വാക്കുകള്‍കൊണ്ടു പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല മയക്കുമരുന്ന് എന്ന മാരകവസ്തു സൃഷ്ടിക്കുന്ന ഘോര വിപത്തുകള്‍. അതു വ്യക്തിയെ തകര്‍ക്കുന്നു. കുടുംബത്തെ തകര്‍ക്കുന്നു. കുടുംബബന്ധങ്ങളെ തകര്‍ക്കുന്നു. സാമൂഹ്യബന്ധങ്ങളെ തകര്‍ക്കുന്നു.
അതു മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. മനുഷ്യനു സങ്കല്പിക്കാനാവുന്നതും സങ്കല്പിക്കാന്‍ പോലുമാവാത്തതുമായ അതിഹീനമായ മഹാകുറ്റകൃത്യങ്ങളുടെ ഉറവിടമാണത്. പ്രിയപ്പെട്ടവരെ കൊലചെയ്യുന്നതടക്കം എത്രയെത്ര ഘോരകുറ്റകൃത്യങ്ങളാണ് മയക്കുമരുന്നിന്റെ ഫലമായി സമൂഹത്തില്‍ നടക്കുന്നത്.
മനുഷ്യനെ മൃഗങ്ങളില്‍ നിന്നു വ്യത്യസ്തനാക്കുന്നത് പാടുള്ളതും പാടില്ലാത്തതും തമ്മില്‍ തിരിച്ചറിയാനുള്ള വിവേചന ബോധമാണ്. ഈ ബോധത്തെത്തന്നെ മയക്കുമരുന്ന് ഇല്ലാതാക്കുന്നു. അതുകൊണ്ടുതന്നെ ബോധാവസ്ഥയില്‍ ഒരിക്കലും ഒരാളും ചെയ്യില്ലാത്ത അധമകൃത്യങ്ങള്‍ പോലും മയക്കുമരുന്നുണ്ടാക്കുന്ന അബോധാവസ്ഥയില്‍ അവര്‍ ചെയ്യുന്നു.
അത്രമേല്‍ അരുതായ്മകള്‍ മയക്കുമരുന്നിന്റെ ഉപയോഗം മൂലം ഉണ്ടാവുന്നു. സ്വബോധത്തിലേക്കു തിരിച്ചുവന്നാല്‍ പശ്ചാത്തപിക്കേണ്ടവിധത്തിലുള്ള കാര്യങ്ങള്‍ മയക്കുമരുന്നിന്റെ ലഹരിയുണ്ടാക്കുന്ന അബോധത്തില്‍ ചിലര്‍ നടത്തുന്നു. അറിഞ്ഞാല്‍ അതിശയോക്തിയാണെന്നു തോന്നും. എന്നാല്‍, സത്യമതാണ്.
അത്തരം വ്യക്തികള്‍ സ്വയം നശിക്കുക മാത്രമല്ല ചെയ്യുന്നത്, കുടുംബത്തെ നശിപ്പിക്കുന്നു, സമൂഹത്തെ നശിപ്പിക്കുന്നു. മയക്കുമരുന്നിന് അടിമപ്പെട്ട വ്യക്തിയെയാകട്ടെ, സമൂഹം ഭയാശങ്കകളോടെ കാണുന്നു. മയക്കുമരുന്നു ശീലിച്ചവര്‍ അതു കിട്ടാതെ വരുമ്പോള്‍ ഭ്രാന്താവസ്ഥയില്‍ ചെന്നുപെടുന്നു. ആ അവസ്ഥയില്‍ അവര്‍ എന്തു ചെയ്യും, എന്തു ചെയ്യില്ല എന്നു പറയാനാവില്ല. സാധാരണാവസ്ഥയില്‍ സ്നേഹവും ബഹുമാനവുമുള്ളവരെ വരെ ഈ അവസ്ഥയില്‍ കൊല ചെയ്തതിന്റെ, അതും അതിനിഷ്ഠുരമാം വിധം കൊല ചെയ്തതിന്റെ ദൃഷ്ടാന്തങ്ങളുണ്ട്.
