Tuesday, June 2, 2026

ad

Homeകവര്‍സ്റ്റോറികേരളത്തിന്റെ പ്രയാണത്തിലെ 
പ്രധാനപ്പെട്ട ശക്തി

കേരളത്തിന്റെ പ്രയാണത്തിലെ 
പ്രധാനപ്പെട്ട ശക്തി

അഡ്വ. എം അനിൽകുമാർ (കൊച്ചി കോർപ്പറേഷൻ മുൻ മേയർ)

രിതകർമ്മസേന എന്ന പേരിനു തന്നെ ഒട്ടേറെ പ്രത്യേകതകൾ ഉണ്ട്. കേവലം മാലിന്യം ശേഖരിക്കുന്ന തൊഴിലാളികളായി കരുതപ്പെട്ടവരെ ഹരിതകർമ്മസേനയാക്കി മാറ്റിയതിനു പിന്നിൽ ഒരു രാഷ്ട്രീയമുണ്ട്. നമ്മുടെ നാട്ടിൽ ഏറ്റവും താഴെത്തട്ടിലുള്ള ജോലികൾ പലപ്പോഴും ചെയ്യുന്നത് പാവപ്പെട്ടവരാണ് . പാവപ്പെട്ടവർ എന്നത് മാത്രമല്ല സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരുമാണ് പലപ്പോഴും ഇത്തരം ജോലിക്ക് തയാറാവുന്നത്. കൊച്ചി നഗരത്തിൽ ഇന്നുകാണുന്ന ആധുനിക കക്കൂസുകൾ ഇല്ലാതിരുന്ന കാലത്ത് തോട്ടികൾ ഉണ്ടായിരുന്നു– മലം വാരുന്ന തൊഴിലാളികൾ. അവരുടെ കഥകൾ ഒരുപാട് നമ്മൾ കേട്ടതാണ്. പലപ്പോഴും ഏറ്റവും ഗ്രാമീണമായ മേഖലയിൽ നിന്നും അവരെ നഗരത്തിൽ കൊണ്ടുപോയി താമസിപ്പിക്കുകയാണ് ചെയ്തത്. അങ്ങനെയാണ് അവരുടെ കോളനികൾ ഒരുകാലത്ത് രൂപപ്പെട്ടത്. ദുസ്സഹമായ ജീവിത സാഹചര്യത്തിൽ അവരുടെ എല്ലാ തലമുറയും ഇതിന്റെ ബുദ്ധിമുട്ടുകൾ പേറേണ്ടി വന്നത് നമ്മുടെ കൺമുന്നിലുണ്ട്. തോട്ടികളുടെ കാലം അവസാനിപ്പിച്ചു. പക്ഷേ പലപ്പോഴും അവരുടെ പിന്മുറക്കാരാണ് നഗരത്തിലെ ശുചീകരണ ജോലികളിൽ ഏർപ്പെട്ടത്. നഗരത്തിലെ അന്നത്തെ കോളനികളിൽ നിന്നായിരുന്നു ആദ്യത്തെ മാലിന്യ ശേഖരണ തൊഴിലാളികൾ ഉണ്ടായത്.

കോളനി എന്ന വാക്കു പോലും നമ്മൾ ഉപേക്ഷിച്ചതാണ്. തെറ്റായ ഒരു പ്രയോഗം ആയതിനാലാണ് കോളനി എന്ന വാക്ക് നമ്മൾ പിൻവലിച്ചത്. കോളനികൾ മാറി ഉന്നതികളായി . പ്രശ്‌നം ഒരു പേരിന്റെ മാത്രമല്ല .പേര് പ്രധാനമാണ്; ഒപ്പം ജീവിത സാഹചര്യങ്ങളും. കൊച്ചി നഗരത്തിലെ മാലിന്യശേഖരണ തൊഴിലാളികളായി ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന മുഴുവൻ പേരും താമസിച്ചിരുന്നത് ഇത്തരം ചേരികളിലാണ്. ആ ചേരികൾ സൃഷ്ടിക്കുന്ന ഒരു സാമൂഹികാവസ്ഥയുമുണ്ട്. അതുകൊണ്ടാണ് മാലിന്യ ശേഖരണത്തിലും നിർമാർജനത്തിലും ഒരു രാഷ്ട്രീയമുണ്ട് എന്നത് വ്യക്തമാക്കുന്നത്.

