മയക്കുമരുന്നുകൾ, വിശേഷിച്ച് കൃത്രിമ രാസലഹരി മരുന്നുകൾ ഇന്ന് പല രാജ്യങ്ങൾക്കും വലിയ വെല്ലുവിളിയായിട്ടുണ്ട്. കറുപ്പ്, കഞ്ചാവ്, കൊക്ക തുടങ്ങിയവ പൗരാണികകാലം മുതൽ വേദനസംഹാരികളായും ആനന്ദത്തിനും മനുഷ്യൻ ഉപയോഗിക്കുന്ന സസ്യങ്ങളായതിനാൽ അവയെ നിയമവിധേയമാക്കണമെന്ന ആവശ്യം കൂടുതൽ രാജ്യങ്ങളിൽ ഉയരുന്നുണ്ട്. എന്നാൽ മനുഷ്യനെ പെട്ടെ ന്ന് അടിമയാക്കുകയും അതിവേഗം ദുരന്തങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന രാസലഹരികൾ അനധികൃതമായി വ്യാപിക്കുന്നത് തടയേണ്ടതാണെന്ന ധാരണ ലോകമെങ്ങും പൊതുവേയുണ്ട്. ഇവയിൽ പലതും വേദനസംഹാരികൾ എന്ന നിലയ്‌ക്കടക്കം ചികിത്സാരംഗത്ത് ആവശ്യമായതിനാൽ നിരോധിക്കാനാവാത്ത സ്ഥിതിയുമുണ്ട്. അപ്പോഴും ചികിത്സാവശ്യത്തിനപ്പുറം അവയുടെ വ്യാപനത്തിന് ഇടയാക്കുന്നത് ഇടപാടുകാർക്ക് അതുണ്ടാക്കുന്ന ഭീമമായ സാമ്പത്തികലാഭമാണെന്നതാണ് വസ്‌തുത. വിഷം വിറ്റും പണമുണ്ടാക്കണമെന്ന മുതലാളിത്ത നിലപാടാണ് മയക്കുമരുന്ന് കച്ചവടക്കാരെ നയിക്കുന്നത്. അമേരിക്കയടക്കം പാശ്ചാത്യ രാജ്യങ്ങളിലെ വൻകിട മൂലധനശക്തികൾ ഇവയ്‌ക്കു പിന്നിലുണ്ടെങ്കിലും ഇവയുടെ ഉൽപാദനം വളരെ വികേന്ദ്രീകൃതമായത് നിയന്ത്രണം ശ്രമകരമാക്കുന്നു. വിതരണമാകട്ടെ വലിയപങ്കും ഡാർക്‌വെബ് പോലുള്ള ഗൂഢ ഇടങ്ങളിലൂടെ ഓൺലൈനായാണ് നടക്കുന്നത്. 141 രാജ്യങ്ങളിൽ നിന്നായി 1200ൽപരം രാസലഹരിമരുന്നുകൾ പുറത്തിറങ്ങുന്നതായാണ് ഒരു പഠനത്തിൽ യുഎൻ ഏജൻസി കണ്ടെത്തിയത്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളുമെല്ലാം മയക്കുമരുന്ന് വിപത്തിന്റെ വെല്ലുവിളി നേരിടുന്നുണ്ട്. ഇതിൽ ഏറ്റവും ശ്രദ്ധേ യം ലോകമെങ്ങും ജനകീയ പോരാട്ടങ്ങളെ തളർത്താൻ മയക്കുമരുന്ന് മാഫിയകളെ വളർത്തിയ അമേരിക്ക നേരിടുന്ന പ്രതിസന്ധിയാണ്. അവിടെ 15,000 കോടി ഡോളറിന്റെ അനധികൃത മയക്കുമരുന്ന് വ്യാപാരം നടക്കുന്നതായാണ് മൂന്ന് വർഷം മുമ്പുള്ള കണക്ക്. ലോകത്താകെ ഇത് 65000 കോടിയിലധികം വരും.
