Thursday, July 10, 2025

ad

Homeപല രാജ്യങ്ങള്‍ പല കമ്യൂണിസ്റ്റു പാര്‍ടികള്‍ടൂഡെ പാർട്ടി തൊഴിലാളിവർഗത്തിന്റെ പാർട്ടി – 2

ടൂഡെ പാർട്ടി തൊഴിലാളിവർഗത്തിന്റെ പാർട്ടി – 2

എം എ ബേബി

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ നിലനിന്ന റിസ ഷാ ഗവ
ൺമെന്റ് രണ്ടാം ലോക യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ജർമനിയും ഇറ്റലിയും മുന്നേറാൻ തുടങ്ങിയപ്പോൾ, നാസി ജർമനിയുമായി രഹസ്യ സഖ്യത്തിലേർപ്പെട്ടു; സോവിയറ്റ് യൂണിയനെ ആക്രമിക്കാൻ ഇറാനിൽ ഹിറ്റ്ലർ പടയ്ക്ക് താവളങ്ങൾ നൽകി, ആ താവളങ്ങൾ അടച്ചുപൂട്ടാൻ സഖ്യശക്തികൾ (ബ്രിട്ടനും അമേരിക്കയും സോവിയറ്റ് യൂണിയനും) ശ്രമിച്ചു. എന്നാൽ റിസ ഷാ അതിനു തയ്യാറായില്ല. ഒടുവിൽ 1941 ആഗസ്ത് 25ന് സഖ്യശക്തികളുടെ സെെന്യം ഇറാൻ ഭൂപ്രദേശത്ത് പ്രവേശിച്ചു. ഇതിൽ ഭയന്ന റിസ ഷാ നാടുവിട്ടോടി. അയാളുടെ മകൻ മൊഹമ്മദ് റിസയെ ബ്രിട്ടീഷുകാർ ഭരണമേൽപ്പിച്ചു.

1941 ആഗസ്തിലെ സംഭവം ഇറാനിൽ കുറച്ചുകാലത്തേക്ക് ഒരു രാഷ്ട്രീയ ശൂന്യത സൃഷ്ടിച്ചു. ആ ഘട്ടത്തിൽ നിരോധിക്കപ്പെട്ടിരുന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇറാന് പരസ്യമായി പ്രവർത്തിക്കാൻ അവസരമായി. പക്ഷേ, കമ്യൂണിസ്റ്റു പാർട്ടിയെന്ന പേരിൽ പ്രവർത്തനം പുനരുജ്ജീവിപ്പിക്കുകയല്ല അവർ ചെയ്തത്, ടൂഡെ പാർട്ടി ഓഫ് ഇറാൻ (പീപ്പിൾസ് പാർട്ടി ഓഫ് ഇറാൻ) എന്ന പേരിൽ പുതിയൊരു പാർട്ടിക്ക് രൂപം നൽകുകയാണ് ചെയ്തത്.

റിസ ഷായുടെ സേ-്വച്ഛാധിപത്യ വാഴ്ച തകർന്നതിനെ തുടർന്ന് രാഷ്ട്രീയ തടവുകാർ ജയിൽമോചിതരാക്കപ്പെട്ടു. മോചിപ്പിക്കപ്പെട്ടവരിൽ കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രം ഉൾക്കൊണ്ടിരുന്ന ഗ്രൂപ്പ് ഓഫ് 53 എന്നറിയപ്പെടുന്ന ഡോ. അറാനിയുടെ സഹപ്രവർത്തകരും ഉൾപ്പെട്ടിരുന്നു. ഇവരാണ് ടൂഡെ പാർട്ടി ഓഫ് ഇറാന് (ടിപിഐ) അടിത്തറ പാകിയത്.

