മയക്കുമരുന്നുപയോഗം, പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിലെ മയക്കുമരുന്നിനോടുള്ള ആസക്തി ഇന്ത്യയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ആശങ്കയുളവാക്കുന്ന ഒന്നായി വളർന്നുകഴിഞ്ഞു. ഒരിക്കലുപയോഗിച്ചാൽ ആയുഷ്കാലം മുഴുവൻ അടിമത്തം ക്ഷണിച്ചുവരുത്തുന്ന എംഡിഎംഎ പോലെയുള്ള അതിമാരകമായ മയക്കുമരുന്നുകളാണ് യുവജനങ്ങൾക്കിടയിൽ വിതരണം ചെയ്യപ്പെടുന്നത്. ഐക്യരാഷ്ട്ര സഭയുൾപ്പെടെ വിവിധ ഏജൻസികൾ നടത്തിയ പഠനങ്ങൾ അതാണ് വെളിവാക്കുന്നത്.
ഇന്ത്യയിലെ ജനസംഖ്യയിൽ 10 വയസ്സിനും 24 വയസ്സിനുമിടയിൽ പ്രായമുള്ളവരാണ് 35 കോടിയിലേറെയും. അതുകൊണ്ടുതന്നെ യുവതലമുറയിലുണ്ടാകുന്ന വഴിതെറ്റൽ രാഷ്ട്രത്തിനേൽപ്പിക്കുന്ന പരിക്ക് മാരകമായിരിക്കും. ഭരണകൂടവും രാഷ്ട്രീയ പാർട്ടികളും ശാസ്ത്ര–സാങ്കേതിക സംഘടനകളുമെല്ലാം ഒറ്റക്കെട്ടായി പൊരുതിയാൽ മാത്രമേ ഈ വിപത്തിനെ ചെറുത്തുതോൽപ്പിക്കാനാവൂ.
ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ട് പറയുന്നത് ആഗോളതലത്തിൽ തെരുവുകളിൽ വളരുന്ന കുട്ടികളിൽ 25 മുതൽ 90 ശതമാനം വരെയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നാണ്.
ഇന്ത്യയിലെ തെരുവ് കുട്ടികളിൽ 25–29 ശതമാനവും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നാണ്. അവരിൽ 50 ലക്ഷത്തിലേറെയും വളരെ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരാണ്. അവരിലെ മയക്കുമരുന്ന് ഉപയോഗശീലം സമൂഹത്തിനുതന്നെ വലിയ പ്രത്യാഘാതം ഉളവാക്കുന്നതാണ്.
ലോകത്ത് തന്നെ മയക്കുമരുന്ന് ഉപയോഗം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആദ്യം സൂചിപ്പിച്ചതുപോലെ ഒരിക്കലുപയോഗിച്ചാൽ ജീവിതകാലമാകെ അടിമയാക്കുന്ന മാരകമായ മയക്കുമരുന്നുകളാണ് ഇന്ന് ‘വിപണി’കളിലെത്തുന്നത്. മദ്യം ഉപയോഗിക്കുന്ന ആളിനെ അതിന്റെ മണം/നാറ്റം കൊണ്ട് ഒരു പരിധിവരെ തിരിച്ചറിയാനാകും. എന്നാൽ മയക്കുമരുന്നിന്റെ കാര്യത്തിൽ ആ സാധ്യതയില്ല. ഉപയോഗിക്കുന്ന വ്യക്തി നിലവിട്ട് പെരുമാറുകയോ അക്രമ പ്രവർത്തനങ്ങളിലേർപ്പെടുകയോ ഒക്കെ ചെയ്യുമ്പോൾ മാത്രമാണ് തിരിച്ചറിയാൻ കഴിയുക. മാതാപിതാക്കളും സഹോദരങ്ങളുമുൾപ്പെടെ വീട്ടിൽ ഉള്ളവർക്കാണ് അത് തിരിച്ചറിയാൻ കഴിയുക. അതിന് കുടുംബാംഗങ്ങൾ തമ്മിൽ ആരോഗ്യകരമായ ബന്ധം നിലനിൽക്കണം. സ്വന്തം മക്കളുമായി സംസാരിക്കാനും അവരുടെ കാര്യങ്ങളിൽ ഇടപെടാനും കഴിയുന്ന തരത്തിൽ സവിശേഷമായ സ്നേഹബന്ധം കുടുംബാംഗങ്ങൾ തമ്മിൽ ഉണ്ടാവണം.
