Tuesday, April 1, 2025

ad

Homeവിശകലനംഫാസിസത്തെ സംബന്ധിച്ച വിചിത്ര വാദഗതികൾ

ഫാസിസത്തെ സംബന്ധിച്ച വിചിത്ര വാദഗതികൾ

വിജയ് പ്രഷാദ്

പാർട്ടി അംഗങ്ങൾക്കിടയിൽ, ഉൾപ്പാർട്ടി ചർച്ചകൾക്കായുള്ള ഒരു രേഖ സിപിഐ എം പ്രസിദ്ധീകരിച്ചതിനെതുടർന്ന് സോഷ്യൽ മീഡിയയിൽ അതിനെക്കുറിച്ച് അതിവേഗംതന്നെ വിവാദങ്ങൾ വന്നു തുടങ്ങി. ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യങ്ങളെ വിശദീകരിക്കുന്നതിന് ‘ഫാസിസം’എന്ന പദം സിപിഐ എം ഉപയോഗിച്ചില്ല എന്നതാണ് മുഖ്യപരാതി (എന്നാൽ ഇതാദ്യമായി ‘നവ –-ഫാസിസം’ എന്ന പദം ഉപയോഗിച്ചിരിക്കുന്നുവെന്ന കാര്യം പരിഗണിക്കുന്നുമില്ല). സിപിഐയും സിപിഐ (എംഎൽ) ലിബറേഷനും കൂടി ഈ ചർച്ചയിൽ ഇടപെട്ടിരിക്കുകയുമാണ്.
ഇത്തരം ചർച്ചകളിൽ ഉയർന്നുവരുന്ന ഒരു വസ്തുതയെ അടിവരയിട്ട് വ്യക്തമാക്കേണ്ടത് പ്രാധാന്യമർഹിക്കുന്നു: സിപിഐ എം ‘ഫാസിസം’ എന്ന വാക്ക് ഉപയോഗിക്കുന്നില്ല എന്ന പോയിന്റിലാണ് അത്തരം വാദഗതികളെല്ലാംതന്നെ വേരുറപ്പിച്ചിരിക്കുന്നത്; എന്നാൽ പത്തുലക്ഷത്തിലേറെ ആളുകൾ അംഗങ്ങളായുള്ള സിപിഐ എം, ഇന്ത്യക്കുള്ളിൽ ഉയർന്നുവന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയുടെ തരംഗങ്ങൾക്കെതിരായ പോരാട്ടത്തിന്റെ മുന്നണിയിൽ നിൽക്കുന്നില്ലയെന്നോ നവഫാസിസത്തിന്റെ ഈ കുതിച്ചുകയറ്റത്തിന്റെ ആക്രമണങ്ങൾക്കിരയാക്കപ്പെടുന്നവരെ സംരക്ഷിക്കുന്നതിന് സധെെര്യം പൊരുതുന്നില്ലെന്നോ ആർക്കും ഒരു പരാതിയുമില്ല.

കൃത്യമായി പറഞ്ഞാൽ, ‘ഫാസിസം’ എന്ന വാക്ക് സിപിഐ എം ഉപയോഗിക്കുന്നില്ലയെന്നതാണ് അവരുന്നയിക്കുന്ന പ്രശ്നം; ഭൂരിപക്ഷവാദം (majoritarianism) ഉയർന്നുവരുന്നതിനെതിരെയും ന്യൂനപക്ഷങ്ങൾക്ക് നിയമപരമായ സംരക്ഷണം നിഷേധിക്കുന്നതിനെതിരെയുമുള്ള പോരാട്ടത്തോട് സിപിഐ എം മുഖം തിരിഞ്ഞുനിൽക്കുകയാണെന്ന വാദവും ആർക്കുമില്ല. ഇന്ത്യൻ ഇടതുപക്ഷം ദുർബലമായിരിക്കുന്നുവെന്നത് സംശയത്തിനവകാശമില്ലാത്ത കാര്യമാണ്; അത്തരമൊരു സാഹചര്യത്തിൽ സിപിഐ എമ്മിന്റെ പ്രവർത്തനങ്ങളെക്കുറിച്ചല്ല, ചില സങ്കൽപ്പനങ്ങളുടെ ഉപയോഗത്തെക്കുറിച്ചാണ് ഈ പരാതികളെല്ലാം.

രാഷ്ട്രീയ പ്രവർത്തനത്തിന് സാഹചര്യങ്ങളെ സംബന്ധിച്ച കൃത്യമായ വിശകലനം ആവശ്യമാണ്. ഓരോ ദശാസന്ധിയെയും സംബന്ധിച്ച വസ്തുതകൾ അതു സംബന്ധിച്ച ധാരണകളുമായി പൊരുത്തപ്പെടുന്നില്ലായെങ്കിൽ ശരിയായവിധം പ്രവർത്തനം നടത്തുന്നതിൽ വീഴ്ചയുണ്ടാകാനുള്ള വലിയ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഓരോ ദശാസന്ധിയെയും സംബന്ധിച്ച വിശകലനം താരതമേ-്യന കൃത്യതയോടെ നടത്തണമെന്ന് പറയുന്നത്; നമുക്കെല്ലാം നേരിട്ട് അനുഭവപ്പെടുന്ന, ഹിന്ദുത്വ കൂട്ടുകെട്ടിന്റെ (രാഷ്ട്രീയത്തോടുള്ള ഹിന്ദുത്വ സമീപനത്തിന്റെ സങ്കീർണമായ സ്വഭാവം സംബന്ധിച്ച് നമുക്ക് ധാരണയുണ്ടാകാൻ സഹായകമായ ഒരു പദമാണ് സംഘപരിവാർ) ഒന്നാകെയുള്ള ദ്രോഹ നടപടികളെ അടിസ്ഥാനമാക്കി ആയിരിക്കരുത് അത്തരം വിശകലനം.

സംഘപരിവാർ
ഒട്ടേറെ വർഷങ്ങളായി സംഘപരിവാർ വിഭാഗങ്ങളെ കൃത്യമായും ഫാസിസ്റ്റുകൾ എന്ന നിലയിലാണ് മനസ്സിലാക്കപ്പെടുന്നത്. സംഘപരിവാറിനെ നയിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘും (ആർഎസ്എസ്) ബജ്റംഗ് ദളിനെ പോലെയുള്ള മറ്റുള്ളവയും മനസ്സിലാക്കപ്പെടുന്നത് ഫാസിസ്റ്റുകളായി തന്നെയാണ്. ഈ സംഘടനകളുടെ ഫാസിസ്റ്റ് സ്വഭാവത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടതു തന്നെയില്ല. നാസികളുടെ തവിട്ട് കുപ്പായക്കാരെയും (Braunhemden) ഇറ്റാലിയൻ ഫാസിസ്റ്റുകളുടെ കരിങ്കുപ്പായക്കാരെയും (camicie Nere) പോലെയുള്ള പാർലമെന്ററിയിതര ആക്രമണ സംഘങ്ങളെ (hit squad) യാണ് ഇവ ഓർമിപ്പിക്കുന്നത്. സാമൂഹ്യ സംഘടനകളിലും മതസംഘടനകളിലും ദശകങ്ങളായി നടത്തിവരുന്ന പ്രവർത്തനത്തിലൂടെ ആ ഗ്രൂപ്പുകൾ സമൂഹത്തിൽ ആഴത്തിൽ വേരുറപ്പിച്ചിട്ടുള്ളവയാണ്.