1941 സെപ്തംബർ 29ന് ടെഹ്റാനിൽ ചേർന്ന സമ്മേളനത്തിലാണ് ടിപിഐ രൂപീകരിക്കപ്പെട്ടത്. ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ നായകരിലൊരാളായ സൊലെെമാൻ മൊഹ്സൻ എസ്-ക്കെന്ദാരി (Soleiman Mohsen Eskandari) യുടെ അദ്ധ്യക്ഷതയിലായിരുന്നു ആ സമ്മേളനം ചേർന്നത്. സമ്മേളനം 15 അംഗങ്ങളുള്ള പ്രൊവിഷണൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. എസ് കെന്ദാരിയെ പ്രസിഡന്റായും തിര
ഞ്ഞെടുത്തു. രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യവും ദേശീയ പരമാധികാരവും സംരക്ഷിക്കാനും ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് അടിയന്തരമായി ചില പരിഷ്കാരങ്ങൾ കൊണ്ടുവരാനുമായി ടൂഡെ പാർട്ടി ഒാഫ് ഇറാൻ രൂപീകരിക്കപ്പെട്ടതായി സമ്മേളനം പ്രഖ്യാപിച്ചു.

പരസ്യമായി പ്രവർത്തിക്കുന്നതിനുള്ള എല്ലാ സാധ്യതയും ഉപയോഗിച്ചുകൊണ്ട് അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയാകെ അണിനിരത്തുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്നും പ്രഖ്യാപിക്കപ്പെട്ടു. ഈ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി കാലഘട്ടത്തിന്റെ കൃത്യമായ ആവശ്യങ്ങളടങ്ങിയ അടവുപരമായ മുദ്രാവാക്യങ്ങൾ മുന്നോട്ടുവച്ചു;സേ-്വ
ച്ഛാധിപത്യമാണ് ഏറ്റവും അടിയന്തരമായി നേരിടേണ്ട ഭീഷണിയെന്നും പിന്തിരിപ്പൻ സേ-്വച്ഛാധിപത്യവാഴ്ചക്കെതിരെ സ്വാതന്ത്ര്യവും ജനാധിപത്യവും ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങളുടെയും വർഗങ്ങളുടെയും സംയുക്ത സമരമാണ് ഈ ഘട്ടത്തിൽ മുന്നോട്ടുവയ്ക്കേണ്ട അടവുപരമായ മുദ്രാവാക്യമെന്നും ടൂഡെ പാർട്ടി ആദ്യ സമ്മേളനത്തിൽ തന്നെ വിലയിരുത്തി. ഇറാന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കൽ, അഭിപ്രായ പ്രകടനത്തിനും സംഘടിക്കാനുമുള്ള സ്വാതന്ത്ര്യം, സേ-്വച്ഛാധിപത്യത്തിന്റെ എല്ലാ രൂപങ്ങൾക്കുമെതിരായ സമരം, അടിയന്തരമായി ഭൂപരിഷ്കരണവും കർഷക ജനതയുടെയും മറ്റധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ജീവിതം മെച്ചപ്പെടുത്തലും, എല്ലാവർക്കും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിനായി വിദ്യാഭ്യാസ സംവിധാനത്തിന്റെ പരിഷ്കരണം, സൗജന്യ ആരോഗ്യ പരിചരണം, ബഹുജന താൽപര്യം സംരക്ഷിക്കുന്നതിനു നികുതി സംവിധാനത്തിന്റെ പരിഷ്കരണം, സാമ്പത്തിക – വ്യാപാര മേഖലകളുടെ പരിഷ്കരണം, വ്യാവസായിക വികസനം, റോഡുകളും റെയിൽവെ ശൃംഖലയും വികസിപ്പിച്ചുകൊണ്ട് ഗതാഗത സൗകര്യം മെച്ചപ്പെടുത്തൽ, ജനതാൽപ്പര്യത്തിനായി റിസ ഷായുടെ സ്വത്തു പിടിച്ചെടുക്കൽ എന്നിവയായിരുന്നു സമ്മേളനം മുന്നോട്ടുവച്ച മുദ്രാവാക്യങ്ങൾ.

