ഇന്ത്യയിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ പെെതൃകം പേറുന്നതാണ് പാകിസ്താൻ കമ്യൂണിസ്റ്റു പാർട്ടി. ഇന്ത്യാ വിഭജനം വരെ, കൃത്യമായി പറഞ്ഞാൽ 1948 മാർച്ച്- വരെ കമ്യൂണിസ്റ്റു പാർട്ടി ഓഫ് ഇന്ത്യയുടെ ഭാഗമായിരുന്നു പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടിയും. 1971ൽ പാകിസ്താൻ വിഭജിക്കപ്പെടുകയും കിഴക്കൻ പാകിസ്താൻ ബംഗ്ലാദേശായി മാറുകയും ചെയ്തതോടെ കിഴക്കൻ പാകിസ്താനിലെ കമ്യൂണിസ്റ്റു പാർട്ടി ബംഗ്ലാദേശ് കമ്യൂണിസ്റ്റു പാർട്ടിയായി മാറി. അതിനുമുൻപ് 1968 ൽ തന്നെ കിഴക്കൻ ബംഗാളിലെ കമ്യൂണിസ്റ്റു പാർട്ടി സ്വതന്ത്ര പാർട്ടിയായി പ്രവർത്തിക്കണമെന്ന് പാകിസ്താൻ കമ്യൂണിസ്റ്റു പാർട്ടി കോൺഗ്രസ് തീരുമാനിച്ചിരുന്നു.
1948 ഫെബ്രുവരി 28 മുതൽ മാർച്ച് 6 വരെ കൽക്കട്ടയിൽ ചേർന്ന കമ്യൂണിസ്റ്റു പാർട്ടി ഒാഫ് ഇന്ത്യയുടെ രണ്ടാം കോൺഗ്രസിൽവെച്ചാണ് പാകിസ്താൻ കമ്യൂണിസ്റ്റു പാർട്ടി രൂപീകരിക്കപ്പെട്ടത്. ഇന്ത്യാ വിഭജനാനന്തരം ചേർന്ന ആ പാർട്ടി കോൺഗ്രസിൽ പടിഞ്ഞാറൻ പാകിസ്താനിൽനിന്ന് 5 പ്രതിനിധികളും കിഴക്കൻ പാകിസ്താനിൽനിന്ന് 60 പ്രതിനിധികളും പങ്കെടുത്തിരുന്നു. കൽപ്പന ദത്ത (പിന്നീട് കൽപ്പന ജോഷി), ഖോക്കർ റോയി, മണി സിങ് എന്നിവരെല്ലാം കിഴക്കൻ പാകിസ്താനിൽനിന്നുള്ള പ്രതിനിധികളായിരുന്നു. പാർട്ടി കോൺഗ്രസിൽ ഭവാനിസെൻ അവതരിപ്പിച്ച ‘‘പാകിസ്താനെ സംബന്ധിച്ച റിപ്പോർട്ട്’’ ചർച്ച ചെയ്ത് അംഗീകരിച്ചതിനെ തുടർന്നാണ് 1948 മാർച്ച് 6ന് പാകിസ്താൻ കമ്യൂണിസ്റ്റു പാർട്ടിയ്ക്ക് രൂപം നൽകിയത്. പാകിസ്താനിൽനിന്ന് പങ്കെടുത്ത പ്രതിനിധികൾക്കുപുറമെ ഇന്ത്യയുടെ ഇതര ഭാഗങ്ങളിൽനിന്നുള്ള കുറച്ച് പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി സിപിഐ രണ്ടാം കോൺഗ്രസ് വേദിയിൽ പ്രത്യേക സമ്മേളനം ചേർന്നാണ് പാകിസ്താൻ കമ്യൂണിസ്റ്റു പാർട്ടി രൂപീകരിച്ചത്.
