ഇന്ത്യ ഇന്ന് ലോകത്തെ പ്രധാന മയക്കുമരുന്ന് വിതരണ കേന്ദ്രവും മുഖ്യ ഉപഭോക്താവുമായി മാറിയിരിക്കുകയാണ്. ഒരേ സമയം മയക്കുമരുന്നിന്റെ വിതരണക്കാരും ഉപഭോക്താക്കളെ എന്ന നിലയിൽ ഇന്ത്യയ്ക്ക് വലിയ വില കൊടുക്കേണ്ടിവരുന്നു. മയക്കുമരുന്നിന്റെ ആഭ്യന്തര ആസക്തി രാജ്യത്തെ ആരോഗ്യ മേഖലയ്ക്കും ഒപ്പം നിയമ സംവിധാനത്തിനും മേൽ വലിയ ഭാരം അടിച്ചേൽപ്പിക്കുന്നു. ഗുജറാത്ത് കേന്ദ്രമാക്കി സജീവമായ മയക്കുമരുന്ന് റാക്കറ്റ്, ഇന്ത്യയെയാകെ വിഴുങ്ങുന്ന തരത്തിൽ മയക്കുമരുന്നു വിപണനവും ഉപഭോഗവുമായി ഇന്ന് രാജ്യത്തെ ജനങ്ങളെയാകെ, പ്രത്യേകിച്ച് യുവജനങ്ങളെ വലിയ തോതിൽ .ഗ്രസിച്ചിരിക്കുകയാണ്. അതിനുപിന്നിലെ ഏറ്റവും വലിയ ശക്തിയും ഗുജറാത്താണ്.
മയക്കുമരുന്നു കടത്തിന്റെ
ഗുജറാത്ത് മാതൃക
2020 സെപ്തംബർ, മുന്ദ്ര പോർട്ട്, ഗുജറാത്ത് –9000 കോടി രൂപ; 2021 സെപ്തംബർ, മുന്ദ്ര പോർട്ട്, ഗുജറാത്ത് – 21,000 കോടി രൂപ; 2022 ഏപ്രിൽ, കച്ച്, ഗുജറാത്ത് – 2100 കോടി രൂപ; 2022 ജൂൺ, മുന്ദ്ര പോർട്ട്, ഗുജറാത്ത് – 250 കോടി രൂപ; 2022 ആഗസ്ത്, വഡോദര, അങ്കലേശ്വർ, ഗുജറാത്ത് – 3,534 കോടി രൂപ.
ഗുജറാത്തിലെ തുറമുഖ വികസനത്തിനായി ചെലവഴിച്ച തുകയാണിതെന്ന് ആരും തെറ്റിദ്ധരിക്കണ്ട. 2020–22 കാലത്ത് ഗുജറാത്തിലേക്കു കടത്തിയ മയക്കുമരുന്നിന്റെ അന്താരാഷ്ട്ര വിപണി മൂല്യമാണിത്. കഴിഞ്ഞ 25 വർഷമായി ഗുജറാത്ത് ഭരിച്ച ഒരേയൊരു പാർട്ടിയായ ബിജെപിയ്ക്കുകീഴിൽ അതിനു നേതൃത്വം നൽകുന്ന പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും മൂക്കിനുകീഴെ, തഴച്ചുവളർന്ന മയക്കുമരുന്നു കടത്തും വിപണനവും ഇന്ത്യയെ മയക്കുമരുന്നിന്റെ ആഗോള ഹബ്ബാക്കി മാറ്റിയിരിക്കുന്നു. ഇന്ന് ഇന്ത്യയിലെ അരക്കോടിയിലേറെ ചെറുപ്പക്കാർ ഹെറോയിൻ തുടങ്ങി മറ്റനേകം വിവിധ രൂപങ്ങളിലുള്ള മയക്കുമരുന്നിന് അടിമകളാണെന്നാണ് കണക്ക്.