റിസ ഷായുടെ പതനത്തെ തുടർന്ന് മറ്റു നിരവധി പാർട്ടികളും രൂപംകൊണ്ടു. എന്നാൽ അവയെല്ലാം തന്നെ ഏറെ വെെകാതെ അപ്രത്യക്ഷമാവുകയോ ഒറ്റപ്പെട്ട രാഷ്ട്രീയ ഗ്രൂപ്പുകളായി തീരുകയോ ചെയ്തു. ടൂഡെ പാർട്ടി ഓഫ് ഇറാൻ മാത്രമാണ് പാർട്ടിയെന്ന നിലയിൽ പ്രവർത്തിച്ചതും അതിവേഗം വളർന്ന് ശ്രദ്ധേയവും ജനപിന്തുണയുള്ളതുമായ ഒരു രാഷ്ട്രീയ ശക്തിയായി മാറിയതും. ആ കാലഘട്ടത്തിലെ മൂർത്തമായ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായി വിശകലനം നടത്തുകയും ജനങ്ങളുടെ ആവശ്യങ്ങളോട് ശരിയായവിധം പ്രതികരിക്കുകയും ചെയ്തതുകൊണ്ടാണ് ടൂഡെ പാർട്ടിക്ക് അതിവേഗം വളരാൻകഴിഞ്ഞത്.

പഴയ കമ്യൂണിസ്റ്റു പാർട്ടി അംഗങ്ങൾ ചേർന്നാണ് പുതിയ പാർട്ടിക്ക് രൂപം നൽകിയതെന്നതിനാൽ തൊഴിലാളിവർഗത്തിലെ ഉയർന്ന രാഷ്ട്രീയ ബോധമുള്ള വിഭാഗങ്ങളുടെയാകെ വിശ്വാസം അത് അതിവേഗം നേടിയെടുത്തു. പെട്ടെന്നുതന്നെ, തൊഴിലാളിവർഗത്തിനുള്ളിലെ മറ്റു വിഭാഗങ്ങളും സംഘടിക്കാനും സമരം ചെയ്യാനുമുള്ള സന്നദ്ധതയോടെ ടൂഡെ പാർട്ടിക്കു പിന്നിൽ അണിനിരന്നു. രാജ്യത്തിനുള്ളിലെ പിന്തിരിപ്പൻ ശക്തികൾക്കും കൊളോണിയലിസത്തിനും സാമ്രാജ്യത്വത്തിനും എതിരായ പോരാട്ടത്തിൽ പാർട്ടി അണികൾ സജീവമായി.

എല്ലാവിധ പിന്തിരിപ്പൻ ശക്തികൾക്കും സാമ്രാജ്യത്വത്തിനുമെതിരെ സമരം ചെയ്യുന്നതിന് പുരോഗമന ശക്തികളുടെയാകെ ഐക്യമുന്നണി രൂപീകരിക്കേണ്ടതിന്റെ അനിവാര്യത ആദ്യം തിരിച്ചറിഞ്ഞതും അത്തരമൊരു സമരമുന്നണി കെട്ടിപ്പടുക്കാൻ നേതൃത്വപരമായ പങ്കുവഹിച്ചതും ടൂഡെ പാർട്ടിയാണ്. മറ്റനേകം രാഷ്ട്രീയ സംഘടനകൾക്ക് പരസ്യമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നിട്ടും പാർട്ടിയുടെ പ്രവർത്തനത്തെ ഭയത്തോടെ കണ്ടിരുന്ന ഭരണവർഗം ടൂഡെ പാർട്ടിക്ക് നിയമപരമായ പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചില്ല. ഒടുവിൽ ഏറെ പ്രക്ഷോഭങ്ങൾക്കുശേഷം 1942ലാണ് പാർട്ടിക്ക് അംഗീകാരം ലഭിച്ചത്. അതോടെ സിയാസാറ്റ് (Siasat – രാഷ്ട്രീയം) എന്ന പേരിൽ പാർട്ടിയുടെ ഔദ്യോഗിക ജിഹ്വയും പ്രസിദ്ധീകരണമാരംഭിച്ചു.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പാർട്ടി തുടക്കത്തിൽ നടത്തിയ പോരാട്ടങ്ങളിൽ പലതും ശ്രദ്ധേയമായ വിജയം നേടി. ഇതോടെ പാർട്ടി അതിവേഗം വളരുന്നതിനുള്ള അവസരമുണ്ടായി. മിക്കവാറുമെല്ലാ വ്യവസായ കേന്ദ്രങ്ങളിലും പാർട്ടി സെല്ലുകളും ട്രേഡ് യൂണിയൻ സംഘടനകളും രൂപീകരിക്കപ്പെട്ടു. ഒരു വർഷത്തിനുള്ളിൽ തന്നെ മിക്കവാറുമെല്ലാ കൗണ്ടികളിലും പ്രൊവിൻസുകളിലും പാർട്ടി സംഘടന നിലവിൽ വന്നു; അസർബെെജാൻ, ഇസ്-ഫഹാൻ, ഗിലാൻ, മാസാന്ദരൻ , ഖോറസാൻ എന്നീ കൗണ്ടികളിൽ കൗണ്ടിതല കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു. ഏറ്റവും പ്രധാനപ്പെട്ട പാർട്ടി സംഘടന തെഹ്റാനിലേതായിരുന്നു. 1942 ഒക്ടോബറിൽ തെഹ്റാനിലെ പാർട്ടി ഘടകം ആദ്യ സമ്മേളനം ചേർന്നു; അതിൽ 120 അംഗങ്ങൾ പങ്കെടുത്തു.

