ലോകത്തിലെ ഏറ്റവും ജനപ്രിയ കായികവിനോദമായ ഫുട്ബോൾ മത്സരം വിലയിരുത്തുമ്പോൾ കളിക്കുന്ന ടീമുകളിലെ കളിക്കാർക്ക് വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളുമാവാം. എന്നിട്ടും പന്തിനു വേണ്ടിയുള്ള അവരുടെ പോരാട്ടവും തന്ത്രങ്ങളും ഗോളടിക്കാനുള്ള ആവേശവും കാണികളെയും സഹകളിക്കാരെയും ഒരേ വികാരത്തിലേക്ക് എത്തിക്കുന്നതിന് സാധിക്കുന്നു. ഒരു ഗോൾ നേടുമ്പോൾ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക് ഒരേനിലയിൽ ആഹ്ളാദം അനുഭവപ്പെടുന്നു. വാക്കുകളില്ലാതെതന്നെ ആവേശം, നിരാശ, ദുഃഖം, സന്തോഷം തുടങ്ങിയ വൈകാരികഭാവങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന്റെ മത്സരതലം ഒരു ബഹുഭാഷാ-സാംസ്കാരിക സംഗമവേദി കൂടിയാണ്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങൾ പലപ്പോഴും പരസ്പരം ആശയവിനിമയം നടത്താൻ ഒരു പൊതുഭാഷയെ ആശ്രയിക്കുന്നില്ല. എന്നാൽ അവരുടെ കായിക പ്രകടനങ്ങൾ, പ്രൊഫഷനോടുള്ള ആത്മസമർപ്പണം വിജയത്തെയും പരാജയത്തെയും നേരിടുന്ന രീതി എന്നിവയെല്ലാം മനുഷ്യന്റെ നിശ്ചയദാർഢ്യം, കഠിനാധ്വാനം, സഹാനുഭൂതി തുടങ്ങിയ സാർവലൗകിക മൂല്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. മത്സരശേഷം പരസ്പരം ആശ്വസിപ്പിക്കുകയും ആശ്ലേഷിക്കുകയും ചെയ്യുന്ന എതിരാളികൾ, മെഡൽ പങ്കിടുന്ന താരങ്ങൾ, കൈകൊടുത്ത് സൗഹൃദം സ്ഥാപിക്കുന്നവർ തുടങ്ങിയവരെല്ലാം ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറമുള്ള ആഴത്തിലുള്ള ബന്ധത്തെയാണ് പ്രതിനിധീകരിക്കുന്നത്. കായികരംഗം പരിമിതികളെക്കൂടി അതിജീവിക്കാൻ കഴിയുന്ന വേദിയാണെന്ന് പാരാലിമ്പിക്സ്, ഡ്വാർഫ് ഗെയിംസ്, സ്പെഷ്യൽ ഒളിമ്പിക്സ് തുടങ്ങിയ മത്സരങ്ങൾ തെളിയിക്കുന്നു. ഇവിടെ വ്യത്യസ്ത കഴിവുകളുള്ള കായികതാരങ്ങൾ തങ്ങളുടെ അസാധാരണ പ്രകടനങ്ങളിലൂടെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തിലൂടെയും ലോകജനതയ്ക്ക് എല്ലായ്-പ്പോഴും പ്രചോദനമേകുന്നു. അവരുടെ ശരീരഭാഷയും വിജയത്തിനായുള്ള അഭിനിവേശവും അതിതീവ്രമായ ആഗ്രഹവുമാണ് അവരുടെ യഥാർത്ഥഭാഷ. പോളണ്ടിൽ നിന്നുള്ള പ്രശസ്തയായ ടേബിൾ ടെന്നീസ് താരമായ നടാലിയ പാർറ്റിക ജന്മനാ വലതുകൈപ്പത്തി ഇല്ലാതിരുന്നിട്ടും പാരാലിമ്പിക്സിലും ഒളിമ്പിക്സിലും ഒരുപോലെ മത്സരിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയ കായികതാരമാണ്. സ്വന്തം പരിമിതികളെ അതിജീവിച്ച് സാധാരണ കളിക്കാർക്കൊപ്പം മത്സരിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയത് അവരുടെ നിശ്ചയദാർഢ്യത്തിന്റെ നേർസാക്ഷ്യമാണ്. പരിമിതികളെ അതിജീവിച്ചുകൊണ്ട് മികവ് പ്രകടിപ്പിക്കാൻ കാട്ടുന്ന ഇത്തരം സന്ദർഭങ്ങൾ കാണികളിൽ സഹാനുഭൂതിയും അഗാധമായ ബഹുമാനവും ഉളവാക്കുന്നതോടൊപ്പം മനുഷ്യന്റെ ഇച്ഛാശക്തിയുടെ കരുത്തിനെക്കുറിച്ച് അവരെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.
