“Commonsense is a chaotic aggregate of disparate conceptions, and one can find there anything that one like”
(Antonio Gramsci, selections from the prison notebook)
1956ൽ നെഹ്‌റു സർക്കാരിന്റെ കാലത്താണ് ഇഡി രൂപം കൊണ്ടതെങ്കിലും നവഉദാര സാമ്പത്തിക നയങ്ങളുടെ കാലത്തോടെയാണ് ഈ അന്വേഷണ ഏജൻസി പൊതുമണ്ഡലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. ചില നിയമഭേദഗതികളിലൂടെ കൂടുതൽ അധികാരങ്ങൾ ഇ ഡിക്ക് നൽകിയതും ഇക്കാലത്താണ്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെ സ്വതന്ത്ര അന്വേഷണ ഏജൻസി എന്ന പദവി കളഞ്ഞുകുളിച്ച് കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ആയുധമായി ഇ ഡി അധഃപതിച്ചു. രാഷ്ട്രീയ എതിരാളികളെ തകർക്കാനും പ്രതിപക്ഷ എംഎൽഎമാരെയും എംപിമാരെയും കൂറുമാറ്റാനും തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനും അന്വേഷണ ഏജൻസികൾ പൊതുവേയും ഇ ഡി പ്രത്യേകിച്ചും ബിജെപിക്ക് പിന്തുണ നൽകി.
ബിജെപിക്കാരോ അനുകൂലികളോ കൊടുംകുറ്റം ചെയ്താലും രക്ഷിക്കുകയും ശത്രുപക്ഷത്തുള്ളവർ ഒരുതെറ്റും ചെയ്തിട്ടില്ലെങ്കിലും വേട്ടയാടി പിടിക്കുകയും ചെയ്യുകയെന്നതാണ് കേന്ദ്ര ഏജൻസികളുടെ ശൈലി.
പത്തു വർഷത്തിനിടെ രാഷ്ട്രീയക്കാർക്കെതിരെ ഇ ഡി 193 കേസെടുത്തു. ഇതിൽ 98 ശതമാനവും പ്രതിപക്ഷത്തെ നേതാക്കൾക്കെതിരെയാണ്. രണ്ടുപേരെ മാത്രമാണ് ഇതുവരെ ശിക്ഷിക്കാനായത്. ശിക്ഷാനിരക്ക് കേവലം ഒരു ശതമാനം. പാർലമെന്റിൽ വച്ച കണക്കിൽ കേന്ദ്രം തന്നെ ഇത് സമ്മതിച്ചിട്ടുണ്ട്. എതിരാളികൾക്കെതിരെ എടുത്ത കള്ളക്കേസുകൾ പലതും തെളിവില്ലാതെ കോടതിയിൽ തള്ളിപ്പോകുന്നു. കോടതിയുടെ ഇടപെടൽമൂലം നിവൃത്തികേടുകൊണ്ട് ബിജെപിക്കാർക്കെതിരെ എടുത്ത കേസുകൾ സമർഥമായി മുക്കുന്നു.
ഗോവ എക്സൈസ് വകുപ്പ് കോടിക്കണക്കിനു രൂപ നഷ്ടംവരുത്തിയെന്ന സിഎജി റിപ്പോർട്ടോ, മദ്യനിരോധനമുള്ള ഗുജറാത്തിൽ 144 കോടി രൂപ വിലവരുന്ന മദ്യം പിടിച്ചെടുത്തതോ ഒരു കേന്ദ്ര ഏജൻസിയും അറിഞ്ഞിട്ടില്ല. അതേസമയം, കേരളത്തിലെ പല സഹകരണ ബാങ്കുകളിലും നിരങ്ങി സിപിഐ എം നേതാക്കളെ വിളിച്ചുവരുത്തി വ്യാജവാർത്തകൾ സൃഷ്ടിക്കാനുള്ള മിടുക്കും യജമാനന്മാർക്കുവേണ്ടി ഇഡി നിർലജ്ജം പ്രകടിപ്പിക്കുന്നു.
