കേരളത്തിൽ ഇന്നു നിലനിൽക്കുന്ന സാമൂഹികസാഹചര്യം ഏറെ ഗൗരവമേറിയതും ആശങ്കയുളവാക്കുന്നതുമാണ്. വിദ്യാർത്ഥി-യുവജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന അരാജകപ്രവണതയും അതുവഴി രൂപപ്പെടുന്ന ലഹരി ഉപയോഗവും നമ്മുടെ യുവതലമുറയുടെ ഇച്ഛാശേഷിയെ പൂർണ്ണമായും നശിപ്പിക്കുന്നു എന്നത് നിസ്സംശയമാണ്. ഈ പ്രവണതയുടെ വേരുകൾ അന്വേഷിച്ച് സഞ്ചരിച്ചാൽ നമ്മുടെ വിദ്യാർത്ഥികളെ ഗ്രസിച്ചിരിക്കുന്ന അരാഷ്ട്രീയബോധവും ജനാധിപത്യവിരുദ്ധതയും മാനുഷികമൂല്യങ്ങളിൽ നിന്നുള്ള പിൻവലിയലുമാണ് മൂലകാരണമെന്നു കാണാൻ കഴിയും. ലഹരിയുടെ അനിയന്ത്രിത ഉപയോഗം കേവലം ഈ തലമുറയുടെ മാത്രം പ്രശ്നമായി അവതരിപ്പിക്കുന്നതും കക്ഷിരാഷ്ട്രീയ തുലാസിൽ തുലനം ചെയ്യുന്നതും ഈ വിഷയത്തെ ലഘൂകരിച്ചു കാണുന്ന ഒരു സമീപനമാകും എന്നാണ് ഈ ലേഖകൻ കരുതുന്നത്. മറ്റേതിലുമെന്നതുപോലെ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗത്തിന്റെ വർധനയെയും രാഷ്ട്രീയമായി അഭിസംബോധന ചെയ്യാൻ നാം തയ്യാറാവേണ്ടിയിരിക്കുന്നു.
സമൂഹത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിലൂടെ സർഗാത്മകമായ ഒരു രാഷ്ട്രീയയുവത്വത്തെ സൃഷ്ടിക്കാനാണ് വിദ്യാർഥിരാഷ്ട്രീയം എക്കാലത്തും പണിപ്പെട്ടുകൊണ്ടിരുന്നത്. ഏറ്റക്കുറച്ചിലുകളുണ്ടാവാമെങ്കിലും പാഠപുസ്തകം അന്തർദേശീയരാഷ്ട്രീയം വരെയുള്ള വിഷയങ്ങളിൽ ബോധവാന്മാരായ വിദ്യാർത്ഥികളെ നിർമ്മിക്കുന്നതിൽ ഇത്തരം പ്രസ്ഥാനങ്ങളുടെ പങ്ക് ചെറുതല്ല. വിശിഷ്യാ എസ് എഫ് ഐ. സ്കൂൾ സംഘടന തൊട്ട് മെഡിക്കൽ, എൻജിനീയറിങ്, ഉന്നത വിദ്യാഭ്യാസ മേഖലകളിലെ സമൂലമായ പ്രശ്നങ്ങളെ, പിന്നിട്ട 54 വർഷങ്ങളിൽ എസ്എഫ്ഐ അഭിസംബോധന ചെയ്തു. സമരമുദ്രാവാക്യം ഉയർത്തി. കേരളത്തിലെ വിദ്യാർത്ഥിസംഘടനാ പ്രവർത്തനമൊന്നുകൊണ്ട് മാത്രമാണ് ഉയർന്ന സാമൂഹിക നിലവാരമുള്ള ജനാധിപത്യ, മതനിരപേക്ഷ മനസ്സുകൾ കേരളത്തിൽ ഉയർന്നുവന്നത്. 2000- ത്തിന്റെ പകുതിയിൽ കോടതി വിധിയെ തുടർന്ന് സ്കൂൾ സംഘടനാ പ്രവർത്തനത്തെ നിരോധിച്ച് വിദ്യാർത്ഥി സംഘടനകളെ സ്‌കൂളുകളിൽ നിന്ന് പുറത്താക്കാൻ വെമ്പൽ കൊണ്ടു വലതുപക്ഷത്തിന് ഇപ്പോഴുള്ള ദുര്യോഗത്തിൽ ചെറുതല്ലാത്ത പങ്കുണ്ട്. അന്നത്തെ വലതുപക്ഷ വാദങ്ങൾക്ക് ശക്തിപകർന്ന മാധ്യമ വക്താക്കളും വിദ്യാലയങ്ങളിലെ എസ് എഫ് ഐ യുടെ സാന്നിധ്യത്തെയാണ് അടിസ്ഥാനപരമായി ഭയപ്പെട്ടത്. എസ് എഫ് ഐ യുടെ സ്വാധീനശക്തി ദുർബലപ്പെടുത്തുക എന്ന ലക്ഷ്യമായിരുന്നു വിദ്യാലയങ്ങളിലെ രാഷ്ട്രീയനിരോധനത്തിനു പുറകിലെ താത്പര്യം.
