സാമ്രാജ്യത്വത്തിന്
ചുവപ്പ് പരവതാനി വിരിക്കുന്നു
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആജ്ഞകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കീഴടങ്ങിയിരിക്കുന്നു; ഇന്ത്യയുടെ പരമാധികാരത്തെ അടിയറവച്ചുകൊണ്ട് അപമാനകരവും അസമവുമായൊരു വ്യാപാര ഉടമ്പടി മോദി അംഗീകരിച്ചിരിക്കുന്നു. ‘ട്രൂത്ത് സോഷ്യൽ’ എന്ന തന്റെ സോഷ്യൽമീഡിയ പ്ലാറ്റ് ഫോമിലൂടെ ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി ‘‘ഉടമ്പടി’’ പ്രഖ്യാപിച്ചതും നരേന്ദ്രമോദി Xൽ അതിനെ സ്വാഗതം ചെയ്തതും കാണിക്കുന്നത് സമ്മർദത്തിന് പൂർണമായും വഴങ്ങിക്കൊടുക്കുന്നു എന്നതാണ്. അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനം ഇതായിരുന്നു:– റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തലാക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി സമ്മതിച്ചിരിക്കുന്നു, തിരിച്ച് അമേരിക്ക 18 ശതമാനത്തിന്റെ ‘‘കുറഞ്ഞ’’ പ്രതികാരച്ചുങ്കം ചുമത്തും, ഇന്ത്യ അതിന്റെ താരിഫ്– താരിഫിതര സീമകൾ പൂജ്യമാക്കി കുറയ്ക്കും, 50000 കോടി രൂപയുടെ അമേരിക്കൻ ഊർജത്തിനും സാങ്കേതികവിദ്യക്കും കാർഷികോത്പന്നങ്ങൾക്കും കൽക്കരിക്കും മറ്റനേകം ഉൽപ്പന്നങ്ങൾക്കും പുറമെ കൂടുതൽ ഉയർന്ന തോതിൽ അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങിക്കോളാമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി സമ്മതിച്ചിരിക്കുന്നു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് കുറഞ്ഞ ചുങ്കം ചുമത്തിയതിന് മോദി ആഹ്ലാദം പ്രകടിപ്പിക്കുകയും ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കുവേണ്ടി ട്രംപിന് നന്ദി പറയുകയും ചെയ്തു. ഇത്തരമൊരു കച്ചവടം പ്രയോജനപ്രദമാണെന്ന് കാണുന്നതും ഇത്തരത്തിലൊരു അസമമായ ഉടമ്പടിയെ അങ്ങേയറ്റം കൃതജ്ഞതയോടുകൂടി സ്വീകരിക്കുന്നതും ചരിത്രത്തിൽ അപൂർവമാണ്. പാർലമെന്റിലോ സംസ്ഥാനങ്ങളുമായോ യാതൊരുവിധ ചർച്ചയും നടത്താതെ രഹസ്യാത്മകതയുടെ മൂടുപടമണിയിച്ചാണ് ഈ ഉടമ്പടിയിൽ ഏർപ്പെട്ടത്; ഇത്രയധികം ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന ഒരു ഉടമ്പടിയുടെ പ്രഖ്യാപനം ഒരു വെർച്വൽ ഇടത്തിൽ നടത്തുന്നതും ആദ്യമായിട്ടായിരിക്കും.
ദീർഘകാലത്തെ സാമ്രാജ്യത്വവിരുദ്ധപോരാട്ടത്തിനൊടുവിൽ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾക്ക് കോളനിവാഴ്ചക്കാലത്ത് ആഭ്യന്തര കൃഷിയും ഒപ്പം വ്യവസായങ്ങളും പ്രോത്സാഹിപ്പിക്കാനോ സംരക്ഷിക്കാനോ ഉള്ള തങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്തതിന്റെ വിപുലമായ അനുഭവങ്ങളുണ്ട്. കൊളോണിയൽ കൊള്ളയെതുടർന്നുള്ള അപവ്യവസായവൽക്കരണവും കൃഷിയെ ബോധപൂർവം അവഗണിച്ചതും വിഭവങ്ങളുടെ ചോർച്ചയും നിർമിത ചരക്കുകളുടെ കുമിഞ്ഞുകൂടലും (പലപ്പോഴും ഇതിനെല്ലാം അവസരമൊരുക്കുന്നത് സെെനികശേഷിയുടെ സഹായത്താലാണ്) നടക്കുന്നു.
