മയക്കുമരുന്ന് എക്കാലത്തും ഒരു സാമൂഹ്യ വിപത്താണ്. സമീപകാലത്തായി മയക്കുമരുന്ന്, പ്രത്യേകിച്ച് രാസലഹരി ലോകമാകെ ഒരു മഹാവിപത്തായി വളര്‍ന്നിട്ടുണ്ട്. രാസലഹരിയടക്കമുള്ള മയക്കുമരുന്നിന്റെ ആഗോളവിപണി ശതകോടിക്കണക്കിന് ഡോളറിന്റേതാണ്. വലിയ അന്താരാഷ്ട്ര മാഫിയ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നു. കൗമാരക്കാരെയാണ് ലഹരിമാഫിയ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ലഹരിയുടെ ചതിക്കുഴികളില്‍ വീണ് കരകയറാന്‍ കഴിയാത്തവര്‍ നിരവധിയാണ്. 2023 ലെ United Nations Office on Drugs and Crime (UNODC)ന്റെ World Drug Report അനുസരിച്ച് ലോകത്താകെ 15 നും, 64നും മദ്ധ്യേ പ്രായമുള്ളവരില്‍ 17ല്‍ ഒരാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു. 2011ല്‍ 24 കോടി ആളുകള്‍ ആയിരുന്നു മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതെങ്കില്‍ 2021ല്‍ അത് 29.6 കോടിയായി വര്‍ധിച്ചു. ലോക ജനസംഖ്യയില്‍ ഈ പ്രായപരിധിയിലുള്ള 5.8 ശതമാനം ആളുകള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. 2019ല്‍ ലോകത്താകെ അഞ്ച് ലക്ഷം ആളുകള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാല്‍ മരിച്ചു.
ആഗോളമായി ആദ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ 70 ശതമാനവും 10 വയസ്സ് മുതല്‍ 15 വയസുവരെയുള്ള പ്രായപരിധിയിലുള്ളവരാണ്. ഇവര്‍ക്കിടയിലെ ലഹരി ഉപയോഗം വന്‍തോതില്‍ വര്‍ധിക്കുകയാണ്. ആഗോളവല്‍ക്കരണം തുറന്നിട്ട ഉപഭോഗതൃഷ്ണ, ജീവിതാഹ്ലാദത്തെക്കുറിച്ചുള്ള വികല സങ്കല്‍പ്പങ്ങള്‍ എന്നിവയൊക്കെ മാരകലഹരിയുടെ സുഖാലസ്യങ്ങള്‍ തേടാന്‍ പ്രേരണയാവുന്നുണ്ട്. നിയോ ലിബറിലിസം സൃഷ്ടിക്കുന്ന വര്‍ധിച്ച സാമ്പത്തിക അസമത്വം, തൊഴിലില്ലായ്മ, ജീവിതത്തകര്‍ച്ച എന്നിവയുടെ ഫലമായുണ്ടായ ഇച്ഛാഭംഗവും നിരാശയും അരാഷ്ട്രീയതയും മയക്കുമരുന്നില്‍ അഭയം തേടാന്‍ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നുണ്ട്. മൂലധനത്തിന്റെ ലാഭേച്ഛയെക്കുറിച്ച് കാറൽ മാര്‍ക്സ് ഇങ്ങനെ പറഞ്ഞു, മതിയായ ലാഭമുണ്ടെങ്കില്‍ മൂലധനം വളരെ ധീരമായിരിക്കും. പത്ത് ശതമാനം ലാഭം എവിടെയും അതിന്റെ സാന്നിധ്യം ഉറപ്പാക്കും. ഇരുപത് ശതമാനം അതിന്റെ ആകാംക്ഷ വളര്‍ത്തും. 100 ശതമാനം ലാഭം എല്ലാ മാനുഷികമൂല്യങ്ങളെയും ചവിട്ടിമെതിക്കാന്‍ അതിന് ധൈര്യം പകരും. 300 ശതമാനം ലാഭമുണ്ടെങ്കില്‍ അത് ചെയ്യാന്‍ മടിക്കുന്ന കുറ്റകൃത്യം ഉണ്ടാകില്ല. സ്വന്തം ഉടമസ്ഥനെ തൂക്കിലേറ്റാന്‍ സാധ്യതയുള്ള കുറ്റകൃത്യം പോലും അപ്പോള്‍ ഏറ്റെടുക്കും. മയക്കുമരുന്നിന് പിന്നിലെ മൂലധന ശക്തികളുടെ മനോഭാവം ഇതുതന്നെയാണ്. ദേശീയ തലത്തിലും മയക്കുമരുന്ന് വലിയൊരു വിപത്തായി വളരുകയാണ്. ഇന്ത്യയിലേക്ക് മയക്കുമരുന്ന് ഇറക്കുമതി ചെയ്ത് വിപണനം ചെയ്യുന്നതില്‍ അന്താരാഷ്ട്രബന്ധമുള്ള മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുന്ദ്ര, മുംബൈ തുടങ്ങിയ തുറമുഖങ്ങള്‍ വഴിയാണ് വലിയ തോതില്‍ മയക്കുമരുന്ന് ഇന്ത്യയിലെത്തുന്നത്. 2019 മുതല്‍ 2024 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 82,478 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് (NDPS) പിടിച്ചെടുത്തത്.
