നമ്മുടെ സമ്പന്നമായ മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിലും വര്‍ഗീയ കലാപങ്ങളോ സംഘര്‍ഷങ്ങളോ ഇല്ലാത്ത നാടായി കേരളത്തെ നിലനിര്‍ത്തുന്നതിലും തികഞ്ഞ ജാഗ്രതയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പുലര്‍ത്തിവരുന്നത്. അതിന്റെ ഫലമായി രാജ്യത്ത് ഏറ്റവും സമാധാനപൂര്‍ണമായി ജീവിക്കാന്‍ കഴിയുന്ന സംസ്ഥാനമാണ് ഇന്ന് കേരളം. കഴിഞ്ഞ ഒമ്പതു വര്‍ഷക്കാലമായി ആഭ്യന്തര വകുപ്പില്‍ സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പ്രതിജ്ഞാബദ്ധമായ നടപടികളുടെ കൂടി ഫലമാണിത്.
കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലം മുതല്‍ പൊലീസ് സംവിധാനത്തെ പരിഷ്കരിക്കുന്നതിനും അതുവഴി സംതൃപ്തമായ സേന എന്ന നിലയിലേക്ക് കേരളാ പൊലീസിനെ മാറ്റിയെടുക്കുന്നതിനും സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. അതിനു തൊട്ടുമുമ്പ് പൊലീസ് സംവിധാനങ്ങളില്‍ നിലനിന്നിരുന്ന ബാഹ്യ ഇടപെടലുകളില്‍ നിന്നും സ്വാധീനങ്ങളില്‍ നിന്നും അവരെ മുക്തരാക്കി എന്നതാണ് പ്രധാനം. ക്രമസമാധാന പരിപാലനവും കേസന്വേഷണവും കാര്യക്ഷമവും ശാസ്ത്രീയവും നീതിപൂര്‍വ്വവുമാക്കി മാറ്റി.
കുറ്റവാളികള്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുന്നതിനും കേസന്വേഷണത്തിലും പ്രോസിക്യൂഷന്‍ നടപടികളിലും പഴുതടച്ച സമീപനങ്ങള്‍ സ്വീകരിക്കുന്നതിനും പൊലീസിന് ഇന്ന് കഴിയുന്നുണ്ട്. ഇതിന്റെ ഫലമായി ഒരിക്കലും തെളിയില്ലെന്നു കരുതിയ കേസുകള്‍ പോലും തെളിയിക്കാനായി. ഒരിക്കലും പിടിക്കപ്പെടില്ലെന്നു കരുതിയ നിരവധി പ്രതികള്‍ കല്‍ത്തുറുങ്കിനുള്ളിലായി. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താല്‍ നടക്കുന്ന നൂതന കുറ്റകൃത്യങ്ങള്‍ പോലും സമയബന്ധിതമായി തെളിയിക്കുന്നതിന് കേരളാ പൊലീസിന് ഇന്ന് സാധിക്കുന്നുണ്ട്.
മികച്ച ക്രമസമാധാനപാലനശേഷി, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുമുള്ള മികവ്, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേസന്വേഷണം നടത്താനുള്ള പ്രാപ്തി, ലഹരിവ്യാപനം തടയുന്നതിലുള്ള ആര്‍ജ്ജവം എന്നിവയെല്ലാം ഇന്നത്തെ കേരളാ പൊലീസിന്റെ പ്രത്യേകതകളാണ്. ഈ കഴിവുകളുടെ പ്രതിഫലനം അനുദിനം കേരളത്തില്‍ അനുഭവവേദ്യമാണ്.
