മാർക്സിസം കാലഹരണപ്പെട്ടു എന്ന വാദം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യംമുതൽ കേൾക്കാനാരംഭിച്ചതാണ്. സോഷ്യലിസ്റ്റുകളുടെ ഉള്ളിൽനിന്ന് ബേൺസ്റ്റീനെപ്പോലുള്ളവരും പുറത്തുനിന്ന് ബോം–ബവെർക്ക്, ടുഗാൻ–ബരണോവ്സ്കി, ചയനോവ് തുടങ്ങിയവരും ഈ വാദമുന്നയിച്ചു. റഷ്യൻ വിപ്ലവ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ച ഈ എതിർപ്പിനെ താൽക്കാലികമായി പിറകോട്ടടിപ്പിച്ചുവെങ്കിലും നാൽപ്പതുകളെത്തിയപ്പോൾ മാർക്സിസത്തിനെതിരായ പോരാട്ടം വീണ്ടും ശക്തിപ്പെട്ടു. എഫ് എ ഹായെക്കിന്റെ ‘‘റോഡ് ടു സെർഫ്ഡം’’ മുതൽ ജോർജ് ഓർവല്ലിന്റെ ‘‘ആനിമൽ ഫാം’’ വരെ നിരവധി രീതികളിൽ മാർക്സിസ്റ്റ് സിദ്ധാന്തത്തിനെതിരായ വിമർശനം ശക്തിപ്പെട്ടപ്പോൾ 1937 ലെ മോസ്-ക്കോ വിചാരണകൾ ‘‘സ്റ്റാലിനിസ’’ത്തെ സംബന്ധിച്ച ഭീതി പടർത്തി. 1956ൽ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 20–ാം കോൺഗ്രസിൽ ക്രൂഷ് ചേവിന്റെ സ്റ്റാലിൻ വിരുദ്ധ റിപ്പോർട്ടിനുശേഷം പാശ്ചാത്യ കമ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളിൽ അതിശക്തമായ സോവിയറ്റ് വിരുദ്ധ വികാരം വളർന്നുവന്നു. 1968ലെ ഫ്രഞ്ച് വിദ്യാർഥി സമരത്തിനുശേഷം മാർക്സിസ്റ്റ് വിപ്ലവസങ്കൽപ്പത്തിൽനിന്ന് വേർതിരിഞ്ഞ് സാമൂഹ്യമാറ്റത്തിന്റെ പുതിയ പാത തേടാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുകയും ഫെമിനിസ്റ്റ്, പരിസ്ഥിതി, വംശീയ വിരുദ്ധപ്രസ്ഥാനങ്ങളിലും പുതിയ ‘‘ചെറുത്തുനിൽപ്പിന്റെ’’ ജീവിതരീതികളിലും ഈ പ്രവണതകൾ നിഴലിക്കുകയും ചെയ്തു. ഇതിനോടൊപ്പമാണ് മാർക്സിസ്റ്റുകളെന്ന നിലയിൽ ആരംഭിക്കുകയും ക്രമേണ മാർക്സിസ്റ്റ് പ്രയോഗത്തിൽ നിന്നുമകന്ന് പുതിയ സാമൂഹ്യപരിവർത്തനരൂപങ്ങൾ വിഭാവനം ചെയ്യുകയും ചെയ്യുന്ന പുതിയൊരു സംഘം ബുദ്ധിജീവികളും സാമൂഹ്യപ്രവർത്തകരും വളർന്നുവന്നത്.
സോവിയറ്റ് യൂണിയനിലെയും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് ഭരണകൂടങ്ങൾ തകരുകയും ചെെനയെയും ക്യൂബയെയും പോലുള്ള രാഷ്ട്രങ്ങൾ അവരുടേതായ സോഷ്യലിസ്റ്റ് പാതകൾ പിന്തുടരുകയും ചെയ്ത സാഹചര്യത്തിൽ ‘‘മാർക്സിസം കാലഹരണപ്പെട്ടു’’ എന്ന വാദം യാഥാർഥ്യമാകുന്ന സ്ഥിതിവരെയുണ്ടായി. മുൻ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിൽ കമ്യൂണിസ്റ്റുകാർ ഒരു ചെറുന്യൂനപക്ഷമായിത്തീർന്നു. വികസിത മുതലാളിത്ത രാഷ്ട്രങ്ങളിൽ പലതിലും കമ്യൂണിസ്റ്റ് പാർട്ടികൾ നാമമാത്രമായി. ആശയതലത്തിൽ മാർക്സിസ്റ്റ് ബുദ്ധിജീവികളും പ്രവർത്തകരും ഒരു ചെറുന്യൂനപക്ഷമായി. അവരിൽ നല്ലൊരു ശതമാനം ‘‘പരമ്പരാഗത മാർക്സിസ’’ത്തിൽനിന്ന് അകന്നുനിൽക്കാനും മാർക്സിന്റെയും ഗ്രാംഷി, ലൂക്കാച്ച് മുതലായവരുടെയും കൃതികളുടെ പഠനങ്ങളിൽനിന്ന് പുതിയൊരു മാർക്സിസത്തെ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. ഈയിടെയായി ചിലർ ലെനിന്റെ കാര്യത്തിലും അത്തരം സമീപനം സ്വീകരിക്കുന്നുണ്ട്. ‘‘ഉത്തരം മാർക്സിസ്റ്റുകൾ’’ എന്നു പലപ്പോഴും വിളിക്കാറുള്ളത് ഇവരെയാണ്.



ഉത്തരമാർക്സിസ്റ്റുകളുടെ പൊതുനിലപാടുകൾ ഏതാനും വാചകങ്ങളിൽ സംഗ്രഹിക്കാം: കമ്യൂണിസ്റ്റ് പാർട്ടികളുടെ നേതൃത്വത്തിൽ നടന്നിട്ടുള്ള രാഷ്ട്രീയ വിപ്ലവങ്ങൾ പൊതുവിൽ സാമൂഹ്യപരിവർത്തനങ്ങളിലേക്കു നയിച്ചിട്ടില്ല, അവ ഏതെങ്കിലും വിധത്തിലുള്ള സേ-്വച്ഛാധിപത്യ രൂപങ്ങളിലേക്കും മുതലാളിത്തത്തിന്റെ പുനഃസ്ഥാപനത്തിലേക്കും മാത്രമേ നയിച്ചിട്ടുള്ളൂ. രാഷ്ട്രീയ വിപ്ലവങ്ങളുടെ പ്രധാന ദൗർബല്യങ്ങൾ രണ്ടാണ്. ഒന്ന്, വർഗങ്ങളുടെ, പ്രധാനമായും തൊഴിലാളിവർഗം പോലുള്ള സാമ്പത്തികവർഗങ്ങളുടെ ആധിപത്യത്തിലാണ് വിപ്ലവങ്ങൾ നടക്കുന്നത് എന്ന സങ്കൽപ്പനം. രണ്ട്, തൊഴിലാളിവർഗ സർവാധിപത്യം എന്ന സങ്കൽപ്പനം. ഇവ രണ്ടും ചേർന്നാണ് പിന്നീടുള്ള സേ-്വ ച്ഛാധിപത്യ പ്രവണതകളെ സൃഷ്ടിച്ചത്. മൂന്നാമത്തേത്, കമ്യൂണിസ്റ്റ് പാർട്ടികൾ എന്ന ആശയം ചെറുത്തുനിൽപ്പിന്റെ സ്വച്ഛന്ദമായ രൂപങ്ങളെ തടസ്സപ്പെടുത്തുകയും സ്വതന്ത്ര ആശയവിനിമയങ്ങളെ വിലക്കുകയും ചെയ്തതോടെ വിപ്ലവപ്രക്രിയയുടെ തേജസ്സും ശക്തിയും നഷ്ടപ്പെട്ടു. ഇന്ന് തൊഴിലാളിവർഗം എന്നതുതന്നെ കാലഹരണപ്പെട്ടിരിക്കുന്നു. ഒരു വശത്ത്, ഇടത്തരം വരുമാനക്കാരായ ഒരു മധ്യവർഗം വികസിത രാഷ്ട്രങ്ങളിൽ ചെറുത്തുനിൽപ്പു നടത്തുമ്പോൾ മറുവശത്ത്, വർഗം, വംശം, ലിംഗം, ജാതി, മതം, ദേശം എന്നിവയിൽ വ്യത്യസ്ത രൂപങ്ങളിലുള്ള പോരാട്ടങ്ങൾ നടക്കുന്നു. ചിലരെ സംബന്ധിച്ചിടത്തോളം മുതലാളിത്തം എന്നതുതന്നെ കാലഹരണപ്പെട്ട പ്രയോഗമാണ്. അധികാരകേന്ദ്രങ്ങളും അവരുടെ അധീശത്വതന്ത്രങ്ങളും എങ്ങനെ മറ്റു വിഭാഗങ്ങളെ അടിമപ്പെടുത്തുന്നു എന്നതാണ് പ്രധാനം. പരമ്പരാഗത മാർക്സിസത്തിന്റെ അടിത്തറയായ അധ്വാന മൂല്യസിദ്ധാന്തം അപ്രസക്തവും അതിഭൗതികവുമാണെന്നതാണ് മറ്റൊരു വാദം. ഭൗതികതയുടെ രൂപം അധ്വാനമല്ല സംസ്-കാരമാണെന്നും അത് പ്രകടിപ്പിക്കുന്നത് ഭാഷയിലൂടെയാണെന്നും വിലയിരുത്തപ്പെടുന്നു.
