ജൂൺ 13ന് ഇറാനെതിരെ ഇസ്രയേൽ യുദ്ധമാരംഭിച്ചപ്പോൾ അത് തെഹ്റാനിൽ ഒരു കൊലപാതക പരമ്പരയായി മാറി. ഇറാന്റെ സായുധ സേനാ മേധാവി, എലെെറ്റ് റവല്യൂഷനറി ഗാർഡുകളുടെ കമാൻഡർ, മറ്റ് ഉന്നത ജനറൽമാർ, കുറഞ്ഞത് അരഡസൻ ആണവശാസ്ത്രജ്ഞർ എന്നിവർ ഇസ്രയേലിന്റെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇറാന്റെ ആണവപദ്ധതി തകർക്കുക എന്നതായിരുന്നു ഇസ്രയേലിന്റെ പ്രഖ്യാപിത ലക്ഷ്യം. എങ്കിലും തിരിച്ചടിക്കാനുള്ള ഇറാന്റെ ശേഷിയെ തങ്ങളുടെ ഈ ആക്രമണങ്ങൾ ദുർബലമാക്കുമെന്ന് ഇസ്രയേൽ കരുതിയെങ്കിൽ അവർക്കു തെറ്റി.
ജൂൺ 13ന്റെ ആഘാതത്തിൽനിന്ന് ഇറാൻ വളരെ വേഗം കരകയറി. കൊല്ലപ്പെട്ട കമാൻഡർമാരുടെ സ്ഥാനത്ത് പുതിയവരെ നിയമിച്ചു. അതേദിവസം തന്നെ ഇറാൻ പ്രത്യാക്രമണം നടത്തി. നൂറുകണക്കിന് ബാലിസ്റ്റിക് മിസെെലുകൾ ഇസ്രയേലിലേക്ക് ഇറാൻ തൊടുത്തുവിട്ടു. ദിവസങ്ങൾക്കുള്ളിൽ ഹെെഫയിലെ ഒരു എണ്ണശുദ്ധീകരണശാല, ടെൽ അവീവിനടുത്തുള്ള പ്രീമിയം വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ്, ബീർഷെബയിലെ സോറോക ആശുപത്രി എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഇറാൻ ആക്രമിച്ചു.
യുദ്ധത്തിന്റെ മൂന്നാം ദിവസം, തെഹ്റാന്റെ ആകാശത്തിനു മുകളിൽ തങ്ങൾ പൂർണമായ വേ-്യാമ മേധാവിത്വം നേടിയതായി ഇസ്രയേൽ പ്രതിരോധസേന അവകാശപ്പെട്ടു. ഇറാന്റെ മിസെെൽ ലോഞ്ചറുകളിൽ മൂന്നിലൊന്ന് ഭാഗമെങ്കിലും തങ്ങൾ നശിപ്പിച്ചതായും ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെട്ടു.
എന്നാൽ ഇറാൻ എല്ലാ ദിവസവും ഡസൻ കണക്കിന് ബാലിസ്റ്റിക് മിസെെലുകൾ വിക്ഷേപിച്ചുകൊണ്ടിരുന്നു; അത് ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളെ തകർത്തു; ജൂൺ 18ന് പേര് വെളിപ്പെടുത്താത്ത ഒരു അമേരിക്കൻ ‘വാൾസ്ട്രീറ്റ് ജേർണ’ലിനോട് പറഞ്ഞത്, ഇസ്രയേലിന്റെ ശേഖരത്തിൽ ശത്രു വിമാനങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നൂതനമായ ആറോ മിസെെലുകൾ കുറവായിരുന്നുവെന്നാണ്. ഇസ്രയേലിനെ സംരക്ഷിക്കുന്നതിനായി അമേരിക്ക അതിന്റെ മിസെെൽ ഇന്റർസെപ്റ്ററുകൾ പാഴാക്കുകയാണെന്ന് ഈ അമേരിക്കൻ ഉദേ-്യാഗസ്ഥൻ പറഞ്ഞു. ജൂൺ 19ന് രാവിലെ സോറോക്ക ആശുപത്രിയുൾപ്പെടെ ഇസ്രയേലിന്റെ നിരവധി സ്ഥലങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ നിരവധി നാശനഷ്ടങ്ങളുണ്ടായി.
ഇരുപക്ഷവും പരസ്പരം വെടിയുതിർക്കുന്നത് തുടരുന്നതിനാൽ സംഘർഷം എവിടേക്കു നീങ്ങുമെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. ഇറാൻ വലിയ നഷ്ടം നേരിട്ടു. എന്നാൽ ഇറാൻ സർക്കാർ വലിയ സ്വയം പ്രതിരോധശേഷി പ്രകടിപ്പിക്കുന്നതായി കാണപ്പെടുന്നു. നോബേൽ സമ്മാന ജേതാവ് നർഗസ് മുഹമ്മദി ഉൾപ്പെടെ ഇറാനിനുള്ളിൽ തന്നെ ഇറാൻ ഗവൺമെന്റിനെയും പുരോഹിതരെയും വിമർശിക്കുന്ന നിരവധിയാളുകൾ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
ഇറാന്റെ ആകാശത്ത് ഇസ്രയേലിന് പ്രവർത്തന സ്വാതന്ത്ര്യമുണ്ട്, എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനകം തന്നെ ഇറാന്റെ ‘‘നിരുപാധിക കീഴടങ്ങൽ’’ ആവശ്യപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കീഴടങ്ങണമെന്ന ആവശ്യം ഇറാൻ നിരസിക്കുകയും അമേരിക്ക യുദ്ധത്തിൽ പങ്കാളിയായാൽ ‘പ്രത്യാഘാതങ്ങൾ’ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഇതിനർത്ഥം ട്രംപിന്റെ അടുത്ത തീരുമാനമാണ് യുദ്ധത്തിന്റെ ഗതി നിശ്ചയിക്കുക എന്നാണ്.
