ജൂലെെ 14ന് കുസെസ്ഥാൻ (Kuzestan) എണ്ണപ്പാടങ്ങളിലെ തൊഴിലാളികൾ ഒന്നിച്ചണിനിരന്ന് പണിമുടക്കി. രണ്ടായിരത്തിലേറെ വരുന്ന തൊഴിലാളികൾ അബാദൻ (Abadan) നഗരത്തിന്റെ (ദക്ഷിണ ഇറാനിലെ നഗരമാണിത്) നിയന്ത്രണം പിടിച്ചെടുത്തു. തങ്ങളടെ സാമ്പത്തികാവശ്യങ്ങൾക്കൊപ്പം തൊഴിലാളികൾ പ്രവിശ്യാ ഗവർണറായി മൊസാബാഹ് ഫത്തേമി (Mosabat Fatemi)യെ അധികാരത്തിൽ പുനഃസ്ഥാപിക്കണമെന്നും ബ്രിട്ടീഷ് പെട്രോളിയം കമ്പനി തട്ടിക്കൂട്ടിയ രാഷ്ട്രീയ സംഘടന പിരിച്ചുവിടണമെന്നും മറ്റുമുള്ള രാഷ്ട്രീയാവശ്യങ്ങൾ കൂടി ഉയർത്തിയിരുന്നു. ബ്രിട്ടീഷ് പെട്രോളിയം കമ്പനി ‘‘ട്രൈബൽ യൂണിയൻ’’, ‘‘സാദർ പാർട്ടി’’ (Saadr Party) തുടങ്ങിയ ചില രാഷ്ട്രീയ സംഘടനകൾക്ക് രൂപംനൽകിയിരുന്നു; തൊഴിലാളികളെ അടിച്ചമർത്തലായിരുന്നു ലക്ഷ്യം. ഈ സംഘടനകളും പൊലീസും ചേർന്ന് തൊഴിലാളികൾക്കുനേരെ ഭീകരമായ കടന്നാക്രമണമാണ് നടത്തിയത്. 47 തൊഴിലാളികൾ കൊല്ലപ്പെട്ടു; 170 തൊഴിലാളികൾക്ക് പരിക്കേറ്റു. എന്നാൽ തൊഴിലാളികൾ തുടർച്ചയായി നടത്തിയ പോരാട്ടങ്ങളുടെ ഫലമായി, അവരുടെ സാമ്പത്തികാവശ്യങ്ങൾ അംഗീകരിക്കപ്പെട്ടു.
1951 ഏപ്രിൽ 28ന് നാഷണൽ ഫ്രണ്ടിന്റെ നേതാക്കളിലൊരാളായ ഡോ. മുഹമ്മദ് മൊസാദേഖിനെ (Mohammad Mosaddegh) ഇറാന്റെ പ്രധാനമന്ത്രിയായി അംഗീകരിച്ചു; മജ്ലിസ് (ഇറാൻ പാർലമെന്റ്) മൊസാദേഖിനെ 12നെതിരെ 79 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിനെതുടർന്നാണിത്. ഇറാനിലെ ജനങ്ങൾക്കിടയിൽ മൊസാദേഖിനുള്ള സ്വാധീനം ഷാ തിരിച്ചറിഞ്ഞിരുന്നു.
പ്രധാനമന്ത്രിയെന്ന നിലയിൽ ഡോ. മൊസാദേഖ് ഒട്ടേറെ സാമൂഹിക പരിഷ്കരണ പരിപാടികൾ നടപ്പാക്കി. തൊഴിലില്ലാത്തവർക്ക് നഷ്ടപരിഹാരത്തുക, രോഗം ബാധിച്ചവരും പരിക്കേറ്റവരുമായ തൊഴിലാളികൾക്ക് ഉപജീവനത്തിനുവേണ്ട തുക നൽകാൻ ഫാക്ടറി ഉടമകൾക്ക് ഉത്തരവ് നൽകിയത്, ഭൂപ്രഭുക്കളുടെ സ്ഥലത്ത് കർഷകർ അടിമപ്പണിയെടുക്കുന്നത് ഒഴിവാക്കൽ തുടങ്ങിയവ ഈ പരിഷ്കരണ പരിപാടികളിൽ ചിലതാണ്. 1952ൽ മൊസാദേഖ് ഭൂപരിഷ്കരണ നിയമം പാസാക്കി; ഈ നിയമപ്രകാരം തങ്ങളുടെ വരുമാനത്തിന്റെ 20 ശതമാനം വികസനപദ്ധതികൾക്കായുള്ള ഫണ്ടിൽ നിക്ഷേപിക്കാൻ ഭൂവുടമകൾ നിർബന്ധിതരായി. ഈ ഫണ്ടുപയോഗിച്ച് പൊതുകുളിപ്പുരകൾ, ഗ്രാമീണ പാർപ്പിടങ്ങൾ, കീടനിയന്ത്രണ സംവിധാനങ്ങൾ എന്നിങ്ങനെ പല പ്രൊജക്ടുകളും ചെയ്തു. മെയ് ഒന്നിന് മൊസാദേഖ് ആംഗ്ലോ –ഇറാനിയൻ എണ്ണക്കമ്പനി ദേശസാത്കരിച്ചു; അതിന്റെ ആസ്തികൾ കണ്ടുകെട്ടുകയും ചെയ്തു. ഇറാനിലെ മൊത്തം എണ്ണ നിക്ഷേപത്തിനുമേൽ പിടിമുറുക്കാനുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഉപകരണമായാണ് ആംഗ്ലോ– ഇറാനിയൻ എണ്ണക്കമ്പനിയെ മൊസാദേഖ് കണ്ടത്. ബ്രിട്ടനും ഇറാനും തമ്മിലുള്ള ബന്ധം ഇതോടെ വഷളായി. ഇറാൻ എണ്ണ വിൽക്കുന്നത് തടയാൻ ബ്രിട്ടൻ പരമാവധി ശ്രമിച്ചു.