മാലിന്യമുണ്ടാകുന്നതുപോലും നമ്മുടെ ജീവിതരീതിയിൽ നിന്നാണ്. പുതിയകാലത്തെ ജീവിതരീതി മാലിന്യം വർധിപ്പിക്കുന്നതാണ്. ആവശ്യത്തിലേറെ സാധനങ്ങൾ വാങ്ങുകയും വളരെ പെട്ടെന്ന് അത് മാലിന്യമായി മാറുകയും ചെയ്യുന്ന രീതിയാണ് ഇന്നുള്ളത്. ആ മാലിന്യം പിന്നെ നമ്മുടെ വീട്ടിൽ നമുക്ക് സൂക്ഷിക്കാൻ പറ്റില്ല. ഒരു ദിവസം പോലും നമുക്ക് ആ മാലിന്യം പേറാൻ പറ്റില്ല. അതുകൊണ്ട് നിങ്ങൾക്കത് എവിടെയെങ്കിലും കൊണ്ടുപോയി തള്ളണം. അങ്ങനെ കൊണ്ടുപോയി തള്ളുന്ന മാലിന്യങ്ങൾ ഒടുവിൽ മാലിന്യക്കൂമ്പാരമായി മാറുന്നു. അത് മണ്ണിനും മനുഷ്യനും പരിസ്ഥിതിക്കുമാകെ ഹാനികരമാകുന്നു. ഇങ്ങനെയൊരു സാഹചര്യത്തിലാണ് മാലിന്യശേഖരണ തൊഴിലാളികളും സംവിധാനവും എന്ന ആശയ ഉയർന്നുവരുന്നത്.

സത്യത്തിൽ ആവശ്യമുള്ള ഭക്ഷണം മാത്രം പാചകം ചെയ്യുകയും ഭക്ഷണമാലിന്യം കഴിയുന്നത്ര ചുരുക്കുകയും ചെയ്യണം എന്നുപറയുന്ന ആപ്തവാക്യത്തിന്റെ അർത്ഥം ഇതാണ് . അങ്ങനെ ചെയ്താൽ തന്നെ മാലിന്യം ശേഖരിക്കാൻ ഒരാളുടെ ആവശ്യമില്ല. വീട്ടിൽ തന്നെ മാലിന്യം സംസ്കരിക്കണം എന്നു പറയുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുദ്രാവാക്യമാണ്. നിങ്ങളുടെ മാലിന്യം നിങ്ങളുടെ ഉത്തരവാദിത്വമാണ് എന്നു പറയുന്നത് ഒരു പൊതുജന വിദ്യാഭ്യാസ പരിപാടികൂടിയാണ്. സത്യത്തിൽ നമ്മുടെ വീട്ടിൽതന്നെ നമ്മുടെ മാലിന്യം കൈകാര്യം ചെയ്യുമ്പോൾ അത് ഒരു നിധിയായി മാറുകയാണ്. ഈ ലേഖകനും മാലിന്യം വീട്ടിൽതന്നെയാണ് വർഷങ്ങളായി സംസ്കരിക്കുന്നത്. അത് വളമോ ബയോഗ്യാസോ ആക്കി മാറ്റാം. അത് കൃഷിക്ക് ഉപയുക്തമാക്കാം. പരിസ്‌ഥിതിയ്ക്ക് ഏറ്റവും നല്ലതാണ്.

നമ്മുടെ മാലിന്യത്തിന്റെ കാര്യത്തിൽ നമുക്കൊരു ഉത്തരവാദിത്വമുണ്ട്. മാലിന്യം നമുക്ക് അമൂല്യമായ ഒരു സമ്പത്താക്കി മാറ്റുകയും ചെയ്യും. എന്നാൽ എല്ലാവരും നിങ്ങളുടെ പോലെതന്നെ ഇങ്ങനെ മാലിന്യം കൈകാര്യം ചെയ്യും എന്നു കരുതുന്നത് മൗഢ്യമാണ് . അതുകൊണ്ടാണ് കേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഒരുക്കണമെന്ന് നമ്മൾ തീരുമാനിച്ചത്.