തുറമുഖങ്ങൾ സ്വകാര്യവൽക്കരിച്ചതോടെയാണ് അതുവഴിയുള്ള ലഹരിക്കടത്ത് നിർബാധം നടക്കാൻ വഴിതുറന്നത്. രാജ്യത്തിന്റെ പൊതു ആസ്തികളിലൊന്നായ തുറമുഖങ്ങളുടെ സ്വകാര്യവൽക്കരണം ആരംഭിക്കുന്നത് 1998ൽ, ഗുജറാത്ത് മാരിടെെം ബോർഡ് (GMB) മുന്ദ്ര തുറമുഖം അദാനിയ്ക്ക് കെെമാറിക്കൊണ്ടാണ്. ഗുജറാത്ത് ‘തിളങ്ങാൻ’ തുടങ്ങിയതും അപ്പോൾ മുതലാണ്. ആ ‘തിളക്ക’ത്തിനുപിന്നിലെ വലിയ ശക്തി, അന്താരാഷ്ട്ര നിയമങ്ങളെയെല്ലാം ലംഘിച്ചുകൊണ്ടും മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള നിയമങ്ങളെയെല്ലാം കാറ്റിൽപറത്തിയും നിർബാധം തുടരുന്ന മയക്കുമരുന്നു വ്യാപാരമാണെന്നത് അനുദിനം തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആർഎസ്എസിന്റെ ഹിന്ദുത്വ അജൻഡ നടപ്പാക്കുന്നതിനൊപ്പം മൂലധനത്തോടുള്ള ആർത്തിയും കോർപ്പറേറ്റ് ദാസ്യവും അദാനിക്കുമുന്നിൽ തുറന്നിട്ടത് അതിരുകളില്ലാത്ത ബിസിനസ്സ് സാമ്രാജ്യമാണ്.
രാജ്യത്തിന്റെ ചരിത്രത്തിലെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള നിയമലംഘനങ്ങളാണ് നിരന്തരം അദാനിയുടെ മുന്ദ്ര തുറമുഖത്ത് നടക്കുന്നത്. സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഒരു രാഷ്ട്രത്തിന് അതിന്റെ ഭാഗമായിട്ടുള്ള വേ-്യാമാതിർത്തിയും കടലും അതിന്റെ 200 നോട്ടിക്കൽ മെെൽ വരെ സ്വന്തമാണ്. ഈ മേഖല എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ (EEZ) എന്നാണറിയപ്പെടുന്നത്. ഈ മേഖലയിൽ പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നതിന് അവരുടെ അനുമതി ആവശ്യമാണ്. എന്നാൽ ഗോൾഡൻ ക്രസന്റ് എന്നറിയപ്പെടുന്ന പാകിസ്താൻ, ഇറാൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നും ഒരു തടസ്സവുമില്ലാതെയാണ് ആയിരക്കണക്കിന് കോടി രൂപയുടെ മയക്കുമരുന്ന് മുന്ദ്ര തുറമുഖംവഴി കടത്തുന്നത്. അവയിൽ പിടിക്കപ്പെടുന്നത് വളരെ കുറച്ചു മാത്രം. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ബിജെപി അധികാരത്തിലേറിയതിനുശേഷമാണ് അദാനി തുറമുഖം വഴിയുള്ള മയക്കുമരുന്നു കടത്ത് പതിന്മടങ്ങ് വർധിച്ചത്. 2016 ഡിസംബർ 20ന് അദാനിയുടെ മുന്ദ്ര തുറമുഖത്ത് ശ്രീലങ്കയിൽനിന്നെത്തിയ കപ്പലിൽനിന്നും 1200 കോടി രൂപയിലേറെ വില വരുന്ന 800 കിലോ കൊക്കെയ്ൻ പിടികൂടി. 