Wednesday, April 2, 2025

ad

Homeകവര്‍സ്റ്റോറിനിർമിത ബുദ്ധി സാമ്രാജ്യത്വവും സാങ്കേതികവിദ്യയും

നിർമിത ബുദ്ധി സാമ്രാജ്യത്വവും സാങ്കേതികവിദ്യയും

പ്രബീർ പുർകായസ്‌ത

മുക്ക് ചാറ്റ് ജിപിടിയെക്കുറിച്ചറിയാം, കുറേക്കാലമായി സിരിയെയും ജെമിനിയെയും കുറിച്ചറിയാം. ചൈനയിലെ ഒരു ചെറുസംഘം ഡീപ്-സീക് എന്ന പേരിൽ ഒരു ആപ്ലിക്കേഷൻ വികസിപ്പിച്ച് ഇന്റർനെറ്റിലൂടെ പുറത്തിറക്കിയതോടെയാണ് നിർമിതബുദ്ധിയെക്കുറിച്ചുള്ള ചർച്ചകൾക്ക്‌ പുതിയൊരു മാനം കൈവന്നിരിക്കുന്നത്. കംപ്യൂട്ടറിലേക്ക് ഡൗൺലോഡ് ചെയ്യാനും ഇഷ്ടമുള്ള ഏത് പ്ലാറ്റ്ഫോമിലും ഉപയോഗിക്കാനും സാധിക്കുന്ന രീതിയിലാണ് ഡീപ്‌സീക്‌ പുറത്തിറക്കിയിരിക്കുന്നത്. സാധാരണ മാമൂൽ ചാറ്റ് ജിപിടി പ്രവർത്തനങ്ങൾ നടത്താനും അത് നിങ്ങളെ അനുവദിക്കുന്നു; ചോദ്യം ചോദിക്കുക, ഉത്തരങ്ങൾ നൽകുക തുടങ്ങിയവ. നമ്മൾ ഒരു പുതിയ പ്രശ്നം നേരിടുമ്പോൾ, അല്ലെങ്കിൽ ഒരുത്തരം നൽകാൻ ആവശ്യപ്പെടുമ്പോൾ, സാമ്പ്രദായികമായി ചെയ്തുകൊണ്ടിരുന്ന രീതിയിൽ തന്നെയാണ് അത് പ്രവർത്തിക്കുന്നത്. ആ അർത്ഥത്തിൽ ഡീപ്-സീക് ചെയ്യുന്നത് അനന്യമായ കാര്യമാണെന്ന് പറയേണ്ടിവരും. ഇന്റർനെറ്റ് ഭീമന്മാർ പരസ്പരം പോരടിക്കുന്ന ഒരു മത്സരാധിഷ്‌ഠിത മേഖലയാണ് നിർമിതബുദ്ധിയുടേത്‌ എന്നതാണ്‌ ഡീപ്-സീക്കിന്റെ സംഭാവന അനന്യമാണ് എന്നു പറയാൻ കാരണം.

എന്താണ് വിശാല ഭാഷാമാതൃകകൾ 
(Large Language Models ‐LLM)
ഇതിന്റെ വിശദാംശങ്ങളിലേക്ക് പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ പ്രാഥമികാർഥത്തിൽ, ഇന്റർനെറ്റ്‌ വഴി ലഭ്യമാകുന്ന മുഴുവൻ വിവര അടിത്തറയുടെയും വരിക്കാരായി അവ മാറുന്നു. നിങ്ങൾ എന്തായിരിക്കാം അന്വേഷിക്കുന്നതെന്ന് പ്രവചിക്കുന്നതിനുള്ള ഉപാധിയായി അവ ഭാഷയെ കാണുന്നു. അങ്ങനെ നിങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് വിശാല ഭാഷാ മാതൃകകൾ ഉത്തരങ്ങൾ നിർമിക്കുന്നു. ഉദാഹരണത്തിന് ഒന്നിനു പിറകെ ഒന്നായി വരേണ്ട വാക്കുകളുടെ ക്രമം പ്രതീക്ഷിക്കുന്ന ഒരുത്തരം അവ നൽകുന്നു. നിങ്ങളൊരു ചോദ്യം അതിന് നൽകുമ്പോൾ, ഒരുത്തരം നിർമിക്കുന്നതിനായി ആ വാക്കുകൾ അതുപയോഗിക്കുന്നു. പക്ഷേ ആ വാക്കുകളുടെ യഥാർഥ അർത്ഥവും മറ്റു വാക്കുകളുമായി ബന്ധപ്പെടുമ്പോൾ ഉണ്ടാകാവുന്ന സാധ്യതകളും ആ ഉത്തരങ്ങളിൽനിന്ന് അടർത്തി മാറ്റപ്പെടുന്നു. അതുകൊണ്ടാണ് വിശാല ഭാഷാ മാതൃകകളെക്കുറിച്ച് നമ്മൾ സംസാരിക്കുന്നത്. അങ്ങനെ ചെയ്യുന്നതിനായി അത് മുഴുവൻ ഇന്റർനെറ്റ് വിവരങ്ങളും ഉപയോഗിക്കുകയും ചെയ്യുന്നു. എന്തിനെക്കുറിച്ചാണ് അത് സംസാരിച്ചുകൊണ്ടിരിക്കുന്നതെന്ന് അതിന് ശരിക്കുമറിയില്ലേ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. അതായത്, ഒരു നിശ്ചിത അളവിലുള്ള മിഥ്യാബോധം അത്‌ സൃഷ്ടിക്കുന്നു. അതായത്, നമ്മുടെ ലോകത്തിന് നിലനിൽപ്പില്ലാത്ത, അതിന്റേതായ മറ്റൊരു ലോകം സൃഷ്ടിക്കാൻ അതിന് സാധിക്കുന്നു. അതുകൊണ്ടുതന്നെ ചില സാങ്കൽപ്പിക ഉത്തരങ്ങൾ എഐ നിങ്ങൾക്ക് തരുന്നു. അഭിഭാഷകർ ജഡ്ജിമാർക്ക് നൽകിയ ചില വ്യവഹാരക്കുറിപ്പുകൾ, ചാറ്റ് ജിപിടി നിർമിച്ച ചില സാങ്കൽപ്പിക ഉത്തരങ്ങളായിരുന്നു എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. വിശാല ഭാഷാ മാതൃകകൾ സൃഷ്ടിക്കുന്ന ചില കെണികളാണിവ.

ചാറ്റ് ജിപിടി ഗൂഗിൾ പോലെ ഉപയോഗിക്കാം. നിങ്ങൾ ചോദ്യങ്ങൾ ചോദിക്കുന്നു, ദൈർഘ്യമേറിയ ഉത്തരങ്ങൾ അത് നൽകുന്നു. പക്ഷേ, അത് ആത്യന്തികമായി ഗൂഗിളിന്റെ കുറച്ചുകൂടി വിശാലമായ ഒരു പതിപ്പ്‌ മാത്രമാണ്. നിങ്ങൾക്കതിൽ പല കാര്യങ്ങളും പരിശോധിക്കാം, പല കാര്യങ്ങളും ചെയ്യാം, പക്ഷേ ഒടുവിൽ ബുദ്ധിശക്തി എന്നു പറയുന്നതിന് അടുത്തെങ്കിലും നിൽക്കുന്ന എന്തെങ്കിലുമായി ചാറ്റ്‌ ജിപിടി മാറുന്നില്ല. മറ്റ് എഐ ആപ്പുകൾ പ്രത്യേകിച്ചും യുക്തിവിചാരം നടത്തുന്നവയാണ്. പക്ഷേ അതിന് വലിയ പണച്ചെലവുള്ളതിനാൽ വൻ കമ്പനികൾക്കുമാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.

ഒരു ചെറിയ ചൈനീസ് സംഘം കുറച്ച് പണം മാത്രം ചെലവാക്കി നിർമിച്ച ഡീപ്‌-സീക്‌ ഈ വ്യവസ്ഥിതിയെത്തന്നെ ഞെട്ടിച്ചു. എത്ര പണം ചെലവാക്കി എന്നതിനെക്കുറിച്ചൊക്കെ വിവാദങ്ങളുണ്ടെങ്കിലും അതിനൊന്നും വലിയ പ്രസക്തിയില്ല.

