Wednesday, March 19, 2025

ad

Homeപല രാജ്യങ്ങള്‍ പല കമ്യൂണിസ്റ്റു പാര്‍ടികള്‍ഇടർച്ചകളെ അതിജീവിച്ച് ജനകീയ ചെെന മുന്നോട്ട്

ഇടർച്ചകളെ അതിജീവിച്ച് ജനകീയ ചെെന മുന്നോട്ട്

എം എ ബേബി

ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടി –5

ശ്ചാത്തല വികസനത്തിന് ദീർഘവീക്ഷണത്തോടെ അടിത്തറ പാകുന്നതിനെക്കുറിച്ച് സ്ഥാപക നേതാക്കളും പാർട്ടിയും തുടക്കത്തിൽ തന്നെ ചർച്ച ചെയ്തിരുന്നു; വിപ്ലവകരമായ പല ആശയങ്ങളും അവർ അവതരിപ്പിച്ചിരുന്നു. അത്തരത്തിൽ ഒരാശയമായിരുന്നു 1952ൽ മൗ സേദൂങ് അവതരിപ്പിച്ച നദീജല സംയോജന പദ്ധതി. അദ്ദേഹം പറഞ്ഞത്, ചെെനയുടെ തെക്കൻ ഭാഗത്ത് ആവശ്യത്തിലധികം ജലം ലഭിക്കുമ്പോൾ വടക്കൻ ഭാഗത്ത്, ജലലഭ്യത തീരെ കുറവാണ് എന്നായിരുന്നു. അതിനാൽ തെക്കൻ ഭാഗത്ത് അധികമുള്ള ജലം വടക്കൻ മേഖലയിലേക്കു കൂടി ലഭ്യമാക്കിയാൽ ആ പ്രദേശങ്ങളെ ഫലഭൂയിഷ്ടമാക്കാനും സമ്പദ്സമൃദ്ധമാക്കാനും കഴിയുമെന്നും അതിനുള്ള പദ്ധതിയുണ്ടാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അന്നത് യാഥാർഥ്യമാക്കാൻ കഴിയുന്ന അവസ്ഥയിലെത്തിയിരുന്നില്ല ചെെന. എന്നാൽ 50 വർഷത്തിനുശേഷം 2002ൽ മൗവിന്റെ ആ ആശയം സാക്ഷാത്കരിക്കപ്പെട്ടു. പിന്നീടുള്ള ചെെനയുടെ വളർച്ചയിൽ അത് വലിയൊരു പങ്കുവഹിച്ചു.

1950കളുടെ ആദ്യപകുതിയിൽ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള, നിരക്ഷരരും പരമദരിദ്രരുമായ ഒരു ജനതയായിരുന്നു ചെെനയിൽ. അവരെ കെെപിടിച്ചുയർത്തുന്നതിനുള്ള, ഒരു ആധുനിക ജനാധിപത്യ സമൂഹമാക്കി രാജ്യത്തെ മാറ്റുന്നതിനുള്ള പ്രാഥമികമായ ചുവടുവയ്പുകളായിരുന്നു ആദ്യം നടത്തിയത്. 1956ഓടു കൂടി രാജ്യത്തെ ഇനിയെങ്ങനെ മുന്നോട്ടുകൊണ്ടു പോകാമെന്നതായിരുന്നു പാർട്ടിയുടെയും ഗവൺമെന്റിന്റെയും മുഖ്യ ചർച്ചാവിഷയം.

