രാഷ്ട്രീയ ഇസ്ലാമിനോട് ചേർന്നുനിൽക്കുന്ന എല്ലാ ധാരകളും “ഇസ്ലാമിന്റെ വ്യതിരിക്തത’യെക്കുറിച്ച് പ്രഖ്യാപിച്ചുകൊണ്ടാണ് നിലകൊള്ളുന്നത്. അവരുടെ അഭിപ്രായത്തിൽ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും വേർപിരിയൽ എന്നത് ഇസ്ലാമിന് അന്യമായ ഒന്നാണ്. ഈ വേർപിരിയലാകട്ടെ ക്രിസ്തുമതത്തിന്റേതായ സവിശേഷതയാണെന്നും അവർ സങ്കൽപ്പിക്കുന്നു. യഥാർഥത്തിൽ, രാഷ്ട്രീയ ഇസ്ലാമിസ്‌റ്റുകൾ പുനരുൽപ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ഈയൊരു ആശയസമുച്ചയമാകട്ടെ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭഘട്ടങ്ങളിൽ യൂറോപ്യൻ പ്രതിവിപ്ലവകാരികൾ ഉൽപ്പാദിപ്പിച്ച അതേ ആശയങ്ങളുടെ ഒരു വരിപോലും തെറ്റാത്ത തനിയാവർത്തനം മാത്രമാണ്. ക്രിസ്‌ത്യൻ പാശ്ചാത്യചേരിയുടെ ചരിത്രത്തിൽ ജ്ഞാനോദയവും ഫ്രഞ്ച് വിപ്ലവവും കൊണ്ടുവന്ന വിച്ഛേദത്തെ അപഹസിക്കുന്നതിനുവേണ്ടിയായിരുന്നു യൂറോപ്യൻ പ്രതിവിപ്ലവകാരികൾ ഇത്തരത്തിലുള്ള ആശയനിലപാടുകളെ ഉൽപ്പാദിപ്പിച്ചെടുത്തിരുന്നത്.
ഈ നിലപാടിന്റെ അടിത്തറയിൽ ഉറച്ചുനിന്നുകൊണ്ട്, രാഷ്ട്രീയ ഇസ്ലാമിന്റെ എല്ലാ രൂപത്തിലുള്ള ധാരകളും, സംസ്കാരത്തിന്റെ മേഖലയിലാണ് തങ്ങളുടെ പോരാട്ടങ്ങളെ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ “സംസ്‌കാര’മെന്നത് ഒരു പ്രത്യേക മതത്തിന്റേതായ സാമ്പ്രദായിക രൂപങ്ങളോടുള്ള സമ്പൂർണ്ണ വിധേയത്വമായി ഇവിടെ വെട്ടിച്ചുരുക്കപ്പെടുന്നു.
അതുകൊണ്ടുതന്നെ, രാഷ്ട്രീയ ഇസ്ലാമിസ്‌റ്റുകൾ മതത്തിന് രൂപംകൊടുക്കുന്ന മൂഢധാരണകളെക്കുറിച്ച് സംവാദത്തിലേർപ്പെടാൻ ഒരു തരത്തിലും താൽപര്യപ്പെടുന്നില്ല. ഒരു സമുദായത്തോടുള്ള തങ്ങളുടെ വിധേയത്വത്തെ ആചാരപരമായി ഉറപ്പിച്ചെടുക്കുകയാണ് അവരുടെ പൊതുതാൽപര്യം. ആധുനിക ലോകത്തിന്റെ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഇത്തരമൊരു കാഴ്‌ചപ്പാട് രാഷ്ട്രീയ ഇസ്ലാമിന്റെ ചിന്തകളിലെ അന്തസ്സാരശൂന്യതയെ മറച്ചുപിടിക്കുക മാത്രമല്ല ചെയ്യുന്നത്; മറിച്ച്, സാമ്രാജ്യത്വ കേന്ദ്രങ്ങളും അധിനിവേശ പ്രാന്തങ്ങളും തമ്മിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത് സംസ്കാരങ്ങൾ തമ്മിലുള്ള സംഘർഷങ്ങളാണെന്ന സാമ്രാജ്യത്വതന്ത്രത്തെ അത് സാധൂകരിച്ചെടുക്കുകയും ചെയ്യുന്നു.
ജനകീയ വർഗ്ഗങ്ങളും (the popular classes) തങ്ങളെ അടിച്ചമർത്തുകയും ചൂഷണത്തിനുവിധേയമാക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന ആഗോള മുതലാളിത്ത വ്യവസ്ഥയും തമ്മിൽ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന യഥാർത്ഥത്തിലുള്ള സാമൂഹ്യമായ ഏറ്റുമുട്ടലുകളെ, സംസ്-കാരത്തിനു കൊടുക്കുന്ന ഏകപക്ഷീയമായ ഊന്നലുകളിലൂടെ, മുഖ്യധാരയിൽനിന്നും മറച്ചുപിടിക്കുകയും മായ്ച്ചുകളയുകയുമാണ് രാഷ്ട്രീയ ഇസ്ലാം യഥാർത്ഥത്തിൽ ചെയ്‌തുകൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിലുള്ള സാമൂഹ്യമായ സംഘർഷങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന മേഖലകളിലൊന്നും തന്നെ രാഷ്ട്രീയ ഇസ്ലാമിന്റെ തീവ്രവാദികളെ കാണാനാവില്ല. ഇത്തരം സാമൂഹ്യ സംഘർഷങ്ങളാകട്ടെ അപ്രധാനങ്ങളാണെന്ന് അവരുടെ നേതാക്കന്മാർ നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരം സാമൂഹ്യസംഘർഷങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഇടങ്ങളിൽ സ്‌കൂളുകളും ആരോഗ്യ ക്ലിനിക്കുകളും തുറക്കുന്നതിൽ മാത്രമാണ് ഇസ്ലാമിസ്‌റ്റുകളുടെ സാന്നിധ്യമുള്ളത്. ഇത്തരം ചാരിറ്റി പ്രവർത്തനങ്ങളാകട്ടെ രാഷ്ട്രീയ ഇസ്ലാമിന്റെ വിശ്വാസ പ്രമാണങ്ങളെ അടിച്ചേൽപ്പിക്കാനുള്ള (in-doctrination) മാർഗ്ഗങ്ങൾ മാത്രമാണെന്നും തെളിഞ്ഞിട്ടുണ്ട്.