ലോകത്തിൽ ഏറ്റവും കൂടുതൽ ലഹരി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ആദ്യസ്ഥാനം അഫ്ഗാനിസ്ഥാനാണ്. അതിൽതന്നെ ഏറ്റവും കൂടുതൽ ലഹരി ഉപയോക്താക്കൾ ഉള്ള രാജ്യം അമേരിക്കയുമാണ്. ഈ രണ്ട് സ്ഥിതിവിവര കണക്കുകൾ മാത്രം പരിശോധിച്ചാൽ കഴിഞ്ഞ 20 വർഷമായി അഫ്ഗാനിസ്ഥാനിൽ തുടർന്ന അമേരിക്കൻ സൈനിക വിന്യാസവും ലഹരിയും തമ്മിലുള്ള ബന്ധത്തെ പ്രതി നമുക്ക് വ്യക്തതയുണ്ടാവേണ്ടതാണ്. ലഹരി ഉൽപാദനവും അതിന്റെ വിപണനവും മുൻനിർത്തി സാമ്രാജ്യത്വ ശക്തികൾ ചെറുതല്ലാത്ത ഭീഷണിയും ഉയർത്തിയിട്ടുണ്ട്. ലോകത്തെമ്പാടും പടർന്നു കിടക്കുന്നതും ലോകത്തിന്റെ പ്രധാന ആശങ്കകളിൽ ഒന്നായ ആഗോള ലഹരിമാഫിയസംഘം പ്രവർത്തിക്കുന്ന ലോകരാജ്യങ്ങൾ പരിശോധിച്ചാൽ അമേരിക്കൻ രാഷ്ട്രീയ ഇടപെടൽ അവിടങ്ങളിൽ ഉണ്ടായതായി കാണാൻ കഴിയും. ഇന്ത്യയിൽ അദാനിയുടെ നിയന്ത്രണത്തിലുള്ള ഗുജറാത്തിലെ കണ്ട്ല മുന്ദ്ര പോർട്ടിൽ 3000 കി.ഗ്രാം ഹെറോയിൻ പിടിച്ചെടുത്തത് കഴിഞ്ഞവർഷമാണ്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സ്വന്തം ബിജെപി നേതൃത്വം അടക്കിവാഴുന്ന, ഗുജറാത്തിലാണ് ഈ തുറമുഖം എന്നതും മോദിയുടെ രാഷ്ട്രീയ സ്പോൺസറായ അദാനിയുടെ ഉടമസ്ഥതയിലാണ് തുറമുഖം എന്നതും ഏറെ ആശങ്ക ഉയർത്തുന്നതാണ്. ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പ്രധാനമായും മെട്രോ നഗരങ്ങളിലേക്ക് രാസലഹരി വസ്തുക്കൾ വൻതോതിൽ വിപണനം ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇതിനെ ഏതു വിധേനയും മറികടക്കാൻ ആവശ്യമായ ഇടപെടൽ നടത്താൻ വിദ്യാർത്ഥി പ്രസ്ഥാനം പ്രതിജ്ഞാബദ്ധമാണ്.
കേവലമായ രാഷ്ട്രീയ ആരോപണത്തിനായി ലഹരി വിഷയങ്ങളെ ഉപയോഗിക്കാതെ ഇതിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ മൂലധന ശക്തികളെയും അവയെ ചുറ്റിപ്പറ്റി നടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളെയും നാം ചർച്ചയിലേക്കു കൊണ്ടുവരേണ്ടതുണ്ട്. ഇന്ത്യയിലെ സർക്കാർ അഴിമതിപ്പണത്തെ ഇലക്ട്രൽ ബോണ്ടിലൂടെ നിയമവൽക്കരിച്ചത് നാം മറന്നുകൂടാ. വർഗീയ, വലതുപക്ഷ പാർട്ടികൾ വിവിധ ഫാർമ കമ്പനികളിൽ നിന്ന് വാങ്ങിയിട്ടുള്ള ഇലക്ട്രൽ ബോണ്ടിലൂടെയുള്ള പണം മാഫിയ സംഘങ്ങൾക്കുള്ള അനിയന്ത്രിതമായ ലഹരി വിപണനത്തിനുള്ള അനുമതിക്കായുള്ള സംഭാവനയായേക്കാം എന്ന വാദവും അസ്ഥാനത്തല്ല. കേരളത്തിലെ യുഡിഎഫ് നേതാക്കൾ ലഹരിയുമായി ബന്ധപ്പെട്ട് എസ്എഫ്ഐയെ പ്രതിസ്ഥാനത്ത് നിർത്തി ചർച്ചയെ വഴിതിരിച്ചുവിടുന്നത് ഈ കാരണങ്ങളാലാണോ എന്നതും മേൽപ്പറഞ്ഞ സംശയത്തിന് ആക്കംകൂട്ടുന്നു.
