Tuesday, April 1, 2025

ad

Homeകവര്‍സ്റ്റോറിഡീപ്‌സീക് : ബിഗ്‌ഡേറ്റയുടെ ലോകത്തുയരുന്ന നൈതിക രാഷ്ട്രീയ ചോദ്യങ്ങൾ

ഡീപ്‌സീക് : ബിഗ്‌ഡേറ്റയുടെ ലോകത്തുയരുന്ന നൈതിക രാഷ്ട്രീയ ചോദ്യങ്ങൾ

കെ എസ് രഞ്ജിത്ത്

ഡാറ്റ കൊളോണിയലിസത്തിന്റെ വർത്തമാനകാല ലോകത്ത് എന്ത് ചലനമാണ് ഡീപ്‌സീക് സൃഷ്ടിച്ചിരിക്കുന്നത് ? ഭീമൻ അമേരിക്കൻ കമ്പനികളായ ഗൂഗിളും ഫേസ്ബുക്കും മറ്റും പൂർണമായും നിയന്ത്രിക്കുന്ന ബിഗ് ഡാറ്റയുടെ ലോകത്തെ ചെറിയ ചലനങ്ങളെങ്കിലും സൃഷ്ടിക്കാൻ ഡീപ്‌സീകിന് കഴിയുമോ ? കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നിർമിത ബുദ്ധി മേഖലയിൽ ചൈന നടത്തിപ്പോന്നിരുന്ന ഗവേഷങ്ങളുടെ ഫലങ്ങൾ പുറത്തുവരുന്നതിന്റെ സൂചന മാത്രമാണോ ഇത്? ടെക് ലോകത്തിന്റെ മേധാവിത്വം ഇതാദ്യമായി അമേരിക്കയ്ക്ക് നഷ്ടമാകുകയാണോ ? ഭൗമരാഷ്ട്രീയത്തിന്റെ ആഴമേറിയ അധികാര ഘടനകളെ ഉലയ്ക്കാൻ മാത്രമുള്ള കരുത്ത് ഒരു കുഞ്ഞൻ ചൈനീസ് കമ്പനി പടച്ചുവിട്ട ഡീപ്‌സീക് എന്ന നിർമിതബുദ്ധി ആപ്ലിക്കേഷനുണ്ടാകുമോ? എ ഐ സാങ്കേതികവിദ്യയുടെ ആഗോള വ്യാപനത്തിലും പ്രയോഗത്തിലും പുതിയ വേഗം പകരാൻ ഓപ്പൺ സോഴ്സ് അധിഷ്ഠിതമായ ഈ പുതിയ ആപ്ലിക്കേഷന് കഴിയുമോ? ടെക്നോ ഫ്യൂഡലിസത്തിന്റെ പിടിയിൽ അമർന്നു കിടക്കുന്ന ഡിജിറ്റൽ ലോകത്തെ മാറ്റിത്തീർക്കാൻ ഈ സോഫ്ട്‍വെയർ വിന്യാസ മാതൃകയ്ക്കാകുമോ ? സാങ്കേതികവിദ്യകളുടെ സർവ്വ സാധാരണ ചർച്ചകളുടെ സീമകൾക്കപ്പുറം പോയി നോക്കിയാൽ ഡീപ്‌സീക് ആർ വൺ (DeepSeek R1) എന്ന ജനറേറ്റീവ് എ ഐയുടെ ആവിർഭാവം തിരികൊളുത്തി വിട്ടിരിക്കുന്ന ചിന്തകൾ ഇതൊക്കെയാണ്.

നിർമിതബുദ്ധിയെക്കുറിച്ചുള്ള ആലോചനകളുടെ കാലമാണിത്. പുതിയ എ ഐ സാങ്കേതിക വിദ്യകൾ തൊഴിൽ മേഖലയിലും സമൂഹത്തിലും സൃഷ്ടിക്കാനിടയുള്ള മാറ്റങ്ങളെന്ത്, നാളിതുവരെ മനുഷ്യന്റെ കുത്തകയായി കരുതിപ്പോന്നിരുന്ന സർഗശേഷിയിൽ പുത്തൻ യന്ത്രങ്ങൾ അവനെ മറികടക്കുമോ, പുതിയ സാമൂഹിക സംഘാടനത്തിന്റെ വഴികൾ വെട്ടിത്തുറക്കാൻ നിർമിത ബുദ്ധിയെ ആസ്പദമാക്കിയ ഉല്പാദന മേഖലകൾക്ക് കഴിയുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് സാങ്കേതിക മേഖലയിലും അതുമായി ബന്ധപ്പെട്ട ജ്ഞാന മേഖലകളിലും മനുഷ്യനും യന്ത്രവുമായി ബന്ധപ്പെട്ട സാമൂഹിക ശാസ്ത്ര രംഗത്തും തത്വചിന്തയുടെ മണ്ഡലത്തിലുമൊക്കെ സമീപകാലത്ത് ഉയർന്നു വന്നിരിക്കുന്നത്. ചാറ്റ് ജി പി ടി എന്ന ജനറേറ്റീവ് എ ഐ യുടെ കടന്നുവരവോടെ സാർവത്രികമായി മാറിയ ഈ ചർച്ചകളുടെ നടുവിലേക്കാണ് ഡീപ് സീക് എന്ന പുത്തൻ നിർമിതബുദ്ധി ആപ്ലിക്കേഷൻ പൊടുന്നനെ പറന്നിറങ്ങിയത്. നാളിതുവരെ അതിഭീമൻ അമേരിക്കൻ കമ്പനികൾ കുത്തകയാക്കി വെച്ചിരുന്ന ഐ ടി ഗവേഷണ രംഗത്തേക്ക് ഒരു ചൈനീസ് സ്റ്റാർട്ടപ്പ് വിജയകരമായി കടന്നുവന്നത് ഈ രംഗത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരെപ്പോലും അമ്പരിപ്പിച്ചു.സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട അധികാര ഘടനയിലും നൈതികതയിലും ഒരു പക്ഷേ അതിനെയും മറികടന്ന് ഭൗമരാഷ്ട്രീയ മണ്ഡലത്തിലും ഇതുണ്ടാക്കാനിടയുള്ള ചലനങ്ങൾ ഭാവിയിൽ ഏറെയാണ്.