സ്കൂളുകൾ, കോളേജുകൾ, കോച്ചിങ് സെന്ററുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തകൃതിയായി നടക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ഒരു മാഫിയ സംഘം അതിനുപിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നത് വസ്തുതയാണ്. മയക്കുമരുന്നുണ്ടാക്കുന്ന ചെടികളുടെ കൃഷിയും ഉൽപ്പാദനവും വിതരണവുമെല്ലാം അനധികൃതമാണ്. അതുകൊണ്ടുതന്നെ മയക്കുമരുന്ന് വ്യവസായം കൊയ്യുന്ന ലക്ഷക്കണക്കിന് കോടി രൂപയിൽ ഒരംശം പോലും ടാക്സ് ഇനത്തിൽ സർക്കാരിനു കൊടുക്കേണ്ടി വരുന്നില്ല. കണക്കറ്റ് ഉണ്ടാക്കുന്ന ലാഭത്തിന്റെ വിഹിതം കെെക്കൂലിക്കും ഗുണ്ടാസംഘങ്ങളെ വളർത്തുന്നതിനും മറ്റ് അധോലോക പ്രവർത്തനങ്ങൾക്കുമായി ചെലവഴിക്കപ്പെടുന്നു. പല രാജ്യങ്ങളിലും ഭരണം തന്നെ നിയന്ത്രിക്കുന്ന തലത്തിലേക്ക് മയക്കുമരുന്ന് മാ-ഫിയ വളർന്നതായാണ് റിപ്പോർട്ടുകൾ വെളിവാക്കുന്നത്.
കഞ്ചാവ് ചെടി, കറുപ്പ് ചെടി എന്നിവയിൽനിന്ന് ജെെവികമായും പദാർഥങ്ങൾ ചേർത്തും ഉൽപ്പാദിപ്പിക്കപ്പെടുന്നവയാണ് മയക്കുമരുന്നിൽ ഏറെയും. ചരസ്, ഭാംഗ്, ഹെറോയിൻ, എംഡിഎംഎ തുടങ്ങി നിരവധി പേരുകളിലുള്ള മയക്കുമരുന്നുകളാണ് ഇന്ന് ലോകമാകെ വിറ്റഴിക്കപ്പെടുന്നത് 1200 ലേറെ രാസലഹരി മരുന്നുകൾ വിറ്റഴിക്കപ്പെടുന്നതായാണ് കണക്ക്. നിയമാനുസൃതം കറുപ്പ് കൃഷി ചെയ്യാൻ അനുവദിക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ്. അത് മോർഫിൻ ഉൾപ്പെടെയുള്ള മരുന്നുകളുടെ ഉൽപ്പാദനത്തിനാണെന്നാണ് ഔദ്യോഗിക ഭാഷ്യം.
ഇന്ത്യയിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും യുപി, രാജസ്താൻ തുടങ്ങിയ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിലും അനധികൃത കഞ്ചാവ് /കറുപ്പ് കൃഷി വ്യാപകമായി നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയിൽ മയക്കുമരുന്നുകൾ വ്യാപകമായി എത്തുന്നത് തെക്കു പടിഞ്ഞാറൻ ഏഷ്യ, തെക്കു കിഴക്കൻ ഏഷ്യ തുടങ്ങിയ ഭാഗങ്ങളിൽനിന്നാണ്.