2020ൽ അദാനിയുടെ തന്നെ ഹാസിര തുറമുഖത്തുനിന്ന് 120 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. 2017 ജൂലെെയിൽ ബലൂചിസ്ഥാനിലെ ഗ്വാദർ തുറമുഖത്തുനിന്നു ഗുജറാത്തിലേക്കു തിരിച്ച കപ്പലിൽനിന്നും 1500 കിലോ ഹെറോയിനാണ് കോസ്റ്റ് ഗാർഡ് പിടിച്ചത്. 2024 ജൂലെെയിൽ 110 കോടി രൂപ വില വരുന്ന ട്രെമഡോൾ എന്ന മയക്കുമരുന്ന് മുന്ദ്ര തുറമുഖത്തുനിന്ന് പിടിച്ചെടുത്തു. 2024 ഡിസംബറിൽ ആൻഡമാൻ കടലിൽവെച്ച്, മ്യാൻമറിൽനിന്നുള്ള സോവയാൻ ഹ്ടൂ എന്ന മത്സ്യബന്ധന കപ്പലിൽനിന്ന് 20,700 കോടി രൂപ വില വരുന്ന 5.5 ടൺ മെത്താംഫെറ്റമിൻ പിടികൂടുകയുണ്ടായി. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ നടന്ന ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്. ഇതേ സമയത്തുതന്നെയാണ് ഗുജറാത്തിലെ പോർബന്തറിൽനിന്നും 700 കി. ഗ്രാം മെത്താംഫെറ്റാമിൻ പിടിച്ചെടുത്തത്. സമുദ്ര മാർഗേണയുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് വർദ്ധിച്ചുവരുന്നതിന്റെ ഉദാഹരണങ്ങളാണിത്. ആസ്ട്രേലിയയിലേക്ക് കൊറിയർ വഴി കടത്തിയതും പിടിക്കപ്പെട്ടിരുന്നു. ഇങ്ങനെ പിടികൂടുന്നതാകട്ടെ മഞ്ഞുമലയുടെ ഒരറ്റം മാത്രം. ഈ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇലക്ഷൻ കമ്മീഷൻ 2024 മെയ് 20ന് ഇറക്കിയ പത്രക്കുറിപ്പിൽ ഇങ്ങനെ പറഞ്ഞത്: ‘‘ലോക്-സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 3959 കോടി രൂപയുടെ മയക്കുമരുന്ന് പിടിക്കപ്പെട്ടു. അതിൽ 1189 കോടി രൂപയുടെ, അതായത് 30 ശതമാനവും പിടിച്ചത് ഗുജറാത്തിൽ നിന്നാണ്’’. കൊക്കെയ്നും ഹെറോയിനും കരിഞ്ചന്തയിൽ ഗ്രാമിന് 3000 കോടി രൂപ മുതൽ 10,000 കോടി രൂപ വരെ വിലയ്ക്കാണ് വിൽക്കപ്പെടുന്നത് എന്നത് ഈ ബിസിനസിന്റെ വ്യാപ്തി എത്രയെന്ന് വെളിവാക്കുന്നു.
കൊക്കെയ്നും, ഹെറോയിനും മെത്താംഫെറ്റാമിനും പുറമെ എംഡിഎംഎ പോലുള്ള സിന്തറ്റിക് മയക്കുമരുന്നുകൾ, കൊഡീൻ അടങ്ങിയ കഫ്സിറപ്പുകൾ എന്നിവയുടെ കടത്തും ഉൽപാദനവും ഉപഭോഗവും വർധിച്ചുവരുന്നു. ഗുജറാത്തിലെ അങ്കലേശ്വറിൽ പ്രവർത്തിക്കുന്ന ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽനിന്നും 5000 കോടി രൂപ വില വരുന്ന 518 കിലോ കൊക്കെയ്ൻ പിടിച്ചെടുത്തിരുന്നു.