തങ്ങളുടെ ദാരിദ്ര്യത്തിനും അരക്ഷിതാവസ്ഥകൾക്കും കാരണമായ വ്യവസ്ഥിതിക്കെതിരെ ജനകീയ വർഗ്ഗങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങളെ സഹായിക്കാനല്ല രാഷ്ട്രീയ ഇസ്ലാമിന്റെ പ്രവർത്തനങ്ങളെന്നത് വ്യക്തമാണ്.
യഥാർത്ഥ സാമൂഹ്യപ്രശ്‌നങ്ങളുടെ മണ്ഡലങ്ങളിലാകട്ടെ. ആശ്രിതത്വ മുതലാളിത്തത്തോടും അധീശത്വ സാമ്രാജ്യത്വത്തോടുമാണ് രാഷ്ട്രീയ ഇസ്ലാം ഇഴുകിച്ചേർന്നിട്ടുള്ളത്. സ്വത്തിന്റെ പരിപാവനത്വത്തെ സംബന്ധിക്കുന്ന തത്വങ്ങളുടെ സംരക്ഷകരാണ് രാഷ്ട്രീയ ഇസ്ലാമിസ്‌റ്റുകൾ. അസമത്വത്തെ അവർ നിയമവിധേയമായി കാണുന്നു. അങ്ങനെ മുതലാളിത്ത പുനരുൽപ്പാദനത്തിന്റെ എല്ലാ താൽപര്യപരിസരങ്ങളുടെയും വാഹകരായി രാഷ്ട്രീയ ഇസ്ലാമിസ്‌റ്റുകൾ മാറുന്നു. ചെറുകിട കർഷകത്തൊഴിലാളികളുടെ താൽപ്പര്യങ്ങൾക്കുവിരുദ്ധമായി സ്വത്തുടമകളുടെ താൽപ്പര്യങ്ങളെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് അടുത്തകാലത്ത് ഈജിപ്ഷ്യൻ പാർലമെന്റ് പാസ്സാക്കിയ പ്രതിവിപ്ലവ നിയമങ്ങളെ യാതൊരു സങ്കോചവും കൂടാതെ മുസ്ലീം ബ്രദർഹുഡ് പിന്താങ്ങിയത് ഒരു ഉദാഹരണമാണ്. ഇതുപോലെ നൂറുകണക്കിന് ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാവുന്നതാണ്. അതുപോലെ, ഏതെങ്കിലുമൊരു മുസ്ലീം രാഷ്ട്രം പാസ്സാക്കിയിട്ടുള്ള ഏതെങ്കിലുമൊരു പിന്തിരിപ്പൻ നയത്തെ ഇത്തരത്തിലുള്ള ഇസ്ലാമിസ്റ്റുകൾ എതിർത്തിട്ടുള്ളതിന് ഒരു ഉദാഹരണം പോലും നമുക്ക് മുന്നിലില്ല. അതിനെല്ലാമുപരിയായി, ഇത്തരം നിയമങ്ങൾ പാസ്സാക്കപ്പെട്ടതാകട്ടെ സാമ്രാജ്യത്വവ്യവസ്‌ഥയുടെ നേതാക്കന്മാരുടെ സർവ്വവിധ പിന്തുണയോടും കൂടിയായിരുന്നു. അതുകൊണ്ടുതന്നെ, രാഷ്ട്രീയ ഇസ്ലാം ഒരു തരത്തിലും സാമ്രാജ്യത്വ വിരുദ്ധമല്ല. അതിന്റെ വക്താക്കൾ മറിച്ചാണ് ചിന്തിക്കുന്നതെങ്കിലും! രാഷ്ട്രീയ ഇസ്ലാം സാമ്രാജ്യത്വത്തിന്റെ ഏറ്റവും വിലപ്പെട്ട കൂട്ടുകക്ഷികളിൽ ഒന്നാണ്. സാമ്രാജ്യത്വത്തിന് അത് നന്നായി അറിയാവുന്നതുമാണ്. സൗദി അറേബ്യയിലെയും പാകിസ്താനിലെയും ഭരണവർഗ്ഗങ്ങളെ തങ്ങളുടെ ആൾക്കാരായിട്ടാണ് രാഷ്ട്രീയ ഇസ്ലാം എല്ലായ്‌പ്പോഴും പരിഗണിച്ചിട്ടുള്ളതും. അതോടൊപ്പം,സൗദി അറേബ്യയിലെയും പാകിസ്താനിലെയും ഭരണവർഗങ്ങൾ തന്നെയാണ് രാഷ്ട്രീയ ഇസ്ലാമിന് അതിന്റെ ആരംഭം മുതൽ എല്ലാവിധ സഹായ സഹകരണങ്ങളും നൽകിക്കൊണ്ട് മുന്നിൽ നിൽക്കുന്നതും. ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന സാമ്രാജ്യത്വ ആഗോളവൽക്കരണത്തിന്റെ ഗുണഭോക്താക്കളായ പ്രാദേശിക ബൂർഷ്വാ ദല്ലാളന്മാരും അതിസമ്പന്നവർഗ്ഗങ്ങളും തന്നെയാണ് രാഷ്ട്രീയ ഇസ്ലാമിനെ അകമഴിഞ്ഞ് സഹായിച്ചുകൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ രാഷ്ട്രീയ ഇസ്ലാമിനുള്ളത് സാമ്രാജ്യത്വവിരുദ്ധ നിലപാടല്ലെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. രാഷ്ട്രീയ ഇസ്ലാമിന്റേത് പാശ്ചാത്യവിരുദ്ധ നിലപാടാണ്; ഏറിയ കൂറും അത് ” ക്രിസ്ത്യൻ – വിരുദ്ധത”യാണ്. അതുകൊണ്ടുതന്നെ, ഈയൊരു നിലപാട് , ബന്ധപ്പെട്ട സമൂഹങ്ങളെയാകമാനം മരവിപ്പിച്ചു നിറുത്തുകയും ലോകവ്യവസ്ഥയെ മൊത്തത്തിൽ ചുറ്റിപ്പിടിച്ചുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വവ്യാപനത്തിനുള്ള പ്രതിബന്ധങ്ങളെ തട്ടിനീക്കിക്കൊടുക്കുകയും ചെയ്യുന്നു.