സിപിഐ എമ്മിന്റെ 23–ാം പാർട്ടി കോൺഗ്രസ് (2022) അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ ഭാരതീയ ജനതാ പാർട്ടി ഗവൺമെന്റിനെ വിശേഷിപ്പിക്കുന്നത് ‘‘ഫാസിസ്റ്റ് സ്വഭാവമുള്ള ആർഎസ്എസിന്റെ ഹിന്ദുത്വ വർഗീയ അജൻഡയെ ആക്രമണാത്മകമാംവിധം പിന്തുടരുന്നത്’’ എന്ന നിലയിലാണ്. സിപിഐ എമ്മിന്റെ പാർട്ടി പരിപാടി (2000) ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു: ‘‘വർഗീയ – ഫാസിസ്റ്റ് പ്രവണതകളോടുകൂടിയ ആർഎസ്എസ് നയിക്കുന്ന കൂട്ടുകെട്ടിന്റെ ഉയർന്നുവരവോടെയും കേന്ദ്രത്തിൽ ആ കൂട്ടുകെട്ട് അധികാരത്തിലെത്തിയതോടെ നമ്മുടെ മതനിരപേക്ഷ അടിത്തറയ്ക്കുനേരെയുള്ള വെല്ലുവിളി അപകടകരമായ അവസ്ഥയിലെത്തിയിരിക്കുകയാണ്’’.

ആർഎസ്എസ്സിന്റെ നേതൃത്വത്തിലുള്ള കൂട്ടുകെട്ടിനെയും (സംഘപരിവാർ) ബിജെപി നേതൃത്വത്തിലുള്ള ഗവൺമെന്റിനെയും സംബന്ധിച്ച ഈ വിശകലനമാണ് പൗരത്വ ഭേദഗതി നിയമ (2019)ത്തിനെതിരായ പ്രക്ഷോഭത്തിൽ സിപിഐ എമ്മും ബഹുജന മുന്നണികളും ക്രിയാത്മകമായ പങ്കുവഹിച്ചൂവെന്ന് ഉറപ്പാക്കിയത്, ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള -ഫാസിസ്റ്റ് സ്വഭാവത്തിലുള്ള ആക്രമണങ്ങൾക്കെതിരായ കാംപെയ്നുകളിലും സിപിഐ എം മുൻനിരയിൽ അണിനിരന്നതും ഈ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് (2022ലെ ഡൽഹി വംശഹത്യയിലും മറ്റു ചെറിയ ചെറിയ ആക്രമണങ്ങളിലുമാകെ ന്യൂനപക്ഷത്തിന് സംരക്ഷണം നൽകുന്നതിലും ആശ്വാസമേകുന്നതിലുമെല്ലാം സിപിഐ എം പ്രധാനപ്പെട്ട പങ്കുവഹിച്ചിട്ടുണ്ട‍്).

എന്നാൽ സംഘപരിവാറിനുള്ളിൽ തന്നെ വ്യത്യസ്തമായ സാമൂഹ്യ അടിത്തറകളോടുകൂടിയതും വ്യത്യസ്ത രാഷ്ട്രീയ ദിശകളോടുകൂടിയതുമായ ഒട്ടേറെ സംഘടനകളുണ്ട്; തൊഴിലാളി – കർഷക മുന്നണികൾ അത്തരത്തിലുള്ളവയാണ് (ഭാരതീയ മസ്ദൂർ സംഘ് അഥവാ ബിഎംഎസ്, ഭാരതീയ കിസാൻ സംഘ് അഥവാ ബികെഎസ്). ഇവയ്ക്കെല്ലാംതന്നെ നിർദ്ദേശം നൽകുന്നതും നേതൃത്വം നൽകുന്നതും ഫാസിസ്റ്റ് പ്രവണതകളോടുകൂടിയ ആർഎസ്എസ്സാണ്; ഉദാഹരണത്തിന്, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിനെതിരായ തൊഴിലാളികളുടെ ഡിമാൻഡുകൾ ഉന്നയിക്കാൻ ഇവ നിർബന്ധിതമാകുമ്പോൾപോലും അവ ആർഎസ്എസ്സിന്റെ ഫാസിസ്റ്റ് സ്വഭാവമുള്ള അജൻഡ കെെവെടിയുന്നില്ല.

തങ്ങളുടേത് തൊഴിലാളികളുടെ ക്ഷേമത്തിനായി നിൽക്കുന്ന ‘രാഷ്ട്രീയേതരമായ ഒരു യൂണിയനാ’ണെന്നാണ് ബിഎംഎസ് സ്വയം വിശേഷിപ്പിക്കുന്നത്; അതിനാലാണ് 2015ൽ ആരംഭിച്ച പൊതുപണിമുടക്കുകളിൽ പങ്കെടുക്കാൻ വിസമ്മതിച്ചതെന്നും അവർ വാദിക്കുന്നു; എന്നാൽ ട്രേഡ് യൂണിയൻനിയമങ്ങൾ മാറ്റാനുള്ള ബിജെപി സർക്കാരിന്റെ നീക്കത്തെ ബിഎംഎസ് എതിർക്കുന്നുമുണ്ട്. കർഷക സമരത്തിന്റെ ഡിമാൻഡുകളെ ബികെഎസ് പിന്തുണച്ചു; പക്ഷേ പ്രതിഷേധങ്ങൾ ‘അക്രമാസക്ത’മായ ശെെലിയിലായിരുന്നുവെന്ന് തെറ്റായി വിശേഷിപ്പിച്ചാണ് അവർ ആ സമരത്തെ എതിർത്തത്.

ഇന്ത്യയിലെ വലിയ തൊഴിലാളി സംഘടനയിലും കർഷക സംഘടനയിലുംപെട്ട ചിലതായ ഈ ബഹുജന മുന്നണികളെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റ് പ്രവണതയുള്ള ആർഎസ്എസ്സാണ്; എന്നാൽ, ആ സംഘടനകൾ സ്വയമേവ ഫാസിസ്റ്റ് സ്വഭാവമുള്ളവയല്ല. അതിനർഥം, ബിജെപി കൂട്ടുകെട്ടിലെ ചില വിഭാഗങ്ങൾക്ക്, അവയിലെ അംഗങ്ങളുടെ ജീവിതത്തിന്റെ വർഗപരമായ യാഥാർഥ്യങ്ങളുമായി ബന്ധപ്പെടുമ്പോൾ വിപരീതമായ രാഷ്ട്രീയം പറയേണ്ടതായി വരുന്നുവെന്നാണ്.

പ്രത്യേക തരത്തിൽപെട്ട 
തീവ്ര വലതുപക്ഷം
തിരഞ്ഞെടുപ്പുകളിൽ മാത്രമല്ല, സംസ്കാരം, സമൂഹം, പ്രത്യയശാസ്ത്രം, സമ്പദ്ഘടന എന്നീ മണ്ഡലങ്ങളിലും ആധിപത്യം ചെലുത്തുന്ന പുതിയൊരു തരത്തിൽപെട്ട വലതുപക്ഷം ഉയർന്നുവന്നിരിക്കുകയാണെന്ന് വ്യക്തമായി വരികയാണ്; ഈ പുതിയ തരത്തിൽപെട്ട വലതുപക്ഷം ലിബറൽ ജനാധിപത്യത്തിന്റെ മാനദണ്ഡങ്ങളെ അട്ടിമറിക്കാൻ നിർബന്ധം പിടിക്കണമെന്നില്ല എന്നും വ്യക്തമാണ്. ‘‘ലിബറലിസവും തീവ്ര വലതുപക്ഷവും തമ്മിലുള്ള ദൃഢമായ ബാന്ധവം’’ എന്നാണ് ഇതിനെ ട്രൈകോണ്ടിനെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ച് വിശേഷിപ്പിക്കുന്നത്; ഐജാസ് അഹമ്മദിന്റെ കൃതികളിൽ പറയുന്നതും ഇതുതന്നെയാണ്.

