Friday, February 13, 2026

ad

Homeപല രാജ്യങ്ങള്‍ പല കമ്യൂണിസ്റ്റു പാര്‍ടികള്‍ട്യൂഡെ പാർട്ടി തൊഴിലാളി വർഗത്തിന്റെ പാർട്ടി – 4

ട്യൂഡെ പാർട്ടി തൊഴിലാളി വർഗത്തിന്റെ പാർട്ടി – 4

എം എ ബേബി

1970കളുടെ മധ്യമായപ്പോൾ ഇറാനിൽ വിപ്ലവ പോരാട്ടങ്ങളുടെ വേലിയേറ്റംതന്നെയുണ്ടായി. തൊഴിലാളികളുടെ പണിമുടക്കുകളും ജനകീയ പ്രതിഷേധങ്ങളും അഭൂതപൂർവമായവിധം അലയടിച്ചുയർന്നു. അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ഷായുടെ ഭരണത്തെ ഇനിയും സഹിക്കാൻ തയ്യാറല്ലെന്നും അതിനെ വച്ചുപൊറുപ്പിക്കാൻ തയ്യാറല്ലെന്നുമുള്ള അവസ്ഥയിലെത്തി ഇറാനിലെ ജനത; ഭരണാധികാരി വർഗത്തിനാകട്ടെ, പഴയ രീതിയിൽ ഭരണം തുടരാനാവാത്ത സ്ഥിതിയുമായി.

1978 ജനുവരി 7ന് ഖൂമിൽ വലിയൊരു ജനക്കൂട്ടവും ഭരണകൂടത്തിന്റെ മർദ്ദന സംവിധാനങ്ങളും തമ്മിൽ ഏറ്റുമുട്ടി. ഈ സംഭവം നടന്ന് നാലു ദിവസത്തിനുശേഷം പ്രസിദ്ധീകരിച്ച ട്യൂഡെ പാർട്ടി പ്രസിദ്ധീകരണമായ ‘‘നാവിഡി’’ന്റെ പ്രത്യേക പതിപ്പിൽ ഇങ്ങനെ എഴുതി: ‘‘ഷായുടെ മർദകവാഴ്ചയ്-ക്കെതിരായ പ്രതിഷേധത്തിന്റെ നിലവിളിയായിരുന്നു ജനങ്ങളുടെ വ്യാപകമായ പ്രകടനങ്ങൾ; അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കെെയിലെ കളിപ്പാവയെന്ന നിലയിൽ ഷാ വഹിക്കുന്ന പങ്കിനോടുള്ള രോഷപ്രകടനമാണത്; അറബ് ജനതയുടെയും പലസ്തീൻകാരുടെയും താൽപര്യങ്ങൾക്കെതിരായി മധ്യപൂർവ മേഖലയിലെ പ്രതിസന്ധിയെ പരുവപ്പെടുത്തിയെടുക്കുന്നതിന് സിയോണിസ്റ്റ് ഇസ്രയേലിന്റെ ഏജന്റായി പ്രവർത്തിക്കുന്ന ഷായോടുള്ള എതിർപ്പിന്റെ ബഹിർസ്ഫുരണമായിരുന്നു അത്…’’ (നാവിഡ്, സ്പെഷ്യൽ ഇഷ്യൂ നമ്പർ 15, 1978 ജനുവരി 11).

അതിനുശേഷം വിപ്ലവത്തിന്റെ വിജയംവരെ ഇറാൻ അശാന്തമായിത്തന്നെ തുടർന്നു. ‘‘ഷാ വാഴ്ച തുലയട്ടെ’’ എന്ന മുദ്രാവാക്യം ഇടിമുഴക്കം പോലെ ഇറാനിലെ തെരുവീഥികളിൽ ഉയരാത്ത ഒരൊറ്റ ദിവസംപോലും 1979 ഫെബ്രുവരിയിലെ വിപ്ലവംവരെ ഉണ്ടായിട്ടില്ല. ഖൂമിലെ (Qum) പ്രകടനത്തിനുശേഷം, ഒരു മാസം പിന്നിടും മുമ്പാണ് തബ്-റിസിലെ (Tabriz) ധീരരായ ജനങ്ങൾ ഷായുടെ നിഷ്ഠൂരവാഴ്ചയ്ക്കെതിരെ തെരുവിലിറങ്ങിയത്. ഒരു ലക്ഷത്തിലേറെ ആളുകളാണ് അതിൽ പങ്കെടുത്തത്. ഷായുടെ പട്ടാളവും പൊലീസും നടത്തിയ കടന്നാക്രമണത്തിൽ, പ്രകടനത്തിൽ പങ്കെടുത്ത നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു. തബ്റിസിലെ തെരുവുകളിൽ ഒഴുക്കപ്പെട്ട ചോരയിൽ മുക്കിയെടുത്ത പതാകയാണ് ഇറാനിലുടനീളമുള്ള ജനങ്ങൾക്ക് പിന്നീട് ഷാ വാഴ്ചയ്-ക്കെതിരായ പോരാട്ടത്തിന് ആവേശം പകർന്നത്.