യന്ത്രങ്ങൾ സ്വയം പഠിക്കുന്ന സാങ്കേതികതയായ മെഷീൻ ലേണിംഗ്, മനുഷ്യന്റെ ഭാഷാ വിശകലനം, വൻതോതിലുള്ള വിവര വിശകലനം എന്നിങ്ങനെയുള്ള ഘടകങ്ങൾ ചേർന്നുകൊണ്ടുള്ള നിർമ്മിത ബുദ്ധി മണ്ഡലത്തിലേക്കാണ് ഡീപ്-സിക് – കൃത്യമായി പറഞ്ഞാൽ DeepSeek R1- കടന്നുവന്നിരിക്കുന്നത്. ഗൂഗിളും ഫേസ്ബുക്കും പോലുള്ള വൻകിട സ്രാവുകൾ മാത്രം വിഹരിച്ചിരുന്ന സമുദ്രത്തിലേക്കാണ് ഡീപ്‌സീക് എന്ന കുഞ്ഞു മത്സ്യം നീന്തിക്കയറിയത്. ഓപ്പൺ എ ഐ, മെറ്റ തുടങ്ങിയ വൻകിട കമ്പനികൾ ബില്യൺ ഡോളറുകൾ പ്രതിവർഷം ഇറക്കി കളിച്ചിരുന്ന ഇടത്തിലേക്ക്, അതിന്റെ വളരെ ചെറിയൊരു ശതമാനം മുതൽമുടക്കിൽ, – കേവലം 56 ലക്ഷം ഡോളർ മാത്രം മുടക്കി എ ഐ ഭാഷാമാതൃകയെ പരിശീലിപ്പിച്ചെടുക്കാൻ കഴിയുന്ന രീതിയിൽ എത്തി എന്നിടത്താണ് ഡീപ്-സീക്കിന്റെ വിജയം. വൻതുക മുടക്കി നിർമിതബുദ്ധി ആപ്ലിക്കേഷനുകൾ വികസിപ്പിക്കാൻ ശ്രമിച്ചിരുന്ന അമേരിക്കൻ വൻകിട കമ്പനികളിലുള്ള നിക്ഷേപകരുടെ വിശ്വാസത്തെ ഇത് പൊടുന്നനെ തകർത്തു. ഡീപ്-സീക് കൈവരിച്ച വിജയത്തിന്റെ സാധുതയെ അടിവരയിടുന്ന സംഭവങ്ങളാണ് അമേരിക്കൻ ഓഹരി വിപണിയിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയത്. അമേരിക്കൻ ഓഹരി വിപണിയിൽ, ഒരു കമ്പനി ഒരൊറ്റദിവസം നേരിട്ട ഏറ്റവും വലിയ തകർച്ച യാണ് – 600 ബില്യൺ ഡോളർ നഷ്ടം – എൻവിഡിയ എന്ന കമ്പ്യൂട്ടർ ചിപ്പുകൾ നിർമിക്കുന്ന കമ്പനി നേരിട്ടത്.