അമേരിക്കയ്‌ക്ക് വലിയ ഭീഷണിയായ ഓപിയോയിഡുകൾക്കെതിരെ (കറുപ്പിൽനിന്നോ അതിലെ രാസഘടകങ്ങൾ ഉപയോഗിച്ച് ലാബിലോ ഉണ്ടാക്കുന്ന മയക്കുമരുന്നുകൾ), വിശേഷിച്ച് അതിൽ പ്രധാന മരുന്നായ ഫെന്റാനിലിനെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള അമേരിക്കൻ സർക്കാർ ഏതാനും വർഷങ്ങൾക്കിടെ ചില ചൈനീസ് സ്ഥാപനങ്ങൾക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനുമുമ്പ് 2019ൽ തന്നെ ചൈന ഫെന്റാനിലും അതുമായി ബന്ധപ്പെട്ട പദാർത്ഥങ്ങളും ഉൽപാദിപ്പിക്കുന്നതും വിൽക്കുന്നതും നിരോധിച്ചിരുന്നു. എന്നാൽ ഫെന്റാലിൻ ഉൽപാദനത്തിനാവശ്യമായ രാസപദാർത്ഥങ്ങൾ ചൈനയിൽ നിന്നാണ് മെക്‌സിക്കോയിലെ കാർട്ടലുകൾക്ക് ലഭിക്കുന്നത് എന്നാണ് അമേരിക്കയുടെ ആരോപണം. എന്നാൽ ഉപഭോക്തൃ ആവശ്യവും ലാറ്റിനമേരിക്കൻ കാർട്ടലുകളും അമേരിക്കൻ ഔഷധ കമ്പനികളുമാണ് ഫെന്റാനിൽ വ്യാപനത്തിന് കാരണം എന്നാണ് ചൈനയുടെ നിലപാട്.
എന്തായാലും അമേരിക്കയ്‌ക്ക് ഇന്ന് ഈ രാസ മയക്കുമരുന്ന് വലിയ ഭീഷണിയാണ് എന്നത് വസ്‌തുതയാണ്. 2022ൽ അമേരിക്കയിൽ മരുന്നുകളുടെ അമിത ഡോസ് മൂലമുണ്ടായ 1,07,000 ൽപരം മരണങ്ങളിൽ മൂന്നിൽരണ്ടും ഫെന്റാനിൽ പോലുള്ള രാസമരുന്നുകളുടെ ഉപയോഗം മൂലമുണ്ടായതാണ്. ഈ സന്ദർഭത്തിൽ രണ്ടു നൂറ്റാണ്ട് പിന്നിലേക്ക് പോവുമ്പോൾ ചൈനയും പാശ്ചാത്യരാജ്യങ്ങളും എതിർപക്ഷങ്ങളിൽ നിന്ന മയക്കുമരുന്ന് യുദ്ധങ്ങളാണ് ഓർമവരിക. അന്ന് ചൈനീസ് ജനതയെ മയക്കുമരുന്നിന് അടിമകളാക്കി കൊള്ളയടിക്കുന്നതിൽ മുന്നിൽ ബ്രിട്ടീഷ് സാമ്രാജ്യത്വമായിരുന്നെങ്കിലും അമേരിക്കൻ ബിസിനസുകാരും പിന്നോട്ടുപോയില്ല. ചരിത്രത്തിന്റെ പ്രതികാരമെന്നതുപോലെയാണ് ഇപ്പോൾ അമേരിക്ക നേരിടുന്ന പ്രശ്‌നം.