ഇത്തരം വാദഗതികളെ മൊത്തത്തിൽ ഒരു ചെറുലേഖനത്തിൽ വിലയിരുത്തുക അസാധ്യമാണ്. അതുകൊണ്ട് ഉത്തരമാർക്സിസത്തിന്റെ സ്വാധീനത്തിൽ വളർന്നുവന്ന ഒരു ചിന്താപദ്ധതിയെക്കുറിച്ചുമാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്.
കീഴാള ചരിത്രരചന



സബാൾട്ടേൺ സ്റ്റഡീസ് എന്ന പൊതുപേരിൽ അറിയപ്പെടുന്ന പഠനരീതി കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തിനിടയിൽ ഇന്ത്യയിൽനിന്നു വികസിച്ചതാണ്. അതുവരെ ഇന്ത്യയിൽ നിലനിന്ന ബ്രിട്ടീഷ് കൊളോണിയൽ ചരിത്രരചനാരീതിയോടും ഇന്ത്യൻ ദേശീയ ചരിത്രകാരരോടും അതിൽനിന്ന് ഭിന്നമായി വളർന്നുവന്ന മാർക്സിസ്റ്റ് ചരിത്ര രചനയോടും കലഹിച്ചാണ് കീഴാള ചരിത്രരചന വളർന്നുവന്നത്. കൊളോണിയൽ ചരിത്രകാരർ, ഒന്നുകിൽ ഇന്ത്യാ ചരിത്രപാരമ്പര്യത്തെ പാടേ നിഷേധിക്കുകയും അല്ലെങ്കിൽ അതിനെ ഇന്ത്യൻ സാംസ്കാരിക പാരമ്പര്യത്തിന്റെ ഉപഘടകമാക്കുകയും ചെയ്തു. ദേശീയ ചരിത്രകാരർ ഈ രീതിയെ നിഷേധിച്ചുകൊണ്ട് മറ്റു രാഷ്ട്രീയ ചരിത്രങ്ങൾക്ക് സമാനമായ പരിവർത്തനദശകൾ ഇന്ത്യയിലുമുണ്ടായിട്ടുണ്ടെന്ന് വാദിച്ചു. മാർക്സിസ്റ്റ് ചരിത്രകാരർ ഈ രണ്ടു രീതികളും കടന്നുവന്ന ഉപരിവർഗ ചരിത്രരൂപങ്ങളെയും സാംസ്കാരികാഖ്യാനങ്ങളെയും നിഷേധിക്കുകയും ചൂഷിതവർഗങ്ങളുടെയും മണ്ണിൽ പണിയെടുക്കുന്നവരുടെയും ചരിത്രത്തിലുള്ള സ്ഥാനം വിശദീകരിക്കുകയും ചെയ്തു.
മാർക്സിസ്റ്റ് ചരിത്രരചനയിൽ നിന്നാരംഭിച്ച് എന്നാൽ അതിന്റെ രീതികളെ ചോദ്യംചെയ്തുകൊണ്ടാണ് കീഴാള ചരിത്രരചന രംഗത്തുവന്നത്. കർഷകർ, കർഷകത്തൊഴിലാളികൾ, തൊഴിലാളികൾ, ആദിവാസികൾ, ദളിതർ, സ്ത്രീകൾ, മറ്റു പുറന്തള്ളപ്പെട്ട വിഭാഗങ്ങൾ തുടങ്ങിയവരുടെ ചരിത്രത്തിലാണ് അവർ ഉൗന്നിയത്. അതുവരെയുള്ള ചരിത്രകാരർ ഊന്നിയ ദേശീയതാസങ്കൽപ്പവും സാംസ്കാരിക ചരിത്രാഖ്യാനങ്ങളും രാഷ്ട്രീയാധീശത്വരൂപങ്ങളും താഴെ തട്ടിലുള്ള ജനവിഭാഗങ്ങൾക്ക് ബാധകമല്ലെന്ന് അവർ ചൂണ്ടിക്കാണിച്ചു. അവരുടെ ജീവിതരീതികളെയും സാംസ്കാരിക രൂപങ്ങളെയും പ്രതിരോധങ്ങളെയും പരിശോധിക്കേണ്ടത് അധീശവർഗങ്ങളുടെ നിലപാടുകളിലൂടെയല്ല. സമൂഹത്തെയും രാഷ്ട്രീയത്തെയും സംസ്കാരത്തെയും സംബന്ധിച്ച വരേണ്യവർഗ നിലപാടുകളുടെ അടിസ്ഥാനത്തിലാണ് ചില മാർക്സിസ്റ്റ് ചരിത്രകാരർപോലും ഇത്തരം സമരങ്ങളെ കാണുന്നത്. ദേശീയ പ്രസ്ഥാനത്തെ സംബന്ധിച്ച ബിപിൻ ചന്ദ്രയെപ്പോലുള്ള ചരിത്രകാരരുടെ നിലപാടുകൾ കീഴാള ചരിത്രകാരരുടെ ശക്തമായ വിമർശനത്തിനു പാത്രമായതാണ്.