വീട്ടിൽ മാലിന്യം സംസ്കരിക്കാൻ കഴിയാത്ത ആളുകൾക്ക് ഒരു പ്രദേശത്ത് മാലിന്യ സംസ്കരണ സംവിധാനമൊരുക്കാൻ കഴിയും. അങ്ങനെയാണ് ഞങ്ങൾ കൊച്ചി നഗരത്തിൽ പലസ്ഥലങ്ങളിലും ആദ്യമായി വികേന്ദ്രീകൃത മാലിന്യ സംസ്കരണപ്ലാന്റുകൾ ആരംഭിച്ചത്. നേരത്തെ കൊച്ചി നഗരത്തിൽ വികേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റുകളേ ഉണ്ടായിരുന്നില്ല. ആരീതിയിലാണ് കൊച്ചി നഗരത്തിന്റെ സംസ്കാരം ഉയർന്നുവന്നത്. അതിനോടൊപ്പം നിൽക്കുക മാത്രമാണ് അന്നത്തെ ജനപ്രതിനിധികൾ ചെയ്തിരുന്നത്. കാരണം അവരുടെ രാഷ്ട്രീയം മറ്റൊന്നായിരുന്നു. മാലിന്യം എന്നു പറയുന്നത് നമ്മുടെ വീട്ടിലോ ഈ നഗരത്തിലോ കാണരുത് എന്നും ഒരു ഗ്രാമത്തിൽ കൊണ്ടുപോയി ഇടുകയാണ് നമ്മുടെ എളുപ്പവഴി എന്നുമായിരുന്നു ഉയർന്നു കേട്ടിരുന്ന മുദ്രാവാക്യം. എന്നാൽ മറിച്ചൊരു സമീപനം കൊച്ചി നഗരത്തിൽ സാധ്യമാണ് എന്ന് കഴിഞ്ഞ അഞ്ചുവർഷക്കാലം തെളിയിച്ചു. വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന്റെ പുതിയ മാതൃക നമ്മൾ നടപ്പിലാക്കി. കുന്നുംപുറം ഡിവിഷനിലാണ് അതാരംഭിച്ചത്. ഏറ്റവും കൂടുതൽ വാർത്തകളിലിടം പിടിച്ചത് കേരളത്തിലെ ഏറ്റവും വികസിച്ച ജംഗ്ഷൻ എന്നു പറയുന്ന വൈറ്റിലയിലെ ഹീൽ പൊന്നുരുന്നി എന്ന പദ്ധതിയാണ്. കൗൺസിലർ അഡ്വ. ദിപിൻ ദിലീപിന്റെ നേതൃത്വത്തിൽ നടന്ന ആ പദ്ധതി വിജയകരമായിരുന്നു. അവിടെയുള്ള മുഴുവൻ മാലിന്യവും അവിടെത്തന്നെ സംസ്കരിച്ചു .അവിടെ കൃഷിയും ആരംഭിച്ചു. കുറച്ചുപേർക്ക് തൊഴിൽ കൊടുക്കാനും സഹായകമായി. വീടുകളിൽനിന്നും ശേഖരിക്കുന്ന മാലിന്യത്തിന്റെ ഫീസ് ഒരു ആപ്പ് വഴിയായിരുന്നു സ്വീകരിച്ചിരുന്നത്. പണം കൃത്യമായി തൊഴിലാളികളുടെ ജോയിന്റ്- അക്കൗണ്ടിൽ വരികയും അവർക്ക് ആവശ്യമായ ക്ഷേമപ്രവർത്തനങ്ങൾക്ക് നല്ലൊരു വിഹിതം ഉപയോഗിക്കാൻ കഴിയുകയും ചെയ്യുന്ന മാതൃകയാണ് സൃഷ്ടിച്ചെടുത്തത്. കേരളത്തിൽ മുഴുവനും നടപ്പിലാക്കാൻ കഴിയുന്ന മാതൃക തന്നെയാണ് ഹീൽ പൊന്നുരുന്നി എന്ന് ഇതുവരെയുള്ള അനുഭവം ബോധ്യപ്പെടുത്തുന്നുണ്ട്.