ഇക്കൂട്ടർ കഴിഞ്ഞകാലങ്ങളിൽ രാജ്യങ്ങളെ കീഴടക്കുകയും അവരുടെ കമ്പോളങ്ങളിലേക്ക് അനിയന്ത്രിതമായി കടന്നുകയറുകയും ചെയ്തുകൊണ്ട് അവിടത്തെ ജനങ്ങളെ തങ്ങളുടെ ചരക്കുകളുടെ ഉപഭോക്താക്കളാക്കി മാറ്റിയിരുന്നത് ഇപ്പോൾ മറ്റൊരു രൂപത്തിൽ മടങ്ങിവരികയാണ്. ഇന്നു നാം കാണുന്ന ഒരു വ്യത്യാസം ബിജെപി–ആർഎസ്എസ് നേതൃത്വത്തിലുള്ള എൻഡിഎ ഗവൺമെന്റ് പ്രതിനിധീകരിക്കുന്ന ഇന്ത്യൻ ഭരണവർഗം സാമ്രാജ്യത്വത്തിന് ചുവപ്പുപരവതാനി വിരിച്ചുകൊടുക്കുന്നതാണ്; ഇന്ത്യയിലെ ദശലക്ഷക്കണക്കായ കർഷകരുടെ ജീവിതത്തെയും ഉപജീവനത്തെയും പാടെ അവഗണിച്ചുകൊണ്ട് സാമ്രാജ്യത്വത്തിന് നമ്മുടെ വിപണിയിൽ അനിയന്ത്രിതമായി കടന്നുകയറാനും കൊള്ളലാഭമടിക്കാനും അവസരമൊരുക്കുകയാണ്. അങ്ങനെ മുൻകാലങ്ങളിൽ സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്ക് നേരിട്ടുള്ള കോളനിവാഴ്ചയായിരുന്നു ഉത്തരവാദിയെങ്കിൽ ഇപ്പോൾ അസമമായ വ്യാപാര ഇടപാടുകളാണ് സമാനമായ ഫലം സൃഷ്ടിക്കുന്നതിന് വഴിയൊരുക്കുന്നത്.
ഇന്ത്യൻ കർഷകരുടെ
ജീവിതം പണയംവയ്ക്കുന്ന
അസമമായ വ്യാപാര ഇടപാട്
ബ്രിട്ടനുമായും യൂറോപ്യൻ യൂണിയനുമായും ഉണ്ടാക്കിയ അസമമായ സ്വതന്ത്ര വ്യാപാര കരാറുകൾക്കു പിന്നാലെയാണ് വ്യാപാരം സംബന്ധിച്ച ഇന്ത്യ – അമേരിക്ക ഇടക്കാല ചട്ടക്കൂട് കരാർ വരുന്നത്; ഇതിനെത്തുടർന്ന് സ്വതന്ത്ര വ്യാപാരക്കരാറുകളുടെ ഒരു നിരതന്നെ വരും. യൂറോപ്യൻ യൂണിയൻ ബജറ്റിലെ ഏറ്റവും വലിയ ഇനം പൊതുകാർഷിക പരിപാടിക്കായുള്ള തുക വകയിരുത്തലാണ് – 2014നും 2020നും ഇടയ്ക്കുള്ള മൊത്തം ചെലവഴിക്കലിന്റെ 38%, അതായത് ആകെമൊത്തം 4,831 കോടി യൂറോ ആണിത് (43.8 ലക്ഷം കോടി രൂപ); 2021 മുതൽ 2027 വരെയുള്ള കാലത്തേക്ക് മാറ്റിവച്ചിരിക്കുന്ന തുക 38,700 കോടി യൂറോയോ (41.5 ലക്ഷം കോടി രൂപ) അഥവാ മൊത്തം ബജറ്റിന്റെ 31 ശതമാനമോ ആണ്. ഇന്ത്യയിൽ ഏറ്റവുമൊടുവിലത്തെ യൂണിയൻ ബജറ്റിൽ നാം കണ്ടത്, കൃഷിക്കും അനുബന്ധ മേഖലകൾക്കുമായി 1.37 ലക്ഷം കോടി രൂപ അഥവാ ബജറ്റിന്റെ വെറും 2.7% മാത്രം നീക്കിവെച്ചതാണ്.