മാർക്സിസ്റ്റ് സെെദ്ധാന്തികരിൽ അന്റോണിയോ ഗ്രാംഷിയുടെ നിരീക്ഷണങ്ങളാണ് കീഴാള ചരിത്രകാരർ ചരിത്ര രചനയ്ക്ക് ആധാരമായി സ്വീകരിച്ചത്. ഗ്രാംഷി ഉപയോഗിച്ച അധീശത്വം (Hegemony) കീഴാളത്തം (Subalternity) എന്നീ സംജ്ഞകളെ സാമൂഹ്യശാസ്ത്രപരമായ പൊതുപ്രയോഗങ്ങളായി അംഗീകരിക്കുകയും അവയുടെ അടിസ്ഥാനത്തിൽ ആധിപത്യത്തെയും പ്രതിരോധത്തെയും നിർണയിക്കുകയും ചെയ്തു. അധീശത്വം എന്നത് നിയമവാഴ്ചയുടെയും സെെനിക–പൊലീസ് ബലപ്രയോഗത്തിന്റെയും അടിസ്ഥാനത്തിലും ഭരണാധികാരികൾക്ക് അനുകൂലമായ ആശയപ്രചരണം വഴി നേടുന്ന സമ്മത (Consent)ത്തിന്റെയും അടിസ്ഥാനത്തിലും നേടിയെടുക്കുന്ന സമഗ്രാധിപത്യമാണ്. അധീശത്വത്തിന്റെ കീഴിൽ അടിച്ചമർത്തപ്പെടുന്ന ജനവിഭാഗങ്ങൾ അവരുടെ സ്വാധികാരത്തിനുവേണ്ടി നടത്തുന്ന പോരാട്ടമുറകളാണ് കീഴാളത്തം. ഗ്രാംഷി ഈ ആശയങ്ങൾ ഉപയോഗിക്കുന്നത് ഇറ്റലിയിൽ സ്വയംഭരണാവകാശത്തിനുവേണ്ടി നടന്ന പോരാട്ടങ്ങളുടെയും പിന്നീട് നടന്ന കർഷകസമരങ്ങളുടെയും തൊഴിലാളിസമരങ്ങളുടെയും പശ്ചാത്തലത്തിലാണ്. സ്വയംഭരണാവകാശത്തിനുവേണ്ടി നടന്ന പോരാട്ടം ഫ്രഞ്ച് – ആസ്ട്രിയൻ ആധിപത്യത്തിനെതിരെയാണ്. പിന്നീട് അത് ഭൂപ്രഭുക്കൾക്കും മുതലാളിത്തത്തിനും കത്തോലിക്കാ പള്ളിയുടെ മേധാവിത്വത്തിനും എതിരായി മാറുന്നു. ഇതിനു സമാനമായ അവസ്ഥ ഇന്ത്യയിലെ ജനവിഭാഗങ്ങൾക്കുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യകാല കീഴാള ചരിത്രകാരർ ഗ്രാംഷിയുടെ നിരീക്ഷണങ്ങളെ ആശ്രയിച്ചത്.
ഗ്രാംഷിയും കീഴാളത്തവും



രണജിത്ത്- ഗുഹ, പാർത്ഥ ചാറ്റർജി, ഗൗതം ഭദ്ര, ദീപേഷ് ചക്രവർത്തി, ഗ്യാനേന്ദ്ര പാണെ്ഡ, ഷാഹിദ് അമീൻ തുടങ്ങിയ കീഴാള ചരിത്രകാരന്മാർ ഗ്രാംഷിയെ ഉപയോഗിക്കുന്ന രീതി പ്രധാനമാണ്. ഗ്രാംഷിയുടെ രചനകൾ ഏതാണ്ട് മുഴുവൻ തന്നെ ഇംഗ്ലീഷിൽ ലഭ്യമാണ്. അതിൽനിന്ന് മനസ്സിലാകുന്ന ചില വസ്തുതകളുണ്ട്: ഗ്രാംഷിയുടെ പ്രിസൺ നോട്ട്ബുക്കുകളെ ആധാരമാക്കി അദ്ദേഹത്തെ സാംസ്കാരിക ഭൗതികവാദിയും നവസാമൂഹ്യപ്രസ്ഥാനങ്ങളുടെ പ്രഭവകേന്ദ്രവും മറ്റുമായി വ്യാഖ്യാനിച്ചെടുക്കാൻ ശ്രമം നടന്നിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ രചനകളുടെ സൂക്ഷ്മപരിശോധനയിൽനിന്ന് തെളിയുന്നത് അദ്ദേഹം ഉറച്ച മാർക്സിസ്റ്റും ലെനിനിസ്റ്റുമായിരുന്നു എന്നാണ്. അമാൻഡോള, ബോർദിഗ തുടങ്ങി ഇറ്റാലിയൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചവർക്കെതിരായ ഗ്രാംഷിയുടെ വിമർശനങ്ങൾതന്നെ ഈ നിലപാടുകൾ വ്യക്തമാക്കുന്നുണ്ട്. അതേസമയം ഇറ്റലിയിലെ മൂർത്ത സാഹചര്യങ്ങളുടെ സൂക്ഷ്മമായ വിമർശനത്തിന്റെ അടിസ്ഥാനത്തിൽ മാർക്സിസ്റ്റ് രാഷ്ട്രീയപ്രയോഗത്തെ സർഗാത്മകമായി മുന്നോട്ടുകൊണ്ടുപോകാനും അദ്ദേഹം ശ്രമിച്ചു. അതിനായി ഭാഷയും സംസ്കാരവും, മതം, വിദ്യാഭ്യാസം, ബുദ്ധിജീവികൾ, രാഷ്ട്രീയ സമൂഹം, ഭരണാധികാര രൂപങ്ങൾ, ശാസ്ത്രം, വർഗബന്ധങ്ങളും സമരങ്ങളും, വർഗബോധത്തിന്റെയും സാമൂഹ്യബോധത്തിന്റെയും വികാസം തുടങ്ങി അദ്ദേഹം നേരിട്ട് സമൂഹത്തിന്റെ സ്വഭാവം മനസ്സിലാക്കാനുതകുന്ന ഏതാണ്ടെല്ലാ മേഖലകളെക്കുറിച്ചും സാധ്യമായ വിവരങ്ങളെല്ലാം ശേഖരിക്കുകയും അവയെ സംബന്ധിച്ച അഭിപ്രായങ്ങൾ എഴുതി തയ്യാറാക്കുകയും ചെയ്തു.