‘ദൃഢമായ ബാന്ധവം’ എന്ന ഈ ആശയം ലിബറലിസവും തീവ്രവലതുപക്ഷവും തമ്മിൽ വെെരുധ്യമൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല എന്ന ധാരണയിൽ നമ്മെ എത്തിക്കുന്നു; തീവ്ര വലതുപക്ഷത്തിനെതിരായ ഒരു കവചമല്ല ലിബറലിസമെന്നും ഈ ആശയം നമ്മെ ബോധ്യപ്പെടുത്തുന്നു; ഒരു കാരണവശാലും തീവ്ര വലതുപക്ഷത്തിനുള്ള മറുമരുന്നല്ല ലിബറലിസം എന്ന് വ്യക്തമാണ്. ‘ദൃഢമായ ബാന്ധവം’ എന്ന ഈ ആശയത്തെയും പ്രതേ-്യകതരത്തിൽപെട്ട ഈ തീവ്ര വലതുപക്ഷത്തെയുംകുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നതിന് നാല് ഘടകങ്ങളെക്കുറിച്ച് അറിയേണ്ടത് നിർണായകമാണ്:

1. തിരഞ്ഞെടുക്കപ്പെട്ട ലിബറൽ സ്ഥാപനങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ നടപ്പാക്കുന്ന നവലിബറൽ ചെലവുചുരുക്കൽ നയങ്ങൾ, ലിബറൽ ഭാവുകത്വം നിലനിൽക്കാൻ സൗകര്യമൊരുക്കുന്ന സാമൂഹ്യക്ഷേമ പദ്ധതികളെ പരാജയപ്പെടുത്തുന്നു. ദരിദ്രരെ സംരക്ഷിക്കുന്നതിൽ ഭരണകൂടത്തിനു സംഭവിക്കുന്ന പരാജയം അവരോടുള്ള നിഷ്ഠുരതയായി മാറുന്നു.

2. സാമൂഹ്യക്ഷേമത്തെയും പുനർവിതരണത്തെയും അടിസ്ഥാനമാക്കിയ പദ്ധതികളോട് തികഞ്ഞ പ്രതിബദ്ധത ഇല്ലായെങ്കിൽ ലിബറലിസംതന്നെ വലതുപക്ഷ നയങ്ങളുടെ ലോകത്തേക്ക് വഴിമാറി ഒഴുകും. തൊഴിലാളിവർഗ പാർപ്പിട പ്രദേശങ്ങൾക്ക് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തുന്നതിനുള്ള ആന്തരിക മർദനോപകരണങ്ങൾക്കായുള്ള ചെലവുകൾ വർധിപ്പിക്കുകയെന്നത് ഇതിന്റെ ഭാഗമായി വരുന്നു; ഇതിനൊപ്പം തന്നെയാണ് അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്ന സംവിധാനങ്ങൾക്ക് സ്വീകർത്താക്കൾ സ്വയം നിന്നു കൊടുത്താൽ മാത്രം വിതരണം ചെയ്യുന്ന സാമൂഹ്യസേവനങ്ങളുടെ വിതരണത്തിലെ പിശുക്ക് വർധിച്ചുവരുന്നതും.

3. ഈ പശ്ചാത്തലത്തിലാണ്, പ്രതേ-്യക തരത്തിൽപെട്ട ഇൗ തീവ്രവലതുപക്ഷം ഒരു രാഷ്ട്രീയ ശക്തിയെന്ന നിലയിൽ തങ്ങൾ അധികമധികം അംഗീകരിക്കപ്പെട്ടു വരികയാണെന്ന് സ്വയം കണ്ടെത്തുന്നത്; നടപ്പാക്കണമെന്ന് തീവ്രവലതുപക്ഷം വാദിച്ചുകൊണ്ടിരുന്ന നയങ്ങളിലേക്ക് ലിബറൽ പാർട്ടികൾ തിരിയുന്നതോടെയാണ് ഇത് സംഭവിക്കുന്നത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, തീവ്രവലതുപക്ഷ നയങ്ങൾ ഏറ്റെടുക്കാനുള്ള ലിബറൽ പാർട്ടികളുടെ ഈ പ്രവണതയാണ് മുഖ്യധാരയിൽ എത്തുന്നതിന് തീവ്രവലതുപക്ഷത്തിന് സൗകര്യമൊരുക്കുന്നത്.

4. അവസാനമായി, ലിബറലിസത്തിന്റെ ഭാഗത്തും തീവ്രവലതുപക്ഷത്തിന്റെ ഭാഗത്തും നിലയുറപ്പിച്ചിട്ടുള്ള രാഷ്ട്രീയ ശക്തികൾ ഭരണസംവിധാനങ്ങളിൽ ഇടതുപക്ഷം കടന്നുവരുന്നതിനെ പരിമിതപ്പെടുത്താൻ മറ്റെല്ലാം മറന്ന് കെെകോർക്കുന്നു. തൊഴിലാളിവർഗത്തോടും കർഷക ജനതയോടുമുള്ള നിലപാടിന്റെ കാര്യത്തിൽ തീവ്രവലതുപക്ഷത്തിനും അതിന്റെ ലിബറൽ എതിരാളികൾക്കും അടിസ്ഥാനപരമായും സാമ്പത്തിക നയങ്ങളുടെ കാര്യത്തിലും യാതൊരു വ്യത്യാസവുമില്ല.

1964ൽ പോളിഷ് മാർക്സിസ്റ്റായ മെെക്കേൽ കലേക്കി The Fascism of Our Times (നമ്മുടെ കാലഘട്ടത്തിലെ ഫാസിസം) എന്ന ആവേശജനകമായ ഒരു ലേഖനമെഴുതി. ആ പ്രബന്ധത്തിൽ കലേക്കി പറയുന്നത് നമ്മുടെ കാലത്ത് ഉയർന്നുവരുന്ന പുതിയ തരത്തിൽപ്പെട്ട ഈ ഫാസിസ്റ്റിക് സംഘങ്ങൾ ‘‘വിപുലമായ ജനവിഭാഗങ്ങൾക്കിടയിലെ പിന്തിരിപ്പൻ വിഭാഗങ്ങളെ’’ വശീകരിക്കുന്നുവെന്നും ‘‘വൻകിട ബിസിനസുകാർക്കിടയിലെ അറുപിന്തിരിപ്പൻ വിഭാഗങ്ങൾ അതേറ്റെടുക്കുന്നു’’വെന്നുമാണ്.

കലേക്കി ഇങ്ങനെ എഴുതുന്നു: ‘‘ഭരണവർഗമൊന്നാകെ ഫാസിസ്റ്റ് സംഘങ്ങൾ അധികാരം പിടിച്ചെടുക്കുകയെന്ന ആശയത്തെ താലോലിക്കുന്നില്ലെങ്കിലും അവയെ അടിച്ചമർത്തുന്നതിന് ഒന്നും ചെയ്യുന്നില്ല; അവയുടെ അമിതാവേശത്തെ അധിക്ഷേപിക്കുന്നതിൽ മാത്രം ഭരണവർഗം ഒതുങ്ങി നിൽക്കുകയും ചെയ്യുന്നു’’.

ഈ സമീപനം ഇന്നും വിടാതെ തുടരുന്നുണ്ട്: ഭരണവർഗമൊന്നാകെ ഫാസിസ്റ്റ് പ്രവണതയുള്ള ഈ ഗ്രൂപ്പുകളുടെ ഉയർന്നുവരവിനെ ഭയക്കുന്നില്ല; എന്നാൽ അവയുടെ ‘അതിരുകടന്ന’ പെരുമാറ്റത്തെ മാത്രമാണ് ഭരണവർഗമാകെ എതിർക്കുന്നത്; അതേസമയംതന്നെ വൻകിട ബിസിനസുകാർക്കിടയിലെ അറുപിന്തിരിപ്പൻ വിഭാഗങ്ങൾ ഈ ഗ്രൂപ്പുകളെ സാമ്പത്തികമായി സഹായിക്കുന്നുണ്ട് (2014ലെ ഗുജറാത്ത് നിക്ഷേപക ഉച്ചകോടിയിൽ നരേന്ദ്രമോദിയെ രത്തൻ ടാറ്റ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത് ഫാസിസ്റ്റ് പ്രവണതയുള്ള വിഭാഗങ്ങളിൽനിന്ന് ലിബറൽ ബൂർഷ്വാസിയെ വേറിട്ടു കാണുന്നില്ലായെന്നതിന്റെ ഉത്തമോദാഹരണമാണ്).