1978 ഏപ്രിൽ മാസത്തിലെ ജനമുന്നേറ്റം ഷാ വാഴ്ചയുടെ അടിത്തറ ഇളക്കിയ വലിയൊരു ഭൂകമ്പമായിരുന്നു. ഏപ്രിൽ അവസാനമായപ്പോൾ പടുകൂറ്റൻ പ്രതിഷേധ പ്രകടനങ്ങൾ ഇറാനിലെ മുപ്പതിലേറെ നഗരങ്ങളിൽ നടന്നു. പട്ടാള ഭരണം അടിച്ചേൽപ്പിച്ചും ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കിയുമാണ് ഷാ ഇതിനോട് പ്രതികരിച്ചത്. അഭൂതപൂർവമായ ഈ ജനമുന്നേറ്റത്തിൽ നേതൃത്വപരമായ പങ്കുവഹിച്ചതും അതിന്റെ ദിശ നിർണയിച്ചതും ട്യൂഡെ പാർട്ടിയും അതിന്റെ രഹസ്യ സംഘടനയായ ‘നാവിഡു’മായിരുന്നു. (പാർട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണത്തിന്റെ പേരും ‘നാവിഡ്’ എന്നുതന്നെ ആയിരുന്നു).

ഇറാൻ ഫെബ്രുവരി വിപ്ലവത്തിലേക്ക്
ഇറാന്റെ ചരിത്രത്തിലാദ്യമായി, 1978 സെപ്തംബർ 9 തിങ്കളാഴ്ച ‘നാവിഡി’ലൂടെ ദേശീയ പൊതുപണിമുടക്ക് നടത്താൻ ട്യൂഡെ പാർട്ടി ആഹ്വാനം ചെയ്തു. ഇങ്ങനെയായിരുന്നു ആഹ്വാനം: ‘‘ഷാ പഹൽവിയുടെ ക്രിമിനൽ അട്ടിമറി വാഴ്ചയോടുള്ള എതിർപ്പ് ഒരു ദേശീയ പൊതുപണിമുടക്കിലൂടെ പ്രകടിപ്പിക്കാൻ ദേശസ്നേഹികളായ എല്ലാവരോടും എല്ലാ രാഷ്ട്രീയ പ്രസ്ഥാ
നങ്ങളോടും ട്രേഡ് യൂണിയനുകളോടും സ്വാതന്ത്ര്യ ദാഹികളായ എല്ലാ മനുഷ്യരോടും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു; രാജ്യത്തെ സർവ സാമ്പത്തിക – സാമൂഹിക പശ്ചാത്തല സൗകര്യങ്ങളും നിശ്ചലമാക്കണമെന്ന് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു; അങ്ങനെ രക്തദാഹിയായ ഷായുടെ സേ-്വച്ഛാധിപത്യ വാഴ്ചയെ മുട്ടുകുത്തിക്കണം’’. (നാവിഡ് ലക്കം 44, 1978 സെപ്-തംബർ 9).

