അധികാരം വിട്ടൊഴിയുന്നതിനു മുമ്പു തന്നെ, ഇല്ലാതാക്കാന്‍ പ്രയാസമുള്ള ഒരു രാസവിഷത്തെ തങ്ങളുടെ ജനതയ്ക്കിടയില്‍ വ്യാപിപ്പിക്കാന്‍ ജര്‍മനിയിലെ നാസികള്‍ക്ക് സാധ്യമായിരുന്നു. ഒരു ഭാഗത്ത്, വിട്ടുവീഴ്ചകളില്ലാത്ത വിധത്തില്‍ കര്‍ശനമായ നിയമങ്ങളിലൂടെയും ശിക്ഷകളിലൂടെയും മയക്കുമരുന്ന് നിരോധിച്ചിരിക്കുകയാണെന്ന് നാസി ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള പ്രചാരണങ്ങളും കൊടുമ്പിരിക്കൊണ്ടിരുന്നു. അതേസമയം, വീര്യമുള്ളതും മനുഷ്യരുടെ ആത്മവിശ്വാസത്തെ ഉദ്ദീപിപ്പിക്കുന്നതുമായ ഒരു മരുന്ന് അവിടെ വ്യാപകമായി ലഭ്യമായിരുന്നു. മൂന്നാം റീഷിന്റെ ഭരണം നിലനിന്ന ജര്‍മനിയിലും അധിനിവേശ യൂറോപ്പിലും ഹിറ്റ്ലറുടെ അനുയായികള്‍ ഇത് പടര്‍ത്തി. പെര്‍വിറ്റിന്‍ എന്ന ട്രേഡ് നാമത്തില്‍ വില്പന നടത്തിയിരുന്ന ജനകീയമായ മരുന്നായിരുന്നു (വോള്‍ക്ക്സ്ഡ്രോഗ്) അത്.
നോവലിസ്റ്റും തിരക്കഥാകൃത്തുമായ നോര്‍മന്‍ ഓഹ്ലര്‍ എഴുതിയ ബ്ലിറ്റ്സ്ഡ്: ഡ്രഗ്സ് ഇന്‍ നാസി ജര്‍മനി (മിന്നലാക്രമണം-: നാസി ജര്‍മനിയിലെ മയക്കുമരുന്നുകള്‍) എന്ന പുസ്തകം 2015ലാണ് പുറത്തുവന്നത്. ഇതിനകം മുപ്പത് ലോകഭാഷകളിലേയ്ക്ക് പരിഭാഷപ്പെടുത്തുകയും ലോകത്താകെയുള്ള നിരവധി പേര്‍ വായിക്കുകയും ചെയ്ത ഈ പുസ്തകം ന്യൂയോര്‍ക്ക് ടൈംസ് ബെസ്റ്റ് സെല്ലര്‍ പട്ടികയിലും ഇടംപിടിച്ചു. ഈ പുസ്തകത്തിന്റെ വായനാനുഭവമാണ് ഈ ലേഖനത്തില്‍ പങ്കുവെക്കുന്നത്.
കായിക വ്യായാമവും സൈനിക പരിശീലനവും മലകയറ്റവുമായിരുന്നു ഹിറ്റ്ലറുടെ ജര്‍മനിയിലെ യുവാക്കള്‍ക്കായി ഭരണകൂടവും നാസി പാര്‍ട്ടിയും നിര്‍ദ്ദേശിച്ചിരുന്നത്. ലൈംഗികതയും മയക്കുമരുന്നും ആല്‍ക്കഹോളും നിശാനൃത്തങ്ങളും എല്ലാം നിങ്ങളെ നശിപ്പിക്കും, അതിനു പകരം പരിശുദ്ധിയുടെ ലോകമാണ് നിങ്ങളുണ്ടാക്കേണ്ടത് എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. പിതൃഭൂമിയ്ക്കു വേണ്ടി ത്യാഗം ചെയ്യുന്ന ഹിറ്റ്ലര്‍ പുകവലിക്കാത്തയാളും സസ്യാഹാരം മാത്രം കഴിക്കുന്നയാളും ബ്രഹ്മചാരിയും സ്വന്തമായി കുടുംബമില്ലാത്തയാളും ഒക്കെയാണെന്നായിരുന്നു വിശദീകരിക്കപ്പെട്ടിരുന്നത്. എന്നാല്‍, മറ്റെല്ലാ നാസി പ്രചാരണവും പോലെ ഇതെല്ലാം യാഥാര്‍ത്ഥ്യത്തിന്റെ മറുപുറമാണെന്നാണ് നോര്‍മന്‍ ഓഹ്ലര്‍ തന്റെ അന്വേഷണത്തിലൂടെ വെളിപ്പെടുത്തുന്നത്.