അഫ്ഗാനിസ്ഥാനിൽനിന്നാണ് അധികവും എത്തുന്നത്. പാകിസ്താൻ, മ്യാൻമർ, ബംഗ്ലാദേശ്, ഫ-ിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നും എത്തുന്നുണ്ട്. ഇന്ത്യയിലെത്തുന്ന ഹെറോയിന്റെയും കറുപ്പിന്റെയും 80 ശതമാനവും അഫ-്ഗാനിസ്താനിൽനിന്നാണ് എത്തുന്നത്. അഫ്ഗാനിസ്താനിൽ താലിബാന്റെ നിയന്ത്രണത്തിലുള്ള സർക്കാരാണ് നിലവിലുള്ളത് എന്നതും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഇന്ത്യയുൾപ്പെടെയുള്ള ഇതര രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കാൻ അഫ്ഗാൻ സർക്കാർതന്നെ മുൻകെെ എടുക്കുന്ന സ്ഥിതിയാണുള്ളത്. യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ, ദാരിദ്ര്യം, അജ്ഞത തുടങ്ങിയ സാമൂഹ്യപ്രശ്നങ്ങളാണ് മയക്കുമരുന്ന് മാഫിയ പ്രധാനമായും മുതലെടുക്കുന്നത്. മയക്കുമരുന്ന് വ്യാപാരം ചെയ്യാൻ കൊച്ചുകുട്ടികൾ മുതൽ വൃദ്ധർ വരെയുള്ളവരെ മാഫിയ ഉപയോഗിക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കാൻ വിതരണക്കാരെ ശീലിപ്പിക്കുകയും ചെയ്യും. മയക്കുമരുന്നും പണവും നൽകി വിതരണക്കാരാകുന്നവരെ ഭീഷണികളിലൂടെയും മറ്റു പ്രലോഭനങ്ങളിലൂടെയും തങ്ങളുടെ ആജ്ഞാനുവർത്തികളാക്കി നിലനിർത്താൻ മാഫിയയ്ക്ക് കഴിയുന്നു.
കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോകുന്നതിനും അവരിലൂടെ മയക്കുമരുന്ന് വിതരണം സുഗമമായി നടത്താനും മാഫിയകൾ നിരന്തരം ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ മയക്കുമരുന്ന് കള്ളക്കടത്ത്
ഇന്ത്യൻ മഹാസമുദ്രത്തിന്റെ പശ്ചിമമേഖലയിലൂടെയുള്ള മയക്കുമരുന്നു കടത്ത് ഏറെ ഉത്കണ്ഠയുളവാക്കുന്നതാണ്. പല സംസ്ഥാനങ്ങളിലെയും ക്രമസമാധാനനിലയെ അട്ടിമറിക്കുന്ന രീതിയിൽ അത് വളർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രവുമായി ഇന്ത്യയിലെ 24 സംസ്ഥാനങ്ങൾ അതിർത്തി പങ്കിടുന്നുണ്ട് എന്നത് ആശങ്ക വർധിപ്പിക്കുന്നു. സോമാലിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും വിവിധ സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്നെത്തുന്നുണ്ട്.
പാകിസ്താൻ, അഫ്ഗാനിസ്താൻ, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തിച്ച് കടൽമാർഗം യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെ മയക്കുമരുന്ന് എത്തിക്കുന്നുമുണ്ട്. കപ്പലുകളിലൂടെ കടത്തുന്ന മയക്കുമരുന്നുകൾ കൃത്യമായി കണ്ടെത്താനും പിടിക്കാനും അന്താരാഷ്ട്ര നിയമങ്ങൾ ഇല്ല എന്നതും മയക്കുമരുന്നു മാഫിയകൾക്ക് വളമാകുന്നു.