ഈ കാലത്ത് ഉയർന്നുവന്ന ചർച്ചകൾ പ്രതിഫലിക്കുന്ന രണ്ടു മുദ്രാവാക്യങ്ങളാണ് – ‘‘നൂറു പൂക്കൾ വിരിയട്ടെ, ഒരു നൂറു ചിന്താധാരകൾ ഏറ്റുമുട്ടട്ടെ’’ (‘Let hundred flowers bloom’) യെന്നതും ‘‘മഹത്തായ കുതിച്ചു ചാട്ട’’ (The great leap forward) വും. 1956–57 കാലത്താണ് ‘‘നൂറു പൂക്കൾ വിരിയട്ടെ’’ എന്ന കാംപെയ്ൻ ചെെനീസ് കമ്യൂണിസ്റ്റു പാർട്ടി നടപ്പാക്കിയത്. ജനങ്ങൾക്കിടയിൽ ഉയർന്നുവരുന്ന വെെരുദ്ധ്യങ്ങളെ എങ്ങനെ കെെകാര്യം ചെയ്യണമെന്ന ചർച്ചയും ഇതിന്റെ ഭാഗമായി ഉയർന്നുവന്നു. വെെരുദ്ധ്യങ്ങൾ പ്രധാനമായും രണ്ടുതരമുണ്ടെന്നും ശത്രുതാപരമായ വെെരുദ്ധ്യങ്ങളെയും അങ്ങനെയല്ലാത്ത വെെരുദ്ധ്യങ്ങളെയും (antagonistic and non antagonistic contradictions) വേർതിരിച്ച് കാണേണ്ടതാണെന്നുമുള്ള ആശയം മൗ സേദൂങ് On correct handling the contradictions among the people (ജനങ്ങൾക്കിടയിലെ വെെരുദ്ധ്യങ്ങൾ ശരിയായി കെെകാര്യം ചെയ്യേണ്ടതിനെപ്പറ്റി) എന്ന ലഘുകൃതിയിൽ വിവരിക്കുന്നുണ്ട്. ജനങ്ങൾക്കും ജനപക്ഷത്തുനിൽക്കുന്ന ബുദ്ധിജീവികൾക്കും ആശയ പ്രകടന സ്വാതന്ത്ര്യം ഉറപ്പാക്കുകയും ജനശത്രുക്കളായ പ്രതിവിപ്ലവകാരികളെ ഒറ്റപ്പെടുത്തി ശിക്ഷിക്കുകയും ചെയ്യുന്നതായിരുന്നു ഈ കാംപെയ്ന്റെ ഫലം. അതേസമയം ചെെനീസ് സമൂഹത്തിന്റെ മുന്നോട്ടേയ്ക്കുള്ള പ്രയാണത്തിന് ഗുണകരമായി ശാസ്ത്ര – സാങ്കേതികരംഗങ്ങളിലും സാംസ്‍കാരിക രംഗത്തും നൂതനമായ ഒട്ടേറെ ചർച്ചകൾ ഉയർന്നുവരാനും ഈ കാംപെയ്ൻ ഇടയാക്കി. പാർട്ടിക്കുള്ളിൽ കടന്നുകൂടുന്ന തെറ്റായ ആശയങ്ങൾക്കെതിരായ, വ്യതിയാനങ്ങൾക്കെതിരായ ഒരു സമരം കൂടിയായി ആ കാംപെയ്ൻ മാറി. ‘‘തെറ്റായ ആശയങ്ങൾക്കെതിരായ പോരാട്ടം രോഗപ്രതിരോധ കുത്തിവയ്പുപോലെയാണ്’’ എന്ന മൗ സേദൂങ്ങിന്റെ പ്രസിദ്ധമായ വാക്കുകൾ ഈ ഘട്ടത്തിൽ എഴുതിയതാണ്.

എന്നാൽ തുടർന്നുണ്ടായ ചില തീരുമാനങ്ങളും സംഭവവികാസങ്ങളും ഇടതുപക്ഷ വ്യതിയാനത്തിന്റെ പിടിയിൽ അകപ്പെടുന്നതായിരുന്നു. സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം കോൺഗ്രസ് (1956) കെെക്കൊണ്ട തീരുമാനങ്ങളിലെ വലതുപക്ഷ വ്യതിയാനങ്ങൾക്കെതിരായ പോരാട്ടം ഒരു ഘട്ടം കഴിഞ്ഞപ്പോൾ മറുകണ്ടം ചാടലിലേക്കായിരുന്നു ചെെനീസ് പാർട്ടിയെ കൊണ്ടെത്തിച്ചത്. സാർവദേശീയ പ്രത്യയശാസ്ത്ര പ്രശ്നങ്ങളിലെന്നപോലെ ആഭ്യന്തര നയങ്ങളിലും അതിന്റെ പ്രതിഫലനമുണ്ടായി.

1958ൽ ആരംഭിച്ച ‘‘മഹത്തായ കുതിച്ചുചാട്ടം’’ ദ്രുതഗതിയിലുള്ള വ്യവസായവൽക്കരണവും കൂട്ടുടമാവൽക്കരണവും ലക്ഷ്യമിട്ടുള്ളതായിരുന്നു; ആത്യന്തികമായി ഇതിലൂടെ അതിവേഗം സോഷ്യലിസ്റ്റ് നിർമാണ പ്രക്രിയ പൂർത്തിയാക്കലും ചെെനയിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അവികസിതാവസ്ഥയ്ക്കും ദാരിദ്ര്യത്തിനും അറുതിവരുത്തലുമായിരുന്നു ഇതിലൂടെ അർഥമാക്കിയത്. മൗ പ്രസ്താവിച്ചതുപോലെ ‘‘ചെെനയും അമേരിക്കയും തമ്മിലുള്ള അന്തരം അഞ്ച് വർഷത്തിനുള്ളിൽ ഇല്ലാതാക്കുകയും ആത്യന്തികമായി ഏഴ് വർഷത്തിനുള്ളിൽ അമേരിക്കയെ പിന്നിലാക്കുകയുമാണ്’’ ലക്ഷ്യംവെച്ചത്; സാമ്പത്തിക തന്ത്രത്തിന്റെ കാര്യത്തിൽ സോവിയറ്റ് ശെെലിയിലുള്ള നഗരകേന്ദ്രിത വ്യവസായവൽക്കരണത്തിനെതിരായിരുന്നു ഇത്.

