Thursday, July 10, 2025

ad

Homeകവര്‍സ്റ്റോറിആണവായുധങ്ങൾക്കുമേൽ അടയിരിക്കുന്ന ഇസ്രയേൽ

ആണവായുധങ്ങൾക്കുമേൽ അടയിരിക്കുന്ന ഇസ്രയേൽ

ജി വിജയകുമാർ

ജൂൺ 13ന് നടന്ന ആ ആക്രമണത്തിൽ നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. പക്ഷേ, ഇസ്രയേൽ എന്തിന് ഇറാനെ ആക്രമിച്ചു? ഇറാൻ ആണവായുധങ്ങൾ നിർമിക്കുന്നത് തടയാനാണത്രെ! ട്രംപും നെതന്യാഹുവും ഒരുപോലെ ഇതാവർത്തിക്കുന്നു.

ആണവ നിർവ്യാപന കരാറിൽ ഒപ്പുവച്ചിട്ടുള്ള രാജ്യമാണ് ഇറാൻ. 1968ൽ നിലവിൽവന്ന കരാർ പ്രകാരമുള്ള വ്യവസ്ഥകൾ അതിൽ ഒപ്പുവച്ചിട്ടുള്ള രാജ്യങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി(ഐഎഇഎ)യുമുണ്ട്. ഈ കരാറിൽ ഒപ്പുവയ്ക്കാത്ത രാജ്യമാണ് ഇസ്രയേൽ. അതായത്, ഇസ്രയേൽ ആണവായുധങ്ങൾ ഉണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഐഎഇഎക്കോ മറ്റേതെങ്കിലും ഏജൻസികൾക്കോ രാജ്യങ്ങൾക്കോ കഴിയില്ല.

ആണവായുധങ്ങൾ സ്വന്തമായുള്ള 9 രാജ്യങ്ങളാണ് ഇപ്പോൾ ലോകത്തുള്ളതായി അറിയപ്പെടുന്നത്. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചെെന, ഇന്ത്യ, പാകിസ്താൻ, ഉത്തരകൊറിയ, ഇസ്രയേൽ.പ്രയോഗിക്കാൻ സജ്ജമായി ഇസ്രയേലിന് 90 ആണവായുധങ്ങൾ ഉണ്ട്. ഇരുന്നൂറിൽ അധികം ആണവായുധങ്ങൾ കൂടി നിർമിക്കാനുള്ള ശേഷിയുമുണ്ട്. ഇസ്രയേലിന്റെ കെെവശം 750 കിലോഗ്രാമിനും 1,110 കിലോഗ്രാമിനുമിടയ്ക്ക് പ്ലൂട്ടോണിയമുണ്ട് – അതായത് 187നും 277നും ഇടയ്ക്ക് ആണവായുധങ്ങൾ എപ്പോൾ വേണമെങ്കിലും ഉണ്ടാക്കാൻ വേണ്ട പ്ലൂട്ടോണിയവും ഇസ്രയേലിന്റെ കെെവശമുണ്ടെന്നർഥം.

ഇസ്രയേൽ നിലവിൽ വന്ന ആദ്യ കാലത്തുതന്നെ, ആണവായുധമുണ്ടാക്കാനുള്ള നീക്കം തുടങ്ങി. 1950കളുടെ പകുതിയോടെ, ഇസ്രയേലിന്റെ ആദ്യ പ്രധാനമന്ത്രി ഡേവിഡ് ബെൻ ഗൂറിയോൺ ആണ് അതിനു തുടക്കംകുറിച്ചത്. ഇസ്രയേലിലെ നെഗേവ് മരുഭൂമിയിലെ ഡിമോണ (Dimona) യിൽ പടുത്തുയർത്തിയ ഭീമൻ കോംപ്ലക്സിലാണ് അതിനുള്ള ഗവേഷണങ്ങൾ നടന്നത്. ഫ്രഞ്ച് ഗവൺമെന്റാണ് രഹസ്യമായി അതിനവരെ സഹായിച്ചത്.

ഫ്രാൻസിലെ ഡിഗോൾ ഗവൺമെന്റിനെയും ഇസ്രയേലിലെ ഗവൺമെന്റിനെയും തമ്മിൽ ഒന്നിപ്പിച്ചത് ഈജിപ്ത് പ്രസിഡന്റ് ഗമാൽ അബ്ദുൽ നാസറിനോട് ഇരുകൂട്ടർക്കുമുണ്ടായിരുന്ന പൊതുശത്രുതയാണ്. ഡിമോണയിലെ സംശയാസ‍്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപെട്ട അമേരിക്ക 1950കളിലും 1960കളുടെ തുടക്കത്തിലും പലവട്ടം ഇസ്രയേലിനോട് ഡിമോണയിൽ എന്താണ് നടക്കുന്നത് എന്നനേ-്വഷിച്ചെങ്കിലും ഇസ്രയേൽ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് ഇസ്രയേലി –അമേരിക്കൻ ചരിത്രകാരനായ ആവ്നർ കോഹൻ Israel and the Bomb (ഇസ്രയേലും ബോംബും) എന്ന കൃതിയിൽ പറയുന്നത്.

