‘ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം’ എന്ന ശീര്‍ഷകത്തില്‍ ആദ്യവും ‘മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വിക വിശകലനം’ എന്ന തലക്കെട്ടില്‍ പിന്നീടും മൗദൂദിസ്റ്റുകള്‍ പ്രസിദ്ധീകരിച്ച കൃതിയില്‍, ജമാഅത്ത് ആചാര്യന്‍ അസന്ദിഗ്ധമായി തന്റെ മൂലസിദ്ധാന്തങ്ങളിലൊന്ന് വളച്ചുകെട്ടില്ലാതെ പ്രസ്താവിക്കുന്നുണ്ട് : ‘മുസല്‍മാന്‍മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് പ്രസ്താവിക്കുന്നു, ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുന്‍പില്‍ സര്‍വാത്മനാ തലകുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുര്‍ആനെ പിറകോട്ട് വലിച്ചെറിയലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കുവഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടിപിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹക്കൊടി ഉയര്‍ത്തലായിരിക്കും’(പു.22.) തുടര്‍ന്ന് മൗദൂദി, വിശുദ്ധ വ്യവസ്ഥിതിയും (തന്റെ സങ്കല്‍പ്പത്തിലുള്ള അല്ലാഹുവിന്റെ ഭരണം) അവിശുദ്ധ വ്യവസ്ഥിതിയും (ആധുനിക മതേതര ദേശീയ ജനാധിപത്യം) തമ്മില്‍ നടക്കുന്നത് തുറന്ന സമരവും സന്ധിയില്ലാത്ത യുദ്ധവുമാണെന്നും എഴുതുന്നു. അവിശുദ്ധ വ്യവസ്ഥിതിയുമായി ഇസ്ലാമിന് ഒരു ബിന്ദുവിലും യോജിക്കാനാവില്ലെന്നും ആ വ്യവസ്ഥിതി പുലരുന്നിടങ്ങളില്‍ ഇസ്ലാം ജലരേഖയായിരിക്കുമെന്നും ഇസ്ലാമിന് അധീശത്വമുള്ള പ്രദേശങ്ങളില്‍ ആ ദുഷിച്ച വ്യവസ്ഥിതിയ്ക്ക് സ്ഥാനമുണ്ടായിരിക്കില്ലെന്നും ജമാഅത്ത് അണികളെ ഉദേ്ബാധിപ്പിക്കുകയും ചെയ്യുന്നു.
മതനിരപേക്ഷതക്ക് പകരം അല്ലാഹുവിന്റെ ദാസ്യവും ജനാധിപത്യത്തിന് പകരം അല്ലാഹുവിന്റെ ആധിപത്യവും ദേശീയതയ്ക്കു പകരം മനുഷ്യത്വവും ആണ് മൗദൂദി പ്രഘോഷിച്ചത്. ദേശീയതയ്ക്ക് പകരം മൗദൂദി നിര്‍ദ്ദേശിച്ച ‘മനുഷ്യത്വ’ത്തിന്റെ വിവക്ഷകള്‍ വഴിയേ പരിശോധിക്കാം. മുസ്ലിംലീഗിന്റെ പാക്കിസ്താന്‍വാദത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ വിമര്‍ശനശരങ്ങളുടെ സൈദ്ധാന്തികമായ ആരൂഢം, ഇന്ത്യയെ ‘ദാറുല്‍ ഇസ്ലാം’ (ഇസ്ലാമിന്റെ ഭവനം) ആയി പരിവര്‍ത്തിപ്പിക്കുക എന്ന ‘മഹത്തായ ലക്ഷ്യം’ കൈവെടിഞ്ഞ്, മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി പാക്കിസ്താന്‍ എന്ന മുസ്ലിം ഭൂരിപക്ഷ രാഷ്ട്രത്തിനു വേണ്ടി മാത്രമാണ് മുസ്ലിം ലീഗ് വാദിച്ചത് എന്നതായിരുന്നു. ഇന്ത്യാ ഉപവന്‍കരയെ ആമൂലാഗ്രം ഇസ്ലാമിക ഭരണത്തിൻകീഴില്‍ കൊണ്ടുവരാന്‍ ശുഷ്കാന്തി കാണിക്കാതെ, ഒരു ചെറിയ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രത്തിനു വേണ്ടിയാണ് മുസ്ലിം ലീഗ് പോരാടുന്നതെന്ന് മൗദൂദി പരിഹസിച്ചു. അതുകൊണ്ടാണ് 1941–46 കാലത്ത് മുസ്ലിംലീഗിനെ ‘ഭൂമിശാസ്ത്രമുസ്ലീങ്ങളുടെ പാര്‍ട്ടി’, ‘കാനേഷുമാരി മുസ്ലിങ്ങളുടെ പാര്‍ട്ടി’ എന്നൊക്കെ മൗദൂദി വിശേഷിപ്പിച്ചത്. ജിന്നയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് ആവശ്യപ്പെട്ട മുസ്ലിം ഭൂരിപക്ഷ രാഷ്ട്രത്തില്‍ ‘ഹുകുമത്തെ ഇലാഹി’ എന്ന മൗദൂദിയുടെ സാങ്കല്പിക ഇസ്ലാമിക രാഷ്ട്രസ്ഥാപനം എന്ന ലക്ഷ്യമേ ഉണ്ടായിരുന്നില്ല. 1947 ആഗസ്ത് 11ന് പാക്കിസ്താന്‍ ഭരണഘടനാനിര്‍മ്മാണ സഭയില്‍ ജിന്ന ചെയ്ത പ്രസംഗത്തില്‍, മതേതര ജനാധിപത്യം നിലനില്‍ക്കുന്ന ഒരു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമാണ് ലീഗിന്റെ ലക്ഷ്യമെന്ന് ഊന്നിപ്പറഞ്ഞിരുന്നു. മൗദൂദിയുടെ മനം നിറയെ മതേതരത്വത്തെയും ജനാധിപത്യത്തെയും ദേശീയതയെയും അഗണ്യകോടിയില്‍ തള്ളുന്ന ഒരു ഇസ്ലാമിക പാകിസ്താന്റെ സൃഷ്ടിയായിരുന്നു. ജിന്നയുടെ വിദൂരവിചാരങ്ങളില്‍ പോലും പാകിസ്താനെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കണമെന്ന പദ്ധതിയുണ്ടായിരുന്നില്ല.
