കേരളത്തിലെ ആരോഗ്യമേഖലയ്-ക്കെതിരെ പ്രതിപക്ഷവും ചില മാധ്യമങ്ങളും നടത്തുന്ന ആക്രമണങ്ങൾക്കുപിന്നിൽ വെറും രാഷ്‌ട്രീയം മാത്രമാണോ? കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളത്തിലെ പൊതുജനാരോഗ്യ മേഖല കൈവരിച്ച നേട്ടം തെല്ലൊന്നുമല്ല പ്രതിപക്ഷത്തെ വേവലാതിയിലാക്കിയത്. എന്നാൽ അവരുടെ സമരാഭാസങ്ങൾക്കും മന്ത്രിക്കു നേരെ നടത്തിയ ആക്രമണങ്ങൾക്കും പിന്നിൽ രാഷ്‌ട്രീയം മാത്രമല്ല, മറ്റൊരു പ്രധാനകാരണവുമുണ്ട്. അവ കാണാതെ പോകരുത്. വൻകിട കോർപ്പറേറ്റുകളുടെ പങ്കാണത്. ഇന്ന് നമ്മുടെ വൻകിട ആശുപത്രികളെല്ലാം അമേരിക്ക കേന്ദ്രമായ ബ്ലാക്ക് സ്‌റ്റോൺ വാങ്ങിക്കഴിഞ്ഞു. രോഗികളിൽനിന്ന് കോടികൾ പിഴിയുകയാണ് അവരുടെ ലക്ഷ്യം. എന്നാൽ നമ്മുടെ സർക്കാർ സംവിധാനങ്ങൾ ഇങ്ങനെ നിന്നാൽ അവരുടെ ‘കഞ്ഞികുടി’ മുട്ടും. അതിനാൽ നമ്മുടെ സർക്കാർ ആരോഗ്യ സംവിധാനങ്ങൾ മോശമാണ് എന്ന പ്രതീതി ജനങ്ങളിൽ സൃഷ്‌ടിക്കണം. അതുവഴി ജനങ്ങളെ സർക്കാർ ആശുപത്രികളിൽനിന്ന് അകറ്റണം. അതിനുവേണ്ടിക്കൂടിയാണ് കേരളത്തിലെ പ്രതിപക്ഷവും ചില മാധ്യമങ്ങളും പണിയെടുക്കുന്നത്. വിമോചന സമരത്തിൽ അമേരിക്കൻ ചാരസംഘടനായ സിഐഎക്കുണ്ടായിരുന്ന പങ്കിന് സമാനമായി ഇതിനെ കാണാം.
എന്താണ് കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയുടെ മേന്മ? ലോകം അംഗീകരിച്ച കേരള മോഡൽ വികസനത്തിന്റെ അടിത്തറ ആരോഗ്യരംഗത്ത് നമ്മൾ കൈവരിച്ച നേട്ടമാണ്. മാതൃ–ശിശു മരണ നിരക്കിലടക്കം. ഇന്ന് പിഎച്ച്‌സി മുതൽ മെഡിക്കൽ കോളേജുകൾ വരെ സുശക്തമായ ആരോഗ്യ സംവിധാനമാണ് നമുക്കുള്ളത്. അവയവം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയവരെ നമ്മുടെ സർക്കാർ ആശുപത്രികളിൽ നടക്കുന്നു. ഇതിനായി പ്രത്യേക ആശുപത്രിവരെ കേരളത്തിൽ തുടങ്ങുന്നു. അപ്പോൾ, കേരളത്തിലെ ആരോഗ്യ മേഖലയിൽനിന്ന് ശതകോടികൾ കൊയ്യാൻ കാത്തിരുന്നവർ വെറുതെ ഇരിക്കുമോ? അവരുടെ കയ്യാളുകളായാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും പ്രവർത്തിക്കുന്നത്.