ഈ നിർമിതബുദ്ധി മനുഷ്യബുദ്ധിക്ക് സമമാണോ ?
ഇവ വിശാല ഭാഷാ മാതൃകകളാണ്. അവയെ നിർമിത പൊതുബുദ്ധി എന്ന് വിളിക്കുന്നില്ല. അതിന്റെ അർഥം അതിന് മനുഷ്യബുദ്ധി ചെയ്യുന്ന പല കാര്യങ്ങളും അനുകരിക്കാൻ സാധിക്കുമെന്നാണ്. എന്നാൽ അവയ്ക്ക് ശരിയായ പരിശീലനവും മറ്റും നൽകിയില്ലെങ്കിൽ, ഉപയോഗപ്രദമായ മാതൃകകൾ ലഭിക്കില്ല. അപ്പോൾ ഈ മാതൃകകൾ ഉപയോഗപ്രദമാക്കുന്നതിന് പ്രവർത്തനങ്ങളുടെ ഒരു പരമ്പരതന്നെ ആവശ്യമായി വരുന്നു. വലിയ അളവിൽ പണം ചെലവാക്കി നിർമിക്കുന്ന ബൃഹദ് പ്ലാറ്റ്ഫോമുകളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. അത്തരം ബൃഹദ് പ്ലാറ്റ്ഫോമുകൾ, അവ ഉപയോഗിക്കുന്ന കമ്പനികളുടെ എണ്ണം അധികമാകാൻ തരമില്ല. ആഗോളതലത്തിൽ തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന കമ്പനികൾക്ക് മാത്രമേ അവ ഉപയോഗിക്കാൻ സാധിക്കൂ. പരമാവധി ഒരു പതിനായിരം കമ്പനികൾക്ക് എന്നൊക്കെ ഏകദേശം കണക്ക്‌ പറയാൻ സാധിക്കും. ആ തലത്തിലേക്ക് അത് പരിമിതപ്പെടും. നിങ്ങൾക്കത് ഉപയോഗിക്കാം, മറ്റുള്ളവർക്കും അതുപയോഗിക്കാം. പക്ഷേ പെട്ടെന്നുതന്നെ ചെലവ് നിങ്ങൾക്ക് താങ്ങാൻ കഴിയാതാവും. അപ്പോൾ ചില സാധാരണ പ്രയോഗങ്ങളിലേക്ക് അത് പരിമിതപ്പെടും. ഒരുപക്ഷേ ഒരു കത്തെഴുതുന്നതിലേക്ക്, നിങ്ങളുടെ പാഠ്യവിഷയങ്ങളിൽ കബളിപ്പിക്കൽ നടത്തുന്നതിന്, ചാറ്റ് ജിപിടിയെക്കൊണ്ട് ഗൃഹപാഠങ്ങൾ ചെയ്യിപ്പിക്കുന്നതുപോലെയുള്ള ചെറിയ കാര്യങ്ങളിലേക്ക് അത് ചുരുങ്ങാം. അതുപോലെ ഉപരിപ്ലവമായ കാര്യങ്ങൾ ചെയ്യാനാവും അതിനോട് നിങ്ങൾ ആവശ്യപ്പെടുന്നത്. അപ്പോൾ പുതുതായി വരുന്ന ഇത്തരം മാതൃകകളിൽ നിന്ന് ഒരു മനുഷ്യബുദ്ധി ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.

തൊഴിലുകളെ എങ്ങനെ ബാധിക്കും ?
യന്ത്രവൽക്കരണം വരുമ്പോൾ ചില പ്രത്യേകതരം തൊഴിലുകളെ അത് ബാധിക്കുമെന്ന് കാണേണ്ടതുണ്ട്. ആ പ്രത്യേക ശ്രേണിയിലുള്ള തൊഴിലുകൾ അപ്രത്യക്ഷമാകും. പുതിയ തരത്തിലുള്ള തൊഴിലുകൾ ആവിർഭവിച്ചേക്കാം, അത് നഷ്ടപ്പെട്ട തൊഴിലുകൾക്ക് പകരമായേക്കാം, പക്ഷേ തൊഴിൽ നഷ്ടപ്പെടുകയും പുതുതായി തൊഴിൽ നേടുകയും ചെയ്യുന്ന മനുഷ്യർ വ്യത്യസ്തരായിരിക്കും. ജനങ്ങളിൽ ഒരു വിഭാഗത്തിന് നഷ്ടപ്പെടുകയും മറ്റൊരു വിഭാഗത്തിന് നേട്ടമുണ്ടാവുകയും ചെയ്യുന്നു എന്നാണ് അതിന്റെ അർത്ഥം. തൊഴിൽ നഷ്ടപ്പെട്ട ആളുകൾക്കുതന്നെ പുതിയ തൊഴിലുകളിൽ അവസരം ലഭിക്കണമെന്നില്ല. തികച്ചും വ്യത്യസ്തരായ ഒരു വിഭാഗത്തിനായിരിക്കും ഒരുപക്ഷേ അത് ലഭിക്കുക. അപ്പോൾ ഒരു എഐ ഭരണവ്യവസ്ഥ സ്ഥാപിതമായാൽ, നമ്മൾ അന്വേഷിക്കുന്ന എഐ ഉപകരണങ്ങൾ ലഭ്യമായാൽ, നിശ്ചയമായും വ്യത്യസ്ത വിഭാഗങ്ങളിലുള്ള ആളുകളെ അത് ബാധിക്കും. കാരണം നമ്മൾ ആഗോള സേവന കമ്പോളത്തിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുകയാണ്. എഐയ്ക്ക് വലിയ പ്രാധാന്യം ലഭിക്കുന്ന രീതിയിൽ സേവനങ്ങളുടെ ആഗോള കമ്പോളത്തിന്റെ രൂപരേഖതന്നെ മാറ്റിവരയ്ക്കപ്പെടുകയാണ്. കോൾ സെന്ററുകൾ, സോഫ്റ്റ്‌വെയർ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക്‌ തൊഴിൽ നഷ്ടപ്പെട്ടേക്കും. ഇന്ത്യയിൽ വികസിപ്പിക്കുന്ന സോഫ്റ്റ്‌വെയറുകളിൽ നല്ലൊരു ശതമാനവും ഔട്ട്‌സോഴ്സ് ചെയ്യപ്പെടുന്നവയാണ്. അതിനൊക്കെ വലിയ പ്രശ്നങ്ങൾ നേരിട്ടേക്കാം.

ഹാർഡ്‌വെയർ കുത്തകയും നിർമിത ബുദ്ധി മേഖലയും
എഐയ്ക്ക് ഉപയോഗിക്കാൻ കഴിയുന്ന ചിപ്പുകൾ പ്രത്യേക വിഭാഗത്തിൽപെടുന്ന കമ്പനികളാണ് ഇപ്പോൾ നിർമിക്കുന്നത്. ഈ ചിപ്പുകൾ നിർമിക്കുന്ന കമ്പനികൾ ഏതൊക്കെയാണ്? ഈ ചിപ്പുകൾ രൂപകൽപ്പന ചെയ്യുന്നത് ഏതൊക്കെ കമ്പനികളാണ്? ഉദാഹരണത്തിന്, ആർ എന്ന ഒരു കമ്പനിയുണ്ടെന്ന് കരുതുക. അവർ ചിപ്പുകൾ നിർമിക്കുന്നില്ല. അത് ചിപ്പുകളുടെ രൂപകൽപ്പന മാത്രമേ നിർവഹിക്കുന്നുള്ളൂ. പക്ഷേ ആ ചിപ്പുകൾ അനേകം കാര്യങ്ങൾക്കായി ഉപയോഗിക്കാൻ പറ്റും. നിങ്ങൾ ചിപ്പുകൾ നിർമിക്കുന്നില്ലെങ്കിലും നിങ്ങൾ നിർമാണ മണ്ഡലത്തിൽ നിന്ന് പുറത്തുപോകുന്നില്ല എന്നാണ് അതിനർഥം. നിങ്ങൾ അതുമായി ഇഴുകിച്ചേർന്നു തന്നെ നിൽക്കുന്നു. കാരണം, ചിലപ്പോൾ തായ്‌വാനിൽ നിർമിക്കുന്ന ചിപ്പുകളുടെ രൂപകൽപ്പന നിങ്ങൾ തുടർച്ചയായി ഇവിടെയിരുന്നു നടത്തിക്കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന്, എൻവിഡിയ ചിപ്പുകൾ. ആ ചിപ്പുകൾ എവിടെയെങ്കിലുമായിരിക്കും നിർമിക്കുന്നത്. പക്ഷേ ഇന്നത്തെ ആഗോള ഓഹരി കമ്പോളത്തിലെ വളരെ മൂല്യവത്തായ കമ്പനിയായി എൻവിഡിയ തുടരുന്നു. അപ്പോൾ എഐ വിപ്ലവം എന്നു വിളിക്കുന്നതിൽ നിന്ന് നേട്ടമുണ്ടാക്കുന്ന കമ്പനികളിൽ ഇവയൊക്കെ ഉൾപ്പെടുന്നു.

ചിപ്പുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന സിലിക്കോണിൽ നിന്നാണ് എഐ വിപ്ലവത്തിന്റെ തുടക്കം എന്നുപറയാം. ഇപ്പോൾ ചിപ്പ് നിർമാണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നിർമാണ കമ്പനി എഎസ്എംഎൽ ആണ്. എഐ ഉപകരണങ്ങൾ വികസിപ്പിക്കുന്നവർ (ഉപകരണങ്ങൾ എന്നാൽ കമ്പോളത്തിലെത്തുന്ന എഐ ഉപകരണങ്ങൾ), എഐ വിപ്ലവത്തെ നയിക്കുന്ന ചിപ്പുകൾ, ചിപ്പുകൾ നിർമിക്കുന്നവർ, ചിപ്പുകൾ നിർമിക്കുന്ന യന്ത്രങ്ങൾ രൂപകൽപ്പന ചെയ്യുന്നവർ… ഇങ്ങനെ വലിയൊരു ആവാസവ്യവസ്ഥയിലാണ് എഐ വിപ്ലവം അരങ്ങേറുന്നത്.

ഒരു വ്യക്തിയെ അത് എങ്ങനെയാണ് 
ബാധിക്കാൻ പോകുന്നത്?
സാമ്പത്തികമായി ബാധിക്കാം, സ്വകാര്യതയെ ബാധിക്കാം, ആഗോള സാമ്പത്തികരംഗംതന്നെ പുതുരൂപത്തിലേക്ക് മാറുന്നതിന്‌ ഇടവരുത്താം. രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ മാറ്റം വരുത്താം. ഏത് വലിയ സാങ്കേതികമാറ്റമുണ്ടാവുമ്പോഴും ഇതൊക്കെ സംഭവിക്കുന്നതാണ്. എന്നാൽ നിർമിത ബുദ്ധി സൃഷ്ടിക്കുന്ന മാറ്റങ്ങൾ ലോകത്തിന്റെ രൂപംതന്നെ മാറ്റിമറിക്കാൻ ശേഷിയുള്ളതാണ്. ഈ മത്സരയോട്ടത്തിൽ പങ്കെടുക്കുന്നില്ലെങ്കിൽ നിങ്ങളൊരു പരാജയമായി മാറും. ഈ ഓട്ടത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളുമായുള്ള ബന്ധത്തിൽ വളരെ ദുർബലമായ ഒരു സ്ഥാനത്തേക്ക് തള്ളപ്പെടും. നേരത്തെ വ്യക്തികളുടെ കാര്യം പറഞ്ഞതുപോലെ, ആഗോള സാമ്പത്തികരംഗത്ത് ചിലർക്ക് നേട്ടമുണ്ടാവുകയും മറ്റു ചിലർക്ക് പരാജയം നേരിടേണ്ടിവരികയും ചെയ്യും. ഈ മത്സരയോട്ടത്തിൽ പങ്കെടുക്കുന്നില്ലെങ്കിൽ, പൂർണമായുമല്ലെങ്കിലും അതിലേതെങ്കിലും ചില ഭാഗങ്ങളിലെങ്കിലും മുന്നിൽ നിൽക്കുന്നില്ലെങ്കിൽ, ആഗോള സാമ്പത്തിക ഇടത്തിൽ നിങ്ങൾ പിന്നിലേക്ക് തള്ളപ്പെടും. അതുകൊണ്ടാണ് ആദ്യം ചിപ്പ് യുദ്ധവും പിന്നീട് എഐ യുദ്ധവും നടക്കുന്നത്. കാരണം, ഇത്‌ അന്തിമമായി എല്ലാ വ്യവസായങ്ങളിലേക്കും കടന്നുകയറാൻ പോവുകയാണ്. ഉദാഹരണത്തിന്, ഇന്നു കാണുന്ന കാറുകളിൽ ചിപ്പുകൾ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. നമ്മൾ ഉപയോഗിക്കുന്ന ഓരോ ഉൽപ്പന്നത്തിലും ചിപ്പ് പ്രവർത്തിക്കുന്നു. ഇന്ത്യയിൽ വ്യാപകമായിട്ടില്ലെങ്കിലും അലക്ക് യന്ത്രത്തിലും ഓവനിലും ഫ്രിഡ്ജിലുമെല്ലാം ചിപ്പുകൾ ഘടിപ്പിച്ചിരിക്കുന്നു. ഊർജ വിപ്ലവത്തിന്റെ അവിഭാജ്യ ഭാഗമായി ചിപ്പുകൾ മാറിയിരിക്കുന്നു. ഇലക്ട്രോണിക് ചിപ്പുകളായ സൗരോർജ സെല്ലുകളെക്കുറിച്ച് പ്രത്യേകിച്ച് പരാമർശിക്കേണ്ട കാര്യമില്ല. പക്ഷേ എങ്ങനെയാണ് വൈദ്യുതി നിയന്ത്രിക്കുന്നത് എന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, അവയെല്ലാം അനേകം ചിപ്പുകളുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത് എന്ന്‌ പറയേണ്ടിവരും.

എഐ വിപ്ലവത്തിന്റെ അവിഭാജ്യഘടകമായും ചിപ്പുകൾ മാറുന്നു. അങ്ങനെ വരുമ്പോൾ ചിപ്പുകൾക്ക് വലിയ ആവശ്യകതയുണ്ടാവുന്നു. ഇവ നിർമിക്കാൻ കമ്പനികൾ മത്സരിക്കും. അതുകൊണ്ടുതന്നെ എഐ അധീശത്വത്തിനായുള്ള യുദ്ധം അതിനുമാത്രമല്ലാതായിത്തീരുന്നു. ഏറ്റവും അത്യന്താധുനികമായ ചിപ്പുകൾ ആരുണ്ടാക്കുന്നു എന്നതിലേക്കും ആ യുദ്ധം നീളുന്നു. അപ്പോൾ ചിപ്പ് നിർമിക്കുന്നതാരെന്നതും ചിപ്പുകൾ നിർമിക്കുന്ന യന്ത്രങ്ങൾ നിർമിക്കുന്നതാരെന്നതും പ്രസക്തമാവുന്നു. ആത്യന്തികമായി ഇത്‌ ലോകത്തെ പ്രമുഖ രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക യുദ്ധമാണ്. ഈ യുദ്ധത്തിലെ രണ്ട് പ്രധാന ശക്തികൾ അമേരിക്കയും ചൈനയുമാണ്.സാങ്കേതികവിദ്യയുടെ കാര്യത്തിൽ ചൈന അമേരിക്കയ്‌ക്ക്‌ ഒപ്പമെത്തിക്കൊണ്ടിരിക്കുകയാണ്‌. തദ്ദേശീയമായി നിർമിക്കാൻ കഴിയുന്ന ചിപ്പുകളുടെ കാര്യത്തിൽ രണ്ടു തലമുറ പിന്നിലാണെങ്കിലും ചൈനയ്ക്ക് സാധ്യമാവില്ലെന്ന് അമേരിക്ക കരുതിയിരുന്ന കാര്യങ്ങൾ സാധ്യമാക്കാൻ ഇപ്പോഴവർക്ക് കഴിയുന്നുണ്ട്. ആധുനികോത്തര ചിപ്പുകളുടെ നിർമാണത്തിലുള്ള കുത്തക നിലനിർത്താൻ സാധിച്ചാൽ എഐ മേഖല നിയന്ത്രിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു അമേരിക്ക. എഐയെ നിയന്ത്രിക്കാൻ സാധിച്ചാൽ എൻജിനിയറിങ്‌ മേഖല, നിർമാണ മേഖല, സേവന മേഖല തുടങ്ങിയവയിലെല്ലാം അത്‌ കടന്നുകയറുമെന്നും അങ്ങനെ ചൈനയെക്കാൾ മൂന്നു മുതൽ അഞ്ചു വർഷങ്ങളുടെവരെ മുൻതൂക്കം തങ്ങൾക്ക് ലഭിക്കുമെന്നുമായിരുന്നു അമേരിക്കയുടെ അവകാശവാദം. എന്നാൽ ഈ വാദം പൊള്ളയാണെന്ന്‌ ഡീപ്‌സീക്‌ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിലൂടെ ചൈന തെളിയിച്ചു.

