സ്ത്രീകളുടെ പ്രശ്നങ്ങൾ സംബന്ധിച്ചും സ്ത്രീകൾ നേരിടുന്ന അടിച്ചമർത്തലിന്റെയും സാമൂഹിക അനീതിയുടെയും വെെരുദ്ധ്യാത്മക സ്വഭാവം സംബന്ധിച്ചുമുള്ള സംവാദത്തിന് അഗസ്റ്റ് ബെബൽ നൽകിയ സംഭാവനയെന്തെന്ന്, അദ്ദേഹത്തിന്റെ പ്രധാന കൃതിയായ ‘വിമൻ ആൻഡ് സോഷ്യലിസ’ത്തിൽ എടുത്തുപറയുന്നുണ്ട്. ബെബൽ ഒരു തികഞ്ഞ മാർക്സിസ്റ്റായിരുന്നു. ജർമൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ രൂപീകരണത്തിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു; തൊഴിലാളിവർഗ വിപ്ലവത്തിന്റെ തത്വങ്ങളിൽ സമർപ്പിതമായ, മാർക്സിനെയും എംഗൽസിനെയും പോലെയുള്ള വ്യക്തികളിൽനിന്ന് ആവേശമുൾക്കൊണ്ടും അവരുടെ നിർദേശപ്രകാരവും രൂപം നൽകിയ അത്തരമൊരു പാർട്ടി മുതലാളിത്ത ലോകത്ത് അതാദ്യമായിരുന്നു. ജർമനിയിലെ തൊഴിലാളിവർഗത്തിനുവേണ്ടി നിലകൊള്ളുകയും അവരോടൊപ്പം നടക്കുകയുംചെയ്ത ഒരു വിഭാഗത്തിന്റെ പ്രതിനിധിയായിരുന്നു ബെബൽ. ജർമൻ ബൂർഷ്വാ രാഷ്ട്രീയ സംസ്കാരത്തിന്റെ, അതായത് ജർമൻ പാർലമെന്റിന്റെ സിംഹമടയിലേക്ക് കാലെടുത്തുവച്ച അതേ പാർടിയായിരുന്നു ഇത്.
മറ്റു സഖാക്കളെപ്പോലെതന്നെ, ജർമൻ ബൂർഷ്വാ വർഗത്തിന്റെ ഇടുങ്ങിയ ദേശീയവാദ കാഴ്ചപ്പാടിനെതിരെ ബെബൽ പൊരുതി; ഫ്രാൻസിനെതിരായി യുദ്ധം ചെയ്യുന്നതിനുവേണ്ടി ഫണ്ട് വിനിയോഗിച്ച് അക്ഷരാർഥത്തിൽ ധൂർത്തടിക്കുന്നതിനെതിരെ വോട്ടുചെയ്തു; മഹത്തായ പാരീസ് കമ്യൂണിനോടും അത് സാധ്യമാക്കുന്നതിനുവേണ്ടി പൊരുതിയവരോടും അദ്ദേഹം അനുഭാവം പുലർത്തി.
ഇന്ത്യയിലെ മാർക്സിസ്റ്റുകൾക്കിടയിൽ ബെബലിന്റെ പേര് അത്ര പരിചിതമല്ലെങ്കിലും, അദ്ദേഹത്തിന്റെ സെെദ്ധാന്തികമായ സംഭാവനകൾ ശക്തമായി സ്ഥാപിക്കപ്പെട്ടത് അദ്ദേഹത്തിന്റെ പോരാട്ടങ്ങളിലൂടെയാണ്. ഫ്രെഡറിക് എംഗൽസിന്റെ ‘കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം’എന്ന കൃതിയുമായി ചേർത്തുവായിക്കാവുന്ന, സ്ത്രീ ശാക്തീകരണത്തിന്റെയും സ്ത്രീ കേന്ദ്രിതമായ വിഷയങ്ങളുടെയും പ്രശ്നങ്ങൾ സംബന്ധിച്ച അനേകം അധ്യായങ്ങൾ ബെബലിന്റെ പുസ്തകത്തിലുണ്ട്; ഏതൊരു സാമൂഹിക പ്രസ്ഥാനത്തിന്റെയും ഹൃദയത്തോടടുത്തുനിൽക്കുന്നവയാണ് ഈ പ്രശ്നങ്ങൾ; അതുകൊണ്ടു തന്നെ സോഷ്യലിസ്റ്റ് –ജനാധിപത്യ രാഷ്ട്രീയ സംഹിതയുടെ വികസനത്തിൽ ഈ കൃതി പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നു.
