Tuesday, April 1, 2025

ad

Homeകവര്‍സ്റ്റോറിനിർമിതബുദ്ധിയിലെ 
നോൺ-അമേരിക്കൻ 
എൻട്രിയോടുള്ള 
അമേരിക്കൻ പ്രതികരണങ്ങൾ

നിർമിതബുദ്ധിയിലെ 
നോൺ-അമേരിക്കൻ 
എൻട്രിയോടുള്ള 
അമേരിക്കൻ പ്രതികരണങ്ങൾ

ഡോ. ദീപക് പി (ക്വീൻസ് സർവകലാശാല, ബെൽഫാസ്റ്റ് )

മ്പ്യൂട്ടിങ് സാങ്കേതികവിദ്യയുടെയും നിർമ്മിതബുദ്ധിയുടെയും തുടക്കം മുതൽ തന്നെ അമേരിക്കയുടെ ആധിപത്യം ഈ മേഖലയിലുണ്ട്. അലൻ ട്യൂറിംഗ് എന്ന ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞനെയാണ് കമ്പ്യൂട്ടിങ്ങിന്റെയും നിർമ്മിതബുദ്ധിയുടെയും പിതാവായി അടയാളപ്പെടുത്തുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ കാലത്തിനുശേഷം അമേരിക്കയിലാണ് ഈ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസങ്ങളൊക്കെ അരങ്ങേറിയത് എന്നുപറഞ്ഞാൽ അതിശയോക്തിയുണ്ടാവുകയില്ല. കമ്പ്യൂട്ടിങ് ഗവേഷണത്തിന്റെ കാര്യത്തിൽ അമേരിക്കയിലെ പ്രധാനപ്പെട്ട സർവ്വകലാശാലകൾ അറുപതുകൾ മുതൽ തന്നെ അവരുടെ ആധിപത്യം ഉറപ്പിച്ചിരുന്നു. ടെക് കമ്പനികളുടെ കാര്യമെടുത്താൽ ഇന്നു നമുക്ക് ചിന്തിക്കാവുന്ന പ്രമുഖ ടെക് കമ്പനികളെല്ലാംതന്നെ അമേരിക്കയിൽ ആസ്ഥാനമുള്ളവയാണ്: ഗൂഗിൾ, ഫേസ്ബുക്ക്, ഐ ബി എം, മൈക്രോസോഫ്റ്റ്, ആപ്പിൾ അങ്ങനെയെല്ലാം. യൂറോപ്പിലെ എസ് എ പി പോലെയുള്ള അപൂർവ്വം ചിലതൊഴിച്ചാൽ കമ്പ്യൂട്ടിങ് സാങ്കേതികവിദ്യയുടെ കുത്തക അമേരിക്കയിലെ കമ്പനികൾക്കുതന്നെ.

നിർമ്മിതബുദ്ധി എന്ന ഗവേഷണരംഗം അറുപതുകൾ മുതൽ നിലവിലുള്ള ഒരു വൈജ്ഞാനികമേഖലയാണ്. പല വായനക്കാരും ചാറ്റ് ജി പി ടിയുമായി ബന്ധപ്പെട്ടായിരിക്കാം നിർമ്മിതബുദ്ധിയെക്കുറിച്ചു ആദ്യമായി കേട്ടിട്ടുണ്ടാവുക. പക്ഷേ, ചാറ്റ് ബോറ്റുകളുടെ തന്നെ ചരിത്രമെടുത്താൽ ആദ്യത്തെ ചാറ്റ്ബോറ്റ് നിർമ്മിക്കപ്പെട്ടത് 1965ലാണ് -. എലീസ എന്നായിരുന്നു അതിന്റെ പേര്. നീണ്ടചരിത്രമുണ്ടെങ്കിൽത്തന്നെയും നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണം ശക്തിയാർജ്ജിക്കുന്നത് 1990കൾക്കു ശേഷമാണെന്ന് പറയാം. 1990കളിലെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വരവോടെ വലിയ ഡിജിറ്റൽ വിവരശേഖരങ്ങൾ ലഭ്യമായിത്തുടങ്ങിയപ്പോൾ അവയിലടങ്ങിയിട്ടുള്ള മനുഷ്യന്റെ തീരുമാനങ്ങളിലെ ക്രമങ്ങൾ ഗണിതമാതൃകകളിൽ ഉൾക്കൊള്ളിച്ച് ഉചിതമായി പുനരാവിഷ്കരിക്കുക എന്ന ആശയത്തിലൂന്നിയാണ് നിർമ്മിതബുദ്ധി ഗവേഷണം കരുത്താർജ്ജിക്കുന്നത്.

1990 മുതൽ അമേരിക്കയോടൊപ്പം ചൈനയും വലിയതോതിൽ നിർമ്മിതബുദ്ധി ഗവേഷണത്തിനുള്ള ഫണ്ടിങ് തങ്ങളുടെ സർവകലാശാലകൾക്ക് ലഭ്യമാക്കിത്തുടങ്ങി. നേച്ചർ എന്ന വിഖ്യാതമായ പ്രസാധകരുടെ ഒരു ജേർണലിൽ അടുത്തകാലത്ത് പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ നിർമ്മിതബുദ്ധിയിലെ ചൈനയുടെ ആധിപത്യം പഠനവിധേയമാക്കുന്നുണ്ട്. അവർ ഓരോ നഗരത്തെയും അവിടെനിന്നുണ്ടാവുന്ന നിർമ്മിതബുദ്ധി ഗവേഷണത്തിന്റെ അളവിനനുസരിച്ചു ക്രമപ്പെടുത്തി മൊത്തത്തിലുള്ള നിർമ്മിതബുദ്ധിയുടെ മാപ്പിലെ കേന്ദ്രസ്ഥാനം കണ്ടെത്തുന്നു. ആ കേന്ദ്രസ്ഥാനം ഓരോ വർഷവും ചലിക്കുന്ന ദിശ അടയാളപ്പെടുത്തുന്നതിലൂടെ നിർമ്മിതബുദ്ധിയുടെ സാന്ദ്രതയുടെ ഭൗമചലനം നമുക്ക് ദൃശ്യമാകും. ആ മാപ്പിലെ ഒരു ഭാഗം ഇവിടെ ചേർത്തിരിക്കുന്നതിൽനിന്നും നിർമ്മിതബുദ്ധിയുടെ മാപ്പിലെ കേന്ദ്രസ്ഥാനം കഴിഞ്ഞ മൂന്ന് ദശകങ്ങളിലൂടെ അമേരിക്കയുടെ സാമീപ്യത്തിൽനിന്നും വളരെയേറെ കിഴക്കോട്ട് മാറിയതായി കാണാം. ഇതിന്റെ പ്രധാനകാരണം ബെയ്‌ജിങ്ങിൽ നിർമ്മിതബുദ്ധിഗവേഷണം വളരെയേറെ ശക്തിപ്പെട്ടതുമൂലമാണെന്ന് ഗവേഷകർ സംശയലേശമന്യേ അടയാളപ്പെടുത്തുന്നുണ്ട്. അവരുടെ പഠനത്തിന്റെ തലക്കെട്ട് തന്നെ ‘ആഗോള നിർമ്മിതബുദ്ധിഗവേഷണത്തിൽ ബെയ്‌ജിങ്ങിന്റെ കേന്ദ്രസ്ഥാനം’ എന്നാണ്!