ഇന്ത്യയെന്താണ് ഈ മത്സരത്തിൽ 
സജീവ പങ്കാളിയാകാത്തത് ?
ഈ ചോദ്യം ഇവിടുത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ഇപ്പോൾ തന്നെ ഗൂഗിൾ അല്ലെങ്കിൽ മൈക്രോസോഫ്റ്റുപോലുള്ള വൻ കമ്പനികളുടെ തലപ്പത്ത് ഇന്ത്യക്കാരുണ്ട്. അതായത്, ഒരു ആഗോള മത്സരത്തിൽ പങ്കെടുക്കാനുള്ള മാനവവിഭവശേഷി നമുക്കുണ്ട്. പക്ഷേ, ഇതൊക്കെ നിലനിൽക്കുമ്പോഴും എന്തുകൊണ്ടാണ് ഇപ്പോഴും നമ്മൾ മത്സരത്തിന്റെ ഭാഗമാകാത്തത് എന്ന ചോദ്യത്തിന് ഇന്ത്യൻ സാങ്കേതിക ബുദ്ധികേന്ദ്രങ്ങൾ മറുപടി നൽകേണ്ടതുണ്ട്. കഴിഞ്ഞ ഇരുപത്‐മുപ്പത് വർഷമായി ഈ മേഖലയിൽ രാജ്യത്തെ നയിക്കുന്നവർ തീർച്ചയായും ഇതിനുത്തരം പറയേണ്ടിവരും. ഇന്ത്യയുടെ കൊട്ടിഘോഷിക്കപ്പെടുന്ന സോഫ്റ്റ്‌വെയർ നൈപുണ്യങ്ങളുടെ വെളിച്ചത്തിലും എന്തുകൊണ്ട് ഈ മത്സരത്തിൽ കക്ഷിയാകുന്നില്ല എന്ന ചോദ്യമുയരും. സോഫ്റ്റ്‌വെയർ നൈപുണ്യമുള്ള നിരവധി ഇന്ത്യക്കാരുണ്ട്‌. അവരിൽ പലരും പ്രവാസികളാണെങ്കിൽ കൂടി ഇന്ത്യയെയാണ്‌ പ്രതിനിധീകരിക്കുന്നത്‌. എന്നിട്ടും നമ്മൾ എന്തുകൊണ്ട് മത്സരാർഥിയാകാതിരിക്കുന്നു എന്നതിന്റെ ഉത്തരം തീർച്ചയായും രാജ്യത്തെ ജനങ്ങൾക്ക്‌ ലഭിക്കേണ്ടതുണ്ട്‌.

ഇപ്പോൾ നമ്മൾ ജീവിക്കുന്ന ലോകത്തെ എഐ 
എങ്ങനെയാണ് ബാധിക്കാൻ പോകുന്നത്‌?
ഇത്തരം സാങ്കേതികവിദ്യകൾ മനുഷ്യരിൽനിന്ന് നിയന്ത്രണം ഏറ്റെടുത്തുകളയും എന്ന ഭയം എല്ലാവർക്കുമുണ്ട്‌. പക്ഷേ ആ ഭയം ശാസ്ത്രാഖ്യായികകളിൽ മാത്രം നിലനിൽക്കുന്നതാണ്‌ എന്നാണ്‌ ഞാൻ കരുതുന്നത്. അതിനാൽ അതേക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. തീർച്ചയായും നിർമിതബുദ്ധി പ്രഭാവങ്ങൾ സൃഷ്ടിക്കും. ചില സമയങ്ങളിൽ അതിനു നമ്മളെക്കുറിച്ച് നമ്മളെക്കാൾ കൂടുതൽ കാര്യങ്ങൾ അറിയാം എന്ന നിലയും സംജാതമായേക്കാം. പക്ഷേ നിലവിലെ സാഹചര്യത്തിൽ അതിന് മനുഷ്യനാവാൻ കഴിയുന്ന ഒരു സാധ്യതയും നിലനിൽക്കുന്നില്ല. ഇപ്പോൾ അത് അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. അനുകരിക്കാൻ അതിനെ പരിശീലിപ്പിക്കുകയാണ്. കംപ്യൂട്ടർ കോഡ് എഴുതുന്നതിൽ, കത്തെഴുതുന്നതിൽ, ചില ഗവേഷണങ്ങളിലൊക്കെ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി പറഞ്ഞാൽ, താരതമ്യേന മികച്ച രീതിയിൽ അത് ചെയ്തു തരും.

ഈ ഉപകരണങ്ങൾ കുറഞ്ഞ നിരക്കിൽ കമ്പനികൾക്ക് ലഭിക്കുകയാണെങ്കിൽ ഏതൊക്കെ തൊഴിലുകളായിരിക്കും അഭിസംബോധന ചെയ്യപ്പെടാൻ പോകുന്നതെന്ന് പരിശോധിക്കാം. ഇന്ന് നല്ലൊരു ശതമാനം കമ്പനികളും സേവനദാതാക്കളാണ്. ഉദാഹരണം, ബാങ്കുകൾ. ഇങ്ങനെ സേവനം പ്രദാനം ചെയ്യുമ്പോൾ ഉയർന്നുവരാവുന്ന എല്ലാ പ്രശ്നങ്ങൾക്കും മാനുഷികമായ ഉത്തരം ആവശ്യമായി വരും. അപ്പോൾ നിങ്ങൾ കോൾ സെന്ററുകൾ വഴി ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. പക്ഷേ ഈ ചോദ്യങ്ങൾ, അല്ലെങ്കിൽ പ്രശ്നങ്ങളെല്ലാംതന്നെ ആവർത്തിച്ചാവർത്തിച്ച് ഉയർന്നുവരാവുന്നതാണ്. അപ്പോൾ ഒരു എൺപത് ശതമാനം പ്രശ്നങ്ങൾക്കും മുൻകൂർ തയ്യാറാക്കിയ ഉത്തരങ്ങൾ മതിയാവും. എന്നാൽ ഇരുപത് ശതമാനം ചോദ്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്, എന്താണ് നിങ്ങൾ ചോദിക്കുന്നത് എന്ന് തിരിച്ചറിയാൻ സാധിക്കുന്ന മനുഷ്യർതന്നെ വേണ്ടിവരും; വളരെ അപൂർവമായി മാത്രമേ അത്തരം സാഹചര്യം ഉയർന്നുവരൂ എങ്കിൽപോലും. പക്ഷേ ഇത്തരം കാര്യങ്ങൾ പോലും യന്ത്രവൽക്കരിക്കാൻ സാധിക്കും. അതായത്, ഒരു മനുഷ്യൻ എങ്ങനെ ഉത്തരം നൽകാൻ സാധ്യതയുണ്ടോ ആ രീതിയിൽ അതിനെ യന്ത്രവൽക്കരിക്കാൻ സാധിക്കും. എന്താണ് യഥാർഥത്തിൽ ചോദ്യത്തിന്റെ പൊരുളെന്ന് “മനസ്സിലാക്കാൻ’ സാധിക്കുന്ന തരത്തിലുള്ള ഒന്ന്. ബാങ്കുകളെ ഉദാഹരണമായി എടുക്കുകയാണെങ്കിൽ, ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ളവയൊന്നുമല്ല പ്രതികരണ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങളിൽ ഭൂരിപക്ഷവും. പക്ഷേ എന്തൊക്കെയാണ് ഉയർന്നുവരാൻ സാധ്യതയുള്ള ചോദ്യങ്ങളെന്നും അതിനുള്ള ഉത്തരങ്ങളും അവയെ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. ഉത്തരം സംതൃപ്തികരമല്ലെങ്കിൽ, അതുകൊണ്ട് ഗുണമുണ്ടാവുന്നില്ലെങ്കിൽ, ആ ചോദ്യങ്ങൾ അടുത്ത തലത്തിലേക്ക് കൈമാറുന്നു. നിലവിൽ തന്നിരിക്കുന്ന ഒരു പുസ്തകത്തിൽ നിന്ന് ഉത്തരങ്ങൾ കണ്ടെത്താൻ, അല്ലെങ്കിൽ തന്നിരിക്കുന്ന ഉത്തരങ്ങളിൽ അനുയോജ്യമായത് ഉടനടി തെരഞ്ഞെടുക്കാൻ മനുഷ്യരെ പരിശീലിപ്പിക്കുന്നതുപോലെ തന്നെയുള്ള പ്രക്രിയയാണിത്‌. പക്ഷേ ഏതെങ്കിലുമൊരു ഘട്ടത്തിൽ മനുഷ്യരുടെ ഇടപെടൽ ആവശ്യമായി വരുമെന്നു തന്നെയാണ് ഞാൻ കരുതുന്നത്. എന്നാൽ, ഇത്തരം കാര്യങ്ങൾ യന്ത്രത്തെക്കൊണ്ട്‌ ചെയ്യിക്കാൻ കഴിയും എന്നതിലാണ്‌ കാര്യം. എന്നാൽ ചെലവ് കൂടുതലാകാനും പാടില്ല.