സംസ്കാരങ്ങളെയും ദേശീയതകളെയും
കോർത്തിണക്കുന്ന ശക്തി
ദേശീയതയുടെ അതിർവരമ്പുകളെ ഭേദിച്ച് ജനങ്ങളെ ഒരുമയോടെ നയിക്കാനും ഒന്നിപ്പിക്കാനും കായികം സഹായിക്കുന്നു. ഒരു ടീം കളിക്കുമ്പോൾ അവരുടെ ഭാഷയോ മതമോ സാമൂഹിക പശ്ചാത്തലമോ എന്തുതന്നെയായാലും രാജ്യത്തെ മുഴുവൻ ആളുകളും ഒരു പൊതു ലക്ഷ്യത്തിനുവേണ്ടി ഒറ്റക്കെട്ടായി അവരെ പിന്തുണയ്ക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം വെറുമൊരു കളി എന്നതിലുപരി വൈകാരികമായ ഒരു അനുഭവമാണ് ഇന്ത്യൻ ജനതയിൽ രൂപപ്പെടുന്നത്. കളിക്കാർ തമ്മിലുള്ള ആരോഗ്യകരമായ മത്സരം, കാണികൾക്കിടയിലുള്ള സൗഹൃദം എന്നിവയെല്ലാം ഈ കായിക വിനോദത്തിന്റെ ഐക്യദാർഢ്യത്തയാണ് വെളിപ്പെടുത്തുന്നത്. വർണ്ണവിവേചനം അവസാനിച്ചതിനുശേഷം നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയെ ഒന്നിപ്പിക്കാനുള്ള ഒരു ഉപാധിയായി കായികരംഗത്തെ കണ്ടു. കറുത്തവർഗക്കാർ വലിയൊരളവിൽ അവഗണിച്ചിരുന്ന കായിക വിനോദമായിരുന്നിട്ടുപോലും സ്പ്രിങ്ബോക്സ് റഗ്ബി ടീമിനെ പിന്തുണയ്ക്കാൻ മണ്ടേല ആഹ്വാനം ചെയ്തു. 1995ൽ ദക്ഷിണാഫ്രിക്ക ലോകകപ്പ് കരസ്ഥമാക്കിയപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ സംഘംചേർന്ന് ഈ വിജയത്തെ ഒരുമയോടെ ആഘോഷിച്ചു.ഇത് ആത്യന്തികമായി ഒരു കായിക വിജയം നേടുക മാത്രമല്ല ഉണ്ടായത് വർണ്ണവിവേചനത്തിന്റെ മുറിവുകൾ ഉണക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ് കൂടിയായിരുന്നു. കായികരംഗം എങ്ങനെ ഒരു രാജ്യത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ വൈവിധ്യങ്ങളെ മറികടന്ന് ഒന്നിപ്പിക്കുമെന്ന് സാക്ഷ്യപ്പെടുത്തിയ സന്ദർഭമായിരുന്നു അത്. അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരുന്ന 1970-കളിൽ കായികരംഗത്തിന് രാഷ്ട്രീയ അതിർവരമ്പുകളെ മറികടന്ന് നയതന്ത്രബന്ധങ്ങൾ സ്ഥാപിക്കാൻ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമായി ‘പിംഗ്-പോംഗ് ഡിപ്ലോമസി’ എന്ന സുപ്രധാന സംഭവത്തെ കാണുവാൻ കഴിയും. ലോക ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിനിടെ അമേരിക്കൻ കളിക്കാരനായ ഗ്ലെൻ കോവനും ചൈനീസ് കളിക്കാരനായ ഷുവാങ് ഷെഡോങ്ങും തമ്മിലുണ്ടായ സൗഹൃദപരമായ കൂടിക്കാഴ്ചയായിരുന്നു ഇതിന് തുടക്കം. ഈ സംഭവം ഇരു രാജ്യങ്ങൾക്കുമിടയിലുള്ള