ചൈനയുടെ നിർമ്മിതബുദ്ധി ഗവേഷണത്തിന്റെ സാന്ദ്രത പക്ഷേ ആഗോള നിർമ്മിതബുദ്ധി വിപണിയുടെ കാര്യത്തിൽ ഏറെ ദൃശ്യമായിരുന്നില്ല. ചൈനയിൽ പ്രയോഗത്തിലുള്ള വി ചാറ്റ്, ബൈദു എന്നിങ്ങനെയുള്ള കമ്പനികൾ ചൈനയ്ക്കു പുറത്തേക്ക് സേവനം നൽകുന്നതിൽ അധികമൊന്നും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ലെന്നതും ഇതിനുള്ള ഒരു കാരണമാകാം. നമ്മുടെ നാട്ടിലെ സ്മാർട്ട് ഫോണുകളുടെയും സമീപകാലത്ത് ഇലക്ട്രിക്ക് കാറുകളുടെയും കാര്യത്തിലും മറ്റുമൊക്കെ ചൈനയിലെ കമ്പനികളുടെ മുന്നേറ്റം ദൃശ്യമാണെന്നിരിക്കെത്തന്നെ അക്കാദമിക ലോകത്തിനു പുറത്ത് ചൈനയുടെ നിർമ്മിതബുദ്ധിയിലെ മുന്നേറ്റം ലോകം അത്ര ശ്രദ്ധിച്ചിരുന്നില്ല.

2025 ജനുവരി 27ന് അമേരിക്കൻ ഓഹരിവിപണിയിൽ എൻവിഡിയ പോലെയുള്ള വൻകിട ചിപ്പ് നിർമ്മാതാക്കളുടെയും അതിനോടൊപ്പം നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട അമേരിക്കൻ കമ്പനികളുടെയും വിലയിൽ പൊടുന്നനെ ഇടിവ് സംഭവിച്ചതോടെയാണ് ഡീപ്-സീക്കിനെക്കുറിച്ചു ലോകം ശ്രദ്ധിച്ചുതുടങ്ങുന്നത്. ഡീപ്-സീക് രണ്ടരവർഷംമുമ്പ് നമ്മുടെ മുന്നിലേക്ക് വന്ന ചാറ്റ് ജി പി ടി പോലെയുള്ള ഒരു ഭാഷാമാതൃകയാണ്. ഭാഷാമാതൃകകളുടെ പ്രധാന പ്രയോഗം ചാറ്റ്ബോറ്റുകളിലൂടെയാണെന്നതിനാൽ അവയെ ചാറ്റ്ബോറ്റുകളെന്നുതന്നെ വിശേഷിപ്പിക്കാറുണ്ട്. ഡീപ്-സീക് സമാനമായ ചാറ്റ് ജി പി ടി, ജെമിനി മുതലായ ഭാഷാമാതൃകകളെ അപേക്ഷിച്ചു വലിയ ഒരു സാങ്കേതികമുന്നേറ്റം കാഴ്ചവെച്ചുവെന്ന് പറയാൻ പ്രയാസമാണ്. സാങ്കേതികമായ വശങ്ങളിൽ മറ്റു സമാനമാതൃകകളേക്കാൾ ഏറെ കുറഞ്ഞ ചെലവും കമ്പ്യൂട്ടിങ് ശേഷിയും മാത്രം വേണ്ടിവരുന്ന ഒരു മാതൃകയാണ് ഡീപ്-സീക്. ഭാഷാമാതൃകയിലടങ്ങിയിട്ടുള്ള സാംഖ്യ-ശേഖരത്തിന്റെ വലിപ്പവും ഏറെ കുറവാണെന്നുള്ള സവിശേഷതയുമുണ്ട്. ഭാഷാമാതൃകകളുടെ നിർമ്മാണം നടക്കുന്ന ട്രെയിനിങ് എന്ന ഘട്ടത്തിൽ നിരവധി ടെക്സ്റ്റ് പ്രമാണങ്ങളിൽനിന്ന് അവയിലടങ്ങിയിട്ടുള്ള ക്രമങ്ങൾ കണ്ടെത്തി അവയെ ഭാഷാമാതൃകകളുടെ രൂപത്തിലേക്ക് പരിവർത്തനപ്പെടുത്തേണ്ടതുണ്ട്. ഏറ്റവും ഊർജ്ജവും കമ്പ്യൂട്ടിങ് ശേഷിയും വേണ്ടുന്ന ഈ ഘട്ടത്തെ ചില പ്രക്രിയാപരമായ സവിശേഷതകളിലൂടെ ലളിതവൽക്കരിച്ചതിലൂടെയാണ് ഡീപ്-സീക് ഈ നേട്ടം കൈവരിച്ചത്.