ജ്ഞാനപീഠ ജേതാവായ സാഹിത്യകാരൻ അമിതാവ് ഘോഷ് കറുപ്പ് കച്ചവടത്തിന്റെ ചരിത്രവഴികളിലൂടെ ഗവേഷണം നടത്തി എഴുതിയ ‘സ്‌മോക് ആൻഡ് ആഷസ്: എ റൈറ്റേഴ്‌സ് ജേർണി ത്രൂ ഒപിയംസ് ഹിഡൻ ഹിസ്‌റ്ററീസ്’ എന്ന കൃതി മയക്കുമരുന്നുകച്ചവടത്തിൽ അമേരിക്കൻ മുതലാളിത്തത്തിന്റെ പങ്കിലേക്ക് വെളിച്ചം വീശുന്നതാണ്. അമേരിക്കയിലെ ചില പ്രമുഖ കുടുംബങ്ങളുടെയും വ്യവസായങ്ങളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തികവളർച്ചയിൽ കറുപ്പുകച്ചവടം വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന് ഈ പുസ്‌തകം വ്യക്തമാക്കുന്നുണ്ട്. കൊളോണിയൽ യൂറോപ്പ്, വിശേഷിച്ച് ബ്രിട്ടീഷുകാരും ഡച്ചുകാരും, അക്കാലത്ത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലകൾ സ്ഥാപിച്ച് ചൈനക്കാരെയും തെക്കുകിഴക്കേഷ്യൻ ജനതകളെയും ലഹരിക്കടിമകളാക്കി പണംകൊയ്‌താണ് കൊളോണിയൽ വ്യവസായ വളർച്ചയും സാമ്പത്തികാഭിവൃദ്ധിയും കൈവരിച്ചത്. സാമ്രാജ്യത്വശക്തികളുടെ ഈ സാമ്പത്തികാടിത്തറയാണ് ചൂഷണാധിഷ്‌ഠിതമായ വർത്തമാനകാല മുതലാളിത്ത ലോകത്തിന് കരുത്തായത്. തന്റെ പ്രസിദ്ധമായ നോവൽത്രയത്തിന്(സീ ഓഫ് പോപ്പീസ്–-2008, റിവർ ഓഫ് സ്‌മോക്ക്–-2011, ഫ്ലഡ് ഓഫ് ഫയർ–-2015) വേണ്ടി നടത്തിയ ഗവേഷണമാണ് ഘോഷിനെ പത്തൊൻപതാം നൂറ്റാണ്ടിലെ സാമ്രാജ്യത്വ കൊള്ളകളും വർത്തമാനകാലത്ത് അമേരിക്ക നേരിടുന്ന ഓപിയോയിഡ് പ്രതിസന്ധിയും തമ്മിലുള്ള ബന്ധവും സംബന്ധിച്ച തിരിച്ചറിവുകളിലേക്ക് നയിച്ചത്.
1839–-42 ലായിരുന്നു ബ്രിട്ടനും ചൈനയുമായി ഒന്നാം കറുപ്പുയുദ്ധം. ചൈനയിലെ തുറമുഖങ്ങൾ വഴി അവിടേക്ക് ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നുള്ള കറുപ്പ് കടത്താൻ അനുമതി വേണമെന്ന ബ്രിട്ടന്റെ ആവശ്യമാണ് യുദ്ധത്തിലേക്ക് നയിച്ചത്. ചൈനയിൽനിന്ന് വാങ്ങുന്ന തേയില, കളിമൺപാത്രങ്ങൾ, പട്ട് തുടങ്ങിയവയ്‌ക്കുപകരമായി അവിടെ കറുപ്പ് വിൽക്കാൻ അനുമതിവേണം എന്നായിരുന്നു ആവശ്യം. ഈ യുദ്ധത്തോടെയാണ് ഹോങ്‌കോങ് ബ്രിട്ടന്റെ അധീനതയിലായത്. ചൈനയിൽ വൻതോതിൽ കറുപ്പ് എത്തിച്ച് ചൈനക്കാരെ അതിന് അടിമകളാക്കുന്നതിന് ബ്രിട്ടന് സാധിച്ചു. ഒന്നര പതിറ്റാണ്ടോളം കഴിഞ്ഞുണ്ടായ രണ്ടാം കറുപ്പുയുദ്ധത്തിൽ ബ്രിട്ടനും ഫ്രാൻസും ചേർന്നാണ് ചൈനയെ ആക്രമിച്ചത്. ഈ യൂറോപ്യൻ രാജ്യങ്ങൾക്ക് കൂടുതൽ വ്യാപാര അവകാശങ്ങളും ഇളവുകളും നൽകാൻ അന്നും ചൈന നിർബന്ധിതമായി. ശീതയുദ്ധകാലത്ത് ബർമയിലെ കമ്യൂണിസ്‌റ്റുവിരുദ്ധരായ സിഐഎ ഏജന്റുമാരായിരുന്നു മേഖലയിലെ രാജ്യങ്ങളിൽ മയക്കുമരുന്ന് കച്ചവടത്തിന്റെ പ്രധാന വിതരണക്കാർ. തായ്‌വാനിൽനിന്നാണ് അവർ നിയന്ത്രിക്കപ്പെട്ടിരുന്നത്. വിയത്‌നാം, ലാവോസ് തുടങ്ങിയ രാജ്യങ്ങളിലെ കമ്യൂണിസ്‌റ്റ് സർക്കാരുകൾക്കെതിരായ പ്രവർത്തനങ്ങൾക്കും മയക്കുമരുന്നിടപാടിൽ നിന്നുള്ള പണം അമേരിക്കൻ ഏജന്റുമാർ ലഭ്യമാക്കിയിരുന്നു.