ഇനി സോഫ്റ്റ്‌വെയർ കോഡിങ്ങിലേക്ക് കടന്നാൽ, എന്താണ് ഇന്ത്യയിലെ മിക്ക കമ്പനികളും ചെയ്യുന്നത്? വിദേശങ്ങളിലെ, അല്ലെങ്കിൽ വികസിത രാജ്യങ്ങളിലെ വലിയ കമ്പനികളിൽനിന്ന് കൈമാറുന്ന ജോലികളാണ് അവർ അധികവും നിർവഹിക്കുന്നത്. അവിടുത്തെ സോഫ്റ്റ്‌വെയർ എൻജിനിയർമാർക്ക്‌ കൊടുക്കേണ്ട തുക ഇന്ത്യയിലേതിനേക്കാൾ വളരെ കൂടുതലായതിനാലാണ്‌ ഇങ്ങനെ സംഭവിക്കുന്നത്. ഇതേ ജോലി നിർവഹിക്കുന്ന എൻജിനിയർ അമേരിക്കയിൽ പോയാൽ വലിയ ശമ്പളം ലഭിക്കും. എന്നാൽ പലരും ഇന്ത്യയിൽതന്നെ തുടരാൻ ആഗ്രഹിക്കുന്നവരാണ്‌. അപ്പോൾ അവർക്ക് വളരെ കുറഞ്ഞ വേതനമേ ലഭിക്കൂ. ഇന്ത്യയിൽ നടക്കുന്ന കോഡിങ്‌ ജോലികളിൽ വലിയൊരു ഭാഗവും യന്ത്രവൽക്കരിക്കാൻ സാധിക്കും. അടുത്തകാലത്ത്‌ ഒരു കമ്പനിയെക്കുറിച്ച് വാർത്തകളുണ്ടായിരുന്നു. തങ്ങളുടെ തൊഴിൽസേനയുടെ എൺപത് ശതമാനത്തിനും പകരമായി യന്ത്രങ്ങളെ ഉപയോഗിച്ച് ചെയ്യാൻ തുടങ്ങിയെന്നാണ് അവർ പറയുന്നത്. അത് സത്യമാണോ എന്നറിയില്ല.

പൂർണമായും ഓപ്പൺ സോഴ്സ്ഡ് ആയതിനാൽ അഞ്ചു ലക്ഷം രൂപ മുതൽ പത്തു ലക്ഷം രൂപവരെ ചെലവിൽ ഡീപ്‌സീക്‌ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഒരു ചെറുകിട കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു സോഫ്റ്റ്‌വെയർ കോഡ് ഉൽപ്പാദിപ്പിക്കാൻ സാധിക്കും. ആ കോഡ് അന്തിമമായിരിക്കണം എന്ന് നിർബന്ധമൊന്നുമില്ലെങ്കിൽ പ്രശ്നത്തെ കൃത്യമായി നിർവചിക്കാൻ പ്രാപ്തമായ ഒന്നായിരിക്കും അത്. ആ കോഡ് ഉപയോഗപ്രദമാക്കുന്നതിന് ചെറിയ മിനുക്കുപണികൾ മാത്രം ചെയ്‌താൽ മതിയാകും. അതായത്, ആ പ്രശ്നത്തിന് ഫലപ്രദമായ പരിഹാരം ആ കോഡിങ്ങിലൂടെ കണ്ടെത്താൻ സാധിക്കുന്നു എന്നർത്ഥം. എന്നാൽ പ്രശ്നമെന്താണെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിൽ കുഴയും. അപ്പോൾ വ്യവസ്ഥയുടെ കൃത്യമായ നിർവചനമാണ് ആവശ്യം. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്, പ്രശ്നം കൃത്യമായി തിരിച്ചറിയാൻ സാധിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ നിങ്ങളുടെ സംഘത്തിൽ ഉണ്ടായിരിക്കുക എന്നതാണ്. ദൗർഭാഗ്യവശാൽ അത്തരത്തിലുള്ള ശേഷി ഇന്ത്യയിൽ വികസിപ്പിക്കുന്നതിന്‌ നമുക്കു കഴിഞ്ഞിട്ടില്ല.

മറ്റു രാജ്യങ്ങളിലെ കമ്പനികളുടെ ആവശ്യം നിറവേറ്റിക്കൊടുക്കുക എന്ന സ്ഥിതിയാണ് ഇപ്പോൾ ഇന്ത്യയിൽ നിലനിൽക്കുന്നത്. ഇത് മുഴുവൻ കമ്പനികളെയും സംബന്ധിച്ചിടത്തോളം ശരിയായിരിക്കണമെന്നില്ല. പക്ഷേ ബഹുഭൂരിപക്ഷം കമ്പനികളും അമേരിക്കയിൽ നിന്നുള്ള നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നവയാണ്. ഏതുതരം സോഫ്റ്റ്‌വെയറാണ് ആവശ്യം, എങ്ങനെ സോഫ്റ്റ്‌വെയർ വികസിപ്പിക്കണം എന്ന്‌ അമേരിക്കൻ കമ്പനികൾ നിർദേശിക്കുന്നു. അവർക്ക്‌ ആവശ്യമുള്ള രീതിയിൽ ഇവിടെയുള്ള കമ്പനികൾ അത്‌ വികസിപ്പിച്ചു കൊടുക്കുന്നു. അതുകൊണ്ടാണ്‌ ഡീപ്‌-സീക്‌ പോലുള്ളവ ഇന്ത്യൻ സോഫ്റ്റ്‌വെയർ വ്യവസായത്തിൽ നിർണായക പ്രത്യാഘാതം സൃഷ്ടിക്കും എന്നുപറയുന്നത്‌. തൊഴിൽ നഷ്ടങ്ങൾ ഉറപ്പായും സംഭവിക്കും. മാത്രമല്ല, ഇടത്തരം അല്ലെങ്കിൽ അതിലും താഴ്ന്ന നിലവാരത്തിൽ സോഫ്റ്റ്-വെയർ എൻജിനിയർമാരെ സൃഷ്ടിക്കുന്ന കോളേജുകൾ, തൊഴിൽ ലഭിക്കുമെന്ന പ്രതീക്ഷയിൽ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നുണ്ടെങ്കിലും നൈപുണ്യമുള്ള ഒരു സോഫ്റ്റ്-വെയർ എൻജിനിയറാവുന്നതിനുപകരം കോഡിങ്ങിൽ മാത്രമാണ് അവർക്ക് പരിശീലനം നൽകുന്നത്. ഈ കോഡിങ്‌ രംഗംതന്നെ ഇല്ലാതായി മാറാനുള്ള സാധ്യതയാണ്‌ മുന്നിലുള്ളത്‌. കോഡിങ്‌ ചെയ്യുന്നവരുടെ എണ്ണം കുത്തനെ കുറയാനാണ് സാധ്യത. കോഡിങ്ങെല്ലാം ഇനിയുള്ള കാലത്ത്‌ എഐ ഉപയോഗിച്ചാവും നിർവഹിക്കുക. ഇത് ഉടനടി, സംഭവിക്കണമെന്നില്ല. പക്ഷേ, അടുത്ത അഞ്ചു വർഷത്തിനിടെ വലിയൊരു മാറ്റം സോഫ്റ്റ്‌വെയർ വ്യവസായത്തിൽ സംഭവിക്കും. ഇപ്പോഴുള്ള സോഫ്റ്റ്‌വെയർ വ്യവസായത്തിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും ഇനി ലോകം കാണാൻ പോകുന്നത്.

