Saturday, December 6, 2025

ad

Homeപല രാജ്യങ്ങള്‍ പല കമ്യൂണിസ്റ്റു പാര്‍ടികള്‍ട്യൂഡെ പാർട്ടി തൊഴിലാളി വർഗത്തിന്റെ പാർട്ടി – 5

ട്യൂഡെ പാർട്ടി തൊഴിലാളി വർഗത്തിന്റെ പാർട്ടി – 5

എം എ ബേബി

1980 ജനുവരിയിൽ ഇറാന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നു. ട്യൂഡെ പാർട്ടി കൃത്യമായി ഈ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും വിപ്ലവം മുന്നോട്ടുവച്ച ആശയങ്ങൾ ഉയർത്തിപ്പിടിക്കുമെന്നുമുള്ള നയപരിപാടി മുന്നോട്ടുവച്ച ഹസ്സൻ ഹബിബി (Hassan Habibi)യെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാൽ ആയത്തൊള്ള ഖൊമെയ്നിയുടെ അടുത്തയാളായി അറിയപ്പെട്ടിരുന്ന അബോൾ ഹസ്സാൻ ബനിസാദർ (Abolhassn Banisadar) ആണ് ഇറാന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് പാർലമെന്റിലേക്കും തിരഞ്ഞെടുപ്പ് നടന്നു.

25 വർഷത്തിനുശേഷം ആദ്യമായി ട്യൂഡെ പാർട്ടിക്കും മറ്റ് ഇടതുപക്ഷ സംഘടനകൾക്കും തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനും സ്ഥാനാർഥികളെ നിർത്താനും അവസരം ലഭിച്ചു. ബെഹസ്തി (Beheshti) യുടെ നേതൃത്വത്തിൽ ഇസ്ലാമിക് റിപ്പബ്ലിക്കൻ പാർട്ടി മഹാഭൂരിപക്ഷം സീറ്റുകളും നേടി. തിരഞ്ഞെടുപ്പ് നടക്കവെ തന്നെ, ജനവിധി പുറത്തുവരുന്നതിനുമുമ്പുതന്നെ ട്യൂഡെ പാർട്ടി സ്ഥിതിഗതികൾ വിശകലനം ചെയ്ത് പ്രഖ്യാപിച്ചത് ഇടതുപക്ഷ സ്ഥാനാർഥികളാരും തിരഞ്ഞെടുക്കപ്പെടാതിരിക്കാൻ വലതുപക്ഷ ശക്തികൾ രഹസ്യധാരണയിലെത്തിയിട്ടുണ്ടെന്നാണ്. വലതുപക്ഷത്തിന്റെ ഗൂഢനീക്കം യാഥാർഥ്യമാവുകയും ചെയ്തു. മറുവശത്ത് ഇടതുപക്ഷ പാർട്ടികളുടെ ഐക്യത്തിന് ട്യൂഡെ പാർട്ടി ശ്രമിച്ചെങ്കിലും അത് യാഥാർഥ്യമാക്കാനായില്ല.

ഇസ്ലാമിക് റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്ന് പാർലമെന്ററി ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റും പ്രസിഡന്റ് ബനിസാദറും തമ്മിലുള്ള അഭിപ്രായഭിന്നതകൾ രൂക്ഷമായി. ഇത് രാജ്യത്തെ രാഷ്ട്രീയാന്തരീക്ഷമാകെ കലുഷിതമാകുന്നതിനിടയാക്കി. ഇറാൻ–ഇറാഖ് യുദ്ധം സൃഷ്ടിച്ച സവിശേഷ സാഹചര്യവും ഇടതുപക്ഷത്തിന്റെ പിശകുകളും മുതലെടുത്ത് വലതുപക്ഷ പിന്തിരിപ്പൻ ശക്തികൾ ഭരണസംവിധാനത്തിലും സമൂഹത്തിലും തങ്ങളുടെ സ്വാധീനം ഉറപ്പിച്ചു.