സ്ത്രീകളുടെ സാമൂഹ്യപദവി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാഷ്ട്രീയ ഇസ്ലാമിന്റെ നിലപാടുകൾ അറുപിന്തിരിപ്പനാണെന്നു മാത്രമല്ല; മുസ്ലീം ഇതര ജനവിഭാഗങ്ങൾക്കെതിരെ മതഭ്രാന്ത് വമിപ്പിക്കുന്നതിലും അവർ മുന്നിലാണ്. ഈജിപ്തിലെ കോപ്റ്റുകൾക്കെതിരെയുള്ള മതഭ്രാന്ത് ഒരു ഉദാഹരണം മാത്രം. അതായത്, രാഷ്ട്രീയ ഇസ്ലാമിന്റെ അടിസ്‌ഥാന നിലപാടുകളെല്ലാംതന്നെ അറുപിന്തിരിപ്പനാണെന്ന് സുവ്യക്തമാണ്. അതുകൊണ്ടുതന്നെ ജനകീയ വിമോചനത്തിന്റെ പതാകയേന്തുന്ന ഒരു പ്രസ്ഥാനത്തിലും പങ്കുകൊള്ളാൻ ഇവർക്കാവില്ല.
എന്നാൽ, സാമൂഹ്യപ്രസ്ഥാനങ്ങൾ രാഷ്ട്രീയ ഇസ്ലാമിന്റെ പ്രസ്ഥാനങ്ങളുമായി സംവാദത്തിലേർപ്പെടണമെന്ന വാദം ചിലർ മുന്നോട്ടുവയ്ക്കുന്നുണ്ട്. രാഷ്ട്രീയ ഇസ്ലാമിന് വലിയ അളവിൽ ബഹുജനങ്ങളെ സംഘടിപ്പിക്കാൻ കഴിയുന്നു എന്നും അതിനെ അവഗണിക്കാനോ അപഹസിക്കാനോ കഴിയില്ല എന്നുമാണ് ഈ ന്യായവാദങ്ങളിൽ ഒന്ന്. ഇത്തരമൊരു വാദത്തെ പുനരുജ്ജീവിപ്പിക്കുന്ന ഒരുപാട് ബിംബങ്ങൾ തീർച്ചയായും നമുക്കു മുന്നിലുണ്ട്. എങ്കിലും, ഈയൊരു വാദഗതിയെ പരിപക്വമായ നിലയിൽ പരിശോധിക്കേണ്ടതുണ്ട്. രാഷ്ട്രീയ ഇസ്ലാം നേടിയിട്ടുള്ള തിരഞ്ഞെടുപ്പ് “വിജയങ്ങളുടെ’ പശ്ചാത്തലത്തിൽ ഈയൊരു പരിശോധന കൂടുതൽ അനിവാര്യവുമാണ്. ഈജിപ്ഷ്യൻ തിരഞ്ഞെടുപ്പ് ഉദാഹരണമായി എടുക്കാം. ഈ തിരഞ്ഞെടുപ്പിൽ 75 ശതമാനം വോട്ടർമാരും പങ്കെടുത്തിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം! യഥാർത്ഥത്തിൽ ഇവിടങ്ങളിലെല്ലാം സംഘടിത ഇടതുപക്ഷം ദുർബലമാണ്. ഈ ദുർബലതയാണ് രാഷ്ട്രീയ ഇസ്ലാമിന്റെ ശക്തിയായി തീരുന്നത്. ഇവിടങ്ങളിലെ സാമൂഹ്യ സംഘർഷമേഖലകളിൽ സംഘടിത ഇടതുപക്ഷത്തെ കാണാനില്ലെന്നതും വസ്തുതയാണ്.
വലിയൊരു വിഭാഗം ജനങ്ങളെ രാഷ്ട്രീയ ഇസ്ലാം സംഘടിപ്പിക്കുന്നുണ്ടെന്ന വാദഗതിയെ വാദത്തിനുവേണ്ടി അംഗീകരിച്ചുകൊടുത്താൽ പോലും ഗൗരവമേറിയ പ്രശ്‌നപരിസരം അങ്ങനെതന്നെ തുടരുകയാണ്. ആ പ്രശ്‌നപരിസരം ഇതാണ്: വലിയൊരു വിഭാഗം ജനങ്ങളെ രാഷ്ട്രീയ ഇസ്ലാം സംഘടിപ്പിക്കുന്നുണ്ട് എന്ന കാരണത്താൽ രാഷ്ട്രീയ ഇസ്ലാമിസ്‌റ്റ് സംഘടനകളെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ – സാമൂഹ്യ സമരങ്ങളിൽ ഉൾപ്പെടുത്താമെന്നും അവരുമായി സഖ്യങ്ങൾ ഉണ്ടാക്കാമെന്നുമുള്ള ന്യായവാദങ്ങളെ ന്യായീകരിക്കാനാവുമോ? രാഷ്ട്രീയ ഇസ്ലാം ജനങ്ങളെ സംഘടിപ്പിക്കുന്നുണ്ട് എന്നത് ലളിതമായ ഒരു വസ്‌തുത തന്നെയാണ്. അതുകൊണ്ടുതന്നെ, ക്രിയാത്മകമായ ഒരു രാഷ്ട്രീയതന്ത്രത്തിന് ഇത്തരമൊരു അവസ്ഥയെ അതിന്റെ പരിഗണനാവിഷയങ്ങളിൽ കൊണ്ടുവരേണ്ടിവരുമെന്നതും വസ്തുതയാണ്.