ഭരണഘടനാധിഷ്ഠിതവും പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വ്യവസ്ഥാപിതവുമായ സ്വതന്ത്ര ഇന്ത്യയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ മര്‍ദന കാലഘട്ടമായിരുന്നു ആയിരത്തിത്തൊള്ളായിരത്തി എഴുപത്തഞ്ചില്‍ പ്രഖ്യാപിക്കപ്പെടുകയും എഴുപത്തേഴ് വരെ നിലനില്ക്കുകയും ചെയ്ത അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥയെ രാഷ്ട്രീയ കൃത്യതയോടെയും മാധ്യമ ജാഗ്രതയോടെയും അവതരിപ്പിച്ച സിനിമകള്‍ അധികമില്ല. ആനന്ദ് പട് വര്‍ദ്ധന്റെ പ്രിസണേഴ്‌സ് ഓഫ് കോണ്‍ഷ്യൻസ് എന്ന സുപ്രസിദ്ധമായ ഡോക്ക്യുമെന്ററിയാണ് ഇക്കൂട്ടത്തില്‍ പ്രത്യേകം എടുത്തുപറയേണ്ട സിനിമ.
യഥാര്‍ത്ഥത്തില്‍, പ്രിസണേഴ്‌സ് ഓഫ് കോണ്‍ഷ്യന്‍സിനു മുമ്പുതന്നെ ആനന്ദ് പട് വര്‍ദ്ധന്‍ ഇന്ത്യയിലെ നവജനകീയ മുന്നേറ്റത്തെ പിന്തുടര്‍ന്നിരുന്നു. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പ്രത്യേകിച്ച് ബീഹാറില്‍ രൂപപ്പെട്ട വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ പിന്തുടര്‍ന്ന് അദ്ദേഹം എടുത്ത വേവ്‌സ് ഓഫ് റവല്യൂഷന്‍ 1975ല്‍ പൂര്‍ത്തിയായിരുന്നു. അടിയന്തരാവസ്ഥയായതുകൊണ്ട് ഇന്ത്യയില്‍ എവിടെയും കാണിക്കാന്‍ സാധിക്കുമായിരുന്നില്ല. വിദേശത്ത് ചില പ്രദര്‍ശനങ്ങള്‍ നടത്തി. അതിലൂടെയാണ് ഇന്ത്യയിലെ ആഭ്യന്തര അവസ്ഥയെക്കുറിച്ച് അന്നത്തെ ലോകത്തിന് ചില അറിവുകളെങ്കിലും ലഭിച്ചത്.
സ്വതന്ത്ര ഇന്ത്യയിലെ രാഷ്ട്രീയത്തടവുകാരാണ് അടിയന്തരാവസ്ഥയില്‍ തടവിലാക്കപ്പെട്ടവര്‍. എസ് എഫ് ഐ നേതാവായ സഖാവ് ഡി പി ത്രിപാഠിയെ 1975ല്‍ അറസ്റ്റുചെയ്യുകയും വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കുകയും ചെയ്തതിനു ശേഷം 1977ലാണ് വിട്ടയക്കുന്നത്. അദ്ദേഹവുമായുള്ള അഭിമുഖം ആനന്ദ് പട് വര്‍ദ്ധന്റെ പ്രിസണേഴ്‌സ് ഓഫ് കോണ്‍ഷ്യന്‍സില്‍ കാണാം. ഇന്ത്യയിലെയും ഇറാനിലെയും രാഷ്ട്രീയത്തടവുകാരെ വിട്ടയക്കുക എന്ന ആവശ്യമുയര്‍ത്തി ഒരു പ്രകടനം നയിച്ചതിന്റെ പേരിലാണ് സഖാവ് ത്രിപാഠിയെ അറസ്റ്റുചെയ്ത് രണ്ടു വര്‍ഷത്തോളം കാലം വിചാരണ കൂടാതെ തടവിലിട്ടത്. സിആര്‍പി അടക്കമുള്ള പൊലീസുകാരില്‍ നിന്നും വാര്‍ഡന്മാരില്‍ നിന്നും മര്‍ദനങ്ങളേറ്റു വാങ്ങി. ജയിലിനകത്ത് രാഷ്ട്രീയമായ അഭിപ്രായവ്യത്യാസം കണക്കിലെടുക്കാതെ എല്ലാവര്‍ക്കും തമ്മില്‍ സഹകരണമനോഭാവവും പരസ്പരാശ്രിതത്വവും നിലനിന്നിരുന്നു. ഇത് വല്ലാത്ത ഒരനുഭവമായിരുന്നു എന്ന് സഖാവ് ത്രിപാഠി പറയുന്നു.