ദേശീയ വിമോചന പ്രസ്ഥാനങ്ങളെ അടിച്ചമർത്തൽ, ഇറാനിലെ ടൂഡെ പാർട്ടിയെ ഉന്മൂലനം ചെയ്യൽ, എണ്ണദേശസാൽക്കരണം ഒഴിവാക്കൽ, എണ്ണ നിക്ഷേപത്തിനുമേൽ ബഹുരാഷ്ട്ര കുത്തകകളുടെ ആധിപത്യം പുനഃസ്ഥാപിക്കൽ, സോവിയറ്റ് യൂണിയനും ദേശീയ വിമോചനപ്രസ്ഥാനങ്ങൾക്കുമെതിരായി സാമ്രാജ്യത്വ ചേരിയിൽ ഇറാനെ ഉറപ്പിച്ചുനിർത്തൽ എന്നിവയായിരുന്നു 1953ലെ സിഐഎ– എം16 അട്ടിമറിയുടെ ലക്ഷ്യം. ആ കാലത്ത് ബ്രിട്ടീഷ് ഗവൺമെന്റിന് ഇറാനിലെ ബ്രിട്ടീഷ് അംബാസിഡർ അയച്ച റിപ്പോർട്ടിൽ, ഇറാനിലെ മൊസാദേഖ് ഗവൺമെന്റിന്റെ ദേശസാൽക്കരണനയവും ഇറാനിലെ ടൂഡേ പാർട്ടിയുടെ സ്വാധീനം വർധിച്ചുവരുന്നതും മൂലം നേരിടേണ്ടതായി വരുന്ന അപകടങ്ങളെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾ തിരഞ്ഞെടുത്ത ഡോ. മൊസാദേഖിന്റെ സർക്കാരിനെ അട്ടിമറിക്കാനും ടൂഡെ പാർട്ടിയെ അടിച്ചമർത്താനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഈ റിപ്പോർട്ടിൽ ബ്രിട്ടനിലെയും അമേരിക്കയിലെയും ഗവൺമെന്റുകളോട് ആവശ്യപ്പെടുന്നുണ്ട്.
ഇറാനിലെ ബഹുജന പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം 1953 ലെ അട്ടിമറി കനത്ത ആഘാതമാണുണ്ടാക്കിയത്. ഈ അട്ടിമറി വിജയിക്കുന്നതിന് സഹായകമായ രണ്ട് ഘടകങ്ങളെക്കുറിച്ചുകൂടി അറിയേണ്ടതുണ്ട്. നാഷണൽ ഫ്രണ്ടിന്റെ നേതാക്കളിൽ വലിയൊരു വിഭാഗം മൊസാദേഖിന്റെ പക്ഷത്തുനിന്ന് കൂറുമാറിയതാണ് ഒരു ഘടകം. മറ്റൊന്ന്, ഇറാനിലെ മതമേധാവികളിലൊരാളായ ആയത്തൊള്ള കഷാനിയും മറ്റു മതനേതാക്കളും സിഐഎ നടത്തിയ അട്ടിമറിക്ക് ഒത്താശ ചെയ്തതാണ്. പുതിയ പിന്തിരിപ്പൻ ഭരണത്തിനെതിരെ സമരം സംഘടിപ്പിക്കാൻ ടൂഡെ പാർട്ടി ശ്രമിച്ചു. കനത്ത തിരിച്ചടിയാണ് നേരിടേണ്ടതായി വന്നതെങ്കിലും 1955 വരെ ഈ ചെറുത്തുനിൽപ്പ് തുടർന്നു. 1955ൽ സെെനികർക്കിടയിലുള്ള രഹസ്യ പാർട്ടി സംഘടനയെക്കുറിച്ചുള്ള വിവരങ്ങൾ ഭരണാധികാരികൾക്ക് ലഭിച്ചതിനെതുടർന്ന് ഒട്ടേറെ രാജ്യസ്നേഹികളും പുരോഗമനവാദികളുമായ ഓഫീസർമാർ അറസ്റ്റുചെയ്യപ്പെട്ടു; പിന്നീടവരെയെല്ലാം വധിച്ചു.