മഹത്തായ കുതിച്ചുച്ചാട്ടത്തിനായുള്ള പദ്ധതി കാർഷിക മേഖലയുടെ ആധുനികവൽക്കരണത്തിൽ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ഗ്രാമപ്രദേശങ്ങളിലെ ചെറുകിട ഫാക്ടറികളിൽ കാർഷികാവശ്യത്തിനുള്ള യന്ത്രങ്ങൾ നിർമിച്ചുകൊണ്ട് പട്ടണങ്ങളും നാട്ടിൻപുറങ്ങളും തമ്മിലുള്ള അന്തരം ഇല്ലാതാക്കുക, ജനകീയ കമ്യൂണുകൾ രൂപീകരിച്ചും കൂട്ടുടമാവൽക്കരണത്തിലൂടെയും ഉൽപ്പാദന ക്ഷമത വർധിപ്പിക്കുക, ഇത്തരത്തിൽ ഉള്ള നീക്കമായിരുന്നു ഇത്. വിപ്ലവപരമായ സാമൂഹ്യ പരിവർത്തനത്തിനുള്ള ശരിയായ ഉറവിടവും സോഷ്യലിസത്തിലേക്കും കമ്യൂണിസത്തിലേക്കും എത്തിച്ചേരാനുള്ള പോരാട്ടത്തിന്റെ മുഖ്യവേദിയും ഗ്രാമങ്ങളാണെന്ന് മൗ മുന്നോട്ടുവെച്ച ചിന്ത വാദിച്ചു. ഇതിന്റെ പ്രതിഫലനമാണ് ഈ തീരുമാനങ്ങളിൽ കാണുന്നത്.

ഗ്രാമീണ മേഖലയിൽ ചെറുകിട വ്യവസായങ്ങൾ വികസിപ്പിക്കാനുള്ള നീക്കം വിജയകരമാല്ലെന്നു മാത്രമല്ല, വിനാശകരമായ ചില പ്രത്യാഘാതങ്ങൾ അതുമൂലം ഉണ്ടാവുകയും ചെയ്തു. ദശലക്ഷക്കണക്കിന് കർഷകർ ഫാക്ടറികളിൽ പണിയെടുക്കാൻ നിയോഗിക്കപ്പെട്ടതിനെ തുടർന്ന് ധാന്യങ്ങളുടെ വിളവെടുപ്പിന് വേണ്ടത്ര കർഷകരില്ലാത്ത അവസ്ഥയുണ്ടായി. ഇതേ കാലത്തുതന്നെയാണ് ഭീകരമായ വരൾച്ചയും പ്രളയങ്ങളും ചെെനയെ ബാധിച്ചത്. വലിയതോതിലുള്ള വിളനാശമാണ് ഇതുമൂലമുണ്ടായത്. ചെെന – സോവിയറ്റ് ഭിന്നത രൂക്ഷമാവുകയും ചെെനയിൽ പ്രവർത്തിച്ചിരുന്ന സോവിയറ്റ് യൂണിയനിൽനിന്നുള്ള വിദഗ്ദ്ധരെയാകെ അവർ പിൻവലിക്കുകയും ചെയ്തതും ഇതേ കാലത്താണ് (1960‍). ഇതിന്റെയെല്ലാം ഫലമായി കാർഷികോൽപ്പാദനത്തിൽ ഇടിവുണ്ടാവുകയും തന്മൂലം ദാരിദ്ര്യവും പോഷകാംശക്കുറവും വ്യാപിക്കുകയും ചെയ്തു. അമേരിക്കയെയും ബ്രിട്ടനെയും മറികടന്ന് വലിയ സാമ്പത്തികശക്തിയായി ചെെനയെ ഏഴ് വർഷത്തിനുള്ളിൽ മാറ്റുകയെന്ന ലക്ഷ്യം നേടിയില്ലെന്നു മാത്രമല്ല, ചെെന സാമ്പത്തിക സ്തംഭനാവസ്ഥയിൽ താൽകാലികമായെങ്കിലും എത്തിച്ചേരുകയും ചെയ്തു. എന്നിരുന്നാലും മഹത്തായ കുതിച്ചുചാട്ടത്തിൽ മുന്നോട്ടുവയ്ക്കപ്പെട്ട ലക്ഷ്യങ്ങളിൽ ചിലത് കെെവരിക്കാനായി എന്നത് വിസ്മരിക്കാനുമാവില്ല. അതിൽ ഏറ്റവും ശ്രദ്ധേയമായത് കൃഷി യോഗ്യമായ ഭൂമിയിലാകെ ജലസേചനം എത്തിക്കാൻ കഴിഞ്ഞുവെന്നതാണ്.