ജര്‍മന്‍ ഫെഡറല്‍ ആര്‍ക്കൈവുകളും മറ്റ് ശേഖരങ്ങളും പരിശോധിച്ച് നോര്‍മന്‍ ഓഹ്ലര്‍ എത്തുന്ന ഉത്തരം, നാസി ജര്‍മനിയില്‍ മയക്കുമരുന്നിന്റെ വ്യാപകമായ ഉപയോഗം ഉണ്ടായിരുന്നുവെന്നാണ്. മെത്താംഫെറ്റമൈന്‍ എന്ന മരുന്നാണ് പെര്‍വിറ്റിന്‍ എന്ന പേരില്‍ വിറ്റഴിച്ചിരുന്നത്. വന്‍ തോതില്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന ഈ മരുന്ന് 35 മില്ലി ഗുളികകളായാണ് ലഭ്യമായിരുന്നത്.
1944ല്‍ സഖ്യശക്തികള്‍ ജര്‍മനിയുടെ പടിഞ്ഞാറു ഭാഗത്തു സൈനികപടയൊരുക്കം ശക്തമാക്കി. കിഴക്കു ഭാഗത്താകട്ടെ അറുപതു ലക്ഷം സോവിയറ്റ് സൈനികരും ജര്‍മനിയെ നേരിടാന്‍ ഒരുങ്ങി. സഖ്യശക്തിയുടെ യുദ്ധവിമാനങ്ങള്‍ ജര്‍മനിയില്‍ ബോംബു വര്‍ഷിക്കാന്‍ തുടങ്ങി. സൈനികമേധാവികള്‍ക്കിടയില്‍ തോല്‍വി മണത്തു തുടങ്ങി. അപ്പോള്‍, ഹിറ്റ്ലര്‍ അത്യുത്സാഹത്തോടെയും അമിതാവേശത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും അവരെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. ലോകം നിങ്ങളുടെ മുകളിലേയ്ക്ക് ഇടിഞ്ഞു പൊളിഞ്ഞു വീഴാന്‍ തുടങ്ങുകയാണെങ്കിലും നിങ്ങള്‍ ലോകത്തിന്റെ ഒത്ത നെറുകയിലാണെന്ന് തോന്നുന്ന രീതിയിലായിരുന്നു ഫ്യൂറര്‍(ഹിറ്റ്ലര്‍). എന്തായിരുന്നു ഇതിന്റെ രഹസ്യം എന്നന്വേഷിക്കുമ്പോഴാണ് നോര്‍മന്‍ ഓഹ്ലര്‍ക്ക് പെര്‍വിറ്റിന്‍ എന്ന ഉത്തരം ലഭിക്കുന്നത്.
ഉണര്‍ന്നെണീക്കാനുള്ള ഗുളിക എന്ന നിലയില്‍ കമ്പോളത്തില്‍ എളുപ്പത്തില്‍ ലഭ്യമായിരുന്ന പെര്‍വിറ്റിന്‍, പുതിയ കാലത്തെ ക്രിസ്റ്റര്‍ മെത്തിന്റെ സഹോദരനാണെന്നാണ് ഒരു നിരീക്ഷണം. 1800കളില്‍ ജര്‍മനിയിലെ പരീക്ഷണശാലകളില്‍ രൂപപ്പെടുത്തിയെടുത്ത ഈ രാസ സംയുക്തം, ഹിറ്റ്ലറുടെ കാലത്ത് ജനങ്ങള്‍ക്കിടയില്‍ വ്യാപിപ്പിച്ചു. പല സൈനികരും ഒരു ദിവസം ഒമ്പതെണ്ണം എന്ന നിലയില്‍ ഈ ഗുളിക സേവിച്ചിരുന്നു. സൈനികര്‍ ക്ഷീണിക്കുമ്പോള്‍ പെര്‍വിറ്റിന്‍ കൊടുത്ത് അവരെ കരുത്തുള്ളവരാക്കി മാറ്റി യുദ്ധ മുന്നേറ്റം സുഗമമാക്കിയിരുന്നു.