പ്രത്യേക തരത്തിൽപെട്ട തീവ്രവലതുപക്ഷത്തിന്റെ വിശാലമുന്നണികളെ സാമൂഹ്യ–രാഷ്ട്രീയ അധികാരങ്ങളിലേക്ക് ബൂർഷ്വാസി സ്വാഗതം ചെയ്യുകയാണ്; മുതലാളിത്തത്തിന്റെ നിയന്ത്രണാതീതവും വിവരണാതീതവുമായ പ്രശ്നങ്ങളിൽനിന്നുവരുന്ന കുഴപ്പങ്ങൾക്കും ആപത്തുകൾക്കുമുള്ള മറുമരുന്നായാണ് ബൂർഷ്വാസി അവയെ കാണുന്നത് (സാമൂഹ്യാസമത്വങ്ങൾ, കാലാവസ്ഥാ പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള മറുമരുന്ന്).

നവഫാസിസ്റ്റുകൾ മാത്രം (ഉദാഹരണത്തിന് ബ്രസീലിലെ ബൊൾസനാരോ പക്ഷക്കാർ) ഉൾപ്പെടുന്നതല്ല പ്രത്യേക തരത്തിൽപ്പെട്ട തീവ്രവലതുപക്ഷം; മറിച്ച് അവയ്ക്ക് ശക്തി പകരുന്നവരും ഉൾപ്പെടുന്നു (ജർമനിയിലെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ – ഇക്കൂട്ടർക്ക് കുടിയേറ്റക്കാർക്കെതിരെ നവഫാസിസ്റ്റുകളായ അലയൻസ് ഫോർ ജർമനിയുമായി ചേർന്ന് വോട്ടുചെയ്യാൻ അത്യധികമായ സന്തോഷമാണുള്ളത്).

പ്രത്യേക തരത്തിൽപ്പെട്ട തീവ്രവലതുപക്ഷം എന്ന ഈ സങ്കൽപ്പനം, വലതുപക്ഷത്തിന്റെ രാഷ്ട്രീയത്തെയും വലതുപക്ഷത്തുള്ള പാർട്ടിസാൻ സഖ്യങ്ങളുടെ രാഷ്ട്രീയത്തെയും അനുകൂലിക്കുന്ന ലിബറൽ ഡെമോക്രസിയുടെ പൊതുവെയുള്ള ചുവടുമാറ്റത്തിന്റേതായ വലതുപക്ഷ മണ്ഡലത്തെ വിശദീകരിക്കുന്നു; ഈ പാർട്ടിസാൻ സഖ്യങ്ങളാണ് നവഫാസിസ്റ്റുകളെയും പഴയ വലതുപക്ഷത്തെയും സങ്കീർണമായ ഒരൊറ്റ കൂട്ടുകെട്ടിലേക്ക് ചേർത്തുകൊണ്ടുവരുന്നത്. (പലപ്പോഴും ഈ സഖ്യത്തിലുള്ളവരിൽ പഴയ യാഥാസ്ഥിതികരിൽനിന്നും അനായാസം വേർതിരിച്ചറിയാൻ കഴിയാത്തവിധം വലതുപക്ഷത്തേക്ക് വഴുതിപ്പോയ സോഷ്യൽ ഡെമോക്രസിയുടെ പഴയ ശക്തികളും ഉൾപ്പെടുന്നു. ബ്രിട്ടനിലെ ലേബർ പാർട്ടിയെപോലുള്ളവ).

സോഷ്യൽ ഡെമോക്രസിയുടെ പതനം
ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ ധാരകൾ ഇന്ത്യൻ ദേശീയ നേതാക്കളുടെ ആദ്യ തലമുറയുടെ മരണത്തോടെയും 1920കൾ മുതൽ 1940കൾ വരെയുള്ള ധീരോദാത്തമായ കാലഘട്ടത്തിൽനിന്ന് അകന്നുപോകുന്നതോടെയും അവസാനിക്കുകയാണെന്ന് അടിയന്തരാവസ്ഥക്കാലം (1975–77) വ്യക്തമാക്കി. അഭിജാതവിഭാഗങ്ങൾക്കിടയിൽ ഇന്ത്യൻ ലിബറലിസം പരിപോഷിപ്പിച്ചുകൊണ്ടുവന്നതെല്ലാംതന്നെ കോസ്-മോപൊളിറ്റനിസത്തിലേക്ക് തകർന്നുവീണു; ഇന്ത്യൻ തൊഴിലാളികളുടെയും കർഷകരുടെയും സാമൂഹ്യലോകത്തെ അത് തകർത്തു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെയും സോഷ്യലിസത്തിന്റെ ഇന്ത്യൻ രൂപങ്ങളുടെയും (സമാജ്-വാദം) ഇന്ത്യൻ ലിബറലിസത്തിന്റെയും ഒഴിഞ്ഞുപോക്ക് കോൺഗ്രസ് ആധിപത്യത്തിന്റ കാലം അവസാനിച്ചതോടുകൂടി ഒരേസമയം സംഭവിച്ചു; തീർച്ചയായും, കോൺഗ്രസിന്റെ ആധിപത്യത്തിന് അന്ത്യം കുറിച്ചതിനുള്ള കാരണങ്ങളിലൊന്നും ഇതുതന്നെ. ഇന്ത്യയുടെ ആദ്യത്തെ കോൺഗ്രസിതര ഗവൺമെന്റ് (1977–80) തീവ്രവലതുപക്ഷമായ ഭാരതീയ ജനസംഘംമുതൽ സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ വരെയുള്ള വെെവിധ്യമാർന്ന രാഷ്ട്രീയ വിഭാഗങ്ങൾ കൂടിചേർന്നാണ് രൂപീകരിക്കപ്പെട്ടത്; അങ്ങനെ രൂപംകൊണ്ട ജനതാപാർട്ടി പിന്നീട് ക്രമേണ പല തുണ്ടുകളായി ശിഥിലീകരിക്കപ്പെട്ടു.

കമ്യൂണിസ്റ്റു പാർട്ടി വഹിച്ച -– പാർലമെന്റിനുള്ളിലും (1952 മുതൽ 1977 വരെ ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ ഗ്രൂപ്പായിരുന്നു കമ്യൂണിസ്റ്റു പാർട്ടി) പുറത്ത് പാടങ്ങളിലും പണിശാലകളിലുമെല്ലാം– സജീവമായ പങ്കുമൂലം ഇന്ത്യൻ റിപ്പബ്ലിക് സോഷ്യൽ ഡെമോക്രസിയുടെ സവിശേഷതകൾ വികസിപ്പിച്ചു. കമ്യൂണിസ്റ്റുകാരും മറ്റുള്ളവരുമാണ് (1952 മുതൽ 1972 വരെയുള്ള കാലത്ത് റാം മനോഹർ ലോഹ്യയുടെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്നുണ്ടായ ഇന്ത്യൻ സോഷ്യലിസത്തിന്റെ നാനാധാരകൾ ഉൾപ്പെടെ) കോൺഗ്രസിന്റെ കറാച്ചി പ്രമേയത്തിൽ അവതരിപ്പിച്ച (1931) ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന്റെ ഡിമാൻഡുകൾ മുന്നോട്ടുകൊണ്ടുപോയത്.