മയക്കുമരുന്ന് വ്യാപാരം ഏറെ ചോരപ്പുഴയൊഴുക്കുകയും മന്ത്രിമാരടക്കം ഉന്നത നേതാക്കളുടെയും ജഡ്‌ജിമാരുടെയും മറ്റും ജീവനെടുക്കുകയും ചെയ്‌ത രാജ്യമാണ് കൊളംബിയ. ബ്രസീലിന്റെ പത്തിലൊന്ന് വിസ്‌തൃതിയേ ഉള്ളൂവെങ്കിലും ജൈവവൈവിധ്യത്തിൽ ബ്രസീൽ കഴിഞ്ഞാൽ രണ്ടാംസ്ഥാനത്താണ് ഈ തെക്കനമേരിക്കൻ രാജ്യം. കൊളംബിയൻ വനങ്ങളിൽ വളർത്തുന്ന കൊക്കോ ചെടികളിൽ നിന്നുണ്ടാക്കുന്ന കൊക്കെയ്‌ൻ അന്താരാഷ്‌ട്ര മാർക്കറ്റിൽ, വിശേഷിച്ച് അമേരിക്കയിൽ, വളരെ വലിയ വിലയുള്ളതാണ്. മെദലിൻ, കാലി നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയാ സംഘങ്ങളുടെ പോർക്കളമായിരുന്നു ഏറെക്കാലം കൊളംബിയ. മയക്കുമരുന്ന് വിൽപ്പനയിലൂടെ ശതകോടിക്കണക്കിന് ഡോളറുകൾ കൊയ്‌ത ഈ സംഘങ്ങൾ സമാന്തര സർക്കാരുകളായാണ് പ്രവർത്തിച്ചുവന്നത്. പല ഉന്നതരെയും ഇവർ വിലപേശലിന്റെ ഭാഗമായി തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇത്തരം സംഭവങ്ങളെ കുറിച്ചാണ് കൊളംബിയക്കാരനായ നൊബേൽ പുരസ്‌കാരജേതാവ് ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ സാഹിത്യേതര കൃതിയായ ‘ന്യൂസ് ഓഫ് കിഡ്‌നാപ്പപിങ്‌സ്’ വിവരിക്കുന്നത്.
മെദലിൻ കാർട്ടൽ എന്നറിയപ്പെട്ട സംഘത്തിന്റെ നായകനായിരുന്ന പാബ്ലോ എസ്‌കോബാർ 1993ൽ പൊലീസിന്റെ വെടിയേറ്റ് മരിച്ചതോടെയാണ് കൊളംബിയയിലെ മയക്കുമരുന്ന് മാഫിയകളുടെ ആധിപത്യത്തിന് അൽപം ശമനമുണ്ടായത്. കൊളംബിയയിലെ മയക്കുമരുന്ന് രാജാവ് എന്നറിയപ്പെട്ട ഇയാൾ കൊല്ലപ്പെടുമ്പോൾ സമ്പാദ്യം 3,000 കോടി ഡോളർ വരുമായിരുന്നു(ഇന്നത്തെ മൂല്യമനുസരിച്ച് അത് 7,500 കോടി ഡോളറിലധികം). 1980കൾ മുതൽ ഇയാൾ കൊല്ലപ്പെടുന്നതുവരെ അമേരിക്കയിലെ കൊക്കെയ്‌ൻ കച്ചവടത്തിന്റെ കുത്തക മെദലിൻ സംഘത്തിനായിരുന്നു. കൊളംബിയയും എസ്‌കോബാർ എന്ന പേരും ചർച്ചയാവുമ്പോൾ ഫുട്‌ബോൾ ലോകം വേദനയോടെ ഓർക്കുന്ന ഒരു എസ്‌കോബാറുണ്ട്. 