കുറ്റവാളികളോട് കാര്‍ക്കശ്യ സമീപനം പുലര്‍ത്തുമ്പോഴും പൊതുജനങ്ങളുടെ സുഹൃത്തും സഹായിയുമായി മാറാനും നമ്മുടെ പൊലീസിന് സാധിക്കുന്നുണ്ട്. ഒരുകാലത്ത് ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമായിരുന്നു പൊലീസ്. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. ഏത് ആവശ്യത്തിനും ജനങ്ങള്‍ക്കു നിര്‍ഭയമായി ആശ്രയിക്കാന്‍ കഴിയുന്ന ഒരു സംവിധാനമായി അത് മാറി. ഓഖി, പ്രളയം, കോവിഡ്, വയനാട് ഉരുള്‍പൊട്ടല്‍, തുടങ്ങിയ ദുരന്തമുഖങ്ങളില്‍ പൊലീസ് സേന വഹിച്ച പങ്ക് ആര്‍ക്കാണ് വിസ്മരിക്കാനാവുക? ജനകീയസേന എന്ന നിലയ്ക്ക് ഭൂരിപക്ഷം ഉദ്യോഗസ്ഥരുടെ മനോഭാവത്തിലും ജനോന്മുഖമായ മാറ്റമുണ്ടായിട്ടുണ്ട്.
ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ കാലത്തിനനുസരിച്ച് ജനങ്ങള്‍ക്ക് പരമാവധി സേവനങ്ങള്‍ നേരിട്ട് ലഭ്യമാക്കുന്നവിധം പൊലീസ് സംവിധാനങ്ങളെ ആധുനികവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. വിവിധ ആവശ്യങ്ങള്‍ക്കായി സ്റ്റേഷനില്‍ നേരിട്ടെത്തുന്ന രീതിക്ക് മാറ്റം വരുത്തുന്നതിനായാണ് പരാതികള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്ന ‘തുണ’, ‘പോല്‍–ആപ്പ്’ എന്നീ പോര്‍ട്ടലുകള്‍ തയ്യാറാക്കിയത്.
ചെറിയ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ആവശ്യമായി വരുന്ന ആക്സിഡന്റ് ജനറല്‍ ഡയറി എന്‍ട്രി, എഫ് ഐ ആറിന്റെ പകര്‍പ്പ്, ഉച്ചഭാഷിണികള്‍ക്കുള്ള അനുമതി തുടങ്ങിയവ ഇപ്പോള്‍ ഓണ്‍ലൈനായി ലഭിക്കും. മാത്രമല്ല, പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ണ്ണമായും ഓണ്‍ലൈനായാണ് നിര്‍വ്വഹിക്കുന്നത്. പരാതിക്കാര്‍ക്ക് സ്വദേശത്തും വിദേശത്തും നിന്നും പരാതികള്‍ സമര്‍പ്പിക്കുന്നതിനും അവയില്‍ സ്വീകരിച്ച നടപടികള്‍ അറിയുന്നതിനും ഒരു ഓണ്‍ലൈന്‍ – വെര്‍ച്വല്‍ പൊലീസിങ് സംവിധാനവും നിലവിലുണ്ട്.
യാന്ത്രികമായ നിയമനിര്‍വ്വഹണ സംവിധാനം എന്ന അവസ്ഥയില്‍ നിന്നും പൊതുജനസേവന കേന്ദ്രങ്ങളായി കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ മാറിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ഇന്ന് ജനമൈത്രി പൊലീസ് സ്റ്റേഷനുകളാണ്. അവിടെ എത്തുന്നവര്‍ക്ക് ഇരിക്കുവാന്‍ സ്ഥലവും കുടിവെള്ളവും ശുചിമുറി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം പൊതുജനങ്ങളെ സഹായിക്കുന്നതിനായി പി ആര്‍ ഒമാരുമുണ്ട്. പൊതുജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ ഭയരഹിതരായി കടന്നുചെല്ലുന്നതിന് ഈ മാറ്റങ്ങള്‍ സഹായകരമായിട്ടുണ്ട്.
ഇതിന്റെയൊക്കെ ഫലമായി നമ്മുടെ പൊലീസ് സ്റ്റേഷനുകള്‍ക്ക് ദേശീയ അംഗീകാരങ്ങള്‍ ലഭിക്കുന്ന നിലയുണ്ടായി. 2021 ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനായി ഒറ്റപ്പാലം സ്റ്റേഷനെ തെരഞ്ഞെടുത്തു. 2023 ല്‍ രാജ്യത്തെ മികച്ച ഒമ്പതാമത്തെ പൊലീസ് സ്റ്റേഷനായി കുറ്റിപ്പുറം സ്റ്റേഷനെയും, 2024 ല്‍ രാജ്യത്തെ മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി ആലത്തൂര്‍ സ്റ്റേഷനേയും തെരഞ്ഞെടുത്തിട്ടുണ്ട്. കൂടുതല്‍ പൊലീസ് സ്റ്റേഷനുകളെ മികവിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്.