1957–1974 കാലത്തെ സ്വതന്ത്രാപാർട്ടിയെപോലെയുള്ള ഇന്ത്യൻ മുതലാളിത്ത പാർട്ടികളുടെ ധാരകളെ കണ്ടില്ലെന്നു നടിക്കുന്നത് ശരിയാവില്ല; അത് ഫാസിസ്റ്റ് പ്രവണതയുള്ള ആർഎസ്എസിന്റേതിൽനിന്ന് വ്യത്യസ്തമായി ഇന്ത്യൻ സമൂഹത്തിൽ അഭിജാതരുടേതായ ഒരു തരത്തിൽപെട്ട കോസ്-മോപൊളിറ്റനിസം അവതരിപ്പിച്ചു (മുതലാളിത്ത പാർട്ടിയായിരുന്നിട്ടുപോലും സ്വതന്ത്രാപാർട്ടിയും സോഷ്യൽ ഡെമോക്രസിയുടെ മൊത്തത്തിലുള്ള ആധിപത്യം വെളിപ്പെടുത്തുന്നുണ്ട്; കാരണം അതിന്റെ നേതൃത്വത്തിൽ എൻ ജി രംഗയെയും ദർശൻ സിങ് ഫെരുമൻ, ഉദ്ധംസിങ് നാഗോക്കെ എന്നീ അകാലി നേതാക്കളെയുംപോലെയുള്ള കർഷക സമരപാരമ്പര്യമുള്ള സ്വാതന്ത്ര്യസമര സേനാനികളും മിനു മസാനിയെപോലെയുള്ള മുൻ കമ്യൂണിസ്റ്റുകാരും ഉൾപ്പെടുന്നു; എന്നാൽ അക്കൂട്ടത്തിൽപെടുന്ന പ്രമാണിമാരിൽ ഒരാളായ കെ എം മുൻഷി ഫാസിസ്റ്റ് പ്രവണതയുള്ള ചേരിയോട് എക്കാലത്തും അനുഭാവം പുലർത്തിയിരുന്നു; 1964ൽ ഇദ്ദേഹമാണ് വിശ്വഹിന്ദു പരിഷത്ത് സ്ഥാപിച്ചത്).

1970കളോടെ, സോഷ്യൽ ഡെമോക്രസിയുടെ ഈ രൂപങ്ങൾ– ചിലവ മറ്റുള്ളവയെക്കാൾ കൂടുതൽ സാധാരണക്കാർ ഉൾപ്പെടുന്നവയാണ്–ചുരുങ്ങി വരാൻ തുടങ്ങി; കോൺഗ്രസ് പാർട്ടിയും ഇന്ത്യൻ സോഷ്യലിസ്റ്റ് പാരമ്പര്യത്തിന്റെ പ്രാദേശിക വകഭേദങ്ങളും നവലിബറൽ നയങ്ങൾ അംഗീകരിച്ചതോടെയാണ് ഇത് സംഭവിച്ചത്.

ഇന്ത്യയിൽ സോഷ്യൽ ഡെമോക്രസിയുടെ പതനം പ്രത്യേകിച്ചും വടക്കേ ഇന്ത്യയിൽ സോഷ്യൽ ഡെമോക്രസിയുടെ പതനം, ഇടതുപക്ഷത്തിന്റെ രൂപീകരണത്തിൽ വളരെ പരിതാപകരമായ സ്വാധീനമാണുണ്ടാക്കിയിട്ടുള്ളത്. നവലിബറലിസത്തിന്റെ വക്താവെന്ന നിലയിൽ കോൺഗ്രസ് പാർട്ടിമാറിയതോട ഇന്ത്യൻ ബൂർഷ്വാസിക്കിടയിൽത്തന്നെയുള്ള പൊതുധാരണ ദ്രുതഗതിയിൽ വലത്തോട്ടു നീങ്ങി. നവലിബറലിസത്തിന് പ്രമാണി വർഗത്തിന്റെ പൊതുസമ്മതിയുണ്ടായിരുന്നത് ഇന്ത്യയെ ഒരു സ്വതന്ത്ര വിദേശനയം ഉപേക്ഷിക്കുന്നതിലേക്കും അമേരിക്കയുടെ കീഴാള സ-ഖ്യകക്ഷിയാക്കി മാറ്റുന്നതിലേക്കും നയിച്ചു.

സാമൂഹികക്ഷേമത്തിൽനിന്നും പൊതുമേഖലയിൽനിന്നും പിൻവലിയുകയും സംഘടനാ സ്വാതന്ത്ര്യത്തെ നിഷേധിക്കുകയും ചെയ്യുന്നതിലൂടെ തൊഴിലാളിവർഗത്തെയും കർഷകജനസാമാന്യത്തെയും കെെവെടിഞ്ഞ കോൺഗ്രസിന്റെ പ്രവൃത്തി, തൊഴിലാളികളും കർഷകരും അധികമധികം അസംഘടിതരും മനോവീര്യമല്ലാത്തവരുമാകുന്നതിനിടയാക്കി. 1980കളിൽ ഇന്ത്യയിൽ തീവ്രവലതുപക്ഷം ആവിർഭവിച്ചതിനുള്ള ഭാഗികമായ കാരണം, സോഷ്യൽ ഡെമോക്രസി ചരമം പ്രാപിച്ച സംഭവവികാസമാണ്; സോഷ്യൽ ഡെമോക്രസി ഇത്തരത്തിൽ ചരമം പ്രാപിച്ചത്, കോൺഗ്രസ് പാർട്ടിക്കകത്തു മാത്രമല്ല, മറിച്ച് ഇന്ത്യൻ സോഷ്യലിസത്തിന്റെ പഴയ പെെതൃകത്തിനകത്തും സമമായ തോതിൽ ഇത് സംഭവിച്ചു. (ഉദാ: സമാജ്-വാദി പാർട്ടി നവലിബറലിസത്തിന്റെ പ്രാദേശിക വക്താവാകുകയും പ്രാദേശിക മുതലാളിത്തത്തിന്റെ പാർട്ടിയായി മാറുകയും ചെയ്തു).

ആർഎസ്എസ് – ബിജെപി 
കൂട്ടുകെട്ടിന്റെ ആവിർഭാവം
ബിജെപിയുടെയും സംഘപരിവാറിന്റെയും ആവിർഭാവം പൂർണമായും സ്വമേധയാ ഉണ്ടായതോ കേവലം ജനസംഘിലെയോ ആർഎസ്എസിലെയോ അതിന്റെ വേരുകളിൽനിന്നുണ്ടായതോ അല്ല; സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും ഇന്ത്യൻ സോഷ്യലിസ്റ്റ് ധാരകളിലും രൂപപ്പെടുത്തപ്പെട്ട ഇന്ത്യൻ ദേശീയതാരൂപത്തിന്റെ തകർച്ചയുണ്ടാക്കിയ വിടവ് നികത്താൻ അത് പ്രാപ്തമായിരുന്നു.

കോൺഗ്രസ് പാർട്ടിയുടെയും ലോഹിയാപക്ഷ ധാരകളുടെയും വലത്തോട്ടുള്ള ചായ്-വിന്റേതായ വിനാശകരമായ ദൗർബല്യംമൂലമാണ് ബിജെപിയിതര സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അവർ പരിഭ്രാന്തരായി പരസ്പരം കുറ്റപ്പെടുത്തിയത്. അങ്ങനെ കാലക്രമത്തിൽ നാഷണൽ ഫ്രന്റും (1989–91) പിന്നീട് യുണെെറ്റഡ് ഫ്രന്റും (1996–98) ഉണ്ടായി. ഇതിൽ യുണെെറ്റഡ് ഫ്രന്റിന്റെ കാര്യത്തിൽ, അത്തരത്തിൽ മുന്നണിയെ ഒന്നിച്ചുകൊണ്ടുവരുന്നതിലും ആന്തരിക സംഘർഷങ്ങൾ ഒഴിവാക്കി ആ യോജിപ്പ് നിലനിർത്തുന്നതിലും സിപിഐ എം നിർണായക പങ്കുവഹിച്ചു.