ഒടുവിൽ അമേരിക്കയുടെ കടുത്ത സമ്മർദത്തെത്തുടർന്ന് പ്രധാനമന്ത്രി ബെൻ ഗൂറിയോൺ നെസറ്റിൽ (Knesset –ഇസ്രയേൽ പാർലമെന്റ്) ഡിമോണയിൽ നടക്കുന്നത് ആണവ ഗവേഷണമാണെന്ന് വെളിപ്പെടുത്തി. 1960 ഡിസംബറിലായിരുന്നു ഈ വെളിപ്പെടുത്തൽ. ഇസ്രയേലിന്റെ വ്യാവസായിക, കാർഷിക ആരോഗ്യ, ശാസ്ത്രമേഖലകളുടെ പുരോഗതിക്കാവശ്യമായ ‘‘ആണവഗവേഷണ പദ്ധതി’’യാണ് ഡിമോണയിലേത് എന്ന് ബെൻ ഗൂറിയോൺ തുടർന്ന് വ്യക്തമാക്കി. 1961നും 1969നും ഇടയ്ക്ക് 8 തവണ അമേരിക്കൻ അധികൃതർ ഡിമോണയിലെത്തി പരിശോധന നടത്തിയിരുന്നു. അമേരിക്കയും ഇസ്രയേലും ചേർന്ന് അന്താരാഷ്ട്ര സമൂഹത്തെ വഞ്ചിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നതിന് അന്നു തുടക്കമിട്ടതാണ്.

1966 ആയപ്പോൾ ഇസ്രയേൽ ആണവായുധങ്ങളുണ്ടാക്കാൻവേണ്ട പ്ലൂട്ടോണിയം ഉൽപ്പാദിപ്പിക്കാൻ തുടങ്ങി. യൂറേനിയത്തെ പ്ലൂട്ടോണിയമാക്കി വികസിപ്പിക്കാൻ വേണ്ട രഹസ്യ പ്ലാന്റ് 1965ൽ തന്നെ ഇസ്രയേൽ നിർമിച്ചുകഴിഞ്ഞിരുന്നു. 1967 ജൂണിനു മുൻപ് ഇസ്രയേൽ അണുബോംബ് നിർമിച്ചുകഴിഞ്ഞു. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇതേ കാലത്താണ് ആദ്യത്തെ അറബ് –ഇസ്രയേൽ യുദ്ധം ആരംഭിച്ചതെന്നതാണ്.

ഈ വസ്തുതകൾ കാണിക്കുന്നത് ഇസ്രയേൽ ആണവായുധ നിർമാണം നടത്തുന്നത് പൂർണമായും അമേരിക്കയുടെ അറിവോടുകൂടിയാണെന്നാണ്. 1969ൽ നിക്സൺ – ഗോൾഡ മീർ ആണവ ഉടമ്പടി പ്രകാരം അമേരിക്ക ഇസ്രയേലിന്റെ ആണവായുധ പദവി അംഗീകരിച്ചതായും ആവ്നർ കോഹൻ രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ അമേരിക്കയോ ഇസ്രയേലോ ഇന്നേവരെ ഇസ്രയേലിന് ആണവായുധമുണ്ടെന്ന് പരസ്യമായി സമ്മതിക്കുന്നില്ല. 2009ൽ മധ്യ – പൂർവ രാജ്യങ്ങൾ സന്ദർശിച്ച ബരാക് ഒബാമയോട് ഇസ്രയേലിന് ആണവായുധങ്ങളുണ്ടോയെന്ന ചോദ്യമുയർത്തിയപ്പോൾ ‘‘ഊഹോപോഹം നടത്താൻ ഞാൻ തയ്യാറല്ല’’ എന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയാണുണ്ടായത്.