സാങ്കേതികമുന്നേറ്റത്തേക്കാൾ ഡീപ്-സീക് ശ്രദ്ധയാകർഷിച്ചത് അതിന്റെ രണ്ടു പ്രധാനഘടകങ്ങളിലൂടെയാണെന്ന് പറയാം. ഒന്നാമത്, ഡീപ്-സീക്കിന്റെ ഉത്ഭവസ്ഥാനം തന്നെയാണ്. സാധാരണയായി അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തുനിന്നുമാത്രം കേൾക്കാറുള്ള പുതിയ മുന്നേറ്റങ്ങളുടെ വാർത്ത ഇവിടെ വന്നത് ഇങ്ങു കിഴക്കു ചൈനയിൽനിന്നാണ്. രണ്ടാമത്, അതിനോടൊപ്പം ചാറ്റ് ജി പി ടി യുടെ നിർമ്മാതാക്കളായ ഓപ്പൺ എ ഐ യോ ജമിനിയുടെ നിർമ്മാതാക്കളായ ഗൂഗിളോ ചെയ്യാത്തവിധത്തിൽ ഡീപ്-സീക്കിന്റെ ട്രെയിൻ ചെയ്ത മാതൃക പൊതുമണ്ഡലത്തിൽ ലഭ്യമാക്കുകയും ചെയ്തു. ഈ ട്രെയിൻ ചെയ്ത മാതൃക ഡൗൺലോഡ് ചെയ്ത് ആർക്കും സ്വന്തം കംപ്യൂട്ടറിൽ ചെലവൊന്നുമില്ലാതെ പ്രവർത്തിപ്പിക്കാവുന്നതാണ്; സമ്പൂർണ്ണമായും ഈ മാതൃക ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ പിന്നെ അത് പ്രവർത്തിപ്പിക്കാൻ ഇന്റർനെറ്റ് ബന്ധമാവശ്യമില്ല. ഇതുപോലെ ഫേസ്ബുക്ക് ഏതാനും വർഷം മുമ്പ് അവരുടെ ലാമ എന്ന മാതൃക ലഭ്യമാക്കിയിരുന്നു; എന്നാൽ ഇത്തരം പൊതുലഭ്യത വാണിജ്യതാല്പര്യങ്ങൾക്കെതിരാണെന്നുള്ള ലളിതതത്വം മുൻനിർത്തി അതിനുശേഷമുള്ള സങ്കീർണ്ണ വാണിജ്യ ഭാഷാമാതൃകകളൊന്നും തന്നെ പൊതുമണ്ഡലത്തിൽ ലഭ്യമാക്കപ്പെട്ടിട്ടില്ല.

മേൽപ്പറഞ്ഞ മുന്നേറ്റങ്ങൾ കഴിഞ്ഞ രണ്ടുമാസത്തോളംകൊണ്ട് ഏറെ ചർച്ചചെയ്തുകഴിഞ്ഞതാണ്. ഈ ലേഖനത്തിന്റെ ശ്രദ്ധ ഇതേ കാലയളവുകൊണ്ടുണ്ടായ സാങ്കേതികലോകത്തെ ഉലച്ചിലുകളുടെ സ്വഭാവത്തിലേക്കാണ്. ഡീപ്-സീക് എന്ന നോൺ- അമേരിക്കൻ നിർമ്മിതബുദ്ധി താരത്തിന്റെ പ്രസക്തി അവിടെയാണ്. അതിനോടൊപ്പം ചില സാങ്കേതികവശങ്ങളും വഴിയേ പരിശോധിക്കാം. മൂന്ന് ഘട്ടങ്ങളായിട്ടാണ് പാശ്ചാത്യ ലോകത്തെ പൊതുചർച്ചകളും ബിഗ് ടെക് ഭീമന്മാരും ഡീപ്-സീക്കിനോട് പ്രതികരിച്ചത് എന്നാണ് ഞാൻ കരുതുന്നത്. ഘട്ടംഘട്ടമായി ഇത് പരിശോധിക്കാം.

ഘട്ടം ഒന്ന്: ‘ഉപയോഗിക്കാൻ കൊള്ളില്ല’
ഡീപ്-സീക് ചൈനയിൽനിന്നുള്ള സാങ്കേതികവിദ്യ ആണെന്നതുകൊണ്ടാവണം പാശ്ചാത്യലോകത്തിന്റെ ആദ്യ ശ്രദ്ധ അതിനെ ഇകഴ്ത്തിക്കാട്ടാനായിരുന്നു. ജനുവരി 27നു ശേഷം പുറത്തുവന്ന പല ആഖ്യാനങ്ങളും അത്തരത്തിലുള്ളതായിരുന്നു. അവയിൽ പൊതുവിൽ ഉണ്ടായിരുന്ന ഒരു ധാര, ചൈനയുടെ ശക്തമായ രാഷ്ട്രീയനിലപാടുകൾ ഉൾപ്പെടുന്ന വിഷയങ്ങളിൽ ഡീപ്-സീക് മൗനംപാലിക്കുന്നു എന്നതിലൂന്നിയുള്ളതായിരുന്നു. അത്തരം വിഷയങ്ങളിൽ തായ്‌വാൻ, ടിയാനെൻമെൻ സ്ക്വയർ സംഘർഷങ്ങൾ എന്നിവപെടും. ഇവയെക്കുറിച്ചുള്ള ചോദ്യങ്ങളിലെല്ലാം തന്നെ ഡീപ്-സീക് മൗനം പാലിക്കുന്നതായിട്ടാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്, ഇതിനോടൊപ്പം ചേർത്തിട്ടുള്ള ചിത്രത്തിൽ കാണുന്നതുപോലെ. ഇതുകൊണ്ട് അവ ഉപയോഗിക്കാൻ കൊള്ളാത്തതാണ് എന്നുപറഞ്ഞുവെയ്ക്കുന്ന രീതിയിലായിരുന്നു ഡീപ്-സീക്കിനോടുള്ള ആദ്യ പാശ്ചാത്യപ്രതികരണങ്ങളുടെ സ്വഭാവം.