സിപിഐ കേന്ദ്ര കമ്മിറ്റി അംഗവും ആൾ ഇന്ത്യാ പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ സ്ഥാപക നേതാവുമായ സജ്ജാദ് സഹീറാണ് പാകിസ്താൻ കമ്യൂണിസ്റ്റു പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറിയായത്. ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശിയായ സജ്ജാദ് സഹീറിനെ പാകിസ്താൻ കമ്യൂണിസ്റ്റു പാർട്ടി കെട്ടിപ്പടുക്കുന്നതിനായി പടിഞ്ഞാറൻ പാകിസ്താനിലേക്ക് അയയ്ക്കുകയാണുണ്ടായത്. മുഹമ്മദ് ഹുസെെൻ അത്ത, ജമാലുദ്ദീൻ ബുഖാരി, ഇബ്രാഹിം, ഖോക്ക റോയി, നേപ്പാൾ നാഗ്, കൃഷ്ണ ബിനോദ് റോയി, സെയ്ദ് അബുർ മൻസൂർ ഹബീബുള്ള (ഇദ്ദേഹം വിഭജനാനന്തരം ഇന്ത്യയുടെ ഭാഗമായ പശ്ചിമബംഗാൾ സ്വദേശിയായിരുന്നു; കിഴക്കൻ പാകിസ്താനിലേക്ക് അദ്ദേഹത്തെയും അയയ്ക്കുകയായിരുന്നു), മണി സിങ് എന്നീ എട്ടുപേരാണ് പാകിസ്താൻ കമ്യൂണിസ്റ്റു പാർട്ടിയുടെ സ്ഥാപക കേന്ദ്ര കമ്മിറ്റിയിൽ സജ്ജാദ് സഹീറിനെ കൂടാതെ ഉണ്ടായിരുന്നത്. കിഴക്കൻ പാകിസ്താനിലെ കമ്യൂണിസ്റ്റു പാർട്ടി സംഘടനയുടെ മേൽനോട്ട ചുമതല പിന്നെയും കുറേക്കാലത്തേക്കുകൂടി സിപിഐ പശ്ചിമ ബംഗാൾ കമ്മിറ്റിക്കായിരുന്നു.

തൊഴിലാളി സംഘടനകളും വിദ്യാർഥി സംഘടനകളും കെട്ടിപ്പടുക്കുകയായിരുന്നു പുതുതായി രൂപീകരിക്കപ്പെട്ട പാകിസ്താൻ കമ്യൂണിസ്റ്റു പാർട്ടിക്ക് ഏറ്റെടുക്കേണ്ടിവന്ന ആദ്യ ദൗത്യം. സംഘടനാപരമായ സൗകര്യം കണക്കിലെടുത്ത് പടിഞ്ഞാറൻ പാകിസ്താനിലും കിഴക്കൻ പാകിസ്താനിലും വെവ്വേറെ പ്രൊവിൻഷ്യൽ കമ്മിറ്റികൾക്ക് രൂപം നൽകി. പടിഞ്ഞാറൻ പാകിസ്താനിൽ താരതമേ-്യന കമ്യൂണിസ്റ്റ് സ്വാധീനം കുറവായിരുന്നു. എന്നാൽ, കിഴക്കൻ പാകിസ്താനിൽ സ്ഥിതി അതായിരുന്നില്ല. ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ എന്ന പേരിൽ രൂപീകരിച്ച വിദ്യാർഥി സംഘടനയാണ് പാകിസ്താൻ കമ്യുണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച ആദ്യ ബഹുജന സംഘടന. കിഴക്കും പടിഞ്ഞാറും നിരവധി ട്രേഡ് യൂണിയനുകളും രൂപീകരിക്കപ്പെട്ടു. തൊഴിലാളി – വിദ്യാർഥി സംഘടനകളെല്ലാം രൂപീകരിച്ചതും അവയ്ക്ക് നേതൃത്വം നൽകിയതും കമ്യൂണിസ്റ്റു പാർട്ടി അംഗങ്ങളായിരുന്നെങ്കിലും ആ നിലയിൽ പരസ്യമായി അവരാരും അറിയപ്പെട്ടിരുന്നില്ല.
തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിച്ച് സംഘടിത ശക്തിയിലൂടെ അധികാരം പിടിച്ചെടുക്കുകയെന്ന തന്ത്രത്തിനൊപ്പംതന്നെ മേജർ ജനറൽ അക്ബർഖാന്റെ സെെനിക കരുനീക്കവുമായി സഹകരിക്കാനും പാർട്ടി തയ്യാറായി. പാകിസ്താൻ സെെന്യത്തിലെ ജനകീയ അംഗീകാരവും സ്വീകാര്യതയും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു മേജർ ജനറൽ അക്ബർ ഖാൻ. തുർക്കിയിലെ കമാൽ അത്താത്തുർക്കിന്റെ ആരാധകനുമായിരുന്നു അദ്ദേഹം. ലിയാക്കത്ത് അലിഖാന്റെ നേതൃത്വത്തിലുള്ള പാക് സർക്കാരിനെതിരായി തുടക്കത്തിൽതന്നെ ഉരുവംകൊണ്ട ജനകീയ അസംതൃപ്തിക്കൊപ്പമായിരുന്നു ജനറൽ അക്ബർ ഖാൻ. സജ്ജാദ് സഹീറുമായും ഫയ്സ് അഹമ്മദ് ഫയ്സിനെപോലെയുള്ള കവികളും മാർക്സിസ്റ്റു ബുദ്ധിജീവികളുമായും അദ്ദേഹത്തിന് സുഹൃദ് ബന്ധമുണ്ടായിരുന്നു. പുരോഗമന സ്വഭാവമുള്ളതും സാമ്രാജ്യത്വവിരുദ്ധവുമായ ഒരു സെെനിക മുന്നേറ്റം നടത്തുകയെന്ന ആശയത്തെക്കുറിച്ച് അക്ബർ ഖാൻ ഇവരുമായെല്ലാം ചർച്ച ചെയ്തു.

സെെന്യത്തിലെയും പൊലീസിലെയും ചില ഓഫീസർമാരെ തന്റെയൊപ്പം ചേർത്തതിനുശേഷം അക്ബർ ഖാൻ പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടിയിലെ തന്റെ സുഹൃത്തുക്കളെ സമീപിച്ചു. അട്ടിമറിക്കുശേഷം രൂപീകരിക്കേണ്ട ഗവൺമെന്റിനെക്കുറിച്ച് ചർച്ച ചെയ്യാനും കമ്യൂണിസ്റ്റ് പാർട്ടിയുടെയും ട്രേഡ് യൂണിയനുകളുടെയും വിദ്യാർഥി സംഘടനയുടെയും പുരോഗമനവാദികളായ ബുദ്ധിജീവികളുടെയും സ്വാധീനം അട്ടിമറിക്കനുകൂലമായി സംഘടിപ്പിക്കാനും സഹായം തേടിയിരുന്നു. എന്നാൽ, അക്ബർ ഖാൻ തന്നോടൊപ്പം ചേർത്തിരുന്ന ഓ—ഫീസർമാരിൽ ആരോ ഈ നീക്കത്തെക്കുറിച്ച് അധികൃതർക്ക് വിവരം നൽകുകയും 1951ലെ സെെനിക കലാപ നീക്കത്തെ മുളയിലേ നുള്ളിക്കളയാൻ അധികൃതർക്ക് അവസരമുണ്ടാവുകയും ചെയ്തു. അക്ബർ ഖാനും അദ്ദേഹത്തിന്റെ ജീവിത പങ്കാളിയും നിരവധി സെെനികോദേ-്യാഗസ്ഥരും ഫയ്സ് അഹമ്മദ് ഫയ്സും സജ്ജാദ് സഹീറും ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റു പാർട്ടി അംഗങ്ങളും അനുഭാവികളുമാകെ കൂട്ടത്തോടെ അറസ്റ്റിലാവുകയും ചെയ്തു. കമ്യൂണിസ്റ്റ്- പാർട്ടി നിരോധിക്കപ്പെട്ടു.

