങൾ ആചാര്യനും അനുചരർക്കും ബോധ്യപ്പെട്ടു; ഒന്ന്, തങ്ങൾ പ്രതീക്ഷിച്ചപോലെ ഇസ്ലാമിക ഭരണമോഹികളല്ല ജനങ്ങൾ. രണ്ട്, ജമാ അത്തേതര ഉലമാ (മതപണ്ഡിതർ)ക്കളുടെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും സർവോപരി സെെനിക മേധാവികളുടെയും പിന്തുണയില്ലാതെ തങ്ങൾക്ക് യാതൊന്നും ചെയ്യാൻ സാധിക്കില്ല. ഈ തിരിച്ചറിവ്, ഒരു ഇസ്ലാമിക എന്ന നിലവിട്ട് ഒരു ഇസ്ലാമിക രാഷ്ട്രീയ പാർട്ടിയായി പാക് ജമാ അത്തെ ഇസ്ലാമിയെ മാറ്റേണ്ടതുണ്ടെന്ന ബോധ്യാം മൗദൂദിസ്റ്റുകളിൽ ഉളവാക്കി.’’ (ഹമീദ് ചേന്നമംഗലൂർ, ദൈവത്തിന്റെ രാഷ്ട്രീയം, പേജ് 138)

പാർലമെന്ററി രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുള്ള കാരണമായി മൗദൂദി പറഞ്ഞത്, ‘ഈ ഒരൊറ്റ വഴി മാത്രമേ നിലവിലുള്ള സർക്കാരിനെയും അതിന്റെ നേതാക്കളെയും മാറ്റാനുള്ളൂ’ എന്നാണ്. അതേസമയം, ജമാഅത്തെ ഇസ്ലാമി, ഒരു ഇസ്ലാമിക രാഷ്ട്രീയ പാർട്ടി ആവരുതെന്നും അത് തികച്ചും ഒരു മതസംഘടനയായി നിലകൊള്ളണമെന്നും വാദിച്ച ഒരു വിമത വിഭാഗവും പാക് ജമാ അത്തെ ഇസ്ലാമിയിലുണ്ടായിരുന്നു. അവർ പക്ഷേ ന്യൂനപക്ഷമായിരുന്നു. ഈ വിഭാഗത്തിലെ മിക്കവാറുമെല്ലാവരും സംഘടനയിൽ നിന്ന് രാജിവയ്ക്കുകയാണുണ്ടായത്.

ഫ്രെഡറിക് ഗ്രെയ്-ർ പാക് ജമാ അത്തെ ഇസ്ലാമിയുടെ ഈ പ്രയോഗ കൗശല മാറ്റത്തെപ്പറ്റി എഴുതുന്നു: ‘‘രാഷ്ട്രീയതന്ത്രത്തിലെ ഈ മാറ്റം ജമാ അത്തെ ഇസ്ലാമി എന്ന ഇസ്ലാമിസ്റ്റ് പാർട്ടിയുടെ ആക്റ്റിവിസത്തിന്റെ സ്വഭാവത്തിൽതന്നെ പിന്നീട് കാര്യമായ സ്വാധീനം ചെലുത്തി. ഈ മാറ്റത്തിലൂടെ ഒരു വലിയൊരളവുവരെ ജമാ അത്തെ ഇസ്ലാമിയുടെ സമഗ്രാധിപത്യപരമായ പ്രത്യയശാസ്ത്രത്തെ ഒളിപ്പിച്ചുവയ്ക്കാൻ കഴിഞ്ഞു. അതോടൊപ്പം, തങ്ങൾ സത്യമായും ജനാധിപത്യ വ്യവഹാരത്തിന് അനുകൂലമാണെന്ന് സ്ഥാപിക്കാനും ശ്രമിച്ചു. തങ്ങളുടെ രാഷ്ട്രീയ അതിജീവനത്തിന് താത്ത്വികതലത്തിൽ പല്ലും നഖവുമുപയോഗിച്ച് എതിർക്കുന്ന ജനാധിപത്യം കൂടിയേതീരു എന്നവർക്കറിയാം. ജനാധിപത്യവ്യവസ്ഥയോട് സെെദ്ധാന്തികതലത്തിൽ അസഹ്യമായ വെറുപ്പും വിരോധവും വച്ചുപുലർത്തിയപ്പോഴും ഇതേ ജനാധിപത്യം തന്നെയാണ് തങ്ങളുടെ രാഷ്ട്രീയ അതിജീവനത്തിനുള്ള പ്രാഥമിക ഉപാധിയായി വർത്തിക്കുന്നതെന്ന കയ്പുള്ള കാര്യം ജമാ അത്തെ ഇസ്ലാമിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ജനാധിപത്യത്തെ പരിപാലിക്കാനും കാക്കാനും ബദ്ധശ്രദ്ധരായ രാഷ്ട്രീയ ശക്തികളോടൊപ്പം ചേരുക മാത്രമായിരുന്നു ജമാ അത്തെയ്ക്കു സാധ്യമായിരുന്ന ഏകതന്ത്രം.’’