ലോകത്താകെയുള്ള മയക്കുമരുന്നു കടത്തിന്റെ 60 ശതമാനം ആസ്ട്രേലിയ, ന്യൂസിലന്റ്, അറബ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണിയിലേക്കും 40 ശതമാനം ഇന്ത്യയിലേക്കുമാണെന്നാണ് കണക്ക്. അതായത് ലോകത്താകെയുള്ള മയക്കുമരുന്നു കടത്തിന്റെ പകുതിയോളം വരുന്നത് ഇന്ത്യയിലേക്കാണ്. അഫ്ഗാനിസ്താൻ, ഇറാൻ, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള മയക്കുമരുന്ന് ഗുജറാത്ത്, രാജസ്താൻ, പഞ്ചാബ്, ജമ്മു – കാശ‍്മീർ എന്നിവിടങ്ങളിലേക്കും ഗോൾഡൻ ട്രയാംഗിൾ എന്നറിയപ്പെടുന്ന മ്യാൻമർ, തായ്ലന്റ്, ലാവോസ് എന്നിവിടങ്ങളിൽനിന്നും മയക്കുമരുന്ന് മണിപ്പൂർ, നാഗാലാൻഡ് തുടങ്ങി ഇന്ത്യയിലെ വടക്കൻ സംസ്ഥാനങ്ങളിലേക്കും ഒഴുകുന്നു.
മയക്കുമരുന്ന് ഉപഭോഗത്തിൽ മുന്നിൽ പഞ്ചാബ്
മയക്കുമരുന്നു കടത്തിന്റെയും വിതരണത്തിന്റെയും ഏറ്റവും വലിയ കേന്ദ്രം ഗുജറാത്താണെങ്കിലും ഉപയോഗത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. 2017ൽ അകാലി – ബിജെപി സഖ്യം അധികാരത്തിലേറുമ്പോൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അമരീന്ദർ സിങ് പറഞ്ഞത്, നാലാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തുനിന്ന് മയക്കുമരുന്ന് പൂർണ്ണമായും തുടച്ചുമാറ്റുമെന്നാണ്. എന്നാൽ അമരീന്ദർ സർക്കാർ മയക്കുമരുന്നു മാഫിയാ സംഘങ്ങളുമായുള്ള ബന്ധം അധികാരമുപയോഗിച്ച് കൂടുതൽ ശക്തിപ്പെടുത്തുകയാണുണ്ടായത്. കോവിഡ് മഹാമാരി കാലത്ത്, ലോക്ഡൗൺ ഘട്ടത്തിൽ ജനങ്ങൾ അടിസ്ഥാന ആവശ്യങ്ങൾപോലും നിറവേറ്റാൻ കഴിയാതിരുന്ന അകാലി – ബിജെപി ഭരണത്തിൽ മയക്കുമരുന്നു കടത്ത് കൂടുതൽ തഴച്ചുവളർന്നു. 2020ൽ മാത്രം 36,271 കി. ഗ്രാം കറുപ്പും 978 കി. ഗ്രാം കഞ്ചാവും പിടികൂടി. 2022ൽ ഇത് യഥാക്രമം 46,502 കി. ഗ്രാം ആയും 1836 കി. ഗ്രാം ആയും വർദ്ധിച്ചു. അകാലിയും ബിജെപിയുമായി ചേർന്നും അതിനുമുമ്പ് കോൺഗ്രസ് മാത്രവും ഭരിച്ചപ്പോഴും മയക്കുമരുന്നു കടത്തിനും ഉപയോഗത്തിനുമെതിരെ ആവശ്യമായ നടപടി കെെക്കൊള്ളാതിരുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കി. കോൺഗ്രസ് ഭരണകാലത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിലെ ശിക്ഷാനിരക്ക് 58 ശതമാനമായിരുന്നെങ്കിൽ അകാലി – ബിജെപി സർക്കാരിനുകീഴിൽ ഏറ്റവും മോശമായ നിലയിൽ 40 ശതമാനമായി താഴ്ന്നു.