സമകാലിക സുപ്രീം കോടതി വിലയിരുത്തലുകളിൽ ഇ ഡി ഉൾപ്പടെ കേന്ദ്ര സർക്കാരിന്റെ സംവിധാനങ്ങളെല്ലാം സമ്മർദ ഉപകരണങ്ങളായി മാറുന്നു എന്നൊരു നിരീക്ഷണമുണ്ടായിരുന്നു. ഇടതുപക്ഷം ഉൾപ്പടെ പുരോഗമന പ്രസ്ഥാനങ്ങളെല്ലാം രാജ്യത്തിന്റെ ഫെഡറൽ സംവിധാനം നേരിടുന്ന വെല്ലുവിളികളുടെ ഭാഗമായി ഈ നിരീക്ഷണം നിരന്തരം ആവർത്തിച്ചു വരുന്നു. എന്നിരിക്കിലും മാധ്യമങ്ങളും പ്രതിപക്ഷവും കേരളത്തിനു നേരെ നീളുന്ന ഇ ഡി ആരോപണങ്ങളിൽ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് കേവല രാഷ്ട്രീയ ലാഭത്തിനപ്പുറം ജനാധിപത്യ സംവിധാനങ്ങളിൽ തന്നെ ആശങ്ക സൃഷ്ടിക്കുന്നതാണ്. കരുവന്നൂർ ബാങ്കിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ സഹകരണ മേഖലയെ തന്നെ പ്രതിസന്ധിയിലാക്കിയ പ്രതിപക്ഷവും അതിന് സർവാത്മനാ പിന്തുണ നൽകിയ മുഖ്യധാരാ മാധ്യമങ്ങളും യാഥാർഥ്യങ്ങളിൽ നിന്ന് വഴിമാറുകയോ ബോധപൂർവ്വം വിസ്മരിക്കുകയോ വഴിമാറ്റുകയോ ചെയ്തു. അവരവരുടെ കൂടാരങ്ങളിലേക്ക് ഇ ഡി കടന്നു വരുമ്പോൾ മാത്രം ഭരണകൂട ഭീകരതയായി ചിത്രീകരിക്കുകയും കേരളത്തിലേക്ക് വരുമ്പോൾ ഇ ഡി ക്ക് മുത്തുക്കുട പിടിക്കുകയും ചെയ്യുന്ന വിചിത്ര രാഷ്ട്രീയമാണ് കോൺഗ്രസ് ഉൾപ്പടെ ഇതുവരെ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെ മാത്രം പർവ്വതീകരിക്കുന്ന, മറ്റിടങ്ങളിലെ ഇ ഡി ഇടപെടലുകളെ അവഗണിക്കുന്ന നില തുടരുന്ന മാധ്യമങ്ങൾക്കും അനാവശ്യ പ്രതിസന്ധി സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുണ്ട്.
കരുവന്നൂർ സഹകരണ ബാങ്കിന്റെ പശ്ചാത്തലത്തിലാണ് കേരളത്തെയും ഇടതുപക്ഷത്തെയും വലിയൊരു കാലയളവ് പ്രതിക്കൂട്ടിൽ നിർത്തിയത്. ഇ ഡി വലിയൊരു കുറ്റപത്രം അന്വേഷണ കോടതിയിൽ സമർപ്പിക്കുമ്പോൾ തന്നെ അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. പ്രധാന പ്രതി എന്ന് ഇ ഡി യും മാധ്യമങ്ങളും വിധിയെഴുതിയ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ അരവിന്ദാക്ഷന് ജാമ്യം നൽകുമ്പോൾ കോടതി നടത്തിയ പരാമർശം ഇതിൽ ശ്രദ്ധേയമാണ്. കുറ്റം ചെയ്തിട്ടില്ലെന്ന് കരുതാൻ മതിയായ കാരണങ്ങൾ ഉണ്ടെന്നായിരുന്നു കോടതി വിലയിരുത്തൽ. ഇതുതന്നെ ഇ ഡി യുടെ ആരോപണങ്ങളെ ചോദ്യം ചെയ്യാൻ മതിയായ തെളിവാണ്. അരവിന്ദാക്ഷന്റെ ശബ്ദരേഖയുണ്ടെന്നാണ് ഇ ഡി കോടതിയിൽ പറയുകയും കുറ്റപത്രത്തിൽ ആവർത്തിക്കുകയും ചെയ്‌തെങ്കിലും അതൊന്നും കോടതിയിൽ ഹാജരാക്കാൻ അവർക്ക് സാധിച്ചില്ല. സഖാവ് എ സി മൊയ്തീന്റെ സർക്കാർ ജീവനക്കാരിയായ ഭാര്യയുടെ സർവീസ് റിട്ടയർമെന്റ് സമയത്തെ തുക വരെ തടഞ്ഞു വെക്കുന്ന ഭീകര നടപടി ഇ ഡി കൈക്കൊണ്ടു. സഖാവ് കെ രാധാകൃഷ്ണനെ പ്രതി ചേർത്തതിലൂടെ ഇ ഡിയുടെ വിശ്വാസ്യത ജനമധ്യത്തിൽ ചോദ്യംചെയ്യപ്പെടുകയാണ്. എന്നാൽ ഈ അവസരങ്ങളിലെല്ലാം മാധ്യമങ്ങളും ഇ ഡി ക്ക് പിന്തുണ കൊടുത്തത് ഇടതുപക്ഷത്തെ പൊതുശത്രുവായി കണ്ടുകൊണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അവരുടെ നേതാക്കൾ പ്രതിയായി വരുന്ന ഇ ഡി കേസുകളിൽ കോൺഗ്രസ് ഉയർത്തുന്ന ഇരവാദം ഇരട്ടത്താപ്പും വിചിത്രവുമാണ്. പണവുമായി ബന്ധപ്പെടുന്ന നാലോളം പ്രധാന നിയമങ്ങളുടെ വെളിച്ചത്തിലാണ് സ്വതവേ ഇ ഡി കേസുകൾ കൈകാര്യം ചെയ്യുന്നത്. കോൺഗ്രസിന്റെ മുൻനിര നേതാക്കളെല്ലാം ഇപ്പോഴും ഇ ഡിയുടെ നിരീക്ഷണത്തിലാണ്. സോണിയാഗാന്ധി, രാഹുൽ ഗാന്ധി, പി ചിദംബരം , മകൻ കാർത്തി ചിദംബരം,രേവന്ത് റെഡ്‌ഡി, സിദ്ധരാമയ്യ, ഡി കെ ശിവകുമാർ തുടങ്ങി വലിയൊരു നിര കോൺഗ്രസ് നേതാക്കൾക്കെതിരെ ഇ ഡി കേസ് നിലനിൽക്കുന്നുണ്ട്. ഇതിനെ കുറിച്ച് ചർച്ച നടത്താനോ ജനങ്ങളിൽ എത്തിക്കാനോ ഉള്ള ഉത്സാഹം മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്.
രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രധാന പ്രതികളായി വരുന്ന നാഷണൽ ഹെറാൾഡ് കേസിൽ പ്രഥമ ദൃഷ്ട്യാ 142 കോടി രൂപ നേട്ടമുണ്ടാക്കി എന്നാണ് ഇ ഡി യുടെ കണ്ടെത്തൽ. കരുവന്നൂരിനെക്കാൾ ശക്തവും വ്യക്തവുമായ തെളിവുകൾ നാഷണൽ ഹെറാൾഡ് കേസിൽ നിലനിൽക്കുമ്പോൾ പൊതുമാധ്യമങ്ങൾ അവയെയെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. 1938 ൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലയളവിലാണ് ജവഹർലാൽ നെഹ്‌റു നാഷണൽ ഹെറാൾഡ് സ്ഥാപിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന് ശക്തിപകരുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഈ പത്രമാരംഭിച്ചത്. 