എന്തുതന്നെയായാലും, ഈ കൃതിയിൽ താൻ മുന്നോട്ടുവച്ചിട്ടുള്ള എല്ലാ അവകാശവാദങ്ങളും തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്ന് ബെബൽ എടുത്തുപറയുന്നുണ്ട്. പ്രസ്ഥാനങ്ങളുടെ ആത്മനിഷ്ഠമായ സ്വഭാവത്തെക്കുറിച്ചുള്ള, അതായത് സ്ത്രീപ്രസ്ഥാനവും സോഷ്യലിസ്റ്റ് രാഷ്ട്രീയ ആശയസംഹിതയുമായുള്ള അതിന്റെ ബന്ധവും ഒരു യഥാർഥ രാഷ‍്ട്രീയ ഭൂമികയിൽ അതെങ്ങനെ തുറന്നുകാട്ടണമെന്നും സംബന്ധിച്ച ഈയൊരു ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബെബൽ ഈ മുൻകരുതൽ നിലപാടെടുത്തത്.
ഈ കൃതിയിലെ ‘WOMEN IN THE PAST’ (സ്ത്രീകൾ കഴിഞ്ഞ കാലങ്ങളിൽ) എന്ന പേരിലുള്ള ആദ്യത്തെ അധ്യായം വായിക്കുമ്പോൾ, ഇങ്ങനൊരു കൃതിയുടെ പശ്ചാത്തലവും ഇന്ത്യയുടെ ചരിത്രപരമായ പശ്ചാത്തലവും, ഇന്ത്യയിലെ സ്ത്രീ പ്രസ്ഥാനങ്ങളുടെ സമകാലിക അവസ്ഥയും വ്യക്തമാവും. ഈ അധ്യായം അധികവും യൂറോപ്യൻ ഭൂഖണ്ഡത്തിലെ സ്ത്രീ പ്രസ്ഥാനങ്ങളെക്കുറിച്ചാണ് പറയുന്നത് എന്നതിനാൽ അത് കഷ്ടിച്ചുമാത്രമേ പറഞ്ഞിട്ടുള്ളൂ. പുസ്തകത്തിന്റെ അടുത്ത അധ്യായമായ “WOMEN IN THE PRESENT’ (സ്ത്രീകൾ ഇന്ന്) എന്ന ഭാഗത്തിലും യൂറോപ്യൻ പശ്ചാത്തലത്തെ സംബന്ധിച്ചാണ് പറയുന്നത്. അവിടെയും ഇന്ത്യൻ സാഹചര്യത്തെ സംബന്ധിച്ച് അധികമൊന്നും പറയുന്നില്ല. അതുകൊണ്ടുതന്നെ, തങ്ങളുടെ രാജ്യത്തെ സ്ത്രീ പ്രസ്ഥാനത്തെയും സ്ത്രീ മുന്നേറ്റത്തിന്റെ കഴിഞ്ഞ കാലത്തെയും അതിന്റെ നിലവിലെ ശോകാവസ്ഥയെയുംകുറിച്ചുള്ള, പ്രത്യേകിച്ചും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലത്തെക്കുറിച്ചുള്ള ഒരു ധാരണയുണ്ടാക്കിയെടുക്കുകയെന്നത് ഇന്ത്യയിലെ മാർക്സിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം ശരിക്കും കഠിനാധ്വാനം തന്നെയായിരിക്കും.