1981ൽ പ്രസിഡന്റ് ബനിസാദറിനെ പുറത്താക്കാൻ പാർലമെന്റ് പ്രമേയം പാസാക്കി; ഈ തീരുമാനത്തിന് ഖൊമെയ്നിയുടെ അംഗീകാരവുമുണ്ടായിരുന്നു. ഇതേത്തുടർന്ന് ബനിസാദറിന്റെ പിന്തുണയോടെ പീപ്പിൾസ് മുജാഹിദീൻ ഓർഗനെെസേഷൻ സർക്കാരിനെതിരെ സായുധ കലാപം ആരംഭിച്ചു. ഇത് ഇറാനിലെ രാഷ്ട്രീയ സാഹചര്യം വഷളാകുന്നതിനിടയാക്കി; സർക്കാർ ഇറാനിലുടനീളം കടുത്ത മർദന നടപടികൾ അഴിച്ചുവിട്ടു. ആയിരക്കണക്കിന് യുവ പ്രക്ഷോഭകാരികൾ അറസ്റ്റു ചെയ്യപ്പെടുകയും അർധസെെനിക സ്വഭാവമുള്ള ട്രിബ്യൂണൽ അവരെ വധിക്കുകയും ചെയ്തു. സർക്കാരിൽ തന്നെയുള്ള പുരോഗമനവാദികളായ ഒട്ടേറെ വ്യക്തികളാണ് ഇങ്ങനെ കൊല ചെയ്യപ്പെട്ടത്. എന്നാൽ പുറത്താക്കപ്പെട്ട പ്രസിഡന്റ് ബനിസാദർ വിദേശത്തേക്ക് രക്ഷപ്പെടുകയും ഗവൺമെന്റിൽ പുരോഹിതവിഭാഗം പിടിമുറുക്കുകയും ചെയ്തതോടെ സേ-്വച്ഛാധിപത്യവാഴ്ചയിൻകീഴിലായി ഇറാൻ.

ഈ ഘട്ടത്തിൽ 1981ന്റെ തുടക്കത്തിൽ ട്യൂഡെ പാർട്ടി പതിനേഴാമത് പ്ലീനം ചേർന്നു. ദൗർഭാഗ്യകരമെന്നു പറയട്ടെ, ഈ പ്ലീനത്തിന് രാജ്യത്തെ യഥാർഥ സാഹചര്യം, മാറിവരുന്ന രാഷ്ട്രീയ സാഹചര്യം വിശകലനം ചെയ്യാനോ അതു മുറിച്ചുകടന്ന് മുന്നോട്ടുപോകാനുള്ള സാധ്യതകൾ കണ്ടെത്താനോ കഴിഞ്ഞില്ല. ഖൊമെയ്നിയുടെയും അനുയായികളുടെയും കടുത്ത കമ്യൂണിസ്റ്റു വിരുദ്ധ സമീപനത്തെ അവഗണിച്ച പാർട്ടി ഖൊമെയ്നിയും ഭരണവർഗത്തിലെ ഇതരവിഭാഗങ്ങളും തമ്മിലുള്ള വെെരുദ്ധ്യങ്ങളെ പെരുപ്പിച്ചുകണ്ടു. തെറ്റായ രാഷ്ട്രീയ ധാരണകളും അതിനെ അടിസ്ഥാനമാക്കിയുള്ള സംഘടനാനയങ്ങളും 1983ന്റെ തുടക്കത്തിൽ ഭരണകൂടം അഴിച്ചുവിട്ട രൂക്ഷമായ കടന്നാക്രമണത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാവാത്ത അവസ്ഥയിൽ പാർട്ടിയെ എത്തിച്ചു.

കടുത്ത കടന്നാക്രമണങ്ങളുടെ കാലം
പീപ്പിൾസ് മുജാഹിദീൻ സംഘടനയെയും മറ്റിടതുപക്ഷ വിഭാഗങ്ങളെയും അടിച്ചമർത്തിക്കഴിഞ്ഞതോടെ പിന്തിരിപ്പൻ ശക്തികൾക്ക് വിപ്ലവത്തിലൂടെ കെെവരിച്ച നേട്ടങ്ങളാകെ റദ്ദുചെയ്യാൻ തടസ്സമായി നിന്നത് ട്യൂഡെ പാർട്ടിയും ഓർഗനെെസേഷൻ ഓഫ് ഇറാനിയൻ പീപ്പിൾസ് ഫദയ്യാനും (Fadaian) മാത്രമായി. ഇറാൻ തൊഴിൽ വകുപ്പുമന്ത്രി അഹമദ് താവക്കോളി (Ahmad Tavakoli) കൊണ്ടുവന്ന പിന്തിരിപ്പൻ ലേബർ കോഡിനെ ട്യൂഡെ പാർട്ടി ശക്തമായി എതിർത്തതും ഇറാൻ –ഇറാഖ് യുദ്ധം തുടരുന്നതിനെതിരായ പാർട്ടിയുടെ തത്ത്വാധിഷ്ഠിതമായ നയവും പിന്തിരിപ്പന്മാർ പാർട്ടിക്കെതിരെ കൂടുതൽ രൂക്ഷമായ ആക്രമണമഴിച്ചുവിടുന്നതിനിടയാക്കി. ഇറാഖിസേന പിടിച്ചെടുത്ത ദക്ഷിണ ഇറാനിലെ പ്രദേശങ്ങൾ തിരിച്ചുപിടിച്ച ശേഷവും ഖൊമെയ്നി ‘‘യുദ്ധം, വിജയം വരെ യുദ്ധം’’ എന്ന മുദ്രാവാക്യമുയർത്തി ഉറച്ചുനിൽക്കുകയായിരുന്നു; ഈ ഘട്ടത്തിൽ സമാധാനം സ്ഥാപിക്കാനായി കൂടിയാലോചന നടത്തണമെന്നും അതനുസരിച്ച് ഇറാൻ നയം മാറ്റത്തിനു തയ്യാറാകണമെന്നും ട്യൂഡെ പാർട്ടി പ്രഖ്യാപിച്ചു. ജനങ്ങൾക്ക് സ്വീകാര്യമായ ട്യൂഡെ പാർട്ടിയുടെ ഈ നയവും പാർട്ടിയുടെ പ്രവർത്തനങ്ങളും പിന്തിരിപ്പന്മാരെ കൂടുതൽ അലോസരപ്പെടുത്തി.

ഖൊമെയ്നിയുടെ അനുഗ്രഹാശ്ശിസുകളോടെയും ബ്രിട്ടന്റെയും അമേരിക്കയുടെയും തുർക്കിയുടെയും പാകിസ്താന്റെയും ഇസ്രയേലിന്റെയും രഹസ്യാനേ-്വഷണ ഏജൻസികളുടെ (ചാര സംഘടനകളുടെ) അകമഴിഞ്ഞ സഹായത്തോടെയും ട്യൂഡെ പാർട്ടിക്കെതിരെ ഇറാൻ ഗവൺമെന്റ് ഭീകരമായ ആക്രമണമഴിച്ചുവിട്ടു. 1982 ഫെബ്രുവരി 6ന് ട്യൂഡെ പാർട്ടി നേതൃത്വത്തിൽ ഒരു വിഭാഗത്തെ ‘‘ചാര പ്രവർത്തനം’’ നടത്തിയെന്നാരോപിച്ച് തുറുങ്കിലടച്ചു. തുടർന്ന് നിരന്തരം നടത്തിയ ആക്രമണങ്ങളിലൂടെ ഗവൺമെന്റ് പതിനായിരത്തിലധികം പാർട്ടി അംഗങ്ങളെയും കാഡർമാരെയും അനുഭാവികളെയും അറസ്റ്റു ചെയ്തു; ഒടുവിൽ പാർട്ടിയെ തന്നെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുകയും ചെയ്തു. ട്യൂഡെ പാർട്ടിയെ എന്നെന്നേക്കുമായി കുഴിച്ചുമൂടുന്നതിൽ തങ്ങൾ വിജയിച്ചുവെന്ന് ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കിലെ സേ-്വച്ഛാധിപത്യ ഭരണാധികാരികൾ പെരുമ്പറ കൊട്ടി ഉദ്ഘോഷിച്ചു. എഴുപതുകഴിഞ്ഞ ചില പാർട്ടി നേതാക്കളെ ശാരീരികവും മാനസികവുമായ പീഡനമേൽപ്പിച്ച് കടുത്ത സമ്മർദത്തിലാക്കി ടെലിവിഷനു മുന്നിലെത്തിച്ച് കുറ്റസമ്മതം നടത്തിച്ചായിരുന്നു ട്യൂഡെ പാർട്ടിക്കെതിരായ സംഘടിത പ്രചരണയുദ്ധം ഇറാനിലെ ഭരണവർഗം നടത്തിയത്.