ഇവിടെ രണ്ടുകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമത്, ഒരു ഭാഷാമാതൃകയുടെ പ്രധാന ഉപയോഗരീതി അതുപയോഗിച്ചു വിവരങ്ങൾ കണ്ടെത്തുക എന്നതാണ്. ഒരു ഭാഷാമാതൃകയുടെ രാഷ്ട്രീയനിലപാട് പരിശോധിക്കുക എന്നത് മേൽപ്പറഞ്ഞ ലക്ഷ്യത്തിൽനിന്നും വിഭിന്നമായ ഒരു പ്രവൃത്തിയാണ്. ഒരു ഭാഷാമാതൃക ഉപയോഗിക്കാൻ കൊള്ളാമോ എന്ന് നോക്കേണ്ടത് അതിന്റെ പ്രധാന ഉപയോഗരീതിയെ അടിസ്ഥാനപ്പെടുത്തിയാവണം എന്ന സാമാന്യതത്വം ഇവിടെ പാലിക്കപ്പെടുന്നില്ല. ഡീപ്-സീക് വരുമ്പോൾ രാഷ്ട്രീയനിലപാടിന്റെ വിചാരണയിലേക്ക് ഒരുദിവസം കൊണ്ട് കടക്കുന്ന പാശ്ചാത്യ ബ്ലോഗർമാരും മാധ്യമങ്ങളും രണ്ടു വർഷം കൊണ്ട് ചാറ്റ് ജി പി ടി യുടെ രാഷ്ട്രീയനിലപാടുകൾ എത്രകണ്ട് വിചാരണചെയ്തു എന്നത് ഇവിടെ ആലോചിക്കേണ്ടതാണ്. രണ്ടാമത്, ഡീപ്-സീക്കിന്റെ രാഷ്ട്രീയനിലപാടുകൾ വിചാരണചെയ്യപ്പെടുമ്പോൾ മറ്റു ഭാഷാമാതൃകകളിൽ രാഷ്ട്രീയനിലപാടുകളില്ലേ എന്ന ചോദ്യം സൗകര്യപൂർവ്വം ഒഴിവാക്കുന്നു. അവയെ അരാഷ്ട്രീയമെന്നോ ‘കൂടുതൽ സ്വീകാര്യമായ’ രാഷ്ട്രീയാഭിപ്രായമുള്ളവ എന്ന നിലയിലോ പരോക്ഷമായി അടയാളപ്പെടുത്തുന്നു. ചാറ്റ് ജി പി ടി പോലെയുള്ളവയുടെ രാഷ്ട്രീയനിലപാടുകളെക്കുറിച്ചുള്ള വിരലിലെണ്ണാവുന്ന പഠനങ്ങൾ അവയെ ‘ലിബറൽ’ എന്നടയാളപ്പെടുത്തുന്നുണ്ട്. ലിബറൽ എന്നത് അമേരിക്കൻ സാഹചര്യത്തിൽ പുരോഗമനപക്ഷം എന്നരീതിയിൽ വായിക്കാറുണ്ടെങ്കിലും ലിബറലിസം മുതലാളിത്തത്തോട് ചേർന്നുനിൽക്കുന്ന,- മുതലാളിത്തത്തെ ന്യായീകരിക്കുന്ന – രാഷ്ട്രീയനിലപാടാണ്.

പാശ്ചാത്യനിരീക്ഷകർക്ക് അമേരിക്കൻ ബിഗ് ടെക് മേഖലയിൽനിന്നുവരുന്ന സാങ്കേതികവിദ്യകളുടെ രാഷ്ട്രീയനിലപാടുകൾ വിലയിരുത്തുന്നതിൽ അത്രകണ്ട് താല്പര്യമില്ലെങ്കിലും നമുക്കങ്ങനെ ചെയ്യുന്നതിൽ തടസ്സമില്ലല്ലോ. എന്റെ അത്തരം ചില പരീക്ഷണങ്ങളിൽ ലഭിച്ച ഒരു ചാറ്റ് ജി പി ടി സ്ക്രീൻഷോട്ട് ഇതിനോടൊപ്പം ചേർത്തിട്ടുള്ളതിൽ, കൃത്യമായി മുതലാളിത്തത്തിൽ അന്തർലീനമായിട്ടുള്ളഅക്രമവാസനകുറവാണെന്നുള്ളത് അതിനെ കമ്യൂണിസത്തിൽനിന്നും വ്യത്യസ്തമാക്കുന്നു എന്ന പ്രസ്താവന ശ്രദ്ധിക്കുക. ഒരു ചൂഷണകേന്ദ്രീകൃതമായ വ്യവസ്ഥ എന്ന നിലയിൽ അക്രമവാസനയെ സ്വാംശീകരിച്ചിട്ടുള്ള വ്യവസ്ഥയായി മുതലാളിത്തത്തെ മനസ്സിലാക്കിയിട്ടുള്ള നൂറ്റാണ്ടുകളായിട്ടുള്ള മാർക്സിസ്റ്റ് പഠനങ്ങളെ ഒരൊറ്റ വാചകം കൊണ്ട് തിരസ്കരിക്കുന്ന ചാറ്റ് ജി പി ടിയിലെ രാഷ്ട്രീയചായ്‌വ്‌ ഇതിൽ വ്യക്തമാണ്.