നിർമിത ബുദ്ധിമേഖലയിൽ ചൈന നടത്തുന്ന ഗവേഷണങ്ങളെ തടയുക എന്ന ഉദ്ദേശ്യത്തോടുകൂടി രണ്ടു വർഷം മുൻപാണ് ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതി അമേരിക്കൻ ഭരണകൂടം നിരോധിച്ചത്. എ ഐ വികസനത്തിനാവശ്യമായ സെമി കണ്ടക്ടറുകൾ നിർമിക്കാനാവശ്യമായ വിവിധ ഉപകരണങ്ങളുടെയും സോഫ്ട്‍വെയർ ടൂളുകളുടെയും ചൈനയിലേക്കുള്ള കയറ്റുമതിയാണ് അമേരിക്ക തടഞ്ഞത്. ഇതിനെ മറികടന്നുകൊണ്ടാണ്, ലഭ്യമായ ചിപ്പുകൾ കൊണ്ട്,ഡീപ്‌സീക് ഈ നേട്ടം കൈവരിച്ചത് എന്നതാണ് പലരെയും ആശ്ചര്യപ്പെടുത്തിയത്. അമേരിക്കൻ കമ്പനികൾക്ക് തന്നെ ഫലത്തിൽ ഇത് കൂടുതൽ തിരിച്ചടിയായി. വെറുതെ പെരുപ്പിച്ചുകാട്ടുന്ന അവകാശവാദങ്ങളും മൂലധനച്ചെലവുമാണ് അമേരിക്കൻ കമ്പനികളുടേത് എന്ന് നിക്ഷേപകർ ന്യായമായും സംശയിച്ചു. അതാണ് തകർച്ചയുടെ ആക്കം കൂട്ടിയത്.

ബിഗ്‌ഡേറ്റയും, അഭൂതപൂർവമായ കമ്പ്യൂട്ടിങ് ശേഷിയും,അതി സങ്കീർണമായ സോഫ്ട്‍വെയർ ആപ്ലിക്കേഷനുകളും ചേർന്നുകൊണ്ടുള്ള എ ഐ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ലോകത്തുണ്ടാകുന്ന വമ്പിച്ച കുതിച്ചുചാട്ടത്തെയാണ് ഡീപ്‌സീക് അടിവരയിടുന്നത്. സാങ്കേതികവിദ്യാപരമായി പുതിയൊരു കണ്ടുപിടിത്തവും അവർ നടത്തിയിട്ടില്ല. എങ്കിലും അതിന്റെ രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്. ദീർഘകാലമായി ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ലോകം ഏതാനും വൻകിട കുത്തക കമ്പനികളുടെ കയ്യിലാണ് എന്നിടത്തു തുടങ്ങുന്നു ഈ രാഷ്ട്രീയം. ഹാർഡ്‌വെയർ രംഗത്ത് ഐ ബി എം, എൻവിഡിയ തുടങ്ങിയവ, ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കാര്യത്തിൽ വിൻഡോസും ആപ്പിളും, പ്രധാന സോഫ്ട്‍വെയർ ആപ്ലിക്കേഷനുകളുടെ കാര്യത്തിലും ഇതുപോലെ ഏതാനും കമ്പനികൾ മാത്രം. ഇതിനൊക്കെ വെല്ലുവിളി ഉയർത്തുമെന്ന് പ്രതീക്ഷിച്ച സ്വതന്ത്ര സോഫ്ട്‍വെയർ രംഗത്തെപ്പോലും പല രീതിയിൽ ഈ കുത്തകകൾ പരിമിതപ്പെടുത്തി: വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള പല കമ്പനികളും അവരുടെ ഉടമസ്ഥതയിലാക്കി. സ്വതന്ത്ര സോഫ്ട്‍വെയറിൽ തീർത്ത ആപ്ലിക്കേഷനുകൾക്ക് കേവലം ആവരണങ്ങൾ മാത്രം തീർത്ത് കച്ചവടച്ചരക്കാക്കി. ഡിജിറ്റൽ സാങ്കേതികവിദ്യയിലെ നോർമൽസിയായി ഈ കുത്തകവൽക്കരണം മാറിയതിനാൽ അതൊരു ചർച്ചാവിഷയം പോലുമല്ലാതായി. വൻതോതിൽ മൂലധനമിറക്കി ഈ കൂറ്റൻ കമ്പനികൾ നടത്തുന്ന ഗവേഷണങ്ങളും അതിന്റെ ഉല്പന്നങ്ങളും ഈ പ്രക്രിയയെ കൂടുതൽ ശക്തമാക്കി. നിത്യജീവിതത്തിൽ നാമിന്നുപയോഗിക്കുന്ന ഏതൊരു സോഫ്ട്‍വെയർ ആപ്ലിക്കേഷനും ഈ ഭീമൻ കമ്പനികളിൽ ഏതെങ്കിലും ഒന്നിന്റെയായിരിക്കും. എന്തിനും ഏതിനും പല രൂപത്തിൽ ഇവർക്ക് പാട്ടം കൊടുക്കുന്നവരായി ഉപഭോക്താക്കൾ മാറി. ടെക്നോളജി മേഖലയിൽ രൂപം കൊണ്ട നവ ഫ്യൂഡലിസമായി ഇത് മാറി. എന്നുമാത്രമല്ല ഡാറ്റ അഥവാ വിവരം ഏറ്റവും സുപ്രധാനമായ വിജ്ഞാന സമ്പദ്‌വ്യവസ്ഥയിൽ അതിന്റെയാകെ ഉടമകളായി ഗൂഗിളും ഫേസ്ബുക്കും (മെറ്റ ) മാറി. നമ്മെ സംബന്ധിച്ച് നാമറിയാത്ത വിവരങ്ങൾ പോലും ഇവരുടെ സെർവർ ഫാമുകളിലുണ്ടാകും. ദേശരാഷ്ട്രങ്ങളുടെ പരമാധികാരത്തെപ്പോലും വെല്ലുവിളിക്കുന്ന നിലയിലേക്ക് ഡാറ്റയുടെ മേലുള്ള ഇവരുടെ കുത്തക മാറി. അറിവ് അധികാരമായി മാറിക്കഴിഞ്ഞ ലോകത്തിന്റെ അധിപരായി ഈ കമ്പനികൾ മാറി. ഡാറ്റ അതിനിർണായകമായ നിർമിത ബുദ്ധിവികസനം സ്വാഭാവികമായും ഇവരുടെ ആധിപത്യത്തിലായി. എ ഐ മേഖലയിലെ ഗവേഷണം ഏതാണ്ട് പൂർണമായും ഇവരുടെ കൈപ്പിടിയിലമർന്നു.