100 കോടി രൂപയില്‍ താഴെ വിലമതിക്കുന്ന മയക്കുമരുന്ന് മാത്രമാണ് കേരളത്തില്‍ നിന്നുപിടിച്ചെടുത്തത്. എന്നാല്‍ മയക്കുമരുന്ന് കൈവശം വെച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ 1,11,540 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തിലെ ശിക്ഷാനിരക്ക് 98.19 ശതമാനമാണ്. അത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കര്‍ശനമായ പരിശോധനകളും നിയന്ത്രണ, ബോധവത്കരണ പ്രവര്‍ത്തനങ്ങളും കൊണ്ടാണ് കേരളം ഈ നേട്ടം കൈവരിച്ചത്. ആന്‍ഡമാന്‍, തെലങ്കാന എന്നിവിടങ്ങളില്‍ കേരള എക്സൈസും കേരള പൊലീസും നടത്തിയ പരിശോധനകളില്‍ മയക്കുമരുന്നിന്റെ അന്തര്‍സംസ്ഥാന വിപണനത്തിന്റെ പ്രധാന ഉറവിടങ്ങള്‍ കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. മയക്കുമരുന്ന് പിടിച്ചെടുക്കുന്നതില്‍ കേരളം മികച്ച പ്രവര്‍ത്തനം നടത്തുന്നുണ്ട്. രാജ്യത്തെ പൊതുസ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ മയക്കുമരുന്ന് വിപണനം വളരെ കുറവാണ്. എങ്കിലും മയക്കുമരുന്ന് ഉപയോഗം കൊണ്ടുണ്ടാകുന്ന സാമൂഹ്യ വിപത്തിനെ ഗൗരവതരമായി നാം കാണേണ്ടിയിരിക്കുന്നു. മയക്കുമരുന്ന് ഉപയോഗവും ഹിംസയടക്കമുള്ള കുറ്റകൃത്യങ്ങളുമായി അതിനുള്ള ബന്ധവും അപമാനവീകരണവും സമൂഹം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. സാമൂഹ്യമായ ഈ വിപത്തിനെതിരെ പോരാടാന്‍ സര്‍ക്കാര്‍ നടപടികള്‍ മാത്രം പോരാ. വിപുലമായ ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന പ്രതിരോധ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രമേ ഈ വിപത്തിനെ നേരിടാനാവുകയുള്ളൂ. കൗമാരക്കാരുടെയും യുവജനങ്ങളുടെയും കഴിവും ഊര്‍ജവും വ്യക്തിയുടെയും സമൂഹത്തിന്റെയും സമഗ്ര പുരോഗതിക്കായി വിനിയോഗിക്കാന്‍ കഴിയണം. അതിനുള്ള കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. കൗമാരക്കാരെ സാമൂഹ്യമായി കൂട്ടിയിണക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കോടതികളില്‍ നിന്നടക്കം ഉണ്ടായ വിധികളും വിപരീതഫലങ്ങളാണുണ്ടാക്കിയത്. സ്കൂളുകളില്‍ വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ ശ്രമിച്ചതും മയക്കുമരുന്ന് ഉപയോഗം പോലുള്ള പ്രവണതകള്‍ വളരാന്‍ ഇടയാക്കിയിട്ടുണ്ട്. കാമ്പസ് രാഷ്ട്രീയം ദുര്‍ബലമായതിന്റെ ഫലമായ അരാഷ്ട്രീയ ശൂന്യതകളും ആശയദാരിദ്ര്യവും സംവാദരാഹിത്യത്തിന്റെ അന്തരീക്ഷവുമെല്ലാം കുട്ടികളെ മയക്കുമരുന്നിന്റെ വ്യാജവും ഇരുണ്ടതുമായ ലോകങ്ങളിലേക്ക് നയിക്കുന്നു. കുട്ടികളുടെയും കൗമാരക്കാരുടെയും ഊര്‍ജത്തെ ക്രിയാത്മക പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവിടാന്‍ കഴിയുന്ന വൈവിധ്യമുള്ള മാര്‍ഗങ്ങള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. കൗമാരശക്തിയെ സ്പോര്‍ട്സിലേക്കും കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളിലേക്കും സമൂഹനിര്‍മിതിയിലേക്കും തിരിച്ചുവിടാന്‍ കഴിഞ്ഞാല്‍ മയക്കുമരുന്നിലേക്ക് വഴുതിവീഴാതെ അവരെ സംരക്ഷിക്കാന്‍ കഴിയും. ലഹരി വസ്തുക്കള്‍ കടത്തുന്നത് തടയല്‍, ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ പൊതുവിലും കൗമാരക്കാര്‍ക്കിടയില്‍ പ്രത്യേകിച്ചും ശക്തമായ ബോധവല്‍ക്കരണം, മയക്കുമരുന്നിന് അടിമകളായവര്‍ക്ക് മികച്ച ചികിത്സയും അവരെ അനുഭാവപൂര്‍വം ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള പുനരധിവാസ പദ്ധതികളും, യുവജനതയുടെ ശക്തിയെ സാമൂഹ്യ പുരോഗതിക്കായി വിനിയോഗിക്കാനുള്ള വിപുലമായ പ്രസ്ഥാനം എന്നിങ്ങനെയുള്ള ബഹുമുഖ പോരാട്ടത്തിലൂടെ മാത്രമേ ഈ വിപത്തിനെ നേരിടാന്‍ കഴിയൂ.
സ്കൂളുകളിലെ അധ്യാപകരും അധ്യാപകരക്ഷാകര്‍തൃ സമിതിയും പൊതുസമൂഹവും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ ഈ വിപത്തിനെ ഗണ്യമായ നിലയില്‍ ചെറുക്കാന്‍ കഴിയും. വിദ്യാര്‍ത്ഥി, യുവജന സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങി എല്ലാ സാമൂഹ്യശക്തികളെയും കൂട്ടിയോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മയക്കുമരുന്ന് വിപത്തിനെ പ്രതിരോധിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ജനപങ്കാളിത്തത്തോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ വാര്‍ഡുകളിലും വിമുക്തി കമ്മിറ്റികള്‍ സര്‍ക്കാര്‍ രൂപീകരിച്ചു. മയക്കുമരുന്നിലേക്ക് വഴുതിവീണവരെ രക്ഷപ്പെടുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ക്രിമിനല്‍ സ്വഭാവത്തോടെ മയക്കുമരുന്ന് ഉപയോഗവും വിപണനവും നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയും വേണം. മയക്കുമരുന്നുമായി ബന്ധപ്പെട്ട ചില സോഷ്യല്‍ മീഡിയാ സൈറ്റുകള്‍ക്കെതിരായി നാം നല്ല ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മയക്കുമരുന്നിന് അടിമകളായി തളര്‍ന്നുപോയ ഒരു യുവതലമുറയെയല്ല നമുക്കാവശ്യം; ഊര്‍ജസ്വലരും ലക്ഷ്യബോധമുള്ളവരുമായ യുവതലമുറയെയാണ് സൃഷ്ടിക്കേണ്ടത്. സര്‍ക്കാര്‍ നടപടികളും ജനകീയമായ പ്രതിരോധവും കോര്‍ത്തിണക്കി ഏകോപിതമായ യുദ്ധം തന്നെ മയക്കുമരുന്ന് വിപത്തിനെതിരെ നടത്തേണ്ടതുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും ഈ വിപത്തിന്റെ ആഴവും ഗൗരവവും ബോധ്യപ്പെടുത്തി അണിനിരത്തണം. മയക്കുമരുന്ന് തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിനും സാമൂഹികജീവിതത്തിനും ഭീഷണിയാണ്. അതിനാല്‍ ലഹരിക്കെതിരായ പോരാട്ടം മുഖ്യ രാഷ്ട്രീയ ഉത്തരവാദിത്തമായി തിരിച്ചറിഞ്ഞ് പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും അംഗങ്ങളും മുന്നിട്ടിറങ്ങണമെന്ന് ഈ സമ്മേളനം പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിക്കുന്നു. l