ഇതുകൂടാതെ ഓപ്പൺ എ ഐ എന്ന ചാറ്റ് ജി പി ടി നിർമ്മാതാക്കൾ മനുഷ്യരുടെ വലിയതോതിലുള്ള ചൂഷണത്തിന് കരണക്കാരാണോ (കൃത്യമായ പ്രോംപ്റ്റ്: “is open AI responsible for large scale exploitation?”) എന്ന ചോദ്യത്തിനുലഭിച്ച ഉത്തരം രസകരമാണ്. ‘നിലവിലെ സാഹചര്യത്തിൽ ഓപ്പൺ എ ഐ പ്രത്യക്ഷമായി ചൂഷണത്തിലേർപ്പെടുന്നില്ല’ എന്ന് തുടങ്ങുന്നു ഉത്തരം. പിന്നീട് ചോദ്യത്തെ ചാറ്റ് ജി പി ടി സാമാന്യവൽക്കരിച്ചുകൊണ്ട്, നിർമ്മിതബുദ്ധിയുടെ നിർമ്മാണത്തിൽ പൊതുവിൽ ഉൾപ്പെടുന്ന തൊഴിൽചൂഷണത്തെക്കുറിച്ച് നിരവധികാര്യങ്ങൾ പറയുന്നു. അതിനുശേഷം ഓപ്പൺ എ ഐ എങ്ങനെ വിശാലമാനവികതയ്ക്ക് അനുകൂലമായ കാര്യങ്ങൾ ചെയ്യുന്നു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചാറ്റ് ജി പി ടി യുടെ നിർമ്മാണത്തിൽ പങ്കെടുത്ത കെനിയൻ തൊഴിലാളികളെ ചൂഷണം ചെയ്തതിനെക്കുറിച്ചു ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ള വിഷയങ്ങൾ പാടെ അവഗണിച്ചുകൊണ്ട് കൃത്യമായ വലതുപക്ഷ രാഷ്ട്രീയം കാഴ്ചവെയ്ക്കുന്നരീതിയിലാണിവിടെ ചാറ്റ് ജി പി ടി യുടെ ഉത്തരം. ഡീപ്-സീക്കിൽ രാഷ്ട്രീയവിഷയങ്ങളോടുള്ള മൗനം ചർച്ചയാക്കുന്നവർക്ക് ചാറ്റ് ജി പി ടി യുടെ രാഷ്ട്രീയ വിഷയങ്ങളിലുള്ള വാചാലമായ പ്രതികരണങ്ങൾ പ്രശ്നമാകുന്നില്ല!

ഡീപ്-സീക് ഉപയോഗിക്കാൻ കൊള്ളില്ലെന്നുള്ളതിന് മറ്റൊരു വാദം ഡീപ്-സീക്കിന്റെ ആദ്യ ആഴ്ചകളിൽ അവതരിപ്പിച്ചത് ഓസ്‌ട്രേലിയൻ ശാസ്ത്രകാര്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ ആശങ്ക ഡീപ്-സീക് ശേഖരിക്കുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ചൈനയിലെ ഒരു കമ്പനിക്ക് തങ്ങളുടെ ഡാറ്റ ലഭ്യമാകുന്നു എന്നതിൽ ഉപയോക്താക്കൾ ആശങ്കപ്പെടണം എന്നതാണ് ഇവിടെ ഉന്നയിക്കപ്പെട്ട വാദം. ഡീപ്-സീക് ശേഖരിക്കുന്ന ഡാറ്റയുടെ സാന്ദ്രത ചാറ്റ് ജി പി ടി അടക്കമുള്ള സേവനങ്ങൾ ശേഖരിക്കുന്ന ഡാറ്റയേക്കാൾ എന്തെങ്കിലും തരത്തിൽ കൂടുതലാണെന്ന് പറയാൻ കഴിയില്ല. അങ്ങനെ കാണുമ്പോൾ ഓസ്‌ട്രേലിയൻ ശാസ്ത്രകാര്യമന്ത്രി പറയുന്ന നിലപാടിനെ പോലെ അമേരിക്കൻ കമ്പനികൾ ചൈനീസ് കമ്പനികളേക്കാൾ കൂടുതൽ വിശ്വാസ്യയോഗ്യമാണ് എന്ന രീതിയിൽ വ്യാഖ്യാനിക്കാം. ഇതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടെന്ന് സ്ഥാപിക്കാൻ അദ്ദേഹം തയ്യാറാവുന്നില്ല എന്നുകൂടി കാണുമ്പോൾ ഒരു പാശ്ചാത്യ-–പൗരസ്ത്യ പക്ഷപാതിത്വമാണ് അദ്ദേഹത്തിന്റെ നിലപാടിലുള്ളതെന്ന് കാണണം.

ആദ്യ ആഴ്ചകളിലെ പാശ്ചാത്യലോകത്തുനിന്നുള്ള ഡീപ്-സീക് കരിതേയ്ക്കലിന്റെ അടിസ്ഥാനം കൃത്യമായ ഇടതുവിരുദ്ധതയും ചൈന-ാവിരുദ്ധതയും കൂടിച്ചേർന്ന നിലപാടാണെന്ന് കാണാം.

ഘട്ടം രണ്ട്: ‘കട്ടതാണ് ’
ഡീപ്-സീക്കിന്റെ വരവിന്റെ ആദ്യ ആഴ്ചകളിൽ തന്നെ ഉന്നയിക്കപ്പെട്ടതാണെങ്കിലും ഫെബ്രുവരിയിൽ കൂടുതൽ ശ്രദ്ധനേടിയ ഒരു വിമർശനമുണ്ട്. ഡീപ്-സീക് തങ്ങളുടെ മാതൃക നിർമ്മിക്കാനായി വ്യാപകമായി ചാറ്റ് ജി പി ടി യെ കോപ്പിയടിച്ചു എന്ന ഓപ്പൺ എ ഐ ആരോപണമാണ് അതിലേക്ക് നയിച്ചത്.

