Monday, February 2, 2026

ad

Homeവിശകലനംഞാൻ മദുറോയ്ക്കൊപ്പം എന്തുകൊണ്ട്?

ഞാൻ മദുറോയ്ക്കൊപ്പം എന്തുകൊണ്ട്?

എം അനിൽകുമാർ

വെനസ്വേലയെ ആക്രമിച്ച് അമേരിക്ക അവിടുത്തെ ഭരണാധികാരി നിക്കോളസ് മദുറോയെയും ഭാര്യയെയും തടവിലാക്കി അമേരിക്കയിലേക്ക് കൊണ്ടുവന്നു; അദ്ദേഹത്തെ വിചാരണ തടവുകാരനാക്കി മാറ്റി. ഈ പ്രശ്നത്തിന് അനുകൂലമായും പ്രതികൂലമായും വാദഗതികൾ ഉയർന്നുവരുന്നുണ്ട്. അമേരിക്കയുടെ നടപടിക്കെതിരെ ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ ഇന്ത്യയിൽ ഉൾപ്പെടെ നടക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലും ചർച്ച സജീവമാണ്. ഇക്കാര്യത്തിൽ ഒരു തുറന്ന ചർച്ചയ്ക്ക് നമ്മൾ തയ്യാറാകേണ്ടതുണ്ട്.

ഒരു രാജ്യത്ത് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ഭരണാധികാരിയെ അട്ടിമറിക്കാൻ സാമ്രാജ്യത്വ രാഷ്ട്രത്തിന് അധികാരമുണ്ടോ എന്നതാണ് പ്രശ്നം. ഇന്ത്യയിൽ ആർഎസ്എസിനെ പിന്തുണയ്-ക്കുന്നവർ പറയുന്നത് അതിന് അധികാരമുണ്ടെന്നാണ്. ഇന്ത്യയുടെ താൽപര്യങ്ങൾക്കെതിരായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് സംസാരിച്ചപ്പോൾ ആർഎസ്എസുകാർ പെട്ടെന്ന് അമേരിക്കൻ വിരുദ്ധരായി മാറിയത് കുറച്ചുനാളുകൾക്കു മുമ്പ് നമ്മൾ കണ്ടു. കഴിയുന്നത്ര സ്വതന്ത്രമായ വിദേശ നയം ഞങ്ങൾക്കുണ്ട് എന്നു തെളിയിക്കാനുള്ള വ്യഗ്രതയും കണ്ടു. സ്വന്തം കച്ചവട താൽപര്യങ്ങൾ അട്ടിമറിക്കപ്പെടുമോ എന്ന ഭയം ഇന്ത്യയിലെ വൻകിട കോർപ്പറേറ്റുകൾക്കും ഉണ്ടായിരുന്നു. കോർപ്പറേറ്റുകൾക്കുവേണ്ടി സംസാരിക്കുന്ന ഇന്ത്യൻ ഭരണകൂടത്തിന് മറ്റുവഴിയുണ്ടായിരുന്നില്ല. എന്നാൽ അടുത്ത ദിവസങ്ങളിൽ പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം നമ്മളെ എല്ലാവരെയും ചിരിപ്പിച്ചു. ‘മോദി ഒരു നല്ല മനുഷ്യനാണെന്നും അയാൾ എന്നെ സന്തോഷിപ്പിക്കാൻ ശ്രമിക്കുകയാണെന്നു’മായിരുന്നു ട്രംപിന്റെ പ്രതികരണം.

രാജ്യത്തിന്റെ ചരിത്രത്തിൽ, ലോക ചരിത്രത്തിൽ ഒരു ഇന്ത്യൻ ഭരണാധികാരിയെപ്പറ്റി അമേരിക്കൻ പ്രസിഡന്റ് ആദ്യമായിട്ടാണ് ഇത്ര അവജ്ഞയോടെ പ്രതികരിക്കുന്നത്. എന്നിട്ടും ആർഎസ്എസിനെ പിന്തുണയ്ക്കുന്നവർക്ക് ഒരു നാണവും മാനവുമില്ല. ഇടതുപക്ഷത്തിന്റെ പ്രതിഷേധത്തിനെതിരായി നിൽക്കാനാണ് അവർ ശ്രമിക്കുന്നത്. സോഷ്യൽ മീഡിയയിലെ ചില കമന്റുകൾ ശ്രദ്ധിച്ചാൽ അക്കാര്യം നമുക്കു മനസ്സിലാകും.