വളരെയേറെ ബുദ്ധിമുട്ടു നിറഞ്ഞ ഈ സാഹചര്യത്തിൽ പാർട്ടിക്കുള്ളിലാകെയും നേതൃനിരയിൽ പ്രത്യേകിച്ചും അഭിപ്രായഭിന്നതകൾ ഉയർന്നു വന്നു. പാർട്ടി നേതാക്കളിൽ ഒരു വിഭാഗത്തിന്റെ വഞ്ചനയെത്തുടർന്ന്- സ്ഥിതി കൂടുതൽ വഷളായി. തൽഫലമായി അട്ടിമറിക്കുശേഷം അധികാരത്തിൽ വന്ന ഭീകരവാഴ്ചയ്ക്കെതിരെ ഫലപ്രദമായി ചെറുത്തുനിൽക്കാൻ പാർട്ടി സംഘടനയ്ക്ക് കഴിയാതായി. അട്ടിമറിയെത്തുടർന്ന് നിലവിൽ വന്ന ഭരണസംവിധാനത്തിന് കരുത്താർജിക്കാൻ ഇത് അവസരമൊരുക്കി. രാജ്യത്തെ ജനകീയ പ്രസ്ഥാനങ്ങളാകെ മുരടിക്കാനും തുടങ്ങി. ആ കാലത്തെ പാർട്ടി നേതൃത്വമാകട്ടെ സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിൽ അന്നുണ്ടായിരുന്ന പരസ്യമായ ‘നല്ല ബന്ധ’ത്തിന്റെ സ്വാധീനവലയത്തിലുമായി. അത് ശക്തമായ സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിൽ നിന്ന് പാർട്ടി മെല്ലെപ്പോക്കുനയം പിന്തുടരുന്നതിനിടയാക്കി. അതുകൊണ്ടുതന്നെ അട്ടിമറി വാഴ്ചയ്ക്കെതിരെ നിർണായകമായ നീക്കങ്ങൾ നടത്തുന്നതിൽ നേതൃത്വം പരാജയപ്പെട്ടു.
ഈ കാലഘട്ടത്തിനുശേഷം അട്ടിമറിയുടെ അനുഭവങ്ങളെയും, അതിന്റെ അനന്തര-ഫലങ്ങളെയും കുറിച്ച് വിശകലനം ചെയ്യുന്നതിന് 1957 വരെ നേതൃത്വത്തെ യോജിച്ച നിലാപാടിലെത്തിക്കുന്നതിന് ഒന്നിച്ചുകൊണ്ടുവരുന്നതിന് പാർട്ടിക്ക് കഴിയാതെയായി. അതുകൊണ്ടുതന്നെ സേ-്വച്ഛാധിപത്യ വാഴ്ചയ്ക്കെതിരായ സമരം തുടരുന്നതിന് അനിവാര്യമായ തന്ത്രവും അടവുകളും ആവിഷ്കരിക്കുന്നതിന് . പാർട്ടിക്ക് കഴിഞ്ഞതുമില്ല. പാർടി സെൻട്രൽ കമ്മിറ്റിയുടെ മൂന്നാമത്തെയും നാലാമത്തെയും പ്ലീനറി സമ്മേളനങ്ങൾ ചേരുന്നതിനിടയിൽ എട്ടര വർഷത്തോളം ഇടവേളയുണ്ടായി. ഈ നീണ്ടകാലയളവിനിടയിൽ ഒരിക്കൽ പോലും പാർട്ടിയുടെ ഏതെങ്കിലും ആധികാരികയോഗം ചേരാനുമായില്ല. എന്നിരുന്നാലും വർഗസമരത്തിന്റെ പതാക ഉയർത്തിപ്പിടിക്കുന്നതിലും ഇറാനിലെ തൊഴിലാളിവർഗത്തിന്റെയും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ തുടരുന്നതിലും പാർട്ടി പിന്നോട്ടുപോയില്ല. മുഹമ്മദ് റിസ ഷാ പഹൽവിയുടെ നിഷ്ഠുരമായ സേ-്വച്ഛാധിപത്യവാഴ്ചയുടെ അടിച്ചമർത്തലുകളുണ്ടായിട്ടും തൊഴിലാളിവർഗത്തിനിടയിലെ പാർട്ടിയുടെ സ്വാധീനം അൽപ്പവും കുറഞ്ഞില്ല.