എന്നാൽ രാഷ്ട്രീയ ഇസ്ലാം വലിയ അളവിൽ ജനങ്ങളെ സംഘടിപ്പിക്കുന്നുണ്ടെന്ന വെല്ലുവിളിയെ രാഷ്ട്രീയ ഇസ്ലാമുമായി സഖ്യത്തിലേർപ്പെട്ടുകൊണ്ട് ഒരു തരത്തിലും നേരിടാനാവില്ല. രാഷ്ട്രീയ ഇസ്ലാമിന്റെ ഭാഗമായിട്ടുള്ള സംഘടനകളാകട്ടെ ഇടതുപക്ഷവുമായിട്ടുള്ള സഹകരണം ആഗ്രഹിക്കുന്നില്ല എന്നു മാത്രമല്ല അതിനെ തള്ളിക്കളയുന്നവരാണെന്ന വസ്തുതയും മനസ്സിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് മുസ്ലിം ബ്രദർഹുഡിനെപ്പോലുള്ള ഇസ്ലാമിസ്‌റ്റ് സംഘടനകൾ. ദൗർഭാഗ്യവശാൽ, ഏതെങ്കിലും ഇടതുപക്ഷ പ്രസ്‌ഥാനങ്ങൾ തങ്ങളെ രാഷ്ട്രീയ ഇസ്ലാം അംഗീകരിക്കുന്നുണ്ടെന്നും അതുകൊണ്ട് അവരുമായി സഖ്യമുണ്ടാക്കുന്നതിൽ തെറ്റില്ലെന്നും കരുതുന്നുണ്ടെങ്കിൽ, അധികാരത്തിലേറിയതിനുശേഷം രാഷ്ട്രീയ ഇസ്ലാമിസ്റ്റുകൾ ആദ്യം അടിച്ചുതകർക്കുന്നത് അതുമായി സഖ്യമുണ്ടാക്കിയ ഇടതുപക്ഷ പ്രസ്ഥാനത്തെയായിരിക്കുമെന്നും ചരിത്രം നമ്മോട് പറയുന്നുണ്ട്. ഇറാനിൽ മുജാഹിദീനുകളും ഇടതുപക്ഷ സംഘടനയായ ഫിദയീൻ ഖൽഖിനുമിടയിൽ (the Fidayeen Khalq) സംഭവിച്ചത് ഇതായിരുന്നു.
രാഷ്ട്രീയ ഇസ്ലാമുമായി “സംവാദം’ വേണമെന്ന് വാദിക്കുന്നവർ മുന്നോട്ടുവയ്ക്കുന്ന രണ്ടാമത്തെ വാദം ഇതാണ്: സാമൂഹ്യകാര്യങ്ങളുടെ തലങ്ങളിൽ രാഷ്ട്രീയ ഇസ്ലാം അറുപിന്തിരിപ്പനായിരിക്കാം; എന്നാൽ രാഷ്ട്രീയ ഇസ്ലാമിസ്‌റ്റുകൾ “സാമ്രാജ്യത്വവിരുദ്ധ’’ പോരാളികളാണ്. സാമൂഹ്യ പുരോഗതിക്കനുകൂലമായി നടക്കുന്ന എല്ലാ പോരാട്ടങ്ങളോടുമുള്ള എന്റെ നിയന്ത്രണരഹിതമായ പിന്തുണയെ “സാമ്പത്തികമാത്രവാദ’’ മെന്ന് വിമർശിക്കുന്നത് ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്. രാഷ്ട്രീയ ഇസ്ലാമിനോടുള്ള എന്റെ നിലപാടിനെയും ഈ തരത്തിലാണ് ചിലർ കാണുന്നത്. ഇത്തരം വിമർശനങ്ങൾക്ക് എന്തെങ്കിലും മൂല്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. രാഷ്ട്രീയ ഇസ്ലാമിന്റെ വെല്ലുവിളിയെ നേരിടുന്നതിനനിവാര്യമായ പ്രതികരണങ്ങളുടെ ജനാധിപത്യപരവും ദേശീയവുമായ മാനങ്ങളെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. അതോടൊപ്പം ദക്ഷിണ മേഖലയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ സംബന്ധിച്ചുള്ള പ്രതികരണങ്ങളോട് ഞാൻ യോജിക്കുകയും ചെയ്യുന്നു. ജനങ്ങൾ നേരിടുന്ന പ്രശ്‌നപരിസരങ്ങളെ കൈകാര്യം ചെയ്യുന്നവർ ആ പ്രശ്നപരിസരങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളെ കൈകാര്യം ചെയ്യുന്നതിൽ സ്ഥിരത നിലനിർത്തുന്നില്ല എന്ന നിരീക്ഷണത്തെ ഞാനും പങ്കിടുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ, സാമൂഹ്യമേഖലയിൽ അറുപിന്തിരിപ്പനായ രാഷ്ട്രീയ ഇസ്ലാമിനെ സാമ്രാജ്യത്വവിരുദ്ധമായി ഭാവന ചെയ്യാൻ എളുപ്പവുമാണ്. പലസ്‌തീനിലെ ഹമാസ്, ലെബനനിലെ ഹിസ്ബുള്ള, ഇറാക്കിലെ ചില പ്രതിരോധ പ്രസ്ഥാനങ്ങൾ എന്നിവ ഈ ഘട്ടത്തിൽ മനസ്സിലേയ്ക്ക് വരുന്നു. ഇവിടങ്ങളിലെ സവിശേഷമായ സാഹചര്യങ്ങളെക്കുറിച്ച് പിന്നീട് ചർച്ച ചെയ്യാമെന്ന് കരുതുന്നു. എന്റെ നിലപാടിതാണ്: രാഷ്ട്രീയ ഇസ്ലാം ഒരു തരത്തിലും സാമ്രാജ്യത്വവിരുദ്ധമല്ല; മറിച്ച്, ലോകനിലവാരത്തിൽത്തന്നെ, അധീശത്വ അധികാരകേന്ദ്രങ്ങളുടെ പിന്നിൽ അണിനിരന്നിട്ടുള്ള ഒന്നാണത്.