സാമൂഹിക താല്പര്യങ്ങൾ പൂർണമായും അവഗണിച്ചുകൊണ്ട് ലാഭകേന്ദ്രിതമായി സാങ്കേതികവിദ്യയെ ഉപയോഗിക്കുകയാണ് ബഹുരാഷ്ട്ര കുത്തകകൾ എല്ലായ്-പ്പോഴും ചെയ്‌തു പോന്നിരുന്നത്.

2

ഏതൊരു നിർമിതബുദ്ധി ആപ്ലിക്കേഷനിലും രണ്ട് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഒന്ന്,ആവശ്യമായ ഡാറ്റ.രണ്ട്, ആ ഡാറ്റയെ വിശകലനം ചെയ്ത് ചോദ്യങ്ങൾക്കനുസരിച്ച് ആവശ്യമായ ഉത്തരം നല്കാൻ അതിന് പ്രാപ്തി നൽകുന്ന രീതിയിലുള്ള സോഫ്ട്‍വെയർ പ്രോഗ്രാം. ഇതു രണ്ടുമില്ലാതെ എ ഐ അധിഷ്‌ഠിതമായ ഒരു ആപ്ലിക്കേഷനും പ്രവർത്തിക്കാനാവില്ല. ഇതിനു സമാനമായ ഒരുപമ വാഹനങ്ങളാണ്. വാഹനങ്ങൾ ഓടണമെങ്കിൽ അതിന് ഒരു യന്ത്രഭാഗവും ആ യന്ത്രം പ്രവർത്തിക്കാനാവശ്യമായ ഊർജ്ജം പകർന്നു നൽകുന്ന ഇന്ധനവും വേണം. ഇന്ധനം നിറയ്ക്കാതെ ഒരു വാഹനം ഓടില്ല. മനുഷ്യന്റെ കാര്യവും ഏതാണ്ടിങ്ങനെയാണ് എന്നു പറയാം. കൊള്ളാവുന്ന ഒരു തലച്ചോറ് മാത്രം ഉണ്ടായിട്ട് കാര്യമില്ല. ആവശ്യമായ വിവരം കൂടി ഉണ്ടാകണം. ഗ്രാമ്യ ഭാഷയിൽ നാമിതു പലപ്പോഴും ദ്യോതിപ്പിക്കുന്ന സംഭാഷണം നടത്താറുണ്ട്. ആ വിവരമില്ലാത്തവർ, ബുദ്ധിയില്ലാത്തവൻ എന്നിങ്ങനെ. അപ്പോൾ ബുദ്ധിപരമായ ശേഷി മാത്രം പോര,വിവരം കൂടി വേണം.

നിർമിതബുദ്ധിയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ആപ്ലിക്കേഷനും ഡാറ്റയും ബന്ധവും ഇത്തരത്തിൽ തന്നെയാണ്. വിവരം അഥവാ ഡാറ്റ ആവശ്യത്തിന് ഇല്ലെങ്കിൽ ഒരു നിർമിത ബുദ്ധി സോഫ്ട്‍വെയർകൊണ്ട് ഒരു കാര്യവുമില്ല. ഇത്ര ദീർഘമായി ഈ കാര്യം പറയാനുള്ള ഒരു കാരണം സമീപകാലത്ത് നിർമിത ബുദ്ധിയെ സംബന്ധിച്ച് നടക്കുന്ന ചർച്ചകളിൽ ഒരു എ ഐ ആപ്ലിക്കേഷന് പ്രവർത്തിക്കാനാവശ്യമായ വിവരം എവിടെ നിന്നു ലഭിക്കുന്നു എന്ന കാര്യവും അതുയർത്തുന്ന നൈതികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും ആരും വേണ്ടത്ര ചർച്ച ചെയ്യുന്നില്ല എന്നതാണ്. അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട അത്ര സുഖകരമല്ലാത്ത പല കാര്യങ്ങളും മറച്ചുവെയ്ക്കപ്പെടുന്നു എന്നതാണ്. ഡീപ്‌സീകിന്റെ കടന്നുവരവ് ഈ ചർച്ചയ്ക്ക് പുതിയ മാനങ്ങൾ നൽകുന്നുണ്ട്.