ഇത് മനസ്സിലാക്കാനായി വിജ്ഞാന സ്വേദനം (knowledge distillation) എന്ന പ്രക്രിയയെക്കുറിച്ചു ലളിതമായി പറയേണ്ടതുണ്ട്. ഒരു ഭാഷാമാതൃകയിൽനിന്നും മറ്റൊന്നിലേക്ക് വിജ്ഞാനം പകർന്നുനൽകുന്ന ഒരു സാങ്കേതികപ്രക്രിയയാണ് വിജ്ഞാന സ്വേദനം. ഇവിടെ വിജ്ഞാനം എന്നുപയോഗിക്കുന്നതൊക്കെ ഒരു സാങ്കേതിക അർത്ഥത്തിലാണ്; അത്തരം പ്രയോഗത്തിൽ സൂക്ഷ്മമായി നോക്കുമ്പോൾ പ്രശ്നങ്ങളേറെയുണ്ടാവാം, അതിലേക്കിപ്പോൾ കടക്കുന്നില്ലെന്നേയുള്ളു. ഒരു ഭാഷാമാതൃകയെ അദ്ധ്യാപിക എന്നും മറ്റൊന്നിനെ വിദ്യാർത്ഥിനി എന്നും അടയാളപ്പെടുത്തുന്നു. അധ്യാപികയിൽനിന്നും വിദ്യാർഥിനിയിലേക്കാണ് വിജ്ഞാനം പകരേണ്ടത്. രണ്ടിലേക്കും ഒരു ടെക്സ്റ്റ്, അതിപ്പോ ഒരു ചോദ്യമോ ഒരു പ്രമാണമോ ആവാം, കൊടുക്കുക എന്നതാണ് ആദ്യപടി. രണ്ടു ഭാഷാമാതൃകകളും വ്യത്യസ്തങ്ങളായ ഉത്തരങ്ങളായിരിക്കും സ്വാഭാവികമായും നൽകുക. വിദ്യാർത്ഥിനിയുടെ ഉത്തരവും അധ്യാപികയുടെ ഉത്തരവും തമ്മിലുള്ള വ്യത്യാസത്തിന്റെ സ്വഭാവം കണ്ടെത്തി ആ വ്യത്യാസം ലഘൂകരിക്കുന്നദിശയിലേക്കായി വിദ്യാർത്ഥിനിമാതൃകയുടെ ആന്തരികപ്രവർത്തനത്തിൽ (സംഖ്യ-ാശേഖരത്തിൽ) ചില മാറ്റങ്ങൾ വരുത്തുക എന്നതാണ് അടുത്ത പടി. ഈ [ടെക്സ്റ്റ്-കൊടുക്കൽ, വ്യത്യാസം-അളക്കൽ, വിദ്യാർത്ഥിനി-പ്രവർത്തനം- പുനഃക്രമീകരിക്കൽ] പ്രക്രിയ നിരവധി തവണ വ്യത്യസ്തങ്ങളായ ടെക്സ്റ്റുകൾ ഉപയോഗിച്ച് ആവർത്തിക്കുന്നതിലൂടെ അധ്യാപികയുടെ ‘സ്വഭാവം’ വിദ്യാർത്ഥിനിയിലേക്ക് സ്വാംശീകരിക്കപ്പെടും. ഈ പ്രക്രിയയാണ് വിജ്ഞാനസ്വേദനം. വിജ്ഞാനസ്വേദനത്തിന്റെ ഒരു സവിശേഷത അധ്യാപികമാതൃകയുടെ ആന്തരികപ്രവർത്തനം ഒന്നും തന്നെ മനസ്സിലാക്കാതെയും അധ്യാപികയെ പരിശീലിപ്പിക്കാൻ ഉപയോഗിച്ച പ്രമാണങ്ങൾ ഇല്ലാതെയും ഇതൊക്കെ നടപ്പിലാക്കാമെന്നുള്ളതാണ്, അധ്യാപികയുടെ ഔട്ട്പുട്ടുകളാണ് വിജ്ഞാനസ്വേദനത്തിന്റെ ആധാരം. രണ്ടു ഭാഷാമാതൃകകളെടുത്ത് ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് വിജ്ഞാനസ്വേദനം നടത്തിയിട്ടുണ്ടോ എന്ന് കൃത്യമായി നിർണ്ണയിക്കുക സാങ്കേതികമായി സാധ്യമല്ല എന്നതും ഇവിടെ ശ്രദ്ധേയമാണ്.

ഡീപ്-സീക് തങ്ങളുടെ ചാറ്റ് ജി പി ടി യെ അധ്യാപികയുടെ സ്ഥാനത്തുവെച്ച് ഡീപ്-സീക്കിലേക്ക് വിജ്ഞാനം പകർന്നു എന്ന ആരോപണമാണ് ഓപ്പൺ എ ഐ മുന്നോട്ടുവെച്ചത്. ഈ ആരോപണത്തെ രണ്ടുതലത്തിലെങ്കിലും പരിശോധിക്കാം. ചാറ്റ് ജി പി ടി പൊതുമണ്ഡലത്തിലുള്ള ഒരു മാതൃകയല്ലെന്നതുകൊണ്ട് അങ്ങനെ വലിയതോതിൽ ഓട്ടോമാറ്റിക് ആയിട്ടുള്ള വിജ്ഞാനസ്വേദനം നടത്തിയിട്ടുണ്ടാവാൻ സാധ്യത കുറവാണ്. ഡീപ്-സീക് തങ്ങളുടെ ചില മാതൃകകളിൽ ഫേസ്ബുക്കിന്റെ ലാമ എന്ന പൊതുമണ്ഡലത്തിൽ ലഭ്യമായ മാതൃകയിൽനിന്ന് വിജ്ഞാനസ്വേദനം നടത്തിയിട്ടുണ്ടെന്ന് തുറന്നു സമ്മതിക്കുകയും ചെയ്യുന്നുണ്ട്. ഒരർത്ഥത്തിൽ ആർക്കും വസ്തുതാപരത വിലയിരുത്താൻ സാങ്കേതികമായി സാധിക്കാത്ത ഒരു ആരോപണം ഉന്നയിക്കുന്നതിലൂടെ ഓപ്പൺ എ ഐ സ്വയം ഡീപ്-സീക്കിന്റെ മെച്ചത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ശ്രമിക്കുന്നതായി വിലയിരുത്തിയാലും തെറ്റുണ്ടാവില്ല. പല ഭാഷാമാതൃകകളും തമ്മിലുള്ള സമാനതകൾ നിരീക്ഷിക്കുന്ന സാങ്കേതികവിദഗ്ധർക്ക് ഇവ തമ്മിൽ വിജ്ഞാനസ്വേദനം യഥേഷ്ടം നടക്കുന്നതായി തോന്നുന്ന സ്ഥിതിവിശേഷവും നിലവിലുണ്ട്.