ഷായുടെ സേ-്വച്ഛാധിപത്യ വാഴ്ചയും അതിന്റെ കൂട്ടാളികളായ എല്ലാ വലതുപക്ഷ ശക്തികളും ഒന്നിച്ചുനിന്നു നടത്തിയ ഗൂഢനീക്കങ്ങളെയാകെ പൊളിച്ചുകൊണ്ടാണ് ട്യൂഡെ പാർട്ടിയുടെ ആഹ്വാനത്തെ ഇറാനിലെ തൊഴിലാളിവർഗവും, സ്വാതന്ത്ര്യവും ജനാധിപത്യവും ആഗ്രഹിച്ച ആളുകളും ഏറ്റെടുത്തത്. തുടർന്നു നടന്ന പൊതുപണിമുടക്കാണ്, പ്രത്യേകിച്ചും എണ്ണമേഖലയിൽ നടന്ന പണിമുടക്കാണ്, ഇറാനിലെ വിപ്ലവ മുന്നേറ്റത്തിൽ നിർണായകമായ പങ്കുവഹിച്ചത്; ഒടുവിൽ 1979 ഫെബ്രുവരിയിൽ നടന്ന സേ-്വച്ഛാധിപത്യ വിരുദ്ധ, സാമ്രാജ്യത്വവിരുദ്ധ ജനകീയ വിപ്ലവം വിജയം വരിക്കുന്നതിനിടയാക്കിയത്. ഷാ നാടുവിട്ടോടുന്നതിനും ഷാപ്പോർ ബക്തിയാർ (Shapour Bakhtiar) താൽക്കാലിക ഭരണാധികാരിയായി ചുമതലയേൽക്കുന്നതിനും അതാണിടയാക്കിയത്. 1979 ഫെബ്രുവരി 8, 9, 10 തീയതികളിൽ നടന്ന ജനകീയ പോരാട്ടവും ചെറുത്തുനിൽപ്പുമാണ് ഒടുവിൽ 2,500 വർഷം പഴക്കമുള്ള ഇറാനിലെ ജീർണിച്ച രാജവാഴ്ചയുടെ അന്ത്യംകുറിച്ചത്.

ഫെബ്രുവരി വിപ്ലവാനന്തരം
ഇറാനിൽ 1979 ഫെബ്രുവരിയിൽ നടന്ന വിപ്ലവം രാജവാഴ്ചക്കെതിരായ, സേ-്വച്ഛാധിപത്യവിരുദ്ധവും സാമ്രാജ്യത്വവിരുദ്ധവും ജനകീയ സവിശേഷതകളോടു കൂടിയതുമായ ദേശീയ ജനാധിപത്യ വിപ്ലവമായിരുന്നുവെന്നാണ് ട്യൂഡെ പാർട്ടിയുടെ വിലയിരുത്തൽ. ഖൊമെയ്-നിയും അനുയായികളും പ്രചരിപ്പിക്കുന്നതുപോലെ, ഇറാനിലെ ഫെബ്രുവരി വിപ്ലവത്തിന് യഥാർഥത്തിൽ ഇസ്ലാമിക സ്വഭാവമല്ല ഉണ്ടായിരുന്നത്; മറിച്ച് സാമൂഹ്യവും വർഗപരവുമായ ഉള്ളടക്കത്തോടുകൂടിയ ഒരു വിപ്ലവമായിരുന്നു അത്. അതേസമയംതന്നെ പല കാരണങ്ങളാലും ആ വിപ്ലവത്തിന് മതപരമായ രൂപവുമുണ്ടായിരുന്നു.

ഈ വൈരുദ്ധ്യത്തെ സംബന്ധിച്ച് ട്യൂഡെ പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ 1979 ഒക്ടോബറിലെ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു: ‘‘ഈ മുന്നേറ്റം പ്രബലമായിത്തന്നെ മതപരമായ ഒരു രൂപം കൈവരിച്ചതിനുകാരണം ഷായുടെ സേ-്വച്ഛാധിപത്യ വാഴ്ചയോട് എതിർപ്പുള്ള മതനേതാക്കൾ ജനകീയ കലാപത്തിനൊപ്പം നിന്നുവെന്നാണ്; മറ്റൊന്ന് 25 വർഷം നീണ്ടുനിന്ന സേ-്വച്ഛാധിപത്യത്തിന്റെ ഇരുണ്ടകാലത്ത് ഈ രൂപത്തിലുള്ള ഒരു സമരത്തിനും ഇടമുണ്ടായിരുന്നുവെന്ന വസ്തുതയാണ്’’.