ഇസ്ലാമോഫോബിയയെ (ഇസ്ലാം പേടിയെ) നേരിടേണ്ടതിന്റെ അനിവാര്യതയിലേയ്ക്ക് ഇടതുപക്ഷത്തിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടുള്ള വാദമാണ് മൂന്നാമത്തേത്. ഇടതുപക്ഷമെന്ന പേരിനെ അർത്ഥവത്താക്കുന്ന ഒരു പ്രസ്ഥാനത്തിനും “അയൽപക്ക’ങ്ങളുടെ (neighb erhood) പ്രശ്‌നങ്ങളെ അവഗണിക്കാനാവില്ല. അതായത്, സമകാലിക വികസിത മുതലാളിത്തത്തിന്റെ നഗരകേന്ദ്രങ്ങളിലുള്ള (metropolises) കുടിയേറ്റക്കാരായ ജനകീയ വർഗ്ഗങ്ങളുടെ പ്രശ്‌നപരിസരങ്ങളെ അവഗണിക്കാനാവില്ലെന്നർത്ഥം. ഈ പ്രശ്‌നപരിസരത്തിന്റെ വിശകലനത്തെയും ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്‌ത ഗ്രൂപ്പുകൾ മുന്നോട്ടുവെച്ചിട്ടുള്ള നിലപാടുകളെയും കുറിച്ചുള്ള ചർച്ച ഈ ലേഖനത്തിന്റെ പരിധിയിൽ വരുന്നില്ല. എന്തായാലും, ഈയൊരു പ്രശ്‌നപരിസരത്തോടുള്ള പുരോഗമനപക്ഷത്തിന്റെ പ്രതികരണത്തിന് സാമുദായികതയുടെ സ്ഥാപനവത്കരണത്തെ (the institutio alization of communitarianism) ഒരിക്കലും അടിസ്‌ഥാനമായി സ്വീകരിക്കാനാവില്ല. സാമുദായികതയുടെ സ്ഥാപനവത്കരണമെന്നത് അനിവാര്യമായും അസമത്വത്തിന്റെ ചങ്ങലക്കെട്ടുകളാൽ ബന്ധിതമാണ്. അതോടൊപ്പം, ഈ സാമുദായികതയെന്നത് വംശീയ സംസ്കാരത്തിൽനിന്നുമാണ് രൂപം പ്രാപിച്ചിട്ടുള്ളതും. അമേരിക്കൻ ഐക്യനാടുകളിലെ അറുപിന്തിരിപ്പൻ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഒരു സവിശേഷമായ പ്രത്യയശാസ്ത്ര ഉൽപന്നമാണ് ഈ സാമുദായികവൽക്കരണം. ബ്രിട്ടനിൽ ഇത് നേരത്തെ തന്നെ അതിന്റെ കൊടി പറത്തിയിരുന്നു. ഇപ്പോഴത് യൂറോപ്യൻ ഭൂഖണ്ഡത്തിലെ രാഷ്ട്രീയ ജീവിതത്തെയാകമാനം വിഷലിപ്തമാക്കിക്കൊണ്ടിരിക്കുന്നു. ഇസ്ലാമോഫോബിയ വളരെ വിദഗ്‌ധമായി ഉയർത്തിവിട്ടുകൊണ്ടിരിക്കുന്നത് രാഷ്ട്രീയ വരേണ്യവർഗവും മാധ്യമങ്ങളുമാണെന്ന് കാണാൻ കഴിയും. ഇത്, യഥാർത്ഥത്തിൽ, സാമുദായിക വൈവിധ്യത്തെ മൂലധനത്തിന്റെ ലാഭയുക്തിക്കനുസൃതമായി ക്രമീകരിക്കാനുള്ള ഒരു തന്ത്രത്തിന്റെ ഭാഗമാണ്. എന്തുകൊണ്ടെന്നാൽ, വൈവിധ്യങ്ങളോടുള്ള ഈ പറയപ്പെടുന്ന ആദരവ് എന്നത് , യഥാർത്ഥത്തിൽ, ജനകീയ വർഗങ്ങൾക്കിടയിലുള്ള വിഭജനങ്ങളെ കൂടുതൽ തീക്ഷ്‌ണമാക്കാനുള്ള മാർഗ്ഗം മാത്രമാണ്.
“അയൽപക്ക’ങ്ങളെ (neigh bourhoods) സംബന്ധിച്ചുള്ള ഈയൊരു പ്രശ്നപരിസരം സവിശേഷമായ ഒന്നാണ്. ഈ പ്രശ്നപരിസരത്തെ സാമ്രാജ്യത്വത്തിന്റെ പ്രശ്‌നപരിസരങ്ങളുമായി ബന്ധിപ്പിക്കുന്നത് പ്രശ്‌നപരിസരങ്ങളെ കൂടുതൽ അവ്യക്തമാക്കാൻ മാത്രമേ സഹായിക്കുകയുള്ളൂ. കാരണം രണ്ടും തികച്ചും വ്യതിരിക്തമായ രണ്ട് പ്രശ്‌നപരിസരങ്ങളാണ്. ഈയൊരു അവ്യക്തതയെ ഉൽപാദിപ്പിക്കുന്നതും ഇസ്ലാമോഫോബിയയെ പുനരുൽപാദിപ്പിക്കുന്നതും പ്രതിവിപ്ലവ ആശയകേന്ദ്രങ്ങളാണ്. ഇതിലൂടെ, സാമ്രാജ്യത്വകേന്ദ്രങ്ങളിലും അധിനിവേശ പ്രാന്തങ്ങളിലും ജനകീയ വർഗ്ഗങ്ങൾക്കെതിരെ അരങ്ങേറിക്കൊണ്ടിരിക്കുന്ന കടുത്ത കടന്നാക്രമണങ്ങളെ മറച്ചുപിടിക്കാൻ എളുപ്പത്തിൽ സാധിക്കും. ഇങ്ങനെ അയൽപക്കപ്രശ്‌നത്തെയും സാമ്രാജ്യത്വത്തെയും കൂട്ടിക്കുഴച്ച് അവ്യക്തതയുണ്ടാക്കുന്നതും ഇസ്ലാമോഫോബിയ ഉയർത്തിവിടുന്നതും, യഥാർത്ഥത്തിൽ, അറുപിന്തിരിപ്പൻ ആശയാവലികൾ പേറുന്ന രാഷ്ട്രീയ ഇസ്ലാമിനും അതിന്റെ പാശ്ചാത്യവിരുദ്ധവ്യവഹാരത്തിനും കൂടുതൽ സ്വീകാര്യതയും വിശ്വാസ്യതയും ഉണ്ടാക്കിക്കൊടുത്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ, പാശ്ചാത്യ ലോകത്തിലെ വംശീയ വലതുപക്ഷത്തിന്റെ പ്രതിവിപ്ലവ പ്രത്യയശാസ്ത്ര പ്രചാരണങ്ങളും അതുപോലെ രാഷ്ട്രീയ ഇസ്ലാമിന്റെ ആശയാവലികളും, സൂക്ഷ്‌മാർത്ഥത്തിൽ ഈ രണ്ട് പ്രതിവിപ്ലവശക്തികളെയും പരസ്‌പരം സഹായിച്ചുകൊണ്ടിരിക്കുകയാണ്. സാമുദായികവത്ക്കരണ പ്രവർത്തനങ്ങളെയും അവർ പരസ്‌പരം വളർത്തിക്കൊണ്ടിരിക്കുന്നു.