ഈ കടുത്ത കടന്നാക്രമണങ്ങളെ തുടർന്ന് കുറേക്കാലം പാർട്ടിക്ക് വലിയ പ്രയാസങ്ങളും പ്രതിസന്ധികളും നേരിടേണ്ടതായി വന്നു; പാർട്ടിയുടെ സംഘടനാ സംവിധാനമാകെ തകർന്നു. നിരവധി കാഡർമാരും മെമ്പർമാരും വിദേശരാജ്യങ്ങളിലേക്ക് ചേക്കേറാൻ നിർബന്ധിതരായി. പിന്തിരിപ്പന്മാരിൽനിന്നും സാമ്രാജ്യത്വശക്തികളിൽനിന്നും നിരന്തരം കടന്നാക്രമണങ്ങളുണ്ടായിട്ടും ആ ഇരുണ്ട കാലം അധിക നാൾ നീണ്ടുനിന്നില്ല.

1984 ഡിസംബറിൽ പാർട്ടി 18–ാം പ്ലീനം നടത്തുകയും രാജ്യത്തിനകത്തും പുറത്തുമുള്ള പാർട്ടിയെ പുനഃസംഘടിപ്പിക്കാനുള്ള ചുവടുവയ്പുകൾക്ക് തുടക്കംകുറിക്കുകയും ചെയ്തു. ഈ വസ്തുത ഒടുവിൽ പിന്തിരിപ്പന്മാർക്കും അംഗീകരിക്കേണ്ടതായി വന്നു. പാർട്ടിയുടെ 18–ാം പ്ലീനം, പാർട്ടിക്കുനേരെയുള്ള ആക്രമണത്തിന്റെ ഒന്നാം വാർഷികവേളയിൽ നടന്നതിനെ തുടർന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ജുഡീഷ്യൽ സംവിധാനത്തിന്റെ തലവൻ മൗസാവി ആർദേബിലി (Moussavi Ardebili) വിദേശ മാധ്യമപ്രവർത്തകർക്കനുവദിച്ച ഒരഭിമുഖത്തിൽ തുറന്നു സമ്മതിച്ചത്, ട്യൂഡെ പാർട്ടിയുമായുള്ള ഏറ്റുമുട്ടൽ അത്ര എളുപ്പമായിരുന്നില്ലെന്നാണ്. ‘‘ഇറാനിലെ ട്യൂഡെ പാർട്ടിക്ക് രാജ്യത്ത് നാൽപ്പതിലേറെ വർഷത്തെ പഴക്കമുള്ള വേരുകളുണ്ടെന്നു നിങ്ങളറിയണം; തികച്ചും സങ്കീർണവും കാര്യക്ഷമവുമായ ഒരു സംഘടനാ സംവിധാനവും അതിനുണ്ടെ’’ന്നും അദ്ദേഹം ആ അഭിമുഖത്തിൽ തറപ്പിച്ചു പറഞ്ഞു.