ഖൊസ്റൊ റൂസ്-ബെയുടെ അറസ്റ്റും വധശിക്ഷയും
ഈ കാലഘട്ടത്തിൽ നടന്ന പ്രധാനപ്പെട്ട ഒരു സംഭവവികാസമാണ് ഇറാനിലെ ദേശീയ നായകരിൽ ഒരാളും ടൂഡെ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗവുമായ ഖാസ്റൊ റൂസ്-ബെ (Khosrow Roozbeh) യുടെ അറസ്റ്റും വധശിക്ഷ നടപ്പാക്കലും. അട്ടിമറിയെത്തുടർന്നുള്ള കാലത്ത് ഇറാനിൽ നടമാടിയ കൊടിയ മർദ്ദനവാഴ്ചയ്ക്കെതിരെ റൂസ്ബെ ധീരോദാത്തമായ പോരാട്ടമാണ് നടത്തിയത്. ഒടുവിൽ ഒരു പാർട്ടി അംഗം ഒറ്റുകൊടുത്തതിനെ തുടർന്ന് പൊലീസ് അദ്ദേഹത്തിന്റെ ഒളിസങ്കേതം വളയുകയും ഒരു മണിക്കൂർ നീണ്ട സായുധ ചെറുത്തുനിൽപ്പിനുശേഷം അറസ്റ്റുചെയ്യപ്പെടുകയുമുണ്ടായി. ഈ ചെറുത്തുനിൽപ്പിനിടയിൽ അദ്ദേഹത്തിന്റെ കെെയിലും കാലിലും നെഞ്ചിലുമെല്ലാം വെടിയേറ്റിരുന്നു. അദ്ദേഹത്തെ പിടികൂടിയ പൊലീസ് ആദ്യം ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പിന്നീട് കുപ്രസിദ്ധമായ ഘെസെൽ ഘലേയി (Khezel Ghalae) തടവറയിലടച്ചു.
അറസ്റ്റുചെയ്യപ്പെട്ട നിമിഷം മുതൽ മാസങ്ങൾക്കുശേഷം നടന്ന വിചാരണ വരെയുള്ള ഇടവേളയിൽ അദ്ദേഹത്തെ കൊടിയ മർദ്ദനങ്ങൾക്കും ചോദ്യം ചെയ്യലിനും വിധേയനാക്കിയെങ്കിലും അദ്ദേഹത്തിന്റെ നിലപാടിൽ മാറ്റംവരുത്താൻ ഭരണകൂടത്തിനായില്ല. ഹിറ്റ്ലർ വാഴ്ചയിൽ അറസ്റ്റിലായ ബൾഗേറിയൻ കമ്യൂണിസ്റ്റും കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ജനറൽ സെക്രട്ടറിയുമായ ജേ-്യാർജി ദിമിത്രോവിനെയും ക്യൂബയിൽ ബാത്തിസ്ത ഭരണകാലത്ത് മൊൺകാഡ സെെനികത്താവളത്തിനു നേരെ നടത്തിയ ആക്രമണം പരാജയപ്പെട്ടതിനെ തുടർന്ന് പട്ടാളത്തിന്റെ പിടിയിൽപെട്ട ഫിദെൽ കാസ്ട്രോയെയും പോലെ ഖൊസ്റൊ റൂസ്ബെയും കോടതിയിൽ തന്റെ പ്രവർത്തനങ്ങളെയും പാർടിയേയും ന്യായീകരിച്ചു. സേ-്വച്ഛാധിപത്യവാഴ്ചയ്ക്കെതിരായ കുറ്റവിചാരണയായും തന്റെ ആശയങ്ങൾ ഉറക്കെ പ്രഖ്യാപിക്കാനുള്ള വേദിയായും കോടതിമുറിയെ മാറ്റാൻ അദ്ദേഹത്തിനുകഴിഞ്ഞു.
വിചാരണവേളയിൽ അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു: ‘‘എന്റെ ആശയങ്ങളിൽനിന്നും തെല്ലും പിന്നോട്ടുപോകാൻ ഞാൻ തയ്യാറല്ല….. ജീവനുനേരെ ഉയരുന്ന ഭീഷണി ഒഴിവാക്കാനോ വ്യക്തിഗതമായ എന്തെങ്കിലും നേട്ടത്തിനോ വേണ്ടി ടൂഡെ പാർട്ടിയോടുള്ള എന്റെ പ്രതിബദ്ധതയിൽനിന്ന് പിന്നോട്ടുപോകാനോ അതുയർത്തിപ്പിടിക്കുന്ന വിപ്ലവാശയങ്ങൾ കെെവെടിയാനോ ഞാൻ തയ്യാറല്ല… സോഷ്യലിസ്റ്റ് ആശയത്തോടുള്ള എന്റെ പ്രതിബദ്ധത ഉറച്ച ബോധ്യത്തോടെയുള്ളതാണ്….ഇറാനിലെ ജനകോടികളെ സേവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഞാൻ ടൂഡെ പാർട്ടിയിൽ ചേർന്നത്. എന്റെ രക്തവും മാംസവും ടൂഡെ പാർട്ടിക്കായി സമർപ്പിക്കപ്പെട്ടതാണ്. ഞങ്ങളുടെ പാർട്ടി കോളനിവാഴ്ചയ്ക്കെതിരെയും ഇറാന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടിയുമാണ് നിൽക്കുന്നത്… മനുഷ്യർ മനുഷ്യനെ ചൂഷണം ചെയ്യുന്നതിന് അറുതിവരുത്താനും എല്ലാവിധ സാമൂഹ്യതിന്മകളെയും അഴിമതിയെയും വേരോടെ പിഴുതെറിയാനുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.’’