ഫ്രാന്‍സിലേയ്ക്ക് കടന്നുകയറാന്‍ ഒരുങ്ങിയപ്പോള്‍ എഴുപത്തിരണ്ടു മണിക്കൂര്‍ വരെ ഉറങ്ങാതെ ഉണര്‍ന്നിരിക്കാന്‍ സൈനികര്‍ നിര്‍ബന്ധിതരായി. അതിനായി ജനറലുകള്‍ അവരോട് പെര്‍വിറ്റിന്‍ കഴിക്കാന്‍ നിര്‍ദ്ദേശിച്ചു. പോളണ്ട് കീഴടക്കാന്‍ പോയപ്പോഴാണ് ക്ഷീണിച്ചവശരാകുന്ന സൈനികരെ വീണ്ടും ഉണര്‍ത്തിയെഴുന്നേല്പിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ മുന്നേറ്റം നടത്തുന്നതിന്റെ പ്രയോജനം മേധാവികള്‍ക്ക് മനസ്സിലായത്. 1940 ഏപ്രില്‍ 17ന്റെ ഒരു രേഖയില്‍ നിന്ന് ഇക്കാര്യം നോര്‍മന്‍ ഓഹ്ലര്‍ ഉദ്ധരിക്കുന്നു.
1940ലെ വസന്തകാലത്ത്, മുപ്പതു ലക്ഷം ജര്‍മന്‍ സൈനികരാണ് ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലാന്റ്സ് എന്നീ രാജ്യങ്ങള്‍ കീഴടക്കാന്‍ നിയോഗിക്കപ്പെട്ടത്. അവര്‍ക്കായുള്ള സൈനിക സപ്ലൈയില്‍, മൂന്നര കോടി പെര്‍വിറ്റിന്‍ ഗുളികകളുമുണ്ടായിരുന്നു. യുദ്ധമുന്നണിയില്‍ അവരെ ഉറങ്ങാന്‍ വിടാതെ ഉറപ്പിച്ചുനിര്‍ത്താന്‍ ഇതായിരുന്നു മാര്‍ഗം. 1940ല്‍ മിന്നലാക്രമണത്തിലൂടെ ഫ്രാന്‍സിനെ പെട്ടെന്നുതന്നെ അധീനപ്പെടുത്താന്‍ സാധിച്ചതിനു പിന്നിലെ യഥാര്‍ത്ഥ കാരണം ക്ഷീണിക്കാത്ത സൈനികരെ അണിനിരത്തി എന്നതായിരുന്നു. അതാകട്ടെ പെര്‍വിറ്റിന്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു.
യുദ്ധവും ലഹരിയും തമ്മിലുള്ള ബാന്ധവത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സൈനികര്‍ക്കുള്ള മദ്യവിതരണം ഇന്ത്യയില്‍ പോലും നിര്‍ബന്ധമാണല്ലോ. വിരമിച്ച സൈനികര്‍ക്കും മരണമടഞ്ഞ സൈനികരുടെ വിധവകള്‍ക്കു പോലും മദ്യത്തിന്റെ ക്വാട്ട ഏര്‍പ്പെടുത്തിയിട്ടുണ്ട്. മധ്യകാലഘട്ടത്തില്‍, മദ്യപിച്ച് മദോന്മത്തരായ സൈനികരെയായിരുന്നു യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ യുദ്ധമുന്നണിയില്‍ നിയോഗിച്ചിരുന്നത്. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തില്‍ കാപ്പി ഉപയോഗിച്ചിരുന്ന വടക്കന്‍ വിഭാഗത്തിന് അതില്ലാതിരുന്ന തെക്കര്‍ക്കെതിരെ മുന്നേറാന്‍ സാധിച്ചു. നാസി ജര്‍മനിയുടെ മയക്കുമരുന്നുപയോഗത്തിനു മുന്നില്‍ ഇതെല്ലാം വെറും നിസ്സാരം.
പെര്‍വിറ്റിന്‍ കൃത്യമായ ഡോസ് കൊടുത്താല്‍ ഒരാളുടെ ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ദ്ധിക്കുകയും ഏതു പ്രയാസകരമായ സാഹചര്യത്തെയും അതിജീവിക്കാന്‍ അയാളെ പ്രാപ്തനാക്കുകയും ചെയ്യും എന്ന് നാസി ഭരണകൂടത്തിന്റെ 1940ലെ ഉത്തരവില്‍ പറയുന്നുണ്ട്. ക്ഷീണിച്ച് പരവശരാകുന്ന സൈനിക യൂണിറ്റുകള്‍ ഏതാനും പെര്‍വിറ്റിന്‍ ഗുളികകള്‍ കഴിച്ച് പൂര്‍വ്വസ്ഥിതി പ്രാപിച്ച് യുദ്ധമുന്നണിയിലെത്തിയതായി നിരവധി റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍, ആദ്യഘട്ടത്തില്‍ അപാരമായ ധൈര്യവും ആത്മവിശ്വാസവും എല്ലാം നല്‍കുമെങ്കിലും പിന്നീട് മാരകമായ അവസ്ഥകളിലേയ്ക്ക് ഇതു കഴിക്കുന്നവരുടെ ശരീരവും മനസ്സും നിപതിക്കും. നാസികളുടെ മുതിര്‍ന്ന ഹെല്‍ത്ത് ആപ്പീസറായിരുന്ന ലിയോനാര്‍ഡോ കോണ്ടി; ക്ഷീണം മാറ്റാന്‍ പെര്‍വിറ്റിന്‍ ഉപയോഗിക്കുന്നവര്‍ ഉടനെയോ വൈകിയോ കുഴപ്പത്തിലേയ്ക്കാണ് പോകുന്നത് എന്നു നിരീക്ഷിച്ചിരുന്നു. പെര്‍വിറ്റിന് അഡിക്റ്റഡായ സൈനികരെ കാത്തിരിക്കുന്നത് നാഡീസ്തംഭനവും മാനസിക വിഭ്രാന്തിയായിരുന്നു.