സ്വയം ഭാരമാവുന്ന, കുടുംബത്തിനും സമൂഹത്തിനും ഭാരമാവുന്ന, എല്ലാവരാലും വെറുക്കപ്പെടുന്ന, സ്വയം നശീകരിക്കാന്‍ വ്യഗ്രത കാട്ടുന്ന വിഭ്രാന്തിയുടെ അവസ്ഥയിലേക്കാണു മനുഷ്യനെ മയക്കുമരുന്നു നയിക്കുന്നത്. നാശം വിതയ്ക്കുന്ന ആ മഹാവിപത്തിന് ഇനി ഒരാളെപ്പോലും വിട്ടുകൊടുക്കാനാവില്ല. പെട്ടുപോയവരെ, എന്തു വില കൊടുത്തും ഏതുവിധേനയും മോചിപ്പിച്ചെടുക്കുകയും വേണം. നാടിനെ, സമൂഹത്തെ രക്ഷിക്കാന്‍ ഇതല്ലാതെ നമുക്കു വേറെ മാര്‍ഗ്ഗമില്ല.
ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നാം മുന്നോട്ടുനീങ്ങുന്നത്. ഇതിന്റെ ആദ്യപടിയായി വിദഗ്ദ്ധരുടെയും വിദ്യാര്‍ത്ഥി–യുവജന സംഘടനകളുടെയും സിനിമ–സാംസ്കാരിക–മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക–രക്ഷാകര്‍തൃ സംഘടനകളുടെയും യോഗം ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കുകയാണ്.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ രൂപരേഖ തയ്യാറാക്കാനായി വിവിധ വകുപ്പുകള്‍ ചേര്‍ന്ന സമിതി രൂപീകരിക്കുകയാണ്. എല്‍ പി ക്ലാസുകള്‍ മുതല്‍ തന്നെ ലഹരിവിരുദ്ധ ബോധവത്കരണം തുടങ്ങും. കുട്ടികളെ കായിക രംഗത്തേക്ക് ആകര്‍ഷിക്കാന്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. ഹോസ്റ്റലുകളും പൊതു ഇടങ്ങളും ലഹരിമുക്തമാണെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയുമാണ്.
പൊലീസിന്റെയും എക്സൈസിന്റെയും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കും. മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള ആധുനിക ഉപകരണങ്ങള്‍ വാങ്ങും. ആവശ്യമെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടികളിലേക്കു നീങ്ങും. ഓണ്‍ലൈന്‍ ലഹരി വ്യാപാരം തടയാനുള്ള നടപടികള്‍ ശക്തമാക്കും. എയര്‍പോര്‍ട്ട്, റെയില്‍വേ, തുറമുഖം എന്നിവ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കും. അതിര്‍ത്തികളിലെ പൊലീസ് പരിശോധന ശക്തമാക്കും. ഇത്തരം സംവിധാനങ്ങള്‍ കാര്യക്ഷമമായിത്തന്നെ നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതു വ്യക്തമാക്കുന്ന കണക്കുകള്‍ തന്നെയുണ്ട്.