മയക്കുമരുന്ന് വ്യാപാരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്നും കുറ്റവും സംബന്ധിച്ച സ്ഥാപനമായ യുഎൻ ഒഡിസിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അംഗരാഷ്ട്രങ്ങളിലെ മയക്കുമരുന്നിനും കുറ്റത്തിനുമെതിരെ പോരാടുന്നതിന് 1997ൽ രൂപീകരിക്കപ്പെട്ട സ്ഥാപനമാണ്. യുണെെറ്റഡ്നേഷൻ ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (UNODC). 2002ൽ ആണ് ഇതിന് യുഎൻ ഡിസിപി എന്ന പേർ നൽകപ്പെട്ടത്. ലോകത്തു നടക്കുന്ന മയക്കുമരുന്നിന്റെ ഉൽപ്പാദനം, വിതരണം, ഉപയോഗം എന്നിവ സംബന്ധിച്ച റിപ്പോർട്ട് ഈ ഏജൻസി പ്രസിദ്ധീകരിക്കുന്നു. മയക്കുമരുന്നിന്റെ വ്യാപാരം ആഗോളതലത്തിൽ ഇന്റർനെറ്റിലൂടെ വ്യാപകമായി നടക്കുന്നുവെന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ക്രിപ്റ്റോകറൻസി ഉപയോഗിച്ച് ഡാർക്-നെറ്റ് വ്യാപാര പ്ലാറ്റ്ഫോമിൽ മയക്കുമരുന്ന് വ്യാപാരം ദക്ഷിണേഷ്യയിൽ വ്യാപകമായി നടക്കുന്നു. ഇന്ത്യയിലും ഇത്തരം വ്യാപാരം വ്യാപകമായിക്കഴിഞ്ഞു.
ഒരു പ്രത്യേകതരം ഹെറോയിൻ ഉൽപ്പാദിപ്പിക്കുന്ന കറുപ്പിന്റെ അനധികൃത കൃഷിയും വിപണനവും പ്രധാനമായും നടക്കുന്ന കേന്ദ്രമായി ഇന്ത്യ മാറിയിട്ടുണ്ട്.
1000 ലേറെ മയക്കുമരുന്നുകൾ ഇന്ത്യയിൽനിന്ന് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും 50 ഓൺലെെൻ ക്രിപ്റ്റോ കറൻസിയിലൂടെ വ്യാപാരം നടത്തുന്ന പ്ലാറ്റ്ഫോമുകളും കണ്ടെത്തിയതായും യുഎൻ ഒഡിസി റിപ്പോർട്ട് വ്യക്തമാക്കുന്നു.
മയക്കുമരുന്ന് കള്ളക്കടത്തു നടത്തുന്ന പ്രധാനപ്പെട്ട രണ്ട് മേഖലകൾക്കിടയിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്. ഇറാൻ, അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നീ രാജ്യങ്ങളുൾപ്പെട്ട ഗോൾഡൺ ക്രസെന്റ് ഇന്ത്യയുടെ പടിഞ്ഞാറും തെക്ക് കിഴക്കനേഷ്യയുൾപ്പെട്ട ഗോൾഡൺ ട്രയാങ്കിൾ ഇന്ത്യയുടെ പടിഞ്ഞാറും സ്ഥിതി ചെയ്യുന്നു.
ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ സയൻസിലെ (എഐഐഎംഎസ് – എയിംസ്) നാഷണൽ ഡ്രഗ് ഡിപ്പൻഡെൻസ് ട്രീറ്റ്മെന്റ് സെന്റർ സമർപ്പിച്ച റിപ്പോർട്ടിൽ ഇന്ത്യയിലെ മയക്കുമരുന്ന് ഉപയോഗത്തിന്റെ വ്യാപ്തി വിശദമായി ചൂണ്ടിക്കാട്ടുന്നു. മദ്യം, കഞ്ചാവ് (ഭാംഗ്, കഞ്ചാവ്/ചരസ്) കറുപ്പ് ഉൽപ്പന്നങ്ങൾ (കറുപ്പ്, ഹിറോയിൻ, മറ്റ് ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ), കൊക്കയിൻ, ആംതെറ്റാമിൻ ടെെപ്പ് സ്റ്റിമുലന്റ്സ്, സെഡേറ്റീവ്സ്, ഇൻഹെലന്റ്സ്, ഹലൂസിനോജൻസ് എന്നിവയാണ് ഏറെയും ഉപയോഗിക്കുന്നത്.
