Thursday, July 10, 2025

ad

Homeപ്രതികരണംകേരള സ്പേസ് പാര്‍ക്കിന്റെ പ്രാധാന്യം

കേരള സ്പേസ് പാര്‍ക്കിന്റെ പ്രാധാന്യം

പിണറായി വിജയൻ

കേരള സ്പേസ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നതിനായുള്ള ആദ്യ ചുവടുവെയ്പ് നാം നടത്തിയിരിക്കുകയാണ്. കേരള സ്പേസ് പാര്‍ക്കിന്റെ ഭാഗമായുള്ള കോമണ്‍ ഫെസിലിറ്റി സെന്ററിന്റെയും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് സെന്ററിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തിന്റെ വ്യാവസായിക രംഗത്തിനാകെയും ബഹിരാകാശ ഗവേഷണ രംഗത്തിനു വിശേഷിച്ചും ഊര്‍ജ്ജം പകരുന്നതാവും ഈ സ്പേസ് പാര്‍ക്ക് എന്ന കാര്യത്തില്‍ സംശയമില്ല.

തിരുവനന്തപുരത്താണ് സ്പേസ് പാര്‍ക്ക് സ്ഥാപിക്കപ്പെടുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പാരമ്പര്യം അവകാശപ്പെടാനുള്ള നാടാണ് തിരുവനന്തപുരം. 1962 ല്‍ തുമ്പയിലാണ് രാജ്യത്തെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കപ്പെട്ടത്. ഇന്ന് ബഹിരാകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ തിരുവനന്തപുരത്തുണ്ട്. തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്റര്‍, വലിയമലയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍, വട്ടിയൂര്‍ക്കാവിലെ ഇനേര്‍ഷ്യല്‍ സിസ്റ്റംസ് യൂണിറ്റ് എന്നീ സ്ഥാപനങ്ങളും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനു പുറമേ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബ്രഹ്മോസ് എയര്‍ സ്പേസും തിരുവനന്തപുരത്താണ് സ്ഥിതി ചെയ്യുന്നത്.

ബഹിരാകാശþപ്രതിരോധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയേറെ സ്ഥാപനങ്ങളുള്ള തിരുവനന്തപുരത്തുതന്നെ ഒരു സ്പേസ് പാര്‍ക്ക് ഒരുങ്ങുന്നുവെന്നത് ശ്രദ്ധേയമാണ്. ഈ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിനും ബഹിരാകാശ–പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും ഉപകരിക്കുന്ന ഒന്നാകും സ്പേസ് പാര്‍ക്ക്.

തിരുവനന്തപുരം പള്ളിപ്പുറത്തെ ടെക്നോസിറ്റി ക്യാമ്പസിലാണ് പാര്‍ക്ക് നിലവില്‍ വരിക. ഇതേ മാതൃകയില്‍ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലും സ്പേസ് പാര്‍ക്കിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ നിലവില്‍ വരും. ഇപ്പോള്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളോടു ചേര്‍ന്നും സ്പേസ് പാര്‍ക്കിന്റെ ഉപകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

ബഹിരാകാശ ഗവേഷണ രംഗവും അവിടെ സൃഷ്ടിക്കപ്പെടുന്ന അറിവുകളും പലപ്പോഴും ആ മേഖലയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒരു പ്രവണത കണ്ടുവരുന്നുണ്ട്. അത്തരത്തില്‍ ഏതെങ്കിലും ഒരു മേഖലയില്‍ മാത്രം അറിവുകള്‍ പരിമിതപ്പെട്ടു നില്‍ക്കുന്നത് സമൂഹത്തിന്റെയാകെയുള്ള പൊതുവായ മുന്നേറ്റത്തിനു ഗുണകരമാവില്ല. അവയെ പൊതുസമൂഹത്തിനാകെ പ്രാപ്യമാക്കേണ്ടതുണ്ട്.

അതിനുതകുംവിധം, ശാസ്ത്ര –സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങളെ നാടിന്റെ പുരോഗതിക്കുതകുന്ന വിധം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിവിധങ്ങളായ ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. 1,000 കോടി രൂപ മുതല്‍മുടക്കില്‍ സംസ്ഥാനത്താകെ 4 സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുകയാണ്. അവയില്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടം പൂര്‍ത്തീകരിച്ചു പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

ഇത്തരം ഇടപെടലുകളുടെ തുടര്‍ച്ചയായാണ് ബഹിരാകാശ ഗവേഷണ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ കെ–സ്പേസ് എന്ന പേരില്‍ ഒരു പുത്തന്‍ ചുവടുവെയ്പ്പ് നടത്തുന്നത്. ബഹിരാകാശ ഗവേഷണ രംഗത്തും പ്രതിരോധ മേഖലയിലും പുതുതായി കടന്നുവരുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കാനും കാലാകാലങ്ങളായി നിലനില്‍ക്കുന്ന കമ്പനികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും ഉതകുന്ന വിധത്തിലാകും കെ–സ്പേസിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുക.