1958ൽ പട്ടാളമേധാവി അയൂബ്ഖാൻ പാകിസ്താനിൽ സെെന്യാധികാരം സ്ഥാപിച്ചതോടെ ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മതപാർട്ടികൾ നിരോധിക്കപ്പെട്ടു. 1956ൽ ജമാ അത്തെ ഇസ്ലാമിയുടെയും താദൃശ മതസംഘടനാ സ്വരൂപങ്ങളുടെയും സമ്മർദ്ദഫലമായി ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താൻ’ ആയി വിളംബരം ചെയ്യപ്പെട്ട പാകിസ്താനെ, 1962ൽ അയൂബ് ഖാൻ പുതിയ ഭരണഘടനയനുസരിച്ച് ‘റിപ്പബ്ലിക് ഓഫ് പാകിസ്താൻ’ ആക്കി മാറ്റി, രാഷ്ട്രനാമത്തിൽനിന്ന് മതമുദ്ര നീക്കം ചെയ്തു. 1961ൽ തന്നെ അയൂബ്ഖാൻ മുസ്ലീം വ്യക്തിനിയമങ്ങളിൽ കാലോചിതവും അനിവാര്യവുമായ പരിഷ്കരണങ്ങൾ നടപ്പാക്കിയിരുന്നു. ബഹുഭാര്യാത്വവും വിവാഹമോചനവും കർക്കശമായ വ്യവസ്ഥകളോടെ നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്തു. വിവാഹിതരും വിവാഹമോചിതരുമായ സ്ത്രീകളുടെ സംരക്ഷണത്തിനുള്ള വ്യവസ്ഥകൾ മെച്ചപ്പെടുത്തി. പരമ്പരാഗത ജന്മിത്വതാൽപ്പര്യങ്ങളുമായി കണ്ണിചേർന്നിരുന്ന പ്രധാന മതട്രസ്റ്റുകളെ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവന്നു. ഇസ്ലാമിനെ ആധുനികതയുമായി സമന്വയിപ്പിക്കാനും ഇസ്ലാമിക മതത്തെ രാഷ്ട്രീയമുക്തമാക്കാനുംവേണ്ടി ലാഹോറിൽ ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇസ്ലാമിക് കൾച്ചർ’, കറാച്ചിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇസ്ലാമിക് റിസർച്ച് എന്നീ സ്ഥാപനങ്ങൾ സൃഷ്ടിച്ചതും അയൂബ്ഖാൻ തന്നെ. ജമാ അത്തെ ഇസ്ലാമിയും പാക് സർക്കാരും തമ്മിൽ 1950കളുടെ മധ്യത്തിൽ രൂപപ്പെട്ട ബന്ധം മുറിഞ്ഞു. മതപാർട്ടികളെ, പ്രത്യേകിച്ച് പാകിസ്താനിൽ ഏറ്റവും സ്വാധീനമുള്ള ഇസ്ലാമിസ്റ്റ് പാർട്ടിയായ ജമാ അത്തെ ഇസ്ലാമിയെ ക്രമേണ ക്ഷയിപ്പിക്കാനും മതപാർട്ടികൾക്ക് തിരഞ്ഞെടുപ്പു വിജയത്തിനുള്ള സാധ്യത നിശ്ശേഷം ഇല്ലാതാക്കാനുമാണ് അയൂബ്ഖാൻ അശ്രാന്തം ശ്രമിക്കുന്നതെന്നായിരുന്നു ജമാ അത്തെ നേതൃനിരയിലുള്ളവരുടെ വിലയിരുത്തൽ.