ഇന്നത്തെ ലോക സാഹചര്യത്തിൽ 
എഐ വിപ്ലവത്തിൽ നിന്ന്‌ ആരാണ് 
നേട്ടമുണ്ടാക്കാൻ പോകുന്നത്?
മാതൃകകൾ ഉണ്ടാക്കുന്നവർ, തങ്ങളുടെ ജോലികൾക്കായി ആ മാതൃകകൾ വാങ്ങുന്നവർ, ഹാർഡ്‌വെയർ, അല്ലെങ്കിൽ ചിപ്പുകൾ വികസിപ്പിക്കുന്നവർ എന്നീ വിഭാഗങ്ങളിൽപെടുന്ന കമ്പനികളായിരിക്കും ഏറ്റവും കൂടുതൽ പണമുണ്ടാക്കാൻ പോകുന്നത്. ഇന്ന് നിർമിതബുദ്ധി വ്യവസായത്തിലെ ഏറ്റവും വലിയ കമ്പനി എൻവിഡിയ ആണ്. ഓഹരി വിലയെ നിക്ഷേപകരുടെ എണ്ണംകൊണ്ടു ഗുണിക്കുമ്പോൾ കിട്ടുന്ന മൂല്യം വച്ച് ഇപ്പോൾ എൻവിഡിയയാണ്‌ ഏറ്റവും മുന്നിൽ നിൽക്കുന്നത്.

ഭാവിലോകം കൂടുതൽ യന്ത്രവൽക്കരണത്തിന് വിധേയമാകും എന്ന വസ്തുതയാണ് നമുക്കു മുന്നിലുള്ളത്‌. ഗാസയിൽ, ആരാണ് കൊല്ലപ്പെടേണ്ടത് എന്ന് തിരിച്ചറിയുന്നതിന് എഐ ഉപകരണങ്ങൾ ഇസ്രയേൽ ഉപയോഗിക്കുന്നുണ്ട്‌. രഹസ്യാന്വേഷണ ഏജൻസികളുടെ വിവരശേഖരണത്തിലൂടെയാണ് ഇത്‌ സാധിക്കുന്നത്‌. ഹമാസിൽ പ്രവർത്തിക്കാൻ സാധ്യതയുള്ള ആളുകൾ ആരൊക്കെയാണ്, അയാൾ എവിടെ ജീവിക്കുന്നു, അയാൾ ഉറങ്ങുന്ന സമയം എപ്പോഴാണ് ഇതൊക്കെ കണ്ടെത്തുന്നതിന് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികൾ എഐ ഉപയോഗിക്കുന്നു. കാരണം, ഉറങ്ങിക്കിടക്കുമ്പോൾ കൊല്ലാനാണ് ഏറ്റവും എളുപ്പം. എഐ ഉപയോഗിച്ചുള്ള ഈ രീതിയിലുള്ള ആക്രമണത്തിലൂടെ ഹമാസിന് അനവധി പ്രവർത്തകരെ നഷ്ടമായിട്ടുണ്ട്‌. എന്നാൽ കൊല്ലപ്പെട്ടവരിൽ പലർക്കും ഹമാസുമായോ യുദ്ധവുമായോ യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഗാസയിലെ സർക്കാർ ജീവനക്കാർ എന്ന നിലയിൽ മാത്രമായിരുന്നു അവരിൽ പലർക്കും ഹമാസുമായുള്ള ബന്ധം. വധിക്കപ്പെടേണ്ടവരുടെ പട്ടികയിൽ പെട്ടുകഴിഞ്ഞാൽ പിന്നെ നിങ്ങൾ കുടുംബത്തോടൊപ്പം ഉറങ്ങുകയാണോ എന്നതൊന്നും ഒരു പ്രശ്നമല്ല. അത്തരം വിഷയങ്ങളൊന്നും പരിഗണിക്കേണ്ടതില്ല, അയാൾ എവിടെയുണ്ടെന്ന് മാത്രം പറഞ്ഞാൽ മതി, ബാക്കി ഞങ്ങൾ ചെയ്തുകൊള്ളാം എന്നാണ് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം എഐയ്ക്ക് നൽകിയിരിക്കുന്ന നിർദേശം. വിവരങ്ങൾ ലഭിച്ച ഉടനെ അയാളെ കൊല്ലുന്നതിനായി മിസൈൽ തൊടുക്കുന്നു. ഈ രീതി അവലംബിച്ചതിനാലാണ്‌ ഗാസയിൽ ധാരാളം സിവിലിയന്മാർ കൊല്ലപ്പെട്ടത്.

ഇതിന്റെ പരിണതഫലമായി, ഒരു ഘട്ടത്തിൽ യുദ്ധത്തിൽ എഐ ഉപയോഗിക്കരുത് എന്ന ആവശ്യവുമായി ചില സംഘടനകൾ ഐക്യരാഷ്ട്രസഭയെ സമീപിച്ചിരുന്നു. ഞാനും അത്തരമൊരു സംഘത്തിന്റെ ഭാഗമായിരുന്നു.