1994ലെ ഫുട്‌ബോൾ ലോകകപ്പിലെ സെൽഫ്‌ഗോളിന് വിലയായി തന്റെ ജീവൻതന്നെ നൽകേണ്ടിവന്ന സോക്കർതാരം ആന്ദ്രെ എസ്‌കോബാർ. പാബ്ലോ എസ്‌കോബർ ഒരു കാലഘട്ടത്തിൽ ക്രിമിനൽലോകം അടക്കിവാണെങ്കിൽ ആന്ദ്രെ എസ്‌കോബാർ കളിക്കളത്തിലും പുറത്തും മാന്യനായിരുന്നു. ഇരുവരും മെദലിൻ നഗരത്തിൽ നിന്നുള്ളവരായിരുന്നെങ്കിലും തമ്മിൽ ബന്ധമുണ്ടായിരുന്നില്ല. എങ്കിലും ‘ടു എസ്‌കോബാർസ്’ എന്നൊരു ഡോക്യൂമെന്ററി 15 വർഷം മുമ്പ് ഇഎസ്‌പിഎൻ ചാനൽ പുറത്തിറക്കിയിരുന്നു.
കൊളംബിയയിൽ ഇടതുപക്ഷ സായുധ വിപ്ലവകാരികളുടെ സംഘടനകളെ ഇല്ലാതാക്കാൻ പതിറ്റാണ്ടുകളോളം അമേരിക്ക മയക്കുമരുന്ന് സംഘങ്ങൾക്ക് എല്ലാ സഹായവും നൽകിയിരുന്നു. മയക്കുമരുന്ന് വേട്ടയുടെ പേരിൽ പൊലീസും സൈന്യവും സാധാരണ ഗ്രാമീണരെയും വനപ്രദേശങ്ങളിൽ താമസിക്കുന്ന തദ്ദേശ ജനവിഭാഗങ്ങളെയും പീഡിപ്പിക്കുന്നതും പതിവായിരുന്നു. ഫാർക് (FARK) പോലുള്ള ഇടതുപക്ഷ ഗറില്ലാ സംഘങ്ങൾ സായുധ പോരാട്ടത്തിൽ ഏർപ്പെട്ടിരുന്ന കാലത്ത് അവയുമായുണ്ടായിരുന്ന ബന്ധത്തിന്റെ പേരിലും ആദിവാസികൾ പീഡിപ്പിക്കപ്പെട്ടു. പലപ്പോഴും മയക്കുമരുന്ന് മാഫിയക്കുവേണ്ടിയാണ് പൊലീസ് ഗ്രാമീണരെയും തദ്ദേശ വിഭാഗങ്ങളെയും ഉപദ്രവിച്ചത്. ആയുധങ്ങൾ വാങ്ങുന്നതിനും മറ്റും പണം കണ്ടെത്താൻ ഗറില്ലകൾ അക്കാലത്ത് മാഫിയാ സംഘാംഗങ്ങളെ തട്ടിക്കൊണ്ടുപോവുമായിരുന്നു. ഗറില്ലകളെ നേരിടാൻ മയക്കുമരുന്ന് സംഘങ്ങൾ രൂപീകരിച്ച കൊലയാളി സംഘങ്ങൾക്ക് വലതുപക്ഷ സർക്കാരുകളുടെ പിന്തുണയുണ്ടായിരുന്നു(ബിഹാറിൽ മാവോയിസ്‌റ്റുകളെ നേരിടാൻ സവർണ ഭൂപ്രമാണിമാർ രൂപീകരിച്ച രൺവീർസേനയ്‌ക്കും ഛത്തീസ്‌ഗഢിൽ ആദിവാസികളെ ബലിയാടാക്കാൻ രൂപീകരിച്ച സാൽചാ ജുദുമിനും ഭരണകൂട സഹായം ഉണ്ടായിരുന്നതുപാലെ).