ഇറാൻ: നാടും ജനങ്ങളും

മാനവ സംസ്കാരത്തിന്റെ കളിത്തൊട്ടിലെന്നറിയപ്പെടുന്ന ഇറാൻ, ക്രിസ്തുവിന് 3200 വർഷം മുൻപുതന്നെ ജനവാസം ആരംഭിച്ച, വലിയ ചരിത്ര പാരമ്പര്യമുള്ള രാജ്യമാണ്. സാഹിത്യത്തിലെയും മതത്തിലെയും ഭരണക്രമത്തിലെയും നഗരവത്കരണത്തിലെയും കൃഷിയിലെയും ആദ്യപഥികരായാണ് പുരാതന ഇറാൻ അറിയപ്പെടുന്നത്. ഒരുപാട് അധിനിവേശങ്ങൾക്കുവിധേയമായ ഈ രാജ്യം ഇരുപതാം നൂറ്റാണ്ടിൽ പഹൽവി രാജവംശത്തിന്റെ സ്വേച്ഛാധിപത്യത്തിൻ കീഴിലായിരുന്നു. അതുമായി കൂട്ടുചേർന്നുതന്നെ ബ്രിട്ടീഷ് സാമ്രാജ്യത്വവും നുഴഞ്ഞുകയറി. സാമ്രാജ്യത്വശക്തികൾക്കെതിരെയും പഹൽവി സേ-്വച്ഛാധിപത്യത്തിനെതിരെയുമുള്ള പോരാട്ടങ്ങൾ പലഘട്ടത്തിലും വിജയം കണ്ടെങ്കിലും അവയെല്ലാം അട്ടിമറിക്കപ്പെട്ട അനുഭവവമാണുള്ളത്.

