നമ്മുടെ സംസ്ഥാനം ഇന്നു നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളില്‍ ഒന്നാണ് വന്യമൃഗ ആക്രമണം. കാടും നാടും തമ്മിലുള്ള അതിരുകള്‍ മായ്ച്ചുകൊണ്ടുള്ള വന്യജീവികളുടെ സഞ്ചാരം ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്.
നമ്മുടെ സംസ്ഥാനത്ത് വന്യമൃഗ ആക്രമണം അനുഭവപ്പെടുന്ന 400 ഓളം പഞ്ചായത്തുകളുണ്ട്. ഇവയില്‍ 273 പഞ്ചായത്തുകള്‍ ഈ പ്രശ്‌നം കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങളാണ്. അതില്‍ത്തന്നെ മുപ്പതോളം പഞ്ചായത്തുകളില്‍ തീവ്രമായ വന്യജീവി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് ഏതുവിധേനയും പരിഹരിച്ചേ മതിയാകൂ എന്ന ചിന്തയില്‍ നിന്നാണ് തീവ്രയജ്ഞ പരിപാടിക്ക് രൂപം നല്‍കിയത്. 45 ദിവസം നീണ്ടുനില്‍ക്കുന്ന ഈ പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ഓരോ ഘട്ടത്തിനും 15 ദിവസം വീതമാണ് കാലാവധി.
ഒന്നാം ഘട്ടത്തില്‍ കേരളത്തിന്റെ മലയോര മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും വനംവകുപ്പിന്റെ ഹെല്‍പ്-ഡെസ്‌കുകള്‍ ആരംഭിക്കും. അവിടെ വകുപ്പ് ഉദ്യോഗസ്ഥര്‍ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ സഹായത്തോടെ ഈ വിഷയത്തില്‍ പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ കണ്ടെത്തും. പ്രാദേശിക പ്രതിവിധികള്‍ ആവശ്യമുള്ള പ്രശ്‌നങ്ങള്‍ക്ക് അവിടെതന്നെ ഉടനടി പരിഹാരമുണ്ടാകും.
ജില്ലാതലത്തില്‍ പരിഹരിക്കേണ്ട വിഷയങ്ങളാണ് രണ്ടാം ഘട്ടത്തില്‍ പരിശോധിക്കുക. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടു കൂടിയാകും ഇത് നടത്തുക. എംഎല്‍എമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ ഇതില്‍ പങ്കാളികളാവും.
മൂന്നാം ഘട്ടത്തിലാണ് സംസ്ഥാനതലത്തില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ട കൂടുതല്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിശോധിക്കുക. വനവും വന്യജീവികളുമായി ബന്ധപ്പെട്ട വിഷയങ്ങളായതിനാല്‍ എല്ലാ പ്രശ്‌നവും സംസ്ഥാനതലത്തില്‍ തന്നെ പരിഹരിക്കാന്‍ സാധിച്ചുവെന്ന് വരില്ല. സംസ്ഥാനതലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയില്‍ കൊണ്ടുവരും. ഓരോ ഘട്ടവും സമയബന്ധിതമായിതന്നെ പൂര്‍ത്തിയാക്കുകയും ചെയ്യും.
കേരളത്തിലെ വന്യജീവി ആക്രമണങ്ങള്‍ക്കു പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ട്. അധിനിവേശ സ്വഭാവമുള്ള സസ്യജാലങ്ങളുടെ വ്യാപനം മൂലം വനങ്ങള്‍ക്കുള്ളിലെ സ്വാഭാവിക ആവാസവ്യവസ്ഥ തകരുന്നതാണ് ഇവയില്‍ ഏറെ പ്രധാനം. ഇതുമൂലം വനാതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് ഭക്ഷണം തേടി പോകാന്‍ വന്യമൃഗങ്ങള്‍ നിര്‍ബന്ധിതരാകുന്നു. വന്യജീവികള്‍ക്ക് ഭക്ഷണവും സുരക്ഷയും നല്‍കുന്ന പുല്‍മേടുകള്‍ നശിക്കുന്നതും, വനാതിര്‍ത്തികളിലെ സ്വകാര്യ എസ്റ്റേറ്റുകളില്‍ പരിപാലനമില്ലാതെ കൃഷി നടക്കുന്നതും വന്യമൃഗങ്ങളെ നാട്ടിലിറങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
ആക്രമണകാരികളായ പ്രധാന വന്യജീവികള്‍ ആന, കാട്ടുപന്നി, നാടന്‍ കുരങ്ങ്, കടുവ, പുള്ളിപ്പുലി മുതലായവയാണ്. മ്ലാവ്, കാട്ടുപോത്ത്, പുള്ളിമാന്‍ എന്നിവ വിളനശീകരണത്തിന് കാരണമാകുന്നു. മറ്റൊരു പ്രധാന ഭീഷണി വിഷപ്പാമ്പുകളാണ്. കഴിഞ്ഞ ഒമ്പതു വര്‍ഷക്കാലയളവില്‍ വന്യജീവി ആക്രമണംമൂലം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 884 മരണങ്ങളില്‍ 594 എണ്ണവും വനത്തിനു പുറത്തുവെച്ച് പാമ്പുകടിയേറ്റതിന്റെ ഫലമായുണ്ടായതാണ്. ഇങ്ങനെ പലതരം ഭീഷണികള്‍ നമ്മുടെ ജനങ്ങള്‍ നേരിടുന്നുണ്ട്.
ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ്, ഇവയെ നേരിടുന്നതിനായി അതീവ ഗൗരവമായ ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നത്. കഴിഞ്ഞ വര്‍ഷം വന്യജീവി ആക്രമണത്തെ സംസ്ഥാനം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. ജനവാസ മേഖലയോടു ചേര്‍ന്ന വനാതിര്‍ത്തികളില്‍ സോളാര്‍ വേലികള്‍ സ്ഥാപിച്ചു. വിവിധ കാരണങ്ങളാല്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത സോളാര്‍വേലികള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാക്കി. അതിനായി നടത്തിയ തീവ്രയജ്ഞ പരിപാടി വഴി നാളിതുവരെ 1,954 കിലോമീറ്റര്‍ സോളാര്‍ ഫെന്‍സിംഗ് പ്രവര്‍ത്തനക്ഷമമാക്കി. 794 കിലോമീറ്റര്‍ നീളത്തില്‍ പുതുതായി സോളാര്‍ ഫെന്‍സിംഗിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. വന്യമൃഗങ്ങള്‍ക്ക് സ്വാഭാവികമായ ആവാസവ്യവസ്ഥയില്‍ ജല-ഭക്ഷണ ലഭ്യത ഉറപ്പാക്കാന്‍ വനത്തിനുള്ളിലുള്ള കുളങ്ങളും മറ്റു ജലസംഭരണികളും നവീകരിച്ചു. അധിനിവേശ കളസസ്യങ്ങളെ ഉന്മൂലനം ചെയ്ത് ഫലവൃക്ഷ വ്യാപനവും പ്രോത്സാഹിപ്പിച്ചു.
വന്യജീവി സംഘര്‍ഷ നിവാരണത്തിനായി പുതുതായി 9 റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനു (ആര്‍ ആര്‍ ടി) കൂടി രൂപം നല്‍കി. ഇതോടെ സംസ്ഥാനത്ത് ആര്‍ ആര്‍ ടി സേനകളുടെ എണ്ണം 28 ആയി. ഇതിനുപുറമെ ഫോറസ്റ്റ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സാറ്റ്ലൈറ്റ് ആര്‍ ആര്‍ ടികളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഭൂപ്രകൃതി, ഭൂവിനിയോഗം, വന്യജീവി ആക്രമണത്തിന്റെ രീതിയും തോതും, ജനവാസമേഖലകള്‍, കാര്‍ഷികമേഖലകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വന്യജീവി സംഘര്‍ഷബാധിത പ്രദേശങ്ങളെ 12 ലാന്‍ഡ്‌സ്‌കേപ്പുകളായി തരംതിരിച്ചിട്ടുണ്ട്. ഓരോ ലാന്‍ഡ്‌സ്‌കേപ്പിനും പ്രത്യേകം പദ്ധതികളും തയ്യാറാക്കി. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകളും പരിശോധനകളും നടന്നുവരികയാണ്. അതുകൂടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് സംസ്ഥാന മനുഷ്യ-–വന്യമൃഗ സംഘര്‍ഷ ലഘൂകരണ നയം പ്രഖ്യാപിക്കും.