പാർട്ടിയെ ഉന്മൂലനം ചെയ്യാനുള്ള ആക്രമണത്തിന്റെ ഒന്നാം ഘട്ടത്തിൽ വിജയിച്ചതിന്റെ ആവേശത്തിൽ കമ്യൂണിസ്റ്റു വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി ഭരണാധികാരികൾ പാർട്ടിയുടെ രഹസ്യസെെനിക വിഭാഗത്തിലെ 101 അംഗങ്ങളെ ‘‘വിചാരണ’’ ചെയ്യാനാരംഭിച്ചു. എന്നാൽ ഈ നീക്കങ്ങളും പരാജയപ്പെട്ടതായാണ് മാധ്യമങ്ങളിൽ വന്ന സെൻസർ ചെയ്യപ്പെട്ട വാർത്തകൾപോലും സൂചിപ്പിക്കുന്നത്. ‘‘കുറ്റാരോപിതരായ’’ സഖാക്കളിൽ മഹാഭൂരിപക്ഷം പേരും തങ്ങൾക്കെതിരെ ചുമത്തപ്പെട്ട ചാരപ്രവർത്തനം നടത്തിയെന്ന ആരോപണം നിഷേധിക്കുകയും തങ്ങളുടെ രാഷ്ട്രീയ വിശ്വാസത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്തു.

‘‘വിചാരണ’’യിൽ തങ്ങൾക്ക് പരാജയം സംഭവിച്ചതിലുള്ള പ്രതികാരം ഭരണാധികാരികൾ തീർത്തത് ധീരന്മാരായ പത്ത് സഖാക്കൾക്ക് വധശിക്ഷ വിധിച്ചുകൊണ്ടും ബാക്കിയുള്ളവർക്ക് 700 വർഷത്തിലേറെ നീണ്ട ജയിൽ ശിക്ഷ വിധിച്ചുകൊണ്ടുമാണ്. അഡ്മിറൽ ബഹ്റാം അഫ്സലി (Bahram Afzali– നേവിയുടെ ചീഫ് കമാൻഡർ) ‘‘ഖൊറാം ഷനർ കീഴടക്കിയയാൾ’’ എന്നറിയപ്പെടുന്ന ബിഗാൻ ഖബീരി (Bigan Kabiri), ഹസ്സൻ അസർഫാർ (Hassan Azarfar), അബൊൾഫസൽ ബഹ്റാമി നെജാദ് (Abolfazl Bahrami Nejad), ഷാറൂഖ് ജഹാൻഗിരി (Shahrokh Jahangiri), മൊഹമ്മദ് ബഹ്റാമി നെജാദ്, ഫർസാദ് ഫാർജാദ് (Farzad Farjad) എന്നീ സഖാക്കളുടെ വധശിക്ഷ നടപ്പാക്കി; അവർ പ്രകടിപ്പിച്ച ഇച്ഛാശക്തി ധീരോദാത്തരായ ഈ കമ്യൂണിസ്റ്റുകാരുടെ ചെറുത്തുനിൽപ്പിന്റെയും മനോവീര്യത്തിന്റെയും വ്യക്തമായ തെളിവാണ്.

പാർട്ടിയെയും സെെനികവിഭാഗത്തെയും ബന്ധിപ്പിച്ച മുഖ്യകണ്ണിയായി പ്രവർത്തിച്ച സഖാവ് ഷാറൂഖ് ജഹാൻഗിരി മരണപത്രത്തിൽ ഇങ്ങനെ കുറിച്ചു: ‘‘ഞാനും മറ്റ് 9 സഖാക്കളും ഇപ്പോൾ സന്തുഷ്ടരാണ്; ഞങ്ങൾ ചിരിക്കുകയാണ്. സ്വാതന്ത്ര്യത്തിനായുള്ള ഞങ്ങളുടെ രക്തസാക്ഷിത്വത്തിലേക്ക് പാട്ടും പാടിയാണ് ഞങ്ങൾ നടന്നടുക്കുന്നത്. ’’ അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പാക്കിയതിന്റെ അടുത്ത ദിവസം ഇറാനിലുടനീളം ഇൗ വാക്കുകൾ അച്ചടിച്ച് വിതരണം ചെയ്തു. സഖാവ് ഫസദ് ഫർജാദ് എഴുതിയതിങ്ങനെ : ‘‘ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം പാർട്ടിക്കൊപ്പം തന്നെയായിരിക്കും.’’