ജനാധിപത്യപരമായ തിരഞ്ഞെടുപ്പിന് അവസരം കിട്ടിയപ്പോൾ ഇറാൻ ജനത തിരഞ്ഞെടുത്ത മുഹമ്മദ് മുസേദേഖിന്റെ ഭരണത്തെ ബ്രിട്ടീഷ് അമേരിക്കൻ സാമ്രാജ്യത്വശക്തികൾ അട്ടിമറിച്ച് ഷായുടെ സേ-്വച്ഛാധിപത്യവാഴ്ച പുനഃസ്ഥാപിക്കുകയാണുണ്ടായത്. 1979ലെ ഇസ്ലാമിക വിപ്ലവം ഇതിന് അന്ത്യം കുറിച്ചെങ്കിലും മതമേധാവികളുടെ സേ-്വച്ഛാധിപത്യത്തിന് അടിപ്പെടേണ്ടതായും വന്നു ഇറാൻ ജനതയ്ക്ക്. അതോടൊപ്പം തന്നെ, അന്നുമുതൽ അമേരിക്കൻ സാമ്രാജ്യത്വം ഇറാനെ വീണ്ടും കെെപ്പിടിയിലാക്കാനുള്ള ശ്രമം തുടരുകയാണുണ്ടായത്. അതിന്റെ ഭാഗമായാണ് ഇറാനുനേരെ ഇപ്പോൾ നടക്കുന്ന ആക്രമണത്തെയും കാണേണ്ടത്.

പേർഷ്യ എന്നുകൂടി അറിയപ്പെടുന്ന ഈ പശ്ചിമേഷ്യൻ രാജ്യത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ഇറാഖും വടക്കു പടിഞ്ഞാറ് തുർക്കി, അസർബെെജാൻ, അർമേനിയ എന്നീ രാജ്യങ്ങളും, വടക്ക് റഷ്യയും കാസ്പിയൻ കടലും, വടക്ക് കിഴക്ക് തുർക്കുമെനിസ്താനും കിഴക്ക് അഫ്ഗാനിസ്താനും തെക്കു കിഴക്ക് പാകിസ്താനും തെക്ക് ഒമാൻ ഉൾക്കടലും പേർഷ്യൻ ഉൾക്കടലും അതിർത്തി പങ്കിടുന്നു. ജനസംഖ്യയിലും ഭൂവിസ്തൃതിയിലും ഇറാൻ ലോകത്തെ 17–ാമത്തെ രാജ്യമാണ്.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ എന്നാണ് ഔദ്യോഗിനാമം. തലസ്ഥാനം തെഹ്റാൻ. മുപ്പത്തൊന്ന് പ്രവിശ്യകളുണ്ട്. ഔദ്യോഗിക ഭാഷ പേർഷ്യൻ. ജനസംഖ്യ 9,24,17,681.

രൂപീകരണ സമ്മേളനം മുന്നോട്ടുവെച്ച പരിപാടിക്ക് തെഹ്റാനിലെ സമ്മേളനം അംഗീകാരം നൽകി. തൊഴിലാളികളെയും കർഷകരെയും ബുദ്ധിജീവികളെയും കെെത്തൊഴിലുകാരെയും യോജിപ്പിച്ച് അണിനിരത്തുന്നതിനും എല്ലാവിധത്തിലുമുള്ള കൊളോണിയലിസത്തിനെതിരായ പോരാട്ടത്തിലേർപ്പെടുന്നതിനുംപുറമെ സ്ത്രീകൾക്ക് തുല്യ രാഷ്ട്രീയ അവകാശങ്ങൾ അംഗീകരിക്കുന്ന വ്യവസ്ഥയും പരിപാടിയിൽ പുതുതായി കൂട്ടി
ച്ചേർത്തു.

ഇടയ്ക്ക് മുടങ്ങിപ്പോയ ‘‘സിയാസാറ്റ്’’ എന്ന പാർട്ടി പത്രത്തിനുപകരം ‘‘റഹ്ബാർ’’ (Rahbar – നേതാവ് ) എന്ന പേരിൽ പുതിയ ഔദേ-്യാഗിക മുഖപത്രം ആരംഭിക്കാനും തെഹ്റാൻ പ്രൊവിൻഷ്യൽ സമ്മേളനം തീരുമാനിച്ചു. 15 അംഗങ്ങളുള്ള തെഹ്റാൻ പ്രൊവിൻഷ്യൽ കമ്മിറ്റിക്കും രൂപം നൽകി. പാർട്ടിയുടെ ഒന്നാം കോൺഗ്രസ് ഉടൻ തന്നെ ചേരുന്നതിനു വേണ്ട ഏർപ്പാടുകൾ ചെയ്യാനും അതുവരെ സെൻട്രൽ കമ്മിറ്റിയുടെ കടമകൾ ഏറ്റെടുത്ത് നിർവഹിക്കാനും പ്രൊവിൻഷ്യൽ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