കുറ്റാന്വേഷണ മികവില്‍ ദേശീയ തലത്തില്‍ മുന്‍നിരയിലുള്ള നമ്മുടെ പൊലീസ് ഒട്ടേറെ പ്രധാന കേസുകള്‍ അടുത്തിടെ തെളിയിച്ചിരുന്നു. അമേരിക്ക തേടുന്ന രാജ്യാന്തര കുറ്റവാളി അലക്സേജിനെ ഈയടുത്ത ദിവസമാണ് പിടികൂടിയത്, അതും വിദേശത്തേക്കു കടക്കാന്‍ വിമാനത്താവളത്തിലേക്കു പോകാന്‍ തയ്യാറെടുക്കവെ. കേരളത്തിനകത്തു മാത്രമല്ല, രാജ്യത്തിന്റെ പല ഭാഗങ്ങളിലും പോയി പ്രതികളെ പിടികൂടുന്നതില്‍ നമ്മുടെ പൊലീസ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്.
സാങ്കേതികവിദ്യ അനുദിനം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വിവരസാങ്കേതിക വിദ്യയുടെ വ്യാപനം കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. നാം ഇന്നുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് അടുത്ത കാലങ്ങളിലായി സംഭവിക്കുന്നത്. വെര്‍ച്വല്‍ അറസ്റ്റ് പോലെയുള്ളവ ഇതിന് ഉദാഹരണമാണ്.
നമ്മുടെ രാജ്യത്ത് കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 38 ലക്ഷത്തിലധികം സൈബര്‍ തട്ടിപ്പു കേസുകളാണെന്ന് ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ വ്യക്തമാക്കുന്നു. 2022 നും 2024 നും ഇടയില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളുടെയും അനുബന്ധ സൈബര്‍ കുറ്റകൃത്യങ്ങളുടെയും എണ്ണം ഏകദേശം മൂന്നിരട്ടിയായി. യു പി, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ വ്യക്തമാക്കുന്നു.
ഡാര്‍ക്ക് വെബിലൂടെ നടക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ ആരംഭിച്ച ഘട്ടത്തില്‍ തന്നെ അവ അതിവേഗം കണ്ടെത്തുന്നതിനായി രൂപീകരിച്ച സൈബര്‍ പൊലീസ് ഡിവിഷന്‍ മാതൃകാപരമായാണ് പ്രവര്‍ത്തിച്ചുവരുന്നത്. സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പരിശീലനം നേടിയ നിരവധി പേര്‍ ഇന്ന് നമ്മുടെ സേനയുടെ ഭാഗമാണ്.
ഓണ്‍ലൈനിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ചെറുക്കാനായി രൂപീകരിക്കപ്പെട്ട 1930 എന്ന സൈബര്‍ ക്രൈം ഹെല്‍പ്-ലൈന്‍ നിരവധി പേര്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. 2024 ഡിസംബര്‍ 31 വരെ ഈ നമ്പറിലേക്ക് 41,426 പരാതികളാണ് ലഭിച്ചത്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായ 763 കോടി രൂപയില്‍ 107.4 കോടി രൂപ വീണ്ടെടുക്കാനായി. ഇതിനോടനുബന്ധിച്ച് 41,746 ബാങ്ക് അക്കൗണ്ടുകളും 16,387 സിം കാര്‍ഡുകളും 49,830 ഉപകരണങ്ങളും ബ്ലോക്ക് ചെയ്തിട്ടുണ്ട്. 28,541 വെബ്സൈറ്റുകളും 21,696 സാമൂഹ്യമാധ്യമ പ്രൊഫൈലുകളും നീക്കം ചെയ്യാനും 1,793 മൊബൈല്‍ ആപ്ലിക്കേഷനുകളും നിര്‍വീര്യമാക്കാനും സൈബര്‍ പൊലീസിന് കഴിഞ്ഞു.