നേരത്തെ ഉണ്ടായിരുന്ന മാലിന്യ ശേഖരണ തൊഴിലാളികളെ മുഴുവനും ഹരിതകർമ്മ സേനയിൽ രജിസ്റ്റർ ചെയ്യിക്കണം എന്ന എൽഡിഎഫ് സർക്കാരിന്റെ ശക്തമായ തീരുമാനമാണ് ഈ മാറ്റങ്ങൾക്ക് തുടക്കംകുറിച്ചത് . അങ്ങനെയാണ് നഗരത്തിലെ മാലിന്യ സംസ്കരണത്തിൽ ആദ്യമായി ഹരിതകർമ്മസേന എന്ന പേര് നമ്മൾ സ്വീകരിച്ചത്. മാലിന്യ ശേഖരണ തൊഴിലാളികളുടെ എണ്ണം 580 ആയിരുന്നു. അവരുൾപ്പെടെ 697 പേരടങ്ങുന്ന ഹരിതകർമ്മസേനരൂപീകൃതമായി.

ഹരിതകർമ്മസേന എന്ന പേരിന്റെ പ്രത്യേകത, മാലിന്യം ശേഖരിക്കുന്നവർ എന്ന നിലയിൽ നിന്നും അവർ നമ്മുടെ സമൂഹത്തിൽ ക്രിയാത്മകമായ ഒരു പങ്കുവഹിക്കുന്നവരാണ് എന്ന ബോധ്യം അവർക്കും പൊതുജനങ്ങൾക്കും സൃഷ്ടിക്കുക എന്ന ദൗത്യം കൂടി പൂർത്തീകരിച്ചു എന്നതായിരുന്നു.കൊച്ചി നഗരത്തിലെ മാലിന്യ ശേഖരണ തൊഴിലാളികളിൽ കുറേയധികം പേർക്ക് നേരത്തെ തന്നെ തെറ്റില്ലാത്ത വരുമാനമുണ്ട്. എന്നാൽ മറ്റു ചിലർക്ക് വരുമാനം തീരെ കുറവാണ്.ഇതിൽ ഒരു സന്തുലനം ഉണ്ടാക്കേണ്ടതും പ്രധാനമാണ്. എന്നാൽ മാലിന്യം ശേഖരിക്കുന്ന ഹരിതകർമ്മസേനക്കാർക്ക് നാമമാത്രമായ വരുമാനം മാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്ന വാദം പല ഘട്ടങ്ങളിലും ഉയർന്നിട്ടുണ്ട് . അത്തരം വാദങ്ങളെ നാം നിഷ്‌കരുണം തള്ളുകയാണ് വേണ്ടത് .അവരുടെ വരുമാനം എപ്പോഴും വർദ്ധിച്ചുതന്നെ നിൽക്കണം. എന്ന് മാത്രമല്ല ഇന്ന് ലഭ്യമല്ലാത്ത പല സൗകര്യങ്ങളും ഹരിത കർമ്മസേന വിഭാഗങ്ങൾക്ക് ഉറപ്പാക്കുകയും വേണം.