എന്നാൽ മൊത്തത്തിൽ ലക്ഷ്യം നേടാൻ കഴിയാതിരിക്കുകയും വിനാശകരമായ ചില പാർശ്വഫലങ്ങൾക്കതിടയാക്കുകയും ചെയ്തതിനെ തുടർന്ന് 1962ൽ ചെെനീസ് കമ്യൂണിസ്റ്റു പാർട്ടി മഹത്തായ കുതിച്ചുചാട്ടം സംബന്ധിച്ച കാംപെയ്ൻ അവസാനിപ്പിച്ചു. പക്ഷേ, മഹത്തായ കുതിച്ചുചാട്ടത്തിന്റെ പാർശ്വഫലങ്ങളായി സംഭവിച്ച ചില തിരിച്ചടികളെ പർവതീകരിച്ച് ബൂർഷ്വാ പണ്ഡിതരും മാധ്യമങ്ങളും ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിക്കും ചെെനീസ് വിപ്ലവത്തിനും മൗ സേദൂങ്ങിനുമെതിരായി നടത്തിയ പ്രചാരണങ്ങളെ ഇവിടെ കാണാതിരിക്കാനാവില്ല. മഹത്തായ കുതിച്ചുചാട്ടത്തിന്റെ ഫലമായുണ്ടായ ക്ഷാമത്തെത്തുടർന്ന് ചെെനയിൽ 30 ലക്ഷത്തോളം പേർക്ക് ജീവഹാനി ഉണ്ടായി എന്നാണ് ആ പ്രചാരണത്തിന്റെ ചുരുക്കം. ഈ കാലഘട്ടത്തിലെ സ്ഥിതിവിവരകണക്കുകൾ വിശദമായി പരിശോധിച്ചശേഷം പ്രൊഫ. ഉത്സാ പട്നായക് ഈ പ്രചാരണങ്ങളുടെ മുനയൊടിക്കുന്ന നിഗമനങ്ങളിലാണ് എത്തിച്ചേർന്നത്.

ചെെനയിൽ വിപ്ലവാനന്തരം നടപ്പാക്കിയ ഭൂപരിഷ്കരണത്തെയും വ്യാപകമായി ചികിത്സാ സൗകര്യങ്ങൾ വർധിപ്പിച്ചതിനെയും തുടർന്ന് 1958 ആയപ്പോൾ ചെെനയിലെ മരണനിരക്ക് ആയിരത്തിന് 12 എന്ന നിലയിലേക്ക് താണുവെന്നും ആ മാനദണ്ഡത്തിൽനിന്ന് പരിശോധിച്ചപ്പോൾ പോലും 1959 – 1960 കാലത്ത് 11.5 ദശലക്ഷം ആളുകളാണ് മരണപ്പെട്ടതെന്നും (അതായത് 1960ൽ ചെെനയിലെ മരണനിരക്ക് ആയിരത്തിന് 25.4 ആയാണ് ഉയർന്നത്) ഉത്സാ പട്നായക് റിപ്പബ്ലിക് ഓഫ് ഹംഗർ എന്ന കൃതിയിൽ ചൂണ്ടിക്കാണിച്ചു. ‘ക്ഷാമം മൂലമുള്ള മരണ’ക്കണക്ക് ഇതിനപ്പുറം വരില്ലെന്നു ഉത്സ വിലയിരുത്തുന്നു. അതേസമയം 1960ൽ ഇന്ത്യയിലെ മരണനിരക്ക് ആയിരത്തിന് 24.8 ആണ്. ഇത് കാണിക്കുന്നത് 1960ൽ ഇന്ത്യയിലെയും ചെെനയിലെയും മരണനിരക്കിൽ വലിയ അന്തരം ഉണ്ടായിട്ടില്ലെന്നാണ് –ആയിരത്തിന് 0.6 എന്നാൽ ഇന്ത്യയിലെ മരണനിരക്കിനെക്കുറിച്ച് കണ്ണടയ്ക്കുകയും ചെെനയിലെ മരണനിരക്കിനെ പെരുപ്പിച്ച് കാണിക്കുകയുമാണ് പാശ്ചാത്യബൂർഷ്വ വിമർശകർ എന്നും ഉത്സ പട്നായക് വ്യക്തമാക്കുന്നു. മാത്രമല്ല, വികസ്വര രാജ്യങ്ങളിലാകെ പട്ടിണിയും പോഷകക്കുറവും വ്യപാകമായ വർഷവുമാണിത്. മറ്റൊരു കാര്യം ചൂണ്ടിക്കാണിക്കേണ്ടത് ആധുനികചരിത്രത്തിലുടനീളം ഭീകരമായ ക്ഷാമങ്ങൾ 1907ലും 1928ലും 1942ലും ഉണ്ടായി എന്നതാണ്. 1949ൽ ചെെനയുടെ ഭരണം കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ എത്തിയ ശേഷമാണ്, 1959–1960 ഒഴികെ, ചെെന കൊടിയക്ഷാമത്തിൽനിന്നും മുക്തമായത്. നയവൃതിയാനത്തിനപ്പുറം ചെെനയിൽ പ്രകൃതി ദുരന്തത്തിന്റെ കൂടി ഫലമായുണ്ടായ 1959–1960ലെ ക്ഷാമത്തെ കമ്യൂണിസ്റ്റു പാർട്ടിക്കെതിരായ പ്രചരണായുധമാക്കുന്ന ബൂർഷ്വാ പണ്ഡിതർ യഥാർഥത്തിൽ വസ്തുതകൾക്കുനേരെ പുറംതിരിഞ്ഞുനിൽക്കുകയാണ്.