നമ്മുടെ സമൂഹത്തില്‍ ആഴത്തിലും വ്യാപ്തിയിലും വേരുപടര്‍ത്തുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കേണ്ട സന്ദര്‍ഭമാണിത്. ലഹരി മാഫിയയുടെ നീരാളിപ്പിടുത്തത്തില്‍ അമര്‍ന്നവരില്‍ ഭൂരിപക്ഷവും യുവാക്കളും വിദ്യാര്‍ത്ഥികളുമാണെന്നത് ഗൗരവമായി കാണണം. ജീവിതത്തിന്റെ സൗന്ദര്യം മുഴുവന്‍ നഷ്ടപ്പെടുത്തിയ ചെറുപ്പക്കാരെയും സ്വപ്നങ്ങള്‍ കൈമോശം വന്ന് നിസ്സഹായരായി കേഴുന്ന രക്ഷിതാക്കളെയുമല്ല കേരളത്തിനാവശ്യം. അതുകൊണ്ടുതന്നെ നാളെയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന ലഹരിമാഫിയ സംഘത്തിനെതിരെ അതിശക്തമായ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്.
ലഹരി മാഫിയയുടെ കണ്ണികള്‍ അറുത്തെറിയുന്നതിനായി പൊലീസിന്റെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ ഡി–ഹണ്ട് എന്ന പേരില്‍ പഴുതടച്ച പരിശോധനകള്‍ നടത്തിവരികയാണ്. എക്സൈസ് – പൊലീസ് ഏകോപിത ശ്രമങ്ങളുണ്ടാവും. ഫെബ്രുവരി 22 നും മാര്‍ച്ച് 14 നുമിടയ്ക്ക് മയക്കുമരുന്നിനെതിരായ ഓപ്പറേഷന്‍ ഡി–ഹണ്ടിന്റെ ഭാഗമായി 48,641 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 5,483 കേസ് രജിസ്റ്റര്‍ ചെയ്തു. 5,687 പേരെ അറസ്റ്റ് ചെയ്തു.
ഈ പ്രക്രിയ കൂടുതല്‍ ഊര്‍ജ്ജിതമായി തുടരുന്നതിനു തന്നെയാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള കടകളിലും മറ്റും പരിശോധനകള്‍ ഉര്‍ജ്ജിതമാക്കാനും, മുമ്പ് ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ വീടുകളിലും ഒളിത്താവളങ്ങളിലും കൂടുതല്‍ പരിശോധനകള്‍ നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, ഡി ജെ പാര്‍ട്ടികള്‍ എന്നിവിടങ്ങളില്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണമുണ്ടാവും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ലഹരിവസ്തുക്കള്‍ കടത്തുന്നത് തടയുന്നതിനായി റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കും. റെയില്‍വേ പ്ലാറ്റ്ഫോമുകളില്‍ സ്നിഫര്‍ നായ്ക്കളെയും നിയോഗിക്കും.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ തീരുന്ന പ്രശ്നമല്ല ഇത്. അതുകൊണ്ടുതന്നെ ജനമൈത്രി പദ്ധതി സജീവമാക്കുകയും, ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനും ലഹരിമാഫിയയുടെ പ്രാദേശിക വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി റസിഡന്‍സ് അസോസിയേഷനുകള്‍, എന്‍ ജി ഒകള്‍, കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ എന്നിവരുമായി ചേര്‍ന്ന് പൊലീസ് പ്രവര്‍ത്തിക്കും. വിദ്യാലയങ്ങളിലും ക്യാമ്പസുകളിലും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍, സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍, ആന്റി നാര്‍ക്കോട്ടിക് ക്ലബ്ബുകള്‍, ക്ലീന്‍ ക്യാമ്പസ് – സേഫ് ക്യാമ്പസ് പദ്ധതികള്‍ എന്നിവ സജീവമാക്കും. സോണല്‍ ഐ ജി പിയും റേഞ്ച് ഡി ഐ ജിമാരും ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം പ്രതിമാസ അവലോകനം ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