പാകിസ്താന്റെ ‘ഇസ്ലാമിക സ്വഭാവം’ എന്ന വിഷയത്തിൽ നിന്ന് രാഷ്ട്രത്തിന്റെ സാമ്പത്തികവികസനം എന്ന ആഖ്യാനത്തിലേക്ക് അയൂബ്ഖാൻ ചർച്ചകളുടെ ഗതിമാറ്റി. അയൂബ്ഖാന്റെ വീക്ഷണത്തിൽ, സ്വതന്ത്ര രാഷ്ട്രത്തിനുവേണ്ടിയുള്ള ആവശ്യകതകളിൽ മുഖ്യമായവ രാഷ്ട്രത്തിന്റെ പുരോഗതിയും ജനസാമാന്യത്തിന്റെ സമ്പൽസമൃദ്ധിയും ദേശീയസ്വഭാവത്തിന്റെ ഉത്കർഷ’വുമായിരുന്നു. ഇക്കാര്യങ്ങൾ മുൻനിർത്തി ആധുനികവത്കരണം ലക്ഷ്യമാക്കിയുള്ള വിപുലമായ കാര്യപരിപാടികളും ഭരണകൂടത്തിന്റെയും സമ്പദ്-വ്യവസ്ഥയുടെയും സ്ഥാപനപരമായ പുനഃസംഘാടന ഉദ്യമങ്ങളും നടപ്പാക്കാൻ അയൂബ്ഖാൻ തുനിഞ്ഞു. പട്ടാളനിയമം നിലവിലുണ്ടായിരുന്ന 1958–62 കാലത്ത് ജമാ അത്തെ ഇസ്ലാമി നിരോധിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് പ്രവർത്തനസ്വാതന്ത്ര്യം ലഭിച്ചപ്പോൾ അയൂബ്ഖാന്റെ മതനിരപേക്ഷമായ പ്രവണതകളെ കഠിനമായി വിമർശിച്ചു. അയൂബ്ഖാന്റെ ഭരണം പാശ്ചാത്യാനുകൂലവും പാശ്ചാത്യജീവന രീതിയെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന്- കുറ്റപ്പെടുത്തി. ഇസ്ലാമിക ജീവിതരീതിയോട് അയൂബ്ഖാൻ കരുതിക്കൂട്ടി അനാസ്ഥയും അവഗണനയും അനാദരവും കാണിക്കുകയാണെന്നും ജമാ അത്തെ ആരോപിച്ചു. എന്നാൽ ഈ വക വാദമുഖങ്ങളൊക്കെ അയൂബ്ഖാൻ മുന്നോട്ടുവച്ച സാമ്പത്തികസമീക്ഷയുടെ നെടുംതൂണിനു മുൻപിൽ നിഷ്-പ്രഭമായി. താൻ ആഗ്രഹിച്ചതും അവകാശപ്പെട്ടതുമായ സാമ്പത്തികപരിവർത്തനങ്ങൾ കൊണ്ടുവരാൻ അയൂബ്ഖാന് സാധിച്ചില്ലെങ്കിലും ജമാ അത്തെ ഇസ്ലാമിക്ക് അയൂബ് ഭരണത്തെ ആക്രമിക്കാനുളള ഏക വഴി പൗരാവകാശസംബന്ധമായ പ്രക്ഷോഭത്തിൽ പങ്കുചേരുക എന്നതായിരുന്നുവെന്ന് ഫ്രെഡറിക് ഗ്രെയ്-ർ നിരീക്ഷിക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × one =

Most Popular