യഥാർഥത്തിൽ സമ്പന്നവും വികസിതവുമായ ഒരു സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുന്നതിന്റെ വേഗത വർധിപ്പിക്കാൻ നടത്തിയ ആത്മാർഥമായ നീക്കമായിരുന്നു മഹത്തായ കുതിച്ചുചാട്ടം. ആ സാഹസിക പരീക്ഷണത്തിൽ വിജയിക്കാൻ കഴിഞ്ഞില്ല. മൗ സേദൂങ്ങിന്റെ നേതൃത്വത്തിൽ ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിക്കു സംഭവിച്ച ഇടതുപക്ഷ വൃതിയാനം കൂടിയായിരുന്നു അത്. മഹത്തായ കുതിച്ചുചാട്ടത്തിനു സംഭവിച്ച പരാജയമോ 1962 ഓടുകൂടി അതവസാനിപ്പിക്കാൻ തീരുമാനിച്ചതോ മൗസേദൂങ്ങും അദ്ദേഹവുമായി ഉറ്റബന്ധം പുലർത്തിയിരുന്ന നേതൃത്വത്തിലെ ഒരു വിഭാഗവും സമ്മതിക്കാനോ നിലപാടിൽ മാറ്റം വരുത്തുവാനോ തയ്യാറായില്ല. അവർ കരുതിയത് പാർട്ടി റിവിഷനിസത്തിന്റെ ചെളിക്കുണ്ടിൽ വീഴുകയാണെന്നും അനിവാര്യമായും അത് മുതലാളിത്ത പുനഃസ്ഥാപനത്തിനിടയാക്കുമെന്നുമാണ്. ആ ചിന്താഗതി പാർട്ടിയിൽ ശക്തമായതു കൂടിയാണ് ‘സാംസ്കാരിക വിപ്ലവ’ത്തിന് വഴി തെളിച്ചത്.

1966ലാണ് ചെെനയിൽ സാംസ്കാരിക വിപ്ലവം ആരംഭിച്ചത്. സർവകലാശാലകളിലെയും സ്കൂളുകളിലെയും വിദ്യാർഥികളുടെ ബഹുജന മുന്നേറ്റമെന്ന നിലയിലാണ് അതാരംഭിച്ചത്. മൗ സേദൂങ്ങിന്റെയും പാർട്ടിയിലെ അദ്ദേഹത്തിന്റെ അടുത്ത അനുയായികളുടെയും പിന്തുണ ആ മുന്നേറ്റത്തിനുണ്ടായിരുന്നു. ബെയ്ജിങ്ങിലെ വിദ്യാർഥികൾ റെഡ് ഗാർഡുകൾ എന്നൊരു ഗ്രൂപ്പിന് രൂപം നൽകി. ‘‘കല, സാഹിത്യം, ജേണലിസം, വിദ്യാഭ്യാസം, അക്കാദമിക പ്രവർത്തനം എന്നീ മണ്ഡലങ്ങളിലെ പിന്തിരിപ്പൻ ബൂർഷ്വാ ആശയങ്ങളെ കീറിമുറിച്ച് വിമർശിക്കുക, അവയെ പാടെ തള്ളിക്കളയുക’’ എന്ന മൗവിന്റെ ആഹ്വാനം ഏറ്റെടുക്കുകയായിരുന്നു ആ സംഘം. വിദ്യാർഥികൾ ബെയ്ജിങ്ങിലെങ്ങും ‘‘വലിയ അക്ഷരപോസ്റ്ററുകൾ ’’ Big Character Posters– Dazibao) പതിച്ചു. അധികാരത്തിലുള്ള വിപ്ലവ വിരുദ്ധരായ ബൂർഷ്വവിഭാഗങ്ങൾ എന്നവർ വിശേഷിപ്പിച്ചവർക്കെതിരെയായിരുന്നു പോസ്റ്ററുകൾ.