ഭക്ഷണ മാലിന്യം കൂടാതെ ശേഖരിക്കുന്ന ഒന്നാണ് ഖരമാലിന്യം. പ്ലാസ്റ്റിക്കും പേപ്പറും കുപ്പിച്ചില്ലും ഇ – വേസ്റ്റും ഏറ്റവും അപകടകാരിയായ സാനിറ്ററി വേസ്റ്റും ഒരുമിച്ച് കെട്ടി മാലിന്യശേഖരണ തൊഴിലാളിയെ ഏൽപ്പിക്കുന്നതായിരുന്നു അതുവരെ നഗരത്തിൽ ഉണ്ടായിരുന്ന കീഴ്-വഴക്കം. അത് പൂർണമായി നമ്മൾ മാറ്റി. എൽഡിഎഫ് സർക്കാരിന്റെ തീരുമാനപ്രകാരം ഈ മാലിന്യം പലതായി തരംതിരിക്കാൻ ആരംഭിച്ചു. അങ്ങനെയാണ് സാനിറ്ററി വേസ്റ്റ് ശേഖരിക്കാൻ പ്രത്യേകമായ സംവിധാനമൊരുക്കിയത് . അത് ഹരിതകർമ്മസേനക്കാർ തൊടേണ്ടതില്ല എന്ന് തീരുമാനിച്ചു . അപകടകരമായ ഇത്തരം മാലിന്യം കൈകാര്യം ചെയ്യേണ്ടവരല്ല മാലിന്യ ശേഖരണ തൊഴിലാളികൾ. അത് സംസ്കരിക്കുന്നതും വ്യത്യസ്തമായി രീതിയിലായിരിക്കണം. മാസത്തിലൊരിക്കൽ പേപ്പർ ,തുണി, ഇ- വേസ്റ്റ്, കുപ്പി തുടങ്ങിയ വിവിധ രൂപത്തിലുള്ള മാലിന്യം ശേഖരിക്കാൻ പ്രത്യേകം പ്രത്യേകം ദിവസവും നമ്മൾ തീരുമാനിച്ചു. അത് വിജയകരമായി മുന്നോട്ടുപോവുകയും ചെയ്യുന്നു. ഹരിതകർമ്മസേനക്കാരുടെ പ്രവർത്തനത്തിൽ നേരത്തെ ഉണ്ടായിരുന്ന ബാധ്യത കുറയുകയാണ് ഇതിലൂടെ ചെയ്തത്.

മാലിന്യം ശേഖരിക്കാൻ വരുന്ന ഹരിത കർമ്മസേനാ പ്രവർത്തകർക്ക് ഫീസ് വാങ്ങാനുള്ള അധികാരം ഉറപ്പാക്കുന്നതിന് സർക്കാർ തന്നെ മുൻകൈയെടുത്ത് നിയമനിർമ്മാണം നടത്തി. അതുകൊണ്ടുതന്നെ അത് ചോദ്യംചെയ്യാൻ ആർക്കും അവകാശമില്ലാതായി മാറി. നഗരസഭയ്ക്ക് നികുതി നൽകുന്നതുപോലെതന്നെ ഇതും കണക്കാക്കും എന്ന തീരുമാനംകൂടി വന്നതോടെ ഹരിത കർമ്മസേനയുടെ സാമ്പത്തിക വരുമാനം ഉറപ്പാക്കുവാൻ സർക്കാരിനും നഗരസഭയ്ക്കും കഴിഞ്ഞിട്ടുണ്ട്.

ഹരിതകർമ്മസേനയുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാണ് അവർക്ക് രണ്ടു ജോഡി യൂണിഫോമെങ്കിലും ലഭിക്കണം എന്നുള്ളത്. ആകർഷകമായ യൂണിഫോം അവർക്ക് നൽകാൻ തുടങ്ങി .രണ്ടു ജോഡിയെങ്കിലും യൂണിഫോം അവർക്ക് നൽകേണ്ടതാണ് . യൂണിഫോം മാത്രമല്ല കയ്യുറകളും ഷൂസും, റെയിൻ കോട്ടും അവർക്ക് ഏറ്റവും ആവശ്യമായ കാര്യങ്ങളാണ്. പലപ്പോഴും ഇത് CSR പദ്ധതിയിലൂടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്നത്.