1944ൽ 14–ാം മജ്ലിസിലേക്കുള്ള (പാർലമെന്റ്) തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ പാർട്ടി തീരുമാനിച്ചു. 8 പാർട്ടി സ്ഥാനാർഥികൾ തിരഞ്ഞെടുക്കപ്പെട്ടു. ഇതേസമയം തന്നെ സെെന്യത്തിനുള്ളിലെ പാർട്ടി അംഗങ്ങളെയും അനുഭാവികളെയും ഉൾപ്പെടുത്തിക്കൊണ്ട് ടൂഡെ പാർട്ടി മിലിറ്ററി ഓർഗനെെസേഷൻ ഓഫ് ഇറാൻ എന്ന രഹസ്യ സംഘടനയ്ക്കും രൂപം നൽകി. എന്നാൽ ഈ സംഘടനയെ ഉപയോഗിച്ച് സെെനിക അട്ടിമറി സംഘടിപ്പിക്കലായിരുന്നില്ല പാർട്ടിയുടെ ലക്ഷ്യം.

1943 മുതൽ തന്നെ സ്ത്രീകളുടെ അവകാശങ്ങൾക്കായി ടൂഡെ പാർട്ടി ശക്തമായ നിലപാടെടുത്ത് പാർലമെന്റിനു പുറത്തും അകത്തും പൊരുതി. തുല്യജോലിക്ക് തുല്യ വേതനം, സ്ത്രീതൊഴിലാളികൾക്ക് രണ്ടു മാസത്തെ പ്രസവാവധി തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മറ്റു പുരോഗമന വനിതാ സംഘടനകളുമായി ചേർന്ന് നിരവധി സമരങ്ങൾക്ക് പാർട്ടി നേതൃത്വം നൽകി.

1945 ആരംഭത്തോടെ ഇറാന്റെ ചരിത്രത്തിലാദ്യമായി ബഹുജന സംഘടനകൾ രൂപീകരിക്കാൻ പാർട്ടിക്ക് കഴിഞ്ഞു – ട്രേഡ് യൂണിയൻ സംഘടനകൾക്കുപുറമെ സ്ത്രീകളുടെയും യുവജനങ്ങളുടെയും സംഘടനകളും രൂപീകരിക്കപ്പെട്ടു. 2200 അംഗങ്ങളുണ്ടായിരുന്ന പാർട്ടിക്ക് വനിത -– യുവജന സംഘടനകളിലായി പതിനായിരത്തോളം അനുഭാവികളുണ്ടായിരുന്നു; ട്രേഡ് യൂണിയനുകളിൽ ഒരു ലക്ഷത്തിലേറെ അംഗങ്ങൾ പാർട്ടി അനുഭാവികളായുണ്ടായിരുന്നു. പാർട്ടി മുഖപത്രത്തിന്റെ പ്രചാരണം ഒരു ലക്ഷത്തിലധികമായിരുന്നു. ന്യായമായവിധം തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ 40 ശതമാനത്തോളം വോട്ട് ടൂഡെ പാർട്ടിക്ക് ലഭിക്കുമായിരുന്നുവെന്നാണ് ന്യൂയോർക്ക് ടെെംസ് അക്കാലത്ത് റിപ്പോർട്ട് ചെയ്തത്. ഇറാനിലെ ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ പ്രസ്ഥാനമാണ് ടൂഡെ പാർട്ടി എന്ന് 1945ൽ പറഞ്ഞത് ഇറാനിലെ ബ്രിട്ടീഷ് അംബാസിഡർ റീഡർ ബുള്ളാർഡാണ്.