2004ൽ പതിനാലാം ലോക്-സഭാ തിരഞ്ഞെടുപ്പിനുശേഷം ഒരു പാർട്ടിക്കും ഗവൺമെന്റ് രൂപീകരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായപ്പോൾ, യുണെെറ്റഡ് പ്രോഗ്രസീവ് അലയൻസിന്റെ (യുപിഎ) രൂപീകരണത്തിന് സിപിഐ എം വഴിയൊരുക്കുകയും ഒരു ദശകത്തോളം നീണ്ടുനിന്ന ബിജെപിയിതര ഗവൺമെന്റിനായുള്ള വാതിലുകൾ തുറക്കുകയും ചെയ്തു (സിപിഐ എമ്മുമായുള്ള കരാർ കോൺഗ്രസ് ലംഘിച്ചു എന്നും അതിനാൽ സിപിഐ എം 2008ൽ സഖ്യത്തിനുള്ള പിന്തുണ പിൻവലിച്ചുവെന്നുമുള്ള വസ്തുത കൂടാതെ).

സഖ്യത്തിൽ ഇടതുപക്ഷ മുന്നണിയുടെ അഭാവം, കോൺഗ്രസ് നേതൃത്വത്തിലുള്ള ഗവൺമെന്റിനെ കൂടുതൽ വലത്തോട്ട് തിരിയുന്നതിലേക്കും, അഴിമതിയിൽ കുളിച്ച ഒരു സംസ്കാരത്തിലേക്കും, ഇന്ത്യയിൽ നവലിബറലനന്തര അജൻഡയുടെ പുതുക്കിപ്പണിയലിനുള്ള സാധ്യതയില്ലാതാക്കുന്നതിലേക്കും നയിച്ചു. 2014ലെ തിരഞ്ഞെടുപ്പിൽ ജയിക്കുന്നതിനുള്ള വാതിൽ ബിജെപിക്കുമുന്നിൽ തുറക്കപ്പെട്ടു.

നീണ്ട ബിജെപിയുടെ വാഴ്ചക്കാലത്ത് (2014 മുതൽ ഇതുവരെ) ഒരു മതനിരപേക്ഷ മുന്നണി കെട്ടിപ്പടുക്കുന്നതിന് സിപിഐ എം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യാ കൂട്ടായ്മയടക്കം (2023ൽ രൂപീകൃതമായത്) അതിലുൾപ്പെടുന്നു; ഇന്ത്യാ കൂട്ടായ്മയിൽ സിപിഐ എമ്മിന്റെ പ്രതിയോഗികളും (തൃണമൂൽ കോൺഗ്രസ് പാർട്ടിയെപോലുള്ളവ) അടുത്ത സഖ്യകക്ഷികളും (ഫോർവേഡ് ബ്ലോക്ക്, സിപിഐ, കമ്യൂണിസ്റ്റ് പാർട്ടി ഓ-ഫ് ഇന്ത്യ–ലിബറേഷൻ തുടങ്ങിയവ) ഉൾപ്പെടുന്നു എന്നതോർക്കണം.

ഒരു മുൻഗാമിയെന്ന നിലയ്ക്ക‍് പറയാവുന്നത് ലോഹിയായിസത്തിന്റെ പഴയ ശകലങ്ങളെയെല്ലാം ഒന്നിച്ചുചേർത്തുകൊണ്ട് വടക്കേ ഇന്ത്യയിൽ 2019ൽ ഉടലെടുത്ത മഹാഗഢ്ബന്ധൻ ആയിരുന്നു; പക്ഷേ, സ്വാധീനം സൃഷ്ടിക്കുന്നതിൽ അത് പരാജയപ്പെട്ടു. ഈ അനുഭവങ്ങൾ വ്യക്തമാക്കുന്നതുപോലെതന്നെ, ബിജെപിയെ ദുർബലപ്പെടുത്തുന്നതിനും പരാജയപ്പെടുത്തുന്നതിനും അടവുപരമായ സഖ്യങ്ങളിലേക്ക് കടക്കുന്ന കാര്യത്തിൽ സിപിഐ എം പുറംതിരിഞ്ഞുനിൽക്കുന്നില്ല. എന്നാൽ, ബിജെപി വാഴ്ചയ്ക്കെതിരായി കലർപ്പില്ലാത്തൊരു സോഷ്യൽ ഡെമോക്രാറ്റിക് ബദൽ മുന്നോട്ടുവയ്ക്കുന്നതിനോ ഭാവിയിലെ ഇന്ത്യയെ സംബന്ധിച്ച ഒരു കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നതിനോ സാധ്യമായ ശാശ്വതമായൊരു അജൻഡ ഒട്ടുമിക്ക ഘടകകക്ഷികൾക്കുമില്ലായെന്ന വസ്തുത ഇന്ത്യാ കൂട്ടായ്മ നേരിടുന്നുണ്ട്.

ആ ഘടകകക്ഷികളുടെ രാഷ്ട്രീയം പൂർണമായും ബിജെപി വിരുദ്ധമാണ്; ബിജെപിവിരുദ്ധ രാഷ്ട്രീയമായതുകൊണ്ടുതന്നെ അവയ്ക്ക് ഒരു സഖ്യത്തെ ഒന്നിച്ചുകൊണ്ടുവരാൻ കഴിയുകയും ചെയ്യും; എന്നാൽ, ഇന്ത്യയിലെ ജനങ്ങൾക്കായി സത്യസന്ധമായി എന്തെങ്കിലും ചെയ്യാൻ ചുമതലപ്പെടുത്തപ്പെടുമ്പോൾ ഈ സഖ്യത്തെ കേടുപറ്റാതെ മുറുകെപ്പിടിക്കാൻ അവ തയ്യാറാകുന്നില്ല. ബിജെപിയോടുള്ള വിദേ-്വഷത്താൽ രൂപംകൊണ്ടിട്ടുള്ള ഈ സഖ്യത്തിന് ഭരണനിർവഹണത്തിന് ഉചിതമായൊരു കാഴ്ചപ്പാടുണ്ടെന്ന വിശ്വാസം വോട്ടർമാർക്കിടയിൽ ഉണ്ടാക്കുവാനും അവയ്ക്ക് കഴിയുന്നില്ല.

ധാർമിക മുദ്രാവാക്യമെന്ന 
നിലയിൽ ഫാസിസം
സമാനമായ ചിലത് ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ, ബ്രസീൽ മുതൽ ഫിലിപ്പീൻസ് വരെ, അമേരിക്ക മുതൽ റുവാണ്ടവരെ സംഭവിക്കുന്നുണ്ട്. ജനങ്ങളെ അണുവത്കരിക്കുവാനും സമൂഹങ്ങളെ ദാരിദ്ര്യവത്കരിക്കുവാനുമുള്ള മുതലാളിത്തത്തിന്റെ ശേഷി, നമ്മുടെ ലോകത്ത് മനോവീര്യം നഷ്ടപ്പെടുത്തലിന്റേതായ ഒരു തരംഗം കൊണ്ടുവന്നിരിക്കുന്നു. തങ്ങൾ തിരസ്-കൃതരും ഭയചകിതരുമാണെന്ന ചിന്ത ആളുകളിൽ വർധിച്ചുവരികയാണ്. ഉപജീവനമാർഗങ്ങൾ അനായാസം ലഭിക്കില്ല; ജീവിക്കാൻ വേണ്ടുന്ന അവശ്യവസ്തുക്കളുടെ കാര്യവും അങ്ങനെതന്നെ. ആളുകൾക്ക് ഒരു പ്രതീക്ഷയും ഇല്ലാത്ത അവസ്ഥയാണ്. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയല്ലാതെ മറ്റൊന്നും ആശിക്കാനില്ല. അതാകട്ടെ, ഇപ്പോഴത്തെ ജീവിതത്തിന്റെയത്ര കഠിനവുമല്ല.