ജനറേറ്റീവ് എ ഐ ആപ്ലിക്കേഷനുകളായ ഡീപ്‌സീക്കിനെയും അതിനു മുൻപ് ഏറ്റവും പോപ്പുലറായ ചാറ്റ് ജി പി ടിയെയും നമ്മൾ താരതമ്യം ചെയ്യുന്നത് അത് നൽകുന്ന ഉത്തരങ്ങളുടെ ആധികാരതയുമായി ബന്ധപ്പെട്ടാണ്. ഉദാഹരണത്തിന്, കേരളത്തിൽ ഭൂപരിഷ്കരണം നടപ്പിലായതെങ്ങനെ? എന്താണ് വർഗീയത? എന്നിങ്ങനെയുള്ള സാമൂഹികശാസ്ത്രപരമായ ചോദ്യങ്ങളോ, എന്താണ് ബൈനോമിയൽ തിയറി, സൈദ്ധാന്തിക ഫിസിക്സിൽ ആപേക്ഷികസിദ്ധാന്തം വരുത്തിയ മാറ്റമെന്ത് തുടങ്ങിയ ശാസ്ത്രപരമായ ചോദ്യങ്ങളോ, രാമൻ സീതയെ കാട്ടിൽ ഉപേക്ഷിച്ചതെന്തിന്, എന്താണ് ലക്ഷ്മണരേഖ തുടങ്ങിയ പുരാണ-–ആധ്യാത്മിക സ്വഭാവങ്ങളോടുകൂടിയ ചോദ്യങ്ങളോ എന്തുമാകട്ടെ ഏതു സ്വഭാവത്തിലുള്ള ചോദ്യങ്ങൾക്കും നമുക്ക് ഈ എ ഐ ആപ്ലിക്കേഷനുകൾ ഇന്ന് ഉത്തരം തരും. നിർമിതബുദ്ധി യന്ത്രങ്ങൾ നമ്മളിൽ അത്ഭുതം ജനിപ്പിക്കുന്നത് ഇത്തരത്തിലുള്ള ഉത്തരത്തിലൂടെയാണ്. ഇങ്ങനെ ഉത്തരം തരാനുള്ള കഴിവ് ഇവ എങ്ങനെ ആർജ്ജിച്ചു ? ദിനംപ്രതി വർദ്ധിച്ചുവരുന്ന വിവരങ്ങളുടെ മലവെള്ളപ്പാച്ചിലിനെ ഉൾക്കൊള്ളാനും വളരാനും അവയ്ക്ക് കഴിയുമോ, കഴിയുമെങ്കിൽ എങ്ങനെ എന്നിങ്ങനെയുള്ള ചോദ്യങ്ങളുടെ പശ്ചാത്തലത്തിൽ വേണം എ ഐ അപ്ലിക്കേഷനുകളുടെ ഭാവിയെയും ലോകം കീഴടക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന അമേരിക്ക ആസ്ഥാനമാക്കിയുള്ള ഭീമൻ ടെക് കമ്പനികളുടെ ആധിപത്യം എ ഐ മേഖലയിൽ സൃഷ്ടിക്കാനിടയുള്ള വിപത്തിനെയും ഇവയെ വെല്ലുവിളിക്കാൻ പ്രാപ്തി നേടിയിരിക്കുന്ന ഭൂഗോളത്തിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്നുള്ള ഡീപ്‌സീക് പോലുള്ള ആപ്ലിക്കേഷനുകളുടെ പ്രസക്തിയെയും തിരിച്ചറിയാൻ.

കോളോണിയലിസ്റ്റുകളുടെ ചരിത്രം നമുക്ക് നന്നായറിയാം. അപരിഷ്കൃതരായ ‘കാടന്മാരെ’ പരിഷ്കരിക്കാൻ, അവരെ ആധുനികവത്കരിക്കാൻ കച്ചവടക്കാരുടെ രൂപത്തിൽ വന്നിറങ്ങിയ കോളോണിയലിസ്റ്റുകളെ പലരും രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. സ്വീകരിക്കാൻ മടിച്ചവരെ അവൾ വെടിയുണ്ടകൾക്കിരയാക്കി. അവരുടെ പ്രാചീന വിശ്വാസങ്ങളെ ‘ആധുനികവത്കരിക്കാൻ’ ശ്രമിച്ചു, അതുവഴി നല്ല കൊളോണിയൽ പ്രജകളാക്കി അവരെ പരിവർത്തിപ്പിച്ചു. ഇങ്ങനെ വന്നവർ ഭൂമിയും വിലപ്പെട്ട വിഭവങ്ങളും കവർന്നു. ഈ നാടിനെക്കുറിച്ചുള്ള സൂക്ഷ്‌മമായ വിവരങ്ങളെല്ലാം കടൽ കടത്തിക്കൊണ്ടുപോയി. ഇന്നും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചറിയാൻ ശ്രമിക്കുന്നവർ ആധികാരിക രേഖകൾ തേടി ബ്രിട്ടീഷ് ലൈബ്രറികളിൽ കയറിയിറങ്ങുന്നു.