1979ൽ ദക്ഷിണാഫ്രിക്കയിലെ വർണവെറിയൻ ഗവൺമെന്റുമായി കരാറുണ്ടാക്കി അറ്റ്ലാന്റിക് സമുദ്രവും ഇന്ത്യൻ മഹാസമുദ്രവും ചേരുന്ന ഭാഗത്തെ ആൾപാർപ്പില്ലാത്ത ഒരു ചെറുദ്വീപിൽവച്ച് ഇസ്രയേൽ അണുബോംബ് പരീക്ഷണം നടത്തി, അതിന്റെ പ്രയോഗക്ഷമത ഉറപ്പാക്കി. ദക്ഷിണാഫ്രിക്കയിലെ വർണവെറിയൻ ഗവൺമെന്റും ഇസ്രയേലിനെപ്പോലെതന്നെ നിയമവിരുദ്ധമായി ആണവായുധ നിർമാണം നടത്തിയിരുന്നു. എന്നാൽ, അവർ സ്വമേധയാ ഈ ആയുധ നിർമാണത്തിൽനിന്ന് പിന്മാറി. അതാണ് അറ്റ്ലാന്റിക്കിലെ വേല ദ്വീപിൽ നടന്ന സ്ഫോടനം ഇസ്രയേലിന്റെ ആണവായുധ പരീക്ഷണമാണെന്ന് 1989ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ വെെറ്റ് ഹൗസ് ഡയറിയിൽ രേഖപ്പെടുത്തിയത്.

ഇസ്രയേലിലെ ആണവ സാങ്കേതികവിദഗ്ധനായ മോർദേച്ചി വനുനു (Mordechai Vanunu) 1986ൽ ആ രാജ്യത്ത് രഹ്യസമായി നടക്കുന്ന ആണവായുധ നിർമാണത്തെക്കുറിച്ച് വെളിപ്പെടുത്തിയത് അന്ന് ലോകത്താകെ മാധ്യമതലക്കെട്ടുകളിൽ ഇടംപിടിച്ചു. ബ്രിട്ടീഷ് പത്രമായ സൺഡെ ടെെംസിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യങ്ങൾ വനുനു വെളിപ്പെടുത്തുകയാണുണ്ടായത്. ഡിമോണയിൽ നിന്ന് വനുനു 60 ഫോട്ടോകൾ എടുത്തിരുന്നു. അതിൽ പലതും സൺഡെ ടെെംസിൽ അച്ചടിച്ചു വരികയും ചെയ്തു.

ഇസ്രയേൽ ആണവായുധ പരീക്ഷണങ്ങളിൽ പ്രവർത്തിച്ചിരുന്ന ശാസ്ത്രജ്ഞനാണ് വനുനു. ഇസ്രയേൽ മധ്യ – പൂർവ രാജ്യങ്ങളിൽ പ്രതേ-്യകിച്ച് പലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് വനുനു ആ പദ്ധതിയിൽ നിന്നു പിന്മാറിയത്. സൺഡെ ടെെംസിന് അഭിമുഖം നൽകിയശേഷം വനുനു ഇസ്രയേലിന്റെ പിടിയിൽപെടാതെ ലണ്ടനിൽതന്നെ കഴിയുകയായിരുന്നു. ഇസ്രയേൽ ചാരസംഘടനയിലെ ഒരു വനിത ഏജന്റ് അദ്ദേഹത്തെ കണ്ടെത്തുകയും തന്ത്രപൂർവം റോമിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെവെച്ച് മയക്കുമരുന്നു നൽകി അബോധാവസ്ഥയിലാക്കിയശേഷം ഇസ്രയേലിലേക്ക് എത്തിക്കുകയുമാണുണ്ടായത്. ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് 18 വർഷം ഇസ്രയേൽ വനുനുവിനെ ജയിലിലടച്ചതും ചരിത്രം. ഈ 18 വർഷത്തിൽ പകുതിയിലേറെക്കാലവും അദ്ദേഹം ഏകാന്ത തടവിലായിരുന്നു. 2004ൽ ജയിൽമോചിതനായ വനുനുവിനെ വിദേശത്തേക്ക് പോകാനോ മാധ്യമ പ്രവർത്തകരോട് സംസാരിക്കാനോ അനുവദിക്കുന്നില്ല. അദ്ദേഹം സദാ നിരീക്ഷണത്തിലാണെന്നർഥം.

2011ൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചത് ‘‘മധ്യപൂർവദേശത്ത് തങ്ങളായിരിക്കില്ല ആദ്യം ആണവായുധം ഉപയോഗിക്കുന്നത്’’ എന്നാണ്. അതുതന്നെ ഇസ്രയേലിന് ആണവായുധശേഖരമുണ്ടെന്നതിന് തെളിവാണ്. അമേരിക്കയുടെ കെെവശമോ? അയ്യായിരത്തോളം ആണവായുധങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നിട്ട് ഈ ആണവഭീകരരാണ് ആണവായുധങ്ങൾ ഇല്ലാത്ത ഇറാനെ ആണവായുധങ്ങൾ ഉണ്ടാക്കുന്നു എന്നാരോപിച്ച് ആക്രമിക്കുന്നത്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × two =

Most Popular