മാത്രമല്ല, സോവിയറ്റ് യൂണിയനിലേയ്ക്ക് കടന്നുകയറിയ നാസി സൈന്യത്തെ ചെമ്പട നേരിട്ടപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ നാസികള്‍ക്ക് പെര്‍വിറ്റിന്‍ പോരാതെ വന്നു. റഷ്യയെ തോല്‍പ്പിക്കാന്‍ ക്രിസ്റ്റല്‍ മെത്ത് പോരാ എന്നാണ് ഓഹ്ലര്‍ പറയുന്നത്.
ലൈംഗികത എന്നതു പോലെ, മയക്കുമരുന്നിന്റെ വ്യാപനവും വസ്തുതകളും മിക്കപ്പോഴും ചരിത്രപുസ്തകങ്ങളില്‍ ഇടംതേടാറില്ല. ചരിത്രമെഴുത്തുകാരുടെ ശുദ്ധിവാദസമീപനങ്ങള്‍ മൂലമോ അല്ലെങ്കില്‍ ഈ ‘പൊള്ളുന്ന’ പ്രതിഭാസങ്ങളെക്കുറിച്ച് വിലയിരുത്താനുള്ള അവരുടെ പ്രാപ്തിയില്ലായ്മയോ ആയിരിക്കാം ഈ അവസ്ഥയുടെ ഹേതു. നോവലിസ്റ്റും തിരക്കഥാകൃത്തുമായ നോര്‍മന്‍ ഓഹ്ലര്‍ക്ക് അത്തരം പ്രതിബന്ധങ്ങളൊന്നുമുണ്ടായില്ല എന്നതാണ് ഈ പുസ്തകത്തിന്‍റെ സവിശേഷത.
ബര്‍ലിനിലെ ഒരു അധോലോക നിശാക്ലബ്ബില്‍ നിന്നാണ്, ബ്ലിറ്റ്സ്ഡ് എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്ന വിഷയത്തിന്റെ സൂചന ഓഹ്ലര്‍ക്ക് ലഭിച്ചത്. അവിടത്തെ ഡിജെ ആയ ഒരു സുഹൃത്തിന് പാര്‍ടി ഡ്രഗ്ഗുകളെക്കുറിച്ചും ജര്‍മന്‍ ചരിത്രത്തെക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്നു. രണ്ടാം ലോക യുദ്ധത്തിന്റെ ഔഷധശാസ്ത്രപരമായ അടിത്തട്ടുകളെക്കുറിച്ച് ആലോചിക്കാനും അന്വേഷിക്കാനും അദ്ദേഹമാണ് ഓഹ്ലറോട് നിര്‍ദ്ദേശിച്ചത്.
കണ്ണില്‍ ചോരയില്ലാത്ത അക്രമപ്രവൃത്തികള്‍ക്ക് സൈനികരെ പ്രാപ്തരാക്കാന്‍ മയക്കുമരുന്നുപയോഗത്തിന് സാധിക്കും. ഫാസിസത്തിന്റെ പൊള്ളയായ വാഗ്ദാനങ്ങളെ വിശ്വാസത്തിലെടുക്കാനും ഫാസിസം ചൂണ്ടിക്കാണിക്കുന്ന ശത്രുവിനെ പേടിക്കുവാനും അവര്‍ക്കെതിരായ വിദ്വേഷ മനോഭാവം ശക്തിപ്പെടുത്താനും പെര്‍വിറ്റിന്‍ ആളുകളെ പ്രേരിപ്പിച്ചു.