ദീർഘകാല ജയിൽശിക്ഷയാണ് വിധിച്ചതെങ്കിലും 1950കളുടെ മധ്യത്തോടെ പൊതുമാപ്പ് നൽകി ഇവരെയെല്ലാം ജയിൽമോചിതരാക്കി. എന്നാൽ ഇന്ത്യയിൽനിന്ന് പാകിസ്താനിലേക്ക് കമ്യൂണിസ്റ്റു പാർട്ടി കെട്ടിപ്പടുക്കാനായെത്തിയ സജ്ജാദ് സഹീറിനെയും സുഹൃത്തുക്കളെയും ഇന്ത്യയിലേക്ക് നാടുകടത്തി. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ നയതന്ത്രപരമായ ഇടപെടലും ഇവരുടെ ജയിൽമോചനത്തിന് വഴിതെളിച്ചു. പാകിസ്താനിൽ അവശേഷിച്ച കമ്യൂണിസ്റ്റു പാർട്ടി നേതൃത്വം ഒളിവിൽ പോയി. പ്രബലമായ ബഹുജന സംഘടനയെന്ന നിലയിൽ ഡെമോക്രാറ്റിക് സ്റ്റുഡന്റ്-സ് ഫെഡറേഷനെ (ഡിഎസ്എഫ്) മുന്നണി സംഘടനയായി നിർത്തി പ്രവർത്തനം തുടർന്നു. എന്നാൽ, 1954ൽ ഡിഎസ്-എഫും നിരോധിക്കപ്പെട്ടു. എന്നിരുന്നാലും കൂടുതൽ രഹസ്യ സ്വഭാവത്തോടുകൂടി പാർട്ടി പ്രവർത്തനം തുടർന്നു. തുടക്കം മുതൽതന്നെ ആസാദ് പാകിസ്താൻ പാർട്ടിയെയും നാഷണൽ അവാമി പാർട്ടിയെയുംപോലെയുള്ള പുരോഗമന കക്ഷികളിൽ ചേർന്ന് നിരവധി കമ്യൂണിസ്റ്റു പാർട്ടി അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഡിഎസ്-എഫ് നിരോധിക്കപ്പെട്ടതിനെ തുടർന്ന് നാഷണൽ സ്റ്റുഡന്റ്സ് ഫെഡറേഷൻ എന്ന പേരിൽ പുതിയൊരു വിദ്യാർഥി സംഘടന രൂപീകരിക്കപ്പെട്ടു. പിന്നീട് അതായി കമ്യൂണിസ്റ്റു പാർട്ടി പ്രവർത്തനം തുടരാനുള്ള ബഹുജന മുന്നണി.

അതേസമയം കമ്യൂണിസ്റ്റു പാർട്ടിയെന്ന നിലയിൽ തന്നെ രഹസ്യമായ പ്രവർത്തനം തുടരുന്നുമുണ്ടായിരുന്നു. പക്ഷേ പടിഞ്ഞാറൻ പാകിസ്താനിൽ പാർട്ടി തീരെ ദുർബലമായിരുന്നു. കിഴക്കൻ പാകിസ്താനിൽ പാർട്ടിക്ക് ഏറെക്കുറെ ശക്തമായ അടിത്തറയുണ്ടായിരുന്നു. എന്നാൽ കിഴക്കും പടിഞ്ഞാറുമായി രണ്ട് ഖണ്ഡങ്ങളായി കിടക്കുന്ന വിശാലമായ ഭൂപ്രദേശത്ത് ഏകീകൃതമായ ഒരു രഹസ്യ സംഘടനയ്ക്ക് പ്രവർത്തിക്കാൻ ബുദ്ധിമുട്ടായിരുന്നു. ആ സാഹചര്യത്തിൽ കിഴക്കൻ പാകിസ്താനിലെ പ്രവിശ്യാ കമ്മിറ്റി ഏറെക്കുറെ സ്വതന്ത്രമായ പ്രവർത്തനമാണ് നടത്തിയത്.