ലഹരിവിരുദ്ധ കാമ്പെയ്നടക്കം ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നുവെന്ന് നിലവിലെ എഎപി സർക്കാർ അവകാശപ്പെടുമ്പോഴും നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുപ്രകാരം പഞ്ചാബിലെ ഓരോ മുപ്പത്തിയഞ്ച് വീടുകളെടുത്താൽ അതിൽ ഒരാളെങ്കിലും ലഹരിയ്ക്കടിമയാണെന്നാണ്. 1276 വീടുകളിൽ നടത്തിയ ഒരു സർവെയിൽ 80 ശതമാനം വീട്ടിലും ഒരാൾ ലഹരിക്കടിമയായിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഏറ്റവും ഒടുവിൽ പുറത്തുവന്ന (2022) എൻസിആർബി കണക്കുപ്രകാരം, നാർക്കോട്ടിക് ഡ്രഗ്സ് ആന്റ് സെെക്കോട്രോപ്പിക് സബ്സ്റ്റൻസസ് ആക്ട് 1985നു കീഴിൽ 12,442 കേസുകളാണ് റിപ്പോർട്ടു ചെയ്യപ്പെട്ടത്.
മണിപ്പൂർ കലാപത്തിന് ഇന്ധനമേകുന്ന മയക്കുമരുന്ന്
ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല 1970കൾ മുതൽ മയക്കുമരുന്നു കടത്ത് സൃഷ്ടിക്കുന്ന വെല്ലുവിളികൾ നേരിടുകയാണ്. ഇന്തോ – മ്യാൻമർ അതിർത്തി മയക്കുമരുന്നുകളുടെ ഇന്ത്യയിലേക്കുള്ള ഒഴുക്ക് സുഗമമായി നടക്കുന്നു. അഫ്ഗാനിസ്താൻ കഴിഞ്ഞാൽ ആഗോള തലത്തിൽ ഏറ്റവും കൂടുതൽ പോപ്പി കൃഷി ചെയ്യുന്ന രാജ്യം മ്യാൻമറായിരുന്നു. 2023 ആയപ്പോൾ മ്യാൻമർ ലോകത്തിലെ ഏറ്റവും വലിയ കറുപ്പ് ഉൽപാദക രാജ്യമായി മാറി. കറുപ്പ് കൃഷി 99,000 ഏക്കറിലായിരുന്നത് 1,16,000 ഏക്കറായി വ്യാപിച്ചു; ഈ വലിയ വർദ്ധന ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശത്തേക്കുള്ള മയക്കുമരുന്നു കടത്തിന്റെ ഒഴുക്കിന് ആക്കം കൂട്ടി. 2022–23ൽ മാത്രം വടക്കുകിഴക്കൻ മേഖലയിൽ 267 കോടി ഡോളറിലധികം വരുന്ന മയക്കുമരുന്ന് പിടികൂടുകയുണ്ടായി. കോവിഡ് മഹാമാരിയെയും 2021ലെ മ്യാൻമറിലെ സെെനിക അട്ടിമറിയെയും തുടർന്ന് കറുപ്പ് കൃഷിയിൽ 16 ശതമാനം വർദ്ധനയുണ്ടായി. 2023ൽ മ്യാൻമറിന്റെ ജിഡിപിയുടെ ഏകദേശം 2–4 ശതമാനം കറപ്പുൽപ്പാദനത്തിൽ നിന്നാണെന്നാണ് യുഎൻ ഒഡിസി (United Nations Office on Drug and Crime) കണക്കാക്കുന്നത്.
