[ഇറാനിലെ ടൂഡെ പാർട്ടിയുടെയും ഇസ്രയേൽ കമ്യൂണിസ്റ്റു പാർട്ടിയുടെയും സംയുക്ത പ്രസ്താവന (2025 ജൂൺ 17)]
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും ബ്രിട്ടന്റെയും യൂറോപ്യൻ യൂണിയനിലെ സഖ്യകക്ഷികളുടെയും പിന്തുണയോടെ ഇസ്രയേലിലെ അറുപിന്തിരിപ്പൻ നെതന്യാഹു ഗവൺമെന്റ് ഗാസയിലും വെസ്റ്റ് ബാങ്കിലും നടത്തുന്ന കുറ്റകൃത്യങ്ങൾ 55,000ത്തിലധികം പലസ്തീൻകാർക്ക് ജീവൻ നഷ്ടപ്പെടുകയും 18,000ത്തിലേറെ കുട്ടികൾ കൊല്ലപ്പെടുകയും ചെയ്യുന്നതിനിടയാക്കി; എന്നാൽ അതിനുമപ്പുറം ഇസ്രയേൽ ഗവൺമെന്റിന് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾക്കനുസരിച്ച് പശ്ചിമേഷ്യയുടെ ഭൂപടത്തെ മാറ്റിവരയ്ക്കുകയെന്ന ലക്ഷ്യത്തോടെ ആ മേഖലയിലെ രാജ്യങ്ങൾക്കെതിരെ ആക്രമണമഴിച്ചുവിടാനുള്ള പച്ചക്കൊടി കാണിക്കലുമായിരുന്നു അത്. ഇന്റർനാഷണൽ ക്രിമിനൽ കോടതി ഇസ്രയേൽ ഗവൺമെന്റിനെ ശരിയായി തന്നെ വിലയിരുത്തിയത് ഇസ്രയേൽ മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്തു എന്നാണ്.
ഇറാനിലും ഇസ്രയേലിലും നാം യുദ്ധത്തിനും നശീകരണത്തിനും സാക്ഷ്യംവഹിക്കുകയാണ്; ഗാസയിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലെയും പലസ്തീൻകാരെ അടിച്ചമർത്തരുതെന്നും മനുഷ്യത്വരഹിതമായ ദുരിതങ്ങൾ അവർ അനുഭവിക്കുന്നത് കൂടുതൽ രൂക്ഷമാക്കാനായി ഈ സാഹചര്യത്തെ മുതലെടുക്കരുതെന്നും ഞങ്ങൾ താക്കീത് നൽകിയിരുന്നതാണ്. പലസ്തീൻ ജനതയും ഈ മേഖലയിലെ മറ്റു ജനവിഭാഗങ്ങളും കൂടുതൽ അപകടത്തിൽ അകപ്പെടുന്നത് തടയുന്നതിനുള്ള യഥാർഥവും മൂർത്തവുമായ നടപടികൾ കെെക്കൊള്ളണമെന്ന് ഞങ്ങൾ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നു.
ഉടൻ തന്നെ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുക. ഗാസയിലെ വംശഹത്യക്ക് അറുതി വരുത്തുക. സാമ്രാജ്യത്വവും അതിന്റെ ശിങ്കിടികളും പിന്തിരിപ്പന്മാരും ഭരണത്തിലിരിക്കുന്ന സേ-്വച്ഛാധിപത്യവും മാത്രമാണ് സംഘർഷത്തിൽ നിന്നും യുദ്ധത്തിൽനിന്നും നേട്ടമുണ്ടാക്കുന്നത്.
ഇസ്രയേലും അമേരിക്കയും ഇപ്പോൾ – ഇറാഖിനും ലിബിയക്കും സിറിയക്കും ശേഷം – ഇറാന്റെ പരമാധികാരത്തെ തകർക്കാൻ തീരുമാനിച്ചിറങ്ങിയിരിക്കുകയാണ്. സാമ്രാജ്യത്വത്തിന്റെ ഈ പദ്ധതിപ്രകാരം മേഖലയിലെ എല്ലാ രാജ്യങ്ങളിലെയും ഭരണാധികാരികൾ ഭയന്ന് പിന്മാറുകയും പശ്ചിമേഷ്യയിൽ അധീശത്വം സ്ഥാപിക്കുകയും ചെയ്യുന്നതുവരെ ആക്രമണം അവസാനിപ്പിക്കുകയില്ല, ജനങ്ങളുടെ ഇച്ഛയെയും സ്വയം നിർണയാവകാശത്തെയും കീഴ്പ്പെടുത്താനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
മധ്യപൂർവ്വമേഖലയിലായാലും ലോകത്തെവിടെയായാലും എല്ലാ ആണവായുധ പരിപാടികൾക്കും ഞങ്ങൾ അടിസ്ഥാനപരമായിത്തന്നെ എതിരാണ്. മധ്യപൂർവ്വമേഖലയിൽ ആണവായുധ പന്തയം അവസാനിപ്പിക്കുന്നതിനുള്ള മാർഗം ഇറാനുനേരെയുള്ള ആക്രമണ യുദ്ധമല്ല; മറിച്ച് ഈ മേഖലയെയാകെ ആണവായുധമുക്തമാക്കലാണ്; ഇസ്രയേൽ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളും ആണവായുധ നിർവ്യാപന കരാറിൽ ഒപ്പുവയ്ക്കലാണ്.
അന്താരാഷ്ട്ര നിയമങ്ങൾ നിഷ്ഠുരമായും നഗ്നമായും ലംഘിക്കുന്നതിനെ അപലപിക്കാൻ ഒന്നിക്കണമെന്നും ദൂരവ്യാപകവും വിനാശകരവുമായ സെെനിക സംഘട്ടനം തടയുന്നതിനായി എല്ലാ ശ്രമങ്ങളും കേന്ദ്രീകരിക്കണമെന്നും മധ്യപൂർവ്വമേഖലയിൽ സമാധാനം സ്ഥാപിക്കണമെന്നുമാണ് ഇസ്രയേലിലെയും ഇറാനിലെയും ലോകത്താകെയുമുള്ള പുരോഗമനവാദികളും സ്വാതന്ത്ര്യകാംക്ഷികളുമായ എല്ലാവരോടും ഞങ്ങൾ അഭ്യർഥിക്കുന്നത്.
ഇറാനെ ഇസ്രയേൽ ആക്രമിച്ചതിനെതിരായി യുഎൻ സെക്രട്ടറി ജനറൽ പ്രകടിപ്പിച്ച കേവലമായ യുദ്ധവിരോധ പ്രകടനത്തിനപ്പുറം ആഗോള പൊതുജനാഭിപ്രായം ഉയരണം. ഈ മേഖലയെ വിനാശകരവും ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടയാക്കുന്നതുമായ യുദ്ധത്തിൽ അകപ്പെടുന്നതിൽനിന്നും ഐക്യരാഷ്ട്രസഭയും അതിന്റെ സുരക്ഷാ കൗൺസിലും ലഭ്യമായ എല്ലാ അന്താരാഷ്ട്ര സംവിധാനങ്ങളെയും ഉപയോഗിച്ച് തടയണം. l