സിപിഐ എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷും ഇടതുപക്ഷ നേതാക്കളും വേണമെങ്കിൽ ട്രംപിനോടു സംസാരിക്കട്ടെയെന്ന പുച്ഛം കലർന്ന ഭാവം. ഇന്ത്യയുടെ താൽപര്യങ്ങളെ ഇത്രയേറെ ചോദ്യംചെയ്ത മറ്റൊരു അമേരിക്കൻ പ്രസിഡന്റ് ഉണ്ടായിട്ടില്ല. എന്നിട്ടും അതിനെതിരെ ഒന്നു പ്രതികരിക്കാൻപോലും അവർ തയാറാകുന്നില്ല.

തീവ്ര വലതുപക്ഷക്കാർക്ക് രാജ്യസ്നേഹം തീവര ഇല്ലെന്ന് ഞങ്ങൾ പറയുന്നത് അതുകൊണ്ടാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരം നടക്കുമ്പോൾ ആ സ്വാതന്ത്ര്യ സമരത്തിൽ അവർ പങ്കെടുക്കാതിരുന്നതും അതുകൊണ്ടു തന്നെ. രാഷ്ട്രീയം പറയുമ്പോൾ സാർവദേശീയ രാഷ്ട്രീയം തന്നെ പറയേണ്ട സാഹചര്യവും അതാണ്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നയം ശരിയാണെന്നു തെളിയിക്കുന്നതാണ് മദുറോയുടെ അറസ്റ്റിനെതിരെ ലോകത്തെല്ലായിടത്തും നടക്കുന്ന പ്രതിഷേധങ്ങൾ.

യഥാർഥത്തിൽ‌ അമേരിക്ക പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാരണം പഴയ യുദ്ധകാലത്തെ ഓർമിപ്പിക്കുന്നവിധം ലോക ശാക്തികചേരിയിൽ മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു. റഷ്യ, ചൈന, ഇറാൻ, ഉത്തരകൊറിയ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ വരികയാണ്. അന്താരാഷ്ട്ര തലത്തിൽ ചൈനയുടെ സ്വാധീനം വർധിച്ചുകൊണ്ടിരിക്കുന്നു.

ചൈനയുടെ മുന്നേറ്റവും ഇടപെടലുകളും
1990നു ശേഷം വ്യവസായവൽക്കരണത്തിനു കൂടുതൽ പ്രാധാന്യം നൽകുകയാണ്- ചൈന ചെയ്തത്. അതേസമയം സാർവദേശീയ രാഷ്ട്രീയത്തിൽ ഇടപെടാതെ തന്ത്രപരമായി മാറിനിൽക്കുകയും ചെയ്തു. വ്യവസായവൽക്കരണത്തോടെ ചെെനയുടെ സമ്പദ്ഘടന വളർന്നു. ലോകത്ത് ഏതു കാര്യത്തിലും ചൈന മുന്നിലായി.

മൂന്നാം ലോക രാജ്യമായിരുന്ന ചൈനയുടെ വളർച്ച വളരെ വേഗമായിരുന്നു. ചൈനയിലെ സോഷ്യലിസ്റ്റ് സർക്കാരിന്റെ നൂറാം വാർഷികമെത്തുമ്പോഴേക്കും 2049ൽ ചൈന ലോകത്തെ ഏറ്റവുംവലിയ വികസിത സോഷ്യലിസ്റ്റ് രാജ്യമായി മാറുമെന്ന അവരുടെ പ്രഖ്യാപനം ഇപ്പോൾ എല്ലാവരും അംഗീകരിക്കുന്നുണ്ട്.

സ്വന്തം വളർച്ച ഉറപ്പാക്കിയതിനുശേഷം ഇന്ന് ചൈന സാർവദേശീയ രാഷ്ട്രീയത്തിലും ഇടപെടുന്നു. ഒരു കമ്യൂണിസ്റ്റ് പാർട്ടി എടുക്കേണ്ട സമീപനമായതുകൊണ്ടു തന്നെ അത് ശുഭകരമായ കാര്യമാണ്. വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളസ് മദുറോയെ തട്ടിക്കൊണ്ടുപോയതിനെ ചൈന ശക്തമായി എതിർത്തു.. അദ്ദേഹത്തെ തിരിച്ചു നാട്ടിലേക്ക് അയയ്ക്കണമെന്നു ചൈന അമേരിക്കയോട് ആവശ്യപ്പെട്ടിരിക്കുന്നു. അതൊരു ചെറിയ കാര്യമല്ല.