സ്പേസ് പാര്‍ക്കിനായി മൂന്നര ഏക്കറിലായി 2 ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണം ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കും. ഇതിനായി 244 കോടി രൂപ നബാര്‍ഡ് മുഖേന ലഭ്യമാക്കും. സ്പേസ് ഇന്‍ഡസ്ട്രിക്കുവേണ്ട കോമണ്‍ ഫെസിലിറ്റീസാകും ഇതില്‍ പ്രധാനമായും ഉണ്ടാവുക. അതോടൊപ്പംതന്നെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടാകും.

സ്പേസ് പാര്‍ക്കിനോടുചേര്‍ന്ന് മറ്റൊരു 10 ഏക്കറിലായി 250 കോടി രൂപ മുതല്‍മുടക്കില്‍ അഡ്വാന്‍സ്ഡ് ടെക്നോളജി മാനുഫാക്ചറിങ് സെന്ററും ഒരുങ്ങുകയാണ്. ബഹിരാകാശ സാങ്കേതികവിദ്യാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചെറുകിട–ഇടത്തരം കമ്പനികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. അതോടൊപ്പംതന്നെ ഈ രംഗത്ത് തൊഴില്‍ നൈപുണ്യം സിദ്ധിച്ച ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമുണ്ടാകും. ഐ ടി ഐകളിലെയും പോളിടെക്നിക്കുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവഴി നൈപുണി പരിശീലനം ലഭ്യമാക്കും. ഈ രംഗത്തേക്ക് സംരംഭങ്ങളുമായി കടന്നുവരാന്‍ താല്‍പര്യമുള്ള പുതുതലമുറ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കും. സ്റ്റാര്‍ട്ടപ്പ് രംഗത്ത് സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്കൊപ്പം സ്പേസ് ടെക്നോളജി രംഗത്തെ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സ്പേസ് പാര്‍ക്ക് മുഖേന ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നത്.

സ്പേസ് ടെക്നോളജി രംഗത്ത് ഉയര്‍ന്നുവരുന്ന പുതിയ പ്രവണതകള്‍ക്കനുസരിച്ചുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ ഉതകുന്ന വിധമുള്ള കമ്പനികള്‍ക്കും പ്രോത്സാഹനം നല്‍കും. നാവിഗേഷന്‍, ജിയോ ഇന്‍ഡിക്കേറ്റര്‍ ടാഗിങ്, അര്‍ബന്‍ ഡിസൈന്‍ ആന്‍ഡ് മാപ്പിംഗ് തുടങ്ങിയ മേഖലകളില്‍ ഉയര്‍ന്നുവരുന്ന സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യും. അങ്ങനെയെല്ലാം നോക്കുമ്പോള്‍ സ്പേസ് ടെക്നോളജി രംഗത്തേക്കുള്ള കേരളത്തിന്റെ സുപ്രധാന ചുവടുവെയ്പ്പായി മാറും കെ–സ്പേസ്.

വ്യവസായ മുന്നേറ്റങ്ങള്‍ക്ക്, വിശേഷിച്ച് സാങ്കേതികവിദ്യാ വ്യവസായങ്ങളുടെ മുന്നേറ്റത്തിന് വളക്കൂറുള്ള മണ്ണാണ് തിരുവനന്തപുരത്തിന്റേത്. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥാപിക്കപ്പെട്ടത് ഇവിടെയാണ്. അതില്‍നിന്നു തുടങ്ങി ഇന്ന് കേരളത്തിന്റെയാകെ ഐ ടി കയറ്റുമതിമൂല്യം ഒരുലക്ഷം കോടിയോട് അടുക്കുകയാണ്. ഇപ്പോള്‍ തിരുവനന്തപുരത്ത് ഒരുങ്ങുന്ന അടിസ്ഥാന സൗകര്യങ്ങള്‍ വ്യവസായങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്ന ഒന്നായി മാറും.

വിഴിഞ്ഞം തുറമുഖവും ദേശീയപാതയും തിരുവനന്തപുരം റിങ് റോഡും ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും എല്ലാം ആ നിലയ്ക്കുള്ള ഇടപെടലുകളാണ്. അവയില്‍ ഊന്നിനിന്നുകൊണ്ട് കേരളത്തിന്റെയാകെ മുന്നേറ്റത്തിന് സംഭാവന നല്‍കാന്‍ കഴിയുന്ന ഒന്നാകും ഈ സ്പേസ് പാര്‍ക്ക്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × five =

Most Popular