ട്രംപിന്റെ മുന്നിലുള്ള ഒരു സാധ്യത ഈ യുദ്ധം ആരംഭിച്ച നെതന്യാഹുവിനെ നിയന്ത്രിക്കുകയും സംഘർഷം അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ മിസെെലുകൾ പ്രയോഗിക്കുന്നത് തങ്ങൾ നിർത്താമെന്ന് ഇറാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇറാനിയൻ ഗവൺമെന്റും അതിന്റെ ആണവ പദ്ധതിയും തുടരുന്ന സാഹചര്യത്തിൽ നെതന്യാഹു ആക്രമണം ഇപ്പോൾ അവസാനിപ്പിച്ചാൽ അത് ഒരു പരാജയമായി കണക്കാക്കപ്പെടും. എന്നാൽ അദ്ദേഹം ആക്രമണം തുടരുകയും ഇറാൻ തിരിച്ചടിക്കുകയും ചെയ്താൽ നെതന്യാഹു സ്വന്തം നാട്ടിൽ കൂടുതൽ സമ്മർദ്ദത്തിലാകും. അതിനാൽ എല്ലാവരുടെയും ശ്രദ്ധ അമേരിക്കയിലേക്കാണ്.
ഇറാന്റെ സാധ്യതകൾ
അമേരിക്ക യുദ്ധത്തിൽ പങ്കു ചേർന്നാൽ അത് ഇറാന് വലിയ തിരിച്ചടിയാകും. കാരണം ഇതുവരെ ഈ മേഖലയിലെ അമേരിക്കൻ താവളങ്ങൾ ആക്രമിക്കാതിരിക്കാൻ അവർ ബോധപൂർവം ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇസ്രയേലിനൊപ്പം ചേർന്ന് അമേരിക്ക ഇറാനെ ആക്രമിക്കാൻ തുടങ്ങിയാൽ, ഇറാൻ അതിന്റെ പ്രത്യാക്രമണങ്ങൾ രൂക്ഷമാക്കാൻ സാധ്യതയുണ്ട്.
ഈ മേഖലയിലെ അമേരിക്കൻ താവളങ്ങൾ ലക്ഷ്യംവെക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ ഏതാണ്ട് 40,000 സെെനികരെ അമേരിക്ക വിന്യസിച്ചിട്ടുണ്ട്. ഇറാഖിലെ അമേരിക്കൻ താവളങ്ങളായിരിക്കും ഇറാൻ ആദ്യം ലക്ഷ്യംവെക്കുക. ഷിയ സായുധസേനയുടെ (ഹാഷ്ദ് അൽ–ഷാബി) ശക്തമായ ഒരു ശൃംഖല ഇറാൻ കെട്ടിപ്പടുത്തിട്ടുള്ള രാജ്യമാണ് ഇറാഖ്. ഇറാനെ ആക്രമിക്കാൻ ഗൾഫിലെ അമേരിക്കൻ താവളങ്ങൾ ഉപയോഗിച്ചാൽ, പേർഷ്യൻ ഗൾഫിന് കുറുകെയുള്ള ആ താവളങ്ങളെ ഇറാൻ ലക്ഷ്യംവെച്ചേക്കാം. ഇത് സമ്പൂർണമായ ഒരു ക്രോസ് – ഗൾഫ് സംഘർഷത്തിന് കാരണമായേക്കാം.
ഇറാനിയൻ പാർലമെന്റ് ദേശീയ സുരക്ഷാ കമ്മിറ്റി പ്രെസീഡിയം അംഗമായ ബെഹ്-നാം സയീദിയുടെ അഭിപ്രായത്തിൽ, പേർഷ്യൻ ഗൾഫിനെ അറബിക്കടലിലേക്ക് തുറക്കുന്ന ഒമാൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന കടലിടുക്കായ ഹോർമൂസ് അടച്ചിടുക എന്നതാണ് ഇറാന്റെ മുമ്പിലുള്ള മറ്റൊരു സാധ്യത. എണ്ണ വ്യാപാരത്തിന്റെ ഏതാണ്ട് 20 ശതമാനത്തോളം നടക്കുന്നത് ഹോർമൂസ് കടലിടുക്ക് വഴിയാണ്. ഈ കടലിടുക്ക് ഇറാൻ നാവികസേന അടച്ചുപൂട്ടുകയോ ഖനനം ചെയ്യുകയോ ചെയ്താൽ അത് ആഗോള എണ്ണ വ്യാപാരത്തെ സാരമായി ബാധിക്കും. യെമന്റെ തലസ്ഥാനമായ സന ഉൾപ്പെടെ ആ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും നിയന്ത്രിക്കുന്ന യെമൻ വിമതരായ ഹൂത്തികൾക്ക് ചെങ്കടലിലെ എണ്ണ ടാങ്കറുകളെ ലക്ഷ്യംവെച്ച് ആക്രമണം പുനരാരംഭിക്കാൻ സാധിക്കും.
ഇറാനുമുന്നിലുള്ള മൂന്നാമത്തെ സാധ്യത, ആണവ നിർവ്യാപന കരാർ (NPT) ഉപേക്ഷിക്കുകയും അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം വിഛേദിക്കുകയും ചെയ്യുക എന്നതാണ്. ആണവ നിർവ്യാപന കരാർ ഇറാൻ ഉപേക്ഷിച്ചാൽ അതിന്റെ ബാധ്യതകളിൽനിന്ന് സെെദ്ധാന്തികമായി ആ രാജ്യം മുക്തമാണ്. l
(ജൂൺ 20ന് ഹിന്ദു ദിനപത്രത്തിൽ എഴുതിയത്)