നിക്കരാഗ്വായിൽ ഇടതുപക്ഷ വിപ്ലവകാരികളായ സാൻഡിനിസ്‌റ്റകൾ അധികാരത്തിലെത്തിയതിനെ തുടർന്ന് അവിടെനിന്ന് അമേരിക്കയിലെ മിയാമിയിലേക്ക് കൊക്കെയ്‌ൻ കടത്തുന്നതിന് പ്രതിവിപ്ലകാരികളായ കോൺട്രകൾക്ക് അമേരിക്ക എല്ലാ പ്രോത്സാഹനവും നൽകിയത് ഹോളിവുഡ് സിനിമകൾക്ക് വിഷയമായിട്ടുണ്ട്. ഇറാൻ–-ഇറാഖ് യുദ്ധകാലത്ത്, ബദ്ധശത്രുവായ ഇറാന് ആയുധം വിറ്റുപോലും അമേരിക്ക കോൺട്രകൾക്ക് പണമെത്തിച്ചു. അന്താരാഷ്‌ട്ര തലത്തിൽ രാഷ്‌ട്രീയ വിവാദത്തിനും ഇത് ഇടയാക്കി. അമേരിക്കയിലെ കറുത്തവരുടെ പോരാട്ടസംഘടനയായിരുന്ന ബ്ലാക് പാന്തേഴ്‌സിനെ തകർക്കാൻ കറുത്തവർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ മയക്കുമരുന്നുകൾ ഒഴുക്കാൻ സിഐഎ പ്രത്യേക പദ്ധതികൾ തന്നെ നടപ്പാക്കിയിരുന്നു. അങ്ങനെ മയക്കുമരുന്നുകൾ ഉപയോഗിച്ച് സ്വന്തം ജനതയ്‌ക്കെതിരെ തന്നെ യുദ്ധം പ്രഖ്യാപിച്ച ഭരണകൂടമാണ് അമേരിക്കയിലേത്.
അമേരിക്കൻ സാമ്രാജ്യത്വ നയങ്ങൾ മയക്കുമരുന്നിന് അടിമയാക്കിയ മറ്റൊരു ജനതയാണ് അഫ്‌ഗാനിസ്ഥാനിലുള്ളത്. അവിടെ നാലര പതിറ്റാണ്ട് മുമ്പ് ഡോ. നജീബുള്ളയുടെ സോഷ്യലിസ്‌റ്റ് സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക പാകിസ്ഥാന്റെയും സുന്നി അറബ് രാജവാഴ്‌ചകളുടെയും സഹായത്തോടെ സൃഷ്‌ടിച്ച ഇസ്ലാമിക മൗലികവാദ സംഘടനകൾ പിന്നീട് അമേരിക്കയ്‌ക്ക് തന്നെ ഭീഷണിയായ ഭീകരസംഘടനകളായി മാറിയത് ചരിത്രഗതിയെ തന്നെ മാറ്റിമറിച്ചതാണ്. അഫ്‌ഗാനിസ്ഥാനിൽ അധികാരത്തിലെത്തിയ താലിബാനെ പുറത്താക്കാൻ അമേരിക്ക നടത്തിയ യുദ്ധത്തിന്റെ വിഫലത രണ്ടരവർഷം മുമ്പ് താലിബാന് അധികാരം തിരിച്ചുനൽകി അമേരിക്ക അവിടെനിന്ന് പിൻവാങ്ങിയതിൽ എത്തിനിൽക്കുന്നു. എന്നാൽ ഇക്കാലംകൊണ്ട് അമേരിക്ക അഫ്‌ഗാൻ ജനതയ്‌ക്കുണ്ടാക്കിയ ദ്രോഹത്തിൽനിന്ന് അടുത്ത കാലത്തൊന്നും അവർക്ക് മോചനം ഉണ്ടാവുമെന്ന് തോന്നുന്നില്ല. അഫ്‌ഗാനിസ്താന്റെ സമ്പദ്‌വ്യവസ്ഥയുടെ നാലിലൊന്ന് വരും കറുപ്പ് വ്യാപാരത്തിൽനിന്നുള്ള