ഇതിന് ഏതാണ്ട് സമാനമായ രീതിയിലാണ് അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭീമൻ ടെക് കമ്പനികൾ ഭൂഗോളത്തിന്റെ മുക്കിലും മൂലയിലും പരതി വിവരങ്ങൾ ശേഖരിച്ചു കൊണ്ടുപോകുന്നത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി തുടരുന്ന ഈ പ്രക്രിയയയുടെ ഫലമായിട്ടാണ് ഡാറ്റ എന്ന ആധുനിക സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും അമൂല്യവസ്തുവിന്റെ മുകളിലാണ് ലോകത്തിലെ ഏറ്റവും വിലപിടിച്ച കമ്പനികളിലൊന്നായി ഗൂഗിളും ഫേസ്ബുക്കും പോലുള്ള കമ്പനികൾ മാറിയത്. ഇങ്ങനെ സമാഹരിച്ച വിവരത്തിനെ ആധാരമാക്കിക്കൊണ്ടാണ് ഇവരുടെ നിർമിതബുദ്ധി യന്ത്രങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഡാറ്റ കൊളോണിയലിസം എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ പ്രക്രിയ അഭംഗുരം തുടരുകയാണ്, നാമറിഞ്ഞും അറിയാതെയും. ഇത് വളരെ വിശദമായ വേറൊരു വിഷയമാണ്. ഡീപ്‌സീക് പോലുള്ള സ്വതന്ത്ര സോഫ്ട്‍വെയർ നിർമിത ബുദ്ധി ആപ്ലിക്കേഷനുകളുടെ പ്രസക്തി ഈ പശ്ചാത്തലത്തിലാണ്.

ഇവിടെയും നാം മനസ്സിലാക്കേണ്ട കാര്യം ഡാറ്റ സമൂഹത്തിന് പ്രാപ്യമല്ല എന്നതാണ് . ഡീപ്‌സീക് അടക്കമുള്ള ഏതെണ്ടെല്ലാ എ ഐ ആപ്ലിക്കേഷനുകളും അവരുപയോഗിക്കുന്ന ഡാറ്റ ഏതു രൂപത്തിലാണ് കൈവശപ്പെടുത്തിയിരിക്കുന്നത് എന്നത് തുറന്നു പറയാറില്ല. ഇതിൽനിന്നുതന്നെ ഒരു കാര്യം വ്യക്തമാണ്: നിയമപരമായും അല്ലാതെയുമുള്ള മാർഗങ്ങളിലൂടെയാണ് എ ഐ എഞ്ചിനുകളിൽ ഡാറ്റ എത്തിപ്പെട്ടിരിക്കുന്നത്. ഇതാകട്ടെ മനുഷ്യൻ ഇന്നേവരെ ആർജിച്ചിരിക്കുന്ന അറിവുകളുടെ ആകെത്തുകയാണുതാനും. ഉദാഹരണത്തിന് തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ ശേഖരിച്ചുവെച്ചിരിക്കുന്ന പുസ്തകങ്ങളുടെ എണ്ണം ഏതാണ്ട് മൂന്നര ലക്ഷമാണ്. ഇത്രയും പുസ്തകങ്ങളിൽ അടങ്ങിയിട്ടുള്ള വിവരങ്ങളിൽ എത്ര ശതമാനം ഇന്റർനെറ്റിൽ ലഭ്യമായുണ്ടാകും. ഒരു പത്ത് ശതമാനം പോലും കാണില്ല ഇത്. ഏതാണ്ട് 13 കോടിയിലധികം പുസ്തകങ്ങൾ പ്രിന്റിങ് പ്രസ് കണ്ടുപിടിച്ചതിന് ശേഷം ഉണ്ടായിട്ടുണ്ട് എന്നതാണ് കണക്ക്. നിയമപരമായ മാർഗങ്ങളിലൂടെ ഇവയിൽ എത്രയെണ്ണത്തിന്റെ ഉള്ളടക്കം എ ഐ എഞ്ചിനുകളിലുണ്ടാകും. ഇതിനകം പബ്ലിഷ് ചെയ്യപ്പെട്ടിട്ടുള്ള ലക്ഷക്കണക്കിന് ഗവേഷണ പ്രബന്ധങ്ങൾ ഇതിനു പുറമെയാണ്. ഇതാകട്ടെ അനുനിമിഷം വികസിക്കുകയുമാണ്.അപ്പോൾ നാളിതുവരെ മനുഷ്യൻ ആർജ്ജിച്ചിട്ടുള്ള വിജ്ഞാനം മുഴുവൻ തലയിലേറ്റിയിട്ടുള്ള ഒന്നാണ് എ ഐ എഞ്ചിനുകളുടെ ഡാറ്റാബേസ് എന്നത് കേവലം അതിശയോക്തിയായി മാത്രം തുടരും എന്നുവേണം കരുതാൻ. സ്വകാര്യസ്വത്തിനെ ആധാരശിലയാക്കി പ്രവർത്തിക്കുന്ന ഒരു ലോക വ്യവസ്ഥയ്ക്ക് ഒരിക്കലും സാധ്യമായ ഒന്നായിരിക്കില്ല പൊതു സമൂഹത്തിന് ലോകത്തുള്ള എല്ലാ വിവരവും ഉള്ളിൽപേറി അതിനെ വിശകലനം ചെയ്ത് ഉത്തരം നല്കാൻ പ്രാപ്തിയുള്ള ഒരു നിർമിത ബുദ്ധി ആപ്ലിക്കേഷൻ.