രാഷ്ട്രീയ തടവുകാരുടെ കൂട്ടക്കൊല
വലിയ തോതിലുള്ള ആൾനാശത്തിനും സാമ്പത്തികനഷ്ടങ്ങൾക്കും ഇടയാക്കിയ ഇറാൻ–ഇറാഖ് യുദ്ധം തുടർന്നത് ഇറാൻ ഭരണാധികാരികളുടെ സ്ഥിതി ദുർബലമാക്കി. സദ്ദാം ഹുസെെനെ അധികാരത്തിൽനിന്നും പുറത്താക്കുംവരെ യുദ്ധം തുടരാനുള്ള ഇറാൻ സർക്കാരിന്റെ നീക്കത്തിനിടയിൽ തുടർച്ചയായി നേരിട്ട സെെനിക പരാജയങ്ങൾ ഖൊമെെനിയുടെ പിടി അയഞ്ഞുതുടങ്ങുന്നതിനിടയാക്കി. വലിയ തകർച്ച മുന്നിൽ കണ്ട ഖൊമെെനി രാജ്യത്താകെ അടിച്ചമർത്തലുകളും ഭീകരവാഴ്ചയും അഴിച്ചുവിട്ടു; രാഷ്ട്രീയതടവുകാരെ കൂട്ടത്തോടെ കൊലപ്പെടുത്താൻ ഉത്തരവിട്ടു.

2024 ൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റയ്സി ഉൾപ്പെടെയുള്ള ഖൊമെയ്നിയുടെ പ്രതിനിധികളടങ്ങിയ ഒരു കമ്മിറ്റി ഇറാനിലെ ജയിലുകൾ സന്ദർശിച്ചു. അവർ ആ ജയിലുകളിൽ അടയ്ക്കപ്പെട്ടിരുന്ന ആയിരക്കണക്കായ രാഷ്ട്രീയ തടവുകാരെ വിചാരണ പ്രഹസനം നടത്തി വധശിക്ഷക്ക് വിധിച്ചു. അങ്ങനെ ജയിലുകളിൽ കൊലപ്പെടുത്തപ്പെട്ട തടവുകാരുടെ കൃത്യമായ എണ്ണം ഇപ്പോഴും അജ്ഞാതമാണ്. ആംനെസ്റ്റി ഇന്റർനാഷണൽപോലെയുള്ള മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ടു ചെയ്യുന്നത് വിവിധ രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലും പെട്ട അയ്യായിരത്തിലധികം തടവുകാരെ ഇങ്ങനെ വധിച്ചുവെന്നാണ്. ഇങ്ങനെ വധിക്കപ്പെട്ടവരിൽ ട്യൂഡെ പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയിലെയും പൊളിറ്റ് ബ്യൂറോയിലെയും 38 അംഗങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് കാഡർമാരും മെമ്പർമാരും ഉൾപ്പെടുന്നു. ഇത് പാർട്ടിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായി; നാൽപ്പതിലേറെ വർഷങ്ങളിലെ വിപ്ലവ പോരാട്ടങ്ങളുടെ അനുഭവസമ്പത്തുള്ള, തിളക്കമാർന്ന ഒരു നേതൃനിരയും വലിയൊരു വിഭാഗം കാഡർമാരുമാണ് പാർട്ടിക്ക് നഷ്ടപ്പെട്ടത്. ഇങ്ങനെ വധിക്കപ്പെട്ട പാർട്ടി നേതാക്കളിൽ ഷാ ഭരണകാലത്ത് 25 വർഷത്തിലധികം ജയിൽവാസം നേരിട്ടിരുന്ന, ഷാ ഭരണത്തിനെതിരായ പോരാട്ടത്തിൽ വലിയ പങ്കുവഹിച്ച 5 പൊളിറ്റ് ബ്യൂറോ അംഗങ്ങളും ഉൾപ്പെട്ടിരുന്നു.