വ്യത്യസ്ത മേഖലകളെക്കുറിച്ചുള്ള ഗ്രാംഷിയുടെ നിലപാടുകളെല്ലാം ഇവിടെ ചർച്ച ചെയ്യേണ്ടതില്ല. മുതലാളിത്ത ഉൽപ്പാദന രീതിയെയും അതു സൃഷ്ടിക്കുന്ന വെെരുദ്ധ്യങ്ങളെയും വർഗസമരങ്ങളെയും ഗ്രാംഷി ഒരിക്കലും എതിർക്കുന്നില്ല. അതേസമയം, കാർഷിക ബന്ധങ്ങളിലും ഇടത്തരക്കാരിലും മുതലാളിത്ത ബന്ധങ്ങൾ ചെലുത്തുന്ന സ്വാധീനത്തിന്റെ വെെവിധ്യത്തെയും ഇവ നിർണയിക്കുന്നതിൽ ഭരണകൂടത്തിന്റെയും അധികാരരൂപങ്ങളുടെയും നിർവഹണരീതികളെയും അദ്ദേഹം ശ്രദ്ധയോടെ പഠിക്കുന്നു. ഇറ്റാലിയൻ സമൂഹത്തെ കേവലമായ മുതലാളിത്ത ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ കാണുന്ന യാന്ത്രികവീക്ഷണമല്ല അദ്ദേഹത്തിനുള്ളത്. കാർഷിക ഉൽപ്പാദനബന്ധങ്ങളുടെ വ്യത്യസ്തതകളും അതിൽ മുതലാളിത്തത്തിന്റെ കടന്നുകയറ്റത്തിന്റെ സ്വഭാവവും അദ്ദേഹം പരിശോധിക്കുന്നു. ഇറ്റാലിയൻ ഏകീകരണത്തിലടക്കം കാർഷിക കലാപങ്ങൾ വഹിച്ച പങ്കും അവർ കലാപങ്ങൾ നടത്തുന്നതിൽ ഉപയോഗിച്ച രീതികളും ചർച്ച ചെയ്യുന്നു. ഇതിൽ ദെെവികമായ വെളിപാടുകളുടെ അടിസ്ഥാനത്തിൽ നടത്തുന്ന കലാപങ്ങളും പെടും. അതേസമയം, ഇത്തരം ജനകീയപ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിൽ ഭരണവർഗങ്ങൾ മാത്രമല്ല കത്തോലിക്കാപള്ളിപോലുള്ള രൂപങ്ങളും വഹിച്ച പങ്ക് അദ്ദേഹം വിലയിരുത്തുന്നു. വർഗസമരത്തിന്റെ സങ്കീർണതയും ഭരണകൂടത്തിനും ഭരണവർഗങ്ങൾക്കും എതിരായ പ്രക്ഷോഭങ്ങളുടെ വെെവിധ്യവും പുറത്തുകൊണ്ടുവരുന്നതിലൂടെ വിപ്ലവ പ്രക്രിയയുടെ യഥാർഥ സ്വഭാവമെന്തെന്ന് വെളിവാക്കുകയായിരുന്നു ഗ്രാംഷിയുടെ ലക്ഷ്യം. ഇവിടെ ഒരിടത്തുപോലും തൊഴിലാളിവർഗത്തിന്റെ നേതൃത്വപരമായ പങ്കിനെയോ അതിന്റെ ബൗദ്ധിക നേതൃത്വമെന്ന നിലയിൽ പാർട്ടിയുടെ പങ്കിനെയോ അദ്ദേഹം വിമർശിക്കുന്നില്ല.
13–ാം നൂറ്റാണ്ടിലെ നഗരകമ്യൂണുകൾ മുതൽ 20–ാം നൂറ്റാണ്ടിലെ സമരങ്ങൾ വരെ നിരവധി രീതിയിലുള്ള പ്രക്ഷോഭങ്ങളെ ഗ്രാംഷി പരാമർശിക്കുന്നുണ്ട്. ഇവയെയെല്ലാം ഗ്രാംഷി മനസ്സിലാക്കുന്നത് വർഗസമരങ്ങളുടെ ഭാഗമായാണ്. വ്യത്യസ്ത കാലഘട്ടങ്ങളിലും സന്ദർഭങ്ങളിലും ലഭ്യമായ വിഭവങ്ങളുപയോഗിച്ചാണ് സംഘർഷങ്ങളുടെ തന്ത്രങ്ങൾ ജനങ്ങൾ ചിട്ടപ്പെടുത്തുന്നത്. ഇവയിൽ ആചാരക്രമങ്ങളും വിശ്വാസങ്ങളും കലാവിഷ്-കാരങ്ങളുമടക്കം എന്തും കടന്നുവരാം. ജനസംസ്-കൃതി എന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരം മേഖലകളെ മനസ്സിലാക്കാൻ ഫോക്ക്ലോർ പഠനങ്ങളുടെ പ്രാധാന്യംവരെ ഗ്രാംഷി സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഇവയൊന്നുംതന്നെ ഉൽപ്പാദകരും ഉൽപ്പാദനോപാധികളുടെ ഉടമകളും തമ്മിലുള്ള അടിസ്ഥാന വെെരുദ്ധ്യത്തിനുപകരമല്ല.
എന്നാൽ കീഴാള ചരിത്രകാരർ ഗ്രാംഷിയെ കാണുന്നത് ഈ വിധത്തിലല്ല. വർഗവെെരുദ്ധ്യങ്ങളെ ഒരു സമൂഹരൂപത്തിന്റെ ആന്തരിക വെെരുദ്ധ്യങ്ങളായി കാണുകയും അതിനെ ഭൗതിക ഉൽപ്പാദനത്തിന്റെ അടിത്തറയുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്ന മാർക്സിസ്റ്റ് സമീപനത്തെ ഗ്രാംഷി നിരാകരിക്കുന്നതായി അവർ വാദിക്കുന്നു. കീഴാളത്തം അല്ലെങ്കിൽ സബൾട്ടേണിറ്റി എന്ന പ്രയോഗംതന്നെ അധീശ ശക്തികൾ ബാഹ്യമായി നടത്തുന്ന അടിച്ചമർത്തലിനെ സൂചിപ്പിക്കുന്നു. മുതലാളിത്തത്തെയും കൊളോണിയലിസത്തെയും അധീശ ശക്തിയായി അംഗീകരിക്കുകയാണെങ്കിൽതന്നെ അത് ചൂഷണം നടത്തുകയും അടിച്ചമർത്തുകയും ചെയ്യുന്ന ജനതസ്വതന്ത്രമായ പാരമ്പര്യവും സ്വയംഭരണാവകാശങ്ങളുമുള്ള ഒരു സമുദായമാണ്. അതായത്, കൊളോണിയൽവിരുദ്ധ സംഘർഷങ്ങൾ വർഗസംഘർഷങ്ങളല്ല, സമുദായവും മൂലധനവും തമ്മിലുള്ള ഏറ്റുമുട്ടലാണ്. ഈ ഏറ്റുമുട്ടലുകളുടെ ഭാഗമായി കലാപങ്ങളിൽ കർഷകർ സ്വീകരിക്കുന്ന തന്ത്രങ്ങളെ രണജിത്ത് ഗുഹ വിശദീകരിക്കുന്നു.
അപ്പോൾ കർഷകർ എന്നത് ഒരു വർഗമല്ല, ഒരു സമൂഹമാണ്. അവർ പോരാടുന്ന ഭൂപ്രഭുക്കൾ കേവലമായി ഭൂവുടമകളായ അധീശവർഗമല്ല, ഒരു ഉടമ സമൂഹമാണ്. മൂലധനം സൃഷ്ടിക്കുന്ന വെെരുദ്ധ്യങ്ങൾ ഒരു തൊഴിലാളിവർഗത്തെ സൃഷ്ടിക്കുമെന്നത് നേരാണ്. പക്ഷേ, കാർഷികമേഖലയിൽനിന്നുള്ള കൊള്ള മുതലാണ് മൂലധനമായി മാറുന്നത് എന്നതുകൊണ്ട് തൊഴിലാളിവർഗം ഈ മൂലധനത്തിന്റെ പങ്കാളികൾ മാത്രമാണ്. അതുമാത്രമല്ല, ദിപേഷ് ചക്രവർത്തി ബംഗാളിലെ തൊഴിലാളിവർഗത്തിന്റെ ചരിത്രത്തെ വിശദീകരിക്കുന്നതുപോലെ ഈ തൊഴിലാളിവർഗങ്ങളുടെ പോരാട്ടത്തിന്റെ അടിത്തറ അവർ നേരിട്ട പ്രാക്തന മർദ്ദന രൂപങ്ങളാണ്. അതുതന്നെയാണ് തൊഴിലാളി ചൂഷണത്തിന് അടിത്തറയാകുന്നത്. അതുകൊണ്ട് തൊഴിലാളികളുടെ പോരാട്ടങ്ങളെ വിശദീകരിക്കേണ്ടത് അവരുടെ ജെെവ സമൂഹങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ തന്നെയാണ്. വർഗസമരങ്ങളിൽ തൊഴിലാളികളുടെ നേതൃത്വപരമായ പങ്ക് എന്ന ഗ്രാംഷിയും അംഗീകരിച്ച ലെനിനിസ്റ്റ് ആശയം അതോടെ അപ്രസക്തമാകുന്നു. വർഗസമരം കീഴാള സമുദായങ്ങളും അധീശത്വശക്തികളും തമ്മിലുള്ള സംഘർഷമാകുന്നു.