ഹിറ്റ്ലര്‍ മയക്കുമരുന്നുകള്‍ ഉപഭോഗം ചെയ്തിരുന്നു എന്ന കാര്യവും നോര്‍മന്‍ ഓഹ്ലര്‍ കണ്ടെത്തുന്നുണ്ട്. ഹിറ്റ്ലറുടെ സ്വകാര്യ ഡോക്ടറായിരുന്ന തിയോഡോര്‍ മോറെല്‍, ഹിറ്റ്ലര്‍ക്ക് സ്റ്റെറോയിഡുകളുടെയും ഓപ്പിയോഡുകളുടെയും സ്ഥിരമായ ഇഞ്ചക്ഷനുകള്‍ നല്‍കിയിരുന്നു. ഫ്യൂറര്‍ക്കു വേണ്ടി മാത്രം തയ്യാര്‍ ചെയ്ത ചില ഗുളികകളും കൊടുത്തിരുന്നു.
ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്ന് യൂറോപ്പിലെ പല രാജ്യങ്ങളിലും നിരോധിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍, രഹസ്യമായി പ്രവര്‍ത്തിക്കുന്ന നിരവധി ഫാക്ടറികളില്‍ നിന്നായി ടണ്‍ കണക്കിന് ഗുളികകള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഏതാണ്ട് പത്തു കോടി ഉപഭോക്താക്കള്‍ ക്രിസ്റ്റല്‍ മെത്ത് ഉപയോഗിച്ചു വരുന്നു. പാര്‍ടി ഡ്രഗ് ആയി ഉപയോഗിക്കുന്ന ഈ മരുന്ന് തൊഴിലിടങ്ങളിലും ഓഫീസുകളിലും പാര്‍ലമെന്റുകളിലും സര്‍വകലാശാലകളിലും വരെ ഉത്തേജനങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു. ഉറക്കത്തെ മാത്രമല്ല, വിശപ്പിനെപ്പോലും മറികടന്ന് ഉണര്‍വും വ്യാജമായ കരുത്തും പ്രദാനം ചെയ്യുന്ന മരുന്നാണിത്.
ആധുനികകാലത്തെ മനുഷ്യരുടെ മാനസിക-–ശാരീരിക വേദനകളെ മറികടക്കാനും ഉത്കണ്ഠകളെ മയക്കം കൊണ്ട് നേരിടാനും ഉതകുന്ന മരുന്നുസംയുക്തങ്ങള്‍, നാസി ജര്‍മനിയിലെ രാസപരീക്ഷണ ശാലകളിലും ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേറ്റുകളുടെ ഗവേഷണാലയങ്ങളിലുമായി രൂപപ്പെടുകയായിരുന്നു എന്ന് ദശകങ്ങള്‍ക്കു ശേഷം നോര്‍മന്‍ ഓഹ്ലര്‍ കണ്ടെത്തി. ഇത്തരത്തിലുള്ള പല ഫാക്ടറികളും പരീക്ഷണശാലകളും നാസി ഭരണത്തിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് പ്രവര്‍ത്തനം നിലയ്ക്കുകയും ഇല്ലാതാകുകയും മറ്റും ചെയ്തിട്ടുണ്ട്. ചിലതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെയുണ്ട്. അത്തരത്തിലുള്ള ഫാക്ടറി അവശിഷ്ടങ്ങള്‍ക്കിടയിലൂടെ നോര്‍മന്‍ ഓഹ്ലര്‍ നടത്തുന്ന നടത്തങ്ങളും അന്വേഷണങ്ങളും കൗതുകത്തോടെയാണെങ്കിലും ചങ്കിടിപ്പോടെ മാത്രമേ വായിക്കാനാകൂ.
പത്തൊമ്പതാം നൂറ്റാണ്ടിലാണ് മനുഷ്യരുടെ വേദനകള്‍ രാസസംയുക്തങ്ങളിലൂടെ താല്ക്കാലികമായെങ്കിലും മറികടക്കാന്‍ സാധിക്കുമെന്ന് ശാസ്ത്രം കണ്ടെത്തുന്നത്. മോര്‍ഫിന്‍ അങ്ങനെ ജീവിതത്തെ സുഗമമാക്കുകയും ഒപ്പം വമ്പിച്ച വ്യവസായവും വാണിജ്യവും ആയി വളരുകയും ചെയ്തു. ഫാസിസവും നാസിസവും അതിനെ തങ്ങളുടെ സമഗ്രാധികാരവ്യാപനത്തിന് പ്രയോജനപ്പെടുത്തുകയും ചെയ്തു. മുതലാളിത്തവും ഫാസിസവും ശാസ്ത്ര സാങ്കേതിക വികാസത്തെ എങ്ങനെയാണ് മനുഷ്യവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായി ഉപയോഗിക്കുക എന്നതിന് ഇതിലും വലിയ തെളിവുകള്‍ ആവശ്യമില്ല.