സുരക്ഷിതമല്ലാത്ത തൊഴിൽസാഹചര്യങ്ങളും കൂടുതൽ സമയം ജോലി ചെയ്യേണ്ടതായി വരുന്നതും സൃഷ്ടിക്കുന്ന അന്യവൽക്കരണത്തിൽനിന്നും ഉയർന്നുവരുന്നതാണ് ഈ ഏകാന്തതയും നിസ്സഹായതയും; ഊർജസ്വലതയുള്ള ഒരു സമൂഹത്തെയും സാമൂഹ്യജീവിതത്തെയും സൃഷ്ടിക്കുന്നതിനുള്ള സാധ്യത ഇത് നഷ്ടപ്പെടുത്തുകയാണ്. വികസിത മുതലാളിത്ത സമൂഹത്തിന്റെ ഘടനയിൽ വിളക്കിച്ചേർക്കപ്പെട്ട ഏകാന്തതയ്ക്കും നിസ്സഹായതയ്ക്കുമുള്ള ഭാഗികമായ ഒരു പരിഹാരം നവഫാസിസ്റ്റുകൾ മുന്നോട്ടുവയ്ക്കുന്നു. മതസമുദായങ്ങളുമായുള്ള ഇത്തിൾക്കണ്ണി ബന്ധത്തിലേക്ക് വരുന്നതല്ലാതെ യഥാർഥത്തിലുള്ള സമൂഹ നിർമിതിക്ക് നവഫാസിസ്റ്റുകൾ തയ്യാറാകുന്നില്ല.

അതിനുപകരം നവഫാസിസ്റ്റുകൾ വികസിപ്പിക്കുന്നത് സമുദായം എന്ന ആശയത്തെയാണ്– ഇന്റർനെറ്റിലൂടെയുള്ള സമുദായം, വ്യക്തികളെ കൂട്ടത്തോടെ അണിനിരത്തുന്നതിലൂടെയുണ്ടാകുന്ന സമുദായം, പങ്കുവയ്ക്കപ്പെടുന്ന മുദ്രകളിലൂടെയും ആംഗ്യങ്ങളിലൂടെയും ഉരുത്തിരിഞ്ഞുവരുന്ന സമുദായം. സമൂഹത്തിൽ നിലനിൽക്കുന്ന രൂക്ഷമായ പട്ടിണിക്ക് നവഫാസിസ്റ്റുകൾ പരിഹാരമുണ്ടാക്കിയെന്ന പ്രതീതി സൃഷ്ടിക്കുന്നു; അതേസമയം ഏകാന്തതയുടെയും നിസ്സഹായതയുടെയും സത്ത രോഷവുമായി അലിഞ്ഞുചേരുന്നു; അവിടെ സ്നേഹത്തിന് സ്ഥാനമുണ്ടാവില്ല.

നവഫാസിസ്റ്റുകൾ നയിക്കുന്ന പ്രത്യേക തരത്തിൽപ്പെട്ട തീവ്രവലതുപക്ഷം യഥാർഥ പ്രശ്നങ്ങൾക്ക് വ്യാജപരിഹാരങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്; എന്നാൽ പ്രശ്നത്തിന് പരിഹാരമാവുമെന്ന പ്രതീതി ജനിപ്പിക്കുന്ന എന്തോ ഒന്നാണ് അത് മുന്നോട്ടുവയ്ക്കുന്നതെന്നതിനാൽ വലിയ ജനപിന്തുണ നേടിയെടുക്കാൻ അതിനു കഴിയുന്നു. അവിടെയാണ് ഇടതുപക്ഷത്തിന്റെ ഏറ്റവും സജീവമായ ഇടപെടൽ ആവശ്യമായി വരുന്നത്. ഇടതുപക്ഷത്തിന്റെ കടമ ദ്വിമുഖമാണ്: ഇടതുപക്ഷത്തിന്റെ കരുത്തിന്റെ കലവറകൾ (ഉദാഹരണത്തിന് യൂണിയനുകൾ) ദുർബലമായിരിക്കുന്നിടത്ത് സ്വന്തം നിലയിൽ, തനതായ രാഷ്ട്രീയശക്തി കെട്ടിപ്പടുക്കേണ്ടതുണ്ട്; കൂട്ടായ ജീവിതത്തെ വീണ്ടെടുക്കേണ്ടതുമുണ്ട് (സാമൂഹ്യസംഘടനകൾ, സഹകരണസംഘങ്ങൾ, പബ്ലിക് ലെെബ്രറികൾ, റെഡ് ബുക്സ് ഡേ എന്നിവ കെട്ടിപ്പടുത്തുകൊണ്ട്).

പ്രത്യേക തരത്തിൽപെട്ട തീവ്രവലതുപക്ഷത്തിന് ജനകീയാടിത്തറയുണ്ടായിരുന്നു; അതിന്റെ സാംസ്കാരികമായ വലക്കണ്ണികളെ എവിടെയും കാണാവുന്നതാണ്. സോഷ്യൽ ഡെമോക്രസിയുടെ പതനം അർഥമാക്കുന്നത്, ഇടതുപക്ഷത്തിന്റെ ദുർബലമായ ശക്തികൾ സോഷ്യൽ ഡെമോക്രസിയുടെ കടമകൾ ഏറ്റെടുക്കേണ്ടതുണ്ടെന്നാണ് (ആളുകളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വേണ്ടിയുള്ള മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരന്റി നിയമംപോലെയുള്ള പരിഷ്കാരങ്ങൾക്കുവേണ്ടി പോരാടുക; അത് സോഷ്യൽ ഡെമോക്രാറ്റുകൾ ചെയ്യേണ്ടിയിരുന്നതാണ്); ഇടതുപക്ഷത്തിന്റെയും കൂട്ടായ്മയുടെയും ഒരു കലവറ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുപരി അതാണ് ആവശ്യമുള്ളത് (അതിമാനുഷമായ കരുത്തോടെ ഇടതുപക്ഷം തൊഴിലാളികളുടെയും കർഷകരുടെയും സംഘടനകളും വിദ്യാർഥി പ്രസ്ഥാനവും ഗ്രന്ഥശാലാ പ്രസ്ഥാനവുമെല്ലാം കെട്ടിപ്പടുക്കുന്നത് തുടരുകയുമാണ്).

ഫാസിസത്തെ സംബന്ധിച്ച സംവാദങ്ങളോടു ബന്ധപ്പെട്ടുവരുന്ന പ്രശ്നങ്ങളിലൊന്ന് അത് ഗൗരവപൂർണമായ ഒരു സാമൂഹ്യ–രാഷ്ട്രീയ സംവാദത്തെ ഒരു ധാർമിക വിഷയമാക്കി ചുരുക്കുന്നുവെന്നതാണ്. ഫാസിസം എന്ന പദത്തെ ധാർമികമായ വിമർശനമായി അഥവാ ഗുണദോഷിക്കലായി ഉപയോഗിക്കുന്നതിന്റെ അർഥമെന്താണ് ? ഫാസിസ്റ്റ് പ്രവണതയുള്ള വിഭാഗങ്ങളെ വെറുതെ വഴക്കുപറഞ്ഞാൽമാത്രം മതിയോ? ഒരിക്കലും വ്യക്തമായ മറുപടി കിട്ടാത്ത ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടുന്നവരെയാകെ ഭൂതാവിഷ്ടരാക്കി അവതരിപ്പിച്ചാൽ മതിയോ?