മഞ്ഞുരുകലിന് വഴിയൊരുക്കുകയും തുടർന്ന് അമേരിക്കൻ ടേബിൾ ടെന്നീസ് ടീമിന് ചൈന സന്ദർശിക്കാനും അവിടെ സൗഹൃദ മത്സരങ്ങളിൽ ഏർപ്പെടാനും അവസരം ലഭിക്കുകയും ചെയ്തു. കായികരംഗത്തുണ്ടായ ശ്രേഷ്ഠമായ ഈ ഇടപെടൽ ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിന്നിരുന്ന വലിയൊരു രാഷ്ട്രീയ വിഭജന മതിൽ തകർക്കാൻ സഹായിച്ചു. ഇതിന്റെയെല്ലാം പരിസമാപ്തിയായി 1972-ൽ അമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്സൺ ചൈന സന്ദർശിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിൽ ഒരു നിർണ്ണായക ചുവടുവെപ്പായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മൂല്യങ്ങളുടെയും
ജീവിതപാഠങ്ങളുടെയും
സ്വാംശീകരണം
കായികരംഗം കേവലം മത്സരങ്ങൾക്കപ്പുറം മനുഷ്യജീവിതത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ഉന്നതമൂല്യങ്ങളും മനോഭാവങ്ങളും ജീവിതപാഠങ്ങളും സ്വാംശീകരിക്കാനുള്ള അവസരമാണ് നൽകുന്നത്. കഠിനാധ്വാനം, അച്ചടക്കം, ക്ഷമ, സ്പോർട്സ്മാൻഷിപ്പ്, ടീം വർക്ക്, നേതൃത്വം, ജയപരാജയങ്ങളെ ശരിയായ രീതിയിൽ ഉൾക്കൊള്ളാനുള്ള കഴിവ് തുടങ്ങിയവയെല്ലാം കായിക മേഖല സ്വാഭാവികമായി സമ്മാനിക്കുന്ന ഗുണങ്ങളാണ്. ഓരോ കായികതാരവും ചിട്ടയായ പരിശീലനത്തിലൂടെയും നിയമങ്ങൾ പാലിച്ചും ക്രമേണ അച്ചടക്കം രൂപപ്പെടുത്തിയെടുക്കുന്നു. ഇത് കളിക്കളത്തിൽ മാത്രമല്ല ജീവിതത്തിലും സമയം കൃത്യമായി പാലിക്കാനും ലക്ഷ്യബോധത്തോടെ പ്രവർത്തിക്കാനും അവരെ പ്രാപ്തരാക്കുന്നു. കളിക്കാർക്കും കാണികൾക്കും ഒരുപോലെ പ്രധാനപ്പെട്ട സാർവലൗകികതത്വമാണ് ഫെയർ പ്ലേ. നിയമങ്ങൾ പാലിക്കുക, എതിരാളിയെ ബഹുമാനിക്കുക, അന്യായമായ നേട്ടങ്ങൾ ഒഴിവാക്കുക എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. ഉദാഹരണമായി ഒരു കളിക്കാരൻ പരുക്കേറ്റ എതിരാളിയെ സഹായിക്കാൻ മത്സരം നിർത്തുന്നതും റഫറിയുടെ തെറ്റായ തീരുമാനത്തെ തിരുത്താൻ ഒരു ടീം സ്വയം സന്നദ്ധമാകുന്നതും കായികരംഗം ഉയർത്തിപ്പിടിക്കുന്ന ഈ ഉന്നത മൂല്യത്തിന് ഉത്തമ ഉദാഹരണങ്ങളാണ്. മണിക്കൂറുകളോളം നീളുന്ന കഠിനാധ്വാനം, ചിട്ടയായ ജീവിതശൈലി, ആരോഗ്യകരമായ ഭക്ഷണക്രമം, കൃത്യമായ വിശ്രമം എന്നിവയെല്ലാം പരിശീലനത്തിന്റെയും അച്ചടക്കത്തിന്റെയും ഭാഗമായി ലോകമെമ്പാടുമുള്ള കായികതാരങ്ങൾ പിന്തുടരുന്ന കാര്യങ്ങളാണ്.