ഇരുപതാം നൂറ്റാണ്ടിനുമുമ്പു തന്നെ, ആഗോളമായ മരുന്നുത്പാദന വ്യവസായമേഖലയില്‍ ജര്‍മനി അധീശത്വം നേടിയിരുന്നു. മെയ്ഡ് ഇന്‍ ജര്‍മനി എന്നു കാണുമ്പോള്‍ തന്നെ, ആ മരുന്ന് കിടയുറ്റതും ഗുണനിലവാരം ഉറപ്പിച്ചതുമാണെന്ന തോന്നല്‍ ലോകത്താകെ വ്യാപകമായിരുന്നു. ഇതില്‍ വാസ്തവമുണ്ടായിരുന്നു എന്നതും കാണാതിരിക്കേണ്ടതില്ല. ഇതെല്ലാം, മോര്‍ഫിന്റെയും കൊക്കെയിന്റെയും കുത്തകകളാകാനും ജര്‍മന്‍ കമ്പനികള്‍ക്ക് വഴിയൊരുക്കി. മെര്‍ക്ക്, ബോറിംഗര്‍, നോള്‍ എന്നീ മൂന്നു ജര്‍മന്‍ കമ്പനികള്‍ക്കായിരുന്നു ആഗോള കൊക്കെയിന്‍ കമ്പോളത്തിന്റെ എണ്‍പതു ശതമാനം നിയന്ത്രണം. ഹാംബര്‍ഗിലായിരുന്നു അസംസ്‌കൃത കൊക്കെയിന്റെ യൂറോപ്യന്‍ കമ്പോളം. വ്യാജ പലായനത്തിന്റെ സ്വര്‍ഗങ്ങള്‍ തന്നെ രാജ്യത്തിനകത്തും പുറത്തും മനുഷ്യര്‍ക്കകത്തും പുറത്തും നിര്‍മ്മിച്ചെടുക്കാന്‍ മുതലാളിത്തത്തിന് ഇക്കാലത്ത് സാധ്യമായി.
ആല്‍ഫ്രഡ് ഡോബ്ലിന്റെ ബെര്‍ലിന്‍ അലക്‌സാണ്ടര്‍പ്ലാറ്റ്‌സ് എന്ന നോവലില്‍ ബെര്‍ലിനെ ബാബിലോണിന്റെ വേശ്യ എന്നാണ് വിശേഷിപ്പിച്ചത്. ഈ നോവല്‍ സിനിമയായും ടെലിവിഷന്‍ സീരീസായും അഡാപ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ക്ലോസ് മാന്‍ ബെര്‍ലിനെക്കുറിച്ചെഴുതി: ബെര്‍ലിനിലെ നിശാജീവിതം! -ഹാ-ഹാ ലോകമിതു പോലെ ഒന്ന് കണ്ടിട്ടില്ല. മഹത്തായ ഒരു സൈനിക വ്യൂഹം നമുക്കുണ്ടായിരുന്നു. ഇപ്പോഴിതാ അധര്‍മ്മങ്ങളുടെയും താന്തോന്നിത്തത്തിന്റെയും നഗരം. 1923ല്‍ ജര്‍മന്‍ മാര്‍ക്കിന്റെ വില കുത്തനെ കൂപ്പു കുത്തി.
(പേജുകള്‍ തന്നെ നോര്‍മന്‍ ഓഹ്ലറിന്റെ പുസ്തകത്തില്‍ ഇക്കാലം വിവരിക്കാനായുണ്ട്. വിസ്തരഭയത്താല്‍ അതെല്ലാം ഇവിടെ കൊടുക്കുന്നില്ല. മാത്രമല്ല, യഥാര്‍ത്ഥ പുസ്തകം വായിക്കുന്നതിന്റെ അനുഭവം ഇല്ലാതാക്കുന്നുമില്ല)
ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനി തോറ്റതോടെ, മദ്യത്തിനും മയക്കുമരുന്നിനും ലഹരിക്കുമെതിരായ പരിശുദ്ധിയുടെ ജനപ്രിയമുന്നേറ്റങ്ങള്‍ക്ക് നാഷണല്‍ സോഷ്യലിസ്റ്റ് (നാസി) പാര്‍ട്ടി നേതൃത്വം നല്‍കി. സേവനത്തിന്റെ മഹാമാതൃകയായി ഹിറ്റ്‌ലര്‍ കൊണ്ടാടപ്പെട്ടു. ത്യാഗത്തിന്റെയും സന്ന്യാസത്തിന്റെയും സഹനത്തിന്റെയും ബ്രഹ്മചര്യത്തിന്റെയും പ്രതീകമായി ഹിറ്റ്‌ലര്‍ ചിത്രീകരിക്കപ്പെട്ടു. ഈ മിത്തിനെയും നോര്‍മന്‍ ഓഹ്ലര്‍ തെളിവുകളുടെ പിന്‍ബലത്തോടെ കൃത്യമായി അപനിര്‍മ്മിക്കുകയും സങ്കീര്‍ണമായ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുകാട്ടുകയും ചെയ്യുന്നുണ്ട്.