ഈ രംഗത്ത് പ്രധാനികളാകാൻ 
പോകുന്ന രാജ്യങ്ങൾ 
ഏതൊക്കെയായിരിക്കും?
ആത്യന്തികമായി രാജ്യത്തിന്റെ സമ്പദ്ഘടനയ്‌ക്ക്‌ വലിയ പ്രസക്തിയുണ്ടെന്നാണ്‌ ഞാൻ കരുതുന്നത്. ഡോളർ അടിസ്ഥാനത്തിലുള്ള മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ കണക്കുകൾ ഞാൻ മുഖവിലയ്ക്കെടുക്കുന്നില്ല. പക്ഷേ വാങ്ങൽശേഷിയിലെ തുല്യത കണക്കിലെടുക്കുകയാണെങ്കിൽ, ഒരു ഡോളർ അല്ലെങ്കിൽ ഒരു രൂപകൊണ്ട് എന്തുമാത്രം വാങ്ങാൻ സാധിക്കുമെന്ന് മനസ്സിലാകും. നിങ്ങൾക്ക് എത്രമാത്രം വാങ്ങാൻ സാധിക്കുന്നു എന്നതാണ് ആ കറൻസിയുടെ മൂല്യം നിർണയിക്കുന്നത്. അത് മറ്റ് ഉൽപ്പന്നങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ഒരു ഡോളർകൊണ്ട് എത്ര മുട്ടകൾ വാങ്ങാമെന്നും ഇന്ത്യയിൽ ഒരു രൂപ കൊടുത്താൽ എത്ര മുട്ടകൾ കിട്ടും എന്നതുമാണ് ഇത് അളക്കാനുള്ള ഏറ്റവും ലളിതമായ രീതി. അങ്ങനെയാണ് നമ്മൾ ഒരു സമ്പദ്ഘടനയെ ആനുപാതികമായി ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത്. ഇങ്ങനെ വാങ്ങൽശേഷി തുല്യതയുടെ അളവിൽ ചൈനയാണ് ഏറ്റവും മുന്നിലെന്ന് കാണാൻ സാധിക്കും. അമേരിക്ക രണ്ടാമത് വരും. സമ്പദ്ഘടനയുടെ ഡോളർ മൂല്യത്തിലല്ല, മറിച്ച് വാങ്ങൽശേഷി തുല്യതയുടെ അനുപാതത്തിൽ ഇന്ത്യ മൂന്നാമതെത്തുന്നു. നാലാമതായി വരുന്നത് റഷ്യയാണ്. അഞ്ചാമതായി വരിക ജപ്പാനായിരിക്കുമെന്ന് ഞാൻ കരുതുന്നു. ജർമനി ആറാമതായി വരുമെന്നാണ് കരുതുന്നതെങ്കിലും ജർമനി അഞ്ചാമതും ജപ്പാൻ ആറാമതുമായിക്കൂടാ എന്നുമില്ല. ആദ്യത്തെ അഞ്ച് രാജ്യങ്ങളിൽ രണ്ടെണ്ണത്തെ മാത്രമേ പാശ്ചാത്യരാജ്യങ്ങൾ എന്നുവിളിക്കാൻ സാധിക്കൂ എന്നതാണ് ഇതിൽ ഏറ്റവും കൗതുകകരം. ചൈനയും ഇന്ത്യയും എന്തിന് റഷ്യയും പാശ്ചാത്യരാജ്യങ്ങളുടെ പട്ടികയിൽ വരുന്നില്ല. ഏതായാലും വലിയ സമ്പദ്ഘടനകളുള്ള ഈ രാജ്യങ്ങൾ ഈ മത്സരത്തിൽ സജീവമായിരിക്കും. പക്ഷേ, ഈ വൻ സമ്പദ് ഘടനകളുടെ ഭാവി നിശ്ചയിക്കുന്നത് ഇലക്ട്രോണിക് രംഗത്ത് ഇടപെടാനുള്ള അവരുടെ ശേഷിയെക്കൂടി ആശ്രയിച്ചിരിക്കും; അതായത് ഹാർഡ്‌വെയർ രംഗത്തും സോഫ്റ്റ്‌വെയർ രംഗത്തുമുള്ള ശേഷി.

ചിപ്പ് യുദ്ധവും ചൈനയും
ഹാർഡ്‌വെയർ രംഗത്ത് മേധാവിത്വം നേടാനാകാത്തപക്ഷം അമേരിക്ക ചൈനയ്ക്കുമേൽ ഏർപ്പെടുത്താൻ ശ്രമിക്കുന്ന ഉപരോധങ്ങൾ പോലെയുള്ളവ മറ്റു രാജ്യങ്ങൾക്കും നേരിടേണ്ടി വരും. ചിപ്പ് യുദ്ധം എന്നു പറയുന്നതുതന്നെ അതാണ്. കഴിഞ്ഞ മൂന്ന് വർഷക്കാലം മികച്ച ചിപ്പുകൾ ലഭ്യമാകുന്നതിൽ നിന്ന്‌ ചൈനയെ മാറ്റിനിർത്താൻ അമേരിക്കയ്‌ക്ക്‌ സാധിച്ചു. ഇതോടെ എഐ രംഗത്ത് ചൈന പിന്നാക്കം പോകുമെന്നാണ് അമേരിക്ക കരുതിയിരുന്നത്. എന്നാൽ അമേരിക്കയെ അമ്പരപ്പിച്ചുകൊണ്ട്‌ ചൈന മുന്നേറി. രണ്ടു മാർഗങ്ങളിലൂടെയാണ് ചൈന ഈ നേട്ടം കൈവരിച്ചത്‌. ചിപ്പ്‌ നിർമാണത്തിൽ ഹുവായ്‌ കമ്പനിയാണ് ചൈനയിൽ മുന്നിലുള്ളത്‌. എഎസ്എംഎൽ നിർമിക്കുന്ന ഉൽപ്പന്നങ്ങൾക്ക് സമാനമായ ഉൽപ്പന്നങ്ങൾ നിർമിക്കാനുള്ള ശേഷി ഹുവായ്‌ കമ്പനിക്കുണ്ട്‌. ആ ചിപ്പ്‌ അവർ തദ്ദേശീയമായി വികസിപ്പിച്ചതാണ്. ഏറ്റവും പുതിയതല്ലെങ്കിലും മുൻതലമുറ ഉപകരണങ്ങൾ എഎസ്എംഎൽ ഇപ്പോൾ ചൈനയ്ക്ക് നൽകുന്നുണ്ട്‌. അതിനോടൊപ്പം എസ്എംഐസി എന്ന ചിപ്പ് നിർമാണ കമ്പനിയും ചൈനയ്‌ക്കുണ്ട്. തയ്‌വാൻ ചിപ്പ് നിർമാണ കമ്പനിയായ ടിഎസ്എംസിയെ പോലെ അത്ര മേന്മയുള്ളതല്ലെങ്കിലും എസ്എംഐസി നിശ്ചിത നിലവാരത്തിലേക്ക് വളർന്നിട്ടുണ്ട്. എങ്കിലും അവരിപ്പോഴും ഒന്നോ രണ്ടോ തലമുറ പിന്നിലാണ്.

എഐ കമ്പനികൾ നടത്തിയ തന്ത്രപൂർവമായ യന്ത്രവൽക്കരണത്തിലൂടെ, ഏറ്റവും പുതിയ തരം ചിപ്പുകൾ ആവശ്യമില്ലെന്ന് ചൈന തെളിയിച്ചു. സോഫ്റ്റ്‌വെയർ എൻജിനിയറിങ്ങിന് മികവുണ്ടെങ്കിൽ മുൻതലമുറ ചിപ്പുകൾ ഉപയോഗിച്ച് കാര്യങ്ങൾ നിർവഹിക്കാൻ കഴിയുമെന്ന്‌ ചൈനക്കാർ തെളിയിച്ചു. ഇതിലൂടെ ഈ രംഗം മത്സരാധിഷ്‌ഠിതമാക്കുക എന്ന ലക്ഷ്യമാണ് ചൈന നേടിയെടുക്കുന്നത്. ഇപ്പോൾ മുൻതലമുറ ചിപ്പുകൾ ചൈനീസ്‌ കന്പനികൾക്ക്‌ തദ്ദേശീയമായി നിർമിക്കാൻ സാധിക്കുന്നു അല്ലെങ്കിൽ, കമ്പോളത്തിൽനിന്ന് ലഭ്യമായവ വാങ്ങാൻ സാധിക്കുന്നു. ഇപ്പോൾ അവർക്ക് മുൻതലമുറ ചിപ്പുകളാണുള്ളതെങ്കിലും അത് ബുദ്ധിപൂർവം ഉപയോഗിക്കുകയാണെങ്കിൽ, അമേരിക്കയ്‌ക്ക്‌ ചെയ്യാൻ സാധിക്കുന്നതൊക്കെ തങ്ങൾക്കും സാധ്യമാകുകയോ കുറഞ്ഞപക്ഷം അവരുമായി മത്സരിക്കാനെങ്കിലും സാധിക്കുകയോ ചെയ്യുമെന്ന് ചൈന തെളിയിക്കുകയാണ്.

ഇന്ത്യ എന്തുകൊണ്ടാണ് ചിപ്പ്‌ 
നിർമാണമേഖലയിലേക്ക്‌ 
പ്രവേശിക്കാത്തത്‌?
നമുക്ക് പഞ്ചാബിലെ മൊഹാലിയിൽ സെമി കണ്ടക്ടർ നിർമാണ കോംപ്ലക്സ്‌ ഉണ്ടായിരുന്നു. ആ സമയത്ത്‌ ലോകത്ത്‌ നിർമിച്ചിരുന്ന ഏറ്റവും നവീനമായ സെമി കണ്ടക്ടറുകളെ അപേക്ഷിച്ച് രണ്ട് തലമുറ പിറകിലുള്ളതായിരുന്നു ഇന്ത്യയുടേത്‌. പക്ഷേ 1989ൽ അത്‌ കത്തിനശിച്ചു. അത് യാദൃച്ഛികമായി സംഭവിച്ചതാണോ അതോ അട്ടിമറിയാണോ എന്ന ചോദ്യം ഇപ്പോഴും ബാക്കിനിൽക്കുകയാണ്‌. അട്ടിമറിയാണെങ്കിൽ ആരാണ് അതിനു പിന്നിലുള്ളതെന്ന ചോദ്യമുയരുന്നു. അന്ന് ആണവ സാങ്കേതികവിദ്യയുടെയും മിസൈലുകളുടെയും പേരിൽ ഇന്ത്യയ്ക്കെതിരെ അമേരിക്ക ഉപരോധമേർപ്പെടുത്തിയിരുന്നു.