അമേരിക്കൻ ഫെഡറൽ ഗവൺമെന്റ് 2026ൽ കാർഷിക പരിപാടികൾക്കായി നീക്കിവച്ചിട്ടുള്ളത് ഏകദേശം 18.65 ലക്ഷം കർഷകർക്ക് 4430 കോടി ഡോളർ (4.02 ലക്ഷം കോടി രൂപ) ആണ്. ഇത് അമേരിക്കയിലെ കർഷകർക്ക് പ്രതിശീർഷ സബ്സിഡിയായി 23,753 കോടി ഡോളർ അഥവാ 21,56,000 രൂപയോളം നൽകുന്നതിനുള്ള തുകയാണ്. ഇന്ത്യയിൽ കാർഷിക സബ്സിഡിക്കായുള്ള തുക ഏകദേശം 5,750 കോടി ഡോളറാണ്. (5 ലക്ഷം കോടി രൂപയോളം വരുമിത്); ഇത് 14.6 കോടിയോളം കർഷകർക്ക് നൽകാനുള്ള തുകയാണ്. ഇന്ത്യൻ കർഷകർക്ക് ലഭിക്കുന്ന പ്രതിശീർഷ സബ്സിഡി 373 ഡോളറോളം വരും. അഥവാ ഏകദേശം 34,000 രൂപ മാത്രം. അമേരിക്കയിലെ ശരാശരി കൃഷിഭൂമിയുടെ വിസ്തീർണം 469 ഏക്കറാണ്. അതേസമയം 2000 ഏക്കറിലധികം വരുന്ന കൃഷിക്കളങ്ങളാണ് മൊത്തം കൃഷിഭൂമിയുടെ 61 % ത്തെയും ആണ് നിയന്ത്രിക്കുന്നത്. അമേരിക്കയിൽ 3,50,000 ഡോളറിൽ കുറഞ്ഞ, അഥവാ ഏകദേശം 3.18 കോടി രൂപ വരുന്ന മൊത്തം കാർഷിക വരുമാനത്തിൽനിന്നുള്ള തുക ലഭിക്കുന്ന ‘‘ചെറുകിട കൃഷി ഭൂമി’’കളാണ് എല്ലാ കാർഷിക പ്രവർത്തനങ്ങളുടെയും 85 ശതമാനത്തെ പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യയിലാകട്ടെ, ശരാശരി കൃഷിക്കളത്തിന്റെ വലിപ്പം 2.67 ഏക്കറോളമാണ്. അതായത് 86% കൃഷിഭൂമിയും 5 ഏക്കറിൽ കുറഞ്ഞ ഭൂവിസ്തൃതിയുള്ളവയാണ്; സർക്കാർ വാദങ്ങൾ സത്യമാണെന്ന് കണക്കാക്കിയാൽ 1,64,000 രൂപയിൽ താഴെ മാത്രമേ അഥവാ 1807 ഡോളറോളം മാത്രമേ ഇതിൽനിന്നു വരുമാനം ഉണ്ടാക്കുന്നുള്ളൂ. ഇതുമൂലം ശോചനീയമായ അവസ്ഥയിൽ ജീവിതം തള്ളിനീക്കുന്ന ദരിദ്രരായ ഇന്ത്യൻ കർഷകർ, അവർക്ക് ലഭിക്കുന്ന സർക്കാർ പിന്തുണ അതിവേഗം കുറയുകയുംകൂടി ചെയ്യുന്നതോടെ അമേരിക്കയിൽനിന്നുള്ള വമ്പിച്ച സബ്സിഡി ലഭിക്കുന്ന ധനിക കർഷകരുമായും അഗ്രി ബിസിനസുകാരുമായും നേരിട്ട്- മൽസരത്തിൽ ഏർപ്പെടേണ്ടതായി വരുന്നു.