കീഴാള വർഗങ്ങളുടെ സ്വയംഭരണാവകാശം എന്നത് ഗ്രാംഷിയുടെ ആശയംതന്നെയാണ്. അത് ചൂഷിത വർഗങ്ങളുടെ സ്വാവബോധത്തിന്റെ വളർച്ചയുമാണ്. അതോടൊപ്പം അവരുടെ പ്രവർത്തനശേഷിയുടെ വളർച്ചയുമാണ്. മുതലാളിത്തവുമായും പൊതുവിൽ ഉടമവർഗങ്ങളുമായുള്ള സംഘർഷത്തിന്റെ അടിസ്ഥാനത്തിലാണ് സ്വയംഭരണാവകാശം വളരുന്നത്. സാമൂഹ്യവിപ്ലവഘട്ടത്തിൽ ഈ സ്വാവബോധം പൂർണതയിലെത്തുകയും അത് സമൂഹവികാസത്തിനുവേണ്ടി ഫലപ്രദമായി ഉപയോഗിക്കാൻ വിപ്ലവവർഗങ്ങളെ പ്രാപ്തമാക്കുകയും ചെയ്യുന്നു. കീഴാള ചരിത്രകാരരുടെ സ്വയംഭരണാവകാശം വെെരുദ്ധ്യാത്മകമല്ല, അധീശ വിഭാഗങ്ങളും കീഴാള വിഭാഗങ്ങളും തമ്മിലുള്ള വ്യത്യസ്തതയെ ആധാരമാക്കിയുള്ളതാണ്. പോരാട്ടം ശക്തിപ്പെടുന്നത് വ്യത്യസ്തതകൾ ശക്തിപ്പെടുത്തുകയും അവ ക്രമേണ കീഴാള ജനതയുടെ ആധിപത്യത്തിലേക്കു നയിക്കുകയും ചെയ്യുമ്പോഴാണ്. പാർത്ഥാചാറ്റർജി അംഗീകരിക്കുന്നതുപോലെ, മൂലധനം സാർവത്രിക സ്വഭാവമുള്ള അധീശാധിപത്യമാണ്. അതേസമയം സാമുദായികത ഏകോപിതമല്ല, ശിഥിലമാണ്. മൂലധനത്തിന്റെ ഏകീഭാവത്തിനെതിരെ സമുദായങ്ങളുടെ ബഹുത്വത്തിന്റെ വ്യാപനമാണ് സമരമുഖമായി മാറുന്നത്.
ഇതൊന്നുംതന്നെ മാർക്സിസവുമായോ ഗ്രാംഷിയുടെ നിലപാടുകളുമായോ യോജിക്കുന്നതല്ല. ഗ്രാംഷി പ്രാദേശിക സംസ്കൃതികളുടെ ബഹുത്വത്തെ അംഗീകരിക്കുന്നുണ്ട്. അവയെല്ലാംതന്നെ ഭൂവുടമാവർഗം, വണിക്കുകളും പിന്നീട് മുതലാളിവർഗവും, കത്തോലിക്കാസഭ, അധീശസ്വഭാവമുള്ള (പരമ്പരാഗത) ബുദ്ധിജീവികൾ തുടങ്ങിയവരുടെ ഇടപെടലുകൾക്ക് വിധേയമാണെന്നും ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ ഫലമായി ഉടമവർഗം ഏകോപിതമാകുമ്പോൾ അതിനെതിരായ കൂട്ടായ്മകളുടെ വികാസത്തിലാണ് ഗ്രാംഷി ഊന്നുന്നത്. ഈ കൂട്ടായ്മകളെ സൃഷ്ടിക്കുന്ന ഘടകങ്ങൾ ‘‘വിശ്വാസി’’ സമുദായങ്ങളുടെ രൂപീകരണമാകാം, പ്രാദേശിക ‘‘കമ്യൂണുകളാകാം’’, ആധുനിക സംഘടനകളുമാകാം. ഇവയിൽ പാരമ്പര്യത്തിന്റെയും പുതിയ ആശയങ്ങളുടെയും സന്നിവേശവുമുണ്ടാകാം. ഇത്തരം കൂട്ടായ്മകൾ ഇംഗ്ലണ്ടിൽ വളർന്നുവന്നതിനെ എ എൽ മോർട്ടൻ, ഇ പി തോംസൻ, ഇ ജെ ഹോംബ്സ്ബാം മുതലായ ചരിത്രകാരരും സൂചിപ്പിക്കുന്നുണ്ട്. എന്നാൽ കീഴാള ചരിത്രകാരർ സംഘടനകളിലല്ല, സാമുദായിക കലാപങ്ങളുടെ പ്രാദേശികതലങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡേവിഡ് ഹാർഡിമാൻ ഗുജറാത്തിലെ ദാങ്ങുകളെപ്പറ്റിയും ദിപേഷ് ചക്രവർത്തി സന്താളുകളെപ്പറ്റിയും എഴുതിയ രചനകൾ ഇതിനുദാഹരണങ്ങളാണ്. സംഘടനകൾ അധീശ ശക്തികളുടെ ഇടപെടലുകൾ ശക്തിപ്പെടുത്തി പ്രാദേശിക സമുദായങ്ങളുടെ സ്വയംഭരണാവകാശങ്ങളെ തകർക്കാൻ ശ്രമങ്ങൾ നടത്തിയതായും കാണാം.
ഉത്തര മാർക്സിസത്തിൽനിന്ന്
ആധുനികോത്തരതയിലേക്ക്
കീഴാള ചരിത്രകാരരുടെ ആദ്യതലമുറതന്നെ മാർക്സിസത്തിന്റെ വർഗസമര സങ്കൽപ്പനങ്ങളിൽനിന്നും ലെനിനിസത്തിന്റെ സംഘടനാതത്ത്വങ്ങളിൽനിന്നും മാറിയതായി കാണാം. വർഗങ്ങളിൽനിന്ന് സമുദായങ്ങളിലേക്കും വെെരുദ്ധ്യങ്ങളിൽനിന്ന് വ്യത്യസ്തതകളിലേക്കും മാറുന്നതോടെ ഉത്തര മാർക്സിസത്തിന്റെ ആശയങ്ങളിലേക്കുള്ള മാറ്റവും പ്രകടമാണ്. ഗൗതം ഭദ്രയെപ്പോലുള്ളവർ സമുദായത്തെ മധ്യകാലഘട്ടത്തിലെ അടിസ്ഥാന സമൂഹരൂപമായും വികസിപ്പിക്കുന്നുണ്ട്. അധീശത്വ ശക്തികളോടുള്ള പ്രതിരോധത്തിന്റെ വിഭവങ്ങൾ സ്വാംശീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സാമ്പത്തിക–അതിജീവന പ്രതിരോധങ്ങളിൽനിന്ന് സാംസ്കാരിക പ്രതിരോധങ്ങളും അനേ-്വഷണത്തിനു വിധേയമാകുന്നു.