ചിപ്പ് നിർമാണം തന്ത്രപരമായ മേഖലയായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ, ഇന്ത്യയിൽ ചിപ്പ് നിർമാണം പുരോഗമിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം നിലനിൽക്കുന്നു. പഞ്ചാബിലെ മൊഹാലിയിലുള്ള സെമികണ്ടക്ടർ കോംപ്ലക്‌സ്‌ കത്തിയമർന്നപ്പോൾ, എന്തുകൊണ്ട്‌ അത്‌ പുനർനിർമിച്ചില്ല? പുനർനിർമിക്കാൻ മാസങ്ങൾമാത്രം മതിയായിരുന്നു. എന്തുകൊണ്ടാണ് അത് പുനർനിർമിക്കാതിരുന്നത് എന്നതിന്‌ പറഞ്ഞുകേൾക്കുന്നത്‌, ഇന്ത്യൻ ഭരണകൂടത്തിന്റെ തലപ്പത്തുള്ളവർക്ക്‌ താൽപ്പര്യമില്ലാത്തതു കാരണമാണെന്നതാണ്‌. ഉപകരണങ്ങളുടെ നിർമാണത്തിലേക്ക് പോകേണ്ടതില്ലെന്നും സോഫ്റ്റ്‌വെയർ രംഗത്താണ്‌ കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നുമായിരുന്നു എതിർത്തവരുടെ വാദം. എന്നാൽ അതിന്‌ രാജ്യം വലിയ വില കൊടുക്കേണ്ടിവന്നെന്ന്‌ പിൽക്കാല സംഭവങ്ങൾ തെളിയിച്ചു. നവീന ചിപ്പുകളുടെ നിർമാണം തന്ത്രപ്രധാനമായ മേഖലയാണ്‌. കുറച്ചുകാലം ചൈന ഇന്ത്യയെ സഹായിച്ചിരുന്നു. എന്നാൽ ഒരു മത്സരത്തിലേക്ക് നീങ്ങുമ്പോൾ അത്തരം സഹകരണമുണ്ടാവില്ല. അവിടെയാണ് ഇന്ത്യ ഹാർഡ്‌വെയർ ഉപേക്ഷിച്ചതിന്റെ പ്രശ്നം കിടക്കുന്നത്. ചിപ്പ് രൂപകൽപ്പന ചെയ്യുന്ന ധാരാളം പ്രതിഭകൾ ഇന്ത്യയിലുണ്ട്. വിദേശ കമ്പനികൾക്ക് വേണ്ടിയാണ്‌ അവർ രൂപകൽപ്പന നടത്തുന്നത്‌. മറ്റു രാജ്യങ്ങളിലും ഇന്ത്യക്കാർ ഇത്തരം ജോലികൾ ചെയ്യുന്നുണ്ട്‌. പക്ഷേ, നല്ല ചിപ്പ് രൂപകൽപ്പന നടത്തുന്ന ഇന്ത്യൻ കമ്പനികൾ ഇല്ല. അതിനാവശ്യമായ ഹാർഡ്‌വെയർ ശേഷി നമുക്കില്ല. നമുക്ക്‌ മേൽക്കൈ തരുമായിരുന്ന ആ സെമികണ്ടക്ടർ കോംപ്ലക്‌സ്‌ പുനർനിർമിക്കണം. കോംപ്ലക്‌സ്‌ പുനർനിർമാണം ഉപേക്ഷിക്കുന്ന സമയത്ത് ചൈന ആ തലത്തിലേക്ക്‌ ഉയർന്നിരുന്നില്ല. എന്നാൽ ഇന്ന്‌ ചൈന ഇന്ത്യയേക്കാൾ ബഹുദൂരം മുന്നിലാണ്‌.

എഐയെ നിരാകരിക്കണമോ ?
സാങ്കേതികവിദ്യ ഒരിക്കൽ ലഭ്യമായിക്കഴിഞ്ഞാൽ, പിന്നീട് അതൊഴിവാക്കാൻ സാധിക്കില്ല. ആ സാങ്കേതികവിദ്യ ലഭ്യമാകുന്നതിന് മുമ്പുള്ള കാലത്തേക്ക് മടങ്ങിപ്പോകണം എന്ന വാദം അതുകൊണ്ടുതന്നെ അപ്രസക്തമാണ്. എഐ എന്ന് നമ്മൾ വിളിക്കുന്ന ഈ സാങ്കേതികവിദ്യ നമുക്ക് ചുറ്റും വ്യാപിച്ചുകഴിഞ്ഞു. അതോരോ മേഖലയിലേക്കും കടന്നുകയറിക്കൊണ്ടിരിക്കുന്നു. ആദ്യമായി, അത് സേവനമേഖലയിൽ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഇപ്പോൾ നിർമാണ മേഖലയിലേക്കും പടരുകയാണ്. ഒരർഥത്തിൽ, അത് മാനവശേഷിക്ക് പരിപൂരകമായി പ്രവർത്തിക്കും. അതുചെയ്യുമ്പോൾ തന്നെ ഒരു വിഭാഗം ആളുകൾക്ക് തൊഴിലുകൾ നഷ്ടപ്പെടും. അല്ലെങ്കിൽ അവസരങ്ങൾ കുറയും. എന്നാൽ അപ്പോൾ മറ്റൊരു വിഭാഗം ആളുകൾക്ക് നേട്ടങ്ങളുണ്ടാവും. നഷ്ടങ്ങൾ നിങ്ങളെങ്ങനെ കുറയ്ക്കും, പുനരധിവസിപ്പിക്കപ്പെടാനുള്ള അവരുടെ അവകാശത്തെ എങ്ങനെ കൈകാര്യം ചെയ്യും, ഈ സാങ്കേതികവിദ്യയും സമൂഹത്തിന്റെ നിയന്ത്രണത്തിലാക്കുന്നതിനു വേണ്ടി നിങ്ങൾ ഏതുതരത്തിൽ പോരാടും തുടങ്ങിയ കാര്യങ്ങളിലാണ് നമ്മൾ ജാഗരൂകമായിരിക്കേണ്ടത്.

നമ്മുടെ യന്ത്രവൽക്കരണ പ്രക്രിയയിൽ, ഉൽപ്പാദനപ്രക്രിയയിൽ, ഭരണകൂടവുമായുള്ള നമ്മുടെ ബന്ധങ്ങൾ നിർവചിക്കുന്ന പ്രക്രിയയിൽ ഒക്കെ വലിയ മാറ്റങ്ങൾ സംഭവിക്കാൻ പോവുകയാണ്. പക്ഷേ ഈ മാറ്റങ്ങളൊക്കെ വരുമ്പോഴും, മനുഷ്യരുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നത് പ്രധാനമാകുന്നു, അവകാശങ്ങൾക്കുവേണ്ടിയുള്ള അവരുടെ പോരാട്ടം പ്രധാനമാകുന്നു, ആ പോരാട്ടം രാഷ്ട്രീയമായിരിക്കണം എന്നത് അതിപ്രധാനമാകുന്നു എന്നിങ്ങനെയുള്ള അടിസ്ഥാന വസ്തുതകൾ മനസ്സിലാക്കിയിരിക്കണം. അതായത്, ഈ മാറ്റങ്ങളൊന്നുംതന്നെ നമ്മുടെ പൗരർക്ക് ഹാനികരമാകരുത്, മറിച്ച് അത്‌ അവരുടെ ജീവിതം മെച്ചപ്പെടുത്താൻ സാധിക്കുന്ന രീതിയിലായിരിക്കണം എന്ന് നാം തിരിച്ചറിയേണ്ടത് അനിവാര്യമാണ്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

12 + 19 =

Most Popular