എന്നിരുന്നാലും, ‘WOMEN IN THE FUTURE’ (സ്ത്രീകൾ ഭാവിയിൽ) എന്ന അധ്യായത്തിലും തുടർന്നുള്ള ‘CONCLUSION’ (സംക്ഷിപ്തം) എന്ന അധ്യായത്തിലും ബെബൽ വിശദീകരിക്കുന്ന തീരുമാനങ്ങളും പ്രധാന കാര്യങ്ങളും ഇന്ത്യയെ സംബന്ധിച്ചും നിർണായക പ്രാധാന്യമുള്ളതാണ്. അതിൽ ഇങ്ങനെ പറയുന്നു:
‘‘നമ്മുടെ അന്തിമമായ ലക്ഷ്യം സ്ത്രീകളുടെ വിമോചനവും പുരുഷനു സമമായി നിൽക്കാനുള്ള അവരുടെ അവകാശം സാധ്യമാക്കുകയെന്നതുമാണ്; ആ ലക്ഷ്യത്തിലെത്തുന്നതിൽനിന്നും നമ്മളെ പിന്തിരിപ്പിക്കുവാൻ ഈ ലോകത്തൊരു ശക്തിക്കും കഴിയില്ല…. ഒരു വിഭാഗം ആളുകൾക്കു മറ്റൊരു വിഭാഗത്തിനുമേലുള്ള കൃത്രിമമായ മേൽക്കോയ്മ അവസാനിക്കുമ്പോൾ മാത്രമേ ആ ലക്ഷ്യം സാക്ഷാത്-കരിക്കാനാവുകയുള്ളൂ. അതുകൊണ്ടുതന്നെ അധ്വാനത്തിനുമേലുള്ള മൂലധനത്തിന്റെ വാഴ്ച അവസാനിപ്പിക്കണം. അപ്പോൾ മാത്രമേ ധാർമികമായ വികാസത്തിന്റെ കാര്യത്തിൽ മനുഷ്യരാശി അതിന്റെ കൊടുമുടിയിലെത്തി ച്ചേരുകയുള്ളൂ; അപ്പോൾ മാത്രമേ മനുഷ്യത്വം അതിന്റെ ഏറെ കാത്തിരുന്ന സുവർണ നിമിഷങ്ങളിലേക്ക് കടക്കുകയുള്ളൂ. മനുഷ്യത്വത്തിന്റെ ഈ സുവർണയുഗത്തിനുവേണ്ടി, ഒരു വിഭാഗത്തിനുനേരെ മറ്റൊരു വിഭാഗം നടത്തുന്ന അടിച്ചമർത്തലും അധ്വാനത്തിനുമേൽ മൂലധനം നടത്തുന്ന അടിച്ചമർത്തലും പുരുഷന്റെ നീതിരഹിതമായ പ്രഭുത്വത്തിനു കീഴിൽ സ്ത്രീകൾ നേരിടുന്ന അടിച്ചമർത്തലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.’’
ഇന്ന്, ഇന്ത്യയിൽ വനിതാദിനത്തിന്റെ വേളയിൽ ഇത്തരമൊരു കൃതി പ്രസിദ്ധീകരിക്കപ്പെടുന്നു എന്നത് തികച്ചും ശുഭകരം തന്നെയാണ്. ഈ രാജ്യത്തെ പുരോഗമനചിന്താഗതിക്കാരായ, തൽപരരായ സ്ത്രീകൾക്കും പുരുഷന്മാർക്കും ജനാധിപത്യപരമായി സംഘടിക്കുന്നതിനും പ്രക്ഷോഭത്തിനും ഉപയോഗിക്കാവുന്ന നിർണായകമായൊരു ആയുധം തന്നെയായിരിക്കും ഈ പുസ്തകമെന്ന് പ്രതീക്ഷിക്കുന്നു. l
തിരുവനന്തപുരം
1975 ഡിസംബർ 4