സാർവദേശീയ പ്രശ്നങ്ങളിൽ ചൈനയുടെ ഇടപെടൽ ഭയക്കുന്ന ട്രംപ് റഷ്യയുമായുള്ള ഭിന്നതകൾ അവസാനിപ്പിക്കാനാണ്- ശ്രമിക്കുന്നത്. ഉക്രൈൻ ഭരണാധികാരിയായ വ്ളാദിമിർ സെലൻസ്കിയെ ട്രംപ് ശാസിച്ചത് ഈ ലക്ഷ്യം മുൻനിർത്തിയാണ്. യഥാർഥത്തിൽ റഷ്യയുമായിട്ടുള്ള പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത് അമേരിക്കയാണ്.

സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം, നാറ്റോ വിപുലീകരിക്കില്ലെന്ന കരാർ ലംഘിച്ചത് അമേരിക്കയാണ്. ജോർജിയയെയും ഉക്രൈനേയുമൊക്കെ നാറ്റോയിൽ ചേർത്ത് അമേരിക്ക തങ്ങൾക്കെതിരെ ആക്രമണത്തിന് ഒരുങ്ങിയപ്പോഴാണ് റഷ്യ ഇടഞ്ഞത്. അങ്ങനെ നാറ്റോ റഷ്യയെ വലയം ചെയ്യുന്ന പശ്ചാത്തലത്തിലാണ് അവർ ഉക്രൈനെ ആക്രമിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതുപോലെ അമേരിക്കയോട്- ചങ്ങാത്തത്തിനു പോയ സെലൻസ്കി അവസാനം വെള്ളത്തിലായി. സെലൻസ്കിയെ മാധ്യമപ്രവർത്തകർക്കു മുന്നിൽ വച്ചു ട്രംപ് പരസ്യമായി അപമാനിച്ചു. യുദ്ധത്തിൽ ഉക്രൈൻ ഒരിക്കലും വിജയിക്കില്ലെന്ന് ഇപ്പോൾ എല്ലാവരും സമ്മതിക്കുന്നു. എങ്ങനെയെങ്കിലും ഒരു വെടിനിർത്തൽ കരാർ ഉണ്ടാക്കാനാണ് അവർ ശ്രമിക്കുന്നത്.

നമ്മുടെ വിദേശ നയത്തിലെ കാതലായ പ്രശ്നങ്ങൾ നേരത്തേ തന്നെ ഇടതുപക്ഷം ചൂണ്ടിക്കാണിച്ചതാണ്. അതുതന്നെയാണ് വീണ്ടും ചോദിക്കുന്നത്. അമേരിക്കയെ വിശ്വസിക്കുന്നതിനു പകരം അമേരിക്കയുമായും അതേ സമയം ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുമായും നല്ല ബന്ധം തുടരുകയാണ്- രാജ്യത്തിനു നല്ലത്. അയൽരാജ്യങ്ങളുമായി തർക്കത്തിനുപോകാതെ സ്വന്തം കാലിൽനിന്നു വികസിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്.

വെനസ്വേലയിലെ എണ്ണയും അമേരിക്കയുടെ കണ്ണും
വെനസ്വേലയുമായി അമേരിക്കയുടെ തർക്കമെന്താണ്? വെനസേ-്വലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്നത് അമേരിക്കൻ എണ്ണക്കമ്പനികളായിരുന്നു.‌ ലാറ്റിനമേരിക്കയിലെ അതിർത്തി നഗരങ്ങളിൽ അമേരിക്കയ്ക്ക് വൻകിട റിഫൈനറികൾ ഉണ്ട്. ഈ റിഫൈനറികളിൽ നിന്നാണ് അമേരിക്ക പലപ്പോഴും ക്രൂഡോയിൽ ഇറക്കുമതിചെയ്ത് അതിനേക്കാൾ കൂടിയ വിലയ്ക്ക് മറ്റു രാജ്യങ്ങൾക്കു വിൽക്കുന്നത്. ഇപ്പോഴും ഏറ്റവും കൂടുതൽ എണ്ണ ഭൂമിക്കടിയിലുള്ള ഒരു രാജ്യമാണ് വെനസേ-്വല. വെനസേ-്വലയിൽ നിന്നുള്ള എണ്ണ അമേരിക്കയ്ക്ക് അത്യാവശ്യമാണ്. എന്നാൽ പ്രസിഡന്റായി ഹ്യൂഗോ ഷാവേസ് വന്നപ്പോൾ വെനിസേ-്വല നയംമാറ്റി. അമേരിക്കയ്ക്കുമാത്രം എണ്ണ വിൽക്കുന്ന നിലപാടിൽ നിന്ന് വെനസേ-്വല കുതറി മാറി. അമേരിക്കയുടെ പാവസർക്കാരാകുന്നതിനു പകരം ആ സാമ്പത്തിക ശേഷിയുപയോഗിച്ച് സ്വന്തം രാജ്യത്തെ പട്ടിണി മാറ്റാനാണ് ഷാവേസ് ശ്രമിച്ചത്.