തിരഞ്ഞെടുക്കപ്പെട്ട 8 അംഗങ്ങൾ ചേർന്ന് മജ്ലിസിലെ ടൂഡെ ഗ്രൂപ്പിനു രൂപം നൽകി. ഇറാനിയൻ ജനതയുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കലാണ് തങ്ങളുടെ പരമമായ കടമയെന്ന് ടുഡെ പാർട്ടി എംപിമാർ തുടക്കത്തിൽ തന്നെ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ‘‘എല്ലാവർക്കും സ്വാതന്ത്ര്യം, എല്ലാവർക്കും ഭക്ഷണം, എല്ലാവർക്കും സംസ്കാരം, എല്ലാവർക്കും ആരോഗ്യം’’ എന്നതായിരുന്നു പാർട്ടിയുടെ മുഖ്യ മുദ്രാവാക്യങ്ങളിലൊന്ന്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനായി പുതിയ തൊഴിൽ നിയമം, തിരഞ്ഞെടുപ്പ് നിയമപരിഷ്കരണം, ജുഡീഷ്യൽ സംവിധാനത്തിലെ പരിഷ്കരണം, കാർഷിക പരിഷ്കരണം, വ്യവസായവൽക്കരണം, സ്ത്രീകളുടെ അവകാശസംരക്ഷണം എന്നിവയ്ക്കായി ടൂഡെ പാർട്ടി അംഗങ്ങൾ പാർലമെന്റിൽ പൊരുതി. പുരോഗമനവാദികളായ മറ്റു പാർലമെന്റംഗങ്ങളെ ഈ ആവശ്യങ്ങൾക്കുപിന്നിൽ അണിനിരത്താനും പാർട്ടിക്ക് കഴിഞ്ഞു.

നീണ്ടകാലത്തെ പോരാട്ടങ്ങളെ തുടർന്ന് നിലവിലുണ്ടായിരുന്ന നിരവധി യൂണിയനുകളെ 1944 മെയ് ഒന്നിന് ഒരൊറ്റ ദേശീയ സംഘടനയായി ഏകോപിപ്പിച്ചു – യുണെെറ്റഡ് സെൻട്രൽ കൗൺസിൽ ഓ-ഫ് ദി വർക്കേഴ്സ് ആൻഡ് ടോയ്ലേഴ്സ് ഓഫ് ഇറാൻ. 55 അംഗങ്ങളടങ്ങിയ സെൻട്രൽ കൗൺസിലും 15 അംഗ എക്സിക്യൂട്ടീവും 5 സെക്രട്ടറിമാരും ഉൾപ്പെടുന്നതായിരുന്നു നേതൃനിര. തുടക്കത്തിൽ സംഘടനയിൽ 50,000 അംഗങ്ങളാണുണ്ടായിരുന്നത്. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ ഇറാനിലെ തൊഴിലാളികളിൽ 90 ശതമാനത്തിന്റെയും പങ്കാളിത്തമുള്ള സംഘടനയായി അതു മാറി.

നിരന്തരമായ പരിശ്രമങ്ങളെ തുടർന്ന് ലിബറേഷൻ ഫ്രണ്ട് എന്ന പേരിൽ ഒരു ഐക്യമുന്നണിക്ക് രൂപം നൽകാൻ പാർട്ടിക്ക് കഴിഞ്ഞു. വിവിധ പത്രങ്ങളുടെയും ജേണലുകളുടെയും എഡിറ്റർമാർ ഉൾപ്പെടുന്നതായിരുന്നു ഈ മുന്നണി. 1944 അവസാനമായപ്പോൾ ഈ മുന്നണിയിൽ രാജ്യത്തെ 44 പത്രങ്ങളും ജേണലുകളും ചേർന്നു – ഇതോടെ മൊത്തം പത്രങ്ങളുടെയും ജേണലുകളുടെയും പകുതിയിലേറെ ഈ മുന്നണിയിലേക്ക് വന്നു. വിവിധ ചിന്താഗതിക്കാരടങ്ങിയതായിരുന്നു ഈ മാധ്യമ കൂട്ടായ്മ.

