2025‐2026ലെ കേന്ദ്ര ബജറ്റ് ഇടത്തരക്കാരുടെ ബജറ്റെന്ന പേരിൽ കൊട്ടിഘോഷിക്കപ്പെടുകയാണ്. ഡൽഹി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രചരണലക്ഷ്യത്തോടെ പടച്ചുവിടപ്പെട്ടതാണ് ഈ ബജറ്റെന്ന് ഇത്തരം പ്രചരണത്തിൽനിന്നുതന്നെ വ്യക്തമാകുന്നു. ഉയർന്ന ഇടത്തരം വിഭാഗത്തിൽപെട്ട, ചുരുക്കം ചിലരൊഴികെ ഒരു ജനവിഭാഗത്തിനും തെല്ലുപോലും ഗുണകരമല്ലാത്തതാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ്.
കർഷകരുടെയോ തൊഴിലാളികളുടെയോ തൊഴിൽരഹിതരുടെയോ സ്ത്രീകളുടെയോ പ്രശ്നങ്ങൾക്കൊന്നും പരിഹാരം നിർദേശിക്കാത്ത ഒന്നാണ് പുതിയ കേന്ദ്ര ബജറ്റ്. രാജ്യത്തിന്റെ സാമ്പത്തികവളർച്ച മുരടിപ്പിക്കുന്നത് എന്നതിനപ്പുറം അസമത്വം ഭീമമായ തോതിൽ വർധിപ്പിക്കുകയും ചെയ്യുന്നതാണ് ഈ ബജറ്റ്. കൃത്യമായി പറഞ്ഞാൽ, അക്ഷരാർഥത്തിൽതന്നെ ജനവിരുദ്ധമാണ് 2025–26ലെ കേന്ദ്ര ബജറ്റ്.
തൊഴിലുറപ്പ് പദ്ധതി പോലെയുള്ള ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുന്ന പദ്ധതികൾക്കുള്ള വകയിരുത്തൽ അടിക്കടി കുറച്ചുകൊണ്ട് മോദി സർക്കാർ ഗ്രാമീണ ജനതയെ ദുരിതത്തിലേക്ക് തള്ളിവീഴ്ത്തിക്കൊണ്ടിരിക്കുകയാണ്. കാർഷികമേഖലയുടെ വളർച്ചയ്ക്ക് അനുരൂപമായ വിധത്തിൽ വേണ്ടത്ര തുക വകയിരുത്താനും ധനമന്ത്രി തയ്യാറായിട്ടില്ല. കാർഷികമേഖലയ്ക്കുവേണ്ട തുക വകയിരുത്താതെ കാർഷിക വളർച്ചയെ പാടെ അവഗണിക്കുകയാണ് കേന്ദ്രസർക്കാർ.
സേവനമേഖലയ്ക്കും വ്യാവസായിക മേഖലയ്ക്കുമൊന്നും വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലായെന്നതും വസ്തുതയാണ്. ചെലവുചുരുക്കലിന്റെയും ധനക്കമ്മി കുറയ്ക്കലിന്റെയും പേരിൽ സാമൂഹ്യമേഖലയ്ക്കായുള്ള വകയിരുത്തൽ കുറച്ചുകൊണ്ടിരിക്കുന്നത് ക്ഷേമപദ്ധതികളെയാണ് പ്രതികൂലമായി ബാധിക്കുന്നത്. അത് രാജ്യത്തെ പാവപ്പെട്ടവരുടെ കീശകാലിയാക്കുന്നതും അവരെ കൂടുതൽ ദുരിതങ്ങളിലേക്ക് തള്ളി വീഴ്-ത്തുന്നതുമാണ്.
ലോകവും രാജ്യവും നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധിക്ക് പരിഹാരം കാണാൻ വേണ്ട നൂതന പരിപാടികളോ നിലവിലുള്ള പരിപാടികൾ നടപ്പാക്കുന്നതിനു വേണ്ടത്ര ബജറ്റ് വകയിരുത്തലോ നടത്താൻ മോദി സർക്കാർ തയ്യാറാകുന്നില്ല.
ഡൽഹി–ബീഹാർ സംസ്ഥാനങ്ങളുടെ അധികാരം ബിജെപിയുടെ കെെപ്പിടിയിലാക്കുന്നതിനപ്പുറം രാജ്യത്തിന്റെ പൊതുതാൽപ്പര്യമോ ജനതാൽപ്പര്യമോ തെല്ലും പരിഗണിക്കാത്തതാണ് മോദി സർക്കാരിന്റെ ഇൗ വർഷത്തെ ബജറ്റ്. കേരളത്തെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്തെയും ജനങ്ങളെയും പാടെ അവഗണിക്കുന്നതാണിത്. സംസ്ഥാന സർക്കാർ കേന്ദ്രത്തിനു മുന്നിൽ അവതരിപ്പിച്ച ആവശ്യങ്ങളിൽ ഒന്നുപോലും പരിഗണിക്കാൻ ബജറ്റിൽ ധനമന്ത്രി തയ്യാറായില്ല. വയനാട്ടിലെ മുണ്ടക്കെെ–ചൂരൽമല പ്രകൃതിദുരന്തബാധിതരുടെ പുനരധിവാസമോ ആ പ്രദേശത്തിന്റെ പുനർനിർമാണമോ പരിഗണിക്കാൻപോലും തയ്യാറാകാത്ത നിഷേധാത്മക നിലപാടാണ് കേന്ദ്ര സർക്കാർ തുടരുന്നത്. എയിംസ് പോലെയുള്ള കേരളത്തിന്റെ ദീർഘകാലാവശ്യങ്ങളോ റെയിൽവേ വികസനമോ ഒന്നുംതന്നെ കണക്കിലെടുക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാർ എല്ലാ മേഖലയിലും ഒന്നാമതെത്തിയതിന് കേരളത്തെ ശിക്ഷിക്കുന്ന നിലപാടാണ് ബജറ്റിൽ സ്വീകരിച്ചിരിക്കുന്നത്. ജനവിരുദ്ധമായ ഈ ബജറ്റിനെ തുറന്നുകാണിക്കുന്ന ലേഖനങ്ങളാണ് ഈ ലക്കം കവർ സ്റ്റോറിയിൽ ഞങ്ങൾ നൽകിയിരിക്കുന്നത്. l