ഒടുവിൽ മൗ തന്നെ ‘‘ഹെഡ് ക്വാർട്ടേഴ്സ് തകർക്കുക’’ (Bombard the Headquarters) എന്ന് വിപ്ലവകാരികളായ ബഹുജനങ്ങളെ ആഹ്വാനം ചെയ്യുന്ന വലിയക്ഷര പോസ്റ്ററുമായി (ദാസി ബാവൊ) പ്രത്യക്ഷപ്പെട്ടു. പാർട്ടിയിലെ ‘പരിഷ്കരണവാദി’കൾക്കെതിരെ കലാപം നടത്തുകയെന്ന ആഹ്വാനമായിരുന്നു അത്. 1966 ആഗസ്തിൽ ചെെനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി തന്നെ ‘‘മഹത്തായ തൊഴിലാളിവർഗ സാംസ്കാരിക വിപ്ലവത്തെ സംബന്ധിച്ച തീരുമാനങ്ങൾ’’ എന്ന പ്രമേയം അംഗീകരിച്ച് രംഗത്തെത്തി. പാർട്ടിക്കുള്ളിലെ ‘‘റിവിഷനിസ്റ്റുകൾ’’ എന്നും ‘‘മുതലാളിത്ത പുനഃസ്ഥാപനവാദികൾ’’ എന്നും വിശേഷിപ്പിക്കപ്പെട്ടവർക്കെതിരെ ജനകീയ കലാപം നടത്തുക, വിദ്യാഭ്യാസം, സംസ്കാരം എന്നീ രംഗങ്ങളിൽ ബൂർഷ്വാ ആശയങ്ങൾ ആധിപത്യം സ്ഥാപിക്കുന്നതിനെ ചെറുക്കുക, ആധുനിക സോഷ്യലിസ്റ്റ് ആശയങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു മുന്നോട്ടുവയ്ക്കപ്പെട്ട ആശയങ്ങൾ.

എന്നാൽ ഈ ബഹുജന മുന്നേറ്റം ഭാഗികമായി മാത്രമേ പാർട്ടിയുടെ നിയന്ത്രണത്തിൽനിന്നുള്ളൂ. അതിവേഗം അത് അരാജകാവസ്ഥയിലേക്ക് വഴി തിരിഞ്ഞു. സർവകലാശാലകളാകെ അടച്ചിടപ്പെട്ടു. മന്ത്രാലയങ്ങൾ പലതും റെഡ് ഗാർഡുകൾ കയ്യേറി. സാംസ്കാരികവിപ്ലവത്തിലെ ആദ്യ ദിനങ്ങളിലെ അവസ്ഥ എന്തായിരുന്നുവെന്ന് പ്രശസ്ത ചെെനീസ് സാഹിത്യകാരിയായ ഹാൻ സുയിൻ എഴുതിയതിൽ നിന്ന് വ്യക്തമാകും: ‘‘അതിവിപുലമായ ജനാധിപത്യം. വമ്പൻ വിമർശനങ്ങൾ. എവിടെ തിരിഞ്ഞാലും വാൾ പോസ്റ്ററുകൾ. ആർക്കും എവിടെയും ഒരു നിയന്ത്രണവുമില്ലാതെ സഞ്ചരിക്കാം…. എന്തും ചെയ്യാനുള്ള അവകാശവും സ്വാതന്ത്ര്യവും റെഡ് ഗാർഡുകൾക്ക് ലഭിച്ചു; ഇതവരുടെ തലയ്ക്ക് പിടിച്ചതിൽ അത്ഭുതത്തിനവകാശമില്ലല്ലോ. അതിവേഗം എന്തും ചെയ്യാനുള്ള ലെെസൻസായി അതുമാറി.’’ (കാർലോസ് മാർട്ടിനെസ് – 2021 ജൂലെെ 25ന് മോണിങ് സ്റ്റാർ ദിനപ്പത്രത്തിൽ എഴുതിയ ലേഖനത്തിൽ ഉദ്ധരിച്ചത്) നിസാരമോ ചെറുതോ ഒന്നുമായിരുന്നില്ല അക്രമങ്ങൾ.