ഇറാനിൽ ഖൊമെെനി വാഴ്ചയിൽ നടന്ന ഈ കൂട്ടക്കൊല ലോകത്തെയാകെ ഞെട്ടിച്ചു. ലോക രാജ്യങ്ങളാകെ അപലപിച്ചു. ഖൊമെെനിയുടെ മരണത്തിനുമുൻപ് നടത്തിയ അവസാനത്തെ കൊടുംകുറ്റകൃത്യമായിരുന്നു ജയിലറകളിലെ ഈ കൂട്ടക്കൊല.

പോരാട്ടം തുടരുന്നു
1991 ഒക്ടോബർ ഒന്നിന് ട്യൂഡെ പാർട്ടി 50–ാം വാർഷികം ആഘോഷിച്ചു. ഒട്ടേറെ പ്രയാസങ്ങൾക്കിടയിൽ തന്നെ 1992 ഫെബ്രുവരിയിൽ മൂന്നാം പാർട്ടി കോൺഗ്രസ് നടത്തി. 1948ൽ ടന്ന രണ്ടാം പാർട്ടി കോൺഗ്രസിനു ശേഷം, 43 വർഷം കഴിഞ്ഞാണ് ട്യൂഡെ പാർട്ടിയുടെ മൂന്നാം കോൺഗ്രസ് ചേർന്നത്.

സോഷ്യലിസത്തിന്റെ അന്ത്യമായിയെന്നും മാർക്സിസം–ലെനിനിസം പരാജയപ്പെട്ട പ്രത്യയശാസ്ത്രമായിയെന്നും സോവിയറ്റ് യൂണിയന്റെ തകർച്ചയെതുടർന്ന് സാമ്രാജ്യത്വ മാധ്യമങ്ങൾ ആഘോഷിച്ചുകൊണ്ടിരിക്കെയാണ് ട്യൂഡെ പാർട്ടിയുടെ മൂന്നാം കോൺഗ്രസ് ചേർന്നത്. ഈ പ്രചാരണത്തിനുകീഴടങ്ങി പല കമ്യൂണിസ്റ്റുപാർട്ടികളും പേരും പരിപാടിയും കൊടിയുടെ നിറവും മാറ്റിയ ഘട്ടത്തിൽ ചേർന്ന ട്യൂഡെ പാർട്ടിയുടെ മൂന്നാം കോൺഗ്രസ് അതിന്റെ ചരിത്രത്തിലെ നിർണായകമായ വഴിത്തിരിവായി.

പരിപാടിയും ഭരണഘടനയും അംഗീകരിച്ച പാർട്ടി കോൺഗ്രസ് മാർക്സിസ്റ്റ്–ലെനിനിസ്റ്റ് കാഴ്ചപ്പാടിൽ ഉറച്ചുനിന്നു; തൊഴിലാളിവർഗ വിപ്ലവത്തിന്റെ രക്തപതാക ഉയർത്തിപ്പിടിച്ചു. ട്യൂഡെ പാർട്ടിയുടെ രാഷ്ട്രീയവും സംഘടനാപരവുമായ പുനഃസംഘടിപ്പിക്കലായിരുന്നു ചരിത്രപ്രധാനമായ ഈ മൂന്നാം കോൺഗ്രസ്സിൽ നടന്നത്. മൂന്നാം കോൺഗ്രസ് അംഗീകരിച്ച നയം വിജയകരമായി പിന്തുടരുകയാണ് ട്യൂഡെ പാർട്ടി ഇപ്പോഴും. 2022 ജൂണിൽ ചേർന്ന ഏഴാം കോൺഗ്രസ്, ഖവാരി (Khavari) കോൺഗ്രസ്, ഈ രാഷ്ട്രീയ നയം ആവർത്തിച്ചുറപ്പിക്കുകയാണുണ്ടായത്.