ഫ്രഞ്ച് സാമൂഹ്യശാസ്ത്ര പഠിതാവായ മാര്‍ക്ക് ഗബോറിയോ ചൂണ്ടിക്കാണിച്ചതുപോലെ “മുസ്ലിംലീഗിന്റെ ‘ദ്വിരാഷ്ട്ര സിദ്ധാന്തം’ സര്‍വോപരി സമരതന്ത്രപരമായ രാഷ്ട്രീയ പ്രകാശനമായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ 24 ശതമാനം ജനസംഖ്യയുണ്ടായിരുന്ന മുസ്ലിം സമുദായം ഒരു സ്വതന്ത്ര ഏകീകൃത ഇന്ത്യയില്‍ അധികാരവിഹീനരായിരിക്കുമെന്ന് മുസ്ലിം ലീഗ് കരുതി. ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കിടയിലെ വരേണ്യ വിഭാഗത്തിന്റെ താല്‍പര്യവും അഭിലാഷവുമായിരുന്നു മുസ്ലിം ഭൂരിപക്ഷമുള്ള ഒരു പ്രത്യേക രാഷ്ട്രം”. മൗദൂദിയുടെ നിലപാട് മറ്റൊന്നായിരുന്നു : ‘ഒരു ദേശീയ മുസ്ലിം രാഷ്ട്രം സ്ഥാപിച്ചതുകൊണ്ട് ഒരു കാര്യവുമില്ല. അത്തരമൊരു രാഷ്ട്രത്തെ വിദ്യാഭ്യാസത്തിലൂടെയും പരിഷ്കരണത്തിലൂടെയും പരിശീലനത്തിലൂടെയും ഒരു ഇസ്ലാമിക രാഷ്ട്രമായി പരിണമിപ്പിക്കുവാന്‍ കഴിയുമെന്നതിന് ചരിത്രപരമായ ഒരടിസ്ഥാനവുമില്ല. അതിനാല്‍ മുസ്ലിങ്ങള്‍, ദേശീതയുടെ എല്ലാ രൂപങ്ങളെയും, ‘ദേശീയ മുസ്ലിങ്ങള്‍’ ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയെയും മുസ്ലിം ലീഗിന്റെ സാമുദായിക വാദത്തെയും കമ്യൂണിസ്റ്റുകാരുടെ സോഷ്യലിസത്തെയും മുന്‍പിന്‍ നോക്കാതെ തള്ളിക്കളയണം. ‘യൂണിറ്റി ഓഫ് ദ മുസ്ലിം വേള്‍ഡ്’ എന്ന കൃതിയില്‍, ദേശീയതയാണ് ലോകത്തെ കൊടുംവിപത്തുകളുടെ ഒരു കാരണമായി മൗദൂദി ഊന്നിപ്പറഞ്ഞത്.
‘പൊളിറ്റിക്കല്‍ ഇസ്ലാം ഇന്‍ ദ ഇന്ത്യന്‍ സബ്കോണ്ടിനന്റ് : ദ ജമാഅത്തെ ഇസ്ലാമി’ (2001) എന്ന ഗ്രന്ഥത്തില്‍ ഫ്രെഡറിക് ഗ്രെയര്‍ എഴുതുന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കാം : ‘പാക്കിസ്താന്‍ എന്ന നവരാഷ്ട്രത്തോടുള്ള മൗദൂദിയുടെ എതിര്‍പ്പ്, താന്‍ ഉരുത്തിരിച്ചെടുത്ത ദേശീയതാവിരുദ്ധ തത്ത്വങ്ങളെക്കാളുപരി പാക്കിസ്താനെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാന്‍ ജിന്നയ്ക്ക് ഒരുദ്ദേശ്യവും ഉണ്ടായിരുന്നില്ല എന്ന ജമാഅത്ത് ഗുരുവിന്റെ തിരിച്ചറിവില്‍നിന്ന് ഉണ്ടായതാണ്. എങ്കിലും മൗദൂദിയുടെ മതരാഷ്ട്രീയ ചിന്തയെ ഉഗ്രമാക്കുന്നതില്‍ മുസ്ലീംലീഗ് മുന്നോട്ടുവെച്ച ‘ദ്വിരാഷ്ട്രവാദം’ ചെറുതല്ലാത്ത സംഭാവന നല്‍കിയിട്ടുണ്ട്. ഏറ്റവും പ്രധാനമായി, രാഷ്ട്രീയത്തില്‍ മതത്തിനുള്ള സാധ്യതയിലേക്കും അന്തര്‍ലീന ശക്തിയിലേക്കും ‘പാക്കിസ്താന്‍ പ്രസ്ഥാന’മാണ് ജമാഅത്ത് ഗുരുവിന്റെ കണ്ണുതുറപ്പിച്ചത്. മുസ്ലിം ലീഗ് മതപ്രതീകങ്ങള്‍ സമര്‍ത്ഥമായും സന്ദര്‍ഭോചിതമായും ഉപയോഗിച്ചതും ഈ മതപ്രതീക രാഷ്ട്രീയ വിനിയോഗം വിജയത്തിലെത്തിയതും മൗദൂദിയെ മറ്റൊരു കാര്യം ബോധ്യപ്പെടുത്തി : ‘മുസ്ലിം സമുദായത്തില്‍ അധികാരത്തിന്റെയും നിയമസാധുതയുടെയും ആത്യന്തികമായ ഉറവിടം ഇസ്ലാം മതമാണ്’. ഗ്രെയര്‍ തുടരുന്നു : ‘ഇസ്ലാമിന് മൗദൂദി കല്‍പ്പിച്ചു നല്‍കിയ ഏകമാത്ര പ്രാധാന്യം പക്ഷേ, പാക്കിസ്താന്‍ പ്രസ്ഥാനത്തിലേക്ക് വഴിതുറന്ന സാമൂഹിക–സാമ്പത്തിക ഘടകങ്ങളെക്കുറിച്ച് അദ്ദേഹത്തെ ഇരുട്ടിലാക്കി’.(പു.28.)