1960 കളിലും 70കളിലും ഇറാൻ സമൂഹം മുതലാളിത്ത ബന്ധങ്ങളുടെ വികാസംമൂലം സംഘടനാപരമായി അഗാധമായ പ്രതിസന്ധി നേരിട്ടു. അക്കാലത്ത് ഇറാനിലെ രാഷ്ട്രീയവും സാമ്പത്തികവുമായ ജീവിതത്തിൽ ആധിപത്യം പുലർത്തിയത് കോംബ്രദോർ ബൂർഷ്വാ വർഗത്തിന്റെ പ്രതിനിധികളായിരുന്നു. ഇറാനിയൻ സമൂഹത്തിൽ മൂലധനത്തിന്റെ സ്വാധീനം വർദ്ധിച്ചുകൊണ്ടിരുന്നതിനൊപ്പം സേ-്വച്ഛാധിപത്യപരവും ദല്ലാൾ സ്വഭാവത്തോടുകൂടിയതുമായ ഭരണസംവിധാനത്തിന്റെ കാവലാളായി നിലനിന്നിരുന്ന പൊലീസ് സ്റ്റേറ്റും ചേർന്നതോടെ ഇടത്തട്ടു വിഭാഗക്കാർ കൂടുതൽ ഒതുക്കപ്പെട്ടു. ദേശീയ ബൂർഷ്വാ വിഭാഗങ്ങളുടെ സാമ്പത്തികാവസ്ഥയും ദുർബലമാകുന്നതിന് ഇതിടയാക്കി. അതേ കാലത്തുതന്നെ ഗ്രാമപ്രദേശങ്ങളിൽ നിന്ന് ഒട്ടേറെയാളുകൾ നഗരങ്ങളിലേക്ക് കുടിയേറിയതുമൂലം തൊഴിലാളിവർഗം ചെറിയതോതിൽ വളർന്നുവരാൻ തുടങ്ങി. വൻകിട ഭൂവുടമകളിൽ നിന്ന് ഷായുടെ ഭരണത്തിനുനേരെ ഉയർന്നുവന്ന വെല്ലുവിളി നേരിടുന്നതിനു കൊണ്ടുവന്ന പരിമിതമായ ഭൂപരിഷ്കരണത്തിന്റെ ഫലമായാണ് (അത് യഥാർഥത്തിൽ ഭൂരഹിത കർഷകർക്ക് ഗുണത്തേക്കാൾ ദോഷമാണ് സൃഷ്ടിച്ചത്) നഗരങ്ങളിലേക്കുള്ള കുടിയേറ്റം വ്യാപകമായത്. ഇത് ഇറാൻ സമൂഹത്തിൽ തൊഴിലാളിവർഗത്തിന്റെ കരുത്ത് വർദ്ധിക്കുന്നതിനിടയാക്കി.

ഈ രാഷ്ട്രീയ – സാമ്പത്തിക പശ്ചാത്തലത്തിലാണ് ഇറാനിൽ 1979 ലെ വിപ്ലവം നടന്നത്. കോംബ്രദോർ ബൂർഷ്വാസിയുടെയും പാശ്ചാത്യാനുകൂലവും അഴിമതി നിറഞ്ഞതുമായ വാഴ്ചയുടെയും താൽപര്യങ്ങൾ സൃഷ്ടിച്ചതും ഉയർന്നു വന്നുകൊണ്ടിരിക്കുന്നതുമായ സാമൂഹ്യ – സാമ്പത്തിക പ്രതിസന്ധികളും വൈരുധ്യങ്ങളുമാണ് 1979ലെ വിപ്ലവത്തിനിടയാക്കിയത്. തൊഴിലാളികളും കർഷകരും പെറ്റി ബൂർഷ്വാ വിഭാഗങ്ങളും ചെറുകിട – ഇടത്തരം ദേശീയ ബൂർഷ്വാ വിഭാഗങ്ങളും ഉൾപ്പെടുന്ന ദശലക്ഷക്കണക്കിനാളുകളാണ് ഷാ വാഴ്ചയ്ക്കെതിരായ ഈ പോരാട്ടത്തിൽ അണിനിരന്നത്. ‘‘സ്വാതന്ത്ര്യം, പരമാധികാരം, സാമൂഹ്യനീതി’’ എന്നതായിരുന്നു സാധാരണ ജനങ്ങൾ രാജ്യത്താകെ ഉയർത്തിയ മുദ്രാവാക്യം. അതിനായിരുന്നു ട്യൂഡെ പാർട്ടി പിന്തുണ നൽകി ഒപ്പംചേർന്നത്. എന്നാൽ, മതമേധാവികൾ ജനങ്ങളുടെ മുദ്രാവാക്യങ്ങൾക്കൊപ്പം ‘‘ഇസ്ലാമിക് റിപ്പബ്ലിക്’’ എന്ന മുദ്രാവാക്യം കൂടി ഉന്നയിച്ചു. എന്നാൽ എന്താണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്ന് തുറന്നുപറയാൻ മതശക്തികൾ തയ്യാറായതുമില്ല.