ഗായത്രി ചക്രവർത്തി സ്പിവാക്കിന്റെ ‘‘കീഴാളർക്ക് സംസാരിക്കാൻ കഴിയുമോ’’ എന്ന പ്രബന്ധം കീഴാളപഠനങ്ങളിലെ ദിശാവ്യതിയാനത്തെ സൂചിപ്പിക്കുന്നു. കീഴാളചരിത്രരചന കീഴാള പഠനങ്ങളായി മാറുന്നതും ഇപ്പോഴാണ്. ഴാക്ക് ദെരിദയുടെ സ്വാധീനത്തിൽ ഭാഷയെ മനുഷ്യരുടെ വികാരവിചാരമണ്ഡലങ്ങളുടെ നെെസർഗികാ വിഷ്കാര രൂപമായി കാണുന്ന സ്പിവാക്ക് ഇത്തരത്തിലുള്ള ആവിഷ്കാര രൂപങ്ങൾ കീഴാളരിൽ കണ്ടുതുടങ്ങുന്നതിനെക്കുറിച്ച് അനേ-്വഷിക്കുന്നു. ആശയരൂപീകരണത്തെ യുക്തിയിൽ കേന്ദ്രീകരിക്കുന്നതിനുപകരം ഭാഷയിൽ കേന്ദ്രീകരിക്കാമെന്നുവരുമ്പോൾ കീഴാള മൊഴികൾ അവരുടെ ജീവിതത്തിന്റെയും ആശയാവിഷ്-കാരങ്ങളുടെയും അടിത്തറയായി മാറുന്നു. അതോടെ മാർക്സിന്റെ അധ്വാന കേന്ദ്രിത സിദ്ധാന്തങ്ങളിൽനിന്ന് പൂർണമായ മാറ്റവും സാധ്യമാകുന്നു. ഭൗതിക ജീവിതത്തിൽ കേന്ദ്രീകരിക്കുന്നതിനുപകരം ആശയങ്ങൾ, വികാരങ്ങൾ, കാമനകൾ, അവയുടെ ആവിഷ്-കാരങ്ങൾ എന്നിവയിൽ കേന്ദ്രീകരിക്കുന്നതോടെ കീഴാള ജീവിതങ്ങളുടെ സ്വയം നിർണയരൂപങ്ങളുടെ പുതിയ സാധ്യതകൾ കണ്ടെത്തുകയാണ്. പുതിയ സാംസ്കാരിക രൂപങ്ങളുടെ പ്രതിരോധത്തിന്റെ രാഷ്ട്രീയവും അതോടെ പഠനത്തിനു വിഷയമാകുന്നു. നവസാമൂഹ്യ പ്രസ്ഥാനങ്ങളിലേക്കും ആധുനികോത്തരതയുടെ രാഷ്ട്രീയ രൂപങ്ങളിലേക്കുമുള്ള സമ്പൂർണമാറ്റവും അതോടെ പ്രകടമാകുന്നു.
പിൽക്കാല കീഴാള പഠനങ്ങൾ ഏറ്റെടുക്കുന്ന പ്രമേയങ്ങളിൽ ഈ മാറ്റം വ്യക്തമാകുന്നു. പിൽക്കാല കീഴാള ചരിത്ര രചന ‘‘ചരിത്ര’’ത്തിൽ നിന്നുമാറി ലിംഗപദവി, കീഴാള ജാതി സമുദായങ്ങൾ, വംശീയത, സാഹിത്യം, കലാവിഷ്-കാരങ്ങൾ തുടങ്ങിയവയിലേക്കു മാറുന്നതും പ്രതിരോധത്തിനുപകരം ആവിഷ്-കാരങ്ങൾക്ക് പ്രാധാന്യം നൽകുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. അതോടെ മാർക്സിസത്തിൽനിന്നുള്ള വേർപെടലും പൂർണമാകുന്നു. വർഗസമരങ്ങളിൽനിന്നും കൊളോണിയൽവിരുദ്ധ സമരങ്ങളിൽനിന്നും ഭിന്നമായി സാംസ്കാരികാധീശത്വവും പ്രതിരോധവും അധീശത്വഭാഷയും തദ്ദേശീയ മൊഴിവഴക്കവും വിദേശീയവും തദ്ദേശീയവുമായ വിജ്ഞാന രൂപങ്ങളും പുരുഷാധീശത്വവും സ്ത്രീലിംഗ/ഭിന്നലിംഗാവിഷ്-കാരങ്ങൾ തുടങ്ങിയവയും സ്ഥാനം പിടിക്കുന്നു. ഏറ്റവും പ്രധാനമായി, അധീശത്വ ഏകോപനത്തിനുപകരം സാമുദായിക ബഹുത്വത്തിലുള്ള ഊന്നൽ ഏകോപിതമായ ‘‘ലോകചരിത്ര’’ത്തിനെതിരായി നിരവധി തദ്ദേശീയ സാമുദായിക സാംസ്കാരിക ചരിത്രങ്ങളുടെ വളർച്ചയ്ക്ക് പ്രോത്സാഹനമായും മാറുന്നുണ്ട്. ചരിത്രത്തിലെ യൂറോപ്യൻ ആധിപത്യത്തെ വെല്ലുവിളിക്കുന്ന ദീപേഷ് ചക്രവർത്തിയുടെ ‘‘യൂറോപ്പിനെ പ്രദേശവൽക്കരിക്കുമ്പോൾ’’ പോലുള്ള ഗ്രന്ഥങ്ങൾ ഇത്- തെളിയിക്കുന്നു.
ഏറ്റവും അവസാനമായി കീഴാള പഠനങ്ങളുടെ കൂട്ടായ്മ അവസാനിപ്പിച്ചതിനുശേഷം പാർത്ഥാ ചാറ്റർജി എഴുതിയ ലേഖനത്തിൽ നിർദേശിച്ചത് നാം ഇനി മുതൽ ‘‘ദെെനംദിന ജീവിതത്തിന്റെ പഠനങ്ങളി’’ലേക്കു തിരിയണമെന്നാണ്. വ്യക്തി ജീവിതാനുഭവങ്ങളുടെ ചേരുവകളാണ് സമൂഹജീവിതത്തിന്റെ ആധാരശിലകളാകുന്നത്. അതായത്, സാമൂഹ്യപ്രവർത്തനങ്ങളുടെയും പ്രതിരോധത്തിന്റെയും അടിത്തറ അനുഭവങ്ങളാണ്. ഇത്തരം അനുഭവങ്ങളെ നിയമാവലികളാക്കി മാറ്റുന്നതെങ്ങനെ എന്നതും പഠനവിഷയമാക്കണമെന്ന് ഗ്യാനേന്ദ്രപാണ്ഡേയും നിർദേശിക്കുന്നു. അധികാരവും അധികാരതന്ത്രങ്ങളും സൃഷ്ടിക്കപ്പെടുന്നത് അവിടെ നിന്നാണ്. ചുരുക്കത്തിൽ, സമൂഹബന്ധങ്ങളുടെ ഭൗതികതലം അപ്രത്യക്ഷമാക്കുകയും അനുഭവസാക്ഷ്യങ്ങളിലേക്കും ആവിഷ്-കാരങ്ങളിലേക്കും അധികാര തന്ത്രങ്ങളിലേക്കും പഠനങ്ങൾ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.