യൂണിഫോം കൂടാതെ ആവശ്യമായ കൈയുറകളും സുരക്ഷാ ഉപകരണങ്ങളും ഹരിതകർമ്മസേനയ്ക്ക് ഉറപ്പാക്കേണ്ടതുണ്ട്. കൊച്ചി നഗരസഭയിൽ ഇത് സിഎസ്ആർ പദ്ധതി മുഖേന വിതരണം ചെയ്യുകയാണ് ആദ്യം ചെയ്തത്. എന്നാൽ ഹരിതകർമ്മ സേനക്കാരുടെ യൂണിഫോമിനും അവരുടെ ആരോഗ്യ ഇൻഷുറൻസിനും നഗരസഭാ ഫണ്ട് ഉപയോഗിക്കാൻ കഴിയുക എന്നത് പ്രധാനമാണ്. നഗരസഭയുടെ തനത് വരുമാനത്തിൽ നിന്നുതന്നെ ഹരിതകർമ്മസേനക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ മുന്നോട്ടുവരേണ്ടതാണ്. ഹരിതകർമ്മസേന മാലിന്യം ശേഖരിക്കുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങൾ പലതും പഴകിയതാണ്. CSR പദ്ധതി മുഖേന കേരള ഓട്ടോമൊബൈൽസ് ഞങ്ങൾക്ക് ഹരിത വാഹനങ്ങൾ ആവശ്യപ്രകാരം നിർമ്മിച്ചുനൽകിയിരുന്നു. ആദ്യഘട്ടത്തിൽ പുറത്തിറങ്ങിയ വാഹനങ്ങൾ എല്ലാം വിജയകരമായി ഇപ്പോഴും ഓടുന്നുണ്ട്. ഇത് അവർക്കു ചേർന്ന വാഹനങ്ങളുമായിരുന്നു അത്തരത്തിലുള്ള ബാറ്ററി വാഹനങ്ങൾ ഹരിതകർമ്മസേനയിലെ മുഴുവൻ അംഗങ്ങൾക്കും നൽകാൻ നമുക്കു കഴിയേണ്ടതുണ്ട്. ജോലി സമയത്ത് ഭക്ഷണം ഒരു കാരണവശാലും ഹരിതകർമ്മസേനക്കാർ കൈകൊണ്ട് സ്പർശിക്കാതിരിക്കാൻ സംവിധാനം ഒരുക്കേണ്ടതാണ്. കൊച്ചി നഗരസഭയിൽ മാലിന്യനീക്കം ആദ്യഘട്ടത്തിൽ തുറന്ന ലോറികളിലായിരുന്നെങ്കിൽ പിന്നീട് അത് കോംപാക്ടർ സൗകര്യം ആക്കിയിരുന്നു. കോംപാക്ടർ വായുമലിനീകരണം ഉണ്ടാക്കുന്നില്ല. എന്നു മാത്രമല്ല തൊഴിലാളികൾ മാലിന്യം സ്വന്തം കൈകൾ കൊണ്ട് തൊടാതെ തന്നെ കേന്ദ്രീകൃത പ്ലാന്റുകളിലേക്ക് ഭക്ഷണ മാലിന്യം എത്തിക്കാനും കഴിയും . മാലിന്യ ശേഖരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ ഇതുപോലെ തന്നെ രൂപാന്തരപ്പെടുത്തേണ്ടതുണ്ട്. അത്തരം വാഹനങ്ങളിൽ നിന്നും നേരിട്ടുതന്നെ കോംപാക്ടറുകളിലേക്ക് മാലിന്യം പകർത്താൻ കഴിയുന്ന രീതിയിലായിരിക്കണം വാഹനങ്ങളുടെ രൂപകൽപ്പന . ഹരിതകർമ്മസേന പ്രവർത്തകർക്ക് രാവിലെ ജോലിക്ക് വരുമ്പോഴും തിരിച്ചുപോകുമ്പോഴും ഉപയോഗിക്കാൻ കഴിയുന്ന നല്ല റെസ്റ്റ് റൂമുകൾ പ്രധാനമാണ്. പ്രശസ്ത ആർക്കിടെക്ടായ ശങ്കർ ഇത്തരമൊരു രൂപകൽപ്പന കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഞങ്ങൾക്കു മുമ്പാകെ അവതരിപ്പിച്ചത് ഇപ്പോഴും ഓർക്കുന്നു. അത്തരം റെസ്റ്റ് റൂമുകൾ അവരുടെ ജോലിക്ക് വരുന്ന സ്ഥലങ്ങളിൽ ഒരുക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. അവർക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും കഴിയുന്ന സംവിധാനങ്ങളും പ്രധാനമാണ്. എല്ലാ പ്രധാനപ്പെട്ട നഗരങ്ങളിലും ഇത്തരത്തിൽ പ്രധാന കേന്ദ്രങ്ങളിൽ ഹരിത കർമ്മസേനക്കാരുടെ റെസ്റ്റ് റൂം ഉണ്ടാവണം.

പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കുന്നതിനായി കൊച്ചി നഗരത്തിൽ എംസിഎഫുകൾ ഉണ്ടായിരുന്നില്ല. പിന്നീട് ഒരു പ്രധാന മാതൃകയായി കണ്ടെയ്നറുകൾ സ്ഥാപിക്കുകയും അതിൽ ചിത്രങ്ങൾ വരച്ച് ഭംഗിയാക്കുകയും ചെയ്യുകയുണ്ടായി. അത്തരം എംസിഎഫുകളിൽ മാലിന്യം ശേഖരിക്കാനും അവിടെ നിന്ന് മാലിന്യം എടുത്തുകൊണ്ടുപോകാനും ഹരിത കർമ്മ സേനക്കാർക്ക് എളുപ്പത്തിൽ കഴിയുമായിരുന്നു. റിസോഴ്സ് റിക്കവറി ഫെസിലിറ്റി ഒരെണ്ണംപോലും കൊച്ചി നഗരത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ മാതൃകാപരമായി ഞങ്ങൾ തുടങ്ങിയ റിസോഴ്സ് റിക്കവറി ഫെസിലിറ്റി, ആധുനികമായ ഉപകരണങ്ങൾ, കൈയുറകൾ എന്നിവ നൽകി യന്ത്രവൽകൃത ആർ ആർ എഫുകൾ സ്ഥാപിച്ചിരുന്നു. അവിടെ പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാനുള്ള ആധുനിക സൗകര്യങ്ങളും ഉറപ്പാക്കിയിരുന്നു. ഹരിത കർമ്മ സേനക്കാർക്ക് ഇവിടെ ജോലി ചെയ്യാനും അത്തരം സ്ഥലങ്ങളിൽ വിശ്രമിക്കാൻ റെസ്റ്റ് റൂം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനും കഴിഞ്ഞു. ഇത്തരത്തിൽ മാലിന്യശേഖരണത്തിന്റെ എല്ലാ തലങ്ങളിലും വലിയ അഴിച്ചു പണിയാണ് ഞങ്ങൾ നടത്തിയത്.

തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ തന്നെ ഇതൊരു രാഷ്ട്രീയ പ്രശ്നമായി കണക്കാക്കി മാലിന്യം ശേഖരിക്കുന്ന ഹരിതകർമ്മസേനയിലെ പ്രവർത്തകർക്ക് ജോലിയുടെ മാന്യത ഉറപ്പാക്കുക എന്നത് പ്രധാനമാണ്. അവർക്ക് നല്ല സേവന–വേതന വ്യവസ്ഥകളും ആരോഗ്യ ഇൻഷുറൻസും മറ്റ് ക്ഷേമപ്രവർത്തനങ്ങളും ഉറപ്പാക്കുക എന്നത് സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കടമയാണ്. ഏറ്റവും മാന്യമായ ഒരു മിനിമം വേതനം പ്രതിമാസം ലഭിക്കാൻ കഴിയുന്ന ജോലി എന്ന നിലയിൽ ഇത് മാറ്റേണ്ടതുണ്ട്. എല്ലാ വീടുകളുമായും ദൈനംദിന ബന്ധം സൂക്ഷിക്കുന്നവരാണ് മാലിന്യ ശേഖരണ തൊഴിലാളികൾ. ഹരിതകർമ്മസേന പ്രവർത്തകരെ പരിശീലിപ്പിച്ച് വീടുകളുമായി ബന്ധം സ്ഥാപിച്ച് ജനക്ഷേമകരമായ പദ്ധതികളുടെ വിജയത്തിനും ബഹുജന വിദ്യാഭ്യാസത്തിനും ഉപയോഗിക്കാൻ കഴിയുന്ന ഒരു കരുതൽസേനയാക്കി മാറ്റാൻ കഴിയും. തങ്ങൾ സമൂഹത്തിന്റെ തന്നെ വലിച്ചെറിയപ്പെട്ട ഒരു വിഭാഗമല്ല, മറിച്ച് സമൂഹത്തിലെ ഏറ്റവും പ്രധാന പുരോഗതിയുടെ ചാലകശക്തിയാണ് എന്ന ബോധത്തിലേക്ക് ഹരിത കർമ്മസേന പ്രവർത്തകർ മാറും എന്ന് ചുരുക്കം. അങ്ങനെയുള്ള ഒരു അവസ്ഥയുണ്ടായാൽ മാലിന്യ നിർമാർജനത്തിൽ കുറേക്കൂടി ഉത്തരവാദിത്വം നമുക്കു കൊണ്ടുവരാൻ കഴിയും.