പ്രസിഡന്റ് ലിയൂ ഷാവൊക്വിയും മുതിർന്ന വിപ്ലവകാരി ദെങ് സിയാവൊ പിങ്ങും വരെ ആക്രമിക്കപ്പെട്ടു. ലിയൂവിന്റെ പ്രശസ്തമായ പുസ്തകങ്ങൾ ടിയാനെൻ മെൻ സ്ക്വയറിൽ കൂട്ടിയിട്ട് തീ കത്തിച്ചു. വീട്ടുതടങ്കലിലായിരിക്കെ ലിയു 1969ൽ മരണപ്പെട്ടു. 1959ൽ പ്രതിരോധമന്ത്രി സ്ഥാനത്തുനിന്ന് വിരമിച്ച പെങ് ദെഹ്വായ് ജയിലിലടയ്ക്കപ്പെടുകയും 1974ൽ ജയിൽവാസത്തിനിടയിൽ മരണപ്പെടുകയും ചെയ്തു. ദെങ് സിയാവൊ പിങ് ഉൾപ്പെടെ നേതൃനിരയിലെ വലിയൊരു വിഭാഗം ജയിലിലായിരുന്നു.

യഥാർഥത്തിൽ ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിപ്പിക്കേണ്ട ഒന്നായിട്ടായിരുന്നു സാംസ്കാരിക വിപ്ലവത്തെ സംബന്ധിച്ച മൗ സേദൂങ്ങിന്റെ കാഴ്ചപ്പാട്. പക്ഷേ, വ്യത്യസ്തമായ തോതിലാണെങ്കിലും 1976 സെപ്തംബർ 9ന് മൗ മരണപ്പെടുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപുവരെ അത് വ്യത്യസ്ത തോതിൽ തുടർന്നു. 1967 ൽ സാംസ്കാരിക വിപ്ലവത്തിന്റെ പേരിൽ അരങ്ങേറപ്പെട്ട അരാജകാവസ്ഥയ്ക്ക് കടിഞ്ഞാണിടാനും ഉൽപ്പാദനപ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കാനും മൗ തന്നെ വിമോചനസേനയുടെ സഹായം തേടി. കുറച്ചു കാലത്തേക്ക് താൽക്കാലികമായ ശാന്തത കെെ വന്നെങ്കിലും 1972ൽ മൗവിന്റെ ഭാര്യ ജിയാങ് ക്വിങ് ഉൾപ്പെടെയുള്ള ‘‘നാൽവർ സംഘം’’ പാർട്ടിയിലും ഭരണത്തിലും പിടിമുറുക്കിയയേതാടെ വീണ്ടും സ്ഥിതി ഗതികൾ കെെവിട്ട അവസ്ഥയിലായി.

യഥാർഥത്തിൽ, സാംസ്കാരിക വിപ്ലവം അതിവേഗം സോഷ്യലിസത്തിച്ചേരാനുള്ള, സമൂഹത്തിൽനിന്നും നൂറ്റാണ്ടുകളായുള്ള ഫ്യൂഡൽ മൂല്യങ്ങളെ പാടെ തുടച്ചുനീക്കാനുള്ള, ബ്യൂറോക്രസിയെ ചെറുക്കാനും മുതലാളിത്തം തലപൊക്കുന്നത് തടയാനും തൊഴിലാളികളെയും കർഷകരെയും ശാക്തീകരിക്കാനും സഹസ്രാബ്ദങ്ങളായുള്ള കൺഫ്യൂഷൻ പാരമ്പര്യത്തിൽനിന്നും മുക്തമായ സോഷ്യലിസ്റ്റ് സംസ്കാരം കെട്ടിപ്പടുക്കാനുള്ളതു തീവ്രവാദ സ്വഭാവമുള്ള ബഹുജന മുന്നേറ്റമായിട്ടായിരുന്നു വിഭാവനം ചെയ്യപ്പെട്ടത്. ദശലക്ഷക്കണക്കിന് ചെറുപ്പക്കാരാണ് ആവേശപൂർവം അതിൽ അണിനിരന്നത്. മൗവിന്റെയും ചെൻപോട്ട, കാങ്ഷെങ് തുടങ്ങിയ പാർട്ടി നേതൃത്വത്തിലെ മൗവിന്റെ അടുത്ത അനുയായികളുടെയും പിന്തുണയും അതിനുണ്ടായിരുന്നു. എന്നാൽ അടിസ്ഥാനപരമായി അതിലേക്ക് നയിച്ച സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ ഇടതുപക്ഷ വ്യതിയാനം മൂലംതന്നെ അത് അരാജകത്വത്തിന്റെ പിടിയിൽപെടുകയായിരുന്നു. നിയന്ത്രണം വിട്ട ഒന്നായി അത് മാറുകയാണുണ്ടായത്.