വരുന്ന അധ്യയന വര്‍ഷം മുതല്‍ വിപുലമായ ഒരു എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം പൊലീസ് ആവിഷ്കരിക്കുകയാണ്. ലഹരി മാഫിയയുടെ വിവരങ്ങള്‍ കുട്ടികളില്‍ നിന്നും മനസ്സിലാക്കി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈമാറുന്നതിനായി പേരന്റ് ആസ് ഫസ്റ്റ് ഡിഫെന്‍ഡര്‍ എഗെന്‍സ്റ്റ് ഡ്രഗ്സ് എന്ന പേരില്‍ രക്ഷിതാക്കള്‍ക്ക് ഒരു അവബോധ പരിപാടി സംഘടിപ്പിക്കും. രക്ഷിതാക്കളെ ലഹരിവിരുദ്ധ പോരാട്ടത്തില്‍ മുന്‍നിര പ്രതിരോധക്കാരായി പ്രാപ്തരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദേശീയപാതാ വികസനത്തെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട പഴയ പാതയോരങ്ങളില്‍ ലഹരിമാഫിയാ പ്രവര്‍ത്തനം ശക്തമാകുന്നു എന്ന പരാതി നിലവിലുണ്ട്. ഇത്തരം സ്ഥലങ്ങള്‍ പ്രത്യേക ബ്ലാക്ക് സ്പോട്ടുകളായി അടയാളപ്പെടുത്തി, അവിടെ സി സി ടി വി നിരീക്ഷണം, പട്രോളിങ് എന്നിവ നടത്തും. പി ഐ റ്റി എന്‍ ഡി പി എസ് ആക്ട് പ്രകാരം മാര്‍ച്ച് 7 വരെ 89 പേര്‍ക്കെതിരെ ഡിറ്റന്‍ഷന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
ക്രമസമാധാന പരിപാലനം ജനങ്ങളുടെ കൂടി ആവശ്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ജനകീയ സഹകരണത്തോടെ പൊലീസിങ് നടപ്പാക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയം. അതിനനുസൃതമായി കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ മാറ്റിത്തീര്‍ക്കുന്നതിനും പൊലീസ് സേനയുടെ പെരുമാറ്റത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തുന്നതിനും സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ ഫലമായാണ് പൊലീസ് ജനങ്ങളുടെ സുഹൃത്തും സഹായിയുമൊക്കെയായി മാറിയത്. കേരളാ പൊലീസിന്റെ നേതൃത്വത്തില്‍ സാമൂഹിക പ്രസക്തിയുള്ള പദ്ധതികളെ ഒരു കുടക്കീഴില്‍ അണിനിരത്തിയാണ് സോഷ്യല്‍ പൊലീസിങ് ഡിവിഷന്‍ രൂപീകരിച്ചത്. കേവലം ക്രമസമാധാനപാലനവും കുറ്റാന്വേഷണവും മാത്രം നിര്‍വഹിച്ചു പോന്നിരുന്ന പൊലീസ്, ജനങ്ങളുടെ സമ്പൂര്‍ണമായ സഹകരണത്തോടെ ഈ പദ്ധതി നടപ്പിലാക്കിവരികയാണ്.
അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ആ നിലയ്ക്ക് കേരളം ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടു താനും. എങ്കിലും ഇത് വേരോടെ പിഴുതുമാറ്റുന്നതില്‍ നീക്കുപോക്കില്ല. വ്യവസ്ഥാപിത രീതിയില്‍ ജനങ്ങള്‍ക്കു ലഭിക്കേണ്ടതു തടഞ്ഞ് പണലാഭമുണ്ടാക്കുന്ന കുറച്ചു പേരെങ്കിലും ഇപ്പോഴുമുണ്ട്. ഇവര്‍ക്കുള്ളതല്ല സര്‍വ്വീസ്. അഴിമതിക്കുള്ള നീക്കങ്ങള്‍ എവിടെ കണ്ടാലും അത് വിജിലന്‍സ് അടക്കമുള്ള അധികൃത സ്ഥാനങ്ങളെ അറിയിക്കുന്നതില്‍ ഉപേക്ഷ വരുത്താതെ പൊതുബോധം വളര്‍ത്തിയെടുക്കണം. അഴിമതിക്കെതിരായി അതിശക്തമായ കോമ്പിങ് ഓപ്പറേഷന്‍ അടക്കമുള്ളവ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവും.