1954ൽ നടന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിൽ കിഴക്കൻ പാകിസ്താനിൽ അവാമി ലീഗും കൃഷക് പ്രജാപാർട്ടിയും നിസാം–ഇ–ഇസ്ലാം പാർട്ടിയും ചേർന്ന് രൂപീകരിച്ച ഐക്യമുന്നണിക്ക് കമ്യൂണിസ്റ്റു പാർട്ടി പിന്തുണ നൽകി. മുന്നണിയിൽനിന്ന് മത്സരിച്ച 10 കമ്യൂണിസ്റ്റു പാർട്ടി സ്ഥാനാർഥികളിൽ 4 പേർ ജയിച്ചു. മറ്റു പാർട്ടികളുടെ സ്ഥാനാർഥികളായി മത്സരിച്ച് വേറെ 23 കമ്യൂണിസ്റ്റു പാർട്ടി അംഗങ്ങളും ജയിച്ചിരുന്നു. 1954ൽ ഡിഎസ്എഫ്, പുരോഗമന സാഹിത്യകാരുടെ പ്രസ്ഥാനം, റെയിൽവേ വർക്കേഴ്സ് യൂണിയൻ എന്നിവയും കമ്യൂണിസ്റ്റു പാർട്ടിക്കൊപ്പം നിരോധിക്കപ്പെട്ടു. ഈ ഘട്ടത്തിലാണ് കമ്യൂണിസ്റ്റു പാർട്ടി അംഗങ്ങൾ പടിഞ്ഞാറൻ പാകിസ്താനിൽ മിയാൻ ഇഫ്ത്തിക്കാർ ഉദ്-ദീൻ നേതാവായി ആസാദ് പാകിസ്താൻ പാർട്ടിക്ക് രൂപം നൽകിയത്. 1957ൽ ഇതുൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികളും ഗ്രൂപ്പുകളും കമ്യൂണിസ്റ്റു പാർട്ടിയും ചേർന്നാണ് നിയമവിധേയമായി പ്രവർത്തിക്കുന്ന പാർട്ടിയെന്ന നിലയിൽ നാഷണൽ അവാമി പാർട്ടിക്ക് രൂപം നൽകിയത്. ഇതിനിടയിൽ കിഴക്കൻ പാകിസ്താനിൽ അവാമി ലീഗിലും ഗണതന്ത്രദളിലും കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ പ്രവർത്തിച്ചിരുന്നു; ഇതെല്ലാം ചേർന്നാണ് 1957ൽ നാഷണൽ അവാമി പാർട്ടി ആയത്. 1958ൽ കുൽ പാകിസ്താൻ കിസാൻ അസോസിയേഷനും രൂപം നൽകി.
പാകിസ്താൻ: നാടും ജനതയും ദക്ഷിണേഷ്യയിലെ രാജ്യം. ജനസംഖ്യയിൽ ലോകത്തിലെ അഞ്ചാമത്തെ രാജ്യം – 24.15 കോടിയാണ് ജനസംഖ്യ. തലസ്ഥാനം ഇസ്ലാമാബാദ്. കറാച്ചിയാണ് ഏറ്റവും വലിയ നഗരവും ധനകാര്യ കേന്ദ്രവും. വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ ലോകത്ത് 23–ാം സ്ഥാനമാണ് പാകിസ്താന്. തെക്ക് അറേബ്യൻ സമുദ്രം, തെക്കു പടിഞ്ഞാറ് ഗൾഫ് ഓഫ് ഒമാൻ, തെക്കു കിഴക്ക് സർക്രീക്ക്, കിഴക്ക് ഇന്ത്യ, പടിഞ്ഞാറ് അഫ്ഗാനിസ്താൻ, തെക്കു പടിഞ്ഞാറ് ഇറാൻ, വടക്കു കിഴക്ക് ചെെന -– ഇങ്ങനെയാണ് പാകിസ്താന്റെ അതിർത്തി. ഭരണഘടന പ്രകാരം ഇസ്ലാമിക റിപ്പബ്ലിക്കാണ്. 1947 ആഗസ്ത് 14ന് സ്വാതന്ത്ര്യം ലഭിച്ചു. 1956 മാർച്ച് 23ന് റിപ്പബ്ലിക്കായി. കറൻസി – പാകിസ്താൻ റുപ്പി. ഔദ്യോഗിക ഭാഷ – ഉറുദു, ഇംഗ്ലീഷ്. തദ്ദേശീയ ഭാഷകൾ – 77 ലധികമുണ്ട്. ഇസ്ലാം, ഹിന്ദു, ക്രിസ്ത്യൻ മതങ്ങൾ. |
1960കളോടെ പാകിസ്താനിലെ ഏറ്റവും പ്രബലമായ ഇടതുപക്ഷ ശക്തിയായി നാഷണൽ അവാമി പാർട്ടി വളർന്നു. അതിന്റെ നട്ടെല്ലായി പ്രവർത്തിച്ചിരുന്നത് കമ്യൂണിസ്റ്റു പാർട്ടി അംഗങ്ങളായിരുന്നു. മൗലാന അബ്ദുൽ ഹമീദ് ഖാൻ ഭാഷാനിയുടെ നേതൃത്വത്തിൽ 1957 ൽ രൂപീകരിക്കപ്പെട്ട പാർട്ടിയാണ് എൻഎപി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നാഷണൽ അവാമി പാർട്ടി. നിരോധിക്കപ്പെട്ടിരുന്ന കമ്യൂണിസ‍്റ്റു പാർട്ടി അംഗങ്ങളും ചെറിയ നിരവധി പുരോഗമന കക്ഷികളും ഗ്രൂപ്പുകളും ഒന്നിച്ചുചേർന്നാണ് ഈ പാർട്ടിക്ക് രൂപം നൽകിയത്. ന്യൂനപക്ഷ വംശീയ വിഭാഗങ്ങളുടെ പിന്തുണയും എൻഎപിക്കുണ്ടായിരുന്നു.
ഈ പ്രവർത്തനങ്ങൾക്ക് പുറമെ പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടി വിദേശരാജ്യങ്ങളിൽ കഴിയുന്ന പാകിസ്താൻകാരെ സംഘടിപ്പിക്കാനും പാർട്ടി അംഗങ്ങളാക്കാനും നടപടിയെടുത്തു. യൂറോപ്പിലെ പാകിസ്താൻ കമ്യൂണിസ്റ്റു പാർട്ടി ഘടകം ‘ബാഘവത്’ (Baghawat) എന്ന പേരിൽ (കലാപം എന്ന് പരിഭാഷ) ഒരു ഉറുദു മാഗസീനിന്റെ പ്രസിദ്ധീകരണമാരംഭിച്ചു.
സാർവദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ 1960കളിലുണ്ടായ അഭിപ്രായഭിന്നത പാകിസ്താൻ കമ്യൂണിസ്റ്റ് പാർട്ടിയെയും ബാധിച്ചു. കമ്യൂണിസ്റ്റുകാർക്കിടയിലുണ്ടായ ഭിന്നിപ്പ് നാഷണൽ അവാമി പാർട്ടിയിലെ ഭിന്നിപ്പായാണ് പ്രതിഫലിച്ചത്. 1967ൽ ഭാഷാനി വിഭാഗമായും വാലിഖാൻ വിഭാഗമായും എൻഎപി ഭിന്നിച്ചു. ഇന്ത്യയിലെ നക്സലെെറ്റ് വിഭാഗത്തെപോലെ തീവ്രവാദ ചിന്താഗതിക്കാരായ ഒരു വിഭാഗം മസ്ദൂർ കിസാൻ പാർട്ടിയായും പിരിഞ്ഞു. ഈ വിഭാഗം സായുധ ഗറില്ല സമരം തുടങ്ങിയെങ്കിലും 1974 ആയപ്പോഴേക്കും അടിച്ചമർത്തപ്പെട്ടു. l
(തുടരും)