നിര്‍ബന്ധിത ശുദ്ധീകരണത്തിന്റെ ഭാഗമായി മയക്കുമരുന്നടിമകളെ ഗ്യാസ് ചേമ്പറുകളിലടച്ചും അല്ലാതെയും കൊലപ്പെടുത്തുന്ന രീതി പോലും നാസി ജര്‍മനിയില്‍ നിലവില്‍ വന്നിരുന്നു. അതായത്, മയക്കുമരുന്നിനും ലഹരിക്കും ‘സാംസ്‌കാരിക ജീര്‍ണത’യ്ക്കുമെതിരെ സന്ധിയില്ലാത്ത സമരം നടത്തുന്ന പ്രത്യയശാസ്ത്രവും ഭരണവുമാണ് നാസികളുടേത് എന്ന് ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ ഇതെല്ലാം സഹായകമായി. എന്നാല്‍, വാസ്തവത്തിന്റെ മറുപുറങ്ങള്‍ ആരും കാണാതെ പോകുകയും ചെയ്തു.
വംശീയമായ അടിസ്ഥാനത്തില്‍, മയക്കുമരുന്നിനെതിരായ ജനവികാരത്തെ പ്രയോജനപ്പെടുത്തുന്ന രീതിയും നാസികള്‍ സ്വീകരിച്ചു. നമ്മുടെ സമൂഹത്തിലും ഇത്തരം രീതികള്‍ കാണാന്‍ കഴിയുന്നുണ്ടല്ലോ.
പെര്‍വിറ്റിന്റെ തന്മാത്രാ ജീവശാസ്ത്രപരമായ (മോളിക്യൂളര്‍) ഘടന, അഡ്രിനാലിന്‍ എന്ന ഹോര്‍മോണിനു തുല്യമായിരുന്നു. രക്തത്തിലേയ്ക്കും അതു വഴി തലച്ചോറിലേയ്ക്കും അതിന് എളുപ്പത്തില്‍ ഇരച്ചു കയറാന്‍ കഴിയും. എന്നാല്‍, അഡ്രിനാലിനെപ്പോലെ മെത്തംഫെറ്റാമൈന്‍ രക്തസമ്മര്‍ദ്ദം കൂട്ടുകയില്ല താനും. മരുന്നുപയോഗിക്കുന്ന വ്യക്തിയ്ക്ക് പെട്ടെന്ന് ഉണര്‍ന്നെണീറ്റതു പോലെയും ശാരീരികമായി കൂടുതല്‍ കരുത്താര്‍ജ്ജിച്ചതായും തോന്നും. 1938ല്‍ ടെംലര്‍ കമ്പനി, പെര്‍വിറ്റിന്‍ കൂടുതല്‍ വിറ്റഴിക്കാന്‍ വേണ്ടി വ്യാപകമായി പരസ്യങ്ങള്‍ പ്രചരിപ്പിക്കുകയും ഡോക്ടര്‍മാരെ സ്വാധീനിക്കുകയും ചെയ്തിരുന്നു. പരസ്യങ്ങളുടെ ആവശ്യമില്ലാതെ തന്നെ പക്ഷേ, ജര്‍മന്‍കാര്‍ ഇതിനകം പെര്‍വിറ്റിന്റെ അടിമകളായി മാറിക്കഴിഞ്ഞിരുന്നു. പരീക്ഷകളില്‍ നന്നായെഴുതാന്‍ വേണ്ടി വിദ്യാര്‍ത്ഥികളും രാത്രികളില്‍ ഉണര്‍ന്നിരുന്ന് ജോലി ചെയ്യാന്‍ വേണ്ടി നഴ്‌സുമാരും ടെലഫോണ്‍ ഓപ്പറേറ്റര്‍മാരും പെര്‍വിറ്റിന്‍ ഉപയോഗിച്ചിരുന്നു. ഡോക്ടര്‍മാരും ഡ്രൈവര്‍മാരും രാഷ്ട്രീയക്കാരും ബിസിനസുകാരും തൊഴിലാളികളും ഗുമസ്തന്മാരും എന്നു വേണ്ട കുടുംബിനികള്‍ പോലും പെര്‍വിറ്റിന്‍ നിരന്തരമായി ഉപയോഗിക്കുന്നത് ശീലമാക്കി. കുട്ടികള്‍ക്കായി മെത്താംഫെറ്റമൈന്‍ കലര്‍ത്തിയ ചോക്കളേറ്റുകള്‍ (ഹില്‍ഡെബ്രാന്റ്) കമ്പോളത്തിലെത്തി. ‘പ്രവര്‍ത്തനക്ഷമ’മായ ഒരു സമൂഹമായി ജര്‍മന്‍ സമൂഹം മാറിയതായി ഇതിനെത്തുടര്‍ന്ന് പ്രശംസിക്കപ്പെട്ടു.