സമൂഹത്തില്‍ അക്രമവാസന വളരുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. കുട്ടികളിലെ കുറ്റവാസന ലോകവ്യാപകമായിത്തന്നെ വര്‍ദ്ധിക്കുന്നുണ്ട്. അതിന്റെ കാരണങ്ങളെക്കുറിച്ച് ഇവിടെയും പഠന – ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. കുടുംബത്തോടോ സമൂഹത്തോടോ സഹജീവികളോടോ കരുണയും കരുതലുമില്ലാത്ത നിലയില്‍ ഒറ്റപ്പെട്ട നിലയിലാണെങ്കിലും കുട്ടികള്‍ കാണപ്പെടുന്നുണ്ട്. പരിഹാരം കാണേണ്ട ഗൗരവതരമായ വിഷയമാണിത്. എല്ലാം മയക്കുമരുന്നു കൊണ്ടു മാത്രമാണെന്നു പറഞ്ഞാല്‍ ശരിയാവില്ല.
അടച്ചിടപ്പെടുന്ന ബാല്യങ്ങള്‍, സ്നേഹരഹിതമായ വീട്ടന്തരീക്ഷങ്ങള്‍, ചില പ്രത്യേക തരം സമൂഹമാധ്യമങ്ങളുടെയും അവയിലെ കണ്ടന്റുകളുടെയും സ്വാധീനങ്ങള്‍, അതിതീവ്ര മത്സരബോധം, ധനാര്‍ത്തി തുടങ്ങി പല കാര്യങ്ങളുണ്ട്. ഇവ സമഗ്രതയില്‍ കാണാതിരുന്നുകൂട. സഹജീവികളോടും പ്രകൃതിയോടും കരുണയുള്ളവരായി, കരുതലുള്ളവരായി കുട്ടികളെ വളര്‍ത്തുന്നതിന് സിലബസിലടക്കം മാറ്റം വരുത്തുന്നത് ആലോചിക്കണം.
ഇതിന്റെ ഭാഗമായി കാണേണ്ടതാണ് റാഗിങ്ങിനു പിന്നിലുള്ള മാനസികാവസ്ഥയെയും. റാഗിങ് പോലുള്ളവ നമ്മള്‍ ഏതാണ്ട് തുടച്ചുനീക്കിയിരുന്നതാണ്. അതു തിരിച്ചുവന്നുകൂട. വിദ്യാര്‍ത്ഥികളും മാനേജ്മെന്റും അധ്യാപകരും രക്ഷകര്‍ത്താക്കളും ഒക്കെ ഒരേ മനസ്സായി ഇക്കാര്യത്തില്‍ നീങ്ങണം. വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ ഏറെ ഇടപെടാനാവും. സമൂഹത്തോടുള്ള കുറ്റകൃത്യമാണ് റാഗിങ്, മനുഷ്യത്വത്തിനെതിരാണത്. അതിനെ ആ നിലയ്ക്കു കണ്ട് പൊതുനിലപാട് എടുക്കണം.
മയക്കുമരുന്നിന്റെ കാര്യത്തിലും സർക്കാരിന്റെ ഭാഗത്തുനിന്ന് വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാവും. അതിനു പിന്നിലെ വിഷമവൃത്തം തകര്‍ക്കും. വരും തലമുറകള്‍ ജീവിതമില്ലാത്തവരായി മാറുന്ന മാരകമായ അവസ്ഥ അനുവദിക്കുന്ന പ്രശ്നമില്ല. സ്രോതസ്സുകള്‍ വരെ കണ്ടെത്തി ഈ മഹാവിപത്തിന്റെ വേരറുക്കുകതന്നെ ചെയ്യും. l