ഏഴാം കോൺഗ്രസിൽ സെൻട്രൽ കമ്മിറ്റി അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കപ്പെട്ടതുപോലെ, 1979ലെ ഇറാൻ വിപ്ലവത്തിനുശേഷമുള്ള നാല് ദശകത്തിലേറെക്കാലത്ത് ട്യൂഡെ പാർട്ടി ഇറാൻ ഭരണവർഗത്തിന്റെ ഭാഗത്തുനിന്നുള്ള ഒട്ടേറെ കടന്നാക്രമണങ്ങൾ നേരിട്ടാണ് മുന്നോട്ടുപോയത്. പാർട്ടിയുടെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ അടിത്തറയിൽ വിള്ളലുണ്ടാക്കാനും ഭിന്നിപ്പുണ്ടാക്കാനും പിന്തിരിപ്പന്മാരുടെ പിണിയാളുകൾ നടത്തിയ നീക്കങ്ങളെ അതിജീവിക്കാനും പാർട്ടിക്ക് കഴിഞ്ഞു.

2022 സെപ്തംബറിൽ ഇറാനിലെ നൂറുകണക്കിന് നഗരങ്ങളിൽ നടന്ന, ഇറാൻ ഭരണാധികാരികളെ പിടിച്ചുകുലുക്കിയ ജനകീയ പ്രക്ഷോഭത്തിൽ, ‘‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’’ എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ പ്രക്ഷോഭത്തിൽ ട്യൂഡെ പാർട്ടി സജീവമായി പങ്കെടുത്തു. സ്വാതന്ത്ര്യത്തിനുവേണ്ടി തെരുവിലിറങ്ങിയ ആയിരക്കണക്കിന് ചെറുപ്പക്കാരെയും സ്ത്രീകളെയും ജയിലിലടച്ചും കൊലപ്പെടുത്തിയും അടിച്ചമർത്താൻ നടത്തുന്ന നീക്കങ്ങളെയെല്ലാം അതിജീവിച്ചാണ് ഇറാൻ ജനത പോരാട്ടങ്ങളുടെ പാതയിലൂടെ മുന്നേറുന്നത്. ചെറുപ്പക്കാരുടെയും സ്ത്രീകളുടെയും പ്രതിഷേധങ്ങൾക്കുപുറമേ തൊഴിലാളികളുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും കരാർ തൊഴിലാളികളുടെയും വിവിധ സമരങ്ങളും തുടരുകയാണ്. ആയത്തൊള്ളമാരുടെ സേ-്വ ച്ഛാധിപത്യ, മതാധിപത്യവാഴ്ചയ്ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാടുയർത്തിപ്പിടിച്ച് ജനാധിപത്യശക്തികളുടെ പോരാട്ടങ്ങളിൽ സജീവ സാന്നിധ്യമായി ട്യൂഡെ പാർട്ടി മുന്നോട്ടുതന്നെ.

ഇറാനിലെ പിന്തിരിപ്പൻ സേ-്വച്ഛാധിപത്യ വാഴ്ചയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുമ്പോഴും സാമ്രാജ്യത്വവും ഇസ്രയേലിലെ സിയോണിസ്റ്റു ഭരണകൂടവും ഇറാനെ കീഴ്പ്പെടുത്താൻ 2025 ജൂണിൽ നടത്തിയ യുദ്ധത്തിനെതിരെ ശക്തമായ സാമ്രാജ്യത്വ വിരുദ്ധ നിലപാടാണ് ട്യൂഡെ പാർട്ടി ഉയർത്തിപ്പിടിച്ചത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − 13 =

Most Popular