സാമൂഹിക വിപത്തിനെ സാമൂഹിക മുന്നേറ്റങ്ങളാൽ യോജിച്ചു നിന്ന് മറികടക്കേണ്ട ഒന്നെന്നിരിക്കെ സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തി മുന്നേറ്റങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ സാമൂഹികവിരുദ്ധ മനോഭാവമായി മാത്രമേ കാണാൻ കഴിയൂ. വിദ്യാലയങ്ങൾ, കലാലയങ്ങൾ എന്നിങ്ങനെ വിദ്യാർത്ഥിയിടങ്ങളെ എല്ലാം ലഹരി മാഫിയാ സംഘങ്ങളുടെ കേന്ദ്രമാക്കാൻ ശ്രമിക്കുമ്പോൾ അതിനെ പ്രതിരോധിച്ചു വളർന്ന എസ്എഫ്ഐ കഴിഞ്ഞ വർഷങ്ങളിൽ തന്നെ ഏറെ ആക്രമണങ്ങൾ ഏറ്റുവാങ്ങി. വയനാട്ടിൽ മേപ്പാടി പോളിയിൽ അപർണ ഗൗരി എന്ന ഇന്നത്തെ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗത്തെ ആക്രമിച്ച ലഹരി മാഫിയസംഘത്തെ സമൂഹം പ്രതിഷേധത്തോടെ കണ്ടതാണ്. അപർണ ഗൗരിക്ക് ജീവിതം തിരികെ കിട്ടിയത് വിദഗ്‌ധചികിത്സ സമയബന്ധിതമായി ലഭിച്ചതിനാലാണ്. കോട്ടയത്ത് എസ്എഫ്ഐ പ്രവർത്തകരെ കുത്തി കൊലപ്പെടുത്തുവാനാണ് ലഹരി മാഫിയ സംഘങ്ങൾ ശ്രമിച്ചത്. ആഴ്ചകൾക്ക് മുന്നേയാണ് തലശ്ശേരി ബ്രണ്ണൻ കോളേജിൽ അരാജക ലഹരി മാഫിയ സംഘം ഗ്യാങ്ങിന്റെ രൂപത്തിൽ അർദ്ധനഗ്നരായി കോളേജ് യൂണിയൻ പരിപാടിയിൽ നൃത്തം ചെയ്യണമെന്ന ആവശ്യത്തെ യൂണിയൻ ഭാരവാഹികൾ നിഷേധിച്ച പകയിൽ ചെയർമാൻ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത്. ഇങ്ങനെ ഒട്ടേറെ അക്രമങ്ങളെയും ഭീഷണികളെയും നേരിട്ടാണ് വിദ്യാർത്ഥിപ്രസ്ഥാനം മുന്നോട്ടു പോകുന്നത്. മാധ്യമങ്ങളും വലതുപക്ഷവും തുടരുന്ന ആക്രമണങ്ങൾ ഇടതുവിരുദ്ധതയുടെ ഭാഗമാണെങ്കിൽകൂടി ലഹരിക്കെതിരെയുള്ള പോരാട്ടത്തെ രാഷ്ട്രീയമായ ആരോപണ പ്രത്യാരോപണങ്ങളാൽ ദുർബലമാക്കാൻ അനുവദിച്ചുകൂടാ. ലഹരിയുടെ രാഷ്ട്രീയത്തിലേക്ക് ചർച്ചകൾ വികസിക്കേണ്ടതുണ്ട്. അതോടൊപ്പം കൗമാരക്കാരുടെ ക്രിയാശേഷിയെ രാഷ്ട്രീയവത്കരിക്കാനുള്ള ഉപാധികളെക്കുറിച്ചും സംസാരിച്ചുതുടങ്ങേണ്ടിയിരിക്കുന്നു. വിദ്യാലയങ്ങളിൽ വിദ്യാർഥിസംഘടനാ പ്രവർത്തനം നിരുപാധികമായി തിരിച്ചുവരികയെന്നത് പ്രധാനമാണ്. റാഗിംഗ് മുതൽ ലഹരി വരെയുള്ളവ നമ്മുടെ കുട്ടികളെ വലവീശിപ്പിടിക്കുമ്പോൾ സംഘടിതമായ വിദ്യാർഥി രാഷ്ട്രീയത്തിനേ പ്രതിരോധധാര സൃഷ്ടിക്കാൻ കഴിയുകയുള്ളു. കേരളത്തെ ലഹരിയുടെ കേന്ദ്രമാക്കാൻ ശ്രമിക്കുന്ന സാമൂഹ്യ ഛിദ്രശക്തികളെ ഒറ്റക്കെട്ടായി നേരിടാൻ നമുക്ക് യോജിച്ച പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാം. l