5000 സ്വാതന്ത്ര്യ സമര നേതാക്കളെ പത്രത്തിന്റെ ഉടമകളാക്കിയിട്ടാണ് നെഹ്‌റു ഈ മാധ്യമ സംരംഭത്തിന് തുടക്കമിട്ടത്. അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ് എന്ന സംഘത്തിനായിരുന്നു ഇതിന്റെ ഉടമസ്ഥാവകാശം. ഡൽഹി, ലക്‌നൗ, ഭോപ്പാൽ, മുംബൈ, ഇൻഡോർ, പട്ന തുടങ്ങി വിവിധ ഇടങ്ങളിൽ ഈ സ്ഥാപനത്തിന് ധാരാളം ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നു. ഇന്ത്യ സ്വതന്ത്രമായതോടെ നെഹ്‌റു ഇന്ത്യൻ പ്രധാനമന്ത്രിയാവുകയും പത്രത്തിന്റെ ചെയർമാൻസ്ഥാനം രാജിവെക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം പത്രങ്ങളുടെ സ്വഭാവം മാറുകയും അവയ്ക്കിടയിൽ കിടമത്സരം വർധിക്കുകയും ചെയ്തു.പ്രസിദ്ധീകരണത്തിന്റെ എഴുപതാം വാർഷികത്തിൽ, 2008 ൽ നാഷണൽ ഹെറാൾഡ് പൂട്ടി. 2010 നവംബർ 23 നാണ് പൂട്ടിയ നാഷണൽ ഹെറാൾഡിന്റെ സ്ഥാനത്ത് യങ് ഇന്ത്യ എന്ന കമ്പനി ആരംഭിക്കുന്നത്. 2011 ജനുവരിയിൽ അതിന്റെ ഡയറക്ടർ ബോർഡ് അംഗമായി സോണിയ ഗാന്ധി എത്തുന്നു. ഈ പുതിയ സ്ഥാപനത്തിന്റെ 76 % വരുന്ന ഓഹരികളും നേതാക്കളായ ഈ ‘അമ്മ–മകൻ’ സഖ്യത്തിന്റെ കയ്യിലായിരുന്നു. ബാക്കിയിൽ ഭൂരിഭാഗവും ഖജാൻജി മോത്തിലാൽ വോറയ്ക്കും ഓസ്കർ ഫെർണാണ്ടസിനും വീതിക്കപ്പെട്ടു. ജീവനക്കാരെ പിരിച്ചുവിടുന്നതിനും മറ്റ് ആനുകൂല്യങ്ങൾ നൽകുന്നതിനുമായി 2011 ൽ കോൺഗ്രസ് ഈ സ്ഥാപനത്തിന് 90 കോടിയുടെ പലിശ രഹിത വായ്പ നൽകുന്നു. യങ് ഇന്ത്യ ഈ തുക തിരിച്ചുപിടിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും അതിന് അവർക്ക് സാധിച്ചില്ല. പിന്നീട് പാർട്ടി അത് കിട്ടാക്കടമായി എഴുതിത്തള്ളി. യു പി എ സർക്കാരിന്റെ കാലത്തു തന്നെ ഈ നടപടി ചോദ്യം ചെയ്യപ്പെട്ടു. തട്ടിക്കൂട്ടു കമ്പനിയുടെ കോടികൾ തട്ടുന്നു എന്ന വാദം സുബ്രഹ്മണ്യൻ സ്വാമി മുന്നോട്ടു വെച്ചു. 2000 കോടിയുടെ ആകെ മൂല്യം കണക്കാക്കിയ നാഷണൽ ഹെറാൾഡിന്റെ ഓഹരികൾ യങ് ഇന്ത്യ വാങ്ങിയത് 50 ലക്ഷം രൂപയ്ക്കായിരുന്നു. അരവിന്ദ് വിശ്വനാഥ ചൗഹാൻ എന്ന കോൺഗ്രസ് നേതാവ് ഈ ലാഭക്കച്ചവടത്തിന് പ്രധാന നേതാക്കളുടെയെല്ലാം ഭീഷണിയും നിർബന്ധവുമുണ്ടായിരുന്നു എന്ന് സമ്മതിക്കുന്നു . കേസിനു പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്. ഭീമമായ ഒരു തുക തട്ടിപ്പിലൂടെ നേടിയിട്ടും കോൺഗ്രസ് കാണിക്കുന്ന ഇരവാദവും കേരളത്തിൽ കാണിക്കുന്ന സമര നാടകവും ചോദ്യം ചെയ്യപ്പെടണം. ഒപ്പം മാധ്യമങ്ങളുടെ മൗനവും.