സാമൂഹിക, രാഷ്ട്രീയ ജീവിതത്തിന്റെ എല്ലാ ഇടങ്ങളിലും മതം മുഖ്യധാരയിൽ അണിനിരന്നിട്ടുള്ള സമൂഹങ്ങളെന്ന നിലയിലാണ് അറബ് ലോകത്തെയും ഇസ്ലാമിക ലോകത്തെയും കുറിച്ചുള്ള പ്രതിബിംബങ്ങൾ സമകാലിക സന്ദർഭത്തിൽ നിലനിൽക്കുന്നത്. ഈ പ്രതിബിംബത്തിന് വിരുദ്ധമായി ചിന്തിക്കുന്നതുതന്നെ വിചിത്രമായി തോന്നുന്ന വിധത്തിലാണ് അത്തരം പ്രതിബിംബങ്ങൾ മുഖ്യധാരയിൽ അരങ്ങുവാഴുന്നത്. രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും ഉൾപ്പെടെയുള്ള ബഹുഭൂരിപക്ഷം വിദേശ നിരീക്ഷകരും ആധുനികതയും ജനാധിപത്യവും ഇവിടങ്ങളിലേക്ക് സംക്ഷേപിക്കേണ്ടതുണ്ടെന്ന് വാദിക്കുന്നവരാണ്. ഇത്തരത്തിലുള്ള വീക്ഷണങ്ങളോടൊന്നും തന്നെ ഞാൻ യോജിക്കുന്നില്ല. ആഗോള സോഷ്യലിസത്തിന്റെ വീക്ഷണകോണിൽ നിന്നുകൊണ്ട് നോക്കുമ്പോൾ, മറ്റേതൊരു മേഖലയുടെയും എന്നപോലെ അറേബ്യൻ മേഖലയുടെയും ഭാവി നിലകൊള്ളുന്നത് ജനാധിപത്യത്തിലൂടെയും സോഷ്യലിസത്തിലൂടെയും തന്നെയായിരിക്കും.
മറ്റെല്ലായിടങ്ങളിലുമെന്നപോലെ ഈ മേഖലയ്ക്കും ആ ഭാവി സാധ്യമാണ്. എന്നാൽ ഇപ്പോൾ ഉറപ്പുകളൊന്നും മുന്നോട്ടുവയ്ക്കാനാവില്ല.
ആധുനികത എന്നത് ലോകചരിത്രത്തിൽ സംഭവിച്ച ഒരു വിച്ഛേദമാണ്. ആ വിച്ഛേദം സംഭവിക്കുന്നതാകട്ടെ പതിനാറാം നൂറ്റാണ്ടിലെ യൂറോപ്പിലായിരുന്നു. വ്യക്തിതലത്തിലായാലും കൂട്ടായ്മയുടെ തലത്തിലായാലും സ്വന്തം ചരിത്രം നിർമിക്കുന്നതിന്റെ ഉത്തരവാദിത്തം മനുഷ്യർക്കു തന്നെയാണെന്നു പ്രഖ്യാപിച്ചത് ആധുനികതയായിരുന്നു. അങ്ങനെ ആധുനികത അതിനുമുമ്പേ നിലനിന്നിരുന്ന മേധാവിത്വ പ്രത്യയശാസ്ത്രങ്ങളിൽനിന്നും ക്രമേണ പിളർന്നുമാറുകയായിരുന്നു. ക്രമേണ ജനാധിപത്യത്തെ അത് സാധ്യമാക്കി. അതുപോലെ, രാഷ്ട്രീയത്തെയും മതത്തെയും വേർപിരിച്ചുകൊണ്ടുള്ള മതേതരത്വത്തിനുവേണ്ടിയും അത് വാദിച്ചു.