1937 ല്‍ നടന്ന പ്രവിശ്യാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേടിയ വിജയവും മുസ്ലിംലീഗിന്റെ ദയനീയമായ പ്രകടനവും മൗദൂദി അപായമണിയായാണ് കണ്ടത്. കോണ്‍ഗ്രസിന്റെ ലക്ഷ്യം, ‘ഹിന്ദു രാജ്’ സ്ഥാപിക്കുകയാണെന്നും ഭൂരിപക്ഷ സമുദായത്തിന്റെ കുല്‍സിത തന്ത്രങ്ങള്‍ മറച്ചുപിടിക്കാനുള്ള ചതുരുപായം മാത്രമാണ് ഇന്ത്യന്‍ ദേശീയതയെന്നും സ്വാതന്ത്ര്യ പ്രസ്ഥാനം മുസ്ലിങ്ങളെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ‘ശുദ്ധിപ്രസ്ഥാന’മാണെന്നും അക്കാലത്ത് മൗദൂദി പല തവണ എഴുതി. ജമാഅത്ത് നേതാവിന്റെ ഇത്തരത്തിലുള്ള ആരോപണങ്ങളെല്ലാം 1940 കളുടെ പ്രഥമ പാദം മുതല്‍ ദ്വിരാഷ്ട്രവാദത്തിന്റെ ചതുപ്പിലേക്ക് ആണ്ടുപോയ മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം ഹിതകരമായിരുന്നു. ജം ഇയ്യത്തുല്‍ ഉലമയിലെ മുസ്ലിം പണ്ഡിതരും കോണ്‍ഗ്രസിന്റെ ‘ഷോ ബോയ്’ എന്ന് ജിന്ന വിശേഷിപ്പിച്ചിരുന്ന മൗലാനാ അബുല്‍ കലാം ആസാദ് ഉള്‍പ്പെടെയുള്ള ‘ദേശീയ മുസ്ലിങ്ങളും’ ഇന്ത്യയുടെ സങ്കര ദേശീയതയെ പരിരംഭണം ചെയ്തപ്പോള്‍ മൗദൂദി തങ്ങളുടെ ആശയാദര്‍ശങ്ങളോടൊപ്പം നില്‍ക്കുന്നു എന്നത് ലീഗുകാര്‍ക്ക് പ്രിയങ്കരമായിരുന്നു. അക്കാലത്ത് ലീഗ് നേതൃത്വം മൗദൂദിയെ വിശേഷിപ്പിച്ചത് ‘തങ്ങളുടെ അബ്ദുല്‍ കലാം ആസാദ്’ എന്നായിരുന്നു എന്ന് ഇര്‍ഫാന്‍ അഹമ്മദ് ‘ഇസ്ലാമിസം ആന്‍ഡ് ഡെമോക്രസി ഇന്‍ ഇന്ത്യ:ദ ട്രാന്‍സ്ഫര്‍മേഷന്‍ ഓഫ് ജമാഅത്തെ ഇസ്ലാമി’ (പു.61.) എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
മൗദൂദിയുടെ ജീവചരിത്രകാരനായ സയ്യിദ് അസ്അദ് ഗീലാനി ‘മൗദൂദി: തോട്ട് ആന്‍ഡ് മൂവ്മെന്റ്’ (1983) എന്ന ഗ്രന്ഥത്തില്‍ ഇതേ കാര്യം കൂടുതല്‍ വ്യക്തമായി എഴുതുന്നു. മൗദൂദിയുടെ രണ്ടു പുസ്തകങ്ങള്‍ – മുസല്‍മാന്‍ ഔര്‍ മൗജൂദാ സിയാസി കശ്മകശ്, രണ്ടാം വാല്യം (മുസ്ലിങ്ങളും സമകാലിക രാഷ്ട്രീയ സംഘര്‍ഷങ്ങളും), മസ്അലാ ഇ ഖൗമിയത്ത് (രാഷ്ട്രം എന്ന പ്രശ്നം) – ദ്വിരാഷ്ട്ര വാദത്തിലേക്കും പാക്കിസ്താന്‍ എന്ന പ്രത്യേക രാഷ്ട്ര പദ്ധതിയിലേക്കും മുസ്ലീങ്ങളെ അടുപ്പിക്കാന്‍ ഉതകിയെന്നും മുസ്ലിം ലീഗിന്റെ രാഷ്ട്രസ്വരൂപത്തിന് ബലിഷ്ഠമായ അടിപ്പടവ് നല്‍കിയെന്നും ഗീലാനി എഴുതുന്നു (പു.72.). എന്നാല്‍ മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ഒരു രാഷ്ട്രമെന്നതില്‍ കവിഞ്ഞ് അവിടെ മൗദൂദിയുടെ സ്വപ്നസാമ്രാജ്യമായ ‘ഹുകുമത്തെ ഇലാഹി’ ലീഗിന്റെ രാഷ്ട്രീയകാര്യപരിപാടിയില്‍ ഉണ്ടായിരുന്നില്ല. അപ്പോഴാണ് മൗദൂദി മുസ്ലിം ലീഗ് എന്ന പാര്‍ട്ടിയെ പൊതുവിലും അതിന്റെ നേതൃത്വത്തെ വിശേഷിച്ചും അപഹസിച്ചും അവഹേളിച്ചും രംഗത്ത് വന്നത്.
ഇന്ത്യാ വിഭജനത്തിന് തൊട്ടുമുന്‍പുള്ള വര്‍ഷങ്ങളിലും പിന്നീട് പാക്കിസ്താനിലും മൗദൂദി നടത്തിയ അവസരവാദപരമായ മലക്കംമറിച്ചിലുകളിലേക്ക് കടക്കുന്നതിന് മുന്‍പ്, മതേതര ദേശീയ ജനാധിപത്യം എന്ന ‘ദുഷിച്ച വ്യവസ്ഥിതി’യുടെ അടിക്കല്ലുകള്‍ ആയ മൂന്ന് അടിസ്ഥാന തത്വങ്ങള്‍ – മതേതരത്വം, ദേശീയത്വം, ജനാധിപത്യം – ശുദ്ധ ഇസ്ലാമിനും നവ മുസ്ലിങ്ങള്‍ക്കും (ജമാഅത്തെ ഇസ്ലാമിക്കാര്‍) വര്‍ജ്യമാണെന്ന് പറയുന്നത് പരിശോധിക്കാം. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിളംബരപത്രിക എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൗദൂദിയുടെ ‘മതേതരത്വം, ദേശീയത, ജനാധിപത്യം: ഒരു താത്വിക വിശകലനം’ എന്ന കൃതിയില്‍, ഈ ‘അബദ്ധജടിലങ്ങളും മനുഷ്യരാശിയുടെ സകല ദുരിതങ്ങളുടെയും നാരായവേരുമായ’ മൂന്നു തത്വങ്ങളെയും സകല ശക്തിയുമുപയോഗിച്ച് പിഴുതെറിയണം എന്ന് മൗദൂദി അണികളോട് ആഹ്വാനം ചെയ്യുന്നു.