കർഷകരുടെ ഭയാശങ്കകളാകെ ഉറപ്പിക്കുന്നതാണ് അമേരിക്ക– ഇന്ത്യ സംയുക്ത പ്രസ്താവന. ഇന്ത്യയിലെ കർഷകരുടെ ജീവിതവും ഉപജീവനമാർഗവുമാകെ ബിജെപി–എൻഡിഎ ഗവൺമെന്റ് പണയം വച്ചിരിക്കുകയാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിനും ആഭ്യന്തരകുത്തകകൾക്കും തികച്ചും അനുകൂലമായി ഇന്ത്യാ ഗവൺമെന്റ് വീണ്ടും ഒരിക്കൽ കൂടി കീഴടങ്ങുകയാണ്. ഇന്ത്യൻ കർഷകർക്കുമേൽ, പ്രതേ-്യകിച്ചും റബറും തേയിലയും കാപ്പിയും കുരുമുളകും മറ്റു സുഗന്ധവ്യഞ്ജനങ്ങളും കൃഷി ചെയ്യുന്നവർക്കുമേൽ, ഇന്ത്യാ ശ്രീലങ്ക സ്വതന്ത്ര വ്യാപാര കരാറും ഒപ്പം ഇന്ത്യ– ആസിയാൻ സ്വതന്ത്ര വ്യാപാര കരാറും സൃഷ്ടിച്ച വിനാശകരമായ അനന്തരഫലത്തിന്റെ മുൻ അനുഭവങ്ങൾ കണക്കിലെടുക്കാതെയാണ് ഇത്. ചുങ്കരഹിത ഇറക്കുമതികൾ വിലത്തകർച്ചയ്ക്ക് ഇടയാക്കുകയും പല കർഷകരുടെയും, പ്രത്യേകിച്ച് കേരളത്തിലെ കർഷകരുടെ, ആത്മഹത്യക്ക് കാരണമാവുകയും ചെയ്തു.
ഇതിനകംതന്നെ, ഇന്ത്യയിലെ പരുത്തി ഇറക്കുമതി 2024–25 കാലത്ത് (ഒക്ടോബർ മുതൽ സെപ്തംബർ വരെ) മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര ഉയർന്ന നിലയിലെത്തിയിട്ടുണ്ട്; 41.3 ലക്ഷം കെട്ടുകളായി (Bales) അത് കുതിച്ചുയർന്നിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവുമധികം പരുത്തി ഇറക്കുമതി ചെയ്യുന്ന രാഷ്ട്രം അമേരിക്കയായി മാറിയിരിക്കുന്നു. 2023–24 നും 2024–25നും ഇടയ്ക്ക് അമേരിക്കയിൽ നിന്നുള്ള പരുത്തി ഇറക്കുമതി കുതിച്ചുയർന്ന് 8,56,000 കെട്ടുകളായി, അതായത് 200 ശതമാനത്തിന്റെ വർധനയുണ്ടായി; ഇതിനു തൊട്ടുപിന്നാലെ ബ്രസീലും ആസ്ട്രേലിയയുമുണ്ട്; അവ യഥാക്രമം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് 8,54,000 കെട്ടുകളും 8,49,000 കെട്ടുകളുമാണ്. ട്രംപിന്റെ ചുങ്കയുദ്ധത്തിന്റെ സമ്മർദത്തിൽ കുടുങ്ങി, ഇറക്കുമതിയിൽ കുത്തനെയുള്ള വർധനയുണ്ടായിട്ടും യൂണിയൻ ഗവൺമെന്റ് അതിനാനുപാതികമായി 2025–26ൽ അമേരിക്കയിൽനിന്നുള്ള പരുത്തി ഇറക്കുമതിയിൽ 11 ശതമാനം ചുങ്കം ഇളവ് പ്രഖ്യാപിച്ചു; ഇത് അമേരിക്കയിൽനിന്നുള്ള ഇറക്കുമതിയിൽ 95 ശതമാനത്തിന്റെ കുതിപ്പുണ്ടാക്കി. അമേരിക്കയിൽനിന്ന് നിരന്തരം അസംസ്കൃത പരുത്തി ഇറക്കുമതി ചെയ്യുന്നത് ഇന്ത്യൻ കർഷകരെ സംബന്ധിച്ചിടത്തോളം ഇനിയും കൂടുതൽ വിലത്തകർച്ചയ്ക്കിടയാക്കുകയും പ്രതിസന്ധിയിൽ കുടുങ്ങിയ, ആത്മഹത്യാസാധ്യതയുള്ള പരുത്തി കൃഷിപ്പാടങ്ങൾ കടുത്ത കടബാധ്യതയ്ക്കും ഇനിയുമേറെ കർഷക ആത്മഹത്യകൾക്കും വിളനിലമായി മാറുകയും ചെയ്യും. മഹാരാഷ്ട്രയിലെ ആത്മഹത്യാ മുനമ്പെന്ന് (Suicide Prone) വിശേഷിപ്പിക്കാവുന്ന വിദർഭ മേഖലയിൽ സംയുക്ത കിസാൻ മോർച്ചയുടെ ഒരു പ്രതിനിധി സംഘം സന്ദർശിച്ചപ്പോൾ പരുത്തിയുടെയും സോയാബീനിന്റെയും വില കുത്തനെ ഇടിഞ്ഞതായി ഞങ്ങൾ കണ്ടു; സോയാബീനാണ് ഇന്ത്യയിലേക്ക് കയറ്റി അയക്കാനായി അമേരിക്ക തക്കംനോക്കിയിരിക്കുന്ന മറ്റൊരു വിള.