കേരളത്തിലെ നാടന്‍ കുരങ്ങുകളെ നിയമാനുസൃതം നിയന്ത്രിക്കുന്നതിന് അവയെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റ ഷെഡ്യൂള്‍ 1 ല്‍ നിന്നും 2 ലേക്ക് മാറ്റുന്നതിനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. മാത്രമല്ല, ജനവാസമേഖലകളില്‍ ഇവയുടെ വംശവര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനായി ജനന നിയന്ത്രണം ഉള്‍പ്പെടെയുള്ള കര്‍മ്മപദ്ധതി തയ്യാറാക്കി. മനുഷ്യജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന കാട്ടുപന്നികളെ നേരിടുന്നതിന് പഞ്ചായത്തുകള്‍ക്കുള്ള അധികാരം ഒരു വര്‍ഷത്തേക്കൂടി ദീര്‍ഘിപ്പിച്ചു.
ആക്രമണത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാര വിതരണം തീര്‍ത്തും കാര്യക്ഷമമാക്കി. വന്യജീവി ആക്രമണത്തിനിരയായി മരണമടയുന്നവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക 10 ലക്ഷം രൂപയായി ഉയര്‍ത്തി. മാത്രമല്ല, വനത്തിനു പുറത്ത് പാമ്പുകടിയേറ്റോ, തേനീച്ച, കടന്നല്‍ എന്നിവയുടെ കുത്തേറ്റോ സംഭവിക്കുന്ന ജീവഹാനിക്കുള്ള നഷ്ടപരിഹാര തുക ഇരട്ടിയായും വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ, വന്യജീവി ആക്രമണങ്ങളില്‍ ജീവഹാനി സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരമായി 79.14 കോടി രൂപയാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണങ്ങള്‍മൂലമുള്ള അപകടങ്ങളില്‍പ്പെട്ടവരില്‍ പത്ത് ശതമാനത്തിനു മാത്രമാണ് നഷ്ടപരിഹാരം വിതരണം ചെയ്തത്. എന്നാല്‍ 2023-–24 കാലഘട്ടമായപ്പോഴേക്കും ഇതുമായി ബന്ധപ്പെട്ട അപേക്ഷകരില്‍ 95 ശതമാനത്തിനും നഷ്ടപരിഹാരം വിതരണം ചെയ്തു. ഇതിനായി കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍നിന്ന് വളരെ തുച്ഛമായ തുകയാണ് കേരളത്തിനു ലഭിക്കുന്നത്. ഇത് വര്‍ദ്ധിപ്പിക്കണമെന്ന അഭ്യര്‍ത്ഥന കേന്ദ്രസര്‍ക്കാരിനു മുന്നില്‍ വച്ചുവെങ്കിലും നാളിതുവരെ അനുകൂല സമീപനങ്ങള്‍ ഉണ്ടായിട്ടില്ല. എന്നിരിക്കിലും ഈ വിഷയത്തില്‍നിന്ന് പിന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല. ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 70 കോടി രൂപയാണ് വന്യജീവി ആക്രമണ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചിട്ടുള്ളത്.
ഇതില്‍ മാത്രമല്ല, ഈ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനം മുന്നോട്ടുവച്ചിട്ടുള്ള ഒരാവശ്യത്തോടും അനുകൂലമായി പ്രതികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യവും അവര്‍ തള്ളി. വനം-, വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്ന്, രണ്ട് പട്ടികകളില്‍പ്പെട്ട എല്ലാ മൃഗങ്ങളും വനത്തിനകത്തായാലും പുറത്തായാലും വന്യജീവികളാണ്. ഈ നിയമത്തില്‍ മാറ്റംവരുത്താനാകില്ലെന്നാണ് കേന്ദ്ര നിലപാട്. അപകടകാരികളായ മൃഗങ്ങളെ സംസ്ഥാന സര്‍ക്കാരിന് വെടിവച്ചുകൊല്ലാമെന്ന് പറയുമ്പോഴും നടപടിക്രമങ്ങള്‍ സങ്കീര്‍ണമാണ്.
ഇത് ലഘൂകരിക്കാനുള്ള നിയമഭേദഗതികള്‍ക്ക് കേന്ദ്രം തയ്യാറാകാത്തിടത്തോളംകാലം ഈ പ്രശ്‌നത്തിന് എങ്ങനെ ശാശ്വതപരിഹാരം കാണാനാകും? ഈ വസ്തുത മറച്ചുവെച്ച് സംസ്ഥാനത്തിനുമേല്‍ അകാരണമായി കുറ്റാരോപണം നടത്താനാണ് കേന്ദ്രസര്‍ക്കാരും കേരളത്തിലെ പ്രതിപക്ഷവും ശ്രമിക്കുന്നത്. l