എന്നാൽ, ഷായുടെ സേ-്വച്ഛാധിപത്യവാഴ്ചയിലെ കോടതി ആ വിചാരണപ്രഹസനത്തിനൊടുവിൽ ആ ധീരവിപ്ലവകാരിയെ വധശിക്ഷയ്ക്ക് വിധിക്കുകയാണുണ്ടായത്. പൊലീസ് വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റതിനെതുടർന്ന് ഊന്നുവടിയുടെ സഹായമില്ലാതെ അദ്ദേഹത്തിന് നടക്കാനാകുമായിരുന്നില്ല. 1958 മെയ് 11ന് രാവിലെ 4 മണിക്ക് ഫയറിങ് സ്ക്വാഡിനുമുന്നിൽ ഉൗന്നുവടിയുടെ സഹായത്തോടെയാണെങ്കിലും തല ഉയർത്തിപ്പിടിച്ച്, നെഞ്ചുവിരിച്ചുനിന്ന് ആ വിപ്ലവകാരി ഉറക്കെ വിളിച്ചു പറഞ്ഞു–‘‘എനിക്ക് തെല്ലും മരണ ഭയമില്ല; വെടിവയ്ക്കുമ്പോൾ എന്റെ കണ്ണ് മൂടിക്കെട്ടരുത്. ഇറാനിലെ ടൂഡെ പാർട്ടി നീണാൾ വാഴട്ടെ! കമ്യൂണിസം നീണാൾ വാഴട്ടെ! നിങ്ങൾക്കെന്നെ വെടിവയ്ക്കാം!’’ വെടിയുണ്ടയ്ക്കുമുന്നിൽ പതറാതെ ആ വിപ്ലവകാരി ജീവൻ വെടിഞ്ഞു. കമ്യൂണിസ്റ്റുകാരായ അനശ്വര രകതസാക്ഷികൾക്കിടയിൽ മറ്റൊരു രക്തനക്ഷ ത്രമായി അദ്ദേഹം തിളങ്ങി.
1953ലെ അട്ടിമറിക്കുശേഷം ഇറാൻ
1953ൽ സിഐഎ നടത്തിയ അട്ടിമറിക്കുശേഷം, 1960കളിലാണ് ഇറാനിൽ വീണ്ടും ഷാ വാഴ്ചയ്ക്കെതിരായ ജനകീയ പ്രസ്ഥാനങ്ങൾ വളരാൻ തുടങ്ങിയത്. 1961 മാർച്ചിൽ അധ്യാപകർ നടത്തിയ ദേശീയ പണിമുടക്കും രാജ്യത്താകെ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും വരെ സംഘടിപ്പിക്കപ്പെട്ട പൊതുയോഗങ്ങളും സേ–്വച്ഛാധിപത്യവാഴ്ചയ്ക്കെതിരായ പോരാട്ടത്തിന് തിരികൊളുത്തി. അധ്യാപകരുടെ പ്രകടനങ്ങളെയും പൊതുയോഗങ്ങളെയും തടയാൻ ഷാ ഭരണം പട്ടാളത്തെ ഇറക്കിയെങ്കിലും സമരക്കാരുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ അവർക്ക് പിൻവാങ്ങേണ്ടതായി വന്നു.
ജനമുന്നേറ്റങ്ങൾ മൂലം ഭീതിയിലായ ഷായുടെ ഗവൺമെന്റ് ജനരോഷം തണുപ്പിക്കാനായി ചില ‘‘പരിഷ്-ക്കരണ’’ നടപടികൾക്ക് നിർബന്ധിതമായി. ‘‘ധവള വിപ്ലവം’’ എന്ന പേരിൽ നടപ്പാക്കിയ പരിഷ്-ക്കാരങ്ങളെക്കുറിച്ച് ടൂഡെ പാർട്ടി 1963 ഫെബ്രുവരി 20ന് നടത്തിയ പ്രസ്താവനയിൽ ഇങ്ങനെ വിശദമാക്കി:
‘‘അട്ടിമറിവാഴ്ചക്കാർ പരിഷ്-ക്കരണമെന്ന പേരിൽ ചില തന്ത്രങ്ങൾ നടപ്പാക്കുകയാണെങ്കിലും രാജ്യത്ത് മൗലികവും വിപ്ലവകരവുമായ മാറ്റങ്ങൾ കൊണ്ടുവരണമെങ്കിൽ ഈ ഭരണത്തെത്തന്നെ മാറ്റിയേ കഴിയൂ.’’