ആരോഗ്യകരമായ മത്സരത്തിന്റെ ഭാഗമായി ജയവും തോൽവിയും സ്വാഭാവികമാണ്. കളിക്കാർക്ക് അവരുടെ കഴിവും പ്രകടനവും മെച്ചപ്പെടുത്താൻ ഇത് പ്രയോജനമാവുകയും തോൽവികളെ അംഗീകരിക്കാനും വിജയത്തെ ഉൾക്കൊണ്ട് അടുത്തതവണ മികച്ച പ്രകടനം കാഴ്ചവെക്കാനും പ്രേരിപ്പിക്കുന്നു. എതിരാളികളെ ബഹുമാനിക്കാനും ജയത്തിലും തോൽവിയിലും സംയമനം പാലിക്കാനും കായികരംഗം പഠിപ്പിക്കുന്നു. ഈ സഹിഷ്ണുതയും കായിക മര്യാദയും കളത്തിനകത്തും പുറത്തും നല്ല ബന്ധങ്ങൾ രൂപപ്പെടുത്താൻ സഹായിക്കും. ടീം ഗെയിമുകളിൽ സഹകളിക്കാരോടൊപ്പം ഒത്തുചേർന്ന് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. വ്യക്തിഗത കഴിവുകൾക്കപ്പുറം കൂട്ടായ പ്രയത്നത്തിലൂടെ മാത്രമേ വിജയം നേടാൻ സാധിക്കൂ എന്ന ആത്യന്തികമായ മൂല്യം കായികം പഠിപ്പിക്കുകയും പരസ്പരധാരണയും വിശ്വാസവും വളർത്തുകയും ചെയ്യുന്നു. ടീമിനെ നയിക്കാനുള്ള ചുമതല ലഭിക്കുന്ന ഘട്ടങ്ങളിലോ മറ്റു സ്ഥാനങ്ങളിൽ എത്തുമ്പോഴോ ഉത്തരവാദിത്തബോധം, തീരുമാനമെടുക്കാനുള്ളകഴിവ്, മറ്റുള്ളവരെ പ്രചോദിപ്പിക്കാനുള്ളകഴിവ് എന്നിവയുടെ ഭാഗമായി കളിക്കാർക്ക് നേതൃത്വഗുണങ്ങൾ വളർത്താനും കായികരംഗം അവസരം നൽകുന്നു. കളിയുടെ നിയമങ്ങൾ പാലിക്കുകയും സത്യസന്ധമായി കളിക്കളങ്ങളിൽ പ്രവർത്തിക്കുകയും ചെയ്യുന്നതിലൂടെ കളി നിയമങ്ങൾ മാത്രമല്ല ജീവിതത്തിലെ ധാർമ്മിക മൂല്യങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ അവസരമൊരുങ്ങുന്നു.
സാമൂഹിക മാറ്റത്തിനുള്ള വേദി
കായികരംഗം സാമൂഹിക മാറ്റങ്ങൾക്കും പരിഷ്കാരങ്ങൾക്കുമുള്ള ശക്തമായ വേദിയായി വർത്തിച്ചിട്ടുണ്ട്. ഇത് വിവിധ സാമൂഹിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനും വിവേചനം ഇല്ലാതാക്കാനും സമത്വവും നീതിയും പ്രോത്സാഹിപ്പിക്കാനും പലപ്പോഴും സഹായിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ വിഭാഗം ആളുകൾക്കും ആത്മവിശ്വാസം നൽകുന്നതിനും സമൂഹത്തിൽ തുല്യത ഉറപ്പാക്കുന്നതിനും കായികം നിരവധി അവസരങ്ങൾ നൽകുന്നു.കായിക ചരിത്രത്തിലെ ഉജ്ജ്വലമായ ചില ഏടുകൾ ഈ സാമൂഹിക സ്വാധീനത്തിന് ഉദാഹരണങ്ങളാണ്. 1936-ലെ ബെർലിൻ ഒളിമ്പിക്സിൽ നാല് സ്വർണ്ണ മെഡലുകൾ നേടിയ ലോകപ്രശസ്ത കായികതാരം ജെസ്സി ഓവൻസിന്റെ വിജയം വംശീയമേൽക്കോയ്മ പ്രോത്സാഹിപ്പിച്ചിരുന്ന നാസി ജർമ്മനിയുടെ പ്രത്യയശാസ്ത്രത്തെ ചോദ്യംചെയ്യുകയും വംശീയ സമത്വത്തിന്റെ ശക്തമായ സന്ദേശം ലോകത്തിന് നൽകുകയും ചെയ്തു. കായികരംഗത്തിനപ്പുറം സാമൂഹിക നീതിക്കുവേണ്ടി നിലകൊണ്ട മറ്റൊരു ഇതിഹാസ താരമാണ് മുഹമ്മദ് അലി. വിയറ്റ്നാം യുദ്ധത്തിനെതിരായ അദ്ദേഹത്തിന്റെ നിലപാടും വംശീയ സമത്വത്തിനായുള്ള പോരാട്ടങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകൾക്ക് പ്രചോദനമായി.അദ്ദേഹത്തിന്റെ ബോക്സിംഗ് പ്രകടനം പോലെതന്നെ സാമൂഹിക പ്രതിബദ്ധതയും ഒരു ആഗോള കായികഭാഷയായി മാറി.