പാക്കിസ്താന്‍ വാദത്തെ മൗദൂദി എതിര്‍ക്കാനുള്ള ഒരു കാരണം, മുസ്ലിം ലീഗ് സമുദായികതയും അതിലധിഷ്ഠിതമായ സാമുദായിക സ്റ്റേറ്റും മാത്രം ലക്ഷ്യം വയ്ക്കുന്നു എന്നതായിരുന്നു. ഈ സാമുദായികമായ രാഷ്ട്രീയ മാര്‍ഗത്തിന് പകരം ഇസ്ലാമിനെ ഒരു രാഷ്ട്ര വ്യവസ്ഥ എന്ന നിലയില്‍ മുസ്ലിം ലീഗ് അവതരിപ്പിച്ചില്ല എന്നതായിരുന്നു മൗദൂദിയുടെ കണ്ണില്‍ മുസ്ലീംലീഗ് ചെയ്ത ഏറ്റവും വലിയ തെറ്റ്. സാമുദായിക ദേശീയതയുള്‍പ്പെടെ സകല ദേശീയതാരൂപങ്ങളും വിപത്കരവും വിനാശകരവുമാണെന്ന് വിധിയെഴുതിയ ജമാഅത്ത് നേതാവ്, ദേശീയയ്ക്ക് പകരമായി നിര്‍ദേശിച്ചത് ‘മനുഷ്യത്വ’മാണ്. ഒറ്റനോട്ടത്തില്‍ ആരെയും ഹഠാദാകര്‍ഷിക്കുന്നതാണ് മനുഷ്യത്വം എന്ന പദം. ദേശീയതയ്ക്ക് പകരം മനുഷ്യത്വത്തെ കൊണ്ടുവരുന്ന സാര്‍വദേശീയ മാനവികത പടരണമെന്ന പുരോഗമനേച്ഛയല്ല മൗദൂദി പ്രകാശിപ്പിക്കുന്നത്. ‘ഉമ്മത്ത്’ (ലോകത്തിലെ മുസ്ലിങ്ങള്‍ ആസകലം ഒരു സമുദായമാണെന്ന ആശയം) എന്ന പരികല്പനയ്ക്ക് ദേശീയത ആപത്കരമാണ്. അതായത്, പാന്‍ ഇസ്ലാമിസം എന്നറിയപ്പെടുന്ന അഖില ഇസ്ലാമിക വാദത്തിന് ഏതു മട്ടിലുള്ള ദേശീയതയും വിഘ്നം സൃഷ്ടിക്കുന്നു. തന്റെ മനക്കൂട്ടിലുള്ള അള്ളാഹുവിന്റെ ഭരണത്തില്‍ ദേശം, വംശം, ഭാഷ, ജാതി, വര്‍ഗം, വര്‍ണം എന്നിത്യാദി ഭിന്നതകളുടെ ആധാരത്തില്‍ അസമത്വവും വിവേചനവും ഉണ്ടാകില്ലെന്ന് മൗദൂദി വ്യക്തമാക്കുന്നുണ്ടെങ്കിലും (കാരണം, ഈ വ്യത്യാസങ്ങള്‍ നിലനില്‍ക്കെ തന്നെ ലോകത്തിലെ എല്ലാ മുസ്ലിങ്ങളും ഒരു സജാതീയ സമുദായമാണ്) മതത്തിന്റെ അടിസ്ഥാനത്തിലുള്ള അസമത്വവും വിവേചനവും ഹുകുമത്തെഇലാഹി അഥവാ ഇഖാമത്തുദ്ദീന്‍ എന്ന തന്റെ ദൈവാധിപത്യ വ്യവസ്ഥിതിയില്‍ ഉണ്ടാകില്ലെന്ന് പറയുന്നേയില്ല. ഇസ്ലാമിക സര്‍വ്വദേശീയതയാണ് ദേശീയതയുടെ സ്ഥാനത്ത് അദ്ദേഹം പ്രതിഷ്ഠിക്കുന്നത്. ‘മനുഷ്യത്വം’ എന്ന് മൗദൂദി വ്യവഹരിക്കുന്ന ഈ ഇസ്ലാമിക സാര്‍വ്വദേശീയതയില്‍ അമുസ്ലിങ്ങള്‍ക്കും മുസ്ലങ്ങള്‍ക്കിടയില്‍ തന്നെയുള്ള ജമാഅത്ത് വിരുദ്ധര്‍ക്കും മറ്റു വിമര്‍ശകര്‍ക്കും സ്വതന്ത്ര ചിന്താഗതിക്കാര്‍ക്കും ‘സംരക്ഷിത പ്രജകള്‍’ എന്ന് വിളിക്കപ്പെടുന്ന രണ്ടാംകിട പൗരരുടെ സ്ഥാനമേ ഉണ്ടായിരിക്കുകയുള്ളൂ. അത്തരക്കാര്‍ക്ക് മറ്റ് പൗരരെപ്പോലെ തുല്യതാവകാശങ്ങള്‍ക്ക് അര്‍ഹതയില്ല. അവര്‍ക്ക് ‘സുനിശ്ചിതമായ അവകാശങ്ങള്‍’ ഉണ്ടായിരിക്കും. അവര്‍ സ്വാഭാവിക പൗരരല്ല. എന്നാല്‍ അവര്‍ക്ക് താന്‍ വിഭാവനം ചെയ്യുന്ന വ്യവസ്ഥയുടെ ഭാഗമായിരിക്കാനുള്ള അവസരം തുറന്നുകൊടുക്കണം. അവര്‍ക്ക് തന്റെ വ്യവസ്ഥയുടെ പരമാര്‍ഥത്തിലും സാധുതയിലും വിശ്വാസം വരുന്ന ഘട്ടത്തില്‍ താന്താങ്ങളുടെ ഹിതാനുസൃതം തുല്യാവകാശങ്ങളോടെ വ്യവസ്ഥയില്‍ വിലയിച്ചുചേരാവുന്നതാണ്. അതുവരെ തന്റെ ‘മനുഷ്യത്വാധിഷ്ഠിത’ സാര്‍വ്വദേശീയതയില്‍ ഇത്തരക്കാര്‍ ‘ദിമ്മികള്‍’ എന്ന് വിവരിക്കപ്പെടുന്ന സംരക്ഷിത പ്രജകള്‍ മാത്രമായിരിക്കും. അതായത് രണ്ടാംതരം പൗരര്‍.