കോവിഡിന്റെ ഒന്നും രണ്ടും തരംഗം, നിപാ, മസ്‌തിഷ്‌ക ജ്വരം തുടങ്ങിയ പകർച്ചവ്യാധികളും അസുഖങ്ങളും നിയന്ത്രിക്കാൻ കേരളത്തിനായത് നമ്മുടെ ശക്തമായ പൊതുജനാരോഗ്യ സംവിധാനത്തിന്റെ സാന്നിധ്യമാണ്. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ ലോകം അതിശയത്തോടെയും അസൂയയോടെയുമാണ് നോക്കിക്കണ്ടത്. അമേരിക്കയിൽപോലും ജഡങ്ങൾ കൂട്ടത്തോടെ കുഴിച്ചുമൂടിയപ്പോൾ, രാജ്യത്ത് ഡൽഹിയിലും മറ്റും ജനങ്ങൾ ഇൗയാംപാറ്റകളെപ്പോലെ മരിച്ചു വീണപ്പോൾ, ഗംഗയിലൂടെ ശവശരീരങ്ങൾ കൂട്ടമായി ഒഴുകിയപ്പോൾ കേരളത്തിൽ അത്തരമൊരു കാഴ്ച നമുക്കു കാണേണ്ടി വന്നില്ല. നിപ രോഗബാധയില്‍ മരണനിരക്ക് ലോകത്ത് ആദ്യമായി 33 ശതമാനമായി കുറച്ചു കേരളം. 2023ല്‍ ആഗോള നിപ മരണനിരക്ക് 70നും 90 നും ഇടയിലായിരുന്നു. പരിശോധന സൗകര്യം കേരളത്തില്‍ ഒരുക്കുകയും പരിശീലനം നല്‍കുകയും ചെയ്തു. പരിശോധനാ ലാബ് സൗകര്യം വികേന്ദ്രീകരിച്ചു. രോഗം കണ്ടുപിടിക്കാന്‍ പ്രത്യേകം ഗൈഡ് ലൈന്‍ ഇറക്കി. ആന്റി വൈറല്‍ മരുന്നു ലഭ്യത ഉറപ്പാക്കി. ഏറ്റവുമധികം ഭീഷണിയായ കോവിഡ് രണ്ടാം തരംഗത്തെയും മൂന്നാം തരംഗത്തെയും ഫലപ്രദമായി പ്രതിരോധിക്കാന്‍ കേരളത്തിനായി. ജനങ്ങളുടെ ജീവനോപാധിയെ ബാധിക്കാതെ ലോക്ക് ഡൗണ്‍ ഒഴിവാക്കിയുള്ള സ്ട്രാറ്റജിയാണ് സംസ്ഥാനം ആവിഷ്‌കരിച്ചത്. ഫലപ്രദമായ സൗജന്യ വാക്‌സിനേഷന്‍ രാജ്യത്തിനുതന്നെ മാതൃകയായി. ഏറ്റവും അവസാനം കോവിഡ് മരണനിരക്ക് കൃത്യമായി കേരളം രേഖപ്പെടുത്തി എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.
എല്ലാ പകർച്ചവ്യാധികളേയും സുശക്തമായി നേരിടാൻ നമുക്കായി. അമീബിക് മസ്തിഷ്‌ക ജ്വരം (ബ്രെയിന്‍ തീനി അമീബയില്‍ നിന്നുണ്ടാകുന്നത്) മൂലം ആഗോളതലത്തില്‍ മരണനിരക്ക് 97 ശതമാനം ആയിരിക്കുമ്പോള്‍ കേരളത്തില്‍ അത് 25 ശതമാനം മാത്രമാണ്. ഏര്‍ലി ഡിറ്റക്ഷനാണ് രോഗത്തെ ചെറുക്കാൻ സഹായകമാകുന്നത്. തുടക്കത്തിലേ കണ്ടുപിടിച്ച് നമ്മൾ ചികിത്സിക്കുന്നു. വിദഗ്ധ കമ്മിറ്റി രൂപീകരിച്ച് രോഗനിര്‍ണയത്തിന് ഗൈഡ് ലൈന്‍ ഇറക്കി. ചികിത്സയ്ക്ക് പ്രോട്ടോക്കോളുമുണ്ടാക്കി. ആവശ്യമുള്ള മരുന്ന് ലഭ്യതയും ഉറപ്പാക്കി. ഇന്ത്യയില്‍ രണ്ട് സ്ഥലങ്ങളില്‍ മാത്രമുള്ള ലാബ് സൗകര്യം കേരളത്തിലും ഒരുക്കി.
പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ഇന്ത്യയില്‍ ആദ്യമായി പരിസ്ഥിതി, മൃഗാരോഗ്യം, പൊതുജനാരോഗ്യം എന്നിവയെ കൂട്ടിയിണക്കി ഏകാരോഗ്യം പദ്ധതി നടപ്പിലാക്കിയത് കേരളമാണ്. ആരോഗ്യവകുപ്പിനു കീഴില്‍ പുതുതായി രൂപംകൊണ്ട ഏകാരോഗ്യ കേന്ദ്രം (വണ്‍ ഹെല്‍ത്ത് സെന്റര്‍) അതിന്റെ ചുക്കാന്‍ പിടിക്കുന്നു. ലോകം ഇന്നുനേരിടുന്ന രോഗാണുക്കളുടെ ആന്റിബയോട്ടിക് അതിജീവനം (എഎംആര്‍) എന്ന ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നത്തെ നേരിടുന്നതിനുള്ള മാതൃകയായി കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ മാറിക്കഴിഞ്ഞു. അതീവ പ്രഹരശേഷിയുള്ള നിപ രോഗത്തെപ്പറ്റി പഠിക്കുന്നതിനും അതിനെ ചെറുക്കുന്നതിനുമായി കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച് ആന്‍ഡ് റസീലിയന്‍സ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചു. പൊതുജനാരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതിന് അമേരിക്കന്‍ ഐക്യനാടുകളിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (കെസിഡിസി) മാതൃകയില്‍ രൂപീകരിച്ച കേരള സിഡിസിയുടെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ഏകീകൃത പൊതുജനരോഗ്യ നിയമം നിലവില്‍ വന്നത് 2023ലാണ്.
അഞ്ചുവർഷം: എത്തിയത്
ഒരു കോടിയിലേറെ രോഗികൾ
കേരളത്തിലെ പൊതുജനാരോഗ്യ മേഖലയുടെ ശക്തിയുടെ ഏറ്റവും വലിയ തെളിവ് ഇൗ മേഖലയെ ആശ്രയിക്കുന്നവരുടെ എണ്ണമാണ്. അഞ്ചുവർഷത്തിനിടെ ഒരു കോടിയിലേറെ പേരാണ് സർക്കാർ ആശുപത്രികളിൽ എത്തിയത്. ഇതിൽ 24.78 ലക്ഷം പേര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കി. ആകെ 8,425 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നല്‍കിയത്. മെഡിക്കല്‍ കോളേജുകളില്‍ പ്രതിമാസം വരുന്ന ഒപി, ഐപികളുടെ കണക്കെടുത്താല്‍ എത്രത്തോളം രോഗികളാണ് ആശുപത്രികളില്‍ വന്നു പോകുന്നത് എന്ന് മനസ്സിലാകും. ഉദാഹരണത്തിന്- കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ശരാശരി 10 ലക്ഷത്തോളം രോഗികളാണ് വര്‍ഷത്തില്‍ വരുന്നത്. ഇതില്‍ ഒന്നര ലക്ഷത്തോളം പേര്‍ കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്നുണ്ട്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി വിഭാഗത്തില്‍ മൂന്നു ലക്ഷത്തോളം പേര്‍ പ്രതിവര്‍ഷം ചികിത്സ തേടി എത്തുന്നു എന്നാണ് കണക്ക്.ഇത് സ്വകാര്യ ആശുപത്രി ലോബിക്ക് സഹിക്കുമോ? കേരളത്തിന്റെ ചികിത്സാ രംഗം നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ് തുടങ്ങിയ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടുകൂടി കൂടുതല്‍ മികവുറ്റതും ജനകീയവുമാക്കി. റോബോട്ടിക് സര്‍ജറി, പൂര്‍ണമായി ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് ചലനശേഷി വീണ്ടെടുക്കാന്‍ സഹായിക്കുന്ന ജി ഗൈറ്റര്‍, ബ്ലഡ് ബാഗ് ട്രീസബിലിറ്റി എന്നിവ ഇതിന്റെ ഉദാഹരണങ്ങളാണ്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, അപൂര്‍വ രോഗങ്ങള്‍ക്കുള്ള സൗജന്യ മരുന്നു വിതരണം, കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും വിലകുറച്ച് നല്‍കുന്ന കാരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ തുടങ്ങിയവ യാഥാര്‍ത്ഥ്യമാക്കി. സ്റ്റേറ്റ് വണ്‍ ഹെല്‍ത്ത് സെന്റര്‍, കെ സിഡിസി, നിപ റിസര്‍ച്ച് സെന്റര്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. എഎംആര്‍ പ്രതിരോധത്തിന് രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ജി ഗൈറ്റര്‍ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലാതല ആശുപത്രിയാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രി. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ലോകോത്തര നിലവാരത്തിലുള്ള ആധുനിക ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സ ഇവിടെ ഉറപ്പാക്കുന്നു. സ്ട്രോക്ക്, സ്‌പൈനല്‍ കോഡ് ഇഞ്ചുറി, അപകടം, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയ നിരവധി കാരണങ്ങള്‍ മൂലം ചലനശേഷി നഷ്ടമായവരെ വീണ്ടും ചലിക്കാനും നടത്താനും സഹായിക്കുന്നു ഈ സംവിധാനം.