ഈ കാലഘട്ടത്തിൽ പാർട്ടി നടത്തിയ ഏറ്റവും പ്രധാനപ്പെട്ട കാംപെയ്നുകളിലൊന്ന് നാസി ഫാസിസത്തിനെതിരെയായിരുന്നു. ഹിറ്റ്ലറുടെ ചാരശൃംഖല ഈ കാലത്ത് ഇറാനിലുടനീളം സജീവമായി വലവിരിച്ചിരുന്നു. 1941ലെ ആദ്യത്തെ 8 മാസത്തിനുള്ളിൽ പല വഴികളിലൂടെ ഇറാനിലേക്ക് 11,000 ടൺ സെെനികോപകരണങ്ങൾ ഫാസിസ്റ്റുകൾ എത്തിച്ചിരുന്നു; അവ രഹസ്യ സങ്കേതങ്ങളിൽ സൂക്ഷിച്ചു. സെെനികമായി മാത്രമല്ല ഈ കാലത്ത് നാസികൾ തയ്യാറെടുപ്പ് നടത്തിയത്. രാഷ്ട്രീയരംഗത്തെ ഒട്ടേറെ പ്രാമാണികരെ തങ്ങൾക്കൊപ്പം ചേർക്കാൻ നാസികൾക്ക് കഴിഞ്ഞു. നിരവധി ഫാസിസ്റ്റ് പാർട്ടികളും ഗ്രൂപ്പുകളും ഈ കാലത്ത് ഇറാനിൽ രൂപംകൊണ്ടു. ഇവയ്ക്ക് രാജ്യത്തെ യുവാക്കളെ ആകർഷിക്കാനും കഴിഞ്ഞു.

ടൂഡെ പാർട്ടി പല പട്ടണങ്ങളിലും ഫാസിസ്റ്റു വിരുദ്ധ കമ്മിറ്റികൾക്ക് രൂപം നൽകി. ‘‘മാർഡം’’ (Mardom) എന്ന പേരിൽ ഫാസിസ്റ്റു വിരുദ്ധ മുഖപത്രവും ആരംഭിച്ചു. ഫാസിസ്റ്റു വിരുദ്ധ കമ്മിറ്റികൾളും മാർഡം പത്രവും ഇറാനിലുടനീളം സജീവ സാന്നിധ്യമായി പ്രവർത്തിച്ചു; ഫാസിസ്റ്റ് വിരുദ്ധ ആശയപ്രചരണത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാനും കഴിഞ്ഞു.

1946 ജൂലെെ 14 ഇറാന്റെ സാമ്രാജ്യത്വവിരുദ്ധ പോരാട്ട ചരിത്രത്തിൽ ശ്രദ്ധേയമായ ഇടം നേടിയ ദിനമാണ്. അന്ന് ആയിരക്കണക്കിന് തൊഴിലാളികൾ പണിമുടക്കി പ്രകടനം നടത്തി. ഇറാനിൽ നിലനിന്ന സാമ്രാജ്യത്വ സ്വാധീനം ഇല്ലാതാക്കുന്നതിനുള്ള നിരന്തര പരിശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. പ്രകടനത്തിൽ പങ്കെടുത്ത നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു. ബ്രിട്ടീഷ് പെട്രോളിയം ഷായുടെ കുടുംബത്തിന്റെ പിന്തുണയോടെ ഭരണത്തിന്റെ സർവമേഖലകളിലും കടന്നുകൂടി സ്വാധീനം വർധിപ്പിച്ചു. ഈ സ്വാധീനം ഉപയോഗിച്ച് കമ്പനി ഇറാൻ തൊഴിലാളികളുടെ രക്തം ഊറ്റിക്കുടിക്കുകയായിരുന്നു. ഈ ചൂഷണം ശക്തമായി തുടരവേ തന്നെ ഇറാൻ തൊഴിലാളിവർഗത്തിന്റെ പോരാട്ടവും കരുത്താർജിച്ചുകൊണ്ടിരുന്നു. l
(തുടരും)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × two =

Most Popular