കീഴാള പഠനങ്ങളുടെ പക്ഷം
കീഴാള പഠനങ്ങളുടെ വക്താക്കളിൽ ഭൂരിഭാഗവും കീഴാള രാഷ്ട്രീയപക്ഷത്തിന്റെയും വക്താക്കളാണ്. സാമൂഹ്യപരിവർത്തനത്തിനു വേണ്ടി വാദിക്കുന്നവരും അതിൽ അഭിമാനിക്കുന്നവരുമാണ്. ഇവരിൽ ഒരു വിഭാഗമെങ്കിലും മാർക്സിസം, പ്രത്യേകിച്ച് മാർക്സിന്റെയും ലെനിന്റെയും ‘‘സ്റ്റാലിനിസ്റ്റ്’’ മാർക്സിസം കാലഹരണപ്പെട്ടു എന്നു കരുതുന്നവരും അതിന്റെ പ്രയോഗരീതികൾക്കെതിരെ ശക്തമായ വിമർശമുന്നയിക്കുന്നവരുമാണ്. മാർക്സിസത്തിൽനിന്നുള്ള സമൂലമായ വ്യതിയാനങ്ങളുടെ ഫലമായി, സമൂഹപരിവർത്തനത്തിന് എന്തെങ്കിലും പുതിയ ദിശാബോധം സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യം ഉന്നയിക്കേണ്ടതാണ്. പലപ്പോഴും വ്യത്യസ്തതകളുടെയും അനുഭവേദ്യതയുടെയും സാമുദായികതയുടെയും സാംസ്കാരിക പ്രതിരോധത്തിന്റേതുമായ അവരുടെ വഴികൾ പ്രയോഗതലത്തിൽ എങ്ങനെ സ്വാധീനിക്കുന്നു എന്നത് അന്വേഷിക്കേണ്ടതാണ്.
ചില ഉദാഹരണങ്ങൾ ഇവിടെ സൂചിപ്പിക്കാം: ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ പാർത്ഥാ ചാറ്റർജിയടക്കമുള്ളവർ നടത്തിയ പ്രതികരണങ്ങളാണ് ആദ്യത്തേത്. ബാബറി മസ്ജിദ് തകർത്തതിൽ ആർഎസ്എസ് പ്രവർത്തകരുടെ അതിക്രമങ്ങളെ അപലപിച്ചവരിൽ ഇവരും ഉണ്ടായിരുന്നു. പക്ഷേ, ഇത് സെെദ്ധാന്തികമായ പ്രശ്നങ്ങളും ഉയർത്തി. ബാബറി മസ്ജിദ് മുഗൾ അധിനിവേശത്തിന്റെ ഭാഗമായ ഭരണകൂട നിർമിതിയാണ്. അതിനെതിരായി സാമുദായിക സ്വഭാവമുള്ള കലാപത്തെ പൂർണമായി തള്ളിക്കളയാമോ? അതിനെ തള്ളിക്കളഞ്ഞുകൊണ്ട് ‘‘ന്യൂനപക്ഷ സംരക്ഷണ’’ത്തിന്റെ പേരിൽ മസ്ജിദിനെ ന്യായീകരിച്ചാൽ അത് ശരിയാകുമോ? അതുകൊണ്ട് അലിഗഢിൽ ഇർഫാൻ ഹബീബ് അടക്കമുള്ളവർ ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റിയെ അനുകൂലിച്ചപ്പോൾ ഇവർ അതിനു തയ്യാറായില്ല. മറ്റൊന്ന്, ബസ്തർ– ഝാർഖണ്ഡ് പ്രദേശങ്ങളിലും ബംഗാളിലുമുള്ള മാവോയിസ്റ്റുകളുടെ പ്രവർത്തനമാണ്. മാവോയിസ്റ്റുകളുടെ പ്രവർത്തനത്തെ വിലയിരുത്താനും വിമർശിക്കാനും സാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. വനമേഖലയിലും ഖനിമേഖലയിലുമുള്ള കോർപ്പറേറ്റ് നവലിബറൽ കടന്നുകയറ്റത്തിന്റെ ഫലമായി ജീവിതമാർഗങ്ങൾ നഷ്ടപ്പെട്ട ഒരു ജനതയുടെ പ്രതിരോധമായി അതിനെ വിശദീകരിക്കാം. അതിനോടൊപ്പം അതിനുവേണ്ടി സൃഷ്ടിക്കുന്ന സ്വയംവിനാശകാരിയായ ഉപരോധമാർഗങ്ങളെ വിമർശിക്കുകയും ചെയ്യാം. അവരുടെ പ്രതിരോധത്തിന് രാഷ്ട്രീയ പരിഹാരങ്ങൾ തേടാം. അതിനുപകരം ആദിവാസികൾക്ക് അവരുടെ സമ്പത്തിനുമേലുള്ള സ്വാഭാവികവും പരമ്പരാഗതവുമായ മമതയുടെ പ്രകടനമായി മാവോയിസ്റ്റ് പ്രതിരോധത്തെ വ്യാഖ്യാനിച്ചു. ഇതോടെ മാവോയിസ്റ്റ് പ്രതിരോധം നിലവിൽവന്ന ഭൗതികതലം അപ്രത്യക്ഷമാകും, അനുഭവങ്ങളും പാരമ്പര്യങ്ങളും സ്ഥാനം പിടിക്കും. ഇതേ വിധത്തിലുള്ള അനുഭവങ്ങളും പാരമ്പര്യങ്ങളും മറ്റു സമ്പത്തുടമകൾക്കും ഉണ്ടാകാമെന്ന് അംഗീകരിക്കപ്പെടും.
വെെരുദ്ധ്യങ്ങൾക്കുപകരം വ്യത്യസ്തതകളെയും ഭൗതികജീവിതത്തിനുപകരം ആത്മനിഷ്ഠ അനുഭവസാക്ഷ്യങ്ങളെയും വർഗങ്ങൾക്കുപകരം കേവലമായ സ്വത്വഭിന്നതകളെയും അംഗീകരിച്ചതിന്റെ പ്രശ്നങ്ങളാണ് ഇപ്പോൾ കീഴാളപക്ഷം നേരിടുന്നത്. ഗ്രാംഷി ശ്രമിച്ചതുപോലെ മാർക്സിസത്തിന്റെ അടിസ്ഥാനതത്വങ്ങളെ അംഗീകരിച്ചുകൊണ്ട് അതിലെ വിപ്ലവസിദ്ധാന്തത്തെ സർഗാത്മകമായി മുന്നോട്ടുകൊണ്ടുപോകാനല്ല കീഴാള പഠനങ്ങൾ ശ്രമിച്ചത്, മറിച്ച് ഈ തത്ത്വങ്ങളെ നിരാകരിച്ചു കൊണ്ട് വ്യത്യസ്തതകളുടെയും അനുഭവപരമായ ആവിഷ്-കാരങ്ങളുടെയും നെെസർഗിക പ്രതിരോധത്തിന്റേതുമായ മറ്റൊരു യുക്തി സ്ഥാപിക്കാനാണ്. അധീശത്വത്തിനെതിരായി പ്രതിരോധത്തിന്റെ ശരീരത്തെയും വെെകാരികതലങ്ങളെയും പ്രതിഷ്ഠിക്കുന്നതുവഴി വർഗസമരത്തിന്റെ ഭൗതികതയ്ക്കുപകരം പ്രതിരോധത്തിന്റെ അധിഭൗതികതലങ്ങളെ പ്രതിഷ്ഠിക്കാനാണ് ഇവർ ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ പ്രതിരോധത്തിന് സംഘടനാപരമോ ചങ്ങലകളുടെ രൂപത്തിലോ (Networking) ഉള്ള ഭൗതികതലം സൃഷ്ടിക്കാനും അവർക്ക് കഴിഞ്ഞില്ല. ഇത്തരം യുക്തി സാമൂഹ്യവിപ്ലവത്തിന്റെ മാത്രമല്ല, പ്രതിവിപ്ലവത്തിന്റെയും യുക്തിയായി മാറാനുള്ള സാധ്യത ഏറെയാണ്. കീഴാളപക്ഷത്തിന്റെ ഭൗതിക പ്രതിരോധ സാധ്യതകളെ മറികടന്നുകൊണ്ട് അതിനെ സർവകലാശാലകളിലെ ഒരു അക്കാദമിക് വിഷയമായും അധികാരഘടനയ്ക്കുള്ളിൽ തന്നെയുള്ള ഒരു ഉപഘടകമായും മാറ്റുന്നതിലാണ് അവർ ശ്രദ്ധിച്ചത്. ഇതിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണങ്ങളും പ്രബോധനങ്ങളും ഒരു സാമൂഹ്യപ്രവർത്തനമായി കാണുകയും അതേ മാതൃകയിലുള്ള ‘‘ആക്ടിവിസ്റ്റു’’കളെ സൃഷ്ടിക്കുകയും ചെയ്യുന്നതോടെ വിപ്ലവപ്രവർത്തനത്തിന്റെ ഭൗതികതലം പോലും ഫലത്തിൽ ശോഷിക്കുകയാണ്.