‘‘ഇസ്ലാമിന്റെ ഭരണം’’ സ്ഥാപിക്കാനാണ് ജനങ്ങൾ തെരുവിലിറങ്ങിയതും ഷാ വാഴ്ചയെ താഴെ ഇറക്കിയതുമെന്നാണ് ഇപ്പോൾ അധികാരത്തിലുള്ള മതാധിപത്യ ഭരണത്തിന്റെ ശക്തികൾ വാദിക്കുന്നത്. യഥാർഥത്തിൽ, ഇറാനിൽ നിന്ന് സാമ്രാജ്യത്വത്തിന്റെയും കുത്തകകളുടെയും വിനാശകരമായ സ്വാധീനം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള, വ്യക്തമായ സാമൂഹ്യവും വർഗപരവുമായ ജനമുന്നേറ്റമായിരുന്നു 1979ലെ വിപ്ലവം; ഇറാൻ സമൂഹത്തിന്റെ രാഷ്ട്രീയ –സാംസ്കാരിക ജീവിതത്തെ ജനാധിപത്യവൽക്കരിക്കുകയും ആ വിപ്ലവത്തിന്റെ ലക്ഷ്യമായിരുന്നു. ഷായും ആ ഭരണസംവിധാനത്തിന്റെ ഉപകരണമായ സാവക്കും (SAVAK -– ഇറാൻ രഹസ്യാന്വേഷണ പൊലീസ് ) ഇടതുപക്ഷ – പുരോഗമന ശക്തികളെ തകർക്കാനുള്ള ഉപകരണമായി കണ്ടത് പൗരോഹിത്യത്തെയാണ്. മാത്രമല്ല, ആയത്തൊള്ള ഖൊമേയ്നിയും അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടറും തമ്മിലുള്ള കത്തിടപാടുകളിൽ വിപ്ലവാനന്തര ഇറാനിൽ ട്യൂഡെ പാർട്ടിയെ ഒതുക്കാമെന്ന് ഉറപ്പുനൽകുമെങ്കിൽ അമേരിക്ക ഖൊമേയ്നിയുടെ (Khomeini) ഭരണത്തെ അനുകൂലിക്കാൻ തയ്യാറാണെന്ന് കാർട്ടർ പറയുന്നുണ്ട് (ഖൊമേയ്-നിയുടെ വിശ്വസ്തനും വിപ്ലവാനന്തര ഇറാനിലെ ആദ്യത്തെ വിദേശകാര്യ മന്ത്രിയുമായ ഡോ. യാസ്ദിയുടെ ഓർമക്കുറിപ്പിൽ ഈ കത്തുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്).

ഇറാൻ വിപ്ലവം കഴിഞ്ഞ് ഏറെ വൈകുംമുൻപു തന്നെ വിപ്ലവത്തിന്റെ യഥാർഥ ലക്ഷ്യങ്ങൾ യാഥാർഥ്യമാകാതിരിക്കാൻ നിരവധി പ്രതിവിപ്ലവ അട്ടിമറി നീക്കങ്ങൾ നടന്നു. വലതുപക്ഷ ശക്തികളുടെയും വൻകിട ഭൂപ്രഭുക്കുളുടെയും മുതലാളിമാരുടെയും പിന്തുണക്കാരും രാജ്യത്തെ സാമ്രാജ്യത്വ ദല്ലാളുകളുമായിരുന്നു ഈ അട്ടിമറി നീക്കങ്ങൾക്കുപിന്നിൽ. 1979 ആഗസ്ത് 24ന് നടന്നത് അത്തരമൊരു അട്ടിമറി ശ്രമമായിരുന്നു. അതു സംബന്ധിച്ച് ട്യൂഡെ പാർട്ടി പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ ഇങ്ങനെ വ്യക്തമാക്കി: ‘‘സമീപകാലത്തായി, നമ്മുടെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വലതുവശത്തേയ്-ക്കുള്ള ഒരു ചുവടുമാറ്റം ഉയർന്നു വരുന്നതായി കാണുന്നു. ദേശീയ – ജനാധിപത്യ ശക്തികളുടെ ഐക്യത്തിന് വേദനാജനകവും ഭീകരവുമായ ആഘാതമേൽപ്പിക്കുന്നതാണ് ഈ മാറ്റം…’’ (ട്യൂഡെ പാർട്ടിയുടെ രേഖകളും പ്രസ്താവനകളും). എന്നാൽ പുരോഗമനശക്തികളെയാകെ ഈ വിപ്ലവത്തിനെ നേരിടാൻ ഐക്യമുന്നണിയിൽ അണിനിരത്താനുള്ള ട്യൂഡെ പാർട്ടിയുടെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. അത്തരത്തിലുള്ള ശക്തമായൊരു ഐക്യമുന്നണിയുടെ അഭാവമാണ് വലതുപക്ഷ ശക്തികളുടെ ഉയർന്നുവരവിനും തുടർന്ന് സമ്പൂർണമായും രാഷ്ട്രീയാധികാരം അവരുടെ കെെയിൽ എത്തുന്നതിനും ഇടയാക്കിയത്. l
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − four =

Most Popular