യൂണിയൻ വാണിജ്യ–വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ ബിജെപി– എൻഡിഎ സർക്കാരിന്റെ ലക്ഷ്യമെന്തെന്ന് വ്യക്തമാക്കിയതിങ്ങനെയാണ്: ‘‘അമേരിക്കയിൽനിന്ന് അസംസ്കൃത പരുത്തി വാങ്ങാനുള്ള സൗകര്യം ഇന്ത്യയ്ക്കുണ്ട്; അതുകൊണ്ടുതന്നെ ഇന്ത്യയിലെ തുണി ഉൽപ്പന്നങ്ങളുടെ കയറ്റുമതി പൂജ്യം ശതമാനം പകരംചുങ്കത്തിന് അമേരിക്ക സ്വീകരിക്കും. ഇന്ത്യ–അമേരിക്ക സ്വതന്ത്ര വ്യാപാര ഇടക്കാല കരാറിന് അന്തിമരൂപമാകുമ്പോൾ ഇന്ത്യയ്ക്ക് ഇതേ ആനുകൂല്യങ്ങൾ ബംഗ്ലാദേശിലേക്ക് അങ്ങനെതന്നെ വ്യാപിപ്പിക്കാനും കഴിയും.’’ ‘‘അമേരിക്കൻ വ്യാപാര ഇടപാടിന്റെ പരിധിക്ക് പുറത്താണ് കൃഷി’’ എന്നും പ്രധാനമന്ത്രി കർഷകരുടെ താൽപ്പര്യങ്ങൾ ഒരിക്കലും അടിയറ വയ്ക്കില്ല’’എന്നുമുള്ള പെരുംനുണകളെ ശരിക്കും തുറന്നുകാണിക്കുന്നതാണിത്. അമേരിക്കയിൽനിന്ന് പരുത്തി ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യൻ വ്യവസായികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഭരണവർഗത്തിന്റെ വർഗതാൽപ്പര്യങ്ങൾ വ്യക്തമായും പിന്തുടരുകയാണ് ഇന്ത്യാ ഗവൺമെന്റ്. മൊത്തത്തിലുള്ള അമേരിക്കൻ കയറ്റുമതി താരതമേ-്യന പരിമിതമായതുകൊണ്ടും ഇന്ത്യ പൂർണമായും ഇറക്കുമതിച്ചുങ്കം നീക്കിയാൽ പോലും പരുത്തിയുടെ ആഭ്യന്തര ഉപഭോഗത്തെ ഗണ്യമായവിധം ബാധിക്കില്ലെന്നതുകൊണ്ടും ഇന്ത്യയിലെ കർഷകരുടെ താൽപ്പര്യങ്ങളെ കരാർ ദോഷകരമായി ബാധിക്കില്ലെന്ന വാദഗതി തികച്ചും തെറ്റാണ്. ഇന്ത്യ–ആസിയാൻ സ്വതന്ത്ര വ്യാപാര കരാറിനെതുടർന്ന് കേരളത്തിലെ റബർ കർഷകർ വിശേഷിച്ചും നേരിട്ട തകർച്ചപോലെതന്നെ പരുത്തി ഇറക്കുമതി വർധിക്കുന്നതോടെ പരുത്തിയുടെ ആഭ്യന്തര വിലയെയും ബാധിക്കുമെന്ന വസ്തുതയെ അവഗണിക്കുകയാണ് യൂണിയൻ സർക്കാർ. അനിയന്ത്രിതമായ ആഗോള മത്സരത്തിന് വിട്ടുകൊടുക്കുന്നതോടെ, ഏറ്റവുമധികം സബ്സിഡി ലഭിക്കുകയും സാങ്കേതികവിദ്യയുടെ കാര്യത്തിൽ മുന്നിൽനിൽക്കുന്നതുമായ അമേരിക്കയിലെ പരുത്തി ഉൽപ്പാദകരുമായി ഇന്ത്യൻ പരുത്തി കർഷകർക്ക് മത്സരിക്കാനുള്ള ശേഷി ഉണ്ടാകില്ല. ഇന്ത്യയിൽ നിലവിലുള്ള കാർഷികപ്രതിസന്ധിമൂലം ആത്മഹത്യയിലേക്ക് തള്ളിനീക്കപ്പെടുന്ന കർഷകർക്കിടയിൽ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, കർണാടകം, മധ്യപ്രദേശ് തുടങ്ങിയ പരുത്തികൃഷി നടക്കുന്ന പ്രദേശങ്ങളിൽനിന്നുള്ളവർ ആനുപാതികമായല്ലാത്തവിധം ഉയർന്ന എണ്ണം ഇപ്പോൾ തന്നെയുണ്ട്.
കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി പിയൂഷ് ഗോയൽ നുണകളെയും ചതിയെയുമാണ് ആശ്രയിക്കുന്നത്; കാർഷിക മേഖലയിൽ അമേരിക്കയ്ക്ക് ഒരാനുകൂല്യവും നൽകിയിട്ടില്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നാൽ ഇന്ത്യ–അമേരിക്ക സംയുക്ത പ്രസ്താവനയുടെ ഒന്നാമത്തെ ഖണ്ഡിക തന്നെ വെളിപ്പെടുത്തുന്നത് ഇതിനു വിപരീതമായാണ്. യഥാർഥത്തിൽ, വൻകിട അമേരിക്കൻ അഗ്രി ബിസിനസുകാരിൽ നിന്നും കർഷകരിൽനിന്നുമുള്ള വിലകുറഞ്ഞ വലിയ സബ്സിഡിയോടുകൂടിയ ഉൽപ്പന്നങ്ങൾ ഇന്ത്യൻ കമ്പോളത്തിൽ കുന്നുകൂടും; ഇത് ഇന്ത്യയിൽ വിലത്തകർച്ചയ്ക്കിടയാക്കും. ഇന്ത്യ–അമേരിക്ക സംയുക്തപ്രഖ്യാപനം ഇങ്ങനെ പ്രസ്താവിക്കുന്നു. ‘‘അമേരിക്കയിൽനിന്നുള്ള എല്ലാ വ്യാവസായിക ഉൽപ്പന്നങ്ങൾക്കുമേലും വലിയൊരു വിഭാഗം കാർഷിക ഉൽപ്പന്നങ്ങൾക്കുമേലും –അതായത് ഉണങ്ങിയ ഡിസ്റ്റലറി ധാന്യങ്ങൾക്കും കാലിത്തീറ്റയ്ക്കായുള്ള ചുവന്നചോളത്തിനും കശുവണ്ടി, ബദാം പോലുള്ള വൃക്ഷങ്ങളിൽ നിന്ന് ലഭിക്കുന്ന നട്ട്സുകൾക്കും സംസ്കരിക്കപ്പെട്ടതും അല്ലാത്തതുമായ പഴങ്ങൾക്കും സോയാബീൻ എണ്ണയ്ക്കും വെെൻ, സ്പിരിറ്റ്, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്കും– ഉള്ള ചുങ്കങ്ങൾ ഇന്ത്യ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും.’’ ഇൗ ‘‘മറ്റ‍് ഉൽപ്പന്നങ്ങൾ’’ എന്തെല്ലാമാണെന്നത് മറ്റുള്ളവരുടെ ഊഹാപോഹത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. ഭക്ഷ്യധാന്യങ്ങൾക്കു ലഭിക്കുന്ന ചുങ്ക സംരക്ഷണം നിലനിർത്തുമോയെന്ന് ഈ പ്രസ്താവന വ്യക്തമാക്കാത്തതുകൊണ്ട് ഇന്ത്യയിലെ ഭക്ഷ്യധാന്യക്കർഷകരും അപകട ഭീഷണി നേരിടുകയാണ്; ഇതിനർഥം ഇന്ത്യയിലെ കാർഷിക വിപണി ഇരപിടിയൻമാരായ അമേരിക്കൻ അഗ്രിബിസിനസുകാർക്ക് പൂർണമായും തുറന്നുകൊടുക്കുന്നതാണ് കരാർ എന്നാണ്. ഇത്തരത്തിലുണ്ടാകുന്ന ഏതൊരു സംഭാവ്യതയും ഇന്ത്യൻ കർഷകരുടെ ഉപജീവനം അപകടത്തിലാക്കുക മാത്രമല്ല, അത് നമ്മുടെ ഭക്ഷ്യസുരക്ഷയെത്തന്നെ ബാധിക്കുകയും ചെയ്യും. കപ്പൽ എത്തിയാൽ മാത്രമേ വല്ലതും തിന്നാനുണ്ടാകൂവെന്ന അവസ്ഥയിലേക്കും പിഎൽ 480 പോലെയുള്ള നമ്മുടെ ആത്മാഭിമാനം കെടുത്തുന്ന പദ്ധതികളിലേക്കുമുള്ള മടങ്ങിപ്പോക്കായിരിക്കും ഇതിന്റെ അനന്തരഫലം.
ഈ കരാർ നടപ്പാക്കുന്നതിന്റെ ഭാഗമായി അടുത്ത അഞ്ചുവർഷത്തേക്ക് അമേരിക്കയിൽനിന്ന് ഇന്ത്യ 50000 കോടി ഡോളർ വിലയുള്ള ചരക്കുകൾ വാങ്ങുന്നതിന് ബാധ്യസ്ഥമാണ്. പ്രതിവർഷം 10000 കോടി ഡോളറിന്റെ ചരക്കുകൾ വാങ്ങണമെന്ന കരാർ വ്യവസ്ഥ നടപ്പാക്കാനാണിത്. ഇന്ത്യയുമായുള്ള വ്യാപാരകമ്മി മറികടക്കുന്നതിന് ഈ ഇടപാടിനെ അമേരിക്ക ഉപയോഗിക്കുകയാണ്; ഇത്തരമൊരു അസമമായ ഇടപാടിനായി ഇന്ത്യയ്ക്കുമേൽ അമേരിക്ക സമ്മർദം ചെലുത്തുകയാണ്. ആദ്യകാലത്ത് 2.5 ശതമാനം എന്ന കുറഞ്ഞ അമേരിക്കൻ ചുങ്കമാണ് ഇന്ത്യൻ കയറ്റുമതികൾക്ക് ഏർപ്പെടുത്തിയിരുന്നത് എന്നും പിന്നീട് അമേരിക്ക ഈ ചുങ്കങ്ങൾ ഏകപക്ഷീയമായി 25 ശതമാനമാക്കി ഉയർത്തുകയും ഇപ്പോൾ 18 ശതമാനമായി കുറയ്ക്കുന്നതിനുമുൻപ് 50 ശതമാനമായിപ്പോലും ചില ചരക്കുകൾക്കുമേൽ ചുങ്കം അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നും ആദ്യ ചുങ്കത്തിനുമേൽ ഏഴ് ഇരട്ടിയുടെ വർധനവാണ് വരുത്തിയതെന്നുമുള്ള വസ്തുത പിയൂഷ് ഗോയൽ സൗകര്യപൂർവം മറച്ചുവയ്ക്കുകയാണ്. ബിജെപി–ആർഎസ്എസുകാർ അമിതാവേശം പ്രകടിപ്പിക്കുകയും അമേരിക്ക പാടേ കീഴടങ്ങിയതായി കൊട്ടിഘോഷിക്കുകയും ചെയ്യുമ്പോൾ, അമേരിക്കൻ കാർഷിക വകുപ്പ് സെക്രട്ടറി ബ്രൂക്ക് റോളിൻസ് തറപ്പിച്ചു പറയുന്നത്, ‘‘ഇന്ത്യയുടെ വലിയ കമ്പോളത്തിലേക്ക് വിലയുടെ തടസ്സങ്ങളെല്ലാം തട്ടിനീക്കി കൂടുതൽ അമേരിക്കൻ കാർഷികോൽപ്പന്നങ്ങൾ കൂടുതൽ കയറ്റുമതി ചെയ്യാൻ’’ ഈ വ്യാപാരകരാർ തങ്ങളെ സഹായിക്കുമെന്നാണ്. ഈ കരാർ ഗ്രാമീണ അമേരിക്കയിലേക്ക് കൂടുതൽ പണമെത്തിക്കുമെന്നും വ്യക്തമാക്കപ്പെട്ടു. ട്രംപ് ബലപ്രയോഗത്തിലൂടെ കൊണ്ടുവരുന്ന ചുങ്കങ്ങളെ തള്ളിക്കളയാൻ ചെെനയും ബ്രസീലും മറ്റു രാജ്യങ്ങളുമെല്ലാം തയ്യാറാകുമ്പോഴും സംഘപരിവാർ സാമ്രാജ്യത്വത്തോടുള്ള സഹകരണമെന്ന തങ്ങളുടെ പഴയകാല പാരമ്പര്യം പിന്തുടർന്ന് ഇന്ത്യയുടെ ജനങ്ങളെ വീണ്ടും വഞ്ചിക്കുകയാണ്. അമേരിക്കയെ മഹത് രാഷ്ട്രമാക്കി വീണ്ടും മാറ്റുകയെന്ന (MAGA) ട്രംപിന്റെ പദ്ധതി അവർ ആക്രമണാത്മകമായി നടപ്പാക്കുകയാണ്.
മുൻപ് മൂന്ന് കാർഷിക നിയമങ്ങൾക്ക് ചെയ്യാൻ കഴിയാത്തത് എന്തൊക്കെയാണോ അതെല്ലാം അസമമായ ഈ വ്യാപാര ഉടമ്പടികൾക്ക് ചെയ്യാനാകും. ഈ കരാർ കർഷകജനതയുടെ പാപ്പരീകരണത്തിനും കുടിയൊഴിപ്പിക്കലിനും ഇടയാക്കും. പരമദയനീയമായ സാഹചര്യങ്ങളിൽ അവർ നഗരകേന്ദ്രങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാകും; തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന അന്തരീക്ഷത്തിൽ ബൂർഷ്വാസിയുടെ ആജ്ഞാനുസരണം പണിയെടുക്കാൻ അവർ ബാധ്യസ്ഥരാകും. നാം ചെറുത്തുനിൽക്കുന്നില്ലയെങ്കിൽ നമ്മെ കാത്തിരിക്കുന്നത് ഇത്തരത്തിലുള്ള അടിമത്തത്തിന്റെ ചങ്ങലകളായിരിക്കും. ദശലക്ഷക്കണക്കായ കർഷകരെ സംബന്ധിച്ചിടത്തോളം ‘‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’’യെന്ന സാഹചര്യത്തിലാണ് നാമിപ്പോൾ. ഇന്ത്യയിലുടനീളമുള്ള ആളുകൾ അസമമായ ഈ വ്യാപാര ഉടമ്പടിക്കെതിരെ ഫെബ്രുവരി 12ന് തെരുവിലിറങ്ങി. സിപിഐ എമ്മും ഇടതുപക്ഷവും ഒപ്പം മറ്റ് ജനാധിപത്യ പാർട്ടികളും വർഗബഹുജന സംഘടനകളും അധ്വാനിക്കുന്ന വർഗത്തിന്റെ വിഷയാധിഷ്ഠിതമായ ഐക്യവേദികളായ സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ് യൂണിയനുകളും കർഷക–ഗ്രാമീണ തൊഴിലാളിവേദിയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്താനും ഭരണവർഗത്തിന്റെ ഈ നീക്കത്തെ ചെറുക്കാനും ദൃഢനിശ്ചയത്തോടെ തീരുമാനിച്ചിരിക്കുകയാണ്. വിശാലമായ ഐക്യം കെട്ടിപ്പടുക്കുകയും മാർച്ച് 24ന്റെ ഡൽഹി ചലോ പ്രക്ഷോഭം വമ്പിച്ച വിജയമാക്കുന്നതിനായി സർവ ഊർജവും സമാഹരിക്കുകയും വേണം. l