മ്യാൻമറിന്റെ അതിർത്തിയോടു ചേർന്നുള്ള (1643 കി. മീ) ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഈയടുത്ത വർഷങ്ങളിലായി വലിയ തോതിൽ മയക്കുമരുന്നു പിടിച്ചെടുക്കപ്പെടുന്നുണ്ട്. 2022–23ൽ മാത്രം 193 കോടി ഡോളർ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. മ്യാൻമറുമായി കൂടുതൽ അതിർത്തി പങ്കിടുന്ന മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവയുൾപ്പെടെ വടക്കുകിഴക്കൻ മേഖലയിൽ പോപ്പി കൃഷി വ്യാപകമാണ്. പ്രതേ-്യകിച്ച് ഗോത്ര വർഗ സമൂഹങ്ങൾ വസിക്കുന്ന കുന്നിൻപ്രദേശങ്ങളിൽ. മണിപ്പൂർ പൊലീസിന്റെ നാർക്കോട്ടിക് ആൻഡ് അഫയേഴ്സ് ബോൾഡർ (എൻഎബി) യൂണിറ്റിന്റെ കണക്കനുസരിച്ച് ഉഖ്രുൽ, സേനാപതി, കാങ്പോക്പി, കംജോങ്, ചുരാചന്ദ്പുർ എന്നീ കുന്നിൻപ്രദേശങ്ങളിലാണ് അനധികൃത പോപ്പി കൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്. പോപ്പി കൃഷിയിലെ വർധനവാണ് മണിപ്പൂരിലെ ഹെറോയിൻ ഉൽപ്പാദന യൂണിറ്റുകളുടെ ആവിർഭാവത്തിന് കാരണമായത്. മണിപ്പൂരിൽനിന്നുള്ള പോപ്പി, മയക്കുമരുന്ന് ഉൽപാദിപ്പിക്കുന്നതിനായി മ്യാൻമറിലെ ഡീലർമാർക്ക് വിൽക്കുകയും പിന്നീട് സംസ്ഥാനത്തേക്ക് തിരികെ കടത്തുകയുമാണ് ചെയ്യുന്നത്. മ്യാൻമറിൽനിന്നുള്ള പ്രധാന മയക്കുമരുന്നു പാതകൾക്ക് സമീപത്തായാണ് മണിപ്പൂർ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനുള്ള കേന്ദ്രമായി മണിപ്പൂർ. 2023ൽ മണിപ്പൂരിലുണ്ടായ വംശീയസംഘട്ടനങ്ങളുടെ പശ്ചാത്തലത്തിൽ, മയക്കുമരുന്നുകടത്തിൽ നിന്നുള്ള വരുമാനം കലാപത്തിനും ഭീകരതയ്ക്കും ഇന്ധനമേകുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. സോമി റെവല്യൂഷണറി ആർമി, ചിൻ കുക്കി ലിബറേഷൻ ആർമി, യുണെെറ്റഡ് ട്രൈബൽ ലിബറേഷൻ ആർമി ഓഫ് മണിപ്പൂർ, യുണെെറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം തുടങ്ങിയ വിമതഗ്രൂപ്പുകളെല്ലാം തന്നെ മയക്കുമരുന്നു കടത്തുമായി നേരിട്ടു ബന്ധമുള്ളവയാണ്. ഈ ഗ്രൂപ്പുകൾ മയക്കുമരുന്നു കടത്തുകാരിൽനിന്നും പണം വാങ്ങി അവർക്ക് സുരക്ഷിതമായ പാതയൊരുക്കിക്കൊടുക്കുന്നു. 2023 ഒക്ടോബറിൽ, മണിപ്പൂരിലേക്ക് മയക്കുമരുന്നു കടത്തിയതിന് ഒരു കുക്കി നേതാവിനെ അറസ്റ്റു ചെയ്ത സംഭവം മണിപ്പൂരിൽ കലാപം സൃഷ്ടിക്കുന്നതിൽ മയക്കുമരുന്നു കടത്തിനുള്ള ബന്ധം പുറത്തുകൊണ്ടുവരികയുണ്ടായി. മയക്കുമരുന്നിനെതിരായ യുദ്ധമെന്ന പേരിൽ ചില റെയ്ഡുകളും പിടിച്ചെടുക്കലുകളുമുണ്ടായെങ്കിലും അവയൊന്നും ഇപ്പോഴും നിർബാധം തുടരുന്ന മയക്കുമരുന്നു കടത്തിനെ നിയന്ത്രിക്കാൻ പര്യാപ്തമല്ല എന്നതാണ് ഇത്തരം കേസുകൾ വീണ്ടും വീണ്ടും ഉണ്ടാകുന്നത് അടിവരയിടുന്നത്. l