കോൺഗ്രസ് നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ഭരിക്കുന്ന കാലത്തു തന്നെയാണ് പി ചിദംബരത്തിനെതിരെ ഉയർന്ന ആരോപണങ്ങളുടെ തുടക്കവും. എയർസെൽ – മാക്സിസ് കേസ് എന്നറിയപ്പെടുന്ന ഈ ഇ ഡി കേസിലും വ്യക്തമായ തെളിവുകൾ കോൺഗ്രസിനെതിരെ വിരൽ ചൂണ്ടുന്നു. വിദേശ നിക്ഷേപങ്ങളുടെ കണക്കിലെ അവ്യക്തതയായിരുന്നു ഈ കേസിന്റെ തുടക്കം. വിദേശത്ത് പരമാവധി 600 കോടി രൂപയുടെ നിക്ഷേപം (FDI )സ്വീകരിക്കുന്നതിന് മാത്രമാണ് ധനമന്ത്രിക്ക് അനുമതി. അതിന് മുകളിലാണെങ്കിൽ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതിയുടെ അനുമതി വേണം. ഈ ഇടപാട് 3560 കോടിരൂപയുടേതാണ്. മൊത്തം 1 .16 കോടിരൂപയുടെ കള്ളപ്പണം വെളുപ്പിക്കലാണ് ചിദംബരത്തിനെതിരെ ഇ ഡി ആരോപിക്കുന്നത്. മകന്റെ ഇ -മെയിൽ ഉൾപ്പടെ നിരവധി തെളിവുകൾ ചിദംബരത്തിനെതിരെ നിലനിൽക്കുന്നുണ്ട്. പി ചിദംബരം ഇന്ത്യ മുന്നണിയെ കുറിച്ച് സമീപകാലത്ത് നടത്തിയ അഭിപ്രായ ഭിന്നത ബിജെപിയുടെ സ്നേഹം സമ്പാദിക്കാനുള്ള നടപടിയാണോ എന്ന് ഈ സംഭവവുമായി ചേർത്ത് വായിക്കേണ്ടി വരും. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെട്ട മുഡ ഭൂമിയിടപാടും ഇ ഡി യുടെ ലിസ്റ്റിലെ പ്രധാന സ്ഥാനത്തുള്ളതാണ്. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയുടെ ഉടമസ്ഥതയിലുള്ള കേസരു വില്ലേജിലെ 3 ഏക്കറിന് മുകളിൽ സ്ഥലം ലേ ഔട്ട് പദ്ധതിക്ക് വിട്ടുനൽകുകയും പകരം നൽകിയ ഭൂമി കൊടുത്തതിനെക്കാൾ കൂടുതൽ സ്വത്തുവിലയുണ്ടെന്ന് കണ്ടെത്തിയിട്ടാണ് ഈ കേസിൽ പ്രതിഷേധം ശക്തമാവുന്നത്. ഇൗയിടെ ഒരുദിവസം 100 കോടി രൂപ കർണാടക മുഖ്യമന്ത്രിയിൽ നിന്നും ഇ ഡി കണ്ടുകെട്ടിയിട്ടും കോൺഗ്രസ്സിനോ മാധ്യമങ്ങൾക്കോ അതിൽ യാതൊരു ആശ്ചര്യമോ വാർത്തകളോ ഇല്ല. മാധ്യമങ്ങൾ ഈ കേസുകളിൽ കാണിക്കുന്ന ഇരട്ടത്താപ്പ് ചോദ്യംചെയ്യപ്പെടുക തന്നെ വേണം. ബി ജെ പി ഈ സംവിധാനങ്ങളെ രാഷ്ട്രീയ ചട്ടുകമാക്കി ഉപയോഗിക്കുമ്പോൾ ഓരോ ഇടത്തും ഓരോ നിലപാട് സ്വീകരിച്ച് ഒളിച്ചോടുന്ന കോൺഗ്രസിന് കുടപിടിക്കുകയാണ് കേരളത്തിലെ മാധ്യമങ്ങൾ. മാധ്യമ ധർമത്തിൽ നിന്ന് വഴിമാറി ഇടത് വിമർശനം മാത്രമായി അധഃപതിക്കുന്ന മാധ്യമങ്ങൾ എന്ത് സന്ദേശമാണ് ഈ സമൂഹത്തിനു നൽകുന്നത് എന്ന് പരിശോധിക്കപ്പെടണം. l