ദേവ് നാഥന്‍ എന്ന സിപിഐ എംഎല്‍ പ്രവര്‍ത്തകന്‍ തന്റെ അനുഭവങ്ങളെക്കുറിച്ച് പ്രിസണേഴ്‌സ് ഓഫ് കോണ്‍ഷ്യന്‍സില്‍ പറയുന്നു: എന്നെ ആദ്യം അറസ്റ്റ് ചെയ്തപ്പോള്‍ എട്ടുദിവസം ഒറ്റമുറിയിലാണ് തടവിലിട്ടത്. ആ ദിവസങ്ങള്‍ മുഴുവനും തുടര്‍ച്ചയായി ചോദ്യം ചെയ്യലായിരുന്നു. എനിയ്ക്ക് ഉറങ്ങാനേ സാധിച്ചില്ല. കഴുത്തിലും പുറത്തും എല്ലാം മര്‍ദനങ്ങളേറ്റു. മുടിപിടിച്ച് വലിക്കുന്നതും മറ്റും അസഹനീയമായിരുന്നു. മലര്‍ത്തിക്കിടത്തി, കാല്‍വണ്ണയില്‍ ലാത്തി കൊണ്ട് അടിച്ചുകൊണ്ടിരുന്നു. ഒരു രാത്രി മുഴുവന്‍ എന്റെ കൈ പുറകിലേയ്ക്ക് വലിച്ച് ജനല്‍ക്കമ്പിയില്‍ കെട്ടിയിട്ടു. പിന്നെ ലോക്കപ്പിലേക്കയച്ച് ഒരു മാസം അവിടെ തന്നെയിട്ടു. പിന്നീടാണ് ആന്ധ്ര പൊലീസ് വരുന്നത്. അവര്‍ മര്‍ദനത്തിലും ദേഹോപദ്രവത്തിലും കൂടുതല്‍ പരിശീലനങ്ങള്‍ ഉള്ളവരായിരുന്നു. നഖത്തിനിടയില്‍ സൂചികള്‍ കയറ്റുന്നതും മറ്റുമായിരുന്നു അവരുടെ രീതികള്‍.
സ്വതന്ത്ര ഇന്ത്യയുടെ യഥാര്‍ത്ഥ അവസ്ഥ തിരിച്ചറിയുന്ന മറ്റൊരു സംഭാഷണം മേരി ടൈലര്‍ പറയുന്നതാണ്. ബീഹാറിലെ ചില തടവറകളില്‍ തടവുകാരുടെ ദേഹത്തു കൂടെ വൈദ്യുതി പായിച്ചിരുന്നു എന്നറിഞ്ഞു. അവിടത്തെ ഗ്രാമങ്ങളിലൊന്നും അക്കാലത്ത് വൈദ്യുതി എത്തിയിട്ടില്ലായിരുന്നു. ദരിദ്രര്‍ക്ക് വികസനം എത്തിക്കുന്നതിലും വേഗത്തില്‍ മര്‍ദനവ്യവസ്ഥ ഉറപ്പിച്ചെടുക്കാന്‍ ഭരണകൂടത്തിന് സാധ്യമായി എന്നതാണിതിന്റെ അര്‍ത്ഥം.
അതേസമയത്ത്, ഇന്ത്യന്‍ മുഖ്യധാരാ സിനിമയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമൊഴിച്ച് അടിയന്തരാവസ്ഥ പ്രമേയമായ രചനകളൊന്നുമുണ്ടായില്ല. സുധീര്‍ മിശ്ര സംവിധാനം ചെയ്ത ഹസാരോണ്‍ ഖൈവശേന്‍, ഐ സി മണിസ്വാമി സംവിധാനം ചെയ്ത രാജന്‍ പറഞ്ഞ കഥ എന്നിങ്ങനെ ചുരുക്കം ചില സിനിമകള്‍ മാത്രമേ ഇവിടെ ഓര്‍മ്മിക്കാനുള്ളൂ. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത പിറവിയില്‍ അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയില്‍ കാണാതായ രാജന്റെ അനുഭവം അനുസ്മരിപ്പിക്കുന്നുണ്ടെങ്കിലും അടിയന്തരാവസ്ഥയാണെന്ന് തോന്നിപ്പിക്കുന്ന മറ്റ് പശ്ചാത്തലവിവരണങ്ങളൊന്നുമില്ല. മാത്രമല്ല, എണ്‍പതുകളിലെ ഒരു കലണ്ടര്‍ ഒരു ദൃശ്യത്തില്‍ കാണാനുമുണ്ട്.