ഇത് അമേരിക്കയ്ക്ക് ദഹിക്കുന്നില്ല. സോഷ്യലിസ്റ്റ് പാത പിന്തുടരാനാണ് ഷാവേസ് ശ്രമിച്ചത്. അതുകൊണ്ടാണ് അവിടെ നടക്കുന്നത് ഒരു പിങ്ക് വിപ്ലവമാണെന്ന് എല്ലാവരും പറഞ്ഞത്. ലാറ്റിനമേരിക്കയിലെ മുഴുവൻ രാജ്യങ്ങളും ഇടതുപക്ഷത്തേക്ക് ചാഞ്ഞു. ഇപ്പോൾ അവസാനം അർജന്റീനമാത്രം വലതുപക്ഷത്തേക്ക് മാറിയിട്ടുണ്ട്.

അതുകൊണ്ടാണ് വെനസ്വേലയിലെ സൈനിക നടപടി കണ്ട് ഇക്വഡോറും ചിലിയും മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളും പഠിക്കണമെന്ന് ട്രംപ് പറയുന്നത്. വെനസ്വേലയിലെ സൈനിക നടപടിയിൽ പെട്ടെന്ന് ഇടപെടാൻ ചൈനയ്ക്ക് കഴിയില്ല എന്നതാണ് ട്രംപിന്റെ ആത്മവിശ്വാസം. കാരണം അത് മറ്റൊരു ഭൂഖണ്ഡമാണ്. എന്നാൽ ഉത്തരകൊറിയയെ തൊടാൻ അവർക്ക് ധൈര്യമില്ല. ഇറാനെ തൊട്ടപ്പോൾ കൈപൊള്ളി. ഇറാഖിൽ പരാജയപ്പെട്ട് പിന്മാറി. ഇറാഖിനെതിരെ അമേരിക്ക ഉന്നയിച്ച ആരോപണങ്ങളെല്ലാം തെറ്റായിരുന്നു എന്ന് തെളിഞ്ഞു. ഇതിനുമുമ്പ് അമേരിക്ക തന്നെയാണ് അഫ്ഗാനിസ്താനിലെ ലഹരിമരുന്നു കച്ചവടത്തിനു പിന്നിൽ പ്രവർത്തിച്ചുവന്നിരുന്നതെന്ന് എല്ലാവർക്കും അറിയാം. അഫ്ഗാൻ മുൻ പ്രസിഡന്റ് മുഹമ്മദ് നജീബുള്ളയെ അങ്ങനെയാണ് അമേരിക്ക അട്ടിമറിച്ചത്.

അമേരിക്ക തന്നെയാണ് ഐ എസ് ഭീകരവാദികളെ വളർത്തിയത്. ഇസ്ലാമിക ഭീകരവാദത്തെയും വഹാബിസത്തെയും ലോകത്ത് വളർത്തിയതും അമേരിക്കയാണ്. തീവ്ര വലതുപക്ഷം ഏതു ഛിദ്ര ശക്തികളോടും കൂട്ടുകൂടും. കേരളത്തിലെ ‘കോലീബി സഖ്യം’ പോലെ കൂട്ടുകൂടാൻ അവർക്ക് കുറച്ചു സമയം മാത്രം മതി. കാരണം അവരുടെ ശത്രു എപ്പോഴും ജനങ്ങളാണ്, അധ്വാനിക്കുന്നവരാണ്, തൊഴിലാളികളാണ്, സ്ത്രീകളാണ്.

ലോകത്ത് എവിടെവേണമെങ്കിലും കടന്നുചെന്ന് അമേരിക്കയ്ക്കു പരിശോധിക്കാം; അതാണ് കാട്ടുനീതി. നജീബുള്ളയുടെ ഭരണത്തിനുശേഷം അഫ്ഗാനിസ്താനിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല. മുല്ല ഉമറിനെ വളർത്തിക്കൊണ്ടുവന്ന അമേരിക്കതന്നെ ഇപ്പോൾ താലിബാനെയും പിന്തുണയ്ക്കുന്നു. ഖത്തറിലും സൗദി അറേബ്യയിലുമൊക്കെ അമേരിക്കയ്ക്ക് സ്വന്തം താൽപര്യങ്ങളുണ്ട്.

അവിടെയൊന്നും ജനാധിപത്യമില്ലെന്ന് അറിയാമെങ്കിലും കണ്ണടച്ചിരുട്ടാക്കാനാണ് അമേരിക്കയ്ക്കു താൽപര്യം. എന്നിട്ട് ചൈനയിൽ ജനാധിപത്യം ഇല്ല എന്നാണ് അമേരിക്ക പറഞ്ഞുകൊണ്ടേയിരിക്കുന്നത്.

ട്രംപിനെ സൃഷ്ടിച്ച കോർപ്പറേറ്റുകൾ
സാമ്രാജ്യത്വം എപ്പോഴും ബിസിനസ് താൽപര്യങ്ങൾക്കാണ്., കോർപ്പറേറ്റുകളുടെ താൽപര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ലോകത്തെ മറ്റെല്ലാ രാജ്യങ്ങളിലും നിക്ഷേപം നടത്തണമെന്നാണ് കോർപ്പറേറ്റുകളുടെ താൽപര്യം. അവിടെനിന്നു ലാഭം ഊറ്റിയെടുക്കണം. സമ്പന്നർ കൂടുതൽ സമ്പന്നരാകണം. അതുകൊണ്ട് കോർപ്പറേറ്റുകൾ എപ്പോഴും അമേരിക്കൻ സാമ്രാജ്യത്വത്തോടൊപ്പമാണ്. അവരാണ് ട്രംപിനെ സൃഷ്ടിച്ചത്. ട്രംപാണോ കോർപ്പറേറ്റ് ആണോ ഭരിക്കുന്നത് എന്ന് മാറിപ്പോകുംവിധമാണ് കാര്യങ്ങൾ നടക്കുന്നത്. ഇന്ത്യയിലും പലപ്പോഴും അദാനിയെയും ബിജെപിയെയും നമുക്ക് മാറിപ്പോകുന്നതും അതുകൊണ്ടുതന്നെയാണ്.

ചരിത്രപരമായ ഒരു പരിശോധന കൂടി ഇക്കാര്യങ്ങളിൽ ആവശ്യമാണ്. സത്യത്തിൽ ട്രംപ് ഉൾപ്പെടെയുള്ളയാളുകൾ അമേരിക്കൻ ഐക്യനാടുകളിൽ കുടിയേറ്റക്കാരാണ്. അവിടെയുണ്ടായിരുന്ന റെഡ് ഇന്ത്യൻസിനെ ആക്രമിച്ചാണ് പാശ്ചാത്യർ അമേരിക്ക കീഴ്പ്പെടുത്തിയത്. ഭൂമിയ്ക്കടിയിലുള്ള എണ്ണയും സ്വർണ്ണവുമെല്ലാം അവർ ഊറ്റിയെടുത്തു. കാരണം യൂറോപ്പിൽ ഇതൊന്നും ഉണ്ടായിരുന്നില്ല.

യൂറോപ്പ് എങ്ങനെയാണ് ഇത്ര സമ്പന്നമായതെന്നു ചരിത്രത്തിൽ നിന്ന് നമ്മൾ പഠിക്കണം. അത് ഏഷ്യയെയും ആഫ്രിക്കയെയും ലാറ്റിനമേരിക്കയേയും ചൂഷണം ചെയ്തുകൊണ്ടാണ്. അല്ലാതെ ഇംഗ്ലണ്ടും യൂറോപ്പും ഇത്രയും സമ്പന്നമാകില്ല. സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ പോകുന്ന മലയാളികൾ പലപ്പോഴും യൂറോപ്പിലുള്ള വികസനം കണ്ട് എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഇങ്ങനെ നടക്കാത്തത് എന്നുചോദിക്കാറുണ്ട്.