ഹൈദരാബാദിലെ വന്‍കിട മയക്കുമരുന്ന് നിര്‍മ്മാണശാല നടത്തുന്ന വ്യക്തിയെ ഹൈദരാബാദില്‍ പോയി അറസ്റ്റ് ചെയ്തത് തൃശ്ശൂര്‍ സിറ്റി പോലീസാണ്. ഒരു മയക്കുമരുന്ന് കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചത് സുപ്രീം കോടതിയില്‍ പോയി റദ്ദ് ചെയ്യിച്ച് അയാളെ തമിഴ്നാട്ടില്‍ പോയി അതിസാഹസികമായി നമ്മള്‍ അറസ്റ്റ് ചെയ്തു. അതുപോലെ മറ്റൊരു പ്രതിയെ ഡല്‍ഹിയില്‍ പോയാണ് അറസ്റ്റ് ചെയ്തത്. ആന്‍ഡമാന്‍ നിക്കോബാറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട നടന്നത് കേരള പൊലീസ് മഞ്ചേരിയില്‍ നിന്ന് അറസ്റ്റുചെയ്ത പ്രതികളില്‍ നിന്നുള്ള ലീഡ് ഉപയോഗിച്ചാണ്. 100 കോടി രൂപയുടെ രാസലഹരിയാണ് ആന്‍ഡമാനിലെ ജങ്കാറില്‍ കേരളാ പൊലീസ് കണ്ടെത്തിയത്.
കഴിഞ്ഞ ചില കാലങ്ങളായി വലിയ രീതിയില്‍ ഇന്ത്യയിലേക്കു മയക്കുമരുന്നുകള്‍ വരുന്നുണ്ട്. 2023 മെയിലാണ് അറേബ്യന്‍ കടലില്‍ കൊച്ചി തീരത്തോടുചേര്‍ന്ന് ഏതാണ്ട് 2,500 കിലോ മയക്കുമരുന്ന് പിടികൂടിയത്. 2024 ഫെബ്രുവരിയിലാണ് ഗുജറാത്ത് തീരത്തോടുചേര്‍ന്ന് ഏതാണ്ട് 3,300 കിലോ മയക്കുമരുന്ന് പിടികൂടിയത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് 2024 നവംബറിലാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ തീരത്തോടുചേര്‍ന്ന് ഏതാണ്ട് 6,000 കിലോ മയക്കുമരുന്ന് പിടികൂടിയത്.
2025 ഫെബ്രുവരി 10 ന് യൂണിയന്‍ സര്‍ക്കാരിന്റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2024 ല്‍ 25,000 കോടി രൂപ വിലമതിപ്പുള്ള മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇത് 2023 ല്‍ 16,100 കോടി രൂപയുടേതായായിരുന്നു. ദേശീയ തലത്തില്‍ ഒരു വര്‍ഷക്കാലയളവില്‍ ഇക്കാര്യത്തിൽ 55 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൂല്യം 100 കോടി രൂപക്കു താഴെയാണ്. ഇത് താരതമ്യേന കുറവാണ്. എന്നാല്‍ മയക്കുമരുന്ന് കേസുകളിലെ ശിക്ഷാ നിരക്ക് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്നത് കേരളത്തിലാണ്.
മയക്കുമരുന്ന് കേസുകളില്‍ കേരളത്തിലെ ശിക്ഷാനിരക്ക് (കണ്‍വിക്ഷന്‍ റേറ്റ്) 98.19 ശതമാനമാണ്. അതേസമയം ദേശീയ ശരാശരി 78.1 ശതമാനമാണ്. തെലങ്കാനയില്‍ 25.6 ശതമാനവും ആന്ധ്രാപ്രദേശില്‍ 25.4 ശതമാനവുമാണ്. ഈ വിവരങ്ങള്‍ 2022 ഡിസംബര്‍ 22 ന് യൂണിയന്‍ സര്‍ക്കാര്‍ രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ ഉള്ളതാണ്. സംസ്ഥാന സര്‍ക്കാരും സംസ്ഥാനത്തെ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളും എത്ര കാര്യക്ഷമമാണെന്നാണ് ഇത് തെളിയിക്കുന്നത്.
ലഹരിക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇത്തരം കാര്യക്ഷമമായ പോരാട്ടങ്ങള്‍ക്ക് ജനകീയമുഖം നല്‍കാനും ബഹുജന പങ്കാളിത്തത്തോടെ മയക്കുമരുന്നിനെതിരായ പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്താനുമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. l