3

ദേശരാഷ്ട്രങ്ങളെ വരുതിക്ക് നിർത്താനുള്ള സ്വാധീനവും കരുത്തും ഭീമൻ ടെക് കമ്പനികൾ ആർജ്ജിച്ചു കഴിഞ്ഞിരിക്കുന്ന കാലമാണിത് . താൻ ഒരു ബട്ടൺ അമർത്തിയാൽ ഉക്രെയിൻ എന്ന രാഷ്ട്രം അടുത്ത നിമിഷം ഇല്ലാതാകുമെന്ന് ഇലോൺ മസ്‌ക് ട്വീറ്റ് ചെയ്തത് കഴിഞ്ഞയാഴ്ചയാണ് . ജനാധിപത്യപരമായ തിരഞ്ഞെടുപ്പു പ്രക്രിയയെപ്പോലും സ്വാധീനിക്കാനുള്ള കരുത്ത് ഫേസ്ബുക് പോലുള്ള സാമൂഹിക മാധ്യമങ്ങൾ ഇന്ന് കൈവരിച്ചു കഴിഞ്ഞിരിക്കുന്നു എന്നുകൂടി ഓർക്കണം . ഈ സത്യാനന്തര കാലത്തേക്കുള്ള എ ഐ യുടെ കടന്നുവരവ് ഈ പ്രക്രിയയെ പിടിച്ചുനിർത്താനാവാത്ത ഉയരങ്ങളിലേക്ക് വളർത്തും. ഇവിടെ ഒരു ചോദ്യമുയരുന്നു . സാങ്കേതിക വിദ്യയുടെ വ്യാപനം സാമൂഹിക നിയന്ത്രണം ആവശ്യപ്പെടുന്നുണ്ടോ? കേവലം ലാഭം മാത്രമാണോ അതിന്റെ ഡ്രൈവിംഗ് ഫോഴ്‌സ്. നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ അതിന്റെ ഉത്തരവാദിത്വം ആർക്കാണ്? ആരാണ് അത് ചെയ്യുക?സാങ്കേതികമായി അത് എത്രത്തോളം സാധ്യമാണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരുപരിധിവരെ ഡീപ്‌സീക് നൽകുന്നുണ്ട് . അതുയർത്തുന്ന പ്രധാന രാഷ്ട്രീയവും അതാണ്.

സാങ്കേതികവിദ്യയുടെ ലോകം ഇന്ന് സമ്പൂർണമായും അസമമാണ്. അധികാരത്തിന്റെ കേന്ദ്രീകരണം ഏറ്റവും കൂടുതൽ നിലനിൽക്കുന്ന ഒരു രംഗമാണിത്. രാഷ്ട്രങ്ങൾ തമ്മിലുള്ള അന്തരത്തെപ്പോലും ഇത് വൻ തോതിൽ സ്വാധീനിക്കുന്നു,വളർത്തുന്നു. നാളിതുവരെയും ഡിജിറ്റൽ സാങ്കേതിക മേഖലയിൽ ഉണ്ടാകുന്ന സുപ്രധാന ചലനങ്ങളുടെയെല്ലാം ഉറവിടം ഏതാനും വൻകിട കമ്പനികളും അവയുടെ ആസ്ഥാനമായിരുന്ന അമേരിക്കയുമായിരുന്നു. നിർമാണ വ്യവസായത്തിന്റെ ശവപ്പറമ്പായി അമേരിക്ക മാറിയപ്പോഴും, ലോകത്തിന്റെ വർക്ക് ഷോപ്പായി ചൈന വളർന്നതിനുശേഷവും,ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കേന്ദ്രമായി അമേരിക്ക തന്നെ തുടർന്നു. അവികസിത,വികസ്വര രാഷ്ട്രങ്ങളിലെ കൊള്ളാവുന്ന തലച്ചോറുകളെയെല്ലാം അവർ വിലയ്ക്കെടുക്കുകയും ചെയ്തു. മികച്ച സാങ്കേതിക വിദഗ്ധരിൽ ഒരു ചെറിയ ശതമാനം പോലും മൂന്നാം ലോകത്ത് ഇല്ലാതായി. മനുഷ്യവിഭവശേഷി നിർണായക ഘടകമായ ഐ ടി ഗവേഷണത്തിന്റെ കുത്തക അമേരിക്കയുടെ പിടിയിൽ അങ്ങനെ അമർന്നു. സാങ്കേതികവിദ്യയിലുള്ള ഈ ആധിപത്യം ഊട്ടിയുറപ്പിക്കാനാണ് ട്രംപ് അധികാരത്തിൽ വന്നതിനുശേഷം സ്റ്റാർഗേറ്റ് പോലുള്ള പ്രൊജെക്ടുകൾ, ഭീമൻ ഐ ടി കമ്പനികളുമായി ചേർന്നുകൊണ്ട് ആരംഭിക്കാൻ തീരുമാനിച്ചത്. അടുത്ത നാലു വർഷത്തേക്ക് മാത്രം 500 ബില്യൺ ഡോളറാണ് ഇതിനായി ചെലവഴിക്കാൻ നീക്കിവെച്ചിരിക്കുന്നത്. ഇത്തരം നീക്കങ്ങൾക്കുള്ള തിരിച്ചടി കൂടിയായി എ ഐ രംഗത്തേക്കുള്ള ചൈനീസ് കമ്പനിയുടെ കടന്നുവരവ് മാറാം. എന്നു മാത്രമല്ല തങ്ങൾ വികസിപ്പിച്ച സോഫ്ട്‍വെയർ കോഡുകൾ ഓപ്പൺ സോഴ്സ് ആക്കുക വഴി ഇന്ത്യ പോലുള്ള മറ്റു വികസ്വര രാജ്യങ്ങളിലെ ചെറുകിട കമ്പനികൾക്കും ഈ മേഖലയിലേക്ക് കടന്നുവരാൻ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഈ നീക്കം ഇതു സംബന്ധിച്ച ചർച്ചകളെ പുതിയ ദിശയിലേക്ക്,പുതിയ സാധ്യതകളിലേക്ക് തുറന്നു വിടുന്നു.