വിഭജനപൂര്‍വ വര്‍ഷങ്ങളില്‍ അവിഭക്ത ഇന്ത്യയുടെ ഇസ്ലാമികവത്കരണമായിരുന്നു മൗദൂദിയുടെ ലക്ഷ്യം. ഇന്ത്യയെ ദാറുല്‍ ഇസ്ലാംആക്കി മാറ്റുന്നതിന്റെ മുന്നോടിയായി 1938 ല്‍ ഹൈദരാബാദില്‍ നിന്ന് പഞ്ചാബിലെ പത്താന്‍കോട്ടിലേക്ക് മൗദൂദി താമസം മാറ്റുകയും അവിടെ ‘ദാറുല്‍ ഇസ്ലാമി’ന്റെ ഒരു ചെറുമാതൃകയ്ക്ക് തുടക്കംകുറിക്കുകയും ചെയ്തിരുന്നു. ചില കാരണങ്ങളാല്‍ പത്താന്‍കോട്ടില്‍ തുടരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 1939 ല്‍ ‘ദാറുല്‍ ഇസ്ലാം’ വിട്ട് അദ്ദേഹം ലാഹോറിലേക്ക് പോയി. (ഹമീദ് ചേന്ദമംഗലൂര്‍, ദൈവത്തിന്റെ രാഷ്ട്രീയം, പു.42.)
വിഭജനം ആസന്നമാണന്ന് കണ്ടപ്പോള്‍ അവിഭക്ത ഇന്ത്യയുടെ ഇസ്ലാമികരണം എന്ന ലക്ഷ്യം കൈയൊഴിഞ്ഞ മൗദൂദി, ഇസ്ലാമിക ഭരണം സ്ഥാപിക്കാനുള്ള ഉടന്‍ വിപ്ലവം പാക്കിസ്താനില്‍ മതിയെന്ന് തീരുമാനിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ ദക്ഷിണമേഖലാ സമ്മേളനത്തില്‍ 1947 ഏപ്രില്‍ 25 ന് മൗദൂദി നടത്തിയ പ്രസംഗം, വിഭജനാനന്തരം ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്ലിങ്ങള്‍ എന്തുചെയ്യണമെന്ന് ഉപദേശിക്കാനാണ് മുഖ്യമായും ഉപയോഗിച്ചത്. ‘ദേശീയ മുസ്ലിങ്ങള്‍’ മുറുകെപ്പിടിക്കുന്ന മതനിരപേക്ഷതയോ മുസ്ലിംലീഗുകാരുടെ സാമുദായികവാദമോ കമ്യൂണിസ്റ്റുകാരുടെ സോഷ്യലിസമോ മുസ്ലിങ്ങള്‍ സ്വീകരിച്ചുകൂടെന്ന് വ്യക്തമാക്കിയ ജമാഅത്ത് ഗുരു, ഇസ്ലാം എന്ന രാഷ്ട്രീയ വ്യവസ്ഥ അവിച്ഛിന്നാംശമായ സമ്പൂര്‍ണ ജീവിത പദ്ധതിയാണ് അണികള്‍ക്ക് ശുപാര്‍ശ ചെയ്തത്. ‘ഞാന്‍ ഉറപ്പായി പറയുന്നു, ഭാവി ഇന്ത്യയില്‍ സോഷ്യലിസത്തിനെതിരില്‍ ഇസ്ലാമിന്റെ വിജയത്തിന് നന്നെചുരുങ്ങിയത് 60 ശതമാനം സാധ്യതയുണ്ടെന്ന്. ഇസ്ലാം പോലുള്ള ആദ്യന്തം ശരിയും പൂര്‍ണവുമായ പദ്ധതിയും തങ്ങളുടെ വശമുണ്ടായിരുന്നിട്ടും അതുമായി മുന്നോട്ടുവരാതെ മുഴുവന്‍ രംഗവും സോഷ്യലിസത്തിന് വിട്ടുകൊടുക്കുകയെന്നത് മുസ്ലീങ്ങളുടെ കടുത്ത കൊള്ളരുതായ്മയും അങ്ങേയറ്റം നിര്‍ഭാഗ്യവും മാത്രമായിരിക്കും’ (അബുല്‍ അഅ്ലാ മൗദൂദി, ഇന്ത്യന്‍ യൂണിയനും ഇസ്ലാമിക പ്രസ്ഥാനവും പു. 40.). തുടര്‍ന്ന് മൗദൂദി അനുയായികളെ ഉദ്ബോധിപ്പിച്ചു : ‘ഈ നാട്ടില്‍ ഇപ്പോള്‍ വരാനിരിക്കുന്ന സ്ഥിതിഗതികള്‍ നിങ്ങളുടെ ക്ഷമയെയും നിങ്ങളുടെ മനോദാര്‍ഢ്യത്തെയും നിങ്ങളുടെ സ്ഥിരതയെയും നിങ്ങളുടെ തന്ത്രജ്ഞാനത്തെയും പ്രവര്‍ത്തനശക്തിയെയും കഠിനമായി പരീക്ഷിക്കുന്നതാണ്. ഒരു വശത്ത് ദജ്ജാലിന്റെ (മതേതര ജനാധിപത്യത്തിന്റെ) സ്വര്‍ഗമുണ്ടായിരിക്കും. അതില്‍ പ്രവേശിച്ച് ഉയര്‍ന്ന പടികളില്‍ എത്തിച്ചേരണമെങ്കില്‍ ഇസ്ലാമിന്റെയോ ഇസ്ലാമികാഭിമാനത്തിന്റെയോ നേരിയ വാസന പോലും നിങ്ങളില്‍ നിന്ന് പുറത്തുവരാതിരിക്കേണ്ടതായി വരും. മറുവശത്ത് അരിവാളും ചുറ്റികയും ഉള്ള കൊടിയും പറന്നുകൊണ്ടിരിക്കും. അതിന്റെ തണലില്‍ മറ്റൊരു ശദ്ദാലിന്റെ (കമ്യൂണിസത്തിന്റെ) സ്വര്‍ഗത്തിന്റെ സാങ്കല്പിക ചിത്രം ഉന്നയിക്കപ്പെടുന്നതുമായിരിക്കും…. മുസ്ലിങ്ങളില്‍ നിന്നും അമുസ്ലിങ്ങളില്‍ നിന്നുമുള്ള പട്ടിണിക്കാരായ ഒരു വലിയ വിഭാഗം അതിനു നേരെ ഓടുന്നതായും നിങ്ങളുടെ കണ്ണുകള്‍ക്ക് കാണാന്‍ കഴിയും. മേല്‍പ്പറഞ്ഞ രണ്ട് ‘കൃത്രിമ സ്വര്‍ഗ’ങ്ങള്‍ക്കും ഇടയില്‍ ഏറ്റവും ‘ദുര്‍ഘടം പിടിച്ച സ്ഥാനത്ത്’ നില്‍ക്കുന്ന ജമാഅത്ത് അണികള്‍ക്ക് ഇസ്ലാമിക വിപ്ലവത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെങ്കില്‍ മൂന്ന് ‘പ്രത്യേക സ്വഭാവങ്ങള്‍’ കൂടിയേ തീരൂ. ‘അസാധാരണമായ ക്ഷമയും സ്ഥിരത’യുമാണ് അവയിലൊന്ന്. അങ്ങേയറ്റത്തെ ‘ത്യാഗമനഃസ്ഥിതി’യാണ് മറ്റൊന്ന്. ‘തന്ത്ര കുശലത’യും ‘ബുദ്ധിസാമര്‍ഥ്യവുമാണ്’ മൂന്നാമത്തേത്. നിങ്ങള്‍ ഈ മൂന്ന് പ്രത്യേക സ്വഭാവങ്ങളും നിങ്ങളില്‍ സൃഷ്ടിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കു ഉറപ്പുതരുന്നു, ആ പ്രവാഹത്തിന്റെ (ഇസ്ലാമിക വ്യവസ്ഥയ്ക്കെതിരായ പ്രവാഹത്തിന്റെ) ഗതിമാറ്റുവാന്‍ അധികം താമസം വേണ്ടിവരില്ലെന്ന്’ (ദൈവത്തിന്റെ രാഷ്ട്രീയം, പു. 63–64., ഇന്ത്യന്‍ യൂണിയനും ഇസ്ലാമിക പ്രസ്ഥാനവും പു. 51–52.)
അഞ്ചോ ആറോ വര്‍ഷങ്ങളെടുത്താണെങ്കിലും ‘ഹിന്ദു ഇന്ത്യ’യില്‍ ഇസ്ലാമിക വിപ്ലവം നടത്താന്‍ സാധിക്കുമെന്ന് മദ്രാസ് പ്രസംഗത്തില്‍ സൂചിപ്പിച്ച മൗദൂദി, 1947 മെയില്‍ പത്താന്‍കോട്ട് നടത്തിയ പ്രസംഗത്തില്‍ മലക്കംമറിഞ്ഞു: ആ പ്രസംഗത്തില്‍ ജമാഅത്ത് സാരഥി പറഞ്ഞത്, ഇന്ത്യയില്‍ ‘ഹിന്ദു രാഷ്ട്രം’ വന്നുകൊള്ളട്ടെ എന്നാണ്! പാശ്ചാത്യര്‍ തങ്ങളുടെ രാജ്യങ്ങളില്‍ ചെയ്തതു പോലെ ഹിന്ദുക്കള്‍ ഇന്ത്യയെ ‘മതനിരപേക്ഷ, ജനാധിപത്യ, ദേശീയ രാഷ്ട്ര’ മാക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ആധുനിക രാഷ്ട്രം നടത്തിക്കൊണ്ടു പോകാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഹൈന്ദവ ഗ്രന്ഥങ്ങളില്‍ നിന്നും കണ്ടെത്താന്‍ ഹിന്ദുക്കളെ ഉപദേശിച്ച മൗദൂദി ഹിന്ദു രാഷ്ട്രത്താല്‍ ഭരിക്കപ്പെടുന്നതില്‍ മുസ്ലിങ്ങള്‍ക്ക് യാതൊരു എതിര്‍പ്പുമുണ്ടാവില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയെ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമാക്കുന്നതിനു പകരം ഹിന്ദു രാഷ്ട്രമാക്കാന്‍ ഹൈന്ദവ സമുദായത്തില്‍ പെട്ടവരെ ആഹ്വാനം ചെയ്ത മൗദൂദി മതരാഷ്ട്രം എന്ന ആശയം അരക്കിട്ടുറപ്പിക്കാനാണ് പത്താന്‍കോട്ട് പ്രസംഗത്തിലൂടെ ശ്രമിച്ചത്. നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ ജമാഅത്ത് ആചാര്യന്‍ പിന്നെയും മാറി. 1953 ല്‍ പാക്കിസ്താനില്‍ അഹമ്മദിയ്യാ മുസ്ലിങ്ങള്‍ക്കെതിരെ നടന്ന കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് എം മുനീര്‍ അധ്യക്ഷനും ജസ്റ്റിസ് എം.ആര്‍ കയാനി അംഗവുമായ ഒരു അന്വേഷണക്കോടതി നിലവില്‍ വന്നിരുന്നു. ‘പാക്കിസ്താനില്‍ ഇസ്ലാമിക ഭരണം നിലവില്‍വരികയും തത്ഫലമായി അമുസ്ലിങ്ങളായ ന്യൂനപക്ഷ സമുദായക്കാര്‍ രണ്ടാംകിട പൗരരാവുകയും ചെയ്യുന്നത് ഇന്ത്യയിലെ ന്യൂനപക്ഷത്തെ എങ്ങനെ ബാധിക്കും എന്നിത്യാദി വിഷയങ്ങള്‍ ഈ അന്വേഷണക്കോടതി മൗദൂദി ഉള്‍പ്പെടെയുള്ള മതപണ്ഡിതരോട് ചോദിച്ചിരുന്നു. ഈ വിഷയം മുന്‍നിര്‍ത്തി മൗദൂദിയോട് ചോദിച്ചു: ‘പാക്കിസ്താനില്‍ ഇസ്ലാമിക ഭരണത്തിനുവേണ്ടി വാദിക്കുന്ന താങ്കള്‍, ഇന്ത്യയില്‍ ഹിന്ദുമതാടിസ്ഥാനത്തിലുള്ള ഭരണഘടനയുണ്ടാക്കാന്‍ ഹിന്ദുക്കളെ അനുവദിക്കുമോ?’ മൗദൂദിയുടെ മറുപടി ഇപ്രകാരമായിരുന്നു : ‘ഇന്ത്യയില്‍ ഹിന്ദുമതാടിസ്ഥാനത്തിലുള്ള ഭരണം സ്ഥാപിക്കുകയും മനുവിന്റെ നിയമങ്ങള്‍ നടപ്പാക്കുകയും ആ വ്യവസ്ഥയ്ക്കു കീഴില്‍ മുസ്ലിങ്ങളെ ശൂദ്രരോ മ്ലേച്ഛരോ ആയി കണക്കാക്കുകയും ചെയ്താല്‍ യാതൊരു എതിര്‍പ്പുമില്ല. ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഭരണത്തില്‍ പങ്കോ മറ്റ് അവകാശങ്ങളോ നിഷേധിക്കുന്നതില്‍ എനിക്ക് വിരോധമില്ല.’ താന്‍ ജീവിക്കുന്ന പാക്കിസ്താനില്‍ വല്ലവിധേനയും തന്റെ വിഭാവനയിലുള്ള ഇസ്ലാമിക ഭരണം സ്ഥാപിക്കുകയും അതിന്റെ കടിഞ്ഞാണ്‍ കൈവശപ്പെടുത്തുകയും ചെയ്യുക എന്ന ഒരേയൊരു ലക്ഷ്യമാണ് ജമാഅത്ത് ഗുരുവിനെ നയിച്ചത്. (ദൈവത്തിന്റെ രാഷ്ട്രീയം, പു. 64–65).
മുസ്ലിംലീഗിന്റെ സാമുദായിക രാഷ്ട്രീയത്തെ എതിര്‍ത്തുപോന്നിരുന്ന മൗദൂദി, വടക്കു പടിഞ്ഞാറന്‍ പ്രവിശ്യ ഇന്ത്യയുടെ ഭാഗമാകണമോ പാക്കിസ്താന്റെ ഭാഗമാകണമോ എന്ന ഹിതപരിശോധനയില്‍ പാക്കിസ്താന് അനുകൂലമായി വോട്ട് ചെയ്യാനാണ് മുസ്ലിങ്ങളോട് ആവശ്യപ്പെട്ടത്. അതായത്, ലീഗിന്റെ സാമുദായിക രാഷ്ട്രീയത്തിനെ പിന്തുണച്ച് വോട്ടുചെയ്യാന്‍.
കാശ്മീരിന്റെ കാര്യത്തില്‍ മൗദൂദി നടത്തിയ ട്രപ്പീസ് അഭ്യാസം ഫ്രഡറിക് ഗ്രെയര്‍ വിവരിക്കുന്നു: ‘പാകിസ്താന്‍ എന്ന നവരാഷ്ട്രത്തിന്റെ സൃഷ്ടിയെ വിമുഖതയോടെയും അനിഷ്ടത്തോടെയും അംഗീകരിക്കാന്‍ മൗദൂദി നിര്‍ബന്ധിതനായെങ്കിലും പാകിസ്താന്‍ എന്ന പുതുരാഷ്ട്രത്തിന്റെ അസ്തിത്വത്തിന്റെ ഏക കാരണം, മൗദൂദിയുടെ ദൃഷ്ടിയില്‍, ഇസ്ലാമിക ജീവിതരീതി തെളിവുകൊണ്ടു യാഥാര്‍ഥ്യമാക്കാനുള്ള സുവര്‍ണാവസരമായിരുന്നു. മുസ്ലിംലീഗ് രാഷ്ട്രത്തെ സംബന്ധിച്ച ഭൂമിശാസ്ത്ര പരികല്പനയില്‍ ഒതുങ്ങിപ്പോയെന്നും ലീഗ് നേതൃത്വത്തിന്റെ മതബോധ വൈകല്യമാണ് അത് അനാവരണം ചെയ്യുന്നതെന്നുമായിരുന്നു മൗദൂദിയുടെ വിമര്‍ശനം. ലീഗിന്റെയും മൗദൂദിയുടെയും രാഷ്ട്രസങ്കല്പത്തെക്കുറിച്ചുള്ള വൈരുധ്യം വെളിവാക്കപ്പെട്ടത്, 1948 ഏപ്രിലില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചതോടെയാണ്. എന്നിട്ടും ഗൂഢവും രഹസ്യവുമായ യുദ്ധപ്രവൃത്തികള്‍ പാക്കിസ്താന്‍ തുടര്‍ന്നു. അപ്പോള്‍ മൗദൂദി, പാക്കിസ്താനിലെ ഉയര്‍ന്ന പദവിയിലുള്ള മതപണ്ഡിതനായ മൗലാന ഷബീര്‍ അഹമദ് ഉത്മാനിക്ക് ഒരു കത്തെഴുതി. ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ നൈസര്‍ഗികമൂല്യം എന്തുതന്നെയായാലും, ശരീഅത്ത് നിയമമനുസരിച്ച് കരാറിന്റെ നിബന്ധനകള്‍ മുറുകെപ്പിടിക്കാന്‍ പാക്കിസ്താന്‍ സര്‍ക്കാരും അതിന്റെ പൗരരും ബാധ്യസ്ഥരാണ് എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. വെടിനിര്‍ത്തല്‍ കരാറിനു ശേഷവും പാക്കിസ്താന്റെ ഭാഗത്തുനിന്നുണ്ടാകുന്ന യുദ്ധകൃത്യങ്ങള്‍ ശരീഅത്തിന്റെ ലംഘനവും അത് പാക്കിസ്താന്റെ അനിസ്ലാമിക സ്വഭാവവുമാണ് സാക്ഷ്യപ്പെടുത്തുന്നതെന്നായിരുന്നു മൗദൂദിയുടെ പക്ഷം.