1970കളുടെ തുടക്കത്തില്‍ ഇന്ത്യന്‍ സിനിമയില്‍ പ്രത്യേകിച്ച് ഹിന്ദി സിനിമയില്‍ ആഘോഷിക്കപ്പെട്ട രോഷാകുലനായ യുവനായകന്‍ (ആംഗ്രി യങ് മാന്‍) എന്ന മാതൃക, അക്കാലത്തെ സാമൂഹ്യ രാഷ്ട്രീയ പരിതോവസ്ഥയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു എന്ന് പഠനങ്ങളില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അമിതാബ് ബച്ചനെന്ന താരനടനെ ഈ രോഷാകുലനായ യുവനായകനായി പല സിനിമകളിലും അഭിനയിപ്പിച്ച് വിജയിപ്പിച്ചതിന്റെ പിന്നില്‍ ആ സിനിമകളുടെ തിരക്കഥകള്‍ക്ക് മുഖ്യമായ പങ്കുണ്ട്. സലിം-ജാവേദ് എന്ന പേരില്‍ പ്രസിദ്ധമായ കൂട്ടായ്മയാണ് ഈ തിരക്കഥകളെഴുതിയത്. സലിം ഖാന്‍, ജാവേദ് അഖ്തര്‍ എന്നിവരാണ് ഈ കൂട്ടായ്മയിലെ തിരക്കഥാകൃത്തുക്കള്‍.
സാമൂഹ്യമായ അനീതിയും വ്യക്തിപരമായ ഒറ്റപ്പെടലും ഈ സിനിമകളില്‍ കാണിച്ചതു പോലുള്ള ഒരു രോഷാകുലനായ യുവനായകന്‍ വരണമെന്നും ഈ ‘ദുഷിച്ച’ വ്യവസ്ഥയെ തകര്‍ത്തു തരിപ്പണമാക്കണമെന്നും പ്രേക്ഷകരും പ്രേക്ഷകരിലൂടെ പ്രതിനിധാനപ്പെടുന്ന സാമാന്യജനതയും ആഗ്രഹിക്കുന്നു. ദീവാര്‍, സഞ്ജീര്‍, ഷോലെ, ഷാന്‍, ഇങ്ക്വിലാബ്, അമര്‍ അക്ബര്‍ ആന്റണി, ത്രിശൂല്‍, ഡോണ്‍, കാലാ പത്തര്‍, ദോസ്താന, ശക്തി തുടങ്ങി നിരവധി സിനിമകള്‍ ഈ ഗണത്തില്‍ പെട്ടവയാണ്. നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ് നയത്തിലധിഷ്ഠിതമായ ജനാധിപത്യത്തിന്റെ നിഷേധവും ഈ നായകത്വത്തിലൂടെ പ്രാവര്‍ത്തികമായി.
തന്റെ കഠിനമായ ശബ്ദഗാംഭീര്യത്തിലൂടെയും രോഷം തുടിച്ചുനില്ക്കുന്ന മുഖഭാവത്തിലൂടെയും ശരീരചലനങ്ങളിലൂടെയും അമിതാഭ് ബച്ചന്‍ ഇത്തരം കഥാപാത്രങ്ങളെ ഏറെ ജനപ്രിയമാക്കി മാറ്റി. എന്നാല്‍, ഈ രോഷാകുല യുവാവിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ആദര്‍ശാത്മകമോ സദാചാരപരമോ ആയിരുന്നില്ല. വ്യക്തിപരമായ പ്രതികാരം, ധാര്‍മ്മിക സന്ദിഗ്ദ്ധത, അവസാന ന്യായവിധി നടപ്പിലാക്കാനുള്ള ത്വര എന്നിവയെല്ലാം ഈ നായകത്വത്തിന്റെ സ്വഭാവമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധി നടത്തിയ പല അമിതാധികാരപ്രയോഗങ്ങളും ഈ സ്വഭാവത്തിലുള്ളതായിരുന്നു. തുര്‍ക്ക്മാന്‍ ഗേറ്റ് ചേരിനിര്‍മ്മാര്‍ജ്ജനവും കൂട്ടക്കൊലയും, നിര്‍ബന്ധിത വന്ധ്യം കരണം എന്നിവയെല്ലാം ഇതിന്റെ ഉദാഹരണങ്ങളായിരുന്നു. ബുള്‍ഡോസര്‍ രാജ് ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. l