ഈ കാലഘട്ടത്തിലെ മറ്റൊരു ശ്രദ്ധേയമായ സവിശേഷത ഷാ വാഴ്ചയ്ക്കെതിരെ മതസംഘടനകൾ വീണ്ടും പ്രത്യക്ഷപ്പെട്ടതാണ്. 1953ൽ മൊസാദേഖിന്റെ ജനകീയ സർക്കാരിനെതിരെ, സിഐഎയുടെ അട്ടിമറിക്ക് പിന്തുണയുമായി അണിനിരന്ന ആയത്തൊള്ള കഷാനിയുടെ കൊടുംചതിയെതുടർന്ന് വിശ്വാസ്യത ഇല്ലാതായ മതപ്രസ്ഥാനങ്ങൾ ഇത്തവണ ഷായുടെ എതിർപക്ഷത്താണ് വന്നത്. ഷായ്ക്കെതിരായ സമരങ്ങൾക്കൊപ്പം മതപ്രസ്ഥാനങ്ങൾ ചേർന്നത് ഷാ കൊണ്ടുവന്ന പരിഷ്കാരങ്ങൾ തങ്ങളുടെ സാമൂഹികാത്തടിത്തറ തകർത്തേക്കുമെന്ന ഭയം മൂലമാണ്. ഇറാൻ സമൂഹത്തെ ‘‘പാശ്ചാത്യവത്കരിക്കുന്ന’’തായിരുന്നു ആ പരിഷ്കാരങ്ങൾ. ജനങ്ങളുടെ മതവികാരം ഇളക്കിവിട്ട് പുരോഹിതന്മാർ 1961 ജൂൺ 6ന് തെഹ്റാനിലും ഖൂമിലും വലിയ പ്രകടനങ്ങൾ സംഘടിപ്പിച്ചു. സെെന്യം ഭീകരമായാണ് ആ പ്രകടനങ്ങളെ നേരിട്ടത്. രണ്ടായിരത്തിലേറെ ആളുകൾ കൊല്ലപ്പെട്ടു. ഷായുടെ ഭരണത്തിനെതിരെയുള്ള പ്രതിഷേധങ്ങളും പ്രകടനങ്ങളും ശക്തമായിരുന്നെങ്കിലും പ്രതിപക്ഷത്തെ ചേരിതിരിവ് മൂലം ആ മുന്നേറ്റങ്ങൾ കൊണ്ട് ഭരണത്തെ മാറ്റിമറിക്കാൻ കഴിഞ്ഞില്ല.
കൊടുങ്കാറ്റിന്റെ തുടക്കം
1970കളുടെ തുടക്കത്തിലാണ് ഷായുടെ സേ-്വച്ഛാധിപത്യവാഴ്ചയ്ക്കെതിരെ വീണ്ടും വിപ്ലവമുന്നേറ്റങ്ങൾ ആരംഭിച്ചത്. ഓർഗനെെസേഷൻ ഓഫ് ദി ഇറാനിയൻ പീപ്പിൾസ് ഫെദയ്-ഡൻ (Fadaian) ഗറില്ലാസ്, ഓർഗനെെസേഷൻ ഓഫ് ദി പീപ്പിൾസ് മൊജാഹിദീൻ ഓഫ് ഇറാൻ എന്നീ പുതുതായി രൂപീകരിക്കപ്പെട്ട സംഘടനകളുടെ ഗറില്ലാ പ്രസ്ഥാനങ്ങൾ ആരംഭിച്ചത് 1970കളിലാണ്. ഇതിനുപുറമെ ടൂഡെ പാർട്ടി നാവിഡ് (Navid) എന്ന പേരിൽ ഒളിവിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയ്ക്ക് രൂപം നൽകുകയുമുണ്ടായി.