ഈ വിജ്ഞാനസ്വേദന ആരോപണം ഉന്നയിച്ചതിന് പിന്നാലെ പലരും ഓപ്പൺ എ ഐ യുടെ ആരോപണത്തിന്റെ രാഷ്ട്രീയം പരിശോധിക്കുകയുണ്ടായി. ഒരർത്ഥത്തിൽ ഓപ്പൺ എ ഐ ഉന്നയിക്കുന്നത് ഒരു ‘മോഷണ’ ആരോപണമാണ്, ഡീപ്-സീക് ‘കട്ടതാണ്’ എന്നുതന്നെയാണവർ പറയുന്നത്. ഒരു വസ്തു മോഷ്ടിക്കപ്പെട്ടു എന്നാരോപിക്കുമ്പോൾ ഉന്നയിക്കുന്നയാൾക്ക് വസ്തുവിന്റെ ഉടമസ്ഥത അവകാശപ്പെടാനാകണം എന്ന സാമാന്യതത്വം ഇവിടെ പാലിക്കപ്പെടുന്നില്ല എന്നരീതിയിലുള്ള പ്രതികരണങ്ങൾ ധാരാളം വരികയുണ്ടായി. ഓപ്പൺ എ ഐ തങ്ങളുടെ മാതൃകകൾ നിർമ്മിക്കാനായി നിരവധി കോപ്പിറൈറ്റ് ലംഘനങ്ങൾ നടത്തിയതായി ആരോപണങ്ങൾ നിലനിൽക്കുമ്പോൾ ഈ ‘മോഷണ’ ആരോപണം ഓപ്പൺ എ ഐ ഉന്നയിക്കുന്നതിലെ നൈതികത ചർച്ചയായതോടെ ഈ ആരോപണത്തിന്റെ ശക്തികുറഞ്ഞതായിട്ടാണ് കാണുന്നത്.

മൂന്നാം ഘട്ടം: ‘നിരോധിക്കുക’
ആദ്യരണ്ടുഘട്ടങ്ങളിലെ ആരോപണങ്ങളോടൊപ്പം ഓപ്പൺ എ ഐ ചാറ്റ് ജി പി ടി യുടെ പല വ്യത്യസ്ത പതിപ്പുകൾ പുറത്തിറക്കുകയുണ്ടായി. ഇത്തരം സംഭവവികാസങ്ങൾക്കിടയിലും ഡീപ്-സീക്കിന്റെ സാന്നിധ്യം ഏറ്റവും വലിയ തോതിൽ തന്നെ നിലനിൽക്കുന്നതായിട്ടാണ് കാണുന്നത്. 2025 മാർച്ച് 13 നാണ് ഡീപ്-സീക്കിനെ ലാക്കാക്കിക്കൊണ്ടുള്ള പ്രത്യക്ഷമായ മറ്റൊരു നീക്കം ഓപ്പൺ എ ഐ യുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. ആഗോളസാങ്കേതികലോകം ഈ സംഭവവികാസത്തെ അത്രയൊന്നും ശ്രദ്ധിച്ചില്ലെന്നുള്ളത് വളരെ ആശ്ചര്യജനകമാണ്. അത്രയേറെ രാഷ്ട്രീയമായ ഒരു നീക്കമാണ് ഓപ്പൺ എ ഐ യുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. അതൊന്ന് പരിശോധിക്കാം.

ഡീപ്-സീക്കിനോടുള്ള ഓപ്പൺ എ ഐ പ്രതികരണത്തിന്റെ മൂന്നാംഘട്ടം എന്ന് ഞാനടയാളപ്പെടുത്തുന്ന ഈ നീക്കം ഓപ്പൺ എ ഐ യിൽനിന്നും അമേരിക്കൻ സർക്കാരിന്റെ ശസ്ത്ര–സാങ്കേതിക നയങ്ങൾ തീരുമാനിക്കുന്ന കാര്യാലയത്തിലേക്കുള്ള ഒരു കത്തിന്റെ രൂപത്തിലാണ് വന്നിട്ടുള്ളത്. ഈ കത്തിന്റെ തുടക്കത്തിൽ ട്രംപിന്റെ ഒരുദ്ധരണിയാണുള്ളത്: “അമേരിക്കയുടെ നയം അമേരിക്കൻ ആഗോള ആധിപത്യം നിലനിർത്തുന്നതിലൂടെ മാനവരാശിയുടെ പുഷ്ടിക്കും സാമ്പത്തിക മത്സരക്ഷമതയ്ക്കും ദേശീയ സുരക്ഷയ്ക്കും കാരണക്കാരാകാൻ ലക്ഷ്യമിടുന്നു”. ഈ നിലപാടിലെ പരിഹാസ്യത ഒന്ന് മാറ്റിവെച്ചുനോക്കിയാൽ ഈ കത്തിലുടനീളം ഓപ്പൺ എ ഐ ഈ നിലപാടിനെ പിൻപറ്റുന്നരീതിയിൽ എന്തൊക്കെ ചെയ്യാം എന്ന് അമേരിക്കൻ സർക്കാരിന് സൗജന്യമായ ഉപദേശം നൽകാൻ മുതിരുന്നതായിട്ടാണ് കാണുന്നത്. കത്തിലുടനീളം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ പേരെടുത്തു പരാമർശിച്ചുകൊണ്ട് ചൈനയുടെ “ഏകാധിപത്യ” നിർമ്മിതബുദ്ധിയെ തടയാനുള്ള നയങ്ങളും കാര്യപരിപാടികളുമാണ് നിർദേശരൂപത്തിൽ അവതരിപ്പിക്കുന്നത്.