എൽഡിഎഫ് സർക്കാർ കഴിഞ്ഞ പത്തുവർഷക്കാലവും പ്രധാനമായും കേന്ദ്രീകരിച്ചത് ഇത്തരം ജനകീയ പ്രവർത്തനങ്ങളിലാണ്. ആ നയത്തിന് അനുസൃതമായിട്ടാണ് കൊച്ചി നഗരസഭയും പ്രവർത്തിച്ചത്. ഒട്ടേറെ കാര്യങ്ങളിൽ ഇനിയും മുന്നോട്ടുപോകാനുണ്ട്. മാലിന്യം വീടുകളിൽ നിന്നു ശേഖരിക്കുന്ന സ്ഥലം മുതൽ സംസ്കരിക്കുന്ന സ്ഥലം വരെ അടിസ്ഥാനപരമായി ഉണ്ടാകേണ്ട മാറ്റങ്ങളാണ് നേരത്തെ വിശദമായി സൂചിപ്പിച്ചത്. ആ മാറ്റങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞാൽ സമൂഹത്തിൽ ഏറ്റവും അന്തസ്സോടെ ജീവിക്കുന്നവരായി ഹരിതകർമ്മസേന വിഭാഗക്കാർക്ക് മാറാൻ കഴിയും. ഇത് അവരുടെ ജോലിയിൽ പ്രതിഫലിക്കും എന്ന കാര്യത്തിലും യാതൊരു സംശയവുമില്ല. അവരുടെ കുടുംബാംഗങ്ങളുടെ ഉന്നമനത്തിനും മുന്നോട്ടുള്ള യാത്രയിലും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കും എന്നതിലും യാതൊരു സംശയവുമില്ല. ഇത്തരം മാറ്റങ്ങളാണ് ഹരിതകർമ്മസേനയുടെ പുരോഗതിയിലേക്ക് നമ്മുടെ നാടിനെ എത്തിച്ചത്. നമ്മുടെ നാടിന്റെ തുടർ വികസനത്തിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളാക്കി ഹരിതകർമ്മ സേനയെ മാറ്റുവാൻ നമുക്കു കഴിയേണ്ടതുണ്ട്. ഇതുവരെ വന്ന വഴിയിൽ, നമുക്കു ലഭിച്ച പുരോഗതിയോട് മുഖംതിരിഞ്ഞു നിൽക്കുന്ന ഒരു സമീപനം ആരുടെയെങ്കിലും ഭാഗത്തു നിന്നുണ്ടായാൽ അതിനെതിരെ അതിശക്തമായി പ്രതികരിക്കാൻ കേരളീയ സമൂഹം മുന്നോട്ടുവരികതന്നെ ചെയ്യും. ഹരിതകർമ്മസേന എന്നത് വെറും പാഴ് വസ്തുക്കൾ ശേഖരിക്കുന്നവരുടെ കൂട്ടായ്മയായല്ല; അത് ഈ നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ശക്തിയായി മാറുന്ന പുതിയ കാഴ്ചയിലാണ് എൽഡിഎഫ് സർക്കാർ കേരളത്തെ എത്തിച്ചത് . l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

7 + eight =

Most Popular