ഗറില്ലാ സംഘങ്ങളുടെ പ്രവർത്തനം കേന്ദ്രീകരിച്ചത് പ്രധാനമായും ഉത്തര ഇറാനിലെ മാസന്ദ്-രാൻ (Mazandran) പ്രവിശ്യയിലെ വനപ്രദേശങ്ങളിലാണ്. ഷാ ഭരണത്തോട് വെറുപ്പും രോഷവുമുളള പ്രതിബദ്ധതയുള്ള ചെറുപ്പക്കാരുടേതായിരുന്നു ഗറില്ലാ മുന്നേറ്റങ്ങൾ. ടൂഡെ പാർട്ടിയെപ്പോലെ ഷാ ഭരണത്തിനെതിരായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനോ അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അണിനിരത്തിയുള്ള ശ്രമകരമായ പോരാട്ടങ്ങൾക്കോ ഈ സംഘടനകൾ തയ്യാറല്ലായിരുന്നു. ഇവ ടൂഡെ പാർട്ടിക്കെതിരെ തുടർച്ചയായി വിമർശനങ്ങളും അപവാദപ്രചരണങ്ങളും നടത്തിയിരുന്നെങ്കിലും ടൂഡെ പാർട്ടി അവരുമായി യുക്തിസഹമായ ആശയവിനിമയത്തിനും യോജിച്ച പോരാട്ടത്തിന്റെ പാത സ്വീകരിക്കാനുമാണ് തയ്യാറായത്. ഷാ വാഴ്ചയ്ക്കെതിരായ എല്ലാ വിഭാഗങ്ങളുടെയും സംയുക്ത പോരാട്ടങ്ങൾ വേണമെന്ന നിലപാടിലായിരുന്നു ടൂഡെ പാർട്ടി. അതേസമയം തന്നെ അത്തരമൊരു മുന്നേറ്റത്തിൽ അണിനിരക്കുന്ന വ്യത്യസ്ത പ്രത്യയശാസ്ത്ര–രാഷ്ട്രീയനിലപാടുകളുള്ളവരുമായി ആശയപരമായ പോരാട്ടം നടത്തുന്ന കാര്യത്തിലും പാർട്ടി ഉറച്ചുനിന്നു. 1978 ലെ സംഭവങ്ങളും ഷായുടെ കിരാതവാഴ്ചയുടെ തകർച്ചയ്ക്കിടയാക്കിയ 1979 ഫെബ്രുവരിയിലെ ജനകീയ വിപ്ലവവും പാർട്ടിയുടെ നിലപാട് സാധൂകരിച്ചു; ഈ ഗറില്ലാ സംഘങ്ങളുടെ അശാസ്ത്രീയവും യുക്തിക്കുനിരക്കാത്തതുമായ സമീപനങ്ങൾ തെറ്റാണെന്നും തെളിയിക്കപ്പെട്ടു.
1975 ജൂലെെയിൽ ചേർന്ന ടൂഡെ പാർട്ടിയുടെ 15–ാമത് പ്ലീനറി സമ്മേളനം നിർണായകമായ ഒന്നായിരുന്നു. പാർട്ടി പിന്തുടരേണ്ട നയങ്ങൾ സംബന്ധിച്ച് വ്യക്തതയോടെ രൂപംനൽകിയ ഈ സമ്മേളനം പുതിയൊരു പരിപാടി അംഗീകരിക്കുകയും ചെയ്തു. ചുവടെ ചേർക്കുന്ന കടമകളാണ് ഈ പാർട്ടി പ്ലീനം മുന്നോട്ടുവച്ചത്.
1. ഷായുടെ ഭരണത്തെ അധികാരഭ്രഷ്ടമാക്കുന്നതിനായി ആശയപരമായ ഭിന്നതകൾക്കുപരിയായി എല്ലാ വിഭാഗങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും വിപുലമായ ഐക്യം.
2. സേ-്വച്ഛാധിപത്യവാഴ്ചയെ തകർക്കുന്നതിന് ജനങ്ങളെയാകെ അണിനിരത്തിയുള്ള പൊതുവായ പോരാട്ടങ്ങൾ അനിവാര്യമാണ്; അതിനായി ജനങ്ങളെ അണിനിരത്താനുള്ള നിരന്തര പരിശ്രമങ്ങൾ നടത്തണം.
3. ഷാ വാഴ്ചയ്ക്കു പിന്നിലെ സാമൂഹ്യാടിത്തറയിലും ഭരണത്തിനുള്ളിലുമുള്ള ആഭ്യന്തര വെെരുദ്ധ്യങ്ങളെയും സംഘർഷങ്ങളെയും പരമാവധി ഉപയോഗപ്പെടുത്തണം.
4. ഒരു പൊതുനയത്തിന്റെയും പരിപാടിയുടെയും അടിസ്ഥാനത്തിൽ വ്യത്യസ്ത ചിന്താഗതിയും പ്രത്യയശാസ്ത്ര നിലപാടുകളുമുള്ള എല്ലാ ശക്തികളെയും ഒന്നിപ്പിക്കുക.