പങ്ക്. അമേരിക്ക പിൻവാങ്ങുമ്പോൾ അഫ്‌ഗാനികളിൽ പത്തിലൊന്നും മയക്കുമരുന്നിന് അടിമകളാണ് എന്നായിരുന്നു കണക്ക്(2022ൽ അധികാരത്തിൽ തിരിച്ചെത്തിയ താലിബാൻ കറുപ്പ് കൃഷിയും കച്ചവടവും നിരോധിച്ചതിനെ തുടർന്ന് 2023ൽ ഉൽപാദനം കുറഞ്ഞെങ്കിലും കഴിഞ്ഞവർഷം വീണ്ടും കൂടിയതായാണ് യുഎൻ റിപ്പോർട്ട് സൂചിപ്പിക്കുന്നത്). രണ്ട് പതിറ്റാണ്ട് മുമ്പ് താലിബാന്റെ പതനത്തെ തുടർന്ന് കറുപ്പ്‌കൃഷിയായിരുന്നു അഫ്‌ഗാൻ കർഷകർക്ക് പ്രധാന വരുമാനമാർഗം. ഒരേക്കറിൽ ഗോതമ്പ് കൃഷി ചെയ്‌താൽ 30 ഡോളർ വരുമാനം കിട്ടിയിരുന്നിടത്ത് കറുപ്പ് കൃഷി ചെയ്‌താൽ 500 ഡോളറായിരുന്നു വരുമാനം. അധിനിവേശാനന്തരം , അഫ്‌ഗാനിസ്താനിലുണ്ടായിരുന്ന അമേരിക്കൻ സൈനിക, സിവിലിയൻ ഉദ്യോഗസ്ഥർക്ക് അവിടത്തെ മയക്കുമരുന്ന് വ്യാപനത്തിൽ പങ്കുണ്ടെന്നാണ് പെന്റഗൺ അറ്റോണിയായി അവിടെ സേവനമനുഷ്‌ഠിച്ച മേരി ബെത് ലോങ് കണ്ടെത്തിയത്. അഫ്‌ഗാനിസ്ഥാനിലെ മോർഫിൻ ലാബുകൾക്ക് സംരക്ഷണം നൽകി പണംപറ്റിയിരുന്ന താലിബാൻകാർ അമേരിക്കൻ പാവ സർക്കാരിന്റെ കാലത്ത് അത്തരം ലാബുകളുടെ നടത്തിപ്പുകാർ തന്നെയായി മാറിയതും സിഐഎ രേഖകൾ വിലയിരുത്തിയുള്ള ‘ഡയറക്ടറേറ്റ് എസ്’ എന്ന പുസ്‌തകത്തിൽ സ്‌റ്റീവ് കോൾ പറയുന്നുണ്ട്. ഈ നൂറ്റാണ്ടിന്റെ ആദ്യ ഒന്നര പതിറ്റാണ്ടിൽ അഫ്‌ഗാനിസ്താനിലും പാകിസ്താനിലും സിഐഎയും അമേരിക്കയും നടത്തിയ രഹസ്യയുദ്ധങ്ങളുടെ വിലയിരുത്തലാണ് സ്‌റ്റീവിന്റെ കൃതി. സിഐഎയും പെന്റഗണും അവിടെ വഷളന്മാരിൽ വഷളന്മാരുമായി ചേർന്നാണ് പ്രവർത്തിച്ചതെന്നും മയക്കുമരുന്ന് കച്ചവടവുമായി ബന്ധമുള്ള യുദ്ധപ്രഭുക്കളെയാണ് വളർത്തിയതെന്നും സ്‌റ്റീവ് പറയുന്നുണ്ട്. ഇവിടെ മാത്രമല്ല, ലോകത്തെവിടെയും അമേരിക്കൻ സാമ്രാജ്യത്വം ചെയ്‌തത് ഇതുതന്നെയാണ് എന്നതാണ് മറ്റിടങ്ങളിലെ അനുഭവവും കാണിക്കുന്നത്. മയക്കുമരുന്നിനെതിരായ പോരാട്ടം സാമ്രാജ്യത്വവിരുദ്ധ പോരാട്ടവുമായി ചേർന്നുപോകേണ്ടതാണ് എന്നാണ് ലോകത്തിന്റെ അനുഭവം കാണിക്കുന്നത്. l