ഓപ്പൺ എ ഐ യുടെ ഈ കത്തിലെ ചില പ്രധാന നിർദേശങ്ങളിലൂടെ കണ്ണോടിക്കാം. ഒന്നാമത്, അവരുടെ ‘ജനാധിപത്യപരമായ നിർമ്മിതബുദ്ധി’ എന്ന നിർവചനം അവർ മൂന്നാമത്തെ പേജിൽ അവതരിപ്പിക്കുന്നു. അതിനെ രാഷ്ട്രീയപരിജ്ഞാനമുള്ളവർക്ക് ‘ലിബറൽ/മുതലാളിത്ത- അനുകൂല നിർമ്മിതബുദ്ധി’ എന്നുവായിക്കാൻ തെല്ലും ബുദ്ധിമുട്ടുണ്ടാവില്ല. അത്തരം നിർമ്മിതബുദ്ധിക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി വലിയ വെല്ലുവിളികൾ ഉയർത്തുന്നു എന്നതാണ് അവരുടെ പ്രധാന ആരോപണം. ചൈനയുടെ മുന്നേറ്റത്തെ ചെറുക്കാനായി ഒരു ബൃഹദ്-നയം തന്നെ അവർ കത്തിൽ അവതരിപ്പിക്കുന്നു. ലോകരാജ്യങ്ങളെ മൂന്നായി തിരിക്കണം എന്നതാണ് അതിന്റെ കാതൽ. ഒന്നാമത് അമേരിക്കൻ സ്വാധീനവലയത്തിലുള്ള രാജ്യങ്ങൾ. രണ്ടാമത് പ്രത്യക്ഷമായി അമേരിക്കൻ സ്വാധീനവലയത്തിലേക്ക് ക്രമേണ ഉൾച്ചേർക്കാൻ സാധിച്ചേക്കാവുന്ന രാജ്യങ്ങൾ. മൂന്നാമത് “ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകുന്ന ചൈന”യും അവരുടെ സ്വാധീനവലയത്തിലുള്ള രാജ്യങ്ങളും. ഒന്നാം വിഭാഗത്തിലെ രാജ്യങ്ങളുടെ അപ്രമാദിത്യം ഉറപ്പിക്കാനായി മൂന്നാം വിഭാഗത്തിലെ രാജ്യങ്ങൾക്ക് ‘ജനാധിപത്യപരമായ നിർമ്മിതബുദ്ധി’ കയറ്റുമതി ചെയ്യുന്നത് നിരോധിക്കണം എന്നതാണ് ഓപ്പൺ എ ഐ അവതരിപ്പിക്കുന്ന നയത്തിന്റെ കാതൽ!

ഇങ്ങനെയൊരു രാഷ്ട്രീയനയം നിർദേശിക്കുന്ന കത്തെഴുതാൻ മാത്രം ഓപ്പൺ എ ഐ എങ്ങനെ ഒരുമ്പെട്ടു എന്നതുതന്നെ വലിയ ആശ്ചര്യമുളവാക്കേണ്ടതാണ്. ട്രംപിന്റെ ഭരണകൂടത്തിന്റെ ഈ കാലത്ത് സാങ്കേതികക്കമ്പനികൾക്ക് സർക്കാരിനുമേലുള്ള സ്വാധീനം കൂടിയാണ് ഈ കത്ത് വിളിച്ചോതുന്നത്. ഈ കത്തിലൂടെ പറയാതെ പറയുന്ന ചില കാര്യങ്ങൾ പ്രധാനമാണ്. ഒന്നാമത്, ഡീപ്-സീക്കിന്റെ വരവ് ഓപ്പൺ എ ഐയെ വല്ലാതെ ഉലച്ചിരിക്കുന്നു എന്ന് മനസ്സിലാക്കണം, അതല്ലെങ്കിൽ അവർ ഇങ്ങനെയൊരു നടപടിക്ക് മുതിരേണ്ടതില്ല. രണ്ടാമത്, ഡീപ്-സീക് പോലെ ഇനിയും എന്തൊക്കെയോ വരാനിരിക്കുന്നു എന്നവർ മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെയാവണം അവർ ചൈനയെ മൊത്തത്തിൽ ലക്ഷ്യമിടുന്ന രീതിയിൽ ഒരു കത്ത് തയ്യാറാക്കുന്നത്. മൂന്നാമത്, വിപണിയിലെ മത്സരത്തിലൂടെയോ സാങ്കേതികവൈദഗ്ധ്യത്തിലൂടെയോ ചൈനയിൽനിന്നുവരുന്ന വെല്ലുവിളികളെ ചെറുക്കാൻ അവർക്ക് സാധിക്കില്ല എന്നവർ പരോക്ഷമായി സമ്മതിക്കുന്നു. അങ്ങനെ സാധിക്കുമായിരുന്നെങ്കിൽ ചൈനയിലേക്കുള്ള കയറ്റുമതി നിരോധിക്കണമെന്നോ ചൈനീസ് ചിപ്പുകളുടെ അമേരിക്കയിലേക്കുള്ള കടന്നുവരവിനെ നിരോധിക്കണമെന്നോ ആവശ്യപ്പെടേണ്ട കാര്യമില്ലല്ലോ.

ഓപ്പൺ എ ഐ യുടെ ഭാഗത്തുനിന്നുള്ള ഈ മൂന്നാം ഘട്ട പ്രതികരണം കുറച്ചുകൂടി വിശാലമായി ബിഗ് ടെക് ലോകമോ അമേരിക്കൻ ഭരണകൂടമോ ഏറ്റെടുക്കുമോ എന്നതാണ് ഇനി നാം ഉറ്റുനോക്കേണ്ടുന്ന വിഷയം.

ഇനിയെങ്ങോട്ട്?
നിർമ്മിതബുദ്ധിയുടെ ലോകത്ത് അമേരിക്കൻ അപ്രമാദിത്യത്തിന്റെ അന്ത്യത്തിന്റെ തുടക്കമായി ഡീപ്-സീക്കിനെ വിലയിരുത്തിയാൽ അത് അതിശയോക്തിപരമാവില്ല. ഡീപ്-സീക് എന്ന ഒരൊറ്റ കമ്പനിയുടെ കാര്യത്തിലാണ് നാം ഈ ചർച്ചകളൊക്കെ ചെയ്യുന്നതെങ്കിലും നിർമ്മിതബുദ്ധി ഗവേഷണരംഗത്തെ ചൈനയുടെ ശക്തി ഘട്ടംഘട്ടമായി മൂന്നുദശാബ്ദങ്ങളിലൂടെ വളർത്തിയെടുത്തിട്ടുള്ളതാണ് (ഈ ലേഖനത്തിലെ ആദ്യഭാഗത്തെ വിശദാംശങ്ങളോർക്കുക). പൊതുമണ്ഡലത്തിൽ മാതൃകകൾ ലഭ്യമാക്കുക തുടങ്ങിയുള്ള രീതികൾ അവലംബിക്കുന്നതിലൂടെ മുതലാളിത്തരീതിയിലുള്ള നിർമ്മിതബുദ്ധിയുടെ പ്രയാണത്തെ ശോഷിപ്പിക്കുന്നരീതിയിലുള്ള സംഭവവികാസങ്ങൾ ഇനിയും അമേരിക്കയ്ക്കു പുറത്തുനിന്നുണ്ടാവുമെന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten − 3 =

Most Popular