വികസിതരാഷ്ട്രങ്ങളിൽ ‘‘ഉത്തരമാർക്സി സ’’ത്തിന്റെ ഫലവും വ്യത്യസ്തമല്ല. വിപ്ലവപ്രവർത്തനം നടക്കുന്നത് വിരുന്നുസൽക്കാരങ്ങളിലെ ആത്മനിഷ്ഠ ചർച്ചകളിലല്ല, ഭൗതികതലത്തിൽ ചൂഷിത വർഗങ്ങൾക്കിടയിൽ നടക്കുന്ന ബോധപൂർവമായ സംഘാടന പ്രവർത്തനങ്ങളിലാണ്. ഇതിന്റെ ഭാഗമായി വളർന്നുവരുന്ന രാഷ്ട്രീയരൂപങ്ങളെയും സംഘർഷങ്ങളുടെ രീതികളെയും നിഷേധിച്ചാൽ (വിമർശനവും നിഷേധവും രണ്ടാണ്) പിന്നെ മുന്നോട്ടുപോകാനില്ല. 1968നുശേഷവും ചിലർ ഇത്തരത്തിലുള്ള സംഘാടനപ്രവർത്തനവുമായി മുന്നോട്ടുവന്നിരുന്നു. എഴുപതുകളുടെ ആദ്യം വളർന്നുവന്ന ഫ്രഞ്ച് മാവോയിസം ഉദാഹരണമാണ്. പക്ഷേ, ലെനിനിസ്റ്റ് സംഘാടന രീതികളോടുള്ള എതിർപ്പുമൂലം ഒരു പൊതുസംഘടനാരൂപംപോലും സൃഷ്ടിക്കാൻ അവർക്കു കഴിഞ്ഞില്ല. അവസാനം പൊതുപ്രവർത്തനത്തെ ലക്ഷ്യാധിഷ്ഠിത പ്രോജക്ടുകളായി മാത്രം കാണുന്ന ആധുനികോത്തര (അഥവാ നവലിബറൽ) രീതിയിലേക്കു മാറുകയാണുണ്ടായത്. അതായത്, മാർക്സിസം-–ലെനിനിസത്തിൽനിന്ന് സർഗാത്മകമായ എന്തെങ്കിലും മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, വളർന്നുവന്ന പ്രസ്ഥാനങ്ങളെപ്പോലും തകർക്കുന്ന അവസ്ഥയാണുണ്ടായത്.
ഔപചാരിക ട്രേഡ് യൂണിയനുകൾക്കും പാർട്ടികൾക്കും പകരം സന്നദ്ധസംഘടനകളെ പ്രവർത്തന വേദികളാക്കുന്നവരുണ്ട്. പല മാർക്സിസ്റ്റുകളും ഉത്തരമാർക്സിസ്റ്റുകളും ഇത്തരം വേദികളിൽ പ്രവർത്തിക്കുന്നുണ്ട്. നവസാമൂഹ്യപ്രസ്ഥാനങ്ങളും സന്നദ്ധരൂപത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഗ്രീൻപാർട്ടികളും ഫെമിനിസ്റ്റ് പാർട്ടികളും ഉദാഹരണം. പക്ഷേ, ഇന്നത്തെ ബൂർഷ്വാ ജനാധിപത്യസംവിധാനത്തിന്റെ കൃത്യമായ പ്രതിരോധം രാഷ്ട്രീയപ്രസ്ഥാനമായി നിലനിൽക്കുന്നതിന്റെ പ്രശ്നങ്ങളും ദൗർബല്യങ്ങളും ഇവയെയെല്ലാം ബാധിച്ചിട്ടുമുണ്ട്. മുൻ ഗ്രീക്ക് കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളും ചില സന്നദ്ധപ്രവർത്തകരും ചേർന്ന് സ്ഥാപിച്ച സിറിസ ഗ്രീസിൽ അധികാരത്തിൽ വരുകയും സാമ്രാജ്യത്വ സമ്മർദതന്ത്രങ്ങളെ നേരിടാൻ കഴിയാതെ പുറത്തുപോകേണ്ടി വരുകയും ചെയ്തത് ഇതിനുദാഹരണമാണ്.
മാർക്സിസം വേണ്ടത്ര ശ്രദ്ധിക്കാത്തതും കൃത്യമായി പരിശോധിക്കാത്തതുമായ നിരവധി മേഖലകളെ പഠനപ്രയോഗമേഖലകളാക്കി വളർത്തിക്കൊണ്ടുവരാൻ ഉത്തരമാർക്സിസത്തിന് സാധിച്ചിട്ടുണ്ട്. അതേസമയം മാർക്സിസ്റ്റ്–ലെനിനിസ്റ്റ് രാഷ്ട്രീയ പ്രയോഗത്തെ സർഗാത്മകമായി മുന്നോട്ടുകൊണ്ടുപോകുന്നതിലും പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് തന്ത്രങ്ങൾ ആവിഷ്-കരിക്കുന്നതിലും സംഭാവനകൾ നൽകാൻ അവർക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ പ്രധാന കാരണം മാർക്സിസത്തിന്റെ ചരിത്രപരവും വെെരുദ്ധ്യാത്മകവുമായ ഭൗതികവാദ രീതിശാസ്ത്രത്തിൽനിന്നും പ്രയോഗത്തിൽ നിന്നുമുള്ള അവരുടെ വ്യതിയാനമാണ്. ഈ മാറ്റങ്ങൾ ആധുനികോത്തര കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ പുനർനിർവചിക്കപ്പെട്ടതോടെ സാമൂഹ്യവിപ്ലവ ആശയസംഹിത എന്ന അവരുടെ സ്ഥാനംപോലും അപകടത്തിലായിരിക്കുകയാണ്. ഈ സാഹചര്യങ്ങളിൽ സാമൂഹ്യവിപ്ലവത്തിനുവേണ്ടി പ്രവർത്തിക്കുന്നവർ തിരിച്ചുചെല്ലേണ്ടത് മാർക്സിസം–ലെനിനിസത്തിന്റെതന്നെ സന്ദർഭോചിതവും സർഗാത്മകവുമായ പുനരാവിഷ്-കാരങ്ങളിലേക്കാണ്. l