അതിന് ഒറ്റ ഉത്തരമേ ചരിത്രത്തിൽനിന്ന് നൽകാനുള്ളൂ– മറ്റ് ഉപഭൂഖണ്ഡങ്ങളിലെ പാവപ്പെട്ട മനുഷ്യരെ ചൂഷണം ചെയ്താണ് അവർ തടിച്ചുകൊഴുക്കുന്നത്. യൂറോപ്പിലെയും അമേരിക്കയിലെയും വികസനം കണ്ട് അന്ധാളിച്ചുനിൽക്കുന്ന മലയാളി ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുന്നത് നല്ലതാണ്.

ചരിത്രപരമായി പരിശോധിച്ചാൽ സാമ്രാജ്യത്വത്തെ എതിർക്കുക എന്നതല്ലാതെ നമ്മുടെ മുമ്പിൽ മറ്റു പോംവഴികളില്ല. ചരിത്രം പ്രാധാന്യത്തോടു കൂടി പഠിക്കേണ്ട ഒരു വിഷയമാണ് എന്ന് ചരിത്രകാരന്മാർ പറയുന്നത് വെറുതെയല്ല. ചരിത്രം പഠിക്കുന്നത് പഴയ കഥകൾ പഠിക്കാൻ മാത്രമല്ല, പകരം ഇന്നിന്റെ രാഷ്ട്രീയം മനസ്സിലാക്കാൻ കൂടിയാണ്.

സ്ത്രീവിരുദ്ധതയുടെ ഫാസിസ്റ്റ് മുഖം
ഈ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിലെ ചില കമന്റുകൾ വായിക്കുമ്പോൾ പലപ്പോഴും ചിരിവരാറുണ്ട്. ഒരാൾ എഴുതിയിരിക്കുന്നു– ‘‘ലാറ്റിനമേരിക്കയിലെ കാര്യം ആൺപിള്ളേർ നോക്കിക്കൊള്ളും. നിങ്ങൾ വൈറ്റില ടെർമിനലിന്റെ കാര്യം നോക്കിയാൽ മതി’’! ഇതിലെ ‘ആൺപിള്ളേർ’ എന്ന പദപ്രയോഗം തന്നെ ശരിയല്ല, അതൊരു സ്ത്രീവിരുദ്ധ പരാമർശമാണ്.

ഇത്തരമാളുകൾ ലോകത്തെല്ലായിടത്തും സ്ത്രീകൾക്ക് എതിരാണ്; അത് കേരളത്തിലാണെങ്കിലും അമേരിക്കയിലാണെങ്കിലും. ട്രംപിന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നമ്മൾ പലപ്പോഴും കേൾക്കുന്നതാണ്. യൂറോപ്പിലെ ഫാസിസ്റ്റുകളുടെ ശബ്ദവും ഇതുതന്നെയാണ്. ആർഎസ്എസുതന്നെ ഒരു പുരുഷ കേന്ദ്രീകൃത സംഘടനയാകുന്നതും വെറുതെയല്ല. ഇത് ആർഎസ്എസിന്റെ മാത്രം പ്രശ്നവുമല്ല.

ജനാധിപത്യവാദികൾ എന്ന് ഇന്ത്യയിൽ അവകാശപ്പെടുന്ന ആളുകളുടെയും തനിനിറം ഇതുതന്നെയാണ്. വലതുപക്ഷം എപ്പോഴും സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരായിരിക്കും. എന്നാൽ ഇടതുപക്ഷം എപ്പോഴും അരികുവൽക്കരിക്കപ്പെടുന്നവരോടൊപ്പമാണ്; ന്യൂനപക്ഷങ്ങളോടൊപ്പംമാണ് നിൽക്കുന്നത്. അതുകൊണ്ടാണ് ബംഗ്ലാദേശിന്റെ ഭരണാധികാരിയായിരുന്ന മുജീബ്റഹ്മാനോടൊപ്പം സമരംചെയ്യാൻ കമ്യൂണിസ്റ്റുകാർ തയ്യാറായത്.

ജമാഅത്തെ ഇസ്‌ലാമി ഉൾപ്പെടെയുള്ള ആളുകൾ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെയാണ് ബംഗ്ലാദേശിൽ കൊന്നൊടുക്കിയത്. കാരണം കമ്യൂണിസ്റ്റുകാർ അവിടുത്തെ മതന്യൂനപക്ഷത്തോടൊപ്പമാണ്. ലോകത്ത് എല്ലായിടത്തും ഇടതുപക്ഷം അങ്ങനെയാണ്. കമ്യൂണിസ്റ്റ് അല്ലെങ്കിലും ഇടതുപക്ഷക്കാരനായ മംമ്ദാനി അവിടുത്തെ പാവപ്പെട്ടവരോടും ന്യൂനപക്ഷങ്ങളോടും ഒപ്പമാണ് നിൽക്കുന്നതെന്ന് ആളുകൾ മനസ്സിലാക്കണം.

പരിസ്ഥിതി സംരക്ഷണത്തിനും എപ്പോഴും വലതുപക്ഷം എതിരാണ്. ഇന്ത്യയിലെ ഖനികളിലും ആരവല്ലിയിലും സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകളും എല്ലാവരും ഓർക്കണം. ഇന്ത്യയുടെ ഖനികൾ മുഴുവനും കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കാനാണ് ബിജെപി പലപ്പോഴും ശ്രമിക്കുന്നത്. കോൺഗ്രസ് ഭരിച്ചപ്പോഴും ഇതുതന്നെയായിരുന്നു നടന്നുകൊണ്ടിരുന്നത്.

പരിസ്ഥിതി സൗഹാർദ്ദം, മാറുന്ന ചൈന
ചൈനയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ നമ്മൾ മനസ്സിലാക്കണം. വ്യവസായവൽക്കരണത്തിനൊപ്പമാണ് ചൈനയിൽ മലിനീകരണമുണ്ടായത്. ബീജിങ്ങിൽ ഒളിമ്പിക്സ് നടന്നപ്പോൾ ചൈനയിലെ മലിനീകരണം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയായി. എന്നാൽ ഇപ്പോൾ എന്താണ് സംഭവിച്ചത്?

കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വംകൊടുക്കുന്ന ചൈനയിലെ ഭരണകൂടം പരിസ്ഥിതി സംരക്ഷിക്കുവാൻ ധീരമായ നടപടികളെടുത്തു. കഴിഞ്ഞ 15 കൊല്ലത്തിനിടയിൽ അവിടെ വന്ന മാറ്റങ്ങൾ വളരെ വലുതാണ്. 2008ലെ ബീജിങ് ഒളിമ്പിക്സ് കാലത്തെ ചൈനയല്ല ഇന്നത്തെ ചൈന. അവിടുത്തെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ അവർക്ക് കഴിഞ്ഞു.

എല്ലായിടത്തും ഇലക്ട്രിക് കാറുകൾമാത്രം ഓടുന്ന സ്ഥിതിയായി. ആ വ്യവസായത്തിൽ അവർ മൂലധനം നിക്ഷേപിക്കാൻ തുടങ്ങി. അവിടുത്തെ മലിനീകരണം ക്രമേണ കുറഞ്ഞു. കൽക്കരിക്കു മേലുള്ള ആശ്രയത്വം അവർ കുറച്ചുകൊണ്ടുവരികയാണ്. ലോകത്ത് എല്ലായിടത്തും ഇടതുപക്ഷം ഇത്തരത്തിൽ പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയിട്ടുള്ള പോരാട്ടങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നു.

സ്വാതന്ത്ര്യമില്ലാത്ത ജനാധിപത്യം
കമ്യൂണിസ്റ്റുകാർ മറ്റ് ഇടതുപക്ഷക്കാരോട് യോജിക്കാത്ത ഒരു കാര്യം കൂടി പറയാം. അത് ജനാധിപത്യത്തെപ്പറ്റിയുള്ള ചർച്ചയാണ്. ലാറ്റിനമേരിക്കയിൽ ഉൾപ്പെടെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട എത്ര സർക്കാരുകളെ അമേരിക്ക അട്ടിമറിച്ചു. കേരളത്തിൽ 1957ലെ ഇടതു സർക്കാരിനെതിരെ നടന്ന വിമോചന സമരത്തിൽ ചാരസംഘടനയായ സിഐഎയുടെ പങ്ക് പിന്നീട് അമേരിക്കൻ ഭരണാധികാരികൾതന്നെ പുറത്തുവി‍ട്ടില്ലേ.

അതുകൊണ്ട് ജനാധിപത്യം എല്ലാത്തിന്റെയും അവസാനവാക്കല്ല. ജനാധിപത്യത്തിൽ അങ്ങനെ സർവ്വതന്ത്ര സ്വാതന്ത്ര്യം ഇല്ല. എത്രയോ ആളുകൾ വിചാരണപോലും നേരിടാതെ വർഷങ്ങളോളം ഇന്ത്യയിലടക്കം ജയിലുകളിൽ കിടക്കുന്നു? ജനാധിപത്യം നല്ലതാണ്. പക്ഷേ, കോർപ്പറേറ്റുകളുടെയും വലതുപക്ഷ ഭരണകൂടത്തിന്റെയും കീഴിലുള്ള ജനാധിപത്യത്തിന് യാതൊരു സാംഗത്യവുമില്ല. എന്നുവച്ചാൽ, ലോകത്താകമാനം മൂലധനത്തിന്റെ ഉടമസ്ഥത കോർപ്പറേറ്റുകളുടെ കെെവശമായിരിക്കുന്ന കാലത്തോളം ശരിയായ ജനാധിപത്യം ഏതെങ്കിലുമൊരു ഭൂപ്രദേശത്ത് നടപ്പാക്കപ്പെടുന്നുണ്ടെങ്കിൽ അതിനെ ഇല്ലാതാക്കാൻ സാമ്രാജ്യത്വം എന്ത് ഹീനകൃത്യവും ചെയ്യും.

അതാണ് ഇപ്പോൾ വെനസ്വേലയിൽ തെളിഞ്ഞത്. ജനാധിപത്യം ഇല്ലാത്ത ഉത്തരകൊറിയയെ തൊടാൻ അമേരിക്കയ്ക്ക് ഭയമാണ്. ജനാധിപത്യം ഇല്ലാത്ത അറേബ്യൻ നാടുകളെ തൊടാൻ അവർക്ക് മനസ്സില്ല. വലതുപക്ഷക്കാർ ഒരിക്കലും ജനാധിപത്യവാദികളല്ല. കൊള്ളയടിക്കാനുള്ള ജനാധിപത്യത്തിൽ മാത്രമാണ് അവർ വിശ്വസിക്കുന്നത്. ഐക്യരാഷ്ട്രസഭ നോക്കുകുത്തിയായി നിൽക്കുന്നു.

അതുകൊണ്ട് പൂർണസ്വാതന്ത്ര്യമുള്ള ഒരു ജനാധിപത്യം ലോകത്ത് പൂത്തുലഞ്ഞിട്ടില്ലെന്നു വേണം മനസ്സിലാക്കാൻ. നമ്മുടെ രാജ്യത്ത് ജനാധിപത്യം തുടരുന്നിടത്തോളം കാലം അതിനെ പിന്തുണയ്ക്കാൻ ഇടതുപക്ഷത്തിന് ബാധ്യതയുണ്ട്. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാൻ അതുകൊണ്ടാണ് നമ്മൾ ശ്രമിക്കുന്നത്. പക്ഷേ അതിന്റെ പരിമിതികൂടി എല്ലാവരും മനസ്സിലാക്കണം. വെനസേ-്വലയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.

മതനിരപേക്ഷത സംരക്ഷിക്കാനുള്ള പോരാട്ടം, കൂലിയും തൊഴിലും സംരക്ഷിക്കാനുള്ള പോരാട്ടം, സർവ്വതലസ്പർശിയായ മനുഷ്യസ്നേഹത്തിന്റെ രാഷ്ട്രീയം, മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള രാഷ്ട്രീയം, എല്ലാ ന്യൂനപക്ഷങ്ങൾക്കും വേണ്ടിയിട്ടുള്ള പോരാട്ടം, സർവ്വോപരി മനുഷ്യത്വത്തിനുവേണ്ടിയുള്ള പോരാട്ടം– ഇതാണ് ഇടതുപക്ഷ രാഷ്ട്രീയം. അതുകൊണ്ട് ഞാൻ നിക്കോളസ് മദുറോയ്ക്ക് ഒപ്പമാണ്. നിങ്ങളോ? l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen − 11 =

Most Popular