ഈ കത്തിനെ പാക്കിസ്താനിലെ ചില വൃത്തങ്ങള്‍, കാശ്മീരിലെ ജിഹാദിനെതിരായുള്ള മൗദൂദിയുടെ ഫത്വയായി വ്യാഖ്യാനിച്ചു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മൗദൂദി പറഞ്ഞത്, ശരീഅത്ത് ശാസനങ്ങള്‍ പ്രകാരം വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കേ കാശ്മീരില്‍ ജിഹാദ് നടത്താന്‍ പാടില്ലെന്നും അതിനര്‍ഥം കാശ്മീരിനു മേലുള്ള പാക്കിസ്താന്റെ അവകാശവാദം നിലനില്‍ക്കുന്നില്ല എന്ന് താന്‍ ഉദ്ദേശിച്ചിട്ടില്ല എന്നുമാണ്. അതേസമയം, വെടിനിര്‍ത്തല്‍ കരാറിനെ ഔദ്യോഗികമായി തള്ളിപ്പറഞ്ഞ് കാശ്മീരില്‍ ജിഹാദ് നടത്താവുന്നതാണ്. ജിഹാദികളായ മുജാഹിദീനുകളുടെ നിശ്ചയദാര്‍ഢ്യം കെടുത്താന്‍ മൗദൂദിയുടെ ഈ പ്രസ്താവം ഇന്ത്യാ സര്‍ക്കാരും സമര്‍ഥമായി ഉപയോഗിച്ചു. പാക്കിസ്താന്‍ സര്‍ക്കാരാകട്ടെ മൗദൂദിയുടെ നിലപാടിനെ ‘പാകിസ്താന്‍ പ്രസ്ഥാന’ത്തോടുള്ള കൂറില്ലായ്മയായും രാജ്യദ്രോഹവുമായ കുറ്റപ്പെടുത്തി. അപ്പോള്‍ മൗദൂദി മുന്‍നിലപാട് പരിഷ്കരിച്ചു. പാക്കിസ്താനോടുള്ള തന്റെ കൂറ് പ്രഖ്യാപിക്കുക മാത്രമല്ല ഇന്ത്യയെ അപലപിക്കുകയും പാകിസ്താന്‍ കാശ്മീരില്‍ ഇടപെട്ട ഓരോ ഘട്ടത്തിലും അതിന്റെ നിയമസാധുതയെ ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്തു. കൂടാതെ, മുജാഹിദീനുകള്‍ക്ക് വൈയക്തികമായ പ്രതിബദ്ധതയുടെ അടിസ്ഥാനത്തില്‍ കാശ്മീരില്‍ ജിഹാദ് നടത്താവുന്നതാണെന്നും പ്രഖ്യാപിച്ചു. പാക്കിസ്താന്‍ സര്‍ക്കാര്‍ കാശ്മീരിന്റെ കാര്യത്തില്‍ സംഘര്‍ഷം തുടരുമെന്ന നിലപാട് ഔദ്യോഗികമായി കൈക്കൊണ്ടപ്പോള്‍ കാശ്മീരിലെ ജിഹാദിനെ ജമാഅത്ത് സ്ഥാപകന്‍ സര്‍വാത്മനാ പിന്തുണച്ചു. (ഫ്രെഡറിക് ഗ്രെയര്‍, പൊളിറ്റിക്കല്‍ ഇസ്ലാം ഇന്‍ ദ ഇന്ത്യന്‍ സബ് കോണ്ടിനന്റ്, പു.29–30.)
1948 ആഗസ്തില്‍ മറ്റൊരു സംഭവം, ജമാഅത്തിനെയും പാക് സര്‍ക്കാരിനെയും എതിര്‍ധ്രുവങ്ങളിലാക്കി. ഇതും പാക്കിസ്താന്‍ എന്ന രാഷ്ട്രത്തിന്റെ സ്വഭാവമെന്ത് എന്നതിനെച്ചൊല്ലിയായിരുന്നു അത്. പാക്കിസ്താന്‍ സ്റ്റേറ്റിനോടുള്ള കൂറ് വ്യക്തമാക്കുന്ന സത്യപ്രതിജ്ഞയെക്കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോള്‍ മൗദൂദി പറഞ്ഞത്, ശരീഅത്ത് നിയമങ്ങളില്‍ മാത്രം അധിഷ്ഠിതമായ ഒരു ഇസ്ലാമികരാഷ്ട്രമായി പാക്കിസ്താന്‍ മാറാത്തിടത്തോളം കാലം താന്‍ ദൈവമൊഴിച്ച് മറ്റൊന്നിനോടും കൂറോ ഭക്തിയോ പ്രകടിപ്പിക്കില്ലെന്നാണ്. മാത്രമല്ല, അനിസ്ലാമികമായ പാക് സൈന്യത്തില്‍ താനോ അനുയായികളോ സേവനമനുഷ്ഠിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക് സര്‍ക്കാരിന്റെ പ്രതികരണം പെട്ടെന്നായിരുന്നു. ജമാഅത്തിന്റെ പ്രസിദ്ധീകരണങ്ങളെല്ലാം, പ്രത്യേകിച്ച് മൗദൂദിയുടെ കാര്‍മികത്വത്തിലുള്ള ‘തര്‍ജുമാനുല്‍ ഖുര്‍ആന്‍’ നിരോധിക്കുകയും പാക് അഡ്മിനിസ്ട്രേഷനിലുണ്ടായിരുന്ന 25 ജമാഅത്ത് അംഗങ്ങളെയും അനുഭാവികളെയും പിരിച്ചുവിടുകയും ചെയ്തു. മൗദൂദിയെ അറസ്റ്റ് ചെയ്യുകയും 1948 ഒക്ടോബര്‍ മുതല്‍ 1949 ഒടുവില്‍ വരെ ജയിലിലടയ്ക്കുകയു ചെയ്തു. ഈ സംഭവം ജമാഅത്തെ ഇസ്ലാമിക്ക് പാക്കിസ്താനില്‍ എത്രമാത്രം പ്രവര്‍ത്തനാനുമതി ഉണ്ട് എന്നതിന്റെ വ്യക്തമായ അതിര്‍ത്തിരേഖ മൗദൂദിക്ക് കാണിച്ചുകൊടുത്തു. l