സമൂഹത്തിനുമേൽ ഫാസിസ്റ്റ് പ്രവണതയുള്ള വിഭാഗങ്ങൾ പുലർത്തുന്ന അധീശാധിപത്യം എങ്ങനെ തകർക്കാം എന്നതിനെ സംബന്ധിച്ചും നവഫാസിസത്തിന്റെയും തീവ്രവലതുപക്ഷത്തിന്റെയും ശക്തികൾക്കും അവയ്ക്ക് ജനകീയാടിത്തറ നൽകുന്നവർക്കുമിടയിൽ എങ്ങനെ അകൽച്ചയുണ്ടാക്കാമെന്നതിനെ സംബന്ധിച്ചും കൃത്യമായ ധാരണ ആവശ്യമുള്ള രാഷ്ട്രീയ സന്ദർഭമാണിത്. ആ ജനകീയാടിത്തറയെ മോശമായി ചിത്രീകരിക്കുന്നത് ഈ സംരംഭത്തിന് അൽപ്പവും സഹായകമാവില്ല. അത് വിമർശകന് ഒരുതരം മേധാവിത്വം നൽകിയേക്കാം, അതിനപ്പുറം ഒന്നുമുണ്ടാവില്ല.

കുറ്റപ്പെടുത്തലുകൾ, ധാർമിക ആക്രമണങ്ങൾ: ഇവയെല്ലാം ബൂർഷ്വാസിയുടെ രീതികളാണ്; ഇടതുപക്ഷത്തിന്റേതല്ല; ഇടതുപക്ഷം ബദലുകൾ കെട്ടിപ്പടുക്കണം; തിടുക്കപ്പെട്ട് ഏതെങ്കിലുമൊന്നിനെ തെരഞ്ഞെടുക്കുന്ന ജനങ്ങൾക്കിടയിലേക്ക് പോവുകയും പട്ടണങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം അങ്ങനെ തെരഞ്ഞെടുക്കപ്പെട്ടവയെ എതിർത്തു പരാജയപ്പെടുത്തുകയും വേണം. ഫാസിസ്റ്റ് വിരുദ്ധതയ്ക്ക് എപ്പോഴും ധാർമികമായ ഒരുസ്വഭാവം ഉണ്ടായിരിക്കണം; എന്നാൽ ധാർമികമായ വാചകക്കസർത്തുകൊണ്ടല്ല അതിന് നിർവചനം നൽകേണ്ടത്. അതിന് രാഷ്ട്രീയമായ സൂക്ഷ്മതയും വ്യക്തതയും ആവശ്യമുണ്ട്. ധാർമികമായ വാചകക്കസർത്തുകൾ വെെകാരികമാണ്. അതൊരു മാർക്സിസ്റ്റ് ശെെലിയല്ല.

ഭരണകൂടാധികാരത്തിനു വേണ്ടിയുള്ള മത്സരം
ഇന്ത്യൻ ഭരണകൂടം ഫാസിസ്റ്റാണോ? ബിജെപിയിലും അതിന്റെ സഖ്യകക്ഷികളിലും ഫാസിസ്റ്റ് പ്രവണതയുള്ള വിഭാഗങ്ങളുണ്ടെന്നും എന്നാൽ ബിജെപിയുടെ ഗവൺമെന്റ് ഫാസിസ്റ്റ് ഗവൺമെന്റല്ലയെന്നും ഇന്ത്യൻ ഭരണകൂടം ഫാസിസ്റ്റ് ഭരണകൂടമല്ലെന്നും സിപിഐ എം വ്യക്തമാക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഭരണകൂടത്തിന്റെ നിയന്ത്രണത്തിനായുള്ള മത്സരത്തിന് അവസരം നിലനിൽക്കുന്നുണ്ട്; അത് തിരഞ്ഞെടുപ്പുകളിലൂടെയും കോടതികളിലൂടെയും മാത്രമല്ല– ഇത് രണ്ടിനും പ്രശ്നങ്ങളുടേതായ നീണ്ട ചരിത്രമുണ്ട്; തിരഞ്ഞെടുപ്പുകളുടെ കാര്യമാണെങ്കിൽ മുതലാളിത്തത്തിൽ തിരഞ്ഞെടുപ്പുകളിൽ പണം വഹിക്കുന്ന പങ്കാണ് പ്രശ്നം; കോടതികളുടെ കാര്യമാണെങ്കിൽ നമ്മുടേത് കൊളോണിയൽ നിയമസംവിധാനമാണ്– മറിച്ച് ഭരണകൂട ബ്യൂറോക്രസിയുടെ സ്ഥാപനങ്ങളിൽ മത്സരിക്കുന്നതിനുള്ള പല രൂപങ്ങളിലൂടെയും ഈ അവസരം ലഭിക്കുന്നു.

ഈ സംഭവവികാസങ്ങളുടെ, ബന്ധങ്ങളുടെ ആഗോള സ്വഭാവം, – ഉദാഹരണത്തിന് ബ്രസീലിലെ പ്രത്യേക തരത്തിൽപ്പെട്ട തീവ്രവലതുപക്ഷവും വോക്സ് ഓഫ് സ്പെയിൻ എന്ന തീവ്രവലതുപക്ഷവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് – സമഗ്രമായി നിരീക്ഷിക്കുന്നതിനാണ് ‘നവഫാസിസം’ എന്ന പദം ഇവിടെ ഉപയോഗിക്കുന്നത്. നിശ്ചയമായും ലിബറലിസത്തിന്റെയും സോഷ്യൽ ഡെമോക്രസിയുടെയും നവലിബറൽ ചെലവുചുരുക്കൽ രാഷ്ട്രീയത്തിലേക്കുള്ള പതനം ബൂർഷ്വാ ജനാധിപത്യ രാജ്യങ്ങളിലെ രാഷ്ട്രീയരംഗത്തെ ശൂന്യമാക്കിയിരിക്കുകയാണ്.

നവലിബറലിസത്തിന്റെ ഫലമായുണ്ടായ സമൂഹത്തിന്റെ പാടെയുള്ള തകർച്ചയെ നേരിടുന്നതിനുവേണ്ട തൊഴിലാളിവർഗാടിത്തറ കെട്ടിപ്പടുക്കാൻ ശേഷിയുള്ളതല്ല ചെറിയ ഇടതുപക്ഷം. ഇതിൽനിന്ന് നേട്ടമുണ്ടാക്കിയത് പ്രത്യേക തരത്തിൽപെട്ട തീവ്രവലതുപക്ഷമായിരുന്നു– നവലിബറൽ പൊതുധാരണയുടെ ആക്രമണാത്മകമായ ഭാഗമാണ് തീവ്രവലതുപക്ഷത്തിന് നേട്ടമാകുന്നത്; എന്നാൽ അതിനൊപ്പം അതിന്റെ സാമ്പത്തികശാസ്ത്രത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. ഇതാണ് മോദിയെ ബൊൾസനാരോയുമായും ട്രംപുമായും ബന്ധപ്പെടുത്തുന്ന ഘടകം. അതുകൊണ്ടാണ് ആ സങ്കൽപ്പനം ഇപ്പോൾ പ്രത്യക്ഷമായത്.

ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം രണ്ടുകാര്യങ്ങൾ കെട്ടിപ്പടുക്കുകയല്ലാതെ മറ്റു ബദലുകളൊന്നും തന്നെയില്ല; മൂലധനത്തിന്റെ ആധിപത്യത്തിനുമേൽ ജനകീയ ജനാധിപത്യത്തെ വിജയിപ്പിക്കുന്നതിനായുള്ള പോരാട്ടത്തിന് തൊഴിലാളിവർഗത്തിന്റെയും കർഷകരുടെയും തനതായ കരുത്ത് വർധിപ്പിക്കുക; അതിനൊപ്പംതന്നെ സമൂഹത്തിന്റെ നശീകരണംമൂലം അന്ധാളിച്ചുപോയ ശക്തികളുമായി, ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ പ്രതിബദ്ധതയുള്ള ശക്തികളുമായി തത്വാധിഷ്ഠിതമായ സഖ്യങ്ങൾ കെട്ടിപ്പടുക്കുകയും വേണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 3 =

Most Popular