ടൂഡെ പാർട്ടിയുടെ 15–ാമത് പ്ലീനത്തെ തുടർന്നാണ് നാവിഡ് (Navid) എന്ന രഹസ്യസംഘടനയ്ക്ക് രൂപം നൽകിയത്. ഇറാനിൽ ഒളിവിൽ നിന്ന് പ്രവർത്തനങ്ങൾ നടത്തിയിരുന്ന പാർട്ടി പ്രവർത്തകരും നേതാക്കളും വിദേശത്ത് കേന്ദ്രീകരിച്ചിരുന്ന പാർട്ടി നേതൃത്വവും തമ്മിൽ നിരന്തരം ആശയവിനിയമം നടത്തിയിരുന്നു. വിദേശത്ത് പ്രവർത്തിച്ചിരുന്ന നേതൃത്വമാണ് പുതിയ വിപ്ലവ ശിശുവിന് നാവിഡ് (സൂത്രധാരൻ, അഗ്രഗാമി, വിളംബരം ചെയ്യൽ എന്നെല്ലാമാണ് ഈ പേർഷ്യൻ വാക്കിന്റെ അർഥം) എന്ന പേര് നൽകിയത്.
ജനങ്ങൾക്കിടയിൽ ആശയപ്രചാരണം നടത്തുന്നതിനായി നാവിഡ് എന്ന പേരിൽ തന്നെ ഒരു പത്രവും ആരംഭിച്ചു. 1976 ജനുവരിയിൽ ആയിരം കോപ്പിയാണ് ആദ്യം പുറത്തിറക്കിയത്. 1978 ആയപ്പോൾ ഒരു ലക്ഷത്തിലേറെ കോപ്പികളാണ് ജനങ്ങൾക്കിടയിൽ എത്തിച്ചത്. 1979 ഫെബ്രുവരിയിലെ വിപ്ലവകാലത്തും അതിനുശേഷവും ഇതിന്റെ സർക്കുലേഷൻ 2,40,000 കവിഞ്ഞു.
ഇറാൻ സമൂഹത്തിൽ നിലനിൽക്കുന്ന സാഹചര്യത്തെക്കുറിച്ച‍്- സമഗ്രവും സൂക്ഷ്മവും ശാസ്ത്രീയവുമായി പഠിച്ച് ടൂഡെ പാർട്ടിയുടെ 15–ാം പ്ലീനം ഇറാൻ വിപ്ലവത്തിന്റെ സാഹചര്യത്തെയും ഘട്ടത്തെയും സംബന്ധിച്ച് ഇങ്ങനെ വിലയിരുത്തി: ‘‘ഇറാൻ സമൂഹം മൗലികമായ ഒരു മാറ്റം ആവശ്യപ്പെടുന്നു. ജനങ്ങൾക്കാകെ ഗുണകരമായ വിധത്തിൽ അവരുടെ ജീവിതത്തിന്റെ നാനാവശങ്ങളിലും മാറ്റമുണ്ടാക്കുന്ന ഒരു വിപ്ലവമാണ് ഇറാനിൽ വേണ്ടത്. നമ്മുടെ സമൂഹത്തിന്റെ ഇപ്പോഴുള്ള വികാസത്തിന്റെ ചരിത്രപരമായ ഘട്ടത്തിൽ ജനകീയവും ജനാധിപത്യപരവുമായ സ്വഭാവത്തിലുള്ളതായിരിക്കും വിപ്ലവം. ഈ വിപ്ലവത്തിന്റെ ഉള്ളടക്കം സാമ്രാജ്യത്വത്തിന്റെയും കുത്തകകളുടെയും ആധിപത്യത്തെ രാജ്യത്തെ സാമ്പത്തികവും പ്രകൃതി വിഭവങ്ങളുമായി ബന്ധപ്പെട്ടതുമായ സർവരംഗങ്ങളിൽനിന്നും ഒഴിവാക്കലായിരിക്കണം; ധനപരവും രാഷ്ട്രീയവുമായ പരമാധികാരം ഉറപ്പാക്കുന്നതുമായിരിക്കണം; മുതലാളിത്ത പൂർവ സാമൂഹികവ്യവസ്ഥയുടെ അവശിഷ്ടങ്ങളെയാകെ തുടച്ചുനീക്കുന്നതുമായിരിക്കണമത്; സോഷ്യലിസ്റ്റ് ദിശയോടുകൂടിയ വികസനമാണ് നടപ്പാക്കേണ്ടത്; രാജ്യത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ ജീവിതത്തെയാകെ ജനാധിപത്യവൽക്കരിക്കണം… ജനകീയവും ജനാധിപത്യപരവുമായ വിപ്ലവം സാധ്യമാകുന്നതിന് ഈ സമരത്തിൽ ജനങ്ങളെയാകെ ഒറ്റക്കെട്ടായി അണിനിരത്തണം; ഒറ്റപ്പെട്ട വ്യക്തികളുടെയോ ഏതെങ്കിലുമൊരു പാർട്ടിയുടെയോ ഗ്രൂപ്പിന്റേയോ ധീര സാഹസിക പ്രവർത്തനങ്ങൾ കൊണ്ട് അത് സാധ്യമാകില്ല’’. (Documents and View points P – 690) l
(തുടരും)