മേൽപറഞ്ഞ സർവേ റിപ്പോർട്ടനുസരിച്ച് ദേശീയ തലത്തിൽ 10 വയസ്സിനും 75 വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ 14.6 ശതമാനത്തോളം പേർ മദ്യം കഴിക്കുന്നവരാണ്.
2.8 ശതമാനത്തോളം ഇന്ത്യക്കാർ കഞ്ചാവിന്റെ ഏതെങ്കിലും ഒരു ഉൽപ്പന്നം കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഉപയോഗിച്ചവരാണ്.
ഇന്ത്യയിൽ 10 വയസ്സിനും 75 വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ 1.08 ശതമാനം ആളുകൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ്.
ചികിത്സാ ലഭ്യത
യുഎൻ ഒഡിസി റിപ്പോർട്ട്, ചൂണ്ടിക്കാട്ടുന്നത് മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ ഇന്ത്യയിൽ തികച്ചും അപര്യാപ്തമാണെന്നാണ്. മയക്കുമരുന്ന് പതിവായി ഉപയോഗിക്കുന്ന 38 പേരിൽ ഒരാൾക്കേ ചികിത്സ ലഭിക്കുന്നുള്ളൂ എന്ന ഭീകര യാഥാർഥ്യമാണ് നമുക്കു മുമ്പിലുള്ളത്. ബാക്കി 37 പേരും യാതൊരുവിധ ചികിത്സയും ലഭിക്കാതെ വലയുന്നു. അവർ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ജീവിതം കൂടി ഇരുളിലാക്കുന്നു.
മദ്യപാനത്തിനടിമകളായവരിൽ 180ൽ ഒരാൾ മാത്രമേ ആശുപത്രിയിൽ കിടന്നുള്ള ചികിത്സയ്ക്കോ മദ്യപാനം ഒഴിവാക്കാനാവശ്യമായ ഇതരസഹായങ്ങൾക്കോ ബന്ധപ്പെടുന്നുള്ളൂ എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതായത് മദ്യപാനി സ്വയമോ അയാളുടെ അടുത്ത ബന്ധുക്കൾ താൽപ്പര്യമെടുത്തോ മദ്യപാനത്തിൽനിന്ന് രക്ഷപ്പെടാനോ/ രക്ഷപ്പെടുത്താനോ തയ്യാറാകുന്നില്ല.
മയക്കുമരുന്ന് അടിമകളുടെ അടുത്ത ബന്ധുക്കളിൽ 20 പേരിൽ ഒരാൾ മാത്രമേ ചികിത്സ ആവശ്യപ്പെട്ട് ആശുപത്രികളെ സമീപിക്കുകയോ മറ്റേതെങ്കിലും സഹായം തേടുകയോ ചെയ്യുന്നുള്ളൂ.
ഞെട്ടിക്കുന്ന വസ്തുതകളാണ് ഇത്തരം പഠനങ്ങളിലൂടെ പുറത്തുവരുന്നത്. മയക്കുമരുന്ന് ഉൽപ്പാദനത്തെയും വിതരണത്തെയും ഉപയോഗത്തെയും കർശനമായും തടയേണ്ടത് മനുഷ്യരാശിയുടെ തന്നെ നിലനിൽപ്പിന് അനിവാര്യമാണ്. അതോടൊപ്പം മയക്കുമരുന്നിനടിമപ്പെട്ടവരെ അതിൽനിന്ന് മുക്തരാക്കാനും പുനരധിവസിപ്പിക്കാനുമുള്ള കൃത്യമായ പദ്ധതികളും ആവശ്യമാണ്. അത്രമേൽ ഗുരുതരമായ ഈ പ്രശ്നത്തിന് കേന്ദ്ര സർക്കാരും എല്ലാ സംസ്ഥാന സർക്കാരുകളും എല്ലാ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകളും സംയുക്തമായി പ്രവർത്തിച്ചേ മതിയാകൂ. l