ലോകമെമ്പാടുമുള്ള നിരവധി സംഘടനകൾ സാമൂഹിക മാറ്റങ്ങൾക്കായി കായികരംഗത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും സംഘർഷങ്ങൾ ലഘൂകരിക്കാനും കായികപരിപാടികൾ ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നു. സംഘർഷഭരിതമായ പ്രദേശങ്ങളിൽ കുട്ടികളെ ഒരുമിച്ച് കളിക്കാൻ പ്രേരിപ്പിക്കുന്നത് പരസ്പരം മനസ്സിലാക്കാനും സൗഹൃദം സ്ഥാപിക്കാനും സഹായിക്കുന്നു. സ്ത്രീകൾക്ക് കായികരംഗത്ത് കൂടുതൽ അവസരങ്ങൾ നൽകുന്നത് ലിംഗസമത്വത്തെക്കുറിച്ചുള്ള സാമൂഹിക കാഴ്ചപ്പാടുകളെ മാറ്റാൻ സഹായിക്കുന്നു. സ്ത്രീകൾ ശക്തരും കഴിവുള്ളവരുമാണെന്ന് തെളിയിക്കാൻ കായികരംഗം നിരവധി സാധ്യതകൾ ഇന്ന് തുറന്നുനൽകുന്നുണ്ട്, ഇത് സ്ത്രീശാക്തീകരണത്തിന് വലിയ സംഭാവന നൽകുന്നു. കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായതിനാൽ പുകവലി, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ സാമൂഹിക തിന്മകളിൽ നിന്ന് യുവജനങ്ങളെ അകറ്റിനിർത്താനും സഹായിക്കുന്നു. ഇങ്ങനെ ആരോഗ്യകരമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലൂടെ പൊതുസമൂഹത്തിന്റെ വളർച്ചയും ക്ഷേമവും ക്രമേണ വർദ്ധിക്കുന്നു.
ജീവിതശൈലീ മാറ്റത്തിനുള്ള
പ്രേരകശക്തി
കായികരംഗം ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സാർവലൗകിക മാർഗം കൂടിയാണ്. വ്യായാമത്തിന്റെ പ്രാധാന്യം, പോഷകാഹാരം, ശാരീരികക്ഷമത തുടങ്ങിയവ ഭാഷാഭേദമന്യേ എല്ലാവർക്കും മനസ്സിലാകുന്ന ആശയങ്ങളാണ്. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുന്നതിൽ കായികത്തിന് നിർണായക പ്രാധാന്യമുണ്ട്. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ‘ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്’, കേരളത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന ‘കായികക്ഷമതാ മിഷൻ’ പോലുള്ള പ്രവർത്തനങ്ങൾ ജനങ്ങളെ ശാരീരികക്ഷമതയുടെയും കായികപ്രവർത്തനങ്ങളുടെയും പ്രാധാന്യം ബോധ്യപ്പെടുത്താൻ സഹായിക്കുന്നു. ഇവയിലൂടെ മുന്നോട്ടുവെക്കുന്ന ആശയങ്ങൾ പ്രാദേശിക ഭാഷകൾക്കതീതമായി ആരോഗ്യകരമായ ജീവിതം നയിക്കാൻ ജനങ്ങൾക്ക് പ്രചോദനം നൽകുന്നു. നമ്മുടെ പൊതുവിദ്യാലയങ്ങളിലും സമൂഹത്തിലെ വിവിധ പ്രദേശങ്ങളിലും നടത്തപ്പെടുന്ന കായിക പരിപാടികൾ കുട്ടികളിലും മുതിർന്നവരിലും ആരോഗ്യകരമായ ശീലങ്ങൾ വളർത്താൻ ഇടയാക്കുന്നു. പഞ്ചായത്ത് സ്പോർട്സ് കൗൺസിലുകൾ രൂപീകരിച്ചതിലൂടെ തനത് പ്രദേശങ്ങളിലെ ആളുകൾക്ക് സ്വതന്ത്രമായി കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കിയിട്ടുണ്ട്. വ്യായാമം, ശുചിത്വം, സന്തുലിതമായ ഭക്ഷണം എന്നിവയെക്കുറിച്ചുള്ള സന്ദേശങ്ങൾ കായികതാരങ്ങളിലൂടെയും മത്സര സംഘാടനത്തിലൂടെയും ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നു. കായികതാരങ്ങൾ പലപ്പോഴും സമൂഹത്തിന് മാതൃകകളായി മാറുന്നതിനാൽ അവരുടെ ജീവിതശൈലി ഈ ആരോഗ്യ സന്ദേശങ്ങൾക്ക് വലിയ സ്വീകാര്യത നേടിക്കൊടുക്കുന്നു. ഇന്ത്യയുടെ അഭിമാനമായ ഒളിമ്പിക് സ്വർണ്ണമെഡൽ ജേതാവ് നീരജ് ചോപ്ര യുവജനങ്ങളെ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ആകർഷിക്കാൻ നിരന്തരം ശ്രമിക്കാറുണ്ട്. അദ്ദേഹത്തിന്റെ പരിശീലന രീതികളും ഭക്ഷണക്രമവും ആരാധകർക്ക് പ്രചോദനമാണ്. ഇത് ശാരീരികവും മാനസികവുമായ ഉണർവ് നൽകുകയും ഓരോ വ്യക്തിക്കും കൂടുതൽ സജീവവും അർത്ഥവത്തുമായ ജീവിതം നയിക്കാൻ പ്രചോദനം നൽകുകയും ചെയ്യുന്നു.
മനുഷ്യബന്ധങ്ങൾക്ക് അതിരുകൾ നിശ്ചയിക്കാതെ ഹൃദയങ്ങളെമാത്രം ബന്ധിപ്പിക്കുന്ന സാർവലൗകിക ഭാഷയാണ് കായികം. അതിന്റെ യഥാർത്ഥ മാന്ത്രികതയെന്നത് ജാതി, മതം, ഭാഷ, ദേശം എന്നിവയെല്ലാം കവചംപോലെ മറികടന്ന് മനുഷ്യരെ ഒരേവേദിയിൽ ഒന്നിപ്പിക്കുന്നതിലാണുള്ളത്. മത്സരത്തിന്റെയും വിജയത്തിന്റെയും അതിരുകൾക്കപ്പുറം സാഹോദര്യത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും ഉദാത്തമാതൃകയാണ് രൂപപ്പെടുത്തുന്നത്. 2018-ലെ ഫുട്ബോൾ ലോകകപ്പിൽ വിവിധപ്രദേശങ്ങളിൽ നിന്നുള്ള കളിക്കാരെ ഉൾപ്പെടുത്തി ഫ്രാൻസ് ചാമ്പ്യന്മാരായത് ഈ ഐക്യശക്തിയുടെ മികച്ച ഉദാഹരണമാണ്. ഒളിമ്പിക്സ് പോലുള്ള അന്താരാഷ്ട്ര വേദികളിൽ പരസ്പരം വൈര്യമുുള്ള രാജ്യങ്ങളുടെ കായികതാരങ്ങൾ ഒരേ വേദിയിലിറങ്ങുന്നത് കായികരംഗത്തെ സഹജമായ സാമരസ്യപൂർണ സ്വഭാവത്തെ വെളിപ്പെടുത്തുന്നു. ഇവിടെ ചിരിയും കണ്ണീരും ഒരുപോലെ പങ്കിട്ട് ഭാഷാതടസ്സങ്ങളില്ലാതെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും അതിരുകളില്ലാത്ത മഹത്തായ വിശ്വമാനവിക ഭാഷയായി കായികം മാറുന്നു. ഈ അപൂർവ നിമിഷങ്ങൾ മനുഷ്യബന്ധങ്ങൾക്ക് ഭാഷയോ ദേശീയതയോ തടസ്സമല്ലെന്ന് ഓർമ്മിപ്പിക്കുക യും മനുഷ്യരാശിയുടെ ഐക്യത്തെക്കുറിച്ച് വലിയൊരു സന്ദേശം ലോകത്തിന് കൈമാറുകയും ചെയ്യുന്നു. l