വ്യക്തികളുടെ സ്വാകാര്യതയിലേക്കുള്ള കടന്നുകയറ്റം,സ്വകാര്യ വിവരങ്ങളുടെ വാണിജ്യപരമായ ഉപയോഗം എന്നിങ്ങനെ നിർമിതബുദ്ധിയുടെ പ്രയോഗത്തെ സംബന്ധിച്ച് നിരവധി ആശങ്കകൾ ഇതിനകം ഉയർന്നു വന്നിട്ടുണ്ട്. ഈ മണ്ഡലത്തിലെ സാങ്കേതിക വിദ്യകൾ ആർക്കും തുറന്നു പരിശോധിക്കാൻ പറ്റുന്ന രീതിയിൽ സ്വതന്ത്രമാകേണ്ടതുണ്ട് എന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഡീപ്‌സീക്കിൽ ഉപയോഗിക്കുന്ന അൽഗൊരിതങ്ങൾ സുതാര്യമാണ് എന്നതാണ് ഈ കാര്യത്തിലുള്ള ഏറ്റവും വലിയ ശുഭപ്രതീക്ഷ. ജനറേറ്റീവ് എ ഐ രംഗത്ത് നിലനിൽക്കുന്ന പല രൂപത്തിലുള്ള വിവേചനങ്ങളെയും മറികടക്കാൻ ഇതുമാത്രമാണ് ഏക പോംവഴി.

സാങ്കേതികവിദ്യയുടെ കടന്നുവരവിനെയും അതിനുമേൽ ചുമത്തേണ്ട സാമൂഹിക നിയന്ത്രണങ്ങളെയും സംബന്ധിച്ച് ഏറെ ചർച്ചകൾ ഇന്ന് നടക്കുന്നുണ്ട്. എ ഐ അധിഷ്ഠിത ആപ്ലിക്കേഷനുകൾ കടന്നുവന്നത് ഈ രംഗത്തെ നൈതികതയെ സംബന്ധിച്ച് ഏറെ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഓപ്പൺ സോഴ്സ് അധിഷ്ഠിത എ ഐ ആയിരിക്കും ഒരുപക്ഷേ ഈ സമസ്യക്കുള്ള ഉത്തരം.

എ ഐ അധിഷ്ഠിത ആപ്ലിക്കേഷനുകളുടെ വികസനവും വിന്യാസവും സുതാര്യമായാൽ മാത്രമേ ഈ പ്രക്രിയയെ നൈതികമായി മുന്നോട്ടുകൊണ്ടുപോകാനാവൂ. ഏറെക്കുറെ അസാധ്യമായി പലരും കരുതിയിരുന്ന ഇത് സാധ്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തി എന്നതിലാണ് ഡീപ്‌സീക്കിന്റെ യഥാർത്ഥ വിജയം. അതാകട്ടെ ഇനിയും പൂർണത കൈവരിക്കേണ്ട ഒന്നാണ്. ഭൗമരാഷ്ട്രീയത്തെപ്പോലും നിർണായകമായി സ്വാധീനിക്കാൻ ഒരുപക്ഷേ ഇതിനു കഴിഞ്ഞേക്കും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 + 10 =

Most Popular