പതിനെട്ടാം നൂറ്റാണ്ടിലെ ജ്ഞാനോദയത്തിലൂടെയും ഫ്രഞ്ച് വിപ്ലവത്തിലൂടെയും ആധുനികതയും ജനാധിപത്യവും മതേതരത്വവും സങ്കീർണ്ണമായ ഒരു പരസ്‌പരബന്ധം സ്ഥാപിക്കുകയായിരുന്നു. പലപല മുന്നേറ്റങ്ങളിലൂടെയും അതുപോലെ തിരിച്ചടികളിലൂടെയും ആധുനിക ലോകത്തെ അതിപ്പോഴും രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ആധുനികതയെന്നത് സ്വയമൊരു സാംസ്കാരിക വിപ്ലവം മാത്രമായിരുന്നില്ല. ആധുനികത അതിന്റെ അർത്ഥം തേടിയത് ജനനത്തിലെന്നപോലെ വികാസത്തിലും മുതലാളിത്തവുമായുള്ള അഗാധമായ ബന്ധത്തിലൂടെ ആയിരുന്നു. ഈ മുതലാളിത്ത ബന്ധം “യഥാർത്ഥത്തിൽ നിലനിൽക്കുന്ന’ ആധുനികതയുടെ ചരിത്രപരമായ പരിമിതികളെയും വിളിച്ചുപറയുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് നിലനിൽക്കുന്ന ആധുനികതയുടെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വസ്‌തുനിഷ്‌ഠമായ രൂപങ്ങളെ മുതലാളിത്ത വളർച്ചയുടെ ചരിത്രത്തിന്റെ ഉൽപന്നങ്ങളെന്ന നിലയിൽ പരിഗണിക്കേണ്ടതുണ്ട്. മൂലധനമേധാവിത്വം അതിന്റെ പ്രകാശനം നടത്തിയിട്ടുള്ള സവിശേഷസാഹചര്യങ്ങളാണ് ആധുനികതയുടെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റേയും രൂപഭാവങ്ങളെ രൂപപ്പെടുത്തിയിട്ടുള്ളത്. ചരിത്രപരമായ ഒത്തുതീർപ്പുകളാണ് അധീശത്വ കേന്ദ്രങ്ങളുടെ (Hegemonic blocs) സാമൂഹ്യ ഉള്ളടക്കത്തെ നിർവചിക്കുന്നത് (രാഷ്ട്രീയ സംസ്കാരങ്ങളുടെ ചരിത്രപരമായ ധാരയെന്നാണ് ഞാനതിനെ വിളിക്കുന്നത്). മുതലാളിത്ത ആധുനികതയുടെയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിഭിന്നധാരകളെ അതിന്റെ സൈദ്ധാന്തികമായ സന്ദർഭത്തിനുള്ളിൽ സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടിയാണ് ചരിത്രപരമായ ഭൗതികവാദത്തിന്റെ രീതിശാസ്ത്രത്തെ സംബന്ധിച്ചുള്ള എന്റെ ധാരണയെക്കുറിച്ച് വളരെ ലഘുവായ ഒരു വിവരണം ഞാൻ നൽകിയത്.
ജ്ഞാനോദയവും ഫ്രഞ്ച് വിപ്ലവവും സമരോത്സുകമായ മതേതരത്വത്തിന്റെ (radical secularism) ഒരു മാതൃകയെ മുന്നോട്ടുവച്ചു. വ്യക്തികൾക്ക് ഏതൊരു വിശ്വാസവും തെരഞ്ഞെടുക്കാം. ഭരണകൂടത്തിന് അത് അറിയേണ്ട കാര്യമില്ല. നിരീശ്വരവാദിയാകാം അല്ലെങ്കിൽ അജ്ഞേയവാദിയാകാം. അതുമല്ലെങ്കിൽ ഒരു പ്രകൃതിവാദിയോ ഒരു വിശ്വാസിയോ (ഇവിടെ വിശ്വാസമെന്നതിന് ക്രിസ്ത്യൻ എന്നാണർത്ഥം) ആകാം. യൂറോപ്യൻ ഭൂഖണ്ഡത്തിൽ, ഫ്രാൻസിലാകട്ടെ പുനർക്രമീകരണ ഘട്ടത്തിന്റെ ആരംഭത്തിൽ, ബൂർഷ്വാസിയുടെ അധികാരഘടനയും ആധുനികപൂർവഘട്ടത്തിലെ മേധാവിത്വവർഗങ്ങളും തമ്മിൽ ഒത്തുതീർപ്പിലെത്തുകയും അതിന്റെ ഭാഗമായി വളരെ ലോലമായ ഒരു മതേതരസങ്കൽപം ഉരുത്തിരിയുകയും ചെയ്തു. അങ്ങനെ മതേതരത്വമെന്നത് സഹിഷ്ണുതയുടെ തലത്തിലേക്ക് ചുരുക്കപ്പെട്ടു.
രാഷ്ട്രീയവ്യവസ്‌ഥയുടെ തലത്തിൽനിന്നും പള്ളിയുടെ സാമൂഹികമായ പങ്കിനെയും അത് ഒഴിവാക്കിയിരുന്നില്ല. അമേരിക്കൻ ഐക്യനാടുകളെ സംബന്ധിച്ചാണെങ്കിൽ, അതിന്റെ സവിശേഷമായ ചരിത്രപാത അറുപിന്തിരിപ്പനായ ഒരു രാഷ്ട്രീയ സംസ്കാരത്തെയായിരുന്നു സൃഷ്‌ടിച്ചെടുത്തിരുന്നത്. യഥാർത്ഥ മതേതരത്വത്തെക്കുറിച്ച് പ്രായോഗികമായി അവർ അജ്ഞരായിരുന്നു. അവിടെ മതമെന്നത് അംഗീകരിക്കപ്പെട്ട ഒരു സാമൂഹ്യരൂപമാണ്. മതേതരത്വമെന്നത് ഒരുപാട് ഔദ്യോഗിക മതങ്ങളുടെ ഒരു ബഹുത്വമാണെന്ന് അവർ തെറ്റിദ്ധരിച്ചിരിക്കുന്നു.(അവിടെ ഏതൊരു മതവും – അല്ലെങ്കിൽ ഏതൊരു വിഭാഗവും – ഔദ്യോഗികമാണ്).
ആധുനികതയുടെ കേന്ദ്രപ്രമേയത്തെ അടിസ്ഥാനപ്പെടുത്തി സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുന്നതിനു ലഭിക്കുന്ന പിന്തുണയുടെ തലവും അത് സാധ്യമാക്കുന്ന സമരോത്സുകമായ മതേതരത്വത്തിന്റെ തലവും തമ്മിൽ വളരെ പ്രകടമായ ഒരു പരസ്‌പരബന്ധം നിലനിൽക്കുന്നുണ്ട്. പ്രഖ്യാപിതമായ ദിശയിലേയ്ക്ക് സാമൂഹ്യപരിണാമത്തെ തിരിച്ചുവിടുന്നതിനുള്ള രാഷ്ട്രീയത്തിന്റെ സാക്ഷാത്കാരത്തിന് മതേതരത്വത്തിന്റെ ശക്തിയുറ്റ സങ്കൽപ്പനങ്ങളെ ഉയർത്തിപ്പിടിക്കേണ്ടത് അനിവാര്യമാണെന്ന് ഇടതുപക്ഷം വിശ്വസിക്കുന്നു.
എന്നാൽ യാഥാസ്‌ഥിതിക വലതുപക്ഷമാകട്ടെ കാര്യങ്ങൾ അതിന്റെ പാട്ടിനു പോകട്ടേ എന്ന നിലപാടുള്ളവരാണ്. സാമ്പത്തിക – രാഷ്ട്രീയ, – സാമൂഹിക തലങ്ങളിലെല്ലാം ഇത്തരമൊരു കാഴ്‌ചയെയാണ് വലതുപക്ഷം ഉയർത്തിപ്പിടിക്കുന്നത്. സാമ്പത്തികതലത്തിലാണെങ്കിൽ “കമ്പോള’’ത്തിനനുകൂലമായാണ് അവർ കാര്യങ്ങളെ തെരഞ്ഞെടുക്കുന്നത്. കമ്പോളത്തിനനുകൂലമായ കാഴ്‌ച വ്യക്തമായും മൂലധനത്തെ സഹായിക്കുന്നതിനുവേണ്ടിയുള്ളതാണുതാനും. രാഷ്ട്രീയത്തിലാകട്ടെ തീവ്രത കുറഞ്ഞ ജനാധിപത്യത്തെയാണ് അവർ പുൽകുന്നത്. ബദൽ എന്നതിനെ ചില പുറം മിനുക്കലുകൾ കൊണ്ടാണവർ പകരംവയ്ക്കുന്നത്. സമൂഹത്തിലാകട്ടെ കരുത്തുറ്റ മതേതരത്വത്തിന് രാഷ്ട്രീയത്തിന്റെ യാതൊരു ആവശ്യവുമില്ലെന്നും അവർ വാദിക്കുന്നുണ്ട്.
ഭരണകൂടത്തിന്റെ അപര്യാപ്തതകളെ “സമുദായങ്ങൾ’ കൊണ്ട് പകരം വയ്ക്കുന്നതാണ് അഭികാമ്യമെന്നും വാദിക്കപ്പെടുന്നു. കമ്പോളവും പ്രാതിനിധ്യ ജനാധിപത്യവും ചരിത്രം സൃഷ്ടി ക്കും. അതുചെയ്യാൻ അവർക്ക് അനുവാദം കൊടുത്താൽ മാത്രം മതിയാകും. ഇടതുപക്ഷത്തിനേറ്റ തിരിച്ചടികളുടെ സമകാലിക പശ്ചാത്തലത്തിൽ സാമൂഹ്യചിന്തയുടെ തലത്തിൽ ഇത്തരത്തിലുള്ള യാഥാസ്ഥിതിക കാഴ്ചപ്പാടുകൾക്കാണ് ഇപ്പോൾ മേൽക്കൈ കിട്ടിക്കൊണ്ടിരിക്കുന്നത്. ഫ്രഞ്ച് സോഷ്യോളജിസ്‌റ്റായ അലെൻ റ്റൊറൈൻ മുതൽ ഇറ്റാലിയൻ ചിന്തകനായ അന്തോണിയോ നെഗ്രി വരെയുള്ളവരിൽ തളംകെട്ടിക്കിടക്കുന്നത് ഇത്തരം യാഥാസ്ഥിതിക നിലപാടുകളാണ്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഉത്തരവാദിത്തങ്ങളെപ്പോലും നിഷേധിക്കുന്ന അറുപിന്തിരിപ്പൻ രാഷ്ട്രീയ സംസ്കാരമാണ് അമേരിക്കൻ ഐക്യനാടുകളിൽ നിലകൊള്ളുന്നത്.
സാമൂഹിക രാഷ്ട്രീയ ജീവിതത്തിന്റെ എല്ലാ ഇടങ്ങളിലും മതം മുഖ്യധാരയിൽ അണിനിരന്നിട്ടുള്ള സമൂഹങ്ങളെന്ന നിലയിലാണ് അറബ് ലോകത്തെയും ഇസ്ലാമിക ലോകത്തെയും കുറിച്ചുള്ള പ്രതിബിംബങ്ങൾ സമകാലിക സന്ദർഭത്തിൽ നിലനിൽക്കുന്നത്. ഈ പ്രതിബിംബത്തിന് വിരുദ്ധമായി ചിന്തിക്കുന്നതുതന്നെ വിചിത്രമായി തോന്നുന്ന വിധത്തിലാണ് അത്തരം പ്രതിബിംബങ്ങൾ മുഖ്യധാരയിൽ അരങ്ങുവാഴുന്നത്. രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും ഉൾപ്പെടെയുള്ള ബഹുഭൂരിപക്ഷം വിദേശ നിരീക്ഷകരും ആധുനികതയും ജനാധിപത്യവും ഇവിടങ്ങളിലേക്ക് സംക്ഷേപിക്കേണ്ടതുണ്ടെന്ന് വാദിക്കുന്നവരാണ്. ഇത്തരത്തിലുള്ള വീക്ഷണങ്ങളോടൊന്നും തന്നെ ഞാൻ യോജിക്കുന്നില്ല. ആഗോള സോഷ്യലിസത്തിന്റെ വീക്ഷണകോണിൽ നിന്നുകൊണ്ട് നോക്കുമ്പോൾ, മറ്റേതൊരു മേഖലയുടെയുമെന്ന പോലെ അറേബ്യൻ മേഖലയുടെയും ഭാവി നിലകൊള്ളുന്നത് ജനാധിപത്യത്തിലൂടെയും സോഷ്യലിസത്തിലൂടെയും തന്നെയായിരിക്കും. l
(തുടരും)