1939 മാര്‍ച്ച് 15ന് ചെക്കോസ്ലോവാക്യയുടെ പ്രസിഡണ്ട് എമില്‍ ഹാച്ച ജര്‍മന്‍ ചാന്‍സലറുടെ ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍, ഏറെ ക്ഷീണിതനായിരുന്നു. ജര്‍മന്‍കാര്‍ അദ്ദേഹത്തിനൊപ്പിടാനായി ഒരു കരാര്‍ കൊടുത്തു. അദ്ദേഹമതൊപ്പിട്ടില്ല, ഹൃദയസ്തംഭനം ഉണ്ടാകുകയും ചെയ്തു. ഹിറ്റ്‌ലര്‍ ഉടനെ തന്നെ തന്റെ ഡോക്ടര്‍ മോറെല്ലിനെ വിളിച്ച് ഹാച്ചയ്ക്ക് മരുന്ന് കുത്തിവെക്കാന്‍ പറഞ്ഞു. മരുന്ന് കുത്തിവെച്ച് നിമിഷങ്ങള്‍ക്കകം തന്നെ ഹാച്ച ഉണര്‍ന്നെണീറ്റു. ഉന്മാദത്തിലെന്നതു പോലെ അദ്ദേഹം ജര്‍മന്‍കാര്‍ നീട്ടിയ കരാര്‍ ഒപ്പിടുകയും ചെയ്തു. അടുത്ത ദിവസം രാവിലെ പ്രാഗ് നഗരത്തില്‍ ജര്‍മന്‍ പട എത്തുകയും ചെക്കോസ്ലോവാക്യയെ ചെറുത്തുനില്പുകളില്ലാതെ പിടിച്ചടക്കുകയും ചെയ്തു. അധികാരമില്ലാത്ത നേതാവായി ഹാച്ച തുടര്‍ന്നു. അദ്ദേഹം ഹിറ്റ്‌ലറുടെ അടിമയും മോറെല്ലിന്റെ രോഗിയുമായിരുന്നു. ഫാര്‍മക്കോളജിയ്ക്ക് ലോക രാഷ്ട്രീയത്തിനു മേല്‍ നിയന്ത്രണം ലഭിച്ച അപൂര്‍വ്വമായ അവസരമായിരുന്നു അത്.
സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാവായ ഹെയിന്‍ റിച്ച് ബോള്‍ അടക്കം പല പ്രമുഖരും പണ്ഡിതരും ബുദ്ധിജീവികളും വിദഗ്ദ്ധരും പെര്‍വിറ്റിന്‍ അഡിക്റ്റുകളായി മാറി. ബോള്‍ സൈനിക സേവനത്തിനിടയിലാണ് പെര്‍വിറ്റിന്‍ ഉപയോഗിച്ചു ശീലിച്ചത്.
സൈനിക ചരിത്രകാരനായ ആന്റണി ബീവര്‍, ഓഹ്ലറുടെ പുസ്തകം പ്രശംസനീയമാണെന്ന് അഭിപ്രായപ്പെട്ടു. ജര്‍മനിയുടെ ചരിത്രത്തില്‍ വിശേഷമായ അറിവുള്ള ഇയാന്‍ കെര്‍ഷോ, ബ്ലിറ്റ്‌സിഡിനെ വളരെ നല്ല പുസ്തകം എന്ന് വിശേഷിപ്പിച്ചു. എല്ലാ കാര്യങ്ങളെയും മാറ്റിമറിച്ച പുസ്തകം എന്നാണ് ജര്‍മന്‍ ചരിത്രകാരനായ ഹാന്‍സ് മോമ്‌സണ്‍ പറഞ്ഞത്. l