പ്രതി വിപ്ലവകാരികളും മുതലാളിത്ത പാതക്കാരും പാർട്ടിയിൽ പിടിമുറുക്കുകയാണെന്നും ജനകീയ മുന്നേറ്റത്തിലൂടെ അവരെ പുറത്താക്കണമെന്നുമുള്ള ആശയം തന്നെ തെറ്റായിരുന്നു. ഇക്കാര്യം തുടർന്നുള്ള കാലത്ത് വ്യക്തമായി. തെറ്റായ ആശയത്തെ അടിസ്ഥാനമാക്കിയതായിരുന്നു അരാജകത്വത്തിലേക്ക് അത് വഴി തെറ്റാൻ കാരണമായത്. ‘‘മുതലാളിത്ത പാത പിന്തുടരുന്നവരെ’’ന്ന നിലയിൽ പുറത്താക്കപ്പെട്ടതും ആക്രമിക്കപ്പെട്ടതും പാർട്ടി കെട്ടിപ്പടുക്കുന്നതിലും വിപ്ലവം വിജയിപ്പിക്കുന്നതിലും വിപ്ലവാനന്തര ഭരണത്തിലും നിർണായക നേതൃത്വം നൽകിയ മുൻനിര കാഡർമാരായിരുന്നു. അത്തരം നടപടികളെയാകെ 1978 ഡിസംബറിൽ ചേർന്ന കമ്യൂണിസ്റ്റു പാർട്ടിയുടെ 11–ാം കേന്ദ്രകമ്മിറ്റിയുടെ മൂന്നാമത് പ്ലീനം തള്ളിക്കളഞ്ഞു.

എന്നാൽ പിന്നിട്ട ഈ കാലഘട്ടമാകെ തകർച്ചയുടേതായിരുന്നുവെന്നല്ല 1978ലെ മൂന്നാം പ്ലീനം വിലയിരുത്തിയത്. 1949ൽ സാക്ഷരതാ നിരക്ക് 20 ശതമാനം പോലും ഇല്ലാതിരുന്നിടത്ത് 1977 ആയപ്പോൾ 93 ശതമാനമായി. 1949നു മുൻപുള്ള നൂറുവർഷക്കാലം ചെെനയുടെ ജനസംഖ്യ 40–50 കോടിയായി സ്തംഭിച്ച് നിൽക്കുകയായിരുന്നു. 1976 ആയപ്പോൾ അത് 90 കോടിയായി ഉയർന്നു. കലയും സാഹിത്യവും സംഗീതവും നാടകവുമെല്ലാം സാധാരണജനങ്ങൾക്കുകൂടി ആസ്വദിക്കാൻ അവസരമുണ്ടായി; വളർച്ചയുമുണ്ടായി. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും വലിയ മുന്നേറ്റമുണ്ടായി. ക്ഷാമവും പട്ടിണിയും കടങ്കഥയായി. സാർവത്രിക ആരോഗ്യപരിരക്ഷ ലഭ്യമായി. ഈ നേട്ടങ്ങളെല്ലാം കെെവരിച്ചത് മൗവിന്റെ നേതൃത്വത്തിലായിരുന്നുവെന്നതും അനിഷേധ്യമായ വസ്തുതയാണ്. ദെങ് സിയാവൊ പിങ് തന്നെ പറയുന്നതിങ്ങനെ: ‘‘മൗവിന്റെ കരുത്തുറ്റ, പ്രാമാണികമായ നേതൃത്വം ഉണ്ടായിരുന്നില്ലെങ്കിൽ ചെെനീസ് വിപ്ലവം ഇന്നും വിജയം വരിക്കില്ലായിരുന്നു.’’ 1978ലെ മൂന്നാം പ്ലീനത്തിനുശേഷമാണ് ദെങ് ഇങ്ങനെ പ്രസ്താവിച്ചത്. ആ പ്ലീനത്തിൽ സാംസ്കാരിക വിപ്ലവത്തിലെ പാളിച്ചകൾ തള്ളിക്കളയുകയും ചെെനയെ വികസിത സോഷ്യലിസ്റ്റ് സമൂഹമാക്കി മാറ്റുന്നതിനുള്ള ചുവടുവയ്പുകൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. l
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × one =

Most Popular