സ്വകാര്യ മേഖലയില്‍ 40 ലക്ഷത്തിലധികം ചെലവു വരുന്നതാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. ഇതാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സൗജന്യമായോ ഏറ്റവും മിതമായ നിരക്കിലോ ചെയ്യുന്നത്. 2022 ഫെബ്രുവരിയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി വിജയകരമായി നടന്നത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും നടന്നു. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും ആരംഭിച്ചു. രാജ്യത്ത് ആദ്യമായി ഹൃദയം മാറ്റിവയ്ക്കുന്ന ജില്ലാതല ആശുപത്രിയായി മാറാന്‍ എറണാകുളം ജനറല്‍ ആശുപത്രിക്കായി. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍, തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കോര്‍ണിയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. രാജ്യത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യൂറോ കാത്ത്ലാബ് ഉള്‍പ്പെട്ട സമഗ്ര സ്ട്രോക്ക് യൂണിറ്റും ഇന്റര്‍വെന്‍ഷന്‍ ന്യൂറോളജിയും സജ്ജമാക്കി. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് സ്ഥാപിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ നൂതന സൗകര്യങ്ങളോടു കൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി എസ് എം എ (സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി) ക്ലിനിക് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ സ്ഥാപിച്ചു. സംസ്ഥാനത്ത് ആദ്യമായി ആരോഗ്യമേഖലയില്‍ ക്രിട്ടിക്കല്‍ കെയര്‍, ജനറ്റിക്സ്, ജെറിയാട്രിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, റുമറ്റോളജി, പീഡിയാട്രിക് ഗ്യാസ്‌ട്രോ, ഫീറ്റല്‍ മെഡിസിന്‍ എന്നിവയ്-ക്ക് പ്രത്യേക വിഭാഗങ്ങള്‍ ആരംഭിച്ചു.
ഹൃദ്യം പദ്ധതിയിലൂടെ 8,800ലധികം കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കി. കുഞ്ഞുങ്ങളിലെ വൃക്കരോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി പ്രതീക്ഷ പദ്ധതി ആരംഭിച്ചു. ഫാറ്റി ലിവര്‍ ചികിത്സയ്ക്കായി രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രികളില്‍ ഫാറ്റി ലിവര്‍ ക്ലിനിക് സ്ഥാപിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായുള്ള കോഡ് ഗ്രേ പ്രോട്ടോകോള്‍ യാഥാര്‍ത്ഥ്യമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ സെന്റര്‍ ഓഫ് എക്സലന്‍സായി കേന്ദ്രം ഉയര്‍ത്തി. എസ്എടി ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്സലന്‍സ് ആയി ഉയര്‍ത്തി.
കാൻസർ ചികിത്സക്ക്
പ്രത്യേക സംവിധാനങ്ങൾ
കാന്‍സര്‍ ചികിത്സാ രംഗത്ത് ഇന്ന് കേരളം മുന്നേറുകയാണ്. ‘ആരോഗ്യം-ആനന്ദം, അകറ്റാം അര്‍ബുദം’ കാമ്പയിന്‍ തന്നെ ആരംഭിച്ചു. വര്‍ധിച്ചുവരുന്ന അര്‍ബുദരോഗ സാധ്യതകളെ മുന്‍കൂട്ടി കണ്ടറിഞ്ഞ് അതിനെ ചെറുക്കുന്നതിനായി ‘ആരോഗ്യം ആനന്ദം, -അകറ്റാം അര്‍ബുദം’ എന്ന പേരില്‍ അര്‍ബുദത്തിനെതിരെ പൊതുജനകാമ്പയിന്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ സ്ത്രീകളെ ബാധിക്കുന്ന ബ്രെസ്‌റ്റ് കാന്‍സര്‍, സെര്‍വയ്ക്കല്‍ കാന്‍സർ എന്നിവയെ നേരിടാനാണ് ശ്രമിച്ചത്. അതിനുശേഷം പുരുഷന്‍മാര്‍ക്കും കാന്‍സര്‍ സ്‌ക്രീനിംഗ് സംവിധാനം ആരംഭിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ടുദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കും. രോഗനിര്‍ണയ സൗകര്യങ്ങള്‍ എല്ലാവരിലും എത്തിക്കുന്നതിനായി ചെറുതും വലുതുമായ ലബോറട്ടറികളെ കൂട്ടിയിണക്കി ‘നിര്‍ണയ’ ഹബ് ആൻഡ് സ്പോക്ക് മോഡല്‍ ലാബ് നെറ്റ്-വര്‍ക്ക് ഉടന്‍ യാഥാര്‍ത്ഥ്യമാകും. വൈകുന്നേരം വരെയുള്ള ഒപി സേവനം നടപ്പിലാക്കി. ആർസിസിയിലിയും മലബാർ കാൻസർ സെന്ററിലും സര്‍ക്കാര്‍ മേഖലയിലെ ആദ്യ റോബോട്ടിക് സര്‍ജറി ആരംഭിച്ചു. ആർസിസിയിൽ പീഡിയാട്രിക് റോബോട്ടിക് സര്‍ജറിയും ആരംഭിച്ചു. പ്രധാന ആശുപത്രികള്‍ക്കു പുറമേ 25 ആശുപത്രികളില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കി. മലബാര്‍ കാന്‍സര്‍ സെന്ററിനെ 562.25 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആൻഡ് റിസര്‍ച്ച് ആയി ഉയര്‍ത്തി. സ്തന–ഗർഭാശയ ഗള അർബുദം പ്രാരംഭഘട്ടത്തില്‍ കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും ഒരു ജില്ലാ, താലൂക്ക് തല ആശുപത്രിയിലെങ്കിലും മാമോഗ്രാം, ബയോപ്സി, പാപ്സ്മിയര്‍ എന്നീ സംവിധാനങ്ങൾ ഒരുക്കുന്നു. ആദ്യഘട്ടത്തില്‍ 8 ആശുപത്രികളില്‍ മാമോഗ്രാം നടപ്പിലാക്കി. കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ആശുപത്രി കെട്ടിടം പ്രവര്‍ത്തനസജ്ജമാക്കി. മലബാര്‍ കാന്‍സര്‍ സെന്ററില്‍ മജ്ജമാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി ബോണ്‍മാരോ ഡോണര്‍ രജിസ്ട്രി ആരംഭിച്ചു. കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ നല്‍കുന്ന കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ് കൗണ്ടറുകള്‍ സ്ഥാപിച്ചു. ഇതുവരെ മൂന്നു കോടിയോളം രൂപയുടെ മരുന്ന് വിതരണം നടത്തി. കെയര്‍ പദ്ധതി അപൂര്‍വരോഗ പരിചരണം പലർക്കും വലിയ ബാധ്യതയാണ്. ഉള്ളതെല്ലാം വിറ്റും കടംവാങ്ങിയും ചികിത്സനടത്തി കുടുംബം പാപ്പരാകുന്നവരുടെ എണ്ണം ഏറെയാണ്. അത്തരക്കാർക്ക് ഇന്ന് വലിയ സഹായമാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ
‘കെയര്‍’ ( Kerala United Against Rare Diseases) പദ്ധതി. അപൂര്‍വ രോഗങ്ങള്‍ക്ക് വിലപിടിപ്പുള്ള മരുന്നുകള്‍ വിദേശത്തുനിന്നും ഉള്‍പ്പെടെ എത്തിക്കാനുള്ള പദ്ധതിയും ലൈസോസോമല്‍ സ്റ്റോറേജ്, ഗ്രോത്ത് ഹോര്‍മോണ്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്നു നല്‍കുന്ന പദ്ധതിയും ഇതിന്റെ ഭാഗമായുണ്ട്. രാജ്യത്തെ 12 ആശുപത്രികളിലൊന്നായി എസ്എടി ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്സലന്‍സായി തെരഞ്ഞെടുത്തിട്ടുണ്ട്. പ്രതിവര്‍ഷം കോടികള്‍ ചെലവു വരുന്ന എസ്എംഎ തുടങ്ങിയ അപൂവ രോഗങ്ങള്‍ക്ക് സൗജന്യ വിദഗ്ധ ചികിത്സ ഈ പദ്ധതിയിലൂടെ ഉറപ്പാക്കുന്നു. രോഗം അപൂര്‍വമാണെങ്കിലും ചികിത്സ അപൂര്‍ണമാകരുത് എന്നതാണ് ലക്ഷ്യമിടുന്നത്.
അംഗീകാരങ്ങൾക്ക്
നടുവിൽ
കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ അംഗീകാരങ്ങൾ തേടിയെത്തുകയാണ്. ആരോഗ്യ വനിതാ ശിശുവികസന വകുപ്പിന് ദേശീയ തലത്തില്‍ 50ലേറെ പുരസ്‌കാരങ്ങളും ബഹുമതികളുമാണ് ലഭിച്ചത്. കഴിഞ്ഞ 4 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം കേരളത്തിനാണ് ലഭിച്ചത്. ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന് ഒന്നാം സ്ഥാനം ഈ കാലഘട്ടത്തില്‍ ലഭിച്ചു. ഏറ്റവും കുറവ് മാതൃ–ശിശുമരണനിരക്കുള്ള സംസ്ഥാനമാണ് കേരളം. അമേരിക്കയേക്കാളും കുറഞ്ഞ ശിശുമരണ നിരക്കില്‍ കേരളമെത്തി. പാലിയേറ്റീവ് കെയര്‍ രംഗത്ത് വിജയകരമായ മാതൃകയാണ് കേരളത്തിന്റേതെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.
ഇതുവരെ കേരളത്തിലെ 302 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ക്യുഎഎസ് നേടാനായി. 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് മുസ്‌കാന്‍ അംഗീകാരവും 17 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ലക്ഷ്യ അംഗീകാരവും ലഭിച്ചു. നമ്മുടെ പാലിയേറ്റീവ് പരിചരണത്തെ ലോകാരോഗ്യ സംഘടനയും ആഗോള അക്കാദമിക സമൂഹവും (ലാന്‍സെറ്റ് കമ്മീഷന്‍) അഭിനന്ദിച്ചു. ആദ്യമായി ദേശീയ റാങ്കിംഗ് പട്ടികയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജും ദന്തല്‍ കോളേജും ഉള്‍പ്പെട്ടു. പൊതുജനാരോഗ്യരംഗത്ത് നാം ഒന്നാമതായി തുടരുന്നുവെന്ന് ദേശീയ നിതി ആയോഗ് സുസ്ഥിര വികസന സൂചികകളില്‍ മികച്ച സ്ഥാനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അടിസ്ഥാന സൂചികകളായ ഏറ്റവും കുറവ് മാതൃ, ശിശുമരണനിരക്കുള്ള ഇടമായി തുടരുന്നുവെന്ന് മാത്രമല്ല ദേശീയ കുടുംബാരോഗ്യ സര്‍വ്വേകളില്‍ നമ്മുടെ നിരക്കുകള്‍ നാം തുടര്‍ച്ചയായി മെച്ചപ്പെടുത്തുന്നത് കാണാന്‍ കഴിയും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രകടമായ മാറ്റം കൊണ്ടുവരാന്‍ ഈ കാലയളവില്‍ നമുക്കു സാധിച്ചു. മികച്ച സംവിധാനങ്ങള്‍ ഒരുക്കിയതിന്റെ ഫലമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നു. കേരളത്തിൽ അഞ്ചു വർഷത്തിനിടെ 5,416 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ഥ്യമാക്കി. 4 മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി ലഭ്യമാക്കി. സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലയില്‍ 21 നഴ്‌സിംഗ് കോളേജുകള്‍ ആരംഭിച്ചു. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജും നഴ്‌സിംഗ് കോളേജും ഇന്നുണ്ട്. മെഡിക്കല്‍, നഴ്‌സിംഗ് സീറ്റുകള്‍ ഗണ്യമായി വര്‍ധിപ്പിച്ചു. മികച്ച സംവിധാനങ്ങള്‍ ഒരുക്കിയതിന്റെ ഫലമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം പലമടങ്ങ് വര്‍ധിച്ചു. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രകടമായ മാറ്റം കാണാവുന്നതാണ്.
ഒറ്റപ്പെട്ട പരാതിയും
നുണപ്രചാരണവും
ആരോഗ്യ മേഖലയിൽനിന്ന് ഒറ്റപ്പെട്ട പരാതികൾ ഉയരുന്പോൾ അത് ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്നത്. എന്നാൽ അതിന്റെ മറവിൽ വലിയ കുപ്രചാരണങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട മെഡിക്കല്‍ കോളേജുകളില്‍ ഓരോന്നിലും ഒരു മാസം മേജര്‍, മൈനര്‍ സര്‍ജറികള്‍ 4000 ത്തോളം നടക്കുന്നുണ്ട്. വികസിത രാജ്യങ്ങളില്‍ പോലും ഡബ്ല്യുഎച്ച്ഒ-യുടെ കണക്കനുസരിച്ച് 10 ശതമാനം വരെ സര്‍ജറിയിലെ പിഴവുകള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത് 0.2 ശതമാനത്തിലും താഴെയാണ്. ഇത് മറച്ചുവെക്കപ്പെടുകയാണ്. സംസ്ഥാനത്തെ ഗവൺമെന്റ് മെഡിക്കല്‍ കോളേജുകളില്‍ അതിസങ്കീര്‍ണമായ ശസ്ത്രക്രിയകളും, ലിവര്‍ ട്രാന്‍സ് പ്ലാന്റ്, റോബോട്ടിക് സര്‍ജറി, എന്റോസ്‌കോപിക് സര്‍ജറി തുടങ്ങിയ ആധുനിക ചികിത്സാ രീതികളും നടത്തുന്നുണ്ട്. വന്‍കിട സ്വകാര്യ ആശുപത്രികളില്‍ മാത്രം ലഭ്യമാക്കിയിരുന്ന ഇത്തരം സൗകര്യങ്ങള്‍ പാവപ്പെട്ട രോഗികള്‍ക്ക് ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ആര്‍ദ്രം മിഷനിലൂടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത് സർക്കാർ നടത്തിയ ചരിത്രപരമായ മുന്നേറ്റമാണ്. വൈകുന്നേരം വരെ ഒ പി സംവിധാനം ഏര്‍പ്പെടുത്തി. ഇതിനായി 2430 തസ്തികകള്‍ സൃഷ്ടിച്ചു. താലൂക്ക് ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി സംവിധാനവും, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സംവിധാനങ്ങളും ഒരുക്കി. ഒരു ജില്ല ഒഴികെ മറ്റെല്ലാ ജില്ലകളിലും കാത്ത് ലാബുകള്‍ സ്ഥാപിച്ചു. മെഡിക്കല്‍ കോളേജുകളില്‍ മാത്രം ലഭ്യമായിരുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ പാവപ്പെട്ട രോഗികള്‍ക്ക് ലഭ്യമാക്കി. മെഡിക്കല്‍ കോളേജ് ആശുപത്രികളെ മികവിന്റെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആരോഗ്യവകുപ്പിലും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലുമായി 2016 മുതല്‍ ഇതുവരെ പതിനായിരത്തിലധികം തസ്തികകള്‍ സൃഷ്ടിച്ചു. ഇന്ന് കേരളത്തില്‍ ആരോഗ്യ വകുപ്പില്‍ ഏകദേശം 50,250 സ്ഥിരം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. അതോടാപ്പം എന്‍എച്ച്എം വഴി 15,574 പേരും ജോലി ചെയ്യുന്നുണ്ട്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പില്‍ 15,000 ത്തോളം സ്ഥിരം ജീവനക്കാരും ജോലി ചെയ്യുന്നു.
10,000 കോടിരൂപയുടെ
കിഫ്‌ബി വികസനം
ആരോഗ്യ വകുപ്പില്‍ 10,000 കോടിയിലധികം രൂപയുടെ വികസനമാണ് സാധ്യമാക്കിയത്. പ്രാഥമിക തലം മുതല്‍ ത്രിതീയ തലം വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് അഭൂതപൂര്‍വമായ വികസന മുന്നേറ്റം ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഉറപ്പാക്കി. കിഫ്ബിയുടെ ആവിര്‍ഭാവമാണ് ആരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യ രംഗത്ത് മുമ്പൊരിക്കലുമില്ലാത്ത വികസനം സാധ്യമാക്കിയത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികള്‍, കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, മാതൃ–ശിശു ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെ പദ്ധതികള്‍ക്ക് കിഫ്ബി പ്രത്യേക പരിഗണന ഈ കാലയളവില്‍ നല്‍കി. ബജറ്റ് തുകയേക്കാള്‍ കൂടുതല്‍ ആരോഗ്യ മേഖലയില്‍ സർക്കാർ ചെലവഴിക്കുന്നുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള ജനറല്‍, ജില്ലാ, താലൂക്ക് ആശുപത്രികള്‍, ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന 78 വിവിധ പ്രോജക്ടുകള്‍ക്കായി 5,700 കോടി രൂപയ്ക്കുള്ള ഭരണാനുമതി നല്‍കുകയും കിഫ്ബിയില്‍ നിന്നും 4,000ത്തോളം കോടി രൂപയുടെ സാമ്പത്തികാനുമതി ലഭ്യമാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി സമര്‍പ്പിക്കപ്പെട്ട 17 പ്രോജക്ടുകള്‍ക്കായി 3,200 കോടി രൂപയുടെ ഭരണാനുമതി നല്‍കി. ഇതിൽ 2,000 കോടി രൂപയുടെ ധനാനുമതി കിഫ്ബി നൽകി. സംസ്ഥാനത്തെ കാന്‍സര്‍ കെയര്‍ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി കിഫ്ബി ധനസഹായം ഉപയോഗപ്പെടുത്തി ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട നിര്‍മ്മാണവും ദ്രുതഗതിയില്‍ പുരോഗമിച്ചു വരുന്നു. തലശ്ശേരിയിലുള്ള മലബാര്‍ കാന്‍സര്‍ സെന്ററിന്റെ (എംസിസി) മൂന്ന് പ്രൊജക്ടുകള്‍ക്കായി മൊത്തം 644 കോടി രൂപയുടെയും എറണാകുളത്തുള്ള കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിനായി (സിസിആര്‍സി) 384.34 കോടി രൂപയുടെയും കിഫ്ബി ധനസഹായത്തോടു കൂടിയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്കുള്ള ഭരണാനുമതി നല്‍കി. മലബാര്‍ കാന്‍സര്‍ സെന്ററിനായി മൊത്തം 530 കോടി രൂപയുടെയും കൊച്ചിന്‍ കാന്‍സര്‍ കെയര്‍ റിസര്‍ച്ച് സെന്ററിനായി 450 കോടി രൂപയുടെയും (ഉപകരണങ്ങള്‍ ഉള്‍പ്പടെ) സാമ്പത്തികാനുമതി കിഫ്ബി നൽകി. ആയുഷ് മേഖലയില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശിലയിട്ട കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിനായി 183 കോടി രൂപയുടെ കിഫ്ബി ധനസഹായത്തോടുകൂടിനടത്തുന്ന വികസന പദ്ധതി എടുത്തുപറയേണ്ടതാണ്. കോഴിക്കോട് സ്ഥാപിക്കുന്ന ഓര്‍ഗന്‍ ആൻഡ് ടിഷ്യു ട്രാന്‍സ്-പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണത്തിന് കിഫ്ബി വഴി 558.68 കോടി രൂപയുടെ ഭരണാനുമതി നല്‍കി. നബാര്‍ഡ് ധനസഹായം ഉപയോഗപ്പെടുത്തി ആരോഗ്യവകുപ്പിനു കീഴിലുള്ള 31 ആശുപത്രികള്‍ക്കായി 450 കോടി രൂപയും, കോട്ടയം മെഡിക്കല്‍ കോളേജുകളിലെ 2 പ്രോജക്ടുകള്‍ക്കായി 47 കോടി രൂപയും ഉള്‍പ്പെടെ മൊത്തം 32 പ്രോജക്ടുകള്‍ക്കായി 482 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നിലവില്‍ വിവിധ ഘട്ടങ്ങളിലായി നടന്നുവരുന്നു. കൂടാതെ തിരുവനന്തപുരത്തുള്ള ആര്‍സിസി-യുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 187.22 കോടി രൂപ സംസ്ഥാന പദ്ധതി വിഹിതം വിനിയോഗിച്ചുകൊണ്ടുള്ള 14 നില കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും.
കേരളത്തിലെ സർക്കാർ ആരോഗ്യ മേഖല വരും വർഷങ്ങളിൽ വലിയ കുതിപ്പ് നേടും. അത് തകർക്കുക എന്നതാണ് പലരുടെയും ലക്ഷ്യം. അതിന് കൂട്ടുനിൽക്കുന്ന പ്രതിപക്ഷം വലിയ വില നൽകേണ്ടിവരും. തങ്ങളുടെ ഭരണകാലത്ത് (2011–16) ആരോഗ്യ മേഖലയെ തകർത്ത പാരന്പ്യരാണ് യുഡിഎഫിന്റേത്. ആരോഗ്യ മേഖല വെന്റിലേറ്ററിലായിരുന്ന ആ കാലത്തേക്ക് തിരികെ പോകാൻ എന്തായാലും ഇനി കേരളം തയ്